പ്രതീകാത്മക ചിത്രം
ഇന്ന് ആഘോഷിക്കുന്ന ലോക ടൂറിസം ദിനത്തിന്റെ പ്രമേയം ‘ഡിജിറ്റൽ അജൻഡയും നിർമിതബുദ്ധിയും വഴി ടൂറിസത്തിന്റെ പുനർ രൂപകൽപന’ എന്നതാണ്. ഡിജിറ്റൽ സാങ്കേതികവിദ്യയും നിർമിതബുദ്ധിയും ഉപയോഗിച്ച് ടൂറിസത്തെ എങ്ങനെ കൂടുതൽ കാര്യക്ഷമവും സുസ്ഥിരവുമാക്കാം എന്നതാണ് ഈ പ്രമേയം മുന്നോട്ടു വയ്ക്കുന്ന പ്രധാന ചിന്ത.
യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനൊപ്പം ടൂറിസം കേന്ദ്രങ്ങളുടെ ആസൂത്രണം, വിഭവങ്ങളുടെ ഉപയോഗം, പ്രാദേശിക സമൂഹങ്ങളുടെ പങ്കാളിത്തം, പ്രകൃതി-സാംസ്കാരിക പൈതൃക സംരക്ഷണം എന്നിവയിലും സാങ്കേതികവിദ്യക്കു വലിയ പങ്കുവഹിക്കാനാകും. പ്രകൃതിസൗന്ദര്യം, ജൈവവൈവിധ്യം, പശ്ചിമഘട്ടം, തീരപ്രദേശങ്ങൾ, കായലുകൾ, ജലപാതകൾ, കൃഷിയിടങ്ങൾ, പരമ്പരാഗത തൊഴിലുകൾ, നാടൻ ഭക്ഷണം, കലകൾ എന്നിവയുടെ വൈവിധ്യത്താൽ സമ്പന്നമായ കേരളത്തെ സംബന്ധിച്ച് ഈ ആശയം കൂടുതൽ പ്രസക്തമാണ്.
►ഗ്രാമങ്ങളെ തേടുന്ന ടൂറിസം
മൂന്നാർ, ആലപ്പുഴ, കുമരകം, കോവളം, തേക്കടി, വയനാട് തുടങ്ങിയ പ്രമുഖ കേന്ദ്രങ്ങളെ ചുറ്റിപ്പറ്റിയായിരുന്നു കേരളത്തിന്റെ ടൂറിസം വളർച്ച. ലോക ടൂറിസം ഭൂപടത്തിൽ കേരളത്തിനു നിർണായക സ്ഥാനം നേടാൻ ഇതുവഴി സാധിച്ചെങ്കിലും, ടൂറിസത്തിന്റെ സാമ്പത്തികനേട്ടങ്ങൾ ചില പ്രദേശങ്ങളിലേക്കു കേന്ദ്രീകരിക്കപ്പെടുന്ന സാഹചര്യമുണ്ടായി. അതേസമയം, അമിതമായ വിനോദസഞ്ചാര ഗതാഗതം, മാലിന്യ സംസ്കരണം, ജലോപയോഗം, ഭൂവിനിയോഗം തുടങ്ങിയ മേഖലകളിലും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ഇതിനൊരു ബദൽ സാധ്യതയാണ് ഗ്രാമീണ ടൂറിസത്തിന്റെ വികസനം. കേരളത്തിലെ ഗ്രാമങ്ങൾ കൃഷി, ചെറുകിട കച്ചവടങ്ങൾ, മത്സ്യബന്ധനം, കൈത്തറി, കയർ, മൺപാത്രം, കരകൗശലങ്ങൾ, നാടൻ ഭക്ഷണം, ജനകീയ കലകൾ, ഉത്സവങ്ങൾ, ആദിവാസി പൈതൃകം എന്നിങ്ങനെ നിരവധി ഘടകങ്ങൾകൊണ്ടു സമ്പന്നമാണ്. ഇവയെ ടൂറിസവുമായി ബന്ധിപ്പിക്കുമ്പോൾ ഒരു പ്രദേശത്തിന്റെ പ്രകൃതിയും ജീവിതരീതിയും സംസ്കാരവുംതന്നെ വിനോദസഞ്ചാര അനുഭവമായി മാറുന്നു.
ഗ്രാമീണ ടൂറിസം ഒരു താമസസൗകര്യം ഒരുക്കുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല. കർഷകന്റെ വയലിൽ സമയം ചെലവഴിക്കുക, നാട്ടുഭക്ഷണം തയാറാക്കുന്നതിൽ പങ്കാളിയാകുക, പരമ്പരാഗത കൃഷിരീതികൾ മനസിലാക്കുക, കൈത്തൊഴിൽ പഠിക്കുക, ഗ്രാമോത്സവങ്ങളിൽ പങ്കെടുക്കുക, പ്രകൃതിയെയും ജൈവവൈവിധ്യത്തെയും അടുത്തറിയുക എന്നിവയും അതിന്റെ ഭാഗമാണ്. ഇതിലൂടെ വിനോദസഞ്ചാരി ഒരു കാഴ്ചക്കാരൻ എന്ന നിലയിൽനിന്നു പ്രാദേശിക ജീവിതവുമായി സംവദിക്കുന്ന പങ്കാളിയായി മാറുന്നു.
►വളരുന്ന ടൂറിസം, വളരേണ്ട ഗ്രാമങ്ങൾ
കേരളത്തിലെ ടൂറിസം വളർച്ചയുടെ വലുപ്പം വ്യക്തമാക്കുന്ന കണക്കുകളാണ് 2025ലെ വിനോദസഞ്ചാരികളുടെ വരവ്. 2025ൽ കേരളത്തിൽ ആകെ 2,58,80,365 വിനോദസഞ്ചാരികളുടെ വരവാണ് രേഖപ്പെടുത്തിയത്. ഇതിൽ 2,50,58,366 ആഭ്യന്തര സഞ്ചാരികളും 8,21,999 വിദേശ സഞ്ചാരികളും ആയിരുന്നു. ആഭ്യന്തര സഞ്ചാരികളുടെ എണ്ണം 2024നെ അപേക്ഷിച്ച് 12.64 ശതമാനം ഉയർന്നു. ഈ വളർച്ചയുടെ നേട്ടം പ്രമുഖ ടൂറിസം കേന്ദ്രങ്ങളിൽ മാത്രം ഒതുങ്ങാതെ ഗ്രാമങ്ങളിലേക്കും എത്തിക്കേണ്ട ഘട്ടമാണിത്. ഈ പശ്ചാത്തലത്തിൽ ഇടുക്കിയുടെ സ്ഥാനം ശ്രദ്ധേയമാണ്. 2025ൽ 46,79,800 ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവോടെ കേരളത്തിലെ ജില്ലകളിൽ ഇടുക്കിയാണ് ഒന്നാം സ്ഥാനത്തെത്തിയത്.
ടൂറിസം കേരളത്തിന്റെ സമ്പദ്വ്യവസ്ഥയിൽ പ്രധാന സംഭാവന നൽകുന്ന മേഖലയാണ്. കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡിന്റെ കേരള ഡെവലപ്മെന്റ് റിപ്പോർട്ട് 2026 പ്രകാരം 2025ൽ ടൂറിസം മേഖലയിൽനിന്നുള്ള വരുമാനം 50,702.3 കോടി ആയി. 2019ലെ 45,010.7 കോടി രൂപ എന്ന മുൻകാല ഉയർന്ന നിലവാരത്തെയും ഇതു മറികടന്നു. ഈ സാമ്പത്തികനേട്ടത്തിന്റെ കൂടുതൽ പങ്ക് ഗ്രാമങ്ങളിലേക്കും പ്രാദേശിക കുടുംബങ്ങളിലേക്കും എത്തിക്കാനാകുമോ എന്നതാണ് ഇനി ശ്രദ്ധിക്കേണ്ടത്.
ഗ്രാമീണ ടൂറിസത്തിന്റെ പ്രധാന ശക്തി അതിന്റെ സാമ്പത്തികനേട്ടങ്ങൾ പ്രാദേശികതലത്തിൽ വിതരണം ചെയ്യാനുള്ള കഴിവാണ്. കർഷകർക്ക് ഉത്പന്നങ്ങൾ നേരിട്ടു വിൽക്കാനും സ്ത്രീകൾക്ക് ഭക്ഷണസംരംഭം, ഹോം സ്റ്റേ, കൈത്തൊഴിൽ, ഗൈഡ് സേവനം തുടങ്ങിയവയിലൂടെ വരുമാനം നേടാനും യുവാക്കൾക്ക് പുതിയ തൊഴിൽ മേഖലകളിൽ പ്രവേശിക്കാനും ഇതവസരം നൽകുന്നു. ഇത്തരം പ്രവർത്തനങ്ങൾ ഗ്രാമീണ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനൊപ്പം പരമ്പരാഗത അറിവുകളും തൊഴിൽരീതികളും അടുത്ത തലമുറയിലേക്കു കൈമാറാനും സഹായിക്കും. ഗ്രാമങ്ങളിൽതന്നെ വരുമാനവും തൊഴിലും വർധിക്കുമ്പോൾ നഗരങ്ങളിലേക്കുള്ള കുടിയേറ്റസമ്മർദം കുറയ്ക്കുന്നതിനും ഇതു സഹായകമാകാം.
► ഗ്രാമീണ ടൂറിസം കേരളത്തിൽ
കേരളത്തിൽ ഉത്തരവാദിത്വ ടൂറിസം മിഷൻ ഗ്രാമീണ ജീവിതത്തെയും ടൂറിസത്തെയും ബന്ധിപ്പിക്കുന്ന നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നു. വില്ലേജ് ലൈഫ് എക്സ്പീരിയൻസ് പോലുള്ള പദ്ധതികളിലൂടെ കൃഷി, കയർ, കൈത്തറി, മൺപാത്രം, മത്സ്യബന്ധനം, നാട്ടുഭക്ഷണം, കലാരൂപങ്ങൾ തുടങ്ങിയവ സന്ദർശകാനുഭവങ്ങളായി അവതരിപ്പിക്കുന്നു. ഗ്രാമീണ ടൂറിസത്തിന്റെ സാധ്യതയ്ക്കു ലഭിച്ച ദേശീയ അംഗീകാരങ്ങളും ശ്രദ്ധേയമാണ്. 2023ലെ ബെസ്റ്റ് ടൂറിസം വില്ലേജ് മത്സരത്തിൽ കാന്തല്ലൂർ സ്വർണ പുരസ്കാരം നേടി. 2024ലെ മത്സരത്തിൽ കുമരകം അഗ്രി ടൂറിസം വിഭാഗത്തിലെ വിജയികളിലൊന്നായി തെരഞ്ഞെടുക്കപ്പെട്ടു.
കുട്ടനാട്ടിലെ നെൽപാടങ്ങളും കായൽജീവിതവും, വയനാട്ടിലെ കാർഷിക-വനപരിസ്ഥിതിയും ആദിവാസി പൈതൃകവും, ഇടുക്കിയിലെ മലനിരകളും സുഗന്ധവ്യഞ്ജന കൃഷിയും മലബാറിലെ തെയ്യവും ഭക്ഷണസംസ്കാരവും, തീരദേശ ഗ്രാമങ്ങളിലെ മത്സ്യബന്ധനം തുടങ്ങി ഓരോ പ്രദേശത്തിനും വ്യത്യസ്തമായ ഗ്രാമീണ ടൂറിസം അനുഭവങ്ങൾ സൃഷ്ടിക്കാനാകും. ഇതിലൂടെ വിനോദസഞ്ചാരി ഒരു കാഴ്ചക്കാരൻ എന്ന നിലയിൽനിന്ന് പ്രാദേശിക ജീവിതവും സംസ്കാരവുമായി അടുത്ത് ഇടപെടുന്ന പങ്കാളിയായി മാറുന്നു.
►ഡിജിറ്റൽ സാങ്കേതികവിദ്യയുടെ പുതിയ സാധ്യതകൾ
ഇവിടെയാണ് ഡിജിറ്റൽ സാങ്കേതികവിദ്യക്കു നിർണായക പങ്കു ലഭിക്കുന്നത്. കേരളത്തിന്റെ ടൂറിസം രംഗം ഇതിനകംതന്നെ ഡിജിറ്റൽ ലോകത്ത് വലിയ ശ്രദ്ധ നേടിയിരുന്നു. 2024 ഏപ്രിൽ മുതൽ 2025 മാർച്ച് വരെയുള്ള കാലയളവിൽ കേരള ടൂറിസത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിന് 60 ലക്ഷം പ്രത്യേക ഉപയോക്താക്കളും 79 ലക്ഷം സന്ദർശനങ്ങളും ലഭിച്ചു. ഏകദേശം 200 രാജ്യങ്ങളിൽനിന്നുള്ളവർ വെബ്സൈറ്റ് സന്ദർശിച്ചു. ഈ ഡിജിറ്റൽ സാധ്യത ഗ്രാമങ്ങളിലേക്കും വ്യാപിപ്പിക്കാനായാൽ ചെറിയ സംരംഭകർക്ക് കൂടുതൽ വിപണി ലഭിക്കും.
ഒരു ഗ്രാമത്തിലെ കർഷകനോ കരകൗശല തൊഴിലാളിയോ ഭക്ഷണ സംരംഭകനോ ഗൈഡോ തന്റെ ഉത്പന്നങ്ങളും സേവനങ്ങളും നേരിട്ട് വിനോദസഞ്ചാരികളിലെത്തിക്കാൻ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ചാൽ വിപണനസാധ്യതകളും വരുമാനവും വർധിക്കും. ഓൺലൈൻ ബുക്കിംഗ്, ഡിജിറ്റൽ മാപ്പുകൾ, ബഹുഭാഷാ വിവരങ്ങൾ, ഡിജിറ്റൽ പേയ്മെന്റ്, സാമൂഹികമാധ്യമ പ്രചാരണം, വിപണനം എന്നിവ ഇതിനു സഹായിക്കും. ഇടനിലക്കാരെ ആശ്രയിക്കുന്നത് കുറയ്ക്കാനും പ്രാദേശിക കുടുംബങ്ങൾക്ക് ടൂറിസം വരുമാനത്തിന്റെ വലിയൊരു പങ്ക് നിലനിർത്താനും ഇതുവഴി കഴിയും. എന്നാൽ അതിന് ഡിജിറ്റൽ പരിശീലനവും വിശ്വസനീയമായ ഇന്റർനെറ്റ് സൗകര്യവും ആവശ്യമാണ്.
►നിർമിതബുദ്ധി എന്ത് മാറ്റം കൊണ്ടുവരും?
നിർമിതബുദ്ധിക്ക് ഈ മാറ്റത്തെ കൂടുതൽ കാര്യക്ഷമമാക്കാൻ കഴിയും. ഒരു യാത്രക്കാരന്റെ താത്പര്യം, ബജറ്റ്, യാത്രാസമയം, ഭക്ഷണപരമായ ആവശ്യങ്ങൾ, കാലാവസ്ഥ തുടങ്ങിയ വിവരങ്ങൾ പരിഗണിച്ച് വ്യക്തിഗത യാത്രാപദ്ധതികൾ തയാറാക്കാൻ നിർമിതബുദ്ധിക്കു കഴിയും. പ്രകൃതിനിരീക്ഷണത്തിൽ താത്പര്യമുള്ള ഒരാൾക്ക് പക്ഷിനിരീക്ഷണം, കൃഷിയിട സന്ദർശനം, ഔഷധസസ്യങ്ങൾ, പ്രാദേശിക ഭക്ഷണം തുടങ്ങിയ അനുഭവങ്ങൾ കൂട്ടിച്ചേർത്ത യാത്രാപദ്ധതി നിർദേശിക്കാം.
കുടുംബങ്ങൾക്ക് കൃഷി, നാട്ടുഭക്ഷണം, കരകൗശലം, ജലജീവിതം തുടങ്ങിയ അനുഭവങ്ങൾ ഉൾപ്പെടുത്തിയ യാത്രകളും രൂപപ്പെടുത്താം. നിർമിതബുദ്ധിയുടെ സാധ്യത യാത്രാപദ്ധതി തയാറാക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. വിനോദസഞ്ചാരികളുടെ തിരക്ക് മുൻകൂട്ടി കണക്കാക്കാനും അതനുസരിച്ച് ഗതാഗതം, മാലിന്യസംസ്കരണം, ജലവിതരണം, ബുക്കിംഗ് എന്നിവ ആസൂത്രണം ചെയ്യാനും കഴിയും. ഒരു പ്രദേശത്ത് വഹിക്കാവുന്ന ശേഷി കവിഞ്ഞുപോകാതിരിക്കാൻ സന്ദർശകരുടെ എണ്ണം നിയന്ത്രിക്കുന്നതിനും ഇത്തരം ഡാറ്റ സഹായകരമാകും. കാലാവസ്ഥ, ശക്തമായ മഴ, ഉരുൾപൊട്ടൽ സാധ്യത, വന്യജീവി സാന്നിധ്യം തുടങ്ങിയ വിവരങ്ങൾ ഏകോപിപ്പിച്ച് യാത്രക്കാർക്ക് മുന്നറിയിപ്പുകൾ നൽകുന്നതിലൂടെ സുരക്ഷയും പരിസ്ഥിതി സംരക്ഷണവും മെച്ചപ്പെടുത്താനും കഴിയും.
►ഡിജിറ്റൽ ടൂറിസം ജനകീയമാകണം
ഡിജിറ്റൽ ടൂറിസത്തിന്റെ യഥാർഥ നേട്ടം സാങ്കേതികവിദ്യ ലഭ്യമാക്കുന്നതിൽ മാത്രമല്ല, അതിന്റെ ഗുണം സമൂഹത്തിലെ കൂടുതൽ ആളുകളിലേക്കു എത്തിക്കുന്നതിലാണ്. ഒരു ഗ്രാമത്തിലെ സ്ത്രീകൾ തയാറാക്കുന്ന ഭക്ഷണം ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയണം. പ്രാദേശിക കലാകാരന്മാരുടെ ഉത്പന്നങ്ങൾ ഡിജിറ്റൽ വിപണിയിലെത്തണം. യുവാക്കൾക്ക് ഡിജിറ്റൽ ഗൈഡുകളായും പ്രകൃതിനിരീക്ഷണ പരിശീലകരായും പ്രവർത്തിക്കാനാകണം. മുതിർന്ന കർഷകരുടെയും കരകൗശല തൊഴിലാളികളുടെയും അറിവ് ഡിജിറ്റൽ കഥപറച്ചിലിലൂടെ രേഖപ്പെടുത്താനും കഴിയും. ഇതിലൂടെ പ്രാദേശിക അറിവിനു സാമ്പത്തികമൂല്യം ലഭിക്കുന്നതിനൊപ്പം അത് അടുത്ത തലമുറയിലേക്കു കൈമാറാനും സാധിക്കും.
കേരളത്തിന്റെ ഗ്രാമീണ ടൂറിസത്തിന്റെ വിജയം അതുകൊണ്ടുതന്നെ സന്ദർശകരുടെ എണ്ണത്തിൽ മാത്രം അളക്കരുത്. എത്ര പ്രാദേശിക തൊഴിൽ സൃഷ്ടിച്ചു, സ്ത്രീകൾക്കും യുവാക്കൾക്കും എത്ര അവസരങ്ങൾ ലഭിച്ചു, കർഷകർക്ക് എത്ര വിപണി ലഭിച്ചു, പ്രകൃതിവിഭവങ്ങൾ എങ്ങനെ സംരക്ഷിക്കപ്പെട്ടു, മാലിന്യം എത്ര കുറച്ചു, പ്രാദേശിക സംസ്കാരത്തിന് എത്രമാത്രം ബഹുമാനം ലഭിച്ചു എന്നിവയെല്ലാം പരിഗണിക്കണം.

►ഗ്രാമത്തിന്റെയും ടൂറിസത്തിന്റെയും ഭാവി
ലോക ടൂറിസം ദിന പ്രമേയം കേരളത്തിനൊരു സാങ്കേതിക ആഹ്വാനം മാത്രമല്ല; ടൂറിസത്തിന്റെ വികസനദിശ പുനർചിന്തിക്കാനുള്ള അവസരം കൂടിയാണ്. ‘ടൂറിസത്തിന്റെ പുനർ രൂപകൽപന’ എന്നത് പഴയ ടൂറിസം മാതൃകയ്ക്ക് ഡിജിറ്റൽ അലങ്കാരം നൽകുന്നതല്ല. ആരാണ് യാത്ര ചെയ്യുന്നത്, ആരാണ് അതിന്റെ ഗുണം നേടുന്നത്, ആരാണ് തീരുമാനമെടുക്കുന്നത്, ആരുടെ സംസ്കാരമാണ് അവതരിപ്പിക്കപ്പെടുന്നത്, ഏത് പ്രകൃതി വിഭവങ്ങളാണ് ഉപയോഗിക്കുന്നത്, ഭാവി തലമുറകൾക്ക് എന്താണ് അവശേഷിക്കുന്നത് എന്നീ ചോദ്യങ്ങൾക്കു പുതിയ ഉത്തരങ്ങൾ കണ്ടെത്തുകയാണ്.
ഈ പുനർ രൂപകൽപനയിൽ കേരളത്തിലെ ഗ്രാമങ്ങൾ വിനോദസഞ്ചാരികൾക്കായി പ്രദർശിപ്പിക്കുന്ന കാഴ്ചകൾ മാത്രമാകരുത്. സ്വന്തം വികസനത്തിന്റെ ദിശ നിർണയിക്കുന്ന സജീവ സമൂഹങ്ങളായി അവ മാറണം. മാലിന്യസംസ്കരണം, മഴവെള്ള സംഭരണം, സൗരോർജം, പ്രാദേശിക ഭക്ഷണം, പൊതുഗതാഗതം, നടപ്പാതകൾ, കുറഞ്ഞ കാർബൺ യാത്ര തുടങ്ങിയവയും ഗ്രാമീണ ടൂറിസത്തിന്റെ ഭാഗമാകണം. അതോടൊപ്പം പ്രാദേശിക സമൂഹങ്ങളുടെ സമ്മതം, പങ്കാളിത്തം, വരുമാനവിഹിതം, വിഭവനിയന്ത്രണം എന്നിവ ഉറപ്പാക്കുകയും വേണം. ഗ്രാമീണ ടൂറിസത്തിന്റെ വിജയം സന്ദർശകരുടെ എണ്ണത്തിൽ മാത്രം അളക്കേണ്ടതില്ല. അവിടത്തെ ജനങ്ങൾക്കു ലഭിക്കുന്ന ഗുണങ്ങളിലും പ്രകൃതിയുടെ സംരക്ഷണത്തിലും സംസ്കാരത്തിന്റെ നിലനിൽപിലുമാണ് അതിന്റെ യഥാർഥ വിജയം.
ഡിജിറ്റലായി ബന്ധിപ്പിക്കപ്പെട്ടതും നിർമിതബുദ്ധിയാൽ ശക്തിപ്പെട്ടതും എന്നാൽ മനുഷ്യകേന്ദ്രിതവും പ്രകൃതിസൗഹൃദവും സമൂഹ നേതൃത്വത്തിലുള്ളതുമായ ഒരു സുസ്ഥിര ടൂറിസം വികസന മാതൃകയിലാണ് കേരളത്തിന്റെ ഗ്രാമീണ ടൂറിസത്തിന്റെ ഭാവി.
(ലേഖകൻ തൊടുപുഴ ന്യൂമാൻ കോളജ് സാമ്പത്തികശാസ്ത്ര വകുപ്പ് മേധാവിയാണ്)
Tags : DigitalVillage NewTourism Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash