പ്രതീകാത്മക ചിത്രം
ഒരു നാടിന്റെ ഉന്നതവിദ്യാഭ്യാസത്തിന്റെ യഥാർഥ മികവ് അളക്കേണ്ടത് സ്ഥാപനങ്ങളുടെ എണ്ണത്തിലോ പ്രഖ്യാപനങ്ങളുടെ പെരുമയിലോ മാത്രമല്ല; അവിടത്തെ യുവജനങ്ങൾക്ക് സ്വന്തം ഭാവി രൂപപ്പെടുത്താൻ ലഭിക്കുന്ന അവസരങ്ങളിലാണ്. ഇഷ്ടപ്പെട്ട വിഷയത്തിൽ പഠിക്കാനും കഴിവുകൾ വികസിപ്പിക്കാനും മാന്യമായ തൊഴിൽ നേടാനും നമ്മുടെ വിദ്യാഭ്യാസ സംവിധാനം എത്രത്തോളം സഹായിക്കുന്നു എന്നതാണ് അടിസ്ഥാനചോദ്യം. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ പരിഷ്കാരങ്ങളെക്കുറിച്ചുള്ള ചർച്ചകളും ഈ ചോദ്യത്തിൽനിന്നുതന്നെ ആരംഭിക്കണം.സ്വയംഭരണ കോളജുകളിൽ പുതിയ സ്വാശ്രയ കോഴ്സുകൾ ആരംഭിക്കുന്നതിനുള്ള അനുമതി വ്യവസ്ഥകൾ ലഘൂകരിക്കുന്നതിനെ വിദ്യാഭ്യാസക്കച്ചവടത്തിനുള്ള വഴിയൊരുക്കലായി മാത്രം ചിത്രീകരിക്കുന്നത് ഏകപക്ഷീയവാദമാണ്. വിദ്യാർഥികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതോടൊപ്പം, കാലത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് വളരാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവസരമൊരുക്കുന്നതും സർക്കാരിന്റെ ഉത്തരവാദിത്വമാണ്. നിയന്ത്രണവും പ്രോത്സാഹനവും വിവേകപൂർവം സമന്വയിക്കുമ്പോഴാണ് വിദ്യാഭ്യാസനയം ഫലപ്രദമാകുന്നത്.
വിദ്യാഭ്യാസനേട്ടവും മുന്നേറ്റവും
കേരളത്തിന്റെ വിദ്യാഭ്യാസനേട്ടങ്ങൾ ഏതെങ്കിലും ഒരു സർക്കാരിന്റെറെ മാത്രം സംഭാവനയല്ല. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കൊപ്പം സാമൂഹികപ്രസ്ഥാനങ്ങളും മതസമൂഹങ്ങളും എയ്ഡഡ് സ്ഥാപനങ്ങളും സ്വകാര്യ വിദ്യാഭ്യാസ സംരംഭങ്ങളും ഈ മുന്നേറ്റത്തിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. അനേകം തലമുറകളുടെ അധ്വാനവും സമർപ്പണവും ചേർന്നുണ്ടാക്കിയ പൈതൃകമാണത്. ഈ സംഭാവനകളെ അംഗീകരിക്കാതെ സ്വകാര്യ പങ്കാളിത്തത്തെ ഒന്നടങ്കം സംശയത്തോടെ സമീപിക്കുന്നത് കേരളത്തിന്റെ വിദ്യാഭ്യാസഭാവിയെ ശക്തിപ്പെടുത്തുകയില്ല.
പുതിയ പരിഷ്കാരങ്ങളെ വിമർശിക്കുന്നവർ, കഴിഞ്ഞ പത്തുവർഷത്തെ ഭരണകാലത്തെയും തുറന്ന വിലയിരുത്തലിന് വിധേയമാക്കണം. വിദ്യാർഥികൾ സ്വമേധയാ തെരഞ്ഞെടുക്കുന്ന ഉന്നതവിദ്യാഭ്യാസകേന്ദ്രമായി കേരളത്തെ വളർത്താൻ എന്തൊക്കെ ചെയ്തു? പുതിയ തലമുറ ആഗ്രഹിക്കുന്ന കോഴ്സുകൾ ആരംഭിക്കാൻ സ്ഥാപനങ്ങൾക്ക് എത്രത്തോളം അവസരം നൽകി? അനുമതികളിലെ കാലതാമസം കുറയ്ക്കാനും പഠനത്തെ ഗവേഷണം, നൈപുണ്യവികസനം, തൊഴിൽസാധ്യത എന്നിവയുമായി ബന്ധിപ്പിക്കാനും സ്വീകരിച്ച നടപടികൾ എന്തെല്ലാമായിരുന്നു? അവയുടെ ഫലം വിദ്യാർഥികളുടെ ജീവിതത്തിൽ എത്രത്തോളം പ്രതിഫലിച്ചു?
ഇവ രാഷ്ട്രീയ എതിരാളികളെ പ്രതിരോധത്തിലാക്കാനുള്ള ചോദ്യങ്ങളല്ല. കേരളത്തിലെ യുവജനങ്ങളുടെ ഭാവിയെ മുൻനിർത്തി പൊതുസമൂഹം ഉയർത്തേണ്ട ചോദ്യങ്ങളാണ്. ഇവയ്ക്ക് വ്യക്തമായ മറുപടി നൽകാതെ പരിഷ്കാരങ്ങളെ മാനേജ്മെന്റുകൾക്കുള്ള കീഴടങ്ങലായി വിശേഷിപ്പിക്കുന്നത് ഗൗരവമുള്ള വിദ്യാഭ്യാസനയ വിമർശനമാകില്ല.
കോളജുകളിൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യം ചർച്ചയാകുമ്പോൾ, അതിനുള്ള മറുപടി പുതിയ കോഴ്സുകൾക്കുള്ള വാതിലുകൾ അടയ്ക്കലാകരുത്.
സ്ഥാപനങ്ങളുടെ നിലനിൽപ്
വിദ്യാർഥികളുടെ താത്പര്യം കുറഞ്ഞ കോഴ്സുകൾ മാറ്റമില്ലാതെ തുടരുകയും അവർ പഠിക്കാൻ ആഗ്രഹിക്കുന്ന മേഖലകളിൽ പുതിയ അവസരങ്ങൾ അനുവദിക്കാതിരിക്കുകയും ചെയ്താൽ സ്ഥാപനങ്ങൾ എങ്ങനെ നിലനിൽക്കും? മാറുന്ന ലോകത്തിനൊപ്പം മുന്നേറാനുള്ള സ്വാതന്ത്ര്യം നൽകാതെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽനിന്ന് മികവ് പ്രതീക്ഷിക്കാനാവില്ല. ഒഴിഞ്ഞ ക്ലാസ്മുറികൾ ഒരു സ്ഥാപനത്തിന്റെ മാത്രം പ്രശ്നമായി കാണാതെ, വിദ്യാഭ്യാസത്തിന്റെ ദിശയെക്കുറിച്ചുള്ള പുനർവിചിന്തനത്തിനുള്ള സൂചനയായിക്കൂടി കാണണം.
ഉന്നതവിദ്യാഭ്യാസത്തിലെ എല്ലാ പ്രശ്നങ്ങൾക്കും ഏതെങ്കിലുമൊരു സർക്കാരിനെ മാത്രം ഉത്തരവാദിയാക്കുന്നതു നീതിയല്ല. എന്നാൽ, ദീർഘകാലം അധികാരത്തിലിരുന്ന നേതൃത്വത്തിന് നയപരമായ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാനും കഴിയില്ല. നേട്ടങ്ങളുടെ അവകാശവാദത്തോടൊപ്പം പോരായ്മകൾ അംഗീകരിക്കാനുള്ള സന്നദ്ധതയും ജനാധിപത്യ നേതൃത്വത്തിന് ഉണ്ടായിരിക്കണം.
വിദ്യാഭ്യാസരംഗത്തെ ചൂഷണം തടയണമെന്നതിൽ തർക്കമില്ല. അമിതഫീസ്, പ്രവേശനത്തിലെ ക്രമക്കേടുകൾ, അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം, അധ്യാപകരോടുള്ള അനീതി എന്നിവയ്ക്കെതിരേ കർശന നടപടി വേണം. എന്നാൽ ഓരോ പുതിയ കോഴ്സിനെയും സംശയത്തോടെ കാണുന്നതും അനാവശ്യ നടപടിക്രമങ്ങളിലൂടെ സ്ഥാപനങ്ങളുടെ മുന്നേറ്റം തടയുന്നതും ഗുണനിലവാരനിയന്ത്രണമായി അവതരിപ്പിക്കരുത്.
സുതാര്യമായ പ്രവേശനം, ന്യായമായ ഫീസ്, യോഗ്യതയുള്ള അധ്യാപകർ, നിലവാരമുള്ള പഠനസൗകര്യങ്ങൾ, ഫലപ്രദമായ പരാതിപരിഹാരം എന്നിവ ഉറപ്പാക്കുന്ന സംവിധാനമാണ് നമുക്കു വേണ്ടത്. അക്കാദമിക സ്വാതന്ത്ര്യവും പൊതുസമൂഹത്തോടുള്ള ഉത്തരവാദിത്വവും ഒരുമിച്ചു പോകണം.
ഈ പശ്ചാത്തലത്തിൽ, സ്വയംഭരണ സ്ഥാപനങ്ങൾക്ക് പ്രസക്തമായ കോഴ്സുകൾ ആരംഭിക്കുന്നതിനുള്ള അനാവശ്യ തടസങ്ങൾ കുറയ്ക്കുന്ന ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ സമീപനത്തെ സ്വാഗതം ചെയ്യുന്നു. മന്ത്രി റോജി എം. ജോണിന്റെ നേതൃത്വത്തിലുള്ള ഈ നടപടിയുടെ ഉദ്ദേശ്യത്തിന് പിന്തുണ അറിയിക്കുന്നു. അതിന്റെ നടപ്പാക്കൽ വിദ്യാർഥികളുടെ അവകാശങ്ങളും സാമൂഹികനീതിയും ബാധകമായ നിയമവ്യവസ്ഥകളും ഉറപ്പാക്കുന്നതായിരിക്കണം.
വിദ്യാഭ്യാസം വിദ്യാർഥികളുടെ നന്മയ്ക്ക്
കേരളത്തിന് ശക്തമായ പൊതുവിദ്യാഭ്യാസവും ഉത്തരവാദിത്വമുള്ള സ്വകാര്യ പങ്കാളിത്തവും ഒരുപോലെ ആവശ്യമാണ്. ഇവയെ പരസ്പരം എതിർചേരികളിൽ നിർത്തുന്നതിനുപകരം, വിദ്യാർഥികളുടെ നന്മയ്ക്കായി അവയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തണം. സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ട സാഹചര്യം ഒഴിവാക്കാനും കേരളത്തിൽതന്നെ മികച്ച പഠനാവസരങ്ങൾ സൃഷ്ടിക്കാനും സർക്കാരിന്റെ ക്രിയാത്മകമായ സഹകരണം അനിവാര്യമാണ്.
പരിഷ്കാരങ്ങളെ വിമർശിക്കാം; ആ വിമർശനം ജനാധിപത്യചർച്ചയുടെ ഭാഗവുമാണ്. എന്നാൽ അതിനൊപ്പം കഴിഞ്ഞ കാലത്തിന്റെ തീരുമാനങ്ങളുടെയും അവയുടെ ഫലങ്ങളുടെയും ആത്മപരിശോധനയും വേണം. പുതിയ നടപടികളെ രാഷ്ട്രീയ ആരോപണങ്ങളിലൂടെ തള്ളിക്കളയുമ്പോൾ, കൂടുതൽ വിദ്യാർഥികൾക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കാനുള്ള വ്യക്തമായ ബദൽകൂടി അവതരിപ്പിക്കാൻ കഴിയണം.
കേരളത്തിന്റെ യുവതലമുറയ്ക്കു വേണ്ടത് അവരുടെ സ്വപ്നങ്ങൾക്ക് ഇടമുള്ള വിദ്യാഭ്യാസസംവിധാനമാണ്-ഇഷ്ടപ്പെട്ട വിഷയങ്ങൾ പഠിക്കാനും കഴിവുകൾ വളർത്താനും ആത്മവിശ്വാസത്തോടെ തൊഴിൽലോകത്തേക്ക് കടക്കാനും കഴിയുന്ന സംവിധാനം. കഴിഞ്ഞ പത്തുവർഷം അവർക്കായി എന്തു ചെയ്തു എന്ന ചോദ്യത്തിനും, ഇനി എന്തു ചെയ്യാനാണ് ഉദ്ദേശിക്കുന്നത് എന്ന ചോദ്യത്തിനും വ്യക്തമായ മറുപടി നൽകാനുള്ള ഉത്തരവാദിത്വം രാഷ്ട്രീയ നേതൃത്വത്തിനുണ്ട്.
Tags : younger generation Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash