തിരുവനന്തപുരം: റേഷൻ വാതിൽപടി വിതരണ ട്രാൻസ്പോർട്ടിംഗ് കരാറുകാർക്കു നൽകാനുള്ള തുകയുടെ വിഹിതം ഓണത്തിനുമുമ്പ് നൽകാൻ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ്.
താമസിയാതെ അതിനുള്ള ഫണ്ട് നൽകും. കരാറുകാരുടെ എല്ലാ ആവശ്യങ്ങളും സമയബന്ധിതമായി പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു. ട്രാൻസ്പോർട്ടിംഗ് കരാറുകാരുടെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
എഫ്സിഐ ഗോഡൗണുകൾ, സിഎംആർ ഗോഡൗണുകൾ എന്നിവയിൽ നിന്നും ഭക്ഷ്യധാന്യങ്ങൾ എടുത്ത് താലൂക്ക് തലത്തിലുള്ള ഡിപ്പോകൾ വഴി റേഷൻ കടകളിൽ എത്തിക്കുന്നത് ട്രാൻസ്പോർട്ടിംഗ് കരാറുകാരാണ്. ഓണക്കാലത്ത് എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും മന്ത്രി അഭ്യർഥിച്ചു.
മന്ത്രിയുമായുള്ള ചർച്ചയുടെ അടിസ്ഥാനത്തിൽ ഓഗസ്റ്റ് ഒന്നു മുതൽ നടത്താനിരുന്ന സമരത്തിൽ നിന്നു പിന്മാറുകയാണെന്നു കരാറുകാർ അറിയിച്ചു.