ഡോണൾഡ് ട്രംപ്
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നാലു വർഷത്തെ ഭരണത്തിന്റെ പകുതിയെത്തിയപ്പോൾ ജനപ്രതിനിധി സഭയിലേക്കും സെനറ്റിലേക്കും നടന്ന തെരഞ്ഞെടുപ്പിൽ ട്രംപിന്റെ പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടിയുണ്ടായിരിക്കുകയാണ്. എതിർ കക്ഷിയായ ഡെമോക്രാറ്റിക് പാർട്ടിക്ക് രണ്ടു സഭകളിലും വ്യക്തമായ മുൻതൂക്കം കിട്ടിയിരിക്കുന്നു.
ആർട്ടിക്കിൾ 1 സെക്ഷൻ 7 അനുസരിച്ച് രണ്ടു സഭകളും പാസാക്കിയ ഒരു ബില്ല് പ്രസിഡന്റിന് അംഗീകരിക്കുകയോ തന്റെ എതിർപ്പ് രേഖപ്പെടുത്തി തിരിച്ചയയ്ക്കുകയോ ചെയ്യാം. തിരിച്ചയയ്ക്കുന്ന അവസരങ്ങളിൽ ആ എതിർപ്പ് ഉൾപ്പടെ രണ്ടു സഭകളിലും വീണ്ടും ചർച്ച ചെയ്യുകയും മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ പാസാക്കുകയും ചെയ്താൽ മാത്രമേ നിയമമാകൂ. ഇപ്രകാരം മൂന്നിൽ രണ്ടു ഭൂരിപക്ഷം, രണ്ടു സഭയിലും ഡെമോക്രാറ്റിക് പാർട്ടിക്ക് ഇപ്പോഴും കിട്ടാത്തതുകൊണ്ടായിരിക്കാം, പ്രസിഡന്റ് ട്രംപ് തന്റെ വീറ്റോ അധികാരം സൂചിപ്പിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടത്.
യുദ്ധാധികാരവും കോൺഗ്രസും
ആർട്ടിക്കിൾ 2, സെക്ഷൻ 2 അനുസരിച്ച്, യുഎസ് പ്രസിഡന്റ് കമാൻഡർ-ഇൻ-ചീഫ് ആണ്. സെനറ്റിന്റെ അംഗീകാരത്തോടെ വിവിധ പ്രധാന സ്ഥാനങ്ങളിലേക്ക് നിയമനം നടത്തുന്നതും പ്രസിഡന്റാണ്. ആർട്ടിക്കിൾ 1, സെക്ഷൻ 8 അനുസരിച്ച് യുദ്ധം പ്രഖ്യാപിക്കാനുള്ള അധികാരം സുവ്യക്തമായി യുഎസ് കോൺഗ്രസിൽ നിക്ഷിപ്തമാണ്. എന്നിട്ടും, ട്രംപ് ഇറാൻ യുദ്ധത്തിൽ ഇതുവരെ ഒരിക്കൽപോലും, കോൺഗ്രസിന്റെ അംഗീകാരം തേടിയിട്ടില്ല. അതെങ്ങനെ സംഭവിച്ചു? 1973ലെ വാർ പവർ റസലൂഷൻ ആണ് ട്രംപ് ഉപയോഗിച്ചത്.
വാർ പവർ റസലൂഷൻ 1973ലെ സെക്ഷൻ 3 അനുസരിച്ച്, യുഎസ് സൈന്യത്തെ ശത്രുതയുള്ള സാഹചര്യത്തിലേക്ക് , അമേരിക്കൻ പ്രസിഡന്റ് അയയ്ക്കുമ്പോൾ, അതു തീരുന്നതുവരെ കോൺഗ്രസിനെ, സാഹചര്യം അറിയിച്ചുകൊണ്ടിരിക്കാൻ പ്രസിഡന്റിന് ബാധ്യതയുണ്ട്. യുദ്ധപ്രഖ്യാപനമില്ലാതെ സൈന്യത്തെ ശത്രുതയുണ്ടാവാനിടയുള്ള സാഹചര്യത്തിലേക്ക് വിടുമ്പോൾ 48 മണിക്കൂറിനുള്ളിൽ ഇരുസഭകളെയും അറിയിക്കാനും സെക്ഷൻ 4 അനുസരിച്ച് പ്രസിഡന്റിന് ബാധ്യതയുണ്ട്. ഇപ്രകാരം റിപ്പോർട്ട് കൊടുത്തതിനു ശേഷം, 60 ദിവസത്തിനകം, കോൺഗ്രസ് യുദ്ധപ്രഖ്യാപനം നടത്തുന്നില്ലെങ്കിൽ, അല്ലെങ്കിൽ പ്രസിഡന്റിനെ ഏതെങ്കിലും പ്രത്യേകമായി അധികാരപ്പെടുത്തിയില്ലെങ്കിൽ, സെക്ഷൻ 5 അനുസരിച്ച് സൈന്യത്തെ പിൻവലിക്കാൻ പ്രസിഡന്റിന് ബാധ്യതയുണ്ട്.
ട്രംപ്, 2025 ജൂണിൽ ഇറാന്റെ ആണവകേന്ദ്രം ആക്രമിച്ചപ്പോഴും, 2026 ഫെബ്രുവരി-മാർച്ചിൽ ഇസ്രയേലിനോടൊപ്പം ചേർന്ന് ഇറാനിൽ മേജർ കോംബാറ്റ് ഓപ്പറേഷൻസ് നടപ്പാക്കിയപ്പോഴും കോൺഗ്രസിനെ വെറുതെ അറിയിക്കുക മാത്രമാണു ചെയ്തത്. ഒരു പെർമിഷന്റെ ആവശ്യമില്ല എന്നായിരുന്നു ട്രംപിന്റെ വാദം. ഏപ്രിൽ അവസാനത്തോടെ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടു, ട്രംപ് പറഞ്ഞത്, ശത്രുതയുള്ള സാഹചര്യം അവസാനിച്ച സ്ഥിതിക്ക് വാർ പവർ റസലൂഷൻ അനുസരിച്ച് 60 ദിവസത്തിനകം, കോൺഗ്രസിന്റെ അംഗീകാരം നേടേണ്ട ആവശ്യം ഇനിയില്ല എന്നായിരുന്നു.
ഏകധ്രുവമല്ലാത്ത ലോകം
വളരെ പ്രധാനപ്പെട്ട ഒരു കാര്യംകൂടി ഈ സന്ദർഭത്തിൽ ഓർക്കേണ്ടതുണ്ട്. ചൈന അമേരിക്കയ്ക്ക് ഒരു സാമ്പത്തിക വെല്ലുവിളിയാണിപ്പോൾ. രാഷ്ട്രീയമായോ സാമ്പത്തികമായോ നയപരമായോ ലോകം ഏക ചാലകശക്തിയിൽ കേന്ദ്രീകൃതമല്ല. യൂറോപ്യൻ യൂണിയനും ബ്രിക്സുമൊക്കെ, അമേരിക്കയ്ക്കു വെല്ലുവിളിയാണ്.
പക്ഷേ, ലോകമെമ്പാടുമുള്ള സൈനികശക്തിയുടെ സാന്നിധ്യത്തിൽ അമേരിക്കയ്ക്ക് അടുത്തെങ്ങും വേറൊരു രാഷ്ട്രവുമില്ല എന്നതാണ് യാഥാർഥ്യം. എല്ലാ സമുദ്രങ്ങളിലും ഭൂഖണ്ഡങ്ങളിലും നിർണായകമായ സൈനികശക്തി പ്രകടിപ്പിക്കാൻ കഴിയുന്ന ലോകത്തിലെ ഏക രാജ്യമായി അമേരിക്ക തുടരുന്നു. അമേരിക്കയുടെ 954 ബില്ല്യൻ ഡോളർ എന്ന പ്രതിരോധബജറ്റ്, ലോകത്തെ അടുത്ത നാലു വലിയ സൈനികശക്തികളുടെ ഒരുമിച്ചുള്ള ചെലവഴിക്കലിനേക്കാൾ കൂടുതലാണ്.
ട്രംപ് മാത്രമല്ല, മുമ്പും പല അമേരിക്കൻ പ്രസിഡന്റുമാരും കോൺഗ്രസിന്റെ അംഗീകാരം വേണ്ട എന്ന നിലപാടെടുത്ത് അമേരിക്കൻ സൈനിക ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ഇതിൽ ബിൽ ക്ലിന്റൺ 1999ൽ നാറ്റോയുടെ നേതൃത്വത്തിൽ യൂഗോസ്ലോവിയയ്ക്കെതിരേ നടത്തിയ ആക്രമണം, ഒബാമ 2011ൽ നടത്തിയ ലിബിയ ആക്രമണം എന്നിവ ഉൾപ്പെടുന്നു.
1999 കാലത്ത് ബിൽ ക്ലിന്റണും ഇന്ന് ട്രംപിനെപ്പോലെ കോൺഗ്രസിൽ സ്വന്തം പാർട്ടിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ട പ്രസിഡന്റായിരുന്നു. എന്നിട്ടും, തന്റെ എക്സിക്യൂട്ടീവ് അധികാരങ്ങൾ അതിശക്തമായി പ്രയോഗിച്ചു. ഇവിടെയാണ് അമേരിക്കൻ ഭരണഘടനയുടെ മറ്റൊരു സവിശേഷതയായ ചെക്ക് ആൻഡ് ബാലൻസ്, പ്രസിഡന്റിന്റെ അധികാരങ്ങൾക്ക് കടിഞ്ഞാണിടാൻ പ്രാപ്തമായ ഒരു കോൺഗ്രസിന്റെ അധികാരങ്ങൾ ഭരണഘടനയുടെ പരിമിതിയിലാണോ എന്ന് പരിശോധിക്കുന്ന ഒരു സുപ്രീംകോടതിയുടെയും പ്രസക്തി.
മഹാനായ അമേരിക്കൻ പ്രസിഡന്റും അമേരിക്കയുടെ ഒരു ഫൗണ്ടിങ് ഫാദറുമായ തോമസ് ജെഫേഴ്സൺ പറഞ്ഞതുപോലെ; “നമ്മുടെ സവിശേഷമായ സുരക്ഷ എഴുതപ്പെട്ട ഒരു ഭരണഘടനയിലാണ്. വ്യാഖ്യാനങ്ങളിലൂടെ അതിനെ വെറുമൊരു കടലാസുതുണ്ടാക്കി മാറ്റാതിരിക്കാം.”
വെല്ലുവിളികൾ മുന്നിൽ
ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ പ്രസിഡന്റിനോട് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം കോൺഗ്രസ് പലതവണ കൊണ്ടുവന്നെങ്കിലും റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുണ്ടായിരുന്ന സഭകളിൽ പതിനാലു തവണ അതെല്ലാം പരാജയപ്പെടുകയാണുണ്ടായത്. ഇനി മുന്നോട്ട് ട്രംപിന് ഇത്ര സുഗമമായിരിക്കില്ല കാര്യങ്ങൾ.
ഏറ്റവും പ്രധാനമായി യുദ്ധത്തിനായുള്ള ഫണ്ടിംഗ് വെട്ടിക്കുറയ്ക്കാൻ സഭയ്ക്കു കഴിയും. പ്രസിഡന്റായി ഇനിയുള്ള കാലം ട്രംപിനെ lame duck പ്രസിഡന്റ് എന്നു വിശേഷിപ്പിക്കാം. കാരണം, അധികാരം പ്രായോഗികമായി കോൺഗ്രസിൽ ചോദ്യം ചെയ്യപ്പെടും, വെട്ടിച്ചുരുക്കപ്പെടും. എങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
പുതിയ അംഗങ്ങൾ അധികാരമേൽക്കുന്നത് 2027 ജനുവരി മൂന്നിനു മാത്രമാണ്. അതുവരെ ട്രംപിന് ഇപ്പോഴത്തെ റിപ്പബ്ലിക്കൻ ഭൂരിപക്ഷ കോൺഗ്രസിന്റെ പിൻബലമുണ്ട്. ഇനിയൊന്നും നഷ്ടപ്പെടാനില്ലാത്ത ട്രംപ് ഈ ചുരുങ്ങിയ കാലയളവിൽതന്നെ അതിശക്തമായി ഇറാനെതിരേ ആഞ്ഞടിക്കാൻ മുതിർന്നാൽ അദ്ഭുതപ്പെടേണ്ടതില്ല. അതോടൊപ്പം തന്നെ താൻ വിജയിച്ചുവെന്നു പ്രഖ്യാപിച്ചുകൊണ്ട് യുദ്ധം പെട്ടെന്ന് അവസാനിപ്പിക്കാനും ട്രംപ് മുതിർന്നേകും.
അതിനു മുന്നോടിയായി, സഖ്യ രാജ്യങ്ങളോടൊപ്പം ഇറാനെ നയതന്ത്രത്തിലൂടെ സമ്മർദത്തിലാക്കുക എന്ന തന്ത്രംകൂടി സ്വീകരിക്കാൻ സാധ്യതയുണ്ട്.ഇതു കൂടാതെ, വെനിസ്വേലയിലെയും യുക്രെയ്നിലെയും ട്രംപിന്റെ നയങ്ങളെ പുതിയ കോൺഗ്രസ് വിമർശനാത്മകമായി സമീപിക്കും. ട്രംപിന് ചെയ്യാൻ കഴിയുന്നത്, പല നിയമങ്ങളെയും വീറ്റോ ചെയ്യുക എന്നതു മാത്രമായിരിക്കും.
Tags : Trump WarPolicy Nolonger Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash NotEasy