പ്രതീകാത്മക ചിത്രം - എഐ
കേരളത്തിന്റെ സ്വാഭാവിക റബർ സന്പദ്വ്യവസ്ഥ അടിസ്ഥാനപരമായി ചെറുകിട ഉത്പാദകരെ ആശ്രയിച്ചിട്ടുള്ളതാണ്. ചെറിയ കൃഷിയിടമുള്ള കർഷകന് ഉത്പാദനോപാധികൾ വാങ്ങുന്നതിലും വിദഗ്ധ ടാപ്പിംഗ് തൊഴിലാളികളെ ലഭ്യമാക്കുന്നതിലും സംസ്കരണത്തിലും വിപണനത്തിലും കാലാവസ്ഥാ വെല്ലുവിളികൾ നേരിടുന്നതിലും വൻകിട വ്യവസായ ഉപഭോക്താക്കളുമായി വിലപേശുന്നതിലും പരിമിതികളുണ്ട്. ഇവയെ കൂട്ടായ പ്രവർത്തനത്തിലൂടെ മിറകടക്കുന്നതിനാണ് റബർ ഉത്പാദക സംഘം (ആർപിഎസ്) രൂപപ്പെട്ടത്. നാലു പതിറ്റാണ്ടിനടുത്തെത്തുന്ന ഈ സംവിധാനത്തെ ഇന്നത്തെ മാറിയ റബർ സന്പദ്വ്യവസ്ഥയ്ക്ക് അനുയോജ്യമായി പുനഃക്രമീകരിക്കേണ്ട സമയമാണിത്.
പ്രവർത്തനക്ഷമതയിലേക്ക്
റബർ ബോർഡ് 1986ലാണ് ചെറുകിട റബർ കർഷകരുടെ സന്നദ്ധസംഘടനകളായി ആർപിഎസുകളെ പ്രോത്സാഹിപ്പിച്ചത്. സാങ്കേതികവിദ്യ കൈമാറ്റം, ഉത്പാദനോപാധികളും ധനസഹായവും ലഭ്യമാക്കൽ, ശാസ്ത്രീയ കൃഷിയും ടാപ്പിംഗും, സംസ്കരണം, ഗുണമേന്മ മെച്ചപ്പെടുത്തൽ, കൂട്ടായ വിപണനം, എന്നിവയാണ് പ്രധാന ദൗത്യങ്ങൾ. 1995ൽ 1454 ആർപിഎസുകൾ നിലവിലുണ്ടായിരുന്നു. റബർ ബോർഡിന്റെ 2023-24 വാർഷിക റിപ്പോർട്ട് പ്രകാരം രാജ്യത്ത് 2055 സജീവ ആർപിഎസുകൾ പ്രവർത്തിച്ചിരുന്നു. ആ വർഷം എട്ടു പുതിയ സംഘങ്ങളും രൂപീകരിക്കപ്പെട്ടു. പുനരുജ്ജീവിപ്പിക്കാൻ കഴിയാത്ത ചില സംഘങ്ങളുടെ അംഗീകാരം പിൻവലിച്ചതായും റിപ്പോർട്ട് പറയുന്നു. എന്നാൽ 2024-25, 2025-26 കാലത്തെ ഇന്ത്യയിലെയും കേരളത്തിലെയും സജീവ ആർപിഎസുകളുടെ പുതുക്കിയ സമഗ്ര കണക്കും അംഗീകാരം പിൻവലിച്ച സംഘങ്ങളുടെ പട്ടികയും പൊതുവായി ലഭ്യമല്ല.
അതിനാൽ മുൻഗണന കൂടുതൽ ആർപിഎസുകൾ രൂപീകരിക്കുന്നതിലല്ല, നിലവിലുള്ളവയെ പ്രവർത്തനക്ഷമമാക്കുന്നതിലാണ്. ജില്ല തിരിച്ച് സജീവം, ദുർബലം പ്രവർത്തന രഹിതം, നിലനിൽപ്പില്ലാത്തത് എന്നിങ്ങനെ തരംതിരിച്ച് അംഗസംഖ്യ, വിറ്റുവരവ്, സേവനങ്ങൾ, ടാപ്പർ ഗ്രൂപ്പുകൾ, സംസ്കരണ സൗകര്യങ്ങൾ, ലഭിച്ച സഹായങ്ങൾ എന്നിവയുൾപ്പെടുത്തി പുതിയ ആർപിഎസ് സെൻസസ് നടത്തണം.
ഇറക്കുമതി ആവശ്യമാണ്; നിയന്ത്രണമില്ലാതെ പാടില്ല
ഇന്ത്യയിലെ സ്വാഭാവിക റബർ ഉത്പാദനം 2015-16ലെ 5.62 ലക്ഷം ടണ്ണിൽനിന്ന് 2024-25ൽ 8.75 ലക്ഷം ടണ്ണായി ഉയർന്നു. എന്നാൽ ഉപയോഗം 9.94 ലക്ഷം ടണ്ണിൽനിന്ന് 14.10 ടണ്ണായി വർധിച്ചു. ഇറക്കുമതി 2015-16ൽ 4.58 ലക്ഷം ടണ്‍, 2018-19ൽ 5.82 ലക്ഷം ടണ്‍, 2021-22ൽ 5.46 ലക്ഷം ടണ്‍, 2024-25 5.51 ലക്ഷം ടണ്‍ ആയിരുന്നു. 2025-26 ഏപ്രിൽ-ജനുവരിയിൽ ഇത് ഏകദേശം നാലു ലക്ഷം ടണ്ണായി. മുൻ വർഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് 17.7 ശതമാനം കുറഞ്ഞു. ഇറക്കുമതി പൂർണമായി ഒഴിവാക്കാനാവില്ല. എന്നാൽ, യഥാർഥ ആഭ്യന്തര ക്ഷാമം നികത്താനായിരിക്കണം ഇറക്കുമതി; ഇന്ത്യൻ കർഷകനു മത്സരാധിഷ്ഠിതമായി നൽകാൻ കഴിയുന്ന റബറിന് അത് അനാവശ്യമായി പകരമാകരുത്.
കോന്പൗണ്ട് റബർ
സ്വാഭാവികമോ കൃത്രിമമോ ആയ റബറിനൊപ്പം കാർബണ്‍ ബ്ലാക്ക്, സിലിക്ക രാസവസ്തുക്കൾ തുടങ്ങിയവ ചേർത്ത് തുടർനിർമാണത്തിനു തയാറാക്കുന്നതാണ് കോന്പൗണ്ട് റബർ. തീരുവ വ്യത്യാസം ഇറക്കുമതി കോന്പൗണ്ട് റബറിന് അനുകൂലമായെന്ന വിമർശനത്തെ തുടർന്ന് അതിന്റെ അടിസ്ഥാന കസ്റ്റംസ് തീരുവ 10 ശതമാനത്തിൽനിന്ന് 25 ശതമാനം അല്ലെങ്കിൽ കിലോഗ്രാമിന് 30 രൂപ ഏതാണോ കുറവ് എന്ന നിലയിലേക്ക് ഉയർത്തി. ഉണങ്ങിയ സ്വാഭാവിക റബറിനും പൊതുവേ ഇതേ സംരക്ഷണമാണ്. ആഭ്യന്തര ഉത്പാദക സംരക്ഷണം, വ്യവസായത്തിന്റെ അസംസ്കൃതവസ്തു ആവശ്യം, വിലയും ഇറക്കുമതിയും ലോക വ്യാപാര സംഘടനയുടെ ബാധ്യതകളും, വ്യാപാര കരാറുകൾ എന്നിവ പരിഗണിച്ചാണ് നിരക്കുകൾ പുനഃപരിശോധിക്കുന്നത്.
കോന്പൗണ്ട് റബർ ഇറക്കുമതി നിരീക്ഷിക്കാൻ റബർ ബോർഡിനു പ്രത്യേക വിലനിയന്ത്രണ സംവിധാനമില്ല. എന്നാൽ, റബർ നിയമ പ്രകാരം ഉത്പാദനം, വ്യാപാരം, നിർമാണം എന്നിവയുടെ സ്ഥിതിവിവരക്കണക്കുകൾ ശേഖരിക്കുകയും ഇറക്കുമതി-കയറ്റുമതി വിഷയങ്ങളിൽ കേന്ദ്രസർക്കാരിനെ ഉപദേശിക്കുകയും ചെയ്യുന്നത് ബോർഡിന്റെ ചുമതലയാണ്.
ടാപ്പർമാരുടെ ക്ഷാമം
2025-26ലെ കേരളത്തിന്റെ ജില്ല തിരിച്ചുള്ള ടാപ്പർ ക്ഷാമത്തിന്റെ ഔദ്യോഗിക കണക്ക് ലഭ്യമല്ല. ദേശീയതലത്തിൽ 2023-24ൽ ടാപ്പിംഗിന് യോഗ്യമായ 7,53,885 ഹെക്ടറിൽ 76.6 ശതമാനം മാത്രമാണ് ടാപ്പ് ചെയ്തത്. ഇതെല്ലാം തൊഴിലാളി ക്ഷാമം മൂലമാണെന്ന് പറയാനാകില്ലെങ്കിലും പ്രശ്നത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു. ആർപിഎസ് അടിസ്ഥാനത്തിൽ റബർ ടാപ്പർ ബാങ്ക് രൂപീകരിച്ച് ലഭ്യമായ ടാപ്പർമാർ പരിശീലനം ലഭിച്ചവർ തൊഴിലാളി ആവശ്യമുള്ള തോട്ടങ്ങൾ, വേതനം, ടാപ്പ് ചെയ്യാത്ത പ്രദേശം എന്നിവ ഡിജിറ്റലായി രേഖപ്പെടുത്തണം. ജില്ല തിരിച്ചുള്ള കേരള റബർ തൊഴിലാളി സെൻസസും ആവശ്യമാണ്.
റബർ ബോർഡ് സഹായം
സ്വാഭാവിക റബർ മേഖലയുടെ സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ വികസന പദ്ധതിക്ക് 2024-25, 2025-26 വർഷങ്ങളിലായി 708.69 കോടി രൂപ അനുവദിച്ചു. കേരളം ഉൾപ്പടെയുള്ള പരന്പരാഗത മേഖലയിൽ യോഗ്യമായ പുതിയ നടീലിനും റീപ്ലാന്റിംഗിനും റബർ ബോർഡ് മുഖേന ലഭ്യമാക്കുന്ന ഹെക്ടറിന് 40,000 രൂപ, ഏക്കറിന് ഏകദേശം 16,200 രൂപ സഹായകമാണ്. കുറഞ്ഞ വിസ്തൃതി ഏകദേശം 25 സെന്റാണ്. ആകെ റബർ കൃഷിയിടം നാലു ഹെക്ടറിൽ കവിയാത്ത യോഗ്യനായ കർഷകന് സാധാരണയായി ഒരു ഹെക്ടർ വരെ സഹായം ലഭിക്കും.
ആർപിഎസുകൾക്ക് ലാറ്റക്സ് ശേഖരണത്തിനും ഡിആർസി പരിശോധന ഉപകരണങ്ങൾക്കും സ്പ്രേയർ അടക്കമുള്ള ഉപകരണങ്ങൾക്കും കൂട്ടായ സംസ്കരണകേന്ദ്രങ്ങൾക്കും സഹായമുണ്ട്. 2023-24ൽ അംഗീകൃത ലബോറട്ടറികൾ 1.22 ലക്ഷത്തിലധികം സാന്പിളുകൾ പരിശോധിച്ചു.
റബർ ബോർഡിന് ഓണ്‍ലൈൻ സേവനങ്ങളും അപേക്ഷ-പരാതി പരിഹാര സംവിധാനങ്ങളും നിലവിലുണ്ടെങ്കിലും ഓരോ ആർപിഎസിന്റെയും അപേക്ഷ മുതൽ അന്തിമ പണമടയ്ക്കൽ വരെ പൊതുജനങ്ങക്ക് കാണാവുന്ന സമഗ്ര ആനുകൂല്യ നിരീക്ഷണ സമവിധാനം നിലവിലുണ്ടെന്നു സ്ഥിരീകരിക്കാനായിട്ടില്ല. അപേക്ഷ അനുമതി, തടസം, നിരസിക്കൽ, കുടിശിക, പണമടച്ച തീയതി എന്നിവ ഉൾപ്പെടുത്തിയ ഏകീകൃത സംവിധാനം ആരംഭിക്കണം.
കേര -റബർ ബോർഡ് ഏകോപനം
ലോകബാങ്ക് സഹായത്തോടെയുള്ള കേരള കാലാവസ്ഥ പ്രതിരോധ കാർഷിക മൂല്യ ശൃംഖല ആധുനികവത്കരണ പദ്ധതിയിൽ (കേര) റബർ ബോർഡ് പങ്കാളിയാണ്. സാധാരണയായി 30 വർഷത്തിലധികം പഴക്കമുള്ള ഉത്പാദനക്ഷമത കുറഞ്ഞ തോട്ടങ്ങൾ കാലാവസ്ഥ പ്രതിരോധശേഷിയുള്ള ഇനങ്ങളുപയോഗിച്ച് പുനർനടുന്നതിനു പദ്ധതി സഹായിക്കുന്നു. അഞ്ച് ഹെക്ടർ വരെയുള്ള യോഗ്യമായ കൃഷിയിടങ്ങൾക്ക് പദ്ധതി ബാധകമാണ്. പുതിയ കൃഷിവ്യാപനം ഇതിൽ ഉൾപ്പെടുന്നില്ല. ഇവിടെ പുതിയൊരു മാതൃക ആവശ്യമാണ്: ആർപിഎസ് കർഷകരെയും തോട്ടത്തെയും കണ്ടെത്തുന്നു, റബർ ബോർഡ് സാങ്കേതിക മാർഗനിർദേശം നൽകുന്നു, കേര-റബർ ബോർഡ് അർഹമായ സഹായം നൽകുന്നു, ആർപിഎസ് തൊഴിലും ഉത്പാദനോപാധികളും ഏകോപിപ്പിക്കുന്നു, ഉത്പന്നം ശേഖരിച്ച് കൂട്ടായി വിപണനം നടത്തുന്നു എന്ന മാതൃകയിലേക്ക് നീങ്ങണം.
നവീകരണ ദൗത്യം
അഞ്ചു വർഷത്തെ നവീകരണ ദൗത്യം ആരംഭിക്കണം. സെൻസസും പ്രവർത്തന നില തരംതിരിക്കലും ദുർബല സംഘങ്ങളുടെ പുനരുജ്ജീവനം, ലയനം, ടാപ്പ് ചെയ്യാത്ത തോട്ടങ്ങളുടെ മാപ്പിംഗ്, ടാപ്പർ ബാങ്കുകൾ, റബർ ബോർഡ്-കേര ഏകജാലക സംവിധാനം, മഴകവചം, ഡിആർസി പരിശോധന, കൂട്ടായ സംസ്കരണം, ഗുണമേന്മ സാക്ഷ്യപ്പെടുത്തൽ, ഡിജിറ്റൽ ധനസഹായ നിരീക്ഷണം, വ്യവസായവുമായി നേരിട്ടുള്ള കൂട്ടായ വിപണനം എന്നിവ ഇതിൽ ഉൾപ്പെടുത്തണം.
സംഭരണശേഷിയും കർഷകന്റെ വിലപേശൽ ശക്തിയും
ഉണങ്ങിയ റബറിന്റെ സംഭരണം, ഗുണനിലവാര തരംതിരിക്കലും, സംസ്കരണ കേന്ദ്രങ്ങൾ, ഗുണനിലവാരം മെച്ചപ്പെടുത്തൽ, സംസ്കരണം, വിപണനം എന്നിവ റബർ ബോർഡ് നേരത്തേ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ഇതിന്റെ തുടർച്ചയായി കുറഞ്ഞ ചെലവിൽ നിലവാരമുള്ള ഈർപ്പരഹിത ചെറുതും വലുതുമായ ഗോഡൗണുകൾ, ഡിജിറ്റൽ ചരക്കുനീക്ക സ്റ്റോക്ക് രേഖപ്പെടുത്തൽ, ബാങ്ക് വായ്പ, സംഭരണശാല ധനസഹായ ബന്ധം എന്നിവ വികസിപ്പിക്കണം. അതുവഴി വിളവെടുത്ത ഉടൻ നിർബന്ധിതമായി വിൽക്കാതെ പൂപ്പലും ഗുണനിലവാര നഷ്ടവും ഒഴിവാക്കി സൂക്ഷിക്കാനും അനുയോജ്യമായ വിപണി സമയത്ത് കൂട്ടായി വിൽക്കാനും വ്യവസായികളടക്കം വൻകിട വാങ്ങലുകാരുമായി കൂടുതൽ സമതുലിതമായി വിലപേശാനും കഴിയും. എന്നാൽ ഇതിനായി പ്രത്യേക കുറഞ്ഞ പലിശയുള്ള ആർപിഎസ് സംഭരണശാല പദ്ധതി പ്രോത്സാഹിപ്പിക്കണം.
പ്രാഥമിക ഉത്പാദകനെ കേന്ദ്രസ്ഥാനത്തേക്ക് എത്തിക്കണം
ചെറുകിട കർഷകന്റെ സന്പത്തിക ദൗർബല്യം മിറകടക്കാനാണ് ആർപിഎസ് രൂപപ്പെട്ടത്. ഇനി വേണ്ടത് കർഷകനെ ശക്തിപ്പെടുത്തുകയാണ്. അതിന് ആർപിഎസുകൾ കരുത്താർജിക്കണം. ടാപ്പർ ബാങ്ക്, കാലാവസ്ഥ സംരക്ഷണം, ഗുണമേന്മയുള്ള സംസ്കരണവും സംഭരണവും, കൂട്ടായ വിപണനം, വ്യവസായബന്ധം, സ്ഥിരതയുള്ള കർഷക വരുമാനം എന്നതിലേക്കു മാറണം.
കേന്ദ്ര സർക്കാരും റബർ ബോർഡും സുതാര്യമായ ഇറക്കുമതി-വ്യാപാര സംവിധാനം ഉറപ്പാക്കണം. കേരളം കേര ഉൾപ്പടെയുള്ള പദ്ധതികളിലൂടെ തോട്ടങ്ങളും ഉത്പാദക സംഘനകളും ആധുനികവത്കരിക്കണം. ആഭ്യന്തര സംഭരണം കൂടുതൽ സുതാര്യമാക്കണം. ആർപിഎസുകൾ പ്രഫഷണൽ മാനേജ്മെന്റും സാന്പത്തിക ഉത്തരവാദിത്വവും വിപണശക്തിയുമുള്ള സ്ഥാപനങ്ങളായി മാറണം. സംവിധാനത്തെ ശക്തിപ്പെടുത്തുക എന്നതിന്റെ ആത്യന്തിക ലക്ഷ്യം കേരളത്തിലെ പ്രാഥമിക റബർ ഉത്പാദകനെ വീണ്ടും റബർ സന്പദ്വ്യവസ്ഥയുടെ കേന്ദ്രസ്ഥാനത്ത് എത്തിക്കുക എന്നതാണ്.
Tags : Rubber Producer Centre Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash