പ്രതീകാത്മക ചിത്രം
ഒരു ഉത്പന്നത്തിന് വലിയ വിലക്കുറവ് ലഭിക്കുമ്പോൾ നാം അത് വാങ്ങാൻ തിടുക്കം കാണിക്കുന്നത് എന്തുകൊണ്ടാണ്? മറ്റുള്ളവർ ഒരു കാര്യം തെരഞ്ഞെടുക്കുമ്പോൾ അതുതന്നെ തെരഞ്ഞെടുക്കാൻ നമുക്കും തോന്നുന്നത് എന്തുകൊണ്ടാണ്? നമ്മുടെ സാമ്പത്തിക തീരുമാനങ്ങളെ നയിക്കുന്നത് യുക്തിയും കൃത്യമായ കണക്കുകൂട്ടലുകളും മാത്രമാണോ, അതോ അതിനപ്പുറം ചില മാനസിക ഘടകങ്ങൾ കൂടി പ്രവർത്തിക്കുന്നുണ്ടോ? പെരുമാറ്റ സാമ്പത്തികശാസ്ത്രം (Behavioural Economics) എന്ന കൗതുകകരമായ പഠനമേഖലയിലേക്കുള്ള ഒരു യാത്രയാണ് ഈ ലേഖനം.
വിസ്മയിപ്പിക്കുന്ന ഓഫറുകൾ
രാത്രിയിൽ മൊബൈൽ ഫോണിൽ ഒരു ഷോപ്പിംഗ് ആപ്പ് തുറക്കുന്നു. ഒരു ഹെഡ്ഫോണിന്റെ പഴയ വില ₹3,999. ഇപ്പോൾ "70% OFF'- വെറും ₹1,199. "ഇത്രയും വിലക്കുറവുണ്ടെങ്കിൽ വാങ്ങാതിരിക്കാൻ എന്താണ് കാരണം?' എന്ന് മനസ് പറയുന്നു. പക്ഷേ ഒരു നിമിഷം ചിന്തിച്ചുനോക്കൂ. നമുക്ക് യഥാർഥത്തിൽ ആ ഹെഡ്ഫോൺ ആവശ്യമുണ്ടായിരുന്നോ? ഇവിടെയാണ് ഒരു രസകരമായ ചോദ്യം ഉയരുന്നത്. നമ്മൾ എടുക്കുന്ന സാമ്പത്തിക തീരുമാനങ്ങൾ ശരിക്കും യുക്തിപരമാണോ?
സാമ്പത്തിക ശാസ്ത്രത്തിലെ പരമ്പരാഗത കാഴ്ചപ്പാടിൽ മനുഷ്യർ, ലഭ്യമായ വിവരങ്ങൾ പരിശോധിക്കുകയും ചെലവും നേട്ടവും താരതമ്യം ചെയ്യുകയും ഏറ്റവും മികച്ച തീരുമാനത്തിലെത്തുകയും ചെയ്യുന്ന വ്യക്തികളാണ്. എന്നാൽ യഥാർഥ ജീവിതത്തിലെ മനുഷ്യർ അങ്ങനെയല്ല. വികാരങ്ങൾ, സമയക്കുറവ്, പരിമിതമായ വിവരങ്ങൾ, സാമൂഹിക സ്വാധീനം, മുൻ അനുഭവങ്ങൾ, പരസ്യങ്ങൾ, ഭയം, പ്രതീക്ഷ എല്ലാം നമ്മുടെ തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്നു. ഈ യഥാർഥ മനുഷ്യനെ സാമ്പത്തികശാസ്ത്രത്തിന്റെ കേന്ദ്രത്തിലേക്ക് കൊണ്ടുവരുന്ന ശാഖയാണ് പെരുമാറ്റ സാമ്പത്തികശാസ്ത്രം.
യുക്തിക്ക് ചില പരിധികളുണ്ട്
1978ൽ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം നേടിയ ഹെർബർട്ട് എ. സൈമൺ തന്റെ ‘പരിമിത യുക്തിബോധം’ (Bounded Rationality) എന്ന സിദ്ധാന്തത്തിലൂടെ മനുഷ്യൻ എപ്പോഴും പൂർണമായ വിവരങ്ങളുടെ അടിസ്ഥാനത്തിലല്ല തീരുമാനങ്ങളെടുക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിവരങ്ങൾ പരിമിതമാണ്; സമയം പരിമിതമാണ്; നമ്മുടെ ചിന്താശേഷിക്കും പരിധികളുണ്ട്. അതുകൊണ്ട് ഓരോ കാര്യത്തിലും എല്ലാ സാധ്യതകളും കണക്കുകൂട്ടി "ഏറ്റവും മികച്ചത്' തെരഞ്ഞെടുക്കുക പ്രായോഗികമല്ല. പകരം, പലപ്പോഴും നമുക്ക് തൃപ്തികരമെന്ന് തോന്നുന്ന ഒരു തെരഞ്ഞെടുപ്പിൽ ഒതുങ്ങേണ്ടിവരുന്നു.
ഒരു റസ്റ്ററന്റിൽ മെനു നോക്കുമ്പോൾ ഓരോ വിഭവത്തിന്റെയും വില, അളവ്, പോഷകമൂല്യം, മറ്റ് റസ്റ്ററന്റുകളിലെ വില എന്നിവ താരതമ്യം ചെയ്ത ശേഷമാണോ നമ്മൾ ഭക്ഷണം തെരഞ്ഞെടുക്കുന്നത്?
അല്ല. “ഇത് നല്ലതായിരിക്കും”, “ഇത് എല്ലാവരും ഓർഡർ ചെയ്യുന്നുണ്ട്”, “കഴിഞ്ഞ തവണ ഇത് കഴിച്ചത് നന്നായിരുന്നു” എന്നിങ്ങനെയുള്ള ചെറിയ സൂചനകളാണ് പലപ്പോഴും തീരുമാനത്തെ സ്വാധീനിക്കുന്നത്.
കാനെമാനും ട്വേഴ്സ്കിയും: പെരുമാറ്റ സാമ്പത്തികശാസ്ത്രത്തിലെ വഴിത്തിരിവ്
മനുഷ്യന്റെ തീരുമാനങ്ങൾ എങ്ങനെയാണ് രൂപപ്പെടുന്നത് എന്നതിനെക്കുറിച്ചുള്ള പഠനങ്ങളിൽ നിർണായക സംഭാവന നൽകിയവരാണ് 2002ൽ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം നേടിയ ഇസ്രേലി-അമേരിക്കൻ മനഃശാസ്ത്രജ്ഞനായ ഡാനിയൽ കാനെമാനും ഇസ്രേലി മനഃശാസ്ത്രജ്ഞനും ഗവേഷകനുമായ എമൊസ് ട്വേഴ്സ്കിയും.
1970കളിൽ ആരംഭിച്ച അവരുടെ ഗവേഷണങ്ങൾ മനുഷ്യർ തീരുമാനങ്ങളെടുക്കുമ്പോൾ യുക്തിക്കൊപ്പം മാനസിക പക്ഷപാതങ്ങളും മുൻകാല അനുഭവങ്ങളും ചിന്തയിലെ ലളിതവഴികളും സ്വാധീനം ചെലുത്തുന്നുവെന്ന് വ്യക്തമാക്കി. 1974ൽ പ്രസിദ്ധീകരിച്ച "Judgment under Uncertainty: Heuristics and Biases' എന്ന വിഖ്യാത പഠനത്തിലൂടെ അനിശ്ചിത സാഹചര്യങ്ങളിൽ മനുഷ്യർ എങ്ങനെയാണ് വിധിനിർണയം നടത്തുന്നതെന്ന് അവർ വിശദീകരിച്ചു. 1979ൽ അവതരിപ്പിച്ച പ്രോസ്പെക്ട് സിദ്ധാന്തം (Prospect Theory) സാമ്പത്തിക തീരുമാനങ്ങളെക്കുറിച്ചുള്ള പരമ്പരാഗത കാഴ്ചപ്പാടുകളെ മാറ്റിമറിക്കുകയും പെരുമാറ്റ സാമ്പത്തികശാസ്ത്രത്തിന്റെ വളർച്ചയ്ക്ക് വഴിയൊരുക്കുകയും ചെയ്തു.
കാനെമാന്റെ അഭിപ്രായത്തിൽ, മനുഷ്യന്റെ ചിന്താപ്രക്രിയയെ രണ്ട് രീതികളിലൂടെ മനസിലാക്കാം.ഒന്നാമത്തേത്, വേഗത്തിലുള്ള ചിന്ത (System1). അധികം ആലോചിക്കാതെ, സ്വാഭാവികമായും യാന്ത്രികമായും തീരുമാനങ്ങളിലെത്തുന്ന രീതി. രണ്ടാമത്തേത്, മന്ദഗതിയിലുള്ള ചിന്ത (System 2). കൂടുതൽ ശ്രദ്ധയും ഏകാഗ്രതയും യുക്തിപരമായ വിശകലനവും ആവശ്യമായ ചിന്താരീതി.
മനസിന്റെ ചെറിയ കുറുക്കുവഴികൾ
വളരെക്കുറച്ച് വിവരം മാത്രം കൈയിലുള്ളപ്പോൾ, കൂടുതൽ ആലോചനയില്ലാതെ വേഗത്തിൽ തീരുമാനങ്ങളിലെത്താൻ മനുഷ്യർ ആശ്രയിക്കുന്ന മാനസിക രീതികളാണ് ഹ്യൂറിസ്റ്റിക്സ് (Heuristics) അഥവാ മാനസിക കുറുക്കുവഴികൾ. ഉദാഹരണത്തിന്, ഒരു പ്രശസ്ത വ്യക്തി ഒരു ഉത്പന്നത്തെക്കുറിച്ച് നല്ല അഭിപ്രായം പറയുമ്പോൾ, അതിന്റെ ഗുണനിലവാരം സ്വയം പരിശോധിക്കാതെതന്നെ നാം അത് വാങ്ങാൻ തീരുമാനിച്ചേക്കാം.
ഇത്തരം മാനസിക കുറുക്കുവഴികൾ തീരുമാനമെടുക്കുന്ന പ്രക്രിയ എളുപ്പമാക്കുകയും സമയവും മാനസികശ്രമവും ലാഭിക്കുകയും ചെയ്യുന്നു. എന്നാൽ ലഭ്യമായ വിവരങ്ങൾ അപൂർണമാകുമ്പോഴോ വ്യക്തിപരമായ വിശ്വാസങ്ങൾ യാഥാർഥ്യത്തെ മറികടക്കുമ്പോഴോ, ഈ കുറുക്കുവഴികൾ തെറ്റായ വിലയിരുത്തലുകളിലേക്കും നമ്മെ നയിച്ചേക്കാം.
ഒരു ഉത്പന്നത്തിന്റെ വില എത്രത്തോളം ആകർഷകമാണെന്ന് നാം തീരുമാനിക്കുന്നത് പലപ്പോഴും അതിന്റെ യഥാർഥ മൂല്യത്തെ അടിസ്ഥാനമാക്കിയല്ല, മറിച്ച് ആദ്യം കണ്ട വിലയുമായുള്ള താരതമ്യത്തിലൂടെയാണ്. ഉദാഹരണത്തിന്, ₹3,999 എന്ന് രേഖപ്പെടുത്തിയ ഒരു ഉത്പന്നം ₹1,199ന് ലഭിക്കുമ്പോൾ, വലിയൊരു ലാഭം നേടുന്നതായി നമുക്ക് തോന്നാം.
വിലയും ആദ്യത്തെ വിവരങ്ങളും നമ്മുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്നതുപോലെ, മറ്റുള്ളവരുടെ തെരഞ്ഞെടുപ്പുകളും, അവസരം നഷ്ടപ്പെടുമെന്ന ഭയവും നമ്മുടെ തീരുമാനങ്ങളെ മാറ്റിമറിച്ചേക്കാം. ഓൺലൈൻ ഷോപ്പിംഗിൽ “സ്റ്റോക്കിൽ ഇനി ഒരു എണ്ണം മാത്രം”, “Sale ends in 12 minutes” തുടങ്ങിയ സന്ദേശങ്ങൾ നമ്മെ വേഗത്തിൽ വാങ്ങാൻ പ്രേരിപ്പിക്കുന്നു.
മറ്റുള്ളവർ വാങ്ങുന്നു എന്ന തോന്നലും അവസരം നഷ്ടപ്പെടുമെന്ന ഭയവും ചേർന്നുണ്ടാകുന്ന ഈ പ്രവണതയാണ് FOMO (Fear of Missing Out). ഇവിടെ നാം ചിന്തിക്കേണ്ടത് “എനിക്ക് ഇത് ആവശ്യമാണോ, അതോ നഷ്ടപ്പെടുമെന്ന ഭയം കൊണ്ടാണോ ഞാൻ വാങ്ങുന്നത്?”എന്നാണ്.
വിവരങ്ങൾ അവതരിപ്പിക്കുന്ന രീതി
ഒരു ചികിത്സയ്ക്ക് 90 ശതമാനം വിജയസാധ്യതയുണ്ടെന്ന് പറയുമ്പോൾ നമുക്ക് ആത്മവിശ്വാസം തോന്നാം. എന്നാൽ അതേ ചികിത്സയ്ക്ക് 10 ശതമാനം പരാജയസാധ്യതയുണ്ടെന്ന് പറയുമ്പോൾ ആശങ്ക തോന്നിയേക്കാം. വിവരത്തിന്റെ അർഥം ഒന്നുതന്നെയാണെങ്കിലും, അത് അവതരിപ്പിക്കുന്ന രീതി നമ്മുടെ ചിന്തയെയും തെരഞ്ഞെടുപ്പിനെയും സ്വാധീനിക്കുന്നു. ഈ പ്രതിഭാസത്തെയാണ് ഫ്രെയ്മിംഗ് ഇഫക്റ്റ് (Framing Effect) എന്നു വിളിക്കുന്നത്. സാമ്പത്തിക തീരുമാനങ്ങളിൽ മാത്രമല്ല, ആരോഗ്യരംഗത്തും രാഷ്ട്രീയ ആശയവിനിമയത്തിലും പരസ്യങ്ങളിലും പൊതുനയങ്ങളിലും വരെ framing വലിയ സ്വാധീനം ചെലുത്തുന്നു.
യുക്തിയുടെ പരിമിതികൾ
നമ്മൾ ഓരോ ദിവസവും എടുക്കുന്ന തീരുമാനങ്ങളിൽ സാമ്പത്തികശാസ്ത്രം വലിയ പങ്കുവഹിക്കുന്നു. എന്ത് ഭക്ഷണം കഴിക്കണം, ഏത് ഫോൺ വാങ്ങണം, വരുമാനത്തിൽ എത്രമാത്രം സമ്പാദിക്കണം, ഇൻഷ്വറൻസിലും ഓഹരികളിലും നിക്ഷേപിക്കണോ, വിലക്കുറവു കാണുമ്പോൾ സാധനങ്ങൾ വാങ്ങണോ, ആരോഗ്യത്തിനായി വ്യായാമം ചെയ്യണോ - ഇങ്ങനെ നിരവധി തീരുമാനങ്ങൾ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. എന്നാൽ ഈ തീരുമാനങ്ങളെല്ലാം യുക്തിപൂർവമായ ചിന്തയുടെയും കൃത്യമായ കണക്കുകൂട്ടലുകളുടെയും മാത്രം ഫലമല്ല.
നമ്മുടെ ചിന്തകളും വികാരങ്ങളും ശീലങ്ങളും സാഹചര്യങ്ങളും ഇവയെ സ്വാധീനിക്കുന്നു. ഇക്കാര്യങ്ങളാണ് പെരുമാറ്റ സാമ്പത്തികശാസ്ത്രം പരിശോധിക്കുന്നത്. അങ്ങനെ, സാമ്പത്തികശാസ്ത്രത്തെ ക്ലാസ് മുറികളിലെ സിദ്ധാന്തങ്ങളിൽ ഒതുക്കിനിർത്താതെ നമ്മുടെ അടുക്കളയിലേക്കും ഷോപ്പിംഗ് കാർട്ടിലേക്കും മൊബൈൽ സ്ക്രീനിലേക്കും ബാങ്ക് അക്കൗണ്ടിലേക്കും കൊണ്ടുവരുന്ന ശാഖയായി പെരുമാറ്റ സാമ്പത്തികശാസ്ത്രം മാറുന്നു.
അപ്പോൾ നമ്മൾ യുക്തിരഹിതരാണോ? അല്ല. മനുഷ്യന്റെ യുക്തിക്ക് ചില പരിമിതികളുണ്ടെന്ന യാഥാർഥ്യമാണ് പെരുമാറ്റ സാമ്പത്തികശാസ്ത്രം നമ്മെ ഓർമിപ്പിക്കുന്നത്. അതിനാൽ, അടുത്ത തവണ ഒരു വലിയ ഓഫർ കാണുമ്പോഴോ, “Limited Stock” എന്ന സന്ദേശം ശ്രദ്ധയിൽപ്പെടുമ്പോഴോ, മറ്റുള്ളവരെല്ലാം എന്തോ വാങ്ങുന്നതായി കാണുമ്പോഴോ, ഒരു നിമിഷം നമുക്ക് സ്വയം ചോദിക്കാം, “ഞാൻ ഇത് തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ടാണ്?” ഈ ഒരു ചോദ്യം ചിലപ്പോൾ നമ്മുടെ തീരുമാനങ്ങളെക്കുറിച്ച് വീണ്ടും ചിന്തിക്കാനും കൂടുതൽ ബോധപൂർവമായ തെരഞ്ഞെടുപ്പുകൾ നടത്താനും നമ്മെ സഹായിച്ചേക്കാം.
നമ്മൾ എടുക്കുന്ന ഓരോ സാമ്പത്തിക തീരുമാനത്തിനും പിന്നിൽ ഒരു കണക്കുണ്ടാകണമെന്നില്ല, പക്ഷേ, അതിനു പിന്നിൽ ഒരു ചിന്തയോ വികാരമോ അനുഭവമോ തീർച്ചയായും ഉണ്ടായിരിക്കും. ആ മനസിനെ മനസിലാക്കാനുള്ള ശ്രമമാണ് പെരുമാറ്റ സാമ്പത്തികശാസ്ത്രം. മനുഷ്യർ എന്തുകൊണ്ട് ഒരു പ്രത്യേക രീതിയിൽ ചിന്തിക്കുന്നു, എന്തുകൊണ്ട് ചില സാഹചര്യങ്ങളിൽ യുക്തിക്ക് വിരുദ്ധമായി പെരുമാറുന്നു എന്നതിനെക്കുറിച്ച് പെരുമാറ്റ സാമ്പത്തികശാസ്ത്രം പുതിയ ഉൾക്കാഴ്ചകൾ നൽകുന്നു.
(കോഴഞ്ചേരി സെന്റ് തോമസ് കോളജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവിയാണ് ലേഖിക)
Tags : 'Offers Deepika DeepikaNewspaper BreakingNews Behind Falling for Offers