സുപ്രീംകോടതി ജഡ്ജിയുടെ ഇംപീച്ച്മെന്റിനേക്കാളും ദുഷ്കരമായ രീതിയിലാണ് നിയമപരമായി പിഎസ്സി ചെയർമാനെ നീക്കംചെയ്യാനുള്ള വ്യവസ്ഥകൾ രൂപകൽപന ചെയ്തിട്ടുള്ളത്. പിഎസ്സി പദവിയുടെ പവിത്രതയും ഉന്നത നിലവാരവുമാണ് ഇത് സൂചിപ്പിക്കുന്നത്.
എന്നാൽ, ഹൈക്കോടതിയുടെ സമീപകാലത്തെ രൂക്ഷമായ പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ, നിലവിലുള്ള പിഎസ്സി ചെയർമാന് ആ പദവിയിൽ തുടരാൻ യാതൊരു ധാർമിക അവകാശവുമില്ല. സ്റ്റേറ്റ് പ്ലാനിംഗ് ബോർഡിലെ ചീഫ് ഇൻഡസ്ട്രിയൽ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഓഫിസർ നിയമനവുമായി ബന്ധപ്പെട്ട് പിഎസ്സിക്ക് സ്വന്തം റാങ്ക് ലിസ്റ്റ്തന്നെ തിരുത്തേണ്ടിവന്നതും അഞ്ചാം റാങ്കിലുണ്ടായിരുന്നയാളെ ഒന്നാം സ്ഥാനത്തേക്ക് മാറ്റേണ്ടിവന്നതും ഇതിന്റെ കൃത്യമായ തെളിവാണ്.
രാഷ്ട്രീയ നിയമനങ്ങളും തകരുന്ന വിശ്വാസ്യതയും
അത്യന്തം മാന്യവും ബഹുമാന്യവുമായ പദവികളാണ് പിഎസ്സി ചെയർമാന്റെയും അംഗങ്ങളുടെയും. എന്നാൽ, കഴിഞ്ഞ എൽഡിഎഫ് സർക്കാർ രാഷ്ട്രീയ താത്പര്യങ്ങൾ മാത്രം മുൻനിർത്തി, യോഗ്യതകളെല്ലാം കാറ്റിൽപറത്തി ഡിവൈഎഫ്ഐ നേതാക്കളെവരെ പിഎസ്സി അംഗങ്ങളായി കുത്തിനിറയ്ക്കുകയാണുണ്ടായത്. ഇത്തരം രാഷ്ട്രീയ നിയമനങ്ങളാണ് ഇന്ന് പിഎസ്സിയിൽ നിലനിൽക്കുന്ന അരാജകത്വത്തിനും ഉയർന്ന തലത്തിലുള്ള എല്ലാ നിയമനങ്ങളും സംശയനിഴലിലാകുന്നതിനും കാരണമായത്.
കമ്മിഷന്റെ പവിത്രതയെ തകർക്കുന്ന രീതിയിൽ സ്വന്തം രാഷ്ട്രീയ പാർട്ടിയോട് ആഭിമുഖ്യമുള്ളവരെ തിരുകിക്കയറ്റാനുള്ള ശ്രമങ്ങളാണ് ഈ ദാരുണമായ അവസ്ഥയ്ക്ക് വഴിവച്ചത്. പിഎസ്സിയുടെ പ്രവർത്തനം ഒരു ഘട്ടത്തിലും സംശയത്തിന്റെ നിഴലിൽ ആകാൻ പാടില്ലാത്തതാണ്; അതിന്റെ എല്ലാ പ്രവർത്തനങ്ങളും സത്യസന്ധമായിരിക്കണം. അഴിമതിക്കും സ്വജനപക്ഷപാതത്തിനും യാതൊരുവിധത്തിലും പിഎസ്സിയിൽ സ്ഥാനമുണ്ടാകാൻ പാടില്ല.
വിശ്വാസ്യത തകർത്ത ക്രിമിനൽ പശ്ചാത്തലങ്ങൾ
കേരള സർവകലാശാലയിലെ അസിസ്റ്റന്റ് നിയമന അഴിമതി പുറത്തുവന്നപ്പോൾ, പിഎസ്സി സംവിധാനത്തിൽ ജനങ്ങൾക്ക് വിശ്വാസമുണ്ടായിരുന്നതുകൊണ്ടാണ് സർവകലാശാലകളിലെ മുഴുവൻ നോൺ-ടീച്ചിംഗ് ജീവനക്കാരുടെയും നിയമനം പിഎസ്സിക്ക് വിടണമെന്ന ആവശ്യമുയർന്നത്. എന്നാൽ, യൂണിവേഴ്സിറ്റി കോളജിലെ കുത്തുകേസ് യാദൃച്ഛികമായി വെളിച്ചത്തുവന്നപ്പോഴാണ്, അതേ കേസിൽ പ്രതികളായവർ സിവിൽ പൊലിസ് ഓഫിസർ റാങ്ക് ലിസ്റ്റിൽപോലും ഒന്നാം റാങ്ക് നേടിയിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്.
എസ്എഫ്ഐ യൂണിറ്റിനുള്ളിലെ വിഭാഗീയത കാരണമാണ് ആ വിവരം പുറംലോകമറിഞ്ഞത്; അല്ലെങ്കിൽ അത് മൂടിവയ്ക്കപ്പെടുമായിരുന്നു. ഒന്നാം റാങ്ക് ജേതാവ് ഉൾപ്പടെയുള്ളവരെ പിന്നീട് റാങ്ക് ലിസ്റ്റിൽനിന്ന് നീക്കം ചെയ്യുകയും സ്ഥിരമായി വിലക്കുകയും ചെയ്തു. ആ കുത്തുകേസ് നടന്നിരുന്നില്ലെങ്കിൽ, ക്രിമിനൽ പശ്ചാത്തലമുള്ള ആ അയോഗ്യർ ഇന്ന് തിരുവനന്തപുരം നഗരത്തിൽ സബ് ഇൻസ്പെക്ടർമാരായോ ഉയർന്ന തസ്തികകളിലോ നിയമനം നേടി ക്രമസമാധാന പാലനത്തിന്റെ ചുമതല നിർവഹിക്കുന്നത് കാണേണ്ടി വരുമായിരുന്നു.
ഈ സംഭവമാണ് പിഎസ്സിയെക്കൊണ്ട് അന്വേഷണം നടത്തി ക്രിമിനലുകളെ പുറത്താക്കാൻ നിർബന്ധിതരാക്കിയത്. അന്നുമുതൽ പിഎസ്സി സംവിധാനം വഴിവിട്ടുതുടങ്ങി എന്ന് മനസിലാക്കാം.
ചോദ്യപേപ്പർ ചോർച്ചയും മൂല്യനിർണയ തട്ടിപ്പും
ഫിഷറീസ് വകുപ്പ്, കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ് ) തുടങ്ങിയ ഉന്നത തസ്തികകളിലെല്ലാം ഉന്നയിക്കപ്പെട്ട അഴിമതികളും സ്വജനപക്ഷപാതവും സംബന്ധിച്ച ആരോപണങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. ഹൈക്കോടതിയുടെ ശക്തമായ പരാമർശങ്ങളും പിഎസ്സിയുടെ നടപടികളും വിരൽ ചൂണ്ടുന്നത് അഴിമതി എത്രത്തോളം ആഴത്തിലുള്ളതാണെന്നതിലേക്കാണ്.
വിജിലൻസ് ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിൽനിന്ന് ചെയർമാനും അംഗങ്ങളും ഒളിച്ചോടാൻ ശ്രമിക്കുന്നതുവഴി വ്യക്തമാകുന്നത് അഴിമതി ആരോപിക്കപ്പെട്ട റാങ്ക് ലിസ്റ്റുകൾ പുറത്തുവന്നതിനേക്കാൾ വളരെ വ്യാപ്തിയുള്ളതാണെന്നാണ്. പിഎസ്സിയിൽ എല്ലാ കാര്യങ്ങളും സുതാര്യമാണെങ്കിൽ പിന്നെ എന്തിനാണ് അന്വേഷണത്തെയും ചോദ്യം ചെയ്യലിനെയും അവർ ഭയപ്പെടുന്നത്? നിലവിലുള്ള ചെയർമാനും അംഗങ്ങളും അഴിമതിക്കാരാണെന്നും ആ പദവിയിൽ തുടരാൻ അർഹരല്ലെന്നുമാണ് ഇത് അടിവരയിടുന്നത്.
സ്വമേധയാ രാജിവയ്ക്കുകയോ അല്ലെങ്കിൽ സർക്കാരും ഗവർണറും സുപ്രീംകോടതിയും ഇതിൽ ഇടപെട്ട് അടിയന്തര നടപടി സ്വീകരിച്ച് ഇവരെ പുറത്താക്കുകയോ വേണം. കുറ്റമറ്റതും നീതിയുക്തവുമായ ഒരു അന്വേഷണം നടക്കണമെങ്കിൽപോലും ഇവരെ മാറ്റിനിർത്തേണ്ടത് അനിവാര്യമാണ്. അല്ലാത്തപക്ഷം വിലപ്പെട്ട തെളിവുകൾ നശിപ്പിക്കപ്പെടും. പിഎസ്സിയിലെ ചില ഉന്നത ഉദ്യോഗസ്ഥർക്കും ഇതിൽ പങ്കുണ്ട്, അവരെയാണ് ഇപ്പോഴത്തെ ചെയർമാനും അംഗങ്ങളും സംരക്ഷിക്കുന്നത്. അവരും അന്വേഷണ പരിധിയിൽ വരണം.
അഭിമുഖങ്ങളിൽ മാർക്ക് നൽകുന്നതിൽ കൃത്യമായ മാനദണ്ഡങ്ങളുള്ളതിനാൽ അവിടെ തിരിമറികൾക്ക് പരിമിതികളുണ്ട്. അതിനാൽ നിലവിലെ അഴിമതികൾ നടപ്പിലാക്കുന്നത് ചോദ്യപേപ്പർ തയാറാക്കുന്ന ഘട്ടത്തിൽ തന്നെയാണെന്ന് വ്യക്തമാണ്. ചെയർമാനും കൺട്രോളറുമാണ് ചോദ്യപേപ്പറുകൾ പരിശോധിക്കുന്നത്. സിപിഎമ്മിന്റെ പോഷക സംഘടനയിൽ നിന്നാണ് ചോദ്യപേപ്പർ തയാറാക്കുന്നവരെ തെരഞ്ഞെടുക്കുന്നത്.
ഭരണകക്ഷിയോട് ആഭിമുഖ്യമുള്ളവർക്ക് ചോദ്യപേപ്പറുകൾ ചോർത്തിനൽകാനുള്ള സാധ്യതകളുണ്ട്. പ്ലാനിംഗ് ബോർഡ് പരീക്ഷയിൽ ചില ചോദ്യങ്ങൾ മൂല്യനിർണയത്തിൽ ഒഴിവാക്കി പാർട്ടി പ്രവർത്തകർക്ക് ഉയർന്ന മാർക്ക് നൽകാൻ ശ്രമം നടന്നു. എന്നാൽ, നീതിക്കുവേണ്ടി അടിയുറച്ചുനിന്ന് വിവരാവകാശ നിയമം മുഖേന പോരാട്ടം നടത്തിയ ഉദ്യോഗാർഥിയാണ് അവസാനം ഒന്നാം റാങ്ക് നേടിയത്.
വിവരാവകാശം നിഷേധിച്ച് പിഎസ്സി നടത്തിയ പ്രതിരോധങ്ങളെ തകർത്ത് മുഖ്യ വിവരാവകാശ കമ്മിഷണർ വരെ നീണ്ടുനിന്ന നിയമപോരാട്ടത്തിലൂടെയാണ് അർഹതപ്പെട്ടയാൾക്ക് ഒന്നാം റാങ്ക് ലഭിച്ചത്. ഇതുപോലെ മറ്റ് റാങ്ക് ലിസ്റ്റുകളിലും അഴിമതികൾ നടന്നിട്ടുണ്ടാകാം. നിലവിലുള്ള ചെയർമാനെയും അംഗങ്ങളെയും നീക്കം ചെയ്ത് സമഗ്രമായ അന്വേഷണം നടത്തിയാൽ മാത്രമേ ഈ സത്യങ്ങൾ പുറത്തുവരൂ.
സമൂല അഴിച്ചുപണി വേണം
യൂണിവേഴ്സിറ്റി വൈസ് ചാൻസലർമാരേക്കാൾ ഉയർന്ന ശമ്പളമാണ് പിഎസ്സി ചെയർമാനും അംഗങ്ങളും കൈപ്പറ്റുന്നത്. അതിനാൽ ഈ പദവികളിലേക്കുള്ള നിയമനം കൃത്യമായ മാനദണ്ഡങ്ങളുടെയും യോഗ്യതകളുടെയും അടിസ്ഥാനത്തിലായിരിക്കണം. വർഷങ്ങൾക്ക് മുമ്പ് പിഎസ്സി നിയമങ്ങൾ രൂപീകരിച്ചപ്പോൾ പ്രഗത്ഭരായ വ്യക്തികളെ നിയമിക്കണമെന്നാണ് വ്യവസ്ഥ ചെയ്തിരുന്നതെങ്കിലും, പിഎസ്സി ആക്ടിൽ ‘പ്രാഗത്ഭ്യം’ എന്താണെന്ന് വ്യക്തമായി നിർവചിച്ചിട്ടില്ല. അതിനാൽ പിഎസ്സി ആക്ടിൽ സമൂലമായ അഴിച്ചുപണി ആവശ്യമാണ്.
രാഷ്ട്രീയ ആഭിമുഖ്യം മാത്രം നോക്കി സത്യസന്ധത ഇല്ലാത്ത രാഷ്ട്രീയ ഭിക്ഷാംദേഹികളെ ചെയർമാനും മെമ്പർമാരുമായി നിയമിക്കുന്ന സമ്പ്രദായം അവസാനിപ്പിക്കണം. കേരളത്തിലെ ലക്ഷക്കണക്കിന് യുവാക്കളായ ഉദ്യോഗാർഥികളുടെ അവസാനത്തെ ആശ്രയമായ പബ്ലിക് സർവീസ് കമ്മിഷനെ ശുദ്ധീകരിക്കാനും കുറ്റക്കാർക്കെതിരേ യാതൊരു ദാക്ഷിണ്യവുമില്ലാതെ ശക്തമായ നിയമനടപടി സ്വീകരിക്കാനും രാഷ്ട്രപതി അനുവാദം നൽകുകയും ഒപ്പം സംസ്ഥാന സർക്കാർ പൊലിസ് അന്വേഷണം അടിയന്തരമായി പൂർത്തിയാക്കുകയുമാണ് വേണ്ടത്.
(സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ചെയർമാനാണ് ലേഖകൻ)
Tags : #PSC Deepika DeepikaNewspaper BreakingNews NewsUpdate Corruption and the Manipulation Rank Lists at the PSC