പ്രതീകാത്മക ചിത്രം - എഐ
അമേരിക്കൻ നോവലിസ്റ്റ് റിച്ചാർഡ് ബാക് എഴുതിയ ‘ജോനഥൻ ലിവിംഗ്സ്റ്റൺ സീഗൾ’ എന്ന കൃതിയിൽ കൂട്ടം തെറ്റി ഒരു കടൽകാക്ക കൂടുതൽ ഉയരത്തിലേക്കു പറക്കുന്നുണ്ട്. ആ കാക്കയെ അതുപോലെ പറക്കാൻ കഴിയാത്ത കാക്കകളെല്ലാം വിമർശിക്കുന്നു, ഇകഴ്ത്തുന്നു. എന്നാൽ, ഉയരങ്ങളുടെ രുചിയറിഞ്ഞ കാക്ക വേറൊരു ലോകത്തെ ഉള്ളിൽ സ്വപ്നം കാണുന്നു. ഇങ്ങനെ ഉയർന്നുപറക്കുന്നത് കാക്കയാണെങ്കിൽ അതിന്റെ അർഥസൂചനകൾ വേറെയാണ്. ഇത് അന്യാപദേശകഥയാണ്.
വ്യത്യസ്തമായി ചിന്തിക്കുന്നവർ, പോരാടുന്നവർ, വിമോചകർ ഇങ്ങനെ ഉയരത്തിൽ പറക്കുന്നവരാണ്. അവർ മനുഷ്യരെ അപ്പത്തേക്കാൾ വലുതായി ചിലതുണ്ടെന്നു പഠിപ്പിക്കുന്നു. ഈ നോവലിൽ ഇങ്ങനെ വായിക്കാം: “നിന്റെ ശരീരം, ചിറകു മുതൽ ചിറകു വരെ, നിന്റെ ചിന്തയല്ലാതെ മറ്റൊന്നുമല്ല. അത് നിനക്കു ഭാവന ചെയ്യാൻ കഴിയുന്ന രൂപത്തിലാണ്. ചിന്തയുടെ ചങ്ങലകൾ പൊട്ടിക്കുക, നിന്റെ ശരീരത്തിലെ ചങ്ങലകളും പൊട്ടിക്കുക.’’ ഇവിടെയാണ് സർഗാത്മക മനുഷ്യൻ ഉണ്ടാവുന്നത്. മനുഷ്യന്റെ അനുഭവങ്ങള്‍ എന്നു പറഞ്ഞാല്‍, അതവന്റെ വിധിയാണെന്നു പറയാനൊക്കില്ല. അനുഭവത്തെ വിശ്വസിക്കരുതെന്ന് ഐറിഷ് നാടകകൃത്ത് ഓസ്കാർ വൈൽഡ് പറഞ്ഞിട്ടുണ്ട്. മനുഷ്യൻ മനസിലാക്കാൻ ശീലിച്ചതാണ് അവന്റെ അനുഭവത്തിന്റെ അർഥം.
മനുഷ്യന് പൊതുവേ പരിവര്‍ത്തനത്തിനായി നിലകൊള്ളുകയാണ്. സമൂഹത്തില്‍, ലോകത്തില്‍ മാറ്റത്തിനുവേണ്ടി നിലകൊള്ളുന്നവര്‍ അതിനുതകുന്ന ജീവിതം സ്വയം തെരഞ്ഞെടുക്കുകയായിരിക്കും ചെയ്യുക. അവര്‍ പ്രതിസന്ധികളെ തേടിച്ചെന്ന് മറികടക്കും. മഹാഭാരതത്തില്‍ കര്‍ണന്റെ ജീവിതം എന്തുകൊണ്ടാണ് ഇങ്ങനെ വേര്‍പെടുത്തപ്പെട്ടതും പരിത്യക്തവുമായി തീര്‍ന്നതെന്ന് ശ്രീകൃഷ്ണന് വ്യക്തമാക്കിയിട്ടുണ്ട്. കുരുക്ഷേത്രയുദ്ധത്തിനൊടുവില്‍ കര്ണന് തന്റെ നിസഹായത അറിയിച്ചപ്പോഴാണ് കൃഷ്ണന് അതിനുത്തരം നല്‍കുന്നത്. അതായത്, കര്ണന് ലോകത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ നിയോഗിക്കപ്പെട്ടവനാണ്. അതുകൊണ്ട് പ്രതികൂലസാഹചര്യങ്ങള് ചെറുപ്പത്തിലേതന്നെ ഉണ്ടാകുന്നു. വേണമെങ്കില്‍, അതെല്ലാം തന്റെ വിധിയാണെന്നു കണ്ട് ഒന്നിനോടും പൊരുതാതെ, കീഴടങ്ങി ജീവിച്ച് സുഖം കണ്ടെത്താം.
തേരാളിയുടെ മകന് എന്ന ഐഡന്റിറ്റി തുടര്‍ന്ന് ആ സാഹചര്യത്തില്‍ കഴിയാമല്ലോ. അദ്ദേഹം ആയോധന കലയിലും നീതിയുടെ വിനിയോഗത്തിലെ സാധ്യതകളിലും ശ്രദ്ധ പതിപ്പിക്കുന്നു. കര്ണന് വേറൊരു വഴിക്കാണ് നീങ്ങുന്നത്. തനിക്ക് അര്‍ഹതപ്പെട്ട കുടുംബമഹിമ വച്ചുനീട്ടുന്ന സന്ദര്‍ഭത്തില്‍, കര്ണന് അത് നിരാകരിക്കുകയാണു ചെയ്യുന്നത്. അതായത്, തനിക്കു വന്നുചേര്‍ന്ന അനുഭവത്തെ നിരാകരിക്കാതെ അതിനെ അടിസ്ഥാനപ്പെടുത്തി സര്‍ഗാത്മകമായ ചിന്തകളിലാണ് അദ്ദേഹം എത്തിച്ചേരുന്നത്.
ഒരു എളുപ്പവഴിയില്‍ നീങ്ങി തന്നിലെ പരിവര്‍ത്തനവാഞ്ഛയെ ബലി കൊടുക്കാന്‍ അദ്ദേഹം തയാറാകുന്നില്ല. ആശയങ്ങളെയും ആദര്‍ശങ്ങളെയും ഉപയോഗിച്ച് ജീവിതത്തില്‍ പടവെട്ടുന്നതിനായി ധീരമായ ചുവടുകള്‍ പരീക്ഷിക്കുന്നു. ദുര്യോധനനുമായി സന്ധിചെയ്യുന്നത് ഒരു അനിവാര്യതയാണ്. തന്നെ രക്ഷിച്ചവനോടുള്ള കൂറ് നിലനിര്‍ത്തുക മാത്രമല്ല, തന്റെ സുരക്ഷയ്ക്കായി ലഭിച്ചിട്ടുള്ള വലിയ സമ്പാദ്യങ്ങള്‍പോലും ഉപേക്ഷിക്കാന്‍ തയാറാകുന്നതെന്തുകൊണ്ടാണ്? ഈ പ്രത്യേക സൗഭാഗ്യങ്ങള്‍ ഇല്ലാതെ പോരാടാന്‍ കര്ണന് ആത്മവിശ്വാസമുണ്ട്. അങ്ങനെയേ അദ്ദേഹത്തിനു നിലനില്ക്കാനാവൂ.
കവചകുണ്ഡലങ്ങളില്ലാത്ത കര്‍ണനും നിലനില്പുണ്ട്. ചൊരിയപ്പെട്ട അനുഗ്രഹങ്ങളേക്കാള്‍ ആര്‍ജിച്ച ജ്ഞാനത്തിലും ആയോധനകലയിലും വിശ്വസിക്കുന്നത് പ്രതികൂല സാഹചര്യങ്ങളോട് ഏറ്റുമുട്ടി നിലനില്‍ക്കാനുള്ള സഹജമായ ഇച്ഛാശക്തിയുള്ളതുകൊണ്ടാണ്. സൗജന്യമായി കിട്ടുന്ന അനശ്വരത വേണ്ട എന്നാണ് കര്‍ണന്റെ മതം. വെറുമൊരു യോദ്ധാവോ രാജാവോ അല്ല കര്ണന്. ഏകാന്തനും ധീരനും സ്വയം ശക്തിയാര്ജിച്ചവനുമായ കര്ണന് വ്യതിചലിക്കുന്നതിനു ചില തത്ത്വങ്ങളാണ് കൂട്ടിനുള്ളത്.
അനാഥത്വത്തില്‍നിന്ന് ഒരു മഹായുദ്ധമുന്നണിയിലേക്ക് എത്തിച്ചേരുന്നതിലെ സ്വയംപര്യാപ്തത പ്രധാനമാണ്. അനുഭവങ്ങള്‍ പരിപാകമായി, വിധിയായി നിര്‍ണയിക്കപ്പെടുന്നത് വരെ കാത്തിരിക്കാതെ സൃഷ്ടിപരമായ ഇടപെടല്‍ നടത്താനാണ് കര്ണന് തയാറായത്. ഫ്രഞ്ച് നോവലിസ്റ്റ് ആന്ദ്രേ മാല്‍റോ പറഞ്ഞത്, വിധിയുടെ ആത്യന്തികമായ വിലയിരുത്തലുകള്‍ക്കു വേണ്ടി കാത്തുനില്‍ക്കുന്നത് മൗഢ്യമാണെന്നാണ്. നമ്മളിലേക്ക് വരുന്ന അനുഭവങ്ങളെ അസംസ്കൃത വസ്തുക്കളായി സ്വീകരിച്ചുകൊണ്ട് പുതിയ ആലോചനകള്‍ക്ക് തുടക്കമിടണം. അതിലാണ് സര്‍ഗാത്മകതയുള്ളത്.
പ്രണയത്തിന്റെ അനുഭവങ്ങള്‍ ആത്യന്തികമായ സാരത്തിനുവേണ്ടിയുള്ളതാണെന്നു പറയാനാവില്ല. അതൊരു വൈകാരികതയാണ്. എന്നാല്‍, അത് ശുദ്ധവുമാണ്. പ്രണയം ഒരു ശരീരഭാഷയും നിഷ്ഠയുമാണ്. ശകുന്തളയില്‍ അതു കാണാം. ശകുന്തളയുടെ ശരീരഭാഷയും മറവിയും പ്രണയത്തിന്റെ ഫലമാണ്. ഒരാള്‍ താന്‍ ആരാണെന്നു നിര്‍ണയിക്കുകയാണ്.
എന്നാല്‍, അതിനു മറ്റൊരാളുടെ സഹായംകൂടി വേണം. മറ്റൊരാള്‍ ഉള്ളപ്പോള്‍, അയാള്‍ ആ വ്യക്തിയുടെ സ്നേഹത്തിനും സാമീപ്യത്തിനുമായി ആഗ്രഹിക്കുന്നു. അയാളുടേതായ എന്തോ ഒരു അംശം, മറ്റേയാളിലുണ്ടെന്ന് തോന്നുകയാണ്. ഇത് ഒരേ തരംഗദൈര്ഘ്യമാണെന്നൊക്കെ പറയാമെങ്കിലും അതിനുമപ്പുറമാണ്. തീവ്രമായ പ്രണയം ഒരു രോഗമാണെന്നു പറഞ്ഞത് ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖ നോവലിസ്റ്റ് ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസാണ്. അദ്ദേഹത്തിന്റെ ‘ലൗ ഇന്‍ ദ് ടൈം ഓഫ് കോളറ’ (1988), ജാപ്പനീസ് നോവലിസ്റ്റ് യസുനാരി കവാബത്തയുടെ ‘തൗസന്റ് ക്രെയിന്‍സ്’ എന്നീ നോവലുകള്‍ പ്രണയത്തിന്റെ അതിതീവ്രവും നിഗൂഢവുമായ മേഖലകളിലൂടെ സഞ്ചരിക്കുന്നു.
ഫ്ളോറന്റിനോ അരിസ എന്ന യുവാവും ഫെര്‍മിനാ ദാസ എന്ന യുവതിയും തമ്മിലുള്ള പ്രണയത്തിന്റെ അഴിയാക്കുരുക്കുകളാണ് മാര്‍കേസിന്റെ നോവലില്‍ നിറയുന്നത്. അവരുടെ പ്രണയം തീപ്പിടിച്ചുനിന്ന സമയത്ത് യുവതിയുടെ പിതാവ് അവരെ വേര്‍പിരിക്കാന്‍ വേറൊരിടത്തേക്ക് അവളെ കൊണ്ടുപോയി പാര്‍പ്പിച്ചു. അവര്‍ തമ്മില്‍ അകലാന്‍ ഇതിടയാക്കി. ഡോക്ടറും സാമൂഹ്യസേവകനുമായ അര്‍ബിനോ അവളെ വിവാഹം കഴിച്ചു. അര്‍ബിനോ ഒരു മാതൃകാ ഭര്‍ത്താവായിരുന്നു. അയാള്‍ നാട്ടില്‍ പടര്‍ന്ന കോളറയ്ക്കെതിരേ പടപൊരുതി വിജയിച്ച ഡോക്ടറായിരുന്നു. എന്നാല്‍, ഒരു അപകടത്തില്‍ അയാള്‍ മരിക്കുന്നതോടെ ഫെര്‍മിനാ ഒറ്റയ്ക്കാവുന്നു.
പിന്നീട് അവളുടെ പഴയ കാമുകനായ ഫ്ളോറന്റിനോ വീണ്ടും എത്തുകയാണ്. അയാള്‍ക്ക് വയസായി. ഫെര്മിനായുമായുള്ള പ്രണയം പതിറ്റാണ്ടുകള്‍ പഴകിയിട്ടും അതിന്റെ ശക്തി കുറയുന്നില്ല. പഴക്കം ചെല്ലുന്തോറും വീര്യം കൂടുന്ന വീഞ്ഞുപോലെ അയാളുടെ പ്രണയം നിലനില്‍ക്കുകയാണ്. എന്നാല്‍, ഫെര്മിനായ്ക്ക് ഇപ്പോള്‍ അയാളോടു ദേഷ്യമൊന്നുമില്ല. അവള് ആ പഴയ പ്രണയത്തിന്റെ ഊഷ്മളത തിരിച്ചറിഞ്ഞിരിക്കുന്നു. അങ്ങനെ അവര്‍ ഒന്നിക്കുന്നു.
കവാബത്തയുടെ നോവല്‍ രണ്ടു മുതിര്‍ന്ന സ്ത്രീകളുടെ ഒറ്റപ്പെടലിന്റെയും പിന്‍വാങ്ങലിന്റെയും കഥയാണ്. ചിക്കാക്കോ, ഒട്ടാ എന്നീ സ്ത്രീകള്‍ അവരുടെ യജമാനനെ നഷ്ടപ്പെട്ട ശേഷം നടത്തുന്ന പ്രണയപരീക്ഷണങ്ങളും തകര്‍ച്ചയുമാണ് പ്രമേയം. യജമാനന്റെ മകനിലൂടെ ഈ സ്ത്രീകള്‍ തങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുന്നു. യജമാനന്റെ മകന് ഒട്ടായുടെ മകളുമായി അടുപ്പത്തിലാവുന്നു. അവര്‍ ഒരുമിച്ചിരിക്കുമ്പോള്‍ നാനൂറോളം വര്‍ഷം പഴക്കമുള്ള രണ്ട് ചായക്കോപ്പകളെക്കുറിച്ച് പറയുന്നുണ്ട്. ആ കോപ്പകളില്‍ ജീവിതാസക്തി നിറഞ്ഞിരിക്കുന്നതായി നോവലിസ്റ്റ് വെളിപ്പെടുത്തുന്നു. കവാബത്തയുടെ നോവലില്‍ പ്രണയം ജീവിതാസക്തിയാണ്. ഒഴിവാക്കാനാവാത്ത തീവ്രമായ ആസക്തി. അത് ഒഴുകുകയാണ്. അത് നിഷ്കളങ്കവും ശുദ്ധവുമാണ്. എന്നാല്‍, മാര്‍കേസിന്റെ നോവലില്‍ പ്രണയം കോളറപോലെ ഒരു പകര്‍ച്ചവ്യാധിയാണ്. ഒഴിവാക്കാനാവാത്ത ദുരന്തം. അത് എപ്പോഴും എങ്ങോട്ടും പടരാം. കോളറാക്കാലത്ത് പ്രണയം മരിക്കുകയല്ല, പടരുകയാണ്.
നൊബേല്‍ പ്രൈസ് ലഭിച്ച മാര്‍കേസും കവാബത്തയും ജീവിതത്തിന്റെ ആന്തരികമായ ശക്തി ബോധ്യപ്പെട്ടവരാണ്. എന്താണ് മനുഷ്യനെ പ്രചോദിപ്പിക്കുകയും മാറ്റിത്തീര്‍ക്കുകയും ചെയ്യുന്നതെന്ന് അവര്‍ മനസിലാക്കി. അനുഭവങ്ങളെ ആത്യന്തികമായി വിലയിരുത്തി എന്താണ് വിധി എന്നു വിലയിരുത്തുകയല്ല, എന്താണോ നമ്മളിലേക്ക് വരുന്നത് അതിനെ സൃഷ്ടിപരമായ തലങ്ങളില്‍ എങ്ങനെ എത്തിക്കാമെന്ന് ആലോചിക്കുകയാണ്.
Tags : Flowers Experiences Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash