പാരീസിലെ ലൂവ്റ് മ്യൂസിയത്തിന്റെ പ്രവേശനകവാടം പ്രതിഷേധക്കാര് ഉപരോധിച്ചപ്പോള്.
വ്യത്യസ്ത കാരണങ്ങളാൽ ആരംഭിച്ചതാണെങ്കിലും യൂറോപ്പിലുടനീളം പടരുന്ന പ്രതിഷേധങ്ങൾക്കു പിന്നിൽ സാമ്പത്തിക അസ്ഥിരതയും സർക്കാരുകളോടുള്ള പൊതുജനങ്ങളുടെ അതൃപ്തിയുമാണ് വ്യക്തമാകുന്നത്. അടിച്ചമർത്തലുകൾകൊണ്ടു താത്കാലികമായി അക്രമങ്ങൾ തടയാൻ സാധിച്ചേക്കാമെങ്കിലും ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾക്കു പരിഹാരം കാണാതെ ഈ പ്രതിഷേധങ്ങൾക്ക് ശമനമുണ്ടാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, ഭവന പ്രതിസന്ധി, വിദ്യാഭ്യാസ മേഖലയിലെ ചെലവുകൾ, തകരുന്ന പൊതുസേവനങ്ങൾ എന്നിവയ്ക്കെതിരേയാണു പ്രക്ഷോഭം. ഫ്രാൻസിൽ ഉടലെടുത്ത ശക്തമായ പ്രക്ഷോഭങ്ങൾ സ്പെയിൻ, ഇറ്റലി, ബെൽജിയം, പോർച്ചുഗൽ തുടങ്ങിയ മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കും പടർന്നുപിടിച്ചിരിക്കുകയാണ്. ഇതിനിടെ, ഭരണകൂടത്തിന്റെ അഴിമതിക്കെതിരേയും പ്രധാനമന്ത്രിയുടെ രാജിയാവശ്യപ്പെട്ടും അൽബേനിയയിൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭവും നടക്കുന്നുണ്ട്.
ആദ്യം സമാധാനപരമായി ആരംഭിച്ച പ്രതിഷേധങ്ങൾ പലയിടത്തും പൊലിസുമായുള്ള ഏറ്റുമുട്ടലിലേക്കും അക്രമസംഭവങ്ങളിലേക്കും വഴിതിരിഞ്ഞിരിക്കുന്നു.
ഫ്രാൻസിൽ അക്രമസ്വഭാവം പ്രാപിച്ച് പ്രക്ഷോഭം
വിദ്യാഭ്യാസ ബജറ്റിലെ വെട്ടിക്കുറയ്ക്കലുകൾക്കെതിരേ വിദ്യാർഥികൾ ആരംഭിച്ച പ്രതിഷേധമാണ് ഫ്രാൻസിൽ വൻ ജനകീയ പ്രക്ഷോഭമായി മാറിയത്. വിലക്കയറ്റവും ജീവതച്ചെലവുകളും കാരണം വലയുന്ന സാധാരണക്കാരും തൊഴിലാളി യൂണിയനുകളും പ്രക്ഷോഭത്തിൽ പങ്കുചേർന്നതോടെ ശനിയാഴ്ചയും ഞായറാഴ്ചയും രാജ്യവ്യാപകമായി അഞ്ചര ലക്ഷത്തോളം ആളുകൾ തെരുവിലിറങ്ങി. തലസ്ഥാനമായ പാരീസിൽ മാത്രം ഒരു ലക്ഷത്തിലധികം പേർ പ്രതിഷേധത്തിൽ പങ്കെടുത്തു.
സമാധാനപരമായ പ്രകടനങ്ങൾക്കിടയിൽ കടകൾ കൊള്ളയടിക്കപ്പെടുകയും പൊതുമുതലുകൾക്ക് തീയിടുകയും ചെയ്തു. ലിമോഗെസിലെ ടൗൺ ഹാളിന്റെ ക്ലോക്ക് ടവർ തീപിടിത്തത്തിൽ പൂർണമായി നശിച്ചു. ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇതുവരെ 2,400ഓളം പേരെ പൊലിസ് അറസ്റ്റ് ചെയ്യുകയും ആയിരത്തോളം പൊലിസുകാർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സമാധാനപരമായി നടന്ന പ്രക്ഷോഭം തീവ്രവാദസംഘടനകളും വിധ്വംസക ശക്തികളും മുതലെടുക്കുന്നതായി തെളിവുകൾ നിരത്തി സർക്കാർ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തിന്റെ പൊതു കടം ജിഡിപിയുടെ 119 ശതമാനത്തിലേക്ക് ഉയർന്ന പശ്ചാത്തലത്തിൽ, ബജറ്റിൽ വരുത്താൻ പോകുന്ന വെട്ടിക്കുറയ്ക്കലുകൾ സാധാരണക്കാരെ കൂടുതൽ ദുരിതത്തിലാക്കുമെന്നാണ് പ്രക്ഷോഭകരുടെ ഭയം.
2018ൽ ഇന്ധന നികുതിക്കെതിരേ രംഗത്തുവന്ന ‘യല്ലോ വെസ്റ്റ്’ പ്രസ്ഥാനത്തിന്റെ സാന്നിധ്യവും നിലവിലെ പ്രതിഷേധങ്ങളിൽ പ്രകടമാണ്.
ഇറ്റലിയിലും ബെൽജിയത്തിലും പൊലിസുമായി ഏറ്റുമുട്ടൽ
ഇറ്റലിയിലെ മിലാൻ, ബൊളോഞ്ഞ, ബ്രെസിയ, ബെർഗാമോ, ടൂറിൻ എന്നീ നഗരങ്ങളിൽ ശനി, ഞായർ ദിവസങ്ങളിൽ പ്രക്ഷോഭകർ തെരുവിലിറങ്ങി. മിലാനിൽ മാസ്ക് ധരിച്ചെത്തിയ പ്രക്ഷോഭകർ കടകളുടെ ചില്ലുകൾ തകർക്കുകയും മാലിന്യക്കൂമ്പാരങ്ങൾക്ക് തീയിടുകയും ചെയ്തു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലിസ് കണ്ണീർവാതകവും ജലപീരങ്കിയും ഉപയോഗിച്ചു. സംഭവത്തിൽ നിരവധി പേർ അറസ്റ്റിലായിട്ടുണ്ട്. സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി ജോർജിയ മെലോണി അടിയന്തര യോഗം വിളിച്ചുചേർത്തു.
ബെൽജിയത്തിൽ ഉന്നതവിദ്യാഭ്യാസ മേഖലയിലെ ചെലവുകൾ വർധിക്കുന്നതിനെതിരേ വിദ്യാർഥികളാണ് പ്രധാനമായും പ്രതിഷേധിക്കുന്നത്. തലസ്ഥാനമായ ബ്രസൽസിലും ലീജ് നഗരത്തിലും നടന്ന പ്രകടനങ്ങൾക്കുനേരേ പൊലിസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു.
ഭവന പ്രതിസന്ധിയിൽ കത്തിയമർന്ന് പോർച്ചുഗലും സ്പെയിനും
പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബണിൽ പതിനായിരക്കണക്കിന് ആളുകളാണ് ജീവിതച്ചെലവിനും ഭവന പ്രതിസന്ധിക്കുമെതിരേ തെരുവിലിറങ്ങിയത്. 2017ന് ശേഷം രാജ്യത്ത് വീടുകളുടെ വില ഇരട്ടിയിലധികമായി ഉയർന്നു. വാടക നിരക്കിലും വൻ വർധനവാണുണ്ടായിട്ടുള്ളത്. വരുമാനത്തിന്റെ ഭൂരിഭാഗവും വാടകയ്ക്കും ഭക്ഷണത്തിനും ഇന്ധനത്തിനുമായി ചെലവഴിക്കേണ്ടിവരുന്നത് ജീവിതം ദുഃസഹമാക്കുന്നുവെന്ന് പ്രക്ഷോഭകർ ചൂണ്ടിക്കാണിക്കുന്നു. സെപ്റ്റംബറിൽ രാജ്യത്തെ പണപ്പെരുപ്പം 3.6 ശതമാനമായി ഉയർന്നിരുന്നു.
വാടക കൂട്ടുന്നതിനും ഒഴിപ്പിക്കലുകൾക്കുമെതിരേ ശക്തമായ നിയമനിർമാണം നടത്താൻ സർക്കാരിനു സാധിക്കാത്തതിനെത്തുടർന്നാണു സ്പെയിനിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. മാഡ്രിഡ്, വലൻസിയ, ബാഴ്സലോണ ഉൾപ്പടെയുള്ള പ്രധാന നഗരങ്ങളിൽ അരലക്ഷത്തോളം ആളുകൾ പങ്കെടുത്ത 50ഓളം മാർച്ചുകളാണ് നടന്നത്.
വാടക വർധന താങ്ങാനാകാത്തതിനെത്തുടർന്ന് കഴിഞ്ഞ മാസം 87 വയസുള്ള മാരികാർമെൻ അബാസ്കൽ എന്ന വൃദ്ധയെ വസതിയിൽനിന്ന് ഒഴിപ്പിച്ചതാണ് രാജ്യത്തുടനീളം ജനരോഷം ആളിക്കത്തിച്ചത്. പ്രതിഷേധങ്ങൾ തണുപ്പിക്കുന്നതിനായി പ്രധാനമന്ത്രി പെദ്രോ സാഞ്ചസിന്റെ ന്യൂനപക്ഷ സഖ്യ സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച അടിയന്തര നിയമനിർമാണ നിർദേശങ്ങൾ പരാജയപ്പെട്ടു. പ്രതിപക്ഷ കക്ഷികളായ പീപ്പിൾസ് പാർട്ടിയും വോക്സും കൂടാതെ കാറ്റലൻ പ്രാദേശികകക്ഷിയായ ‘ടുഗെദർ ഫോർ കാറ്റലോണിയ’യും ബില്ലിനെതിരേ വോട്ട് ചെയ്തതോടെയാണു പ്രധാനമന്ത്രിക്ക് തിരിച്ചടിയുണ്ടായത്.
പാർലമെന്റിലെ പരാജയത്തോടെ അടുത്ത വേനൽക്കാലത്ത് നടക്കേണ്ട പൊതുതെരഞ്ഞെടുപ്പ് നേരത്തേയാക്കി അടുത്തമാസം 29ന് പ്രഖ്യാപിച്ചിരിക്കുകയാണ്.
സ്പെയിനിൽ നിലവിൽ ഏഴു ലക്ഷം വീടുകളുടെ കുറവുണ്ടെന്നാണ് ബാങ്ക് ഓഫ് സ്പെയിനിന്റെ കണക്ക്. കഴിഞ്ഞ ഒരു വർഷത്തിനിടെ വീടുകളുടെ വില 12.2 ശതമാനവും വാടകനിരക്ക് ശരാശരി 8.5 ശതമാനവും വർധിച്ചു.
ബാഴ്സലോണയിലും മാഡ്രിഡിലുമാണ് ഏറ്റവും ഉയർന്ന വാടകനിരക്കുള്ളത്. മാഡ്രിഡിൽ ഒറ്റ മുറി അപ്പാർട്ട്മെന്റിന് 72,000 മുതൽ ഒരു ലക്ഷം രൂപ വരെയാണു പ്രതിമാസ വാടക.
ഭരണമാറ്റം ആവശ്യപ്പെട്ട് അൽബേനിയ
മറ്റു യൂറോപ്യൻ രാജ്യങ്ങളിൽനിന്നു വ്യത്യസ്തമായി അൽബേനിയയിൽ രാഷ്ട്രീയപരമായ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം ശക്തമാകുന്നത്. പ്രധാനമന്ത്രി എഡി രാമ രാജിവയ്ക്കണമെന്നാണ് പ്രക്ഷോഭകരുടെ പ്രധാന ആവശ്യം.
ഭരണകൂടത്തിലെ അഴിമതി, തൊഴിലില്ലായ്മ, തകരുന്ന വിദ്യാഭ്യാസ നിലവാരം എന്നിവയ്ക്കെതിരേ അൽബേനിയൻ തലസ്ഥാനമായ ടിറാനയിൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ തുടർച്ചയായ ആറാം ദിവസവും വൻ പ്രതിഷേധം നടന്നു. എന്നാൽ രാജി ആവശ്യങ്ങൾ പ്രധാനമന്ത്രി എഡി രാമ തള്ളി.
പാരീസ്: വിദ്യാർഥികളും തൊഴിലാളികളും തങ്ങളുടെ ന്യായമായ ആവശ്യങ്ങൾക്കായി ആരംഭിച്ച സമാധാനപരമായ പ്രക്ഷോഭങ്ങളിലേക്കാണ് തീവ്രസ്വഭാവമുള്ള സംഘടനകളും വിനാശകരമായ ശക്തികളും നുഴഞ്ഞുകയറിയത്.
ഫ്രാൻസിലെയടക്കം പ്രക്ഷോഭങ്ങളിൽ ‘ബ്ലാക്ക് ബ്ലോക്സ്’ പോലുള്ള അരാജകവാദ ഗ്രൂപ്പുകളും മുഖംമൂടി ധരിച്ച തീവ്രവാദികളും ബോധപൂർവം പ്രശ്നങ്ങൾ സൃഷ്ടിച്ചു. സമാധാനപരമായ പ്രകടനങ്ങളുടെ മറവിൽ കടകൾ കൊള്ളയടിക്കുക, ടൗൺ ഹാളുകൾക്ക് തീയിടുക, പൊതുമുതലുകൾ നശിപ്പിക്കുക എന്നിവയായിരുന്നു ഈ വിധ്വംസക ശക്തികളുടെ ലക്ഷ്യം.
ന്യായമായ സമരങ്ങളുടെ മുഖംമൂടിയിട്ട് അക്രമം അഴിച്ചുവിടുന്ന ഇത്തരം തീവ്രസ്വഭാവമുള്ള സംഘടിത ശൃംഖലകളെയും അരാജകവാദികളെയും അമർച്ച ചെയ്യുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം വിധ്വംസക ശക്തികളെ പ്രാരംഭത്തിൽ തടയുന്നതിൽ അധികാരികൾ പരാജയപ്പെട്ടുവെന്ന് വിലയിരുത്തപ്പെടുന്നുണ്ടെങ്കിലും സമരങ്ങളുടെ പവിത്രത തകർക്കുന്നവരെ വച്ചുപൊറുപ്പിക്കില്ലെന്ന നിലപാടിലാണ് ഭരണകൂടം.
യഥാർഥ ജനകീയ പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ ശ്രമിക്കുന്നതിനൊപ്പം, സമാധാനപരമായ പ്രക്ഷോഭങ്ങളെ അട്ടിമറിക്കുന്ന ഇത്തരം വിധ്വംസക ശക്തികളെ സമരങ്ങളിൽനിന്ന് വേർതിരിച്ചു കാണേണ്ടതും അടിച്ചമർത്തേണ്ടതും നിയമവ്യവസ്ഥയുടെയും സർക്കാരിന്റെ യും മുന്നിലുള്ള വലിയ വെല്ലുവിളിയാണ്.

യൂറോപ്യൻ യൂണിയനിലെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയായ ഫ്രാൻസ്, സമീപകാല ചരിത്രത്തിലെ ഏറ്റവും കടുത്ത രാഷ്ട്രീയ-സാമൂഹിക പ്രക്ഷോഭങ്ങളിലൂടെയാണ് കടന്നുപോകുന്നത്.
സ്കൂളുകളിലെ മോശം സാഹചര്യങ്ങൾക്കും ഉയർന്ന ജീവിതച്ചെലവിനുമെതിരേ വിദ്യാർഥികൾ ആഴ്ചകൾക്കുമുമ്പ് ആരംഭിച്ച പ്രതിഷേധങ്ങൾ, പിന്നീട് രാജ്യത്തെ സാധാരണ ജനങ്ങളും ഏറ്റെടുക്കുകയായിരുന്നു. സമാധാനപരമായ പ്രക്ഷോഭമായി തുടങ്ങിയ സമരത്തിലേക്ക് അവസരവാദികളും ക്രിമിനൽ സംഘങ്ങളും നുഴഞ്ഞുകയറിയതോടെ ഇതു വലിയതോതിലുള്ള അക്രമങ്ങളിലും കൊള്ളയടിക്കലുകളിലും കലാശിച്ചു.
കേവലം ക്രമസമാധാന പ്രശ്നം എന്നതിലുപരി, പതിറ്റാണ്ടുകളായുള്ള സാമ്പത്തിക നയവൈകല്യങ്ങളുടെയും അനിയന്ത്രിതമായ കുടിയേറ്റ പ്രതിസന്ധിയുടെയും ദുരന്തഫലമാണ് ഫ്രാൻസ് ഇന്ന് അനുഭവിക്കുന്നത്. സാമ്പത്തിക അച്ചടക്കം പാലിക്കാനും അതിർത്തി സുരക്ഷ വർധിപ്പിച്ച് രാജ്യത്ത് നിയമവാഴ്ച പൂർണമായി ഉറപ്പാക്കാനും സർക്കാരിനു സാധിച്ചില്ലെങ്കിൽ, യൂറോപ്പിലെതന്നെ ഏറ്റവും ശക്തമായ ഈ ജനാധിപത്യരാജ്യം കൂടുതൽ വലിയ അസ്ഥിരതകളിലേക്ക് നീങ്ങുമെന്നതിൽ സംശയമില്ല.
അടിയന്തര നടപടിയുമായി സർക്കാർ
ജനരോഷം ശക്തമായതോടെ സർക്കാര് വിട്ടുവീഴ്ചയ്ക്കു തയാറാകുകയും നയങ്ങൾ തിരുത്താൻ നിർബന്ധിതരാകുകയും ചെയ്തിരിക്കുകയാണ്. പ്രക്ഷോഭരംഗത്തുള്ള വിദ്യാർഥികളുമായും ട്രേഡ് യൂണിയൻ പ്രതിനിധികളുമായും ഈയാഴ്ച ചർച്ച ആരംഭിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വ്യക്തമാക്കിയിട്ടുണ്ട്. 3,000 താത്കാലിക അധ്യാപകരെക്കൂടി നിയമിക്കുമെന്നും സർവകലാശാല രജിസ്ട്രേഷൻ ഫീസ് വർധിപ്പിക്കാനുള്ള തീരുമാനം പിൻവലിക്കുമെന്നും ഫ്രഞ്ച് സർക്കാർ അറിയിച്ചു. ഇന്ധന സബ്സിഡി വർധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.
അനധികൃത കുടിയേറ്റം സൃഷ്ടിക്കുന്ന വൻ പ്രതിസന്ധി
സമാധാനപരമായ പ്രതിഷേധങ്ങളുടെ മറവിൽ നടന്ന വ്യാപക അക്രമങ്ങളും കൊള്ളയടിക്കലുകളും ഫ്രാൻസിനെ കടുത്ത സുരക്ഷാ-രാഷ്ട്രീയ പ്രതിസന്ധിയിലേക്കാണ് തള്ളിയിട്ടിരിക്കുന്നത്. പണപ്പെരുപ്പവും നികുതിഭാരവും സാധാരണക്കാരുടെ നിത്യജീവിതം ദുഃസഹമാക്കിയിരിക്കുന്നു. പശ്ചിമേഷ്യൻ സംഘർഷവും റഷ്യ-യുക്രെയ്ൻ യുദ്ധവും തീർത്ത ഇന്ധന പ്രതിസന്ധിയും ഇതിന് ആക്കം കൂട്ടി.
നഗരങ്ങളിൽ വീടുകൾ കിട്ടാനില്ലാത്തതും വാടക കുത്തനേ ഉയർന്നതും ജനങ്ങളിൽ അമർഷം വർധിപ്പിച്ചു. കുടിയേറ്റക്കാരുടെ തള്ളിക്കയറ്റമാണ് ഇതിനു പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.
ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മയും വയോജന സംരക്ഷണത്തിനായി കൂടുതൽ പണം ചെലവഴിക്കുമ്പോൾ യുവാക്കളെ അവഗണിക്കുന്നുവെന്ന ആക്ഷേപവും ശക്തമാണ്. പ്രതിഷേധങ്ങളുടെ മറവിൽ അക്രമങ്ങൾ അഴിച്ചുവിട്ടവരിൽ നല്ലൊരു പങ്കും അനധികൃത കുടിയേറ്റക്കാരോ അഭയാർഥികളോ ആണെന്ന റിപ്പോർട്ടുകൾ വിഷയം കൂടുതൽ സങ്കീർണമാക്കുന്നു.
പാരീസ് നഗരപ്രാന്തങ്ങളിൽ കുടിയേറ്റക്കാർ കൂടുതലായി അധിവസിക്കുന്ന മേഖലകൾ പൊലിസിനുപോലും പ്രവേശിക്കാൻ മടിയുള്ള ഭീഷണിയുയർത്തുന്ന പ്രദേശങ്ങളായി മാറിയിരിക്കുന്നു. പ്രക്ഷോഭങ്ങൾക്കു പിന്നിൽ ചില തീവ്രവാദ ഗ്രൂപ്പുകളുണ്ടെന്ന് സംശയിക്കപ്പെടുന്നു. പ്രതിഷേധങ്ങളിൽ ചിലർ ഇസ്ലാമിക, കമ്മ്യൂണിസ്റ്റ് പതാകകൾ ഏന്തിയത് സുരക്ഷാ ഏജൻസികൾ നിരീക്ഷിച്ചുവരികയാണ്.
രാഷ്ട്രീയ പ്രത്യാഘാതങ്ങൾ
അടുത്ത വർഷം ഭരണകാലാവധി അവസാനിക്കാനിരിക്കുന്ന മാക്രോൺ സർക്കാരിന് കടുത്ത രാഷ്ട്രീയ വെല്ലുവിളിയാണ് ഈ പ്രക്ഷോഭം ഉയർത്തിയിരിക്കുന്നത്. ബജറ്റ് ചുരുക്കലുകളും സാമ്പത്തിക നിയന്ത്രണങ്ങളും നടപ്പിലാക്കാൻ സർക്കാർ ശ്രമിക്കുമ്പോഴാണ് ഈ ജനരോഷം ഉയർന്നുവന്നിരിക്കുന്നത്.
വരുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഈ സാഹചര്യം തീവ്ര വലതുപക്ഷ നേതാവായ മറീൻ ലെ പെന്നിനും തീവ്ര ഇടതുപക്ഷ നേതാവ് ജീൻ ലൂക് മെലെൻഷോണിനും സർക്കാരിനെതിരേ രാഷ്ട്രീയ ആയുധമാക്കാൻ അവസരമൊരുക്കിയിട്ടുണ്ട്.
Tags : PublicAnger Europe France Italy Portugal Spain Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash