പ്രതീകാത്മക ചിത്രം
ജന്തർ മന്തറിൽ സമീപകാലത്ത് ഏറ്റുമുട്ടുന്നത് പ്രതിഷേധക്കാരും പൊലിസും മാത്രമല്ല; പൗരസ്വാതന്ത്ര്യവും ഭരണകൂടത്തിന്റെ നിയന്ത്രണാധികാരവുമാണ്. പ്രതിഷേധിക്കാനെത്തുന്ന യുവതീ-യുവാക്കളെ വഴിയിൽത്തന്നെ തടയുന്നു; ചിലരെ വിമാനത്താവളത്തിൽനിന്നുതന്നെ കസ്റ്റഡിയിലെടുക്കുന്നു; പ്രതിഷേധസ്ഥലങ്ങളിലേക്കുള്ള വഴികൾ ബാരിക്കേഡുകൾകൊണ്ട് അടയ്ക്കുന്നു.
പ്രതിപക്ഷകക്ഷി നേതാക്കളെയുൾപ്പടെ പ്രതിഷേധക്കാരെ പിടിച്ചുവലിച്ചും ബലംപ്രയോഗിച്ചും പൊലിസ് വാഹനങ്ങളിലേക്കു കയറ്റുന്നു. അവ രേഖപ്പെടുത്താനെത്തുന്ന മാധ്യമപ്രവർത്തകരും പൊലിസ് നടപടിക്കു വിധേയരാകുന്നു. പ്രതിഷേധദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന സമൂഹമാധ്യമ അക്കൗണ്ടുകളിലേക്കുപോലും അന്വേഷണം നീളുന്നു. പ്രതിഷേധത്തെ നേരിടുക മാത്രമല്ല, അതിനെ തടയുകയും നിരീക്ഷിക്കുകയും അതിന്റെ ദൃശ്യതപോലും നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു ഭരണകൂടത്തിന്റെ യുക്തി ഒരു ജനാധിപത്യസമൂഹത്തെ അത്യന്തം അസ്വസ്ഥപ്പെടുത്തുന്നതാണ്.
തെരഞ്ഞെടുപ്പു കമ്മിഷന്റെ പ്രത്യേക വോട്ടർപട്ടിക പരിഷ്കരണമായ എസ്ഐആറിനെതിരേയാണ് ഈ പ്രതിഷേധങ്ങൾ. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നും എസ്ഐആർ പിൻവലിക്കണമെന്നും അവർ ആവശ്യപ്പെടുന്നു.
ഭരണകൂടത്തെ ചോദ്യം ചെയ്താൽ?
ഒരു ജനാധിപത്യരാജ്യത്ത് ഭരണകൂടത്തെ ചോദ്യംചെയ്യുക എന്നതു പൗരസമൂഹത്തിന്റെ മൗലികാവകാശമാണ്; ജനാധിപത്യത്തിന്റെ കരുത്തളക്കേണ്ടത് ഭരണകൂടത്തെ അനുകൂലിക്കുന്ന അഭിപ്രായങ്ങൾ എത്ര സ്വതന്ത്രമായി പ്രകടിപ്പിക്കപ്പെടുന്നു എന്നതിലല്ല; മറിച്ച് അതിനെ അസ്വസ്ഥമാക്കുന്ന വിയോജിപ്പുകളോട് അധികാരം എത്രത്തോളം സഹിഷ്ണുത കാണിക്കുന്നു എന്നതിലാണ്.
ഇവിടെ പ്രധാന പ്രശ്നം, പ്രതിഷേധങ്ങളെ മുൻകൂട്ടി നിയന്ത്രിക്കുകയും മെരുക്കുകയും ചെയ്യുന്ന ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധമായ ഭരണയുക്തിയാണ്. പ്രതിഷേധം ഭരണകൂടം വരച്ചിടുന്ന വൃത്തത്തിനുള്ളിൽ മാത്രമേ പാടുള്ളൂവെന്ന് നിഷ്കർഷിക്കുന്ന ഈ അച്ചടക്കാധികാരം ജനാധിപത്യപരമായ ഏതൊരു സമൂഹത്തിനും അപമാനവും വിരോധാഭാസവുമാണ്.
ആധുനിക അധികാരം എല്ലായ്പോഴും ലാത്തിയുടെയോ ജയിലിന്റെയോ രൂപത്തിൽ മാത്രം പ്രവർത്തിക്കുന്നില്ലെന്ന് ഫ്രഞ്ച് സമൂഹശാസ്ത്രജ്ഞനായ മിഷേൽ ഫൂക്കോ ചൂണ്ടിക്കാട്ടി. മനുഷ്യർ എവിടെ നിൽക്കണം, എപ്പോൾ, എങ്ങനെ സഞ്ചരിക്കണം, എപ്പോൾ സംഘം ചേരണം, എന്തെല്ലാം ചെയ്യാം എന്നതിന്റെ അതിരുകൾ ക്രമീകരിച്ചുകൊണ്ടും അധികാരം പ്രവർത്തിക്കുന്നു.
അതുകൊണ്ടുതന്നെ വഴികളടച്ച് റോഡുകളിൽ നിരത്തിയിരിക്കുന്ന ബാരിക്കേഡുകൾക്ക് മറ്റൊരു രാഷ്ട്രീയ അർഥമുണ്ട്. അവ വെറുമൊരു ഇരുമ്പുവേലിയല്ല. “ഇതിനപ്പുറം നിങ്ങളുടെ ശരീരത്തിന് പ്രവേശനമില്ല” എന്നു പറയുന്ന അധികാരത്തിന്റെ ഭാഷയാണ്. പ്രതിഷേധസ്ഥലത്തെത്തുന്നതിന് മുമ്പുള്ള കസ്റ്റഡി, അനുമതിനിഷേധം, നിരോധനാജ്ഞ, കേസെടുക്കുമെന്ന മുന്നറിയിപ്പ് ഇവയൊക്കെ ലാത്തി ഉയരുന്നതിനു മുമ്പുതന്നെ പ്രതിഷേധത്തെ നിയന്ത്രിക്കുന്ന മാർഗങ്ങളാണ്.
പ്രതിഷേധത്തെ നേരിട്ടുള്ള ബലപ്രയോഗത്തിലൂടെ അടിച്ചമർത്തുന്നതിനേക്കാൾ, നിരീക്ഷണത്തിലൂടെയും നിയന്ത്രണത്തിലൂടെയും മനുഷ്യരെ സ്വയം അച്ചടക്കത്തിനു വിധേയരാക്കുന്ന അധികാരത്തിന്റെ ഈ സൂക്ഷ്മരൂപമാണ് ഫൂക്കോ തന്റെ രചനകളിൽ അന്വേഷിച്ചത്. ഫൂക്കോയുടെ ജന്മശതാബ്ദി ആചരിക്കുന്ന ഈ വർഷം, അധികാരം എങ്ങനെ നിരീക്ഷിക്കുന്നു, നിയന്ത്രിക്കുന്നു, എപ്രകാരം സ്വയം അനുസരിപ്പിക്കുന്നു എന്ന അദ്ദേഹത്തിന്റെ ചോദ്യം ഇന്ത്യൻ തെരുവുകളിൽ അരങ്ങേറുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കൂടുതൽ പ്രസക്തമാകുകയാണ്. നിരീക്ഷണം എങ്ങനെയാണ് മനുഷ്യരെ അനുസരിപ്പിക്കുന്ന അച്ചടക്ക അധികാരമായി മാറുന്നത്? ഈ ചോദ്യത്തിന് ഫൂക്കോ നൽകുന്ന ഏറ്റവും ശക്തമായ വിശദീകരണമാണ് പനോപ്റ്റിക്കോൺ എന്ന സങ്കൽപം.
പനോപ്റ്റിക് അധികാരത്തിന്റെ ശക്തിയും സൗന്ദര്യവും
ബ്രിട്ടീഷ് തത്വചിന്തകനായ ജെറമി ബെന്തം പതിനെട്ടാം നൂറ്റാണ്ടിൽ രൂപകല്പന ചെയ്ത സവിശേഷമായ ജയിൽ മാതൃകയായിരുന്നു പനോപ്റ്റിക്കോൺ. ചുറ്റുമുള്ള തടവുമുറികളിലുള്ളവരെ നടുവിലെ നിരീക്ഷണഗോപുരത്തിൽനിന്ന് കാണാൻ കഴിയും; എന്നാൽ ഓരോ നിമിഷവും തന്നെ ആരെങ്കിലും നിരീക്ഷിക്കുന്നുണ്ടോയെന്ന് തടവുകാർക്ക് അറിയാനാകില്ല. താൻ നിരീക്ഷിക്കപ്പെടുന്നുണ്ടാകാമെന്ന ബോധംതന്നെ തടവുകാരനെ സ്വയം നിയന്ത്രിക്കാൻ പ്രേരിപ്പിക്കുന്നു. അധികാരത്തിന്റെ നോട്ടം മനസിൽ പതിയുന്നതോടെ ബാഹ്യമായ ഭീഷണിപ്പെടുത്തലുകളില്ലാതെതന്നെ വ്യക്തി സ്വയംനിയന്ത്രണത്തിലേക്ക് വഴിമാറുന്നു.
പനോപ്റ്റിക്കോണിനെ കേവലമൊരു ജയിൽമാതൃകയായിട്ടല്ല ഫൂക്കോ കണ്ടത്; ആധുനികസമൂഹത്തിലെ അച്ചടക്കാധികാരം പ്രവർത്തിക്കുന്നതിന്റെ ശക്തമായൊരു രൂപകമായിട്ടാണ് അതിനെ വികസിപ്പിച്ചത്. മനുഷ്യരുടെ ശരീരത്തെയും ചലനത്തെയും പെരുമാറ്റത്തെയും നിരീക്ഷിക്കുകയും ക്രമപ്പെടുത്തുകയും അതുവഴി അവരെ അനുസരണവിധേയരാക്കുകയും ചെയ്യുന്ന സൂക്ഷ്മമായ പ്രവർത്തനങ്ങളിലൂടെയും അധികാരം പ്രയോഗിക്കപ്പെടുന്നു. പ്രത്യക്ഷമായ മർദനമില്ലാതെതന്നെ നിരീക്ഷണത്തിന്റെ സാധ്യതയിലൂടെ മനുഷ്യരെ സ്വയം അച്ചടക്കത്തിനു വിധേയരാക്കുന്നതിലാണ് പനോപ്റ്റിക് അധികാരത്തിന്റെ ശക്തി.
ഇന്നത്തെ ഡിജിറ്റൽ സമൂഹത്തിൽ പനോപ്റ്റിക്കോണിന്റെ ഗോപുരം അപ്രത്യക്ഷമായെങ്കിലും അതിന്റെ കണ്ണുകൾ എല്ലായിടത്തുമുണ്ട്; അതിന്റെ നോട്ടം കൂടുതൽ വ്യാപകമായിരിക്കുന്നു. നിരീക്ഷണകാമറകൾ, മുഖം തിരിച്ചറിയൽ സംവിധാനങ്ങൾ, മൊബൈൽ വിവരങ്ങൾ, സമൂഹമാധ്യമങ്ങൾ, കേന്ദ്രീകൃത വിവര എജൻസികൾ എന്നിവയുള്ളതിനാൽ നിരീക്ഷണം ഇന്ന് ഒരു കെട്ടിടത്തിനുള്ളിലല്ല, സമൂഹത്തിലാകെ വ്യാപിച്ച ഒരു ശൃംഖലയാണ്. പ്രതിഷേധത്തിനെത്തുന്ന ഓരോരുത്തരെയും പൊലിസ് നേരിട്ടു തടയേണ്ടതില്ല; പൊലിസിന്റെ സാധ്യതയുള്ള നോട്ടം അവരുടെ ഉള്ളിൽ പതിച്ചാൽ മതി. മറുവശത്ത്, ഡിജിറ്റൽ കാലം ഈ നിരീക്ഷണത്തിന് ശക്തമായൊരു പ്രതിനോട്ടവും സാധിക്കുന്നു എന്നത് സമകാലിക ജനാധിപത്യ പ്രതിഷേധങ്ങൾക്ക് പുതിയ കരുത്ത് പകരുന്നു.
സിനോപ്റ്റിക്കോൺ ആശയം
ഫൂക്കോയുടെ പനോപ്റ്റിക്കോണിനെ വികസിപ്പിച്ചുകൊണ്ട് സമൂഹശാസ്ത്രജ്ഞനായ തോമസ് മത്തീസൻ സിനോപ്റ്റിക്കോൺ എന്ന ആശയം മുന്നോട്ടുവച്ചു. പനോപ്റ്റിക്കോണിൽ കുറച്ചുപേർ അനേകരെ നിരീക്ഷിക്കുന്നുവെങ്കിൽ, സിനോപ്റ്റിക്കോണിൽ അനേകർ കുറച്ചുപേരെ നിരീക്ഷിക്കുന്നു. ഇന്നത്തെ ജനാധിപത്യ പ്രതിഷേധത്തിൽ തിരിച്ചുള്ള ഈ നിരീക്ഷണത്തിന് പുതിയൊരു രാഷ്ട്രീയശക്തിയുണ്ട്.
പൊലിസ് പ്രതിഷേധക്കാരെ കാമറയിൽ പകർത്തുമ്പോൾ പ്രതിഷേധക്കാരുടെയും പൊതുസമൂഹത്തിന്റെയും മാധ്യമങ്ങളുടെയും മൊബൈൽ കാമറകൾ പൊലിസിന്റെ നടപടികളെയും പകർത്തുന്നു. ഒരു യുവാവിനെ പിടിച്ചുവലിക്കുന്നതോ ഒരു യുവതിയോട് ബലംപ്രയോഗിക്കുന്നതോ രാഷ്ട്രീയനേതാക്കളെയോ മാധ്യമപ്രവർത്തകരെയോ തടയുന്നതോ സന്നിഹിതരായ ഏതാനും പേരുടെ അനുഭവമായി അവസാനിക്കുന്നില്ല. നിമിഷങ്ങൾക്കുള്ളിൽ ആ ദൃശ്യങ്ങൾ ലക്ഷക്കണക്കിന് മനുഷ്യരുടെ സ്ക്രീനുകളിലെത്താം. അധികാരം പൗരസമൂഹത്തെ നിരീക്ഷണത്തിനു വിധേയമാക്കുമ്പോൾ, പൗരസമൂഹവും അധികാരപ്രയോഗത്തെ പൊതുസമൂഹത്തിനു മുന്നിൽ ദൃശ്യമാക്കുന്നു.
ഇവിടെയാണ് സിനോപ്റ്റിക് നോട്ടം ജനങ്ങളുടെ "പ്രതിരോധ നോട്ടമായി' മാറുന്നത്. തെരുവിലെ പ്രതിഷേധത്തോടൊപ്പം അധികാരത്തെ രേഖപ്പെടുത്തുകയും ദൃശ്യങ്ങൾ പങ്കുവയ്ക്കുകയും പൊതുസമൂഹത്തിന്റെ പരിശോധനയ്ക്കു വിധേയമാക്കുകയും ചെയ്യുന്നത് സമകാലിക ജനാധിപത്യ പ്രതിരോധത്തിന്റെ ശക്തമായ രൂപങ്ങളിലൊന്നാണ്. അതുകൊണ്ടുതന്നെ പ്രതിഷേധക്കാരുടെയും പൊതുജനങ്ങളുടെയും മാധ്യമപ്രവർത്തകരുടെയും കാമറകളും മൊബൈൽ ഫോണുകളും സംരക്ഷിക്കപ്പെടേണ്ട ജനാധിപത്യ ഉപകരണങ്ങളാണ്.
പ്രതിഷേധിക്കുന്നർ ശത്രുക്കളോ?
എസ്ഐആറിനെക്കുറിച്ചുള്ള ആരോപണങ്ങൾ പരിശോധിക്കപ്പെടട്ടെ; തെരഞ്ഞെടുപ്പ് കമ്മിഷൻ അതിന്റെ നടപടികൾക്ക് മറുപടി പറയട്ടെ; കോടതികൾ നിയമസാധുത പരിശോധിക്കട്ടെ. എന്നാൽ അതിനിടയിൽ പ്രതിഷേധിക്കുന്നവരെ ശത്രുക്കളായി കാണുന്ന ഒരു ഭരണസംസ്കാരം വളരാൻ അനുവദിക്കരുത്. ചോദ്യംചെയ്യുന്ന യുവത്വം ജനാധിപത്യത്തിന്റെ ഭീഷണിയല്ല; അതിന്റെ ജീവശക്തിയാണ്. വിയോജിപ്പിനെ പൊലിസിനെക്കൊണ്ട് മെരുക്കുന്നതിനു പകരം രാഷ്ട്രീയമായി നേരിടുകയും പൊതുസമൂഹത്തിനു മുന്നിൽ മറുപടി പറയുകയും ചെയ്യുന്നതാണ് ജനാധിപത്യ ഭരണകൂടത്തിന്റെ ഉത്തരവാദിത്വം.
ഫൂക്കോ നമ്മെ ഓർമിപ്പിച്ചതുപോലെ അധികാരത്തിന്റെ ഏറ്റവും അപകടകരമായ രൂപം എല്ലായ്പ്പോഴും അതിന്റെ അക്രമാസക്തമായ രൂപമല്ല. അനുസരണത്തെ സ്വാഭാവികമാക്കുകയും ഭയത്തെ പൗരരുടെ ഉള്ളിൽ സ്ഥാപിക്കുകയും ചെയ്യുന്ന അധികാരമാണ് കൂടുതൽ ആഴത്തിൽ പ്രവർത്തിക്കുന്നത്. അതുകൊണ്ട് നാം മുഖ്യമായും ചോദിക്കേണ്ടത്, എത്രപേർ അറസ്റ്റിലായി എന്നതു മാത്രമല്ല. ബാരിക്കേഡിനു മുന്നിൽ തടയപ്പെട്ട ഒരു യുവതിയോ യുവാവോ അടുത്ത തവണ തെരുവിലിറങ്ങാൻ ഭയപ്പെടുമോ എന്നതുകൂടിയാണ്. പ്രതിഷേധിക്കാനുള്ള ധൈര്യത്തെ ഭയം കീഴടക്കുകയും ആ ഭയം പൗരബോധത്തിൽ വേരുറപ്പിക്കുകയും ചെയ്യുമ്പോഴാണ് ജനാധിപത്യത്തിന്റെ ഇടങ്ങൾ യഥാർഥത്തിൽ ചുരുങ്ങിത്തുടങ്ങുന്നത്. എന്നാൽ അതേ പൗരസമൂഹം അധികാരത്തെ തിരിച്ചുനോക്കുകയും അതിന്റെ പ്രവൃത്തികളെ പൊതുസമൂഹത്തിനു മുന്നിൽ ദൃശ്യമാക്കുകയും ചെയ്യുമ്പോൾ ജനാധിപത്യം അതിന്റെ പ്രതിരോധശേഷി വീണ്ടെടുക്കുന്നു.
(ലേഖകൻ കേരള സർവകലാശാലയിൽ സോഷ്യോളജി പ്രഫസറും വകുപ്പ് മേധാവിയുമായിരുന്നു)
Tags : GyaneshKumar Resignation Shrinking Democratic SIR Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash ElectionCommissioner