പ്രതീകാത്മക ചിത്രം - എഐ
വിവരത്തിനുള്ള അവകാശം (Right to Information) ഒരു അടിസ്ഥാന മനുഷ്യാവകാശമാണ്. ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(a) അഭിപ്രായപ്രകടനത്തിനും സംസാരത്തിനുമുള്ള സ്വാതന്ത്ര്യം ഉറപ്പുനൽകുന്നു. ഇത് 1948ലെ മനുഷ്യാവകാശങ്ങളുടെ സാർവദേശീയ പ്രഖ്യാപനത്തിലെ ആർട്ടിക്കിൾ 19ന്റെ ആശയവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു.
പാർലമെന്റ് 2005ൽ വിവരാവകാശ നിയമം പാസാക്കി. ഇന്ത്യയിലെ പൗരന്മാർക്ക് വിവരത്തിനുള്ള അവകാശം ഉറപ്പാക്കുകയും പൊതു അധികാരികളുടെ നിയന്ത്രണത്തിലുള്ള വിവരങ്ങളിലേക്ക് ഓരോ പൗരനും പ്രവേശനം സാധ്യമാക്കുകയുമാണ് ലക്ഷ്യം. ഓരോ പൊതു അധികാര സ്ഥാപനത്തിന്റെയും പ്രവർത്തനത്തിൽ സുതാര്യതയും ഉത്തരവാദിത്വവും വളർത്തുക എന്നതും ഈ നിയമത്തിന്റെ ലക്ഷ്യമാണ്. ഭരണഘടനയുടെ കീഴിൽ ഒരു മൗലികാവകാശമായിരുന്ന ‘അറിയാനുള്ള അവകാശം’ വിവരാവകാശ നിയമത്തിലൂടെ നിയമപരമായ അവകാശമായി മാറി. എന്നാൽ, ഒരു മൗലികാവകാശമെന്ന നിലയിൽ വിവരാവകാശത്തിന്റെ വ്യാപ്തി നിയമപരമായ അവകാശത്തേക്കാൾ വളരെ വിശാലമാണ്.
2005ലെ വിവരാവകാശ നിയമം (2005ലെ നിയമം നമ്പർ 22; 2011 ഫെബ്രുവരി 1 വരെ ഭേദഗതികളോടെ) നിർവചിക്കുന്നതുപോലെ, ‘വിവരം’ എന്നതിൽ രേഖകൾ, പ്രമാണങ്ങൾ, മെമ്മോകൾ, ഇ-മെയിലുകൾ, അഭിപ്രായങ്ങൾ, ഉപദേശങ്ങൾ, പത്രക്കുറിപ്പുകൾ, സർക്കുലറുകൾ, ഉത്തരവുകൾ, ലോഗ്ബുക്കുകൾ, കരാറുകൾ, റിപ്പോർട്ടുകൾ, പേപ്പറുകൾ, സാമ്പിളുകൾ, മാതൃകകൾ, ഇലക്ട്രോണിക് രൂപത്തിലുള്ള ഡാറ്റാ സാമഗ്രികൾ എന്നിവ ഉൾപ്പടെ ഏതു രൂപത്തിലുള്ളതുമായ, ഏതു സാമഗ്രിയും ഉൾപ്പെടുന്നു. നിലവിൽ പ്രാബല്യത്തിലുള്ള മറ്റേതെങ്കിലും നിയമപ്രകാരം ഒരു പൊതു അധികാര സ്ഥാപനത്തിന് ലഭ്യമാക്കാൻ കഴിയുന്ന സ്വകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട വിവരങ്ങളും ഇതിൽ ഉൾപ്പെടുന്നു.
അതുപോലെതന്നെ, പൊതുഅധികാര സ്ഥാപനങ്ങളുടെ ബാധ്യതയും നിയമം വ്യക്തമാക്കുന്നു: “ഓരോ പൊതു അധികാര സ്ഥാപനവും അതിന്റെ എല്ലാ രേഖകളും ശരിയായ രീതിയിൽ പട്ടികപ്പെടുത്തുകയും സൂചികപ്പെടുത്തുകയും വേണം. ഈ നിയമപ്രകാരം വിവരാവകാശം വിനിയോഗിക്കാൻ സൗകര്യമാകുന്ന തരത്തിലും രൂപത്തിലുമാകണം അത്. കംപ്യൂട്ടർവത്കരിക്കാൻ അനുയോജ്യമായ എല്ലാ രേഖകളും, വിഭവങ്ങളുടെ ലഭ്യതയ്ക്ക് വിധേയമായി, യുക്തിസഹമായ കാലയളവിനുള്ളിൽ കംപ്യൂട്ടർവത്കരിക്കുകയും രാജ്യത്തുടനീളം വിവിധ സംവിധാനങ്ങളിലൂടെ ഒരു ശൃംഖലയിൽ ബന്ധിപ്പിക്കുകയും വേണം; അങ്ങനെ അത്തരം രേഖകളിലേക്കുള്ള പ്രവേശനം സുഗമമാക്കുകയും വേണം…”
ഇതേ ആശയത്തിന്റെ അടിസ്ഥാനത്തിൽ, വിവരങ്ങൾ ലഭിക്കുന്നതിനുള്ള അപേക്ഷയെക്കുറിച്ചും നിയമം വ്യക്തമാക്കുന്നു:
“ഈ നിയമപ്രകാരം ഏതെങ്കിലും വിവരം ലഭിക്കാൻ ആഗ്രഹിക്കുന്ന ഒരാൾ, നിർദേശിക്കപ്പെട്ട ഫീസ് സഹിതം, ഇംഗ്ലീഷിലോ ഹിന്ദിയിലോ, അപേക്ഷ സമർപ്പിക്കുന്ന പ്രദേശത്തെ ഔദ്യോഗിക ഭാഷയിലോ, എഴുത്തിലൂടെയോ ഇലക്ട്രോണിക് മാർഗത്തിലൂടെയോ അപേക്ഷ നൽകേണ്ടതാണ്. അപേക്ഷ ബന്ധപ്പെട്ട പൊതു അധികാര സ്ഥാപനത്തിലെ കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ, സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ, അല്ലെങ്കിൽ കേന്ദ്ര അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ, സംസ്ഥാന അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ സമർപ്പിക്കാം. ആവശ്യപ്പെടുന്ന വിവരത്തിന്റെ വിശദാംശങ്ങൾ അപേക്ഷയിൽ വ്യക്തമാക്കണം. എന്നാൽ, അത്തരം അപേക്ഷ എഴുത്തിൽ നൽകാൻ കഴിയാത്ത സാഹചര്യത്തിൽ, അപേക്ഷകൻ വാക്കാൽ ആവശ്യപ്പെടുന്ന വിവരങ്ങൾ എഴുത്തിലേക്ക് മാറ്റുന്നതിനാവശ്യമായ എല്ലാ യുക്തിസഹമായ സഹായവും ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ നൽകണം. അപേക്ഷകൻ, വിവരം ആവശ്യപ്പെടുന്നതിന്റെ കാരണം നൽകേണ്ടതില്ല. അപേക്ഷകനുമായി ബന്ധപ്പെടുന്നതിന് ആവശ്യമായ വ്യക്തിഗത വിവരങ്ങൾ ഒഴികെ മറ്റേതെങ്കിലും വ്യക്തിഗത വിവരങ്ങളും നൽകേണ്ടതില്ല.”
ഉയർച്ചയും പരിമിതിയും
ചില വിവരങ്ങൾ വെളിപ്പെടുത്തുന്നത് ഒഴിവാക്കുന്നതുപോലുള്ള പരിമിതികളുടെ പേരിൽ 2005ലെ വിവരാവകാശ നിയമം വിമർശിക്കപ്പെട്ടിട്ടുണ്ട്. ഔദ്യോഗിക രഹസ്യനിയമം, ഇന്ത്യൻ തെളിവ് നിയമം തുടങ്ങിയ മറ്റ് നിയമങ്ങളിലും ചില വിവരങ്ങൾ വെളിപ്പെടുത്താനാകില്ല. ഇതും വിവരാവകാശ നിയമത്തെ പരിമിതപ്പെടുത്തുന്നു. വിവരാവകാശ നിയമം പ്രധാനമായും പൊതുമേഖലയിലായതും ‘അറിയാനുള്ള അവകാശത്തിന്റെ’ മഹത്വം ഒരു പരിധിവരെ കുറഞ്ഞിട്ടുണ്ട്.
പരിമിതികൾക്കപ്പുറം 2005ലെ വിവരാവകാശ നിയമത്തിന്റെ കരുത്തിൽ നമുക്കു ശ്രദ്ധയൂന്നാം. കൂടുതൽ ജനാധിപത്യത്തിനും സ്വയംഭരണത്തിനുമുള്ള നമ്മുടെ ജനാധിപത്യപരമായ പരിശ്രമങ്ങളെയും പോരാട്ടങ്ങളെയും തുടർന്നും ഉണർത്താൻ ഈ നിയമത്തിനു കഴിയട്ടെ.
ധാർമികം, നിയമപരം/ഭരണഘടനാപരം എന്നിങ്ങനെ അവകാശത്തെക്കുറിച്ചുള്ള ഏതു സംവാദത്തിനും രണ്ട് മാനങ്ങളുണ്ട്. ഈ രണ്ട് മാനങ്ങളെയും തുടർച്ചയായി ബന്ധിപ്പിക്കുകയും അവയെ ചോദ്യം ചെയ്യുകയും ചെയ്യുന്ന ശ്രമങ്ങളിലാണ് ജനാധിപത്യത്തിന്റെ മൂല്യം നിലനിൽക്കുന്നത്.
ജനാധിപത്യ അവകാശങ്ങൾ ഭരണഘടനയിലൂടെയും ജനങ്ങളുടെ അവകാശങ്ങൾ സ്വയംഭരണത്തിലൂടെയുമാണ് ലഭിക്കുന്നത്. പാർലമെന്റ്, എക്സിക്യൂട്ടീവ്, ജുഡീഷ്യറി, നാലാം എസ്റ്റേറ്റ്, അഞ്ചാം എസ്റ്റേറ്റ് തുടങ്ങിയ ‘ഏജൻസികൾ’ ജനാധിപത്യ അവകാശങ്ങളെ കൃത്യമായി വ്യാഖ്യാനിക്കുന്നത് അവയെ ജനങ്ങളുടെ അവകാശങ്ങളുമായി ബന്ധിപ്പിക്കാൻ കഴിയുമ്പോഴാണ്.
മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ജനാധിപത്യ അവകാശങ്ങളെ ജനങ്ങളുടെ അവകാശങ്ങളാക്കി മാറ്റുന്നത് ഭരണഘടനാപരവും നിയമപരവും രാഷ്ട്രീയവും സാംസ്കാരികവുമായ സ്ഥാപനവത്കരണത്തിലൂടെയാണ്. സംസാരിക്കാനും കേൾക്കാനുമുള്ള സ്വാതന്ത്ര്യം, അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യം, ഒടുവിൽ വിവിധ സാമൂഹിക തലങ്ങളിൽ ആശയവിനിമയം നടത്താനുള്ള സ്വാതന്ത്ര്യം: ഇവയെല്ലാം ചേർന്ന് വിശാലമായ അർഥത്തിൽ ‘സാമൂഹിക സംവാദത്തിന്റെ സാക്ഷാത്കാരം’ എന്ന് വിളിക്കാവുന്ന ഒന്നായി മാറുന്നു.
നമ്മുടെ കാലത്തെ പ്രമുഖ ചിന്തകനായ ചാൾസ് ടെയ്ലർ നിരീക്ഷിക്കുന്നതുപോലെ, ജനാധിപത്യ അവകാശങ്ങളെ ജനങ്ങളുടെ അവകാശങ്ങളാക്കി മാറ്റുന്ന വിവരാവകാശം സ്വയംഭരണത്തെ സൃഷ്ടിക്കുന്നു. അദ്ദേഹം പറയുന്നു:
“...സ്വയംഭരണം സ്വാതന്ത്ര്യത്തിന്റെ സത്തയുടെ ഭാഗമാണ്; ഉറപ്പാക്കപ്പെടേണ്ടതിന്റെ ഭാഗം തന്നെയാണ് അത്. ... പൗരന്റെ ശേഷിയുടെ അനിവാര്യ ഘടകമാണിത്. ...ഭരിക്കുകയും ഭരിക്കപ്പെടുകയും ചെയ്യുക എന്നതിന്റെ അർഥം, കുറഞ്ഞത് ചില സമയങ്ങളിലെങ്കിലും ഭരണാധികാരികൾ ‘അവർ’ മാത്രമല്ല, ‘നമ്മൾ’ കൂടിയാകുക എന്നതാണ്.”
ഈ ഉൾക്കാഴ്ച നമ്മോടു പറയുന്നത്, അത് ബഹുസ്വരതയുടെ ധാർമികതയാൽ പ്രചോദിതമായിരിക്കണം എന്നാണ്. ബഹുസ്വരതയുടെ ധാർമികത എന്നത് ഇന്ത്യയുടെ നാനാത്വത്തെ യുക്തിപരമായും സംവാദാത്മകമായും മനസിലാക്കുന്നതിനെയാണ് സൂചിപ്പിക്കുന്നത്. ഇത്, മറുവശത്ത്, ജനങ്ങളുടെ അവകാശങ്ങളുമായും സ്വയംഭരണത്തിനുള്ള ജനങ്ങളുടെ അവകാശങ്ങളുമായും പൊരുത്തപ്പെടുന്നു.
ഈ ഘട്ടത്തിൽ നമ്മെ കൂടുതൽ ബോധ്യപ്പെടുത്തുന്ന മറ്റൊരു പ്രധാന ആശയം ഇതാണ്: ജനാധിപത്യ അവകാശങ്ങളും ജനങ്ങളുടെ അവകാശങ്ങളും തമ്മിലുള്ള പാലം സ്വയംഭരണമാണെങ്കിൽ, പൊതുമണ്ഡലവും സിവിൽ സമൂഹവും ഇല്ലാതെ ജനങ്ങളുടെ അവകാശങ്ങളെയും സ്വയംഭരണത്തെയും സങ്കൽപ്പിക്കാനാവില്ല. ആധുനിക ബഹുസ്വര സമൂഹങ്ങളിൽ ധാർമികത, നീതി, രാഷ്ട്രീയ ഇച്ഛാശക്തി എന്നിവയെ യുക്തിപരമായി ബന്ധിപ്പിക്കുന്നതിനുള്ള ശ്രമമായാണ് പൊതുമണ്ഡലം, സിവിൽ സമൂഹം എന്നീ ആശയങ്ങൾ ഉപയോഗിക്കുന്നത്. അതിനാൽ, ജനങ്ങളുടെ അവകാശങ്ങൾ ഉറപ്പിച്ച് സ്വയംഭരണവും അതുവഴി നമ്മുടെ ജനാധിപത്യവും നിലനിർത്തുകയെന്നത് വളരെ അടിയന്തരവും വെല്ലുവിളി നിറഞ്ഞതുമായ കാര്യമാണ്.
(ആസാം കേന്ദ്ര സർവകലാശാലയിൽ തത്വചിന്താ വിഭാഗം പ്രഫസറാണ് ലേഖകൻ)
Tags : RightInformation Strength DemocraticStruggles Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash