പ്രതീകാത്മക ചിത്രം - എഐ
ലോകം കടുത്ത ഭക്ഷ്യ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണോ? നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരു പോലെ പിടിവിട്ടുയരുന്ന ഭക്ഷ്യവിലക്കയറ്റവും മധ്യ ഇന്ത്യയിലെ വരണ്ടുണങ്ങിയ കൃഷിയിടങ്ങളുമെല്ലാം നമ്മുടെ ഭക്ഷ്യവ്യവസ്ഥ തകർച്ചയിലേക്ക് നീങ്ങുകയാണെന്നതിന്റെ സൂചനയാണ്.
നമ്മൾ വിചാരിക്കുന്നതിനുമപ്പുറം ദുർബലവും അസ്ഥിരവുമാണ് ഇന്ന് ആഗോള ഭക്ഷ്യവ്യവസ്ഥ. പശ്ചിമേഷ്യൻ യുദ്ധം, യുക്രെയ്ൻ സംഘർഷം, എൽ നിനോ ഉൾപ്പടെയുള്ള കാലാവസ്ഥാ ഭീഷണികൾ, രാസവളം പ്രതിസന്ധി തുടങ്ങിയ കാരണങ്ങളാൽ 2027ൽ ലോക ഭക്ഷ്യവ്യവസ്ഥ അപ്രതീക്ഷിത ആഘാതങ്ങൾ നേരിട്ടേക്കാമെന്ന് ഓഗസ്റ്റിൽ പുറത്തിറക്കിയ ജെ.പി. മോർഗൻ റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യ, ബ്രസീൽ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങൾക്കായിരിക്കും ഏറ്റവും കൂടുതൽ ആഘാതം. ഇന്ന് കൃഷിചെയ്യുന്ന വിളകൾ വിളവെടുപ്പ്, സംസ്കരണം, ഗതാഗതം, വിതരണം എന്നീ ഘട്ടങ്ങൾ കടന്ന് ഉപഭോക്താക്കളിൽ എത്താൻ മാസങ്ങളെടുക്കും. നമ്മൾ ഇപ്പോൾ കഴിക്കുന്ന ഭക്ഷണം മാസങ്ങൾക്കുമുമ്പ് വിളവെടുത്തതായിരിക്കും. ഇതിനർഥം ഏതാനും മാസങ്ങൾക്കകമോ അടുത്ത വർഷമോ പൊട്ടിപ്പുറപ്പെടാനിടയുള്ള ഒരു ഭക്ഷ്യപ്രതിസന്ധിയിലേക്ക് ലോകം നീങ്ങിക്കൊണ്ടിരിക്കുന്നു എന്നതാണ്.
പട്ടിണിക്കാരുടെ എണ്ണം കൂടും
2030ഓടെ വിശപ്പില്ലാത്ത ഒരു ലോകം കെട്ടിപ്പടുക്കുക (സീറോ ഹംഗർ) എന്നതാണ് ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ രണ്ടാമത്തേത്. എന്നാൽ ഭൗമ-രാഷ്ട്രീയ സംഘർഷങ്ങൾ, കോവിഡ് മഹാമാരി, സാമ്പത്തിക പ്രതിസന്ധി, ദുർബലമായ നയങ്ങൾ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ കാരണങ്ങളാൽ ഈ ലക്ഷ്യത്തിന് അടുത്തെങ്ങും എത്താനായിട്ടില്ല. എൽ നിനോ കാരണം 2027ഓടെ കുറഞ്ഞത് 49 ദശലക്ഷം ആളുകൾകൂടി കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥയിലേക്ക് തള്ളപ്പെട്ടേക്കാമെന്ന് ലോക ഭക്ഷ്യപരിപാടിയുടെ (ഡബ്ല്യുഎഫ്പി) പ്രാഥമിക വിശകലനം സൂചിപ്പിക്കുന്നു. ലോകജനസംഖ്യയുടെ 40 ശതമാനത്തോളം വരുന്ന 300 കോടിയിലധികം ആളുകൾക്ക് പോഷകസമ്പന്നവും ആരോഗ്യകരമായ ഭക്ഷണം വാങ്ങാനുള്ള സാമ്പത്തിക ശേഷിയില്ല.
പിടിയിൽ നിൽക്കാതെ ഭക്ഷ്യ വിലക്കയറ്റം
തടസപ്പെട്ട വ്യാപാരപാതകളും തീവ്ര കാലാവസ്ഥാ സംഭവങ്ങളും അടുത്ത മാസങ്ങളിൽ ആഗോളതലത്തിൽ ഭക്ഷ്യവസ്തുക്കളുടെ വില വർധിപ്പിച്ചേക്കാമെന്ന് ജെ.പി. മോർഗൻ റിപ്പോർട്ട് സൂചിപ്പിക്കുന്നു. പ്രത്യാഘാതങ്ങൾ പ്രകടമാകാൻ മാസങ്ങളെടുത്തേക്കാം. 2027ന്റെ ആദ്യപകുതിയിൽ ആഗോളതലത്തിൽ ഭക്ഷ്യവിലക്കയറ്റം ഏകദേശം അഞ്ച് ശതമാനത്തിലേക്ക് ഉയർന്നേക്കാമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. 2026ന്റെ ആദ്യപകുതിയിൽ 2.8 ശതമാനം മാത്രമായിരുന്നു ഇത്. നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസ് (എൻഎസ്ഒ) ഈ മാസം 12ന് പുറത്തുവിട്ട പ്രാഥമിക കണക്കുകൾ പ്രകാരം, ഇന്ത്യയിൽ ഈ സെപ്റ്റംബറിൽ ഭക്ഷ്യവസ്തുക്കളുടെ വില കുത്തനെ കൂടി. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം ഓഗസ്റ്റിലെ 5.97 ശതമാനത്തിൽനിന്ന് സെപ്റ്റംബറിൽ 7.74 ശതമാനമായി ഉയർന്നു. നഗരപ്രദേശങ്ങളിൽ ഭക്ഷ്യവില 7.18 ശതമാനം ഉയർന്നപ്പോൾ ഗ്രാമീണ മേഖലകളിൽ വർധന 8.06 ശതമാനമായിരുന്നു. ഭക്ഷ്യധാന്യങ്ങളുടെ വില കഴിഞ്ഞ ഒരു വർഷത്തിനിടെ 17 ശതമാനത്തിലേറെ കൂടി. കൃഷിച്ചെലവ് കൂടുകയും ഉത്പാദനം കുറയുകയും ചെയ്യുമെന്നതിനാൽ വരുംമാസങ്ങളിൽ വിലക്കയറ്റം കൂടുതൽ രൂക്ഷമായിരിക്കും.
കാർഷികോത്പാദനം ഇടിയും
സൂപ്പർ എൽ നിനോയുടെ പശ്ചാത്തലത്തിൽ 2026-27 വിളവെടുപ്പ് വർഷം ഇന്ത്യയുടെ ഭക്ഷ്യധാന്യോത്പാദനത്തിൽ കാര്യമായ കുറവുണ്ടാകും. എൽ നിനോയുടെ പ്രഭാവം കണക്കിലെടുത്ത് രാജ്യത്തെ 2026-27 വിളവെടുപ്പ് വർഷത്തേക്കുള്ള ഭക്ഷ്യധാന്യ ഉത്പാദനലക്ഷ്യം 373.93 ദശലക്ഷം ടണ്ണായി പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. 2025-26-ലേതിനേക്കാൾ 2.63 ദശലക്ഷം ടൺ കുറവാണിത്. ഇന്ത്യയിൽ എൽ നിനോ കാരണം അരി, മക്കച്ചോളം, പയർ വർഗങ്ങൾ തുടങ്ങിയവയുടെ ഉത്പാദനത്തിൽ കാര്യമായ കുറവുണ്ടാകുമെന്ന് ലോക ഭക്ഷ്യ കാർഷിക സംഘടന മുന്നറിയിപ്പ് നൽകുന്നു.
2026-27ൽ ഇന്ത്യയുടെ അരി ഉത്പാദനത്തിൽ 4.5 മുതൽ 5.5 ശതമാനം വരെ ഇടിവുണ്ടായേക്കാം. പൊതുവിപണിയിൽ അരിയുടെ വൻ വിലക്കയറ്റത്തിനാണ് വരും മാസങ്ങൾ സാക്ഷ്യം വഹിക്കാൻ പോകുന്നത്. ഗോതമ്പ് ഉത്പാദനത്തിൽ ഇന്ത്യയിൽ വലിയ പ്രതിസന്ധി പ്രതീക്ഷിക്കുന്നില്ല. എന്നാൽ കൊടുംചൂടിൽ യൂറോപ്പിലെ കൃഷി നശിച്ചതും യുക്രെയ്ൻ യുദ്ധവും കാരണം ആഗോളവിപണിയിൽ ഗോതമ്പിന്റെ വില ഉയർന്നുകൊണ്ടിരിക്കുകയാണ്. ഇത് വരുംമാസങ്ങളിൽ ഇന്ത്യയിലും പ്രതിഫലിക്കും
മാറ്റമില്ലാതെ രാസവളം പ്രതിസന്ധി
പശ്ചിമേഷ്യാ സംഘർഷത്തെത്തുടർന്ന് തുടങ്ങിയ രാസവളം പ്രതിസന്ധി മാറ്റമില്ലാതെ തുടരുകയാണ്. ആഭ്യന്തര വിപണിയിൽ യൂറിയ, ഡൈ അമോണിയം ഫോസ്ഫേറ്റ് എന്നീ വളങ്ങളുടെ വില മാറ്റമില്ലാതെ തുടരുന്നു. എന്നാൽ മറ്റു രാസവളങ്ങളുടെ വില ഒരു വർഷത്തിനിടയിൽ രണ്ടിരട്ടിയിലേറെ കൂടിയത് കർഷകരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കർഷകർ വളത്തിന്റെ ഉപയോഗം കുറയ്ക്കുകയോ കൃഷി ചെയ്യുന്ന വിളകൾ മാറ്റുകയോ കൃഷിസ്ഥലം തരിശിടുകയോ ചെയ്യും. കർഷകരുടെ ഈ തീരുമാനങ്ങൾ ഭാവിയിലെ ഭക്ഷ്യോത്പാദനത്തെ കാര്യമായി ബാധിക്കും.
ഇന്ത്യയിലെ യൂറിയ നിർമാണ പ്ലാന്റുകളിൽ ഉപയോഗിക്കുന്ന പ്രകൃതിവാതകത്തിന്റെ 80 ശതമാനവും പശ്ചിമേഷ്യൻ രാജ്യങ്ങളിൽനിന്നാണ് എത്തുന്നത്. ഫോസ്ഫേറ്റ് വളങ്ങളുടെ 80 ശതമാനവും പൊട്ടാസ്യം വളങ്ങൾ 100 ശതമാനവും രാജ്യം ഇറക്കുമതി ചെയ്യുന്നു. ഫോസ്ഫേറ്റ് വളം ഇറക്കുമതിയുടെ 40 ശതമാനവും സൗദി അറേബ്യയിൽനിന്നാണ്. പശ്ചിമേഷ്യൻ സംഘർഷം അവസാനിച്ചാലും രാസവളം വിതരണ ശൃംഖലകൾ നേരേയാക്കാൻ മാസങ്ങൾ വേണ്ടിവരും. രാസവളം സബ്സിഡിക്കുവേണ്ടി 2026-27 ലെ ബജറ്റിൽ നീക്കിവച്ചിരുന്ന 1.71 ലക്ഷം കോടി രൂപ മൂന്ന് ലക്ഷം കോടി രൂപയെങ്കിലുമായി ഉയരും.
പ്രാദേശിക ഭക്ഷ്യോത്പാദനം ശക്തിപ്പെടുത്തണം
‘ഇന്ന് നവീകരിക്കുക, നാളെയെ പോഷിപ്പിക്കുക’ (Innovate today. Nourish tomorrow) എന്നതാണ് ഈ വർഷത്തെ ലോക ഭക്ഷ്യദിനത്തിന്റെ സന്ദേശം. പുതിയ കണ്ടുപിടിത്തങ്ങളിലൂടെ കാലാവസ്ഥാ അനുരൂപകമായ കൃഷിരീതികൾ വികസിപ്പിച്ചെടുക്കണം.
പ്രാദേശികമായി പോഷകസമൃദ്ധമായ ഭക്ഷണം ഉത്പാദിപ്പിക്കുന്ന പുനരുജ്ജീവന കൃഷിരീതികളെ പ്രോത്സാഹിപ്പിക്കണം. ചെറുകിട കർഷകരെയും അവരുടെ കൃഷിയിടങ്ങളെയും ശക്തിപ്പെടുത്തണം. ഭക്ഷ്യലഭ്യതയ്ക്കായി വിവിധ സ്രോതസുകളെ ആശ്രയിക്കേണ്ടതും ശക്തമായ പ്രാദേശിക-മേഖലാ തല ഭക്ഷ്യവിതരണ ശൃംഖലകൾ കെട്ടിപ്പടുക്കേണ്ടതും അനിവാര്യമാണ്.
മഴക്കുറവും ജലദൗർലഭ്യവും
മഴക്കുറവും ജലദൗർലഭ്യവും കാരണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇന്ത്യയിൽ കൃഷിചെയ്ത സ്ഥലത്തിന്റെ വിസ്തൃതിയിൽ ഈ വർഷം ഖാരിഫ് സീസണിൽ ഏകദേശം 1.6 ദശലക്ഷം ഹെക്ടറിന്റെ കുറവുണ്ട്. ജലസംഭരണികളിലെ ജലനിരപ്പ് കഴിഞ്ഞ പത്ത് വർഷത്തെ ശരാശരിയേക്കാൾ വളരെ താഴെയായി തുടരുന്നത് റാബി സീസണിൽ വിളകൾക്കുള്ള ജലസേചനത്തെ കാര്യമായി ബാധിച്ചേക്കാം.
കൃഷിഭൂമിയുടെ 50 ശതമാനത്തിലേറെ പ്രദേശങ്ങളിലും വരൾച്ചാസമാനമായ സാഹചര്യം നിലനിൽക്കുന്നു. ദക്ഷിണേന്ത്യയിൽ 58 ശതമാനം പ്രദേശങ്ങളും വരൾച്ചബാധിതമാണ്. കർണാടകയിലും ആന്ധ്രയിലുമാണ് ഏറ്റവും രൂക്ഷം. മഹാരാഷ്ട്രയിൽ ആകെയുള്ള 358 താലൂക്കുകളിൽ 305 താലൂക്കുകളെയും വരൾച്ച ബാധിച്ചു.

‘ഗോഡ്സില്ല’ എൽ നിനോ
നിലവിലെ സൂപ്പർ എൽ നിനോ ഡിസംബറിൽ പാരമ്യത്തിൽ എത്തുന്നതോടെ ഭക്ഷ്യോത്പാദന മേഖലയിലെ പ്രതിസന്ധി രൂക്ഷമാകും. ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്ന എൽ നിനോ പ്രതിഭാസം 2026 ഒക്ടോബർ-ഡിസംബർ കാലയളവിൽ ആഗോള താപനില വർധിപ്പിക്കാനും മഴയുടെ അളവിലും വിതരണത്തിലും കാര്യമായ മാറ്റങ്ങൾ വരുത്താനും സാധ്യതയുണ്ടെന്ന് ലോക കാലാവസ്ഥാ സംഘടന (ഡബ്ല്യുഎംഒ ) ഒക്ടോബർ എട്ടിന് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ചില പ്രദേശങ്ങളിൽ വരൾച്ചയുണ്ടാകുമ്പോൾ മറ്റിടങ്ങളിൽ പ്രളയമുണ്ടാകും. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ പൊതുവേ മഴ കുറയും.
ചരിത്രപരമായി എൽ നിനോ പ്രതിഭാസം ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കാർഷികോത്പാദനത്തിൽ ശരാശരി 3.5 ശതമാനം കുറവുണ്ടാക്കുമെന്ന് ജെ.പി. മോർഗൻ റിപ്പോർട്ടിൽ പറയുന്നു. അസാധാരണമായ ചൂട് ഓഗസ്റ്റ് - സെപ്റ്റംബർ മാസങ്ങളിൽ യൂറോപ്പിലെ മക്കച്ചോളം, സോയാബീൻ, ഷുഗർ ബീറ്റ്, ഉരുളക്കിഴങ്ങ് തുടങ്ങിയ വിളകളെ വൻതോതിൽ നശിപ്പിച്ചു. ദക്ഷിണേന്ത്യയിൽ നിലനിൽക്കുന്ന വരണ്ട കാലാവസ്ഥ നെല്ല്, പയർവർഗങ്ങൾ, എണ്ണക്കുരുക്കൾ, പരുത്തി, കരിമ്പ്, ചെറുധാന്യങ്ങൾ, കാപ്പി, ഏലം, തോട്ടവിളകൾ തുടങ്ങി മഴയെ ആശ്രയിച്ചു കൃഷിചെയ്യുന്ന വിളകളെ ബാധിച്ചേക്കാം.
Tags : WorldFoodDay GlobalFoodCrisis Doorstep Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash