പ്രതീകാത്മക ചിത്രം - എഐ
പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ ഇസ്രയേലിൽ കടുത്ത ഭരണ പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. സർക്കാർ രൂപീകരണത്തിൽ അറബ് പാർട്ടികൾ നിർണായക ശക്തിയായി മാറിയപ്പോൾ, ബെഞ്ചമിൻ നെതന്യാഹുവിനെ അധികാരത്തിൽനിന്ന് അകറ്റുമെന്നു വ്യക്തമാക്കി പ്രതിപക്ഷം ശക്തമായി രംഗത്തുണ്ട്.
വ്യാഴാഴ്ച വോട്ടെണ്ണൽ പൂർത്തിയായപ്പോൾ രാജ്യത്തു ഭരണത്തുടർച്ചയ്ക്കോ പുതിയ ഭരണമാറ്റത്തിനോ ഉള്ള വ്യക്തമായ ഭൂരിപക്ഷം ഒരു മുന്നണിക്കും ലഭിച്ചിട്ടില്ല. 120 അംഗങ്ങളുള്ള പാർലമെന്റായ നെസെറ്റിൽ ഭരണം പിടിക്കാൻ 61 സീറ്റുകളുടെ ഭൂരിപക്ഷമാണു വേണ്ടത്. എന്നാൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വലതുപക്ഷ ലിക്കുഡ് പാർട്ടിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിനോ പ്രധാന എതിരാളിയും മുൻ സൈനിക മേധാവിയുമായ ഗാദി ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള മധ്യപക്ഷ യഷാർ പാർട്ടിയുടെ സഖ്യത്തിനോ ഈ സംഖ്യ തികയ്ക്കാനായില്ല. ആഴത്തിലുള്ള രാഷ്ട്രീയ-ആശയധാര ഭിന്നതകൾ നിലനിൽക്കുന്നതിനാൽ പുതിയൊരു ഭരണസഖ്യം രൂപീകരിക്കുക എന്നത് ഒട്ടും എളുപ്പമല്ല.
എങ്കിലും, പരമാവധി ഒരു വർഷത്തോളം മാത്രം ആയുസുള്ള താത്കാലിക സഖ്യങ്ങളിലൂടെ ഭരണത്തിലെത്താൻ നേതാക്കൾ ശ്രമിച്ചേക്കാം. നൽകപ്പെട്ടിരിക്കുന്ന 12 ആഴ്ചയ്ക്കുള്ളിൽ ഇതിനൊരു തീരുമാനമായില്ലെങ്കിൽ ഇസ്രേലി ജനതയ്ക്കു വീണ്ടുമൊരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടിവരും.
കിംഗ് മേക്കറായി അറബ് പാർട്ടികൾ
ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ 120 അംഗ പാർലമെന്റിൽ 19 സീറ്റ് നേടിയ അറബ് പാർട്ടികൾ കിംഗ് മേക്കറായിരിക്കുകയാണ്. അറബ് വോട്ടർമാർക്കിടയിലുണ്ടായ വൻ തരംഗം മൂലം ജോയിന്റ് ലിസ്റ്റ്, റാം എന്നീ രണ്ടു പ്രധാന അറബ് സഖ്യങ്ങളും മികച്ച നേട്ടമുണ്ടാക്കി. ഇതോടെ, ഭരണഘടനാനുസൃതമായി പുതിയ സർക്കാർ രൂപീകരിക്കുന്നതിൽ നിർണായക സ്വാധീനമുള്ള പദവിയിലേക്ക് അവർ ഉയർന്നു.
തെരഞ്ഞെടുപ്പുദിവസങ്ങളിൽ അറബ് വോട്ടർമാരുടെ പങ്കാളിത്തത്തെ തടയാൻ സമൂഹമാധ്യമങ്ങളിലൂടെ നെതന്യാഹു വൻ പ്രചാരണം നടത്തിയിരുന്നു. വോട്ടർമാർക്കിടയിൽ ഭയം സൃഷ്ടിക്കാനായി എഐ നിർമിത ചിത്രങ്ങൾ പോസ്റ്റ് ചെയ്തതും വലിയ വിമർശനങ്ങൾക്കു വഴിവച്ചു. രണ്ടാംതര പൗരന്മാരായി തങ്ങളെ കാണുന്നുവെന്ന് ആരോപിച്ചു വർഷങ്ങളായി തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരുന്ന രാജ്യത്തെ അറബ് വംശജർ, ഇത്തവണ നെതന്യാഹുവിന്റെ വലതുപക്ഷ സർക്കാരിനെ അധികാരത്തിൽനിന്നു പുറത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് പോളിംഗ് ബൂത്തുകളിലേക്ക് ഒഴുകിയെത്തിയത്.
ഇസ്രയേലിന്റെ ചരിത്രത്തിൽ ഇതുവരെ ഒരൊറ്റ തവണ മാത്രമാണ് ഒരു അറബ് പാർട്ടി ഭരണസഖ്യത്തിന്റെ ഭാഗമായിട്ടുള്ളത്. 2021ൽ നെതന്യാഹുവിനെ പുറത്താക്കാൻ രൂപീകരിച്ച എട്ടു പാർട്ടികളുടെ സഖ്യത്തിൽ ‘റാം’ പങ്കാളിയായെങ്കിലും ആ സർക്കാർ ഒരു വർഷത്തിനുള്ളിൽ നിലംപതിച്ചു.
പ്രതിപക്ഷത്തിനു മുന്നിലെ തടസം
ബെഞ്ചമിൻ നെതന്യാഹുവിനെ അധികാരത്തിൽനിന്നു പുറത്താക്കുകയെന്ന മുഖ്യലക്ഷ്യം കൈവരിക്കണമെങ്കിൽ വോട്ടർമാർക്കു നൽകിയ വാഗ്ദാനങ്ങൾ ലംഘിക്കാൻ പ്രതിപക്ഷം നിർബന്ധിതമാകും. അറബ് പാർട്ടികളുമായി യാതൊരു സഖ്യവുമുണ്ടാക്കില്ലെന്ന മുൻ നിലപാടാണ് പ്രതിപക്ഷത്തിനിപ്പോൾ തിരുത്തേണ്ടിവരുന്നത്.
അറബ് പാർട്ടികളുമായി ചേർന്നു സർക്കാർ രൂപീകരിക്കില്ലെന്ന് തെരഞ്ഞെടുപ്പു പ്രചാരണവേളയിൽ പ്രതിപക്ഷനിരയിലെ പ്രമുഖ യഹൂദ പാർട്ടികളായ ഗാദി ഐസൻകോട്ടിന്റെ യാഷർ, നഫ്താലി ബെന്നറ്റിന്റെ ബിയാഹദ്, അവിഗ്ദോർ ലീബർമാന്റെ യിസ്രായേൽ ബെയ്തേനു എന്നിവ ആവർത്തിച്ചു വ്യക്തമാക്കിയിരുന്നു. അറബ് പാർട്ടികൾ ഉന്നയിക്കുന്ന വ്യവസ്ഥകൾ അംഗീകരിക്കാനാകില്ലെന്നായിരുന്നു ഐസൻകോട്ടിന്റെ നിലപാട്.
അറബ് പാർട്ടികളെ സർക്കാരിന്റെ ഭാഗമാക്കുന്നതിന് പ്രതിപക്ഷത്തിന് പ്രധാന തടസമാകുന്നത് ഇസ്രേലി യഹൂദരാഷ്ട്രീയത്തിൽ വേരൂന്നിയ അറബ് വിരുദ്ധ വംശീയ നിലപാടുകളാണ്. രാജ്യത്തെ ജനസംഖ്യയുടെ 20 ശതമാനത്തോളം വരുന്ന മുസ്ലിം-ക്രിസ്ത്യൻ അറബ് വംശജരെ പൂർണ അവകാശങ്ങളുള്ള പൗരന്മാരായി അംഗീകരിക്കാൻ യഹൂദവിഭാഗങ്ങൾക്ക് ഇന്നും വിമുഖതയുണ്ട്.
പ്രതിപക്ഷനിരയിൽ ഇടത് പാർട്ടിയായ ‘ഡെമോക്രാറ്റ്സി’ന്റെ നേതാവ് യായർ ഗോലാൻ മാത്രമാണ് അറബ് പാർട്ടികളെക്കൂടി ഉൾപ്പെടുത്തി സർക്കാർ രൂപീകരിക്കണമെന്ന് പരസ്യമായി ആവശ്യപ്പെടുന്നത്.
ഐക്യസർക്കാർ സാധ്യത
പ്രതിസന്ധി തുടരുന്നതിനിടെ മൂന്നു സാധ്യതകളാണ് കൽപ്പിക്കപ്പെടുന്നത്. നെതന്യാഹുവും ഐസൻകോട്ടും കൈകോർക്കുന്ന ദേശീയ ഐക്യ സർക്കാർ, ഐസൻകോട്ടിനൊപ്പമുള്ള വിമതരെ ഒപ്പം കൂട്ടി നെതന്യാഹു രൂപീകരിക്കുന്ന സർക്കാർ, അറബ് പാർട്ടികളുടെ പിന്തുണയോടെ ഐസൻകോട്ടിന്റെ നേതൃത്വത്തിൽ വരുന്ന സർക്കാർ എന്നിവയാണിത്.
ഐക്യസർക്കാർ രൂപീകരണമെന്ന ആശയം സജീവമായിട്ടുണ്ടെങ്കിലും ഇതിനോടു വിവിധ കക്ഷികളിൽ അഭിപ്രായഭിന്നത ഉടലെടുത്തിട്ടുണ്ട്. ഇറാന്റെ ഭീഷണികളെ ഒറ്റക്കെട്ടായി ചെറുക്കാൻ ഐക്യസർക്കാർ രൂപീകരണം അനിവാര്യമാണെന്നാണ് നെതന്യാഹുവിന്റെ അഭിപ്രായം. എന്നാൽ, നെതന്യാഹുവിനൊപ്പം ചേർന്ന് സർക്കാർ രൂപീകരിക്കാനില്ലെന്നും ജനവിധി തങ്ങൾക്കൊപ്പമാണെന്നുമാണ് പ്രതിപക്ഷനേതാക്കൾ പറയുന്നത്.
നെതന്യാഹുവിന്റെ ഭരണം അവസാനിച്ചു കാണാൻ ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് ഇസ്രേലികൾ ഐസൻകോട്ട് നിലപാട് മാറ്റിയാൽ അതിനെ ഒരു വഞ്ചനയായിട്ടാകും കാണുക. അറബ് പാർട്ടികളുമായി സഹകരിക്കില്ലെന്നു മുന്പ് പ്രതിപക്ഷ നേതാക്കൾ പറഞ്ഞിരുന്നെങ്കിലും നെതന്യാഹുവിനെ അധികാരത്തിൽനിന്ന് അകറ്റിനിർത്താൻ ഐസൻകോട്ട് പുറത്തുനിന്നുള്ള പിന്തുണയോടെ ഒരു ന്യൂനപക്ഷ സർക്കാർ രൂപീകരിക്കണമെന്ന് പ്രതിപക്ഷ വോട്ടർമാർക്കിടയിൽ നടത്തിയ സർവേകൾ വ്യക്തമാക്കുന്നു.
പ്രസിഡന്റിന്റെ തീരുമാനം കാത്ത്
അനിശ്ചിതാവസ്ഥ തുടരുന്നതിനിടെ പ്രസിഡന്റ് ഐസക് ഹെർസോഗിലേക്കാണ് ഇനി എല്ലാ കണ്ണുകളും. സർക്കാരുണ്ടാക്കാൻ ആരെ ക്ഷണിക്കണമെന്നു തീരുമാനിക്കുന്നതിനുമുന്പ് പാർലമെന്ററി ഗ്രൂപ്പുകളുമായി ചർച്ച നടത്തുമെന്ന് പ്രസിഡന്റ് അറിയിച്ചിട്ടുണ്ട്. വീണ്ടുമൊരു തെരഞ്ഞെടുപ്പ് ഒഴിവാക്കാൻ രാഷ്ട്രീയനേതാക്കൾ പരസ്പര ധാരണയിലെത്തണമെന്നും അദ്ദേഹം അഭ്യർഥിച്ചു. എല്ലാ പാർട്ടി നേതാക്കളുമായും അടുത്തദിവസംതന്നെ പ്രസിഡന്റ് ഔദ്യോഗിക ചർച്ചകൾ ആരംഭിക്കും. പാർട്ടികളുടെ അഭിപ്രായം ആരാഞ്ഞശേഷം, സർക്കാർ രൂപീകരിക്കാൻ ഏറ്റവും സാധ്യതയുള്ള ഒരു നേതാവിനെ പ്രസിഡന്റ് ക്ഷണിക്കും.
അറബ് പാർട്ടികൾ ഐസൻകോട്ടിനെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ യഷാർ പാർട്ടി നേതാവായ അദ്ദേഹത്തിനാകും ആദ്യ അവസരം ലഭിക്കുക. ക്ഷണം ലഭിക്കുന്ന നേതാവിന് സഖ്യമുണ്ടാക്കാൻ 28 ദിവസത്തെ സമയം ലഭിക്കും. ആവശ്യമെങ്കിൽ 14 ദിവസം കൂടി നീട്ടിനൽകാം. ആദ്യനേതാവിനു ഭൂരിപക്ഷം തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ പ്രസിഡന്റ് രണ്ടാമതൊരു നേതാവിനെ ക്ഷണിക്കും. ഇവർക്ക് 28 ദിവസം മാത്രമായിരിക്കും ലഭിക്കുക. ഇതിലും തീരുമാനമായില്ലെങ്കിൽ പാർലമെന്റിലെ ഭൂരിപക്ഷം അംഗങ്ങൾക്ക് മൂന്നാമതൊരു സ്ഥാനാർഥിയെ നിർദേശിക്കാം. ഇവർക്കു സഖ്യമുണ്ടാക്കാൻ 14 ദിവസം ലഭിക്കും. ഈ പ്രക്രിയകളെല്ലാം പരാജയപ്പെട്ടാൽ രാജ്യം വീണ്ടുമൊരു പൊതുതെരഞ്ഞെടുപ്പിലേക്കു നീങ്ങും.
ഈ രാഷ്ട്രീയനാടകങ്ങളിൽ ഏറ്റവും അനുകൂല സാഹചര്യമുള്ളത് നിലവിലെ താത്കാലിക പ്രധാനമന്ത്രിയായ നെതന്യാഹുവിനാണ്. പ്രതിപക്ഷത്തിന് ഭൂരിപക്ഷം തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ അധികാരം നെതന്യാഹുവിന്റെ കൈകളിൽതന്നെ നിലനിൽക്കും. പുതിയൊരു സർക്കാർ വരുന്നതുവരെ മാസങ്ങളോളം നെതന്യാഹുതന്നെ പ്രധാനമന്ത്രിയായി തുടരും. തെരഞ്ഞെടുപ്പ് വീണ്ടും വരികയാണെങ്കിൽ, കഴിഞ്ഞ എട്ടു വർഷത്തിനിടെ ഇസ്രയേൽ നേരിടുന്ന ഏഴാമത്തെ പൊതുതെരഞ്ഞെടുപ്പായിരിക്കും അത്.
വിദേശ ഇടപെടൽ ആരോപണം
തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടതിനു പിന്നാലെ പ്രതിപക്ഷത്തിനെതിരേ വിദേശ ഇടപെടൽ ആരോപണവുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തിയത് രാജ്യത്തു വലിയ രാഷ്ട്രീയ കൊടുങ്കാറ്റിനു തിരികൊളുത്തിയിരിക്കുകയാണ്. അറബ് പാർട്ടികൾ വിദേശ സഹായത്തോടെ തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നും ഖത്തറിൽനിന്നും തുർക്കിയിൽനിന്നും നിയമവിരുദ്ധമായി ഫണ്ട് കൈപ്പറ്റിയെന്നും ലിക്കുഡ് പാർട്ടി ആരോപിക്കുന്നു. ഇതേക്കുറിച്ച് ആഭ്യന്തര സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റ് അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്.
എന്നാൽ, ആരോപണങ്ങൾ ഖത്തർ പൂർണമായും തള്ളി. രാജ്യത്തിനെതിരേ ദുഷ്പ്രചാരണം നടത്താനാണ് ഇസ്രേലി രാഷ്ട്രീയക്കാർ ശ്രമിക്കുന്നതെന്നും ഖത്തർ കുറ്റപ്പെടുത്തി.
അതേസമയം, തെരഞ്ഞെടുപ്പ് പ്രക്രിയയെ വൻതോതിൽ ബാധിക്കുന്ന രീതിയിലുള്ള നിയമലംഘനങ്ങൾ നടന്നിട്ടുണ്ടെന്ന വാദത്തിനു തക്കതായ തെളിവുകളൊന്നുമില്ലെന്ന് ഷിൻ ബെറ്റ് വ്യക്തമാക്കി. നിയമപരമായി വോട്ട് ചെയ്ത ഒരു മുഴുവൻ സമൂഹത്തെയും സംശയനിഴലിൽ നിർത്താൻ ഉദ്ദേശിക്കുന്നില്ലെന്നും സുരക്ഷാ ഏജൻസികൾ അറിയിച്ചിട്ടുണ്ട്.
Tags : Israel PoliticalCrisis ArabParties FormationGovernment SingleCoalition ClearMajority Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Nethanyahu