പ്രതീകാത്മക ചിത്രം - എഐ
ദാരിദ്ര്യവും ദാമ്പത്യതകർച്ചയും കാരണം കടുത്ത വിഷാദരോഗത്തിന് അടിമപ്പെടുകയും ആത്മഹത്യയെക്കുറിച്ചുവരെ ചിന്തിക്കുകയും ചെയ്ത ഒരു കാലമുണ്ടായിരുന്നു ജെ.കെ. റൗളിംഗിന്. എന്നാൽ, തന്റെ മാനസിക തകർച്ചകളെ അക്ഷരങ്ങളിലേക്ക് ആവാഹിച്ചാണ് അവർ ‘ഹാരി പോട്ടർ’ എന്ന അദ്ഭുതലോകം സൃഷ്ടിച്ച് ലോകത്തെ ഏറ്റവും സ്വാധീനമുള്ള എഴുത്തുകാരിയായത്.
ഇത്തരം യഥാർഥ അതിജീവന അനുഭവങ്ങൾ ഒരുപാടു പേരെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചിട്ടുണ്ട്. ലോക മാനസികാരോഗ്യ ഫെഡറേഷന്റെ ഈ വർഷത്തെ പ്രമേയംതന്നെ ‘ജീവിതാനുഭവങ്ങളുടെ ശബ്ദം: യഥാർഥ ശബ്ദങ്ങൾ, യഥാർഥ മാറ്റങ്ങൾ’ എന്നതാണ്. മനുഷ്യർ നേരിടുന്ന യഥാർഥ പ്രയാസങ്ങൾക്ക് കാതോർക്കാനുള്ള ആഹ്വാനമാണിത്.
ഓഫിസിലെ കസേരയിലിരുന്ന് കൈകൾ വിറയ്ക്കുന്നത് മറയ്ക്കാൻ ശ്രമിക്കുന്ന മുപ്പതുകാരൻ, അകാരണമായ ഭയത്താൽ ഉറക്കം നഷ്ടപ്പെടുന്ന വിദ്യാർഥികൾ, വിഷാദത്തിന്റെ കറുത്ത തടവറയിൽ അകപ്പെട്ടുപോകുന്ന വീട്ടമ്മമാർ, ജീവിതത്തിന്റെ വെല്ലുവിളികളെ നേരിടാൻ കഴിയാതെ നിരാശയുടെ പിടിയിൽ കഴിയുന്ന മധ്യവയസ്കർ - ഇത്തരത്തിലുള്ള വേദനയുടെ വ്യത്യസ്ത മുഖങ്ങളാണ് അനുദിനവും നാം കണ്ടുവരുന്നത്.
എന്നാൽ, അവരെയെല്ലാം ഒരുപോലെ അലട്ടുന്നത് ‘എന്തുകൊണ്ട് എനിക്കു മാത്രം ഇങ്ങനെ സംഭവിക്കുന്നു?’ എന്ന ഒറ്റപ്പെടലിന്റെ ചിന്തയാണ്. അതുകൊണ്ടുതന്നെ, മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കൃത്യമായ ബോധവത്കരണം നൽകാനും അതിജീവനത്തിനുള്ള വഴികൾ കാട്ടിക്കൊടുക്കാനും നാം മുന്നോട്ടു വരേണ്ടത് അത്യന്താപേക്ഷിതമാണ്.

ഡിജിറ്റൽ യുഗത്തിലെ കുട്ടിക്കാലവും കൗമാരവും: ഡിജിറ്റൽ ആസക്തി, സോഷ്യൽ മീഡിയയുണ്ടാക്കുന്ന അപകർഷതാബോധം, പഠനസമ്മർദം എന്നിവ കുട്ടികളിൽ ഉത്കണ്ഠയും ഏകാഗ്രതക്കുറവും ഉണ്ടാക്കുന്നു. കുട്ടികളുടെ വിഷമങ്ങളെ നിസാരവത്കരിക്കാതെ സ്നേഹത്തോടെ കേൾക്കാൻ മാതാപിതാക്കൾ തയാറാകണം. മറ്റുള്ളവരുമായി താരതമ്യം ചെയ്യാതിരിക്കുക, സ്ക്രീൻ ഉപയോഗത്തിന് അതിരുകൾ വയ്ക്കുക, വീട്ടിൽ ഭയരഹിത അന്തരീക്ഷമൊരുക്കുക, സർഗാത്മക കാര്യങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നിവയിലൂടെ കുട്ടികളിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാം.
യൗവനവും മധ്യവയസും: തൊഴിൽ സമ്മർദം, സാമ്പത്തിക അനിശ്ചിതത്വം, ദാമ്പത്യ തകർച്ചകൾ എന്നിവയ്ക്കൊപ്പം മക്കളെയും പ്രായമായ മാതാപിതാക്കളെയും ഒരുപോലെ നോക്കേണ്ടിവരുന്ന ഇടനില തലമുറയുടെ വേദനകൾ പലപ്പോഴും ആരും കേൾക്കാറില്ല. ഈ അനുഭവങ്ങൾക്ക് കാതോർക്കുകയാണ് പ്രധാനം. ജോലിയും വ്യക്തിജീവിതവും തമ്മിൽ അതിരുകൾ വയ്ക്കുക, ‘നോ’ പറയാൻ ശീലിക്കുക, യോഗയും ധ്യാനവും ദിനചര്യയാക്കുക, ആവശ്യമെങ്കിൽ കൗൺസിലിംഗ് തേടുക എന്നിവയാണ് പരിഹാരങ്ങൾ. സ്വന്തം പ്രയാസങ്ങൾ തുറന്നുപറയാൻ ഇവർ കാണിക്കുന്ന ധൈര്യമാണ് ഇവരുടെ ജീവിതത്തെ വീണ്ടും ക്രമപ്പെടുത്തുന്നത്.
വാർധക്യവും ഒറ്റപ്പെടലിന്റെ സന്ധ്യകളും: വിരമിക്കൽ, ശാരീരിക ബുദ്ധിമുട്ടുകൾ, ‘ഒഴിഞ്ഞ കൂട് മാനസികാവസ്ഥ’ എന്നിവ മുതിർന്നവരെ ഏകാന്തതയിലേക്ക് തള്ളിവിടുന്നു. ഇവിടെ അവരുടെ അനുഭവങ്ങൾക്ക് മൂല്യം നൽകണം. വായന, തോട്ടപരിപാലനം, കൂട്ടായ്മകൾ എന്നിവയിലൂടെ തലച്ചോറിനെ സജീവമാക്കാൻ അവർ ശ്രദ്ധിക്കണം. അതോടൊപ്പം കുടുംബാംഗങ്ങൾ ദിവസവും ഇവരുമായി സമയം ചെലവഴിക്കുകയും ഇവരുടെ അനുഭവങ്ങൾക്ക് പ്രാധാന്യം നൽകുകയും ചെയ്യുന്നത് ഇവരിൽ ജീവിക്കാനുള്ള ആഗ്രഹം ഇരട്ടിപ്പിക്കും.
തുറന്നുപറച്ചിലുകൾ, കൃത്യമായ ഉറക്കം, വ്യായാമം എന്നിവ സ്വയം ചെയ്യാവുന്ന കാര്യങ്ങളാണ്. പ്രയാസങ്ങൾ രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടാൽ സൈക്കോളജിസ്റ്റിന്റെയോ സൈക്യാട്രിസ്റ്റിന്റെയോ സേവനം തേടണം. തെറാപ്പികളിലൂടെയും മരുന്നുകളിലൂടെയും ഇത് പരിഹരിക്കാം.
65-ാം വയസിൽ കൈയിൽ തുച്ഛമായ പണവും ആത്മഹത്യാ ചിന്തകളുമായി സ്വന്തം ചിക്കൻ പാചകക്കുറിപ്പുമായി നടന്ന്, 1009 തവണ നിരസിക്കപ്പെട്ടിട്ടും പോരാടി ‘കെഎഫ്സി’ കെട്ടിപ്പടുത്ത കേണൽ സാൻഡേഴ്സിന്റെ ജീവിതം ഒരു ഓർമപ്പെടുത്തലാണ് - പ്രായമോ പ്രതിസന്ധികളോ ഒന്നിനും തടസമല്ല. “ഞാൻ ഒറ്റയ്ക്കല്ല” എന്ന വിശ്വാസത്തോടെ മുന്നേറിയാൽ ഏതൊരു ഇരുട്ടിൽനിന്നും തിരികെ വരാൻ നമുക്ക് സാധിക്കും.
കോട്ടയം ജീവ കൗൺസിലിംഗ് സെന്ററിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റാണ് ലേഖിക
Tags : Suicide Survival Poverty Breakdown Marrage Mental health Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Depression