ആലിസ് ഹുവാംഗും ജെൻസൻ ഹുവാംഗും
ചാരപ്പണിക്കു പെൺകെണി. എക്കാലത്തെയും വിജയകരമായ തന്ത്രം. നിർമിതബുദ്ധി (എഐ) മേഖലയെ അടക്കിവാഴുന്ന എൻവിഡിയയുടെ മേധാവി ഈ അതിപുരാതന കെണിയിൽ കുരുങ്ങി. ആഴ്ചകൾക്കു മുൻപു ലോകത്തിലെ ഏറ്റവും വിലപ്പെട്ടതായിരുന്ന കമ്പനിയുടെ ഭാവിക്കുമേൽ ചോദ്യചിഹ്നം ഉയർത്തിയ വലിയ വീഴ്ച.
എൻവിഡിയ സഹസ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ(സിഇഒ) ജെൻസൻ ഹുവാംഗ്, ആലീസ് ഹുവാംഗ് എന്ന ബിസിനസുകാരിയുമായി അവിഹിതബന്ധം പുലർത്തി എന്നതു വിഷയത്തിന്റെ ഒരു വശം മാത്രം. ആലീസ് ചൈനയുടെ ചാരവനിത ആണെന്നതാണു പ്രധാന കാര്യം. അതിനൂതന എഐ സാങ്കേതികവിദ്യയുടെ ഉടമകളാണ് എൻവിഡിയ. അതു ചൈനയ്ക്കു കിട്ടാതിരിക്കാൻ എൻവിഡിയയുടെ പുത്തൻ ഗ്രാഫിക് പ്രോസസർ യൂണിറ്റു (ജിപിയു)കളുടെ കയറ്റുമതിക്ക് അമേരിക്ക കർക്കശ നിയന്ത്രണങ്ങൾ വച്ചിട്ടുണ്ട്. എൻവിഡിയയുടെ രഹസ്യങ്ങൾ ചോർത്താൻ ചൈന ശ്രമിക്കുന്നതു സ്വാഭാവികം. എഐയിൽ മുന്നിലെത്താൻ അതാവശ്യമാണല്ലോ.
അസാധാരണമായ ഒരു സാഹചര്യമാണ് എൻവിഡിയ നേരിടുന്നത്. പെൺകെണിയിൽ കുടുങ്ങിയാൽ പ്രഫഷണൽ സിഇഒമാരെ പുറത്താക്കുന്നതാണു പതിവ്. ഇന്റൽ കോർപറേഷൻ ബ്രയൻ ക്രിസാനിച്ചിനെ 2018ലും മക്ഡോണൾഡ്സ് സിഇഒ സ്റ്റീവ് ഈസ്റ്റർബ്രൂക്കിനെ 2019ലും പുറത്താക്കിയത് ജീവനക്കാരുമായി അവിഹിതം നടത്തിയതിനാണ്. കമ്പനി നിയമം അനുവദിക്കാത്തതാണു കീഴ്ജീവനക്കാരുമായുള്ള ബന്ധം. ഉടമകളെ അങ്ങനെ കൈകാര്യം ചെയ്യാറില്ല. ആമസോൺ ഉടമ ജെഫ് ബെസോസിന് ഒരു ടെലിവിഷൻ അവതാരകയുമായി ബന്ധം ഉണ്ടായപ്പോൾ വിവാഹമോചനം വേണ്ടിവന്നെങ്കിലും കമ്പനിയിൽ ഒരു നടപടിയും ഇല്ലായിരുന്നു.
നിരപരാധിയെന്നു ട്രംപ്
ജെൻസന്റെ അവിഹിതമല്ല, ചൈനീസ് ചാരവനിതയുമായുള്ള ബന്ധമാണ് അമേരിക്കയ്ക്കു വിഷയം. ആലീസ് ചാരവനിതയാണെന്ന് ജെൻസൻ അറിഞ്ഞിരുന്നില്ല എന്നും അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയുമെന്നു കരുതുന്നു എന്നുമാണു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞത്. ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) ആണ് അന്വേഷണം നടത്തുന്നത്. എൻവിഡിയ കമ്പനിയുടെ ഡയറക്ടർ ബോർഡും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ചാരവൃത്തി ആരോപണം ചൈന നിഷേധിച്ചു.
ആലീസ് ചൈനയ്ക്കുവേണ്ടിയാണു പ്രവർത്തിക്കുന്നതെന്നു കരുതാൻ തക്ക വിവരം ജെൻസനു ലഭിച്ചിട്ടുണ്ടോ എന്നാണ് അന്വേഷണത്തിൽ അറിയേണ്ടത്. അങ്ങനെ തെളിഞ്ഞാൽ കമ്പനിയിൽനിന്നു മാറേണ്ടിവരും. രാജ്യദ്രോഹ കേസ് വരെ ഉണ്ടാകാം. മറിച്ചു തെളിഞ്ഞാൽ അവിഹിതത്തിന്റെ പേരുദോഷം മാത്രം ശേഷിക്കും.
വിലക്കുള്ളതു വാങ്ങി
2023 മുതൽ 2025 വരെയാണു ജെൻസൻ -ആലീസ് ബന്ധത്തിന്റെ നാളുകൾ. സിംഗപ്പുർ ആസ്ഥാനമായുള്ള കമ്പനിയുടെ സിഇഒ പല രാജ്യങ്ങളിലും ജെൻസന്റെ കൂടെ കറങ്ങി. എൻവിഡിയയിൽ നിന്ന് 480 കോടി ഡോളറിന്റെ ജിപിയുകൾ വാങ്ങി. ചൈനയിലേക്കു കയറ്റുമതി ചെയ്യാൻ വിലക്കുള്ളവയും അക്കൂട്ടത്തിൽപെട്ടു. ദക്ഷിണേഷ്യയിലെ പല ഡാറ്റാ സെന്ററുകളിലും എത്തിയ ആ ജിപിയുകൾ ആലിബാബ അടക്കമുള്ള ചൈനീസ് കമ്പനികൾ വിദൂരബന്ധം (Remote access) വഴി ഉപയോഗിച്ചു എന്നു കണ്ടെത്തിയിട്ടുണ്ട്. ഇതു വിവാദമായപ്പോൾ കയറ്റുമതി വിലക്കിൽ വിദൂരബന്ധം പെടുന്നില്ല എന്നാണ് എൻവിഡിയ നൽകിയ വിശദീകരണം.
ട്രംപ് നേരത്തേ അറിഞ്ഞു
യുഎസ് ഏജൻസികൾ 2023 മുതൽ ആലീസ് ഹുവാംഗിന്റെ നടപടികൾ ശ്രദ്ധിച്ചിരുന്നു. 2025ൽ അവർ നൽകിയ വിവരം വച്ച് സിംഗപ്പുർ അധികൃതർ അവരെ ചോദ്യം ചെയ്തു. എൻവിഡിയ അധികൃതർ യുഎസ് വാണിജ്യ അണ്ടർ സെക്രട്ടറി ജെഫ്രി കെസ്ലർ വഴി അന്ന് ആലിസിനു വേണ്ടി ഇടപെട്ടു. ഇതേ കാലത്തുതന്നെ ലൈംഗികാപവാദങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഉപദേശിക്കുന്ന ഹെല്ലർ എന്ന പബ്ലിക് റിലേഷൻസ് സ്ഥാപനവുമായി ജെൻസൻ ഒരു കോൺട്രാക്റ്റ് ഉണ്ടാക്കി എന്ന് ഈയിടെ വെളിച്ചത്തുവന്നു.
അക്കാലത്തുതന്നെ ട്രംപിന് ഇതേപ്പറ്റി വിവരം കിട്ടി. പക്ഷേ ഒന്നും ചെയ്തില്ല. എങ്കിലും ആലിസ് ഹുവാംഗ് പിന്നീടു പരസ്യവേദികളിൽ പ്രത്യക്ഷപ്പെട്ടില്ല. കഴിഞ്ഞ മേയിൽ ട്രംപ് ചൈനയ്ക്കു പോയപ്പോൾ കൂടെപ്പോകേണ്ട ബിസിനസുകാരിൽ ജെൻസനെ ആദ്യം പെടുത്തിയില്ല. അവസാനനിമിഷം തിരുകിക്കയറ്റുകയായിരുന്നു. അതിനു മുൻപുതന്നെ ഈ ബന്ധത്തിന്റെ ചില കഥകൾ വാഷിംഗ്ടണിൽ പരന്നു. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ആണു വിവരങ്ങൾ പുറത്താക്കിയത് എന്നാണു സംസാരം.
ചോർത്തിയത് എന്ത്?
ജെൻസൻ ഹുവാംഗിൽനിന്ന് എന്തു രഹസ്യങ്ങളാണ് ആലിസ് ചോർത്തിയത് എന്ന് ഇനിയും കണ്ടെത്തണം. സാങ്കേതികവിദ്യയേക്കാൾ രാഷ്ട്രീയവും നയപരവുമായ രഹസ്യവിവരങ്ങൾ ആകാം ചൈന ലക്ഷ്യമിട്ടത് എന്നാണു പലരും കരുതുന്നത്. വിശ്വസ്ത മിത്രമായ ജെൻസന് ചൈന -യുഎസ് ബന്ധം, കയറ്റുമതി നയം തുടങ്ങിയ കാര്യങ്ങളിലെ ട്രംപിന്റെ ചിന്താഗതി അറിയാം. കിടപ്പറബന്ധത്തിൽ അവ ചികഞ്ഞെടുക്കാൻ ചാരവനിതയ്ക്കു പ്രയാസമില്ലല്ലോ.
ദിവസങ്ങൾക്കു മുൻപുവരെ ജെൻസൻ ഹുവാംഗിന്റെ വാക്കിനും നോട്ടത്തിനും ശതകോടിക്കണക്കിനു ഡോളർ ആയിരുന്നു വില. ഒറ്റ വാക്കുകൊണ്ട് ഓഹരി വിപണിയെ ഉയർത്താനും താഴ്ത്താനും കഴിയുന്ന ആൾ. ദക്ഷിണകൊറിയൻ സന്ദർശനത്തിനിടെ സീയൂളിൽ സാംസംഗിന്റെയും ഹ്യൂണ്ടായിയുടെയും സിഇഒമാരുമൊത്ത് ഒരു റസ്റ്ററന്റിൽ ജെൻസൻ ഭക്ഷണം കഴിച്ചതിനെത്തുടർന്ന് ആ റസ്റ്ററന്റ് ചെയിനിന്റെ ഓഹരികൾ റിക്കാർഡ് ഉയരത്തിലെത്തി. സമീപകാലത്തു മാർവെൽ ടെക്നോളജി എന്ന യുഎസ് കമ്പനിയെ അടുത്ത ട്രില്യൺ (ലക്ഷം കോടി) ഡോളർ കമ്പനി എന്നു വിശേഷിച്ചത് മാർവെൽ ഓഹരിയെ സർവകാല ഉയരത്തിൽ എത്തിച്ചു.
മസ്ക് യാചിച്ചു
എഐ മേഖലയിൽ ഏതു കമ്പനികൾ വളരണം എന്നു തീരുമാനിക്കുന്നതു ജെൻസൻ ഹുവാംഗ് ആണെന്ന നില വന്നിരുന്നു. എൻവിഡിയയുടെ ഗ്രാഫിക് പ്രോസസർ യൂണിറ്റു (ജിപിയു)കൾ കൂടാതെ എഐ വികസനം നടക്കില്ല. ഏതു കമ്പനിക്ക് എത്ര ജിപിയു നൽകണം എന്നു തീരുമാനിക്കുന്നതു ജെൻസൻ. 2024ൽ പാലോ ആൾട്ടോയിൽ ഒരു ഡിന്നറിനിടെ താനും ടെസ്ലയുടെ ഇലോൺ മസ്കും കൂടി തങ്ങൾക്കു ജിപിയുകൾ നൽകാൻ അക്ഷരാർഥത്തിൽ യാചിച്ച കഥ ഓറക്കിൾ കോർപറേഷന്റെ മേധാവി ലാരി എലിസൺ ഈയിടെ വിവരിച്ചിരുന്നു. ലോകത്തിലെ ഏറ്റവും സമ്പന്നരായ രണ്ടു പേരാണ് മസ്കും എലിസണും എന്നോർക്കുക.
ഗൂഗിൾ, ആമസോൺ, മെറ്റ, മൈക്രോസോഫ്റ്റ് തുടങ്ങി എൻവിഡിയയ്ക്കു വെല്ലുവിളി ഉയർത്താവുന്ന കമ്പനികൾക്കു ബദലായി പുതിയ ക്ലൗഡ് കമ്പനികളെയും സ്റ്റാർട്ടപ്പുകളെയും എൻവിഡിയ ഗണ്യമായ പണം നിക്ഷേപിച്ചു വളർത്തി. ഓപ്പൺ എഐ, കോർവീവ്, നെബിയസ്, ലാംബ്ഡ തുടങ്ങി അര ഡസനിലധികം കമ്പനികൾ ഈ നിരയിലുണ്ട്. ഇതു മൂന്നു കാര്യങ്ങൾ ഉറപ്പാക്കി. ഒന്ന്: വമ്പൻ കമ്പനികൾ എൻവിഡിയ ഉത്പന്നങ്ങളുടെ വിലയിടിക്കുന്ന സാഹചര്യം ഒഴിവായി. രണ്ട്: എൻവിഡിയയുടെ പ്രോസസറുകളുടെ ഡിമാൻഡ് നിരന്തരം കൂടി. മൂന്ന്: ആ കമ്പനികളിൽ മുടക്കിയ പണമത്രയും പ്രോസസർ വിലയായി എൻവിഡിയയിൽ തിരിച്ചുവന്നു. എഐ ബിസിനസിന്റെ കേന്ദ്രബാങ്ക് എന്നു പലരും എൻവിഡിയയെ വിശേഷിപ്പിച്ചതു വെറുതെയല്ല.
സർവം ജെൻസൻ
താൻ പടുത്തുയർത്തിയ എൻവിഡിയ എന്ന കമ്പനിയുടെ സർവസ്വവും ജെൻസൻ ആയിരുന്നു. കുറേക്കാലം കഴിയുമ്പോൾ ബിസിനസ് മാനേജ്മെന്റ് പഠന വിഷയമാകും എൻവിഡിയയുടെ വിചിത്ര മാനേജ്മെന്റ്. എങ്ങനെയാകരുത് എന്നതിന്റെ ഉദാഹരണം.
നിർമിതബുദ്ധി (എഐ) ചിപ്പുകളുടെ 90 ശതമാനം കൈയടക്കിയ എൻവിഡിയ അഞ്ചു ട്രില്യൺ (ലക്ഷം കോടി) ഡോളർ വിപണിമൂല്യം നേടുന്ന ആദ്യകമ്പനിയായി. കഴിഞ്ഞ മേയ് 14ന് 5.724 ട്രില്യൺ ഡോളർ വരെ എത്തി ആ മൂല്യം. (ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലെ മുഴുവൻ കമ്പനികളുടെയും കൂടി വിപണിമൂല്യം 5.4 ട്രില്യൺ ഡോളർ മാത്രമേ വരൂ). ഇത്രയും വലിയ കമ്പനിയിൽ സാധാരണ മാനേജ്മെന്റ് തത്വങ്ങൾ പ്രകാരമുള്ള ഒരു ഘടനയും ഇല്ല.
ഡയറക്ടർ ബോർഡ് എന്നതു പ്രസിഡന്റും സിഇഒയുമായ ജെൻസൻ പറയുന്നതു കേൾക്കാൻ മാത്രമുള്ള സ്ഥാപനം. കമ്പനിയുടെ മുതിർന്ന മാനേജർമാർ എല്ലാവരും (60 പേരിൽ കൂടുതൽ) നേരിട്ടു ജെൻസനു റിപ്പോർട്ട് ചെയ്യുന്നു. ദിവസവും ആയിരക്കണക്കിന് ഇമെയിലുകൾ പരിശോധിച്ച് തീരുമാനങ്ങൾ എടുക്കുന്നു. പ്രോജക്റ്റ് മീറ്റിംഗുകൾ നയിക്കുന്നു. രാഷ്ട്രനേതാക്കളുമായും മറ്റു കമ്പനി മേധാവികളുമായും ബന്ധപ്പെടുന്നു. എല്ലാം ജെൻസൻ ഹുവാംഗ് ചെയ്യുന്നു. തികച്ചും ‘ഫ്ലാറ്റ്’ മാനേജ്മെന്റ്.
പിൻഗാമിയോ?
പിൻഗാമിയെ വളർത്താത്തതിനെ ജെൻസൻ ന്യായീകരിച്ചത് ഇങ്ങനെയാണ്: ‘കമ്പനിയിലെ നേതൃനിരയ്ക്ക് നിരന്തരം പുതിയ അറിവും ഉൾക്കാഴ്ചയും അനുഭവവും നൽകി അവരെ പ്രാപ്തരാക്കുന്നു’. ആരെയെങ്കിലും വളർത്തേണ്ടതില്ലെന്നു വ്യംഗ്യം. കമ്പനികളുടെ സ്ഥാപകരായ പല ഉടമകൾക്കുമുള്ള അപായകരമായ ദുശീലം കമ്പനി ലോകത്തിലെ ഏറ്റവും വിലപ്പെട്ടതായി മാറിയിട്ടും അദ്ദേഹം മാറ്റിയില്ല.
ഇപ്പോൾ ജെൻസനു തുടരാൻ പറ്റുമോ എന്ന ചോദ്യം ഉയരുമ്പോൾ ഭാവി എന്ത് എന്ന ചോദ്യം എൻവിഡിയയെ ഭയപ്പെടുത്തുന്നു. ആ ഭയം എഐ മേഖലയെ മൊത്തം ബാധിക്കും. കുറച്ചു വർഷങ്ങളായി എഐ വികസനത്തിന്റെ ഗതിയും ദിശയും വേഗവും നിശ്ചയിച്ചിരുന്നത് എൻവിഡിയയും ജെൻസനുമാണ്. ഇനി ആര് ആ റോൾ വഹിക്കും?

ജെൻസൻ തായ്വാനിൽ ജനിച്ച് അമേരിക്കയിൽ ഉന്നതവിദ്യാഭ്യാസം നടത്തി അമേരിക്കൻ പൗരത്വം നേടിയ എൻജിനിയറാണ്. 63 വയസുള്ള ഹുവാംഗിന്റെ ഭാര്യ ലോറി യൂണിവേഴ്സിറ്റിയിലെ സഹപാഠിയാണ്.
1985ൽ ഇവർ വിവാഹിതരായി. ഓരോ പുത്രിയും പുത്രനും ഉണ്ട്. മക്കളും മരുമകനും എൻവിഡിയയിൽ ഉയർന്ന പദവികളിലാണ്. മകൻ സ്പെൻസർ റോബട്ടിക്സ് വിഭാഗത്തിന്റെ തലപ്പത്താണ്. മകൾ മാഡിസൺ മാർക്കറ്റിംഗ് ചുമതല വഹിക്കുന്നു. മകളുടെ ഭർത്താവ് നികോ കാപ്രെസ് ഗ്ലോബൽ എഐ ഇൻഫ്രാസ്ട്രക്ചർ വൈസ് പ്രസിഡന്റാണ്.

ചൈനക്കാരിയായ ആലിസ് നേരത്തേ സിസിടിവി, ഹുനാൻ ടിവി എന്നിവയിൽ റിപ്പോർട്ടറായി പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് എച്ച്എസ്ബിസി, സിറ്റിക് എന്നീ ബാങ്കുകളുടെ പ്രൈവറ്റ് ബാങ്കിംഗ് വിഭാഗത്തിലും ഷാങ്ഹായ് ലെക്സി ഇൻവെസ്റ്റ്മെന്റ് എന്ന സ്ഥാപനത്തിലും പ്രവർത്തിച്ചു.
ഇതിനിടെ എപ്പോഴോ ചൈനീസ് ചാരപ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന മിനിസ്ട്രി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി (എംഎസ്എസ്)ആലിസിനെ റിക്രൂട്ട് ചെയ്തു എന്നു കരുതപ്പെടുന്നു. അവർക്കു 42 വയസുണ്ട് എന്ന് ഒരു ചൈനീസ് വാർത്താ ഏജൻസി പറയുന്നു.
ഹുവാംഗ് ലെ എന്നും വിളിക്കപ്പെടുന്ന ആലിസ് 2023ൽ സിംഗപ്പുരിലെ 7 റോഡ് ഇന്റർനാഷണൽ എന്ന ടെക് വ്യാപാര കമ്പനിയെ വാങ്ങി അതിന്റെ പേര് മെഗാസ്പീഡ് എന്നു മാറ്റി. ആലിസ് സിഇഒ ആയി.
കമ്പനിയുടെ മുഴുവൻ ഓഹരിയും ബ്രിട്ടീഷ് വിർജിൻ ഐലൻഡ്സിലുള്ള ഹുവാംഗ് ലെ ലിമിറ്റഡ് എന്ന കമ്പനിയിലേക്കു മാറ്റി. മെഗാസ്പീഡ് എൻവിഡിയയുടെ പ്രോസസറുകൾ വാങ്ങി ചൈനയിലും മറ്റ് ഏഷ്യൻ രാജ്യങ്ങളിലും വിറ്റു. ഡാറ്റാ സെന്റർ കമ്പനി എന്ന് അവകാശപ്പെട്ടെങ്കിലും അവർ ഡാറ്റാ സെന്റർ നടത്തിയിട്ടില്ല.
2023 നവംബറിൽ ഹുവാംഗ് കമ്പനിയിൽ നിന്നു രാജിവച്ചു എന്നാണു രേഖകൾ. എങ്കിലും 2025 ഒടുവിലും ആലിസ് മെഗാസ്പീഡ് സിഇഒ ആയാണു പലരോടും ബന്ധപ്പെട്ടിരുന്നത്.
Tags : Artificial Intelligence Trump Alice Huwang Jensen Huang Spy Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash