പ്രതീകാത്മക ചിത്രം - എഐ
പരസ്പര ബഹുമാനത്തിലും സാഹോദര്യത്തിലും അധിഷ്ഠിതമായ ഈ സംവാദ സംസ്കാരം സഭയുടെ മിഷനറി ദൗത്യത്തിന് എതിരല്ല; മറിച്ച്, അതിന്റെ അവിഭാജ്യ ഘടകമാണ്. സ്വന്തം വിശ്വാസപാരമ്പര്യത്തിൽ പൂർണമായി വേരൂന്നിക്കൊണ്ടുതന്നെ, മറ്റ് പാരമ്പര്യങ്ങളിലുള്ള നന്മയെയും ആദരിക്കാനും സ്നേഹിക്കാനും ഈ പ്രബോധനങ്ങൾ വിശ്വാസികളെ പ്രചോദിപ്പിക്കുന്നതോടൊപ്പം, പൊതുസമൂഹത്തിനും കൃത്യമായ സന്ദേശവും നൽകുന്നു. സമാധാനപരമായ സഹവർത്തിത്വത്തിനും മനുഷ്യരാശിയുടെ പൊതുനന്മയ്ക്കുംവേണ്ടി എല്ലാ മനുഷ്യരും കൈകോർത്തു പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയാണ് സഭയുടെ പ്രബോധന രേഖകൾ ഏവരെയും ഓർമിപ്പിക്കുന്നത്. മതാന്തര സംവാദമെന്നാൽ, സ്വന്തം വിശ്വാസം ഉപേക്ഷിക്കലോ മറ്റെല്ലാ വിശ്വാസങ്ങളെയും ഒന്നാക്കി ഒരു പുതിയ മതം സൃഷ്ടിക്കലോ അല്ല എന്ന് ‘പ്രത്യാശയുടെ യാത്ര’ ഊന്നിപ്പറയുന്നുണ്ട്.
എന്നാൽ, ഈ തുറവിയും സാഹോദര്യ മനോഭാവവും ലോകത്തിന്റെ എല്ലാ കോണുകളിലും തുല്യമായി പ്രതിഫലിക്കുന്നുണ്ടോ എന്നത് പ്രസക്തമായ ഒരു ചോദ്യമാണ്. ക്രൈസ്തവ ഭൂരിപക്ഷമുള്ള രാജ്യങ്ങളിൽ മറ്റ് മതസ്ഥർക്ക് പൂർണമായ സ്വാതന്ത്ര്യവും ആദരവും നൽകുമ്പോൾതന്നെ, ക്രൈസ്തവർ ന്യൂനപക്ഷമായ രാജ്യങ്ങളിൽ ക്രിസ്തീയ സമൂഹങ്ങളും ഇതേ അവകാശങ്ങളും മതസ്വാതന്ത്ര്യവും അർഹിക്കുന്നുണ്ടെന്ന യാഥാർഥ്യം പുതിയ രേഖ ശക്തമായി ചൂണ്ടിക്കാണിക്കുന്നു. പാശ്ചാത്യരാജ്യങ്ങളിൽ മറ്റുള്ളവർക്കുള്ള മതസ്വാതന്ത്ര്യംപോലെതന്നെ, മറ്റുള്ള രാജ്യങ്ങളിലും ക്രിസ്ത്യാനികൾക്ക് സ്വന്തം വിശ്വാസം ആചരിക്കാനും അതനുസരിച്ച് ജീവിക്കാനുമുള്ള സാഹചര്യം ഒരുക്കപ്പെടേണ്ടതുണ്ട്.
പരസ്പരമുള്ള ഈ നീതിയും ആദരവും ഉറപ്പുവരുത്താതെ യഥാർഥ മാനവിക സൗഹാർദം സാക്ഷാത്കരിക്കപ്പെടുകയില്ലെന്ന് സഭ ഓർമിപ്പിക്കുന്നു. വിദ്വേഷത്തിന്റെയും ഭിന്നതകളുടെയും സ്വരങ്ങൾ ലോകത്ത് ശക്തിപ്പെടുന്ന ഇക്കാലത്ത്, മതപരമായ അടിച്ചമർത്തലുകളെയും അക്രമങ്ങളെയും ശക്തമായി അപലപിച്ചുകൊണ്ട്, സ്നേഹത്തിന്റെയും ക്ഷമയുടെയും പാതയിലൂടെ സഞ്ചരിക്കാൻ ഈ പുതിയ പ്രബോധനരേഖ ലോകത്തോട് ആഹ്വാനം ചെയ്യുന്നു.
►മതസ്വാതന്ത്ര്യം
രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ മനുഷ്യമാഹാത്മ്യം എന്ന മതസ്വാതന്ത്ര്യ പ്രഖ്യാപനത്തിൽ വ്യക്തമാക്കുന്നതുപോലെ, മനുഷ്യന് അത്യന്താപേക്ഷിതമായ മതസ്വാതന്ത്ര്യം ഭൂരിപക്ഷ വിഭാഗങ്ങളുടെ നിർബന്ധബുദ്ധിയിൽ നിന്നുമുള്ള സ്വാതന്ത്ര്യം അർഹിക്കുന്നു. എന്നാൽ, ആധുനികലോകത്ത് പല രാജ്യങ്ങളിലും ഈ മൗലികാവകാശം ചോദ്യം ചെയ്യപ്പെടുന്ന പ്രവണതകൾ വർധിച്ചുവരുന്നുണ്ട്. ഇന്ത്യയിലെ പുതിയ നിയമനിർമാണങ്ങളെയോ പ്രത്യേക സംഭവങ്ങളെയോ രേഖ നേരിട്ട് പരാമർശിക്കുന്നില്ലെങ്കിലും, വിവിധ സംസ്ഥാനങ്ങളിലെ മതപരിവർത്തനനിരോധന നിയമങ്ങളും അനുബന്ധ പ്രതിസന്ധികളും പരിഗണിക്കുമ്പോൾ, രേഖ മുന്നോട്ടുവയ്ക്കുന്ന മതസ്വാതന്ത്ര്യത്തിന്റെ തത്വങ്ങൾക്ക് പ്രത്യേക പ്രസക്തിയുണ്ട്. ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കപ്പെടുന്നതും വിശ്വാസം ആചരിക്കുന്നതിന്റെ പേരിൽ അടിച്ചമർത്തലുകൾ നേരിടേണ്ടിവരുന്നതും യഥാർഥ മാനവിക സൗഹാർദത്തിന് ഏൽക്കുന്ന ആഘാതങ്ങളാണെന്ന് സഭ ഓർമിപ്പിക്കുന്നു.
ലോകത്തിന്റെ പല ഭാഗങ്ങളിലും വിവിധ സമൂഹങ്ങൾ നേരിടുന്ന ഇത്തരം പ്രതിസന്ധികളെയും പീഡനങ്ങളെയും അങ്ങേയറ്റം സംയമനത്തോടും എന്നാൽ വ്യക്തമായ നിലപാടുകളോടുംകൂടിയാണ് ഈ പ്രബോധനക്കുറിപ്പ് സമീപിക്കുന്നത്. തീവ്രവാദ ഗ്രൂപ്പുകളുടെയും സങ്കുചിത ചിന്താഗതിക്കാരുടെയും ഭാഗത്തുനിന്ന് ഉണ്ടാകുന്ന ഇത്തരം പീഡനങ്ങൾ മനുഷ്യന്റെ അന്തസിനെ നേരിട്ട് ലംഘിക്കുന്നതാണെന്ന് രേഖ ചൂണ്ടിക്കാണിക്കുന്നു. ഇതോടൊപ്പം, മതസ്വാതന്ത്ര്യത്തിന്റെ സംരക്ഷണം ഒരു മതസമൂഹത്തിന്റെ മാത്രം അവകാശസംരക്ഷണമായി ചുരുക്കരുതെന്നും രേഖ വ്യക്തമാക്കുന്നു. ഏതെങ്കിലുമൊരു മതവിഭാഗത്തിനെതിരായ വിദ്വേഷവും വിവേചനവും മനുഷ്യാന്തസിനെതിരാണ്. മതവിദ്വേഷ പ്രവണതകളെയും ഏതെങ്കിലും മതത്തിന്റെ പേരിൽ നടക്കുന്ന അക്രമത്തെയും ഒരുപോലെ നിരാകരിക്കേണ്ടതുണ്ട്. എന്നാൽ, ഒരു മതത്തിലെ ചില തീവ്രവാദ പ്രവണതകളെ വിമർശിക്കുന്നത് ആ മതത്തിലെ മുഴുവൻ വിശ്വാസികളെയും സംശയത്തിന്റെ നിഴലിൽ നിർത്തുന്നതിനുള്ള ന്യായീകരണമാകരുത്. അതുപോലെ, മതസ്വാതന്ത്ര്യത്തിന്റെ പേരിൽ അക്രമത്തെയോ വിദ്വേഷത്തെയോ ന്യായീകരിക്കാനും കഴിയില്ല. വ്യക്തിയുടെ അന്തസിനെയും മതസ്വാതന്ത്ര്യത്തെയും ഒരുപോലെ സംരക്ഷിക്കുന്നതാണ് സഭ മുന്നോട്ടുവയ്ക്കുന്ന സമീപനം.
ബലപ്രയോഗങ്ങളോ അടിച്ചേൽപിക്കലുകളോ ഇല്ലാതെയുള്ള സമാധാനപരമായ സഹവർത്തിത്വമാണ് കത്തോലിക്കാസഭ എക്കാലവും ആഗ്രഹിക്കുന്നത്. എല്ലാ മതവിശ്വാസികൾക്കും ഒരുപോലെ ബാധകമായ മതസ്വാതന്ത്ര്യത്തിന്റെ തത്വമാണ് രേഖ ഉയർത്തിപ്പിടിക്കുന്നത്. അതിനാൽതന്നെ, ഇന്ത്യയിലെയും മറ്റു രാജ്യങ്ങളിലെയും മതപീഡനങ്ങളെ പരോക്ഷമായി ചോദ്യം ചെയ്തുകൊണ്ട്, എല്ലാ മനുഷ്യരുടെയും മതസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടത് ഒരു സാമൂഹിക ബാധ്യതയാണെന്ന് സഭ ഇവിടെ ഓർമിപ്പിക്കുന്നു. വിദ്വേഷത്തിന്റെയും അടിച്ചമർത്തലുകളുടെയും രാഷ്ട്രീയത്തിന് മറുപടിയായി, സ്നേഹത്തിന്റെയും സംഭാഷണത്തിന്റെയും സഹവർത്തിത്വത്തിന്റെയും പാതയിലൂടെ മാത്രമേ നീതിയുക്തമായ ഒരു ലോകം കെട്ടിപ്പടുക്കാൻ സാധിക്കൂ എന്ന ശക്തമായ സന്ദേശമാണ് ഇത് നൽകുന്നത്.
►പാവപ്പെട്ടവരിലേക്കുള്ള കടന്നുചെല്ലൽ
മതാന്തര സംവാദത്തിന്റെ വിജയത്തെ മതനേതാക്കളുടെ കൂടിക്കാഴ്ചകളുടെ എണ്ണത്തിലൂടെയോ സംയുക്ത പ്രസ്താവനകളുടെ വലുപ്പത്തിലൂടെയോ മാത്രം അളക്കാനാവില്ലെന്ന ഒരു പ്രധാന നിരീക്ഷണവും ‘പ്രത്യാശയുടെ യാത്ര’ മുന്നോട്ടുവയ്ക്കുന്നു. സമൂഹത്തിലെ ഏറ്റവും ദുർബലരും മുറിവേറ്റവരുമായ മനുഷ്യരോടുള്ള സമീപനമാണ് മതവിശ്വാസത്തിന്റെ യഥാർഥ ഫലപ്രാപ്തിയുടെ അളവുകോൽ. തളർന്നുകിടക്കുന്ന മനുഷ്യനെ നാം സ്വീകരിക്കുന്നുവോ, അതോ അവഗണിക്കുന്നുവോ എന്ന ചോദ്യമാണ് മതത്തിന്റെ സാമൂഹികസാക്ഷ്യത്തെ പരിശോധിക്കുന്ന അടിസ്ഥാന മാനദണ്ഡമാകേണ്ടത്. അതുകൊണ്ടുതന്നെ ദരിദ്രരും പാർശ്വവത്കരിക്കപ്പെട്ടവരും പീഡിതരും മതാന്തര സംവാദത്തിന്റെ മുഖ്യധാരയിലേക്കു കടന്നുവരേണ്ടതുണ്ട്. വ്യത്യസ്ത മതവിശ്വാസികൾ ഒരുമിച്ച് മനുഷ്യന്റെ അടിസ്ഥാന പ്രതിസന്ധികൾക്ക് പരിഹാരം കണ്ടെത്തുമ്പോഴാണ് സംവാദം യഥാർഥ സാഹോദര്യമായി മാറുന്നത്.
ചുരുക്കത്തിൽ, ലോകത്തിന്റെ പല ഭാഗങ്ങളിലും അരങ്ങേറുന്ന സംഘർഷങ്ങളും വെല്ലുവിളികളും മനുഷ്യരാശിയെ ഭിന്നിപ്പിക്കുന്ന ഈ കാലഘട്ടത്തിൽ, സഭ മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാട് തികച്ചും സന്തുലിതവും പ്രത്യാശാജനകവുമാണ്. ദേശീയവാദങ്ങളുടെയോ പ്രത്യയശാസ്ത്രപരമായ അതിർവരമ്പുകളുടെയോ പേരിൽ മനുഷ്യരെ അകറ്റിനിർത്തുന്ന പ്രവണതകളെ ഈ പ്രബോധന രേഖ നിരാകരിക്കുന്നു. ഭിന്നതകളെ അടിച്ചമർത്തലുകളിലൂടെയല്ല, പരസ്പരമുള്ള കേവല സഹിഷ്ണുതയ്ക്കപ്പുറം ആത്മാർഥമായ സംഭാഷണങ്ങളിലൂടെയും സ്നേഹത്തിലൂടെയുമാണ് മറികടക്കേണ്ടത്. ഭൂമിയിലെ ഏത് കോണിലായാലും, ഏകാധിപതികളുടെയോ തീവ്രവാദികളുടെയോ അടിച്ചമർത്തലുകൾക്ക് ഇരയാകുന്ന പാവപ്പെട്ടവരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും കണ്ണീരൊപ്പുക എന്നതാണ് എല്ലാ മതങ്ങളുടെയും യഥാർഥ ഉത്തരവാദിത്വമെന്ന് സഭ ഓർമിപ്പിക്കുന്നു.
ഏവരും പരസ്പരം ഉൾക്കൊള്ളുന്ന, സമാധാനത്തിന്റെയും നീതിയുടെയും ഒരു ലോകമാണ് ഈ പുതിയ കുറിപ്പ് മുന്നോട്ടുവയ്ക്കുന്ന ദർശനം. എന്നാൽ അതിന്റെ ലക്ഷ്യം മതവ്യത്യാസങ്ങളെ ഇല്ലാതാക്കുകയോ എല്ലാ മതങ്ങളെയും ഒരേ രൂപത്തിലേക്ക് ലയിപ്പിക്കുകയോ അല്ല. മറിച്ച്, സ്വന്തം വിശ്വാസത്തിലും വ്യക്തിത്വത്തിലും ഉറച്ചുനിൽക്കുമ്പോൾതന്നെ മറ്റുള്ളവരുടെ വിശ്വാസത്തെയും അന്തസിനെയും അവകാശങ്ങളെയും ബഹുമാനിച്ച് ഒരുമിച്ചു ജീവിക്കാനുള്ള സംസ്കാരം വളർത്തുകയാണ് ലക്ഷ്യം.
ഈ അർഥത്തിൽ നോക്കുമ്പോൾ, ‘പ്രത്യാശയുടെ യാത്ര’യെ മാനവിക സഹവർത്തിത്വത്തിന്റെ ഒരു പുതിയ ‘മാഗ്നാ കാർട്ട’യായി വിശേഷിപ്പിക്കാം. മതസ്വാതന്ത്ര്യം, പരസ്പര ബഹുമാനം, സത്യാന്വേഷണം, സാഹോദര്യം, സമാധാനം, സാമൂഹികനീതി എന്നിവയെ ഒരേ മാനവിക ചട്ടക്കൂടിൽ കൂട്ടിച്ചേർക്കുന്നുവെന്നതാണ് അതിന്റെ പ്രത്യേകത. മതിലുകൾ പണിയുന്നതിനു പകരം പാലങ്ങൾ നിർമിക്കാനുള്ള ഈ ആഹ്വാനം, വ്യത്യാസങ്ങൾക്കിടയിലും ഒരുമിച്ച് ജീവിക്കാനുള്ള ലോകത്തിന്റെ അന്വേഷണത്തിന് പുതിയ പ്രത്യാശ നൽകുന്നു.
മതാന്തര സംവാദവും സുവിശേഷവത്കരണവും
മതാന്തര സംവാദത്തെക്കുറിച്ചുള്ള സഭയുടെ കാഴ്ചപ്പാട് സുവിശേഷവത്കരണ ദൗത്യത്തെ നിരാകരിക്കുന്നതല്ല. സ്വന്തം വിശ്വാസം സാക്ഷ്യപ്പെടുത്താനുള്ള ക്രൈസ്തവ അവകാശവും ഉത്തരവാദിത്വവും നിലനിൽക്കുമ്പോൾതന്നെ, മറ്റൊരാളുടെ മനഃസാക്ഷിയുടെ സ്വാതന്ത്ര്യത്തെയും മതപരമായ വ്യക്തിത്വത്തെയും ബഹുമാനിക്കേണ്ടതുണ്ടെന്ന് ‘പ്രത്യാശയുടെ യാത്ര’ ഓർമിപ്പിക്കുന്നു. സുവിശേഷം പങ്കുവയ്ക്കുന്നതും ഒരാളെ സമ്മർദത്തിലൂടെയോ പ്രലോഭനത്തിലൂടെയോ നിർബന്ധത്തിലൂടെയോ മതം മാറ്റുന്നതും ഒരേ കാര്യമല്ല.
മറ്റുള്ളവരുടെ സ്വാതന്ത്ര്യവും അന്തസും അംഗീകരിക്കാത്ത സമീപനം യഥാർഥ മതാന്തര സംവാദത്തിന് വിരുദ്ധമാണ്. സ്വന്തം വിശ്വാസത്തിൽ ഉറച്ചുനിന്നുകൊണ്ടുതന്നെ മറ്റുള്ളവരുടെ വിശ്വാസസ്വാതന്ത്ര്യത്തെ ബഹുമാനിക്കുക എന്നതാണ് സഭ മുന്നോട്ടുവയ്ക്കുന്ന സംവാദത്തിന്റെ അടിസ്ഥാനം. അതുകൊണ്ടുതന്നെ, സുവിശേഷസാക്ഷ്യവും മതസ്വാതന്ത്ര്യവും പരസ്പരം വിരുദ്ധങ്ങളായി കാണേണ്ടതില്ല; മറിച്ച്, വ്യക്തിയുടെ സ്വതന്ത്രമായ മനസാക്ഷിയെ ബഹുമാനിക്കുന്ന സാഹചര്യത്തിലാണ് സുവിശേഷസാക്ഷ്യത്തിനും യഥാർഥ സംവാദത്തിനും അർഥവത്തായ സ്ഥാനം ലഭിക്കുന്നത്.
(അവസാനിച്ചു)
Tags : Church Missionary Mission Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash