പ്രതീകാത്മക ചിത്രം - എഐ
‘ദൈവം വിചാരിച്ചാലും സാങ്കേതികവിദ്യയെ തടയാനാകില്ല’ എന്നത് പഴഞ്ചൊല്ലുപോലെ പലരും പറയുന്ന കാര്യമാണ്. പുതിയ ടെക്നോളജികൾ വരുമ്പോൾ എന്താകും എന്നതു സംബന്ധിച്ച് നമുക്ക് എപ്പോഴും ആശങ്കയുണ്ടാകും. എന്നാൽ പലപ്പോഴുമതിന് യാതൊരു അടിസ്ഥാനവുമില്ലതാനും.
2500 വർഷം മുമ്പ് എഴുത്തുവിദ്യക്കു തുടക്കം കുറിച്ചപ്പോൾ പ്രസിദ്ധ തത്വചിന്തകനായ സോക്രട്ടീസ് പറഞ്ഞത് ഇതു നമ്മുടെ ഓർമശക്തിയെ ബാധിക്കും എന്നാണ്.
1454 എഡിയിൽ പ്രിന്റിംഗ് പ്രസിന്റെ ആവിഷ്കാരമുണ്ടായപ്പോൾ റോമിലെ വൈദികർ പറഞ്ഞത്, ബൈബിൾ എഴുതപ്പെട്ടാൽ അതിന്റെ പൊരുളും പരിശുദ്ധിയും ദൈവികതയും നഷ്ടപ്പെട്ടുപോകും എന്നാണ്. എന്നാൽ അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല.
1589 എഡിയിൽ യന്ത്രങ്ങൾ കണ്ടുപിടിക്കപ്പെട്ടപ്പോൾ ഇംഗ്ലണ്ടിലെ രാജ്ഞി പറഞ്ഞത്, യന്ത്രങ്ങൾ തൊഴിലില്ലായ്മ വർധിപ്പിക്കുമെന്നാണ്. പക്ഷേ കാര്യമായിട്ടൊന്നും സംഭവിച്ചിട്ടില്ല എന്നു മാത്രമല്ല, ജോലികൾ കൂടിയതേയുള്ളൂ. പ്രസിദ്ധ സാമ്പത്തിക വിദഗ്ധൻ റോബർട്ട് കീൻ 1930ൽ പറഞ്ഞതും ടെക്നോളജി തൊഴിലവസരങ്ങൾ നഷ്ടപ്പെടുത്തുമെന്നാണ്.
1960ൽ കംപ്യൂട്ടർ നിലവിൽ വന്നപ്പോഴും തൊഴിൽ നഷ്ടപ്പെടുമെന്ന ആശങ്കയുണ്ടായി. അന്നും ഒന്നും സംഭവിച്ചിട്ടില്ല. മനുഷ്യന്റെ ഇടപെടലുകൾ കുറഞ്ഞ അളവിൽ മാത്രം ഉൾക്കൊണ്ട് ജോലികൾ ചെയ്യുന്നതിനുള്ള സാങ്കേതികവിദ്യ (ഓട്ടോമേഷൻ) 2000ൽ വന്നപ്പോഴും നമ്മൾ ഇതൊക്കെത്തന്നെ പറഞ്ഞു.
ഇപ്പോഴിതാ 2025ൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കടന്നുവരുമ്പോൾ ‘അയ്യോ മനുഷ്യന്റെ ജോലി നഷ്ടപ്പെട്ടുപോകുമേ’ എന്ന നിലവിളി വീണ്ടും ഉയരുന്നു. എഐ ഒരുപാട് ആശങ്കകൾ ഉണ്ടാക്കുന്നുണ്ട് എന്നതിന് അടിസ്ഥാനമുണ്ടോ എന്നു പരിശോധിക്കാം. എഐ എൻട്രി ലെവലിലെ ചില തൊഴിലവസരങ്ങൾ തീർച്ചയായും നഷ്ടപ്പെടുത്തിയേക്കാം. അതായത്, കസ്റ്റമർ സർവീസിൽ 70 ശതമാനം ജോലി കുറയും. കംപ്യൂട്ടർ പ്രോഗ്രാമിംഗിൽ 75 ശതമാനം കുറയും, ഡാറ്റ എൻട്രി ഓപ്പറേഷൻ 68 ശതമാനം കുറയും, മെഡിക്കൽ റിക്കാർഡ്സ് എൻട്രിയിൽ 67 ശതമാനം കുറയും അങ്ങനെ വിവിധ മേഖലയിൽ തളർച്ചയുണ്ടാകുമെന്നത് യഥാർഥ്യമാണ്.
പക്ഷേ, ഇക്കാര്യത്തിൽ മറ്റൊരു കാഴ്ചപ്പാടാണ് എനിക്കുള്ളത്. എഐ സാങ്കേതികവിദ്യ ഇന്ത്യയിൽ ലക്ഷക്കണക്കിനു തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നു ഞാൻ ഉറച്ചുവിശ്വസിക്കുന്നു. അതെങ്ങനെയെന്നു പരിശോധിക്കാം. ഒന്നാമതായി പറയാനുള്ളത് 10 ലക്ഷം മുതൽ 15 ലക്ഷം വരെയുള്ള എൻജിനിയർമാർക്ക് ഡാറ്റാ സെന്ററുമായി ബന്ധപ്പെട്ട തൊഴിലവസരങ്ങൾ തുറന്നുകിട്ടും. മൈക്രോസോഫ്റ്റ്, ഗൂഗിൾ, ആമസോൺ തുടങ്ങി പല കമ്പനികളുടേതുമായി 250ൽപരം ഡാറ്റാ സെന്ററുകൾ ഇന്ത്യയിൽ വരാൻ പോവുകയാണ്. ഡാറ്റ സെന്ററിന്റെ കൂളിംഗ് പ്ലാൻ ഉണ്ടാക്കാനുള്ള എൻജിനിയർമാർ, അതിനകത്തെ എഐ മാനേജ് ചെയ്യാനുള്ള എൻജിനിയർമാർ തുടങ്ങി ഏകദേശം 11 ലക്ഷത്തോളം പേരെ നമുക്ക് ആവശ്യമായി വരുമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
എൻജിനിയർമാരുടെ ജോലി ഒരു സോഫ്റ്റ്വേറിനുവേണ്ടി മാത്രമാണെന്നാണ് നമ്മൾ ഇതുവരെ ധരിച്ചിരുന്നത്. ഇപ്പോൾ എഐയിൽനിന്നുണ്ടാകുന്ന മെഷീനുകൾ, പുതിയ മൈക്രോ ചിപ്പ് നിർമാണം, റോബോട്ട് നിർമാണം, ഡ്രോൺ നിർമാണം തുടങ്ങിയ മേഖലകളിൽ ലക്ഷക്കണക്കിന് ഹാർഡ്വേർ എൻജിനിയർമാരുടെ ആവശ്യം വരാൻ പോവുകയാണ്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എൻജിനിയർമാർ, എഐ ഇലക്ട്രീഷ്യന്മാർ, എച്ച്ബിഎസി എക്സ്പേർട്ടുകൾ, ഗ്രിഡ് എൻജിനിയർമാർ, സ്ട്രെസ് മാനേജേഴ്സ്, എത്തിക്കൽ കൺസൾട്ടന്റ്സ്, അൽഗോരിതം ഉണ്ടാക്കാനുള്ള എൻജിനിയർമാർ അങ്ങനെ നമുക്ക് താങ്ങാൻ പറ്റാത്ത രീതിയിൽ എൻജിനിയർമാരുടെ ആവശ്യം ഹാർഡ്വേർ മേഖലയിൽതന്നെ വരുന്നു.
ഈ മേഖലയിലെ പ്രഗത്ഭനായ ജെസ്പിത ബിന്ദ്ര പറയുന്നത്, എൻജിനിയറിംഗ് കോളജുകൾക്കു പകരം കൂടുതൽ ഐഐടികളും ഐഐഎമ്മുകളും പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊണ്ടുവരാനാണ് ശ്രദ്ധിക്കേണ്ടത് എന്നാണ്. എങ്കിൽ മാത്രമേ ഡേറ്റാ സെന്ററിനാവശ്യമായ കൂടുതൽ വിദഗ്ധരെ സൃഷ്ടിക്കാൻ പറ്റൂ.
1900ൽ ഇന്ത്യയിൽ ഓഫിസ് സ്പേയ്സ് ഒരു കോടി ചതുരശ്ര അടിയായിരുന്നത് 1960ൽ അഞ്ചുകോടിയായി. 2005ൽ 19 കോടിയും 2025ൽ എഐ കമ്പനികളുടെ വരവോടെ 92 കോടി ചതുരശ്ര അടിയും ആയി അതു മാറി. 125 വർഷംകൊണ്ട് 100 ശതമാനം വർധനയാണുണ്ടായത്. ഇന്ത്യയിൽ വിവിധ മേഖലയിൽ 1860ൽ ഒരു ലക്ഷം തൊഴിലാളികളുണ്ടായിരുന്നു.1900ൽ അത് 10 ലക്ഷമായി. ഇപ്പോൾ കംപ്യൂട്ടർ സോഫ്റ്റ്വേർ മേഖലയിൽ മാത്രം 2000 മുതൽ 10 ലക്ഷമുണ്ടായിരുന്നത് 2015ൽ 37 ലക്ഷവും 2022ൽ 51 ലക്ഷവും ആയിത്തീർന്നു.
എഐ ഹയറിംഗിൽ ഇപ്പോൾ പറയുന്നത് 2019ൽ 48,000 ആളുകളുണ്ടായിരുന്ന സ്ഥാനത്ത് 2026ൽ നാലു ലക്ഷത്തിലേക്ക് എത്തിയെന്നാണ്. 2030 ആകുമ്പോഴേക്കും 100 കോടി സ്ക്വയർ ഫീറ്റ് ഓഫീസ് സംവിധാനമാണ് നമുക്ക് ആവശ്യമായി വരുന്നതെന്ന് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ സോഫ്റ്റ്വേർ കമ്പനികളും ഹാർഡ്വേർ കമ്പനികളും മുഖേന ഇന്ത്യയിൽ ഒരുകോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടാൻ പോവുകയാണ് എന്നതാണ് നമ്മൾ മനസിലാക്കേണ്ടത്. എന്നിട്ടും ജോലികൾ കുറയും എന്ന മുറവിളി എന്തുകൊണ്ടാണെന്നു മനസിലാകുന്നില്ല.
ഇപ്പോൾ ലോകത്തിൽ ഒന്നാമതായ ആമസോൺ, മൈക്രോസോഫ്റ്റ്, ഓപ്പൺ എഐ, ആന്ത്രോപിക്സ്, ടെസ്ല, മറ്റ് ക്ലൗഡ് കംപ്യൂട്ടിംഗുകൾ തുടങ്ങിയവ ഇന്ത്യയിൽ വരുന്നതുകൊണ്ട് ഇന്ത്യക്കാർക്ക് പേടിക്കാനൊന്നുമില്ല എന്നു മാത്രമല്ല, അവരെ സ്വീകരിക്കുകയാണു വേണ്ടത്. എന്നാൽ നമ്മൾ ചെയ്യേണ്ട ചില പ്രധാന കാര്യങ്ങളുണ്ടുതാനും. നമ്മുടെ കുഞ്ഞുങ്ങളെ ഡിഗ്രിയോ പിജിയോ പഠിപ്പിക്കുമ്പോൾ അതിനൊപ്പം എഐ സാങ്കേതികവിദ്യയുംകൂടി അഭ്യസിപ്പിക്കണം.
ഒരേസമയം പല ഡിഗ്രി എടുക്കാനുള്ള അവസരം ഇപ്പോഴുണ്ട്. എഐ പഠനം ഓൺലൈൻ ആയോ അല്ലാതെയോ ഡിപ്ലോമ സർട്ടിഫിക്കറ്റ് കോഴ്സുകളായോ സ്കൂൾ പഠനകാലം മുതൽ കുട്ടിയുടെ കഴിവനുസരിച്ച് ചെറിയ രീതിയിൽ തുടങ്ങിയാൽ ഭാവിയിൽ അത് വലിയൊരു കാര്യമായിത്തീരും എന്നതിൽ സംശയം വേണ്ട. എഐ വിസ്മയങ്ങളിൽ മിഴിച്ചുനില്ക്കാതെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന വിശാല ലോകത്തിന്റെ നെറുകയിൽ നമ്മുടെ കുട്ടികളും എത്തിച്ചേരട്ടെ!
Tags : Jobs AI Arrival Increase Technology Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash