Business
ന്യൂഡൽഹി: നാഷണൽ പേമെന്റ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ കീഴിലുള്ള ഭീ സർവീസസ് ലിമിറ്റഡ് വ്യക്തമാക്കുന്നതനുസരിച്ച് 2026 സാന്പത്തിക വർഷത്തിൽ ഭീം (BHIM) പേമെന്റ് ആപ്പ് വഴിയുള്ള ഇടപാടുകളുടെ എണ്ണത്തിൽ 301 ശതമാനത്തിന്റെ വൻ വർധന രേഖപ്പെടുത്തി.
2025 ഏപ്രിലിലെ 5.93 കോടി ഇടപാടുകളിൽനിന്ന് 2026 മാർച്ചിൽ പ്രതിമാസ ഇടപാടുകളുടെ എണ്ണം 21.6 കോടിയായി വർധിച്ചുവെന്ന് കന്പനി പറഞ്ഞു. ഇത് ഈ 2026 സാന്പത്തികവർഷം മൂന്നിരട്ടിയായി വർധിച്ചതായും കന്പനി വ്യക്തമാക്കി.
2026 ഏപ്രിലിൽ 26,040 കോടി രൂപ മൂല്യം വരുന്ന 22.49 കോടി ഇടപാടുകളാണ് ആപ്പിലൂടെ നടന്നത്.
Business
ന്യൂഡൽഹി: അമൂൽ പാലിന് ഇന്നുമുതൽ വില കൂടും. ലിറ്ററിന് രണ്ടു രൂപയാണ് വർധിപ്പിക്കുന്നതെന്ന് അമൂൽ ഉത്പന്നങ്ങളുടെ നിർമാതാക്കളായ ഗുജറാത്ത് കോ ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ (ജിസിഎംഎംഎഫ്) അറിയിച്ചു.
ഉത്പാദനച്ചെലവ് ഉയർന്നതാണ് വില വർധനയ്ക്കു കാരണം.
2025 മേയ് ഒന്നിനാണ് ഏറ്റവുമൊടുവിൽ അമൂൽ പാലിന്റെ വില വർധിപ്പിച്ചത്.
Business
കൊച്ചി: മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഉപകരണ നിര്‍മാതാക്കളായ വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 2025-26 സാമ്പത്തികവര്‍ഷം അവസാന പാദത്തില്‍ 1755.27 കോടി രൂപ മൊത്തം വരുമാനം നേടി. മുന്‍വര്‍ഷം ഇതേ പാദത്തിലെ 1538.08 കോടി രൂപയില്‍നിന്ന് 14.1 ശതമാനമാണു വര്‍ധന.
മുൻവർഷം ഇതേ പാദത്തിൽ 91.13 കോടി രൂപയായിരുന്ന അറ്റാദായം ഇത്തവണ 23ശതമാനം വർധിച്ച് 112.13 കോടി രൂപയിലെത്തിയെന്ന് വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ മിഥുന് കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.
മാര്‍ച്ച് 31ന് അവസാനിച്ച 2025-2026 സാമ്പത്തികവർഷത്തിൽ കമ്പനി ആകെ 5965.78 കോടി രൂപയുടെ വരുമാനം നേടി. മുന്‍വര്‍ഷത്തെ 5577.82 കോടി രൂപയില്‍നിന്നും ഏഴു ശതമാനം വര്‍ധനയാണു രേഖപ്പെടുത്തിയത്.
2026 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ അറ്റാദായം 308.33 കോടി രൂപയാണ്. മുന്‍വര്‍ഷം കമ്പനിയുടെ അറ്റാദായം 313.72 കോടി രൂപയായിരുന്നു.
National
ന്യുഡൽഹി: പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ ഇന്ധനവില വർധിച്ചേക്കുമെന്ന് റിപ്പോർട്ട്. അഞ്ച് രൂപ വർധിച്ചേക്കുമെന്നാണ് സൂചന.
ഇന്ധനവില വർധിപ്പിക്കുന്നത് സംബന്ധിച്ച് ധനകാര്യ-പെട്രോളിയം മന്ത്രാലയങ്ങളും എണ്ണക്കമ്പനികളും തമ്മിൽ ചർച്ചകൾ നടക്കുന്നതായാണ് റിപ്പോർട്ട്.
ഇന്ധന ഉപയോഗം കുറയ്ക്കാനും വർക്ക് ഫ്രം ഹോം പുനരാരംഭിരക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു. യുഎസ്-ഇറാൻ സംഘർഷം നീണ്ടുനിൽക്കുമെന്ന ആശങ്കകൾക്കിടയിലാണ് ഈ ആഹ്വാനം.
ഇതിനു പിന്നാലെയാണ് ഇന്ധനവില വർധിച്ചേക്കുമെന്ന് രീതിയിലുള്ള സൂചനകൾ പുറത്തുവരുന്നത്.
Business
ന്യൂഡൽഹി: ഇന്ത്യയിലെ മദ്യവ്യവസായ മേഖല സംസ്ഥാന സർക്കാരുകളിൽനിന്ന് അടിയന്തര വില പരിഷ്കരണം ആവശ്യപ്പെടുന്നു.
പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്നുണ്ടായ വിതരണ ശൃംഖലയിലെ തടസങ്ങൾ കാരണം കുപ്പികൾക്കും കാനുകൾക്കും വില വർധിച്ച സാഹചര്യത്തിൽ മദ്യത്തിന് ന്യായമായ വില വർധന അനുവദിക്കണമെന്നാണ് മദ്യനിർമാതാക്കളിൽനിന്ന് സംസ്ഥാന സർക്കാരുകൾക്ക് സമ്മർദം.
National
ന്യൂഡൽഹി: സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ അംഗീകാരം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്.
നിലവിലെ അംഗസംഖ്യയായ 34 നിന്ന് 38 ആക്കി ജഡ്ജിമാരുടെ എണ്ണം ഉയർത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് പുതിയ ബിൽ പാർലമെന്റിൽ അവതരിപ്പിക്കും. ജഡ്ജിമാരുടെ എണ്ണം വർധിപ്പിച്ചത് കേസുകൾ വേഗത്തിൽ തീർപ്പ് കൽപ്പിക്കാൻ സഹായിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കി.
നിലവിൽ സുപ്രീം കോടതിയിൽ 92,000 ത്തിലധികം കേസുകൾ കെട്ടികിടക്കുകയാണ്. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായി സുപ്രീം കോടതി ഭേദഗതി ബിൽ 2026 പാർലമെന്റിൽ അവതരിപ്പിക്കാൻ മന്ത്രിസഭ അനുമതി നൽകി.
ഭരണഘടനയുടെ ആർട്ടിക്കിൾ 124(1) പ്രകാരം പാർലമെന്റിന് നിയമ നിർമാണത്തിലൂടെ സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം നിശ്ചയിക്കാൻ അധികാരമുണ്ട്. സുപ്രീം കോടതിയിൽ കാലാനുസൃതമായി ജഡ്ജിമാരുടെ എണ്ണത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് പാലിന് വില വർധിക്കും. മിൽമ ഫെഡറേഷന്റെ നിർദേശത്തിന് സർക്കാർ അംഗീകാരം നൽകിയതോടെയാണ് വില വർധനവ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെയാണ് പാലിന്റെ വില വർധിപ്പിക്കുന്നത്.
ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന ഫെഡറേഷൻ യോഗം വർധിപ്പിച്ച വില പ്രഖ്യാപിക്കും. ലിറ്ററിന് ആറ് രൂപ ഉയർത്തണമെന്നായിരുന്നു മിൽമ ആവശ്യപ്പെട്ടത്. സർക്കാർ നിർദേശത്തെ തുടർന്ന് നാല് രൂപയുടെ വർധന മതിയെന്ന തീരുമാനത്തിലെത്തുകയായിരുന്നു.
ഇതോടെ ലിറ്ററിന് 56 രൂപ വിലയുള്ള പാലിന് 60 രൂപയാകും. സംസ്ഥാനത്തെ ക്ഷീര കർഷകർക്ക് പാലിന്റെ ഗുണനിലവാരമനുസരിച്ച് നിലവിൽ 45 മുതൽ 52 രൂപ വരെ ലഭിക്കുന്നുണ്ട്. കഴിഞ്ഞ വർഷം വില വർധിപ്പിക്കണമെന്ന് മിൽമ മേഖലാ യൂണിയനുകൾ ഫെഡറേഷനോട് ആവശ്യപ്പെട്ടിരുന്നു.
Kerala
തിരുവനന്തപുരം: മിൽമ ഫെഡറേഷൻ തീരുമാനിച്ച പാൽവില വർധന ഉടൻ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം മേഖല ക്ഷീരോത്പാദക യൂണിയനിലെ മിൽമ ഫെഡറേഷൻ ഭരണസമിതി അംഗങ്ങൾ ചെയർമാനും മാനേജിംഗ് ഡയറക്ടർക്കും കത്ത് നൽകി. ഫെഡറേഷൻ ഓഫീസിനു മുന്നിൽ ചെയർമാന്റെ നേതൃത്വത്തിൽ കുത്തിയിരിപ്പു സമരവും നടത്തി.
കഴിഞ്ഞ ഓഗസ്റ്റിൽ എറണാകുളം യൂണിയൻ വില വർധന സംബന്ധിച്ചു കത്തു നൽകിയിരുന്നു. വില വർധനയെക്കുറിച്ചു പഠിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ മൂന്നംഗ സമിതിയെ നിയോഗിക്കുകയും ആറു രൂപ വരെ വർധിപ്പിക്കാവുന്നതാണെന്ന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. തുടർന്ന് മിൽമ ഫെഡറേഷൻ യോഗം ചേർന്നു വില വർധിപ്പിക്കാൻ തീരുമാനിച്ചു.
തീരുമാനം നടപ്പാക്കാൻ ചെയർമാനെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ പല സാങ്കേതിക കാരണങ്ങൾ പറഞ്ഞു സർക്കാർ അനുകൂല ഭരണകക്ഷി അംഗങ്ങളും ചെയർമാനും പ്രഖ്യാപനം ബോധപൂർവം വൈകിപ്പിക്കുകയായിരുന്നു.കാലിത്തീറ്റയുടേയും നിത്യോപയോഗ സാധനങ്ങളുടേയും വില വർധനയും കൂലിച്ചെലവിലെ വർധനയും മൂലം ക്ഷീര മേഖല കടക്കെണിയിലാണ്.
കടുത്ത വേനലും ചൂടും വർധിച്ചതോടെ പശുക്കളുടെ പാലുത്പാദനം ഗണ്യമായി കുറഞ്ഞതും വൻ തിരിച്ചടിയായി. ചെറുകിട കർഷകർ ഈ രംഗത്തുനിന്നു പൂർണമായി കൊഴിഞ്ഞു പോകുകയാണ്. ഇനിയും ഈ രംഗത്ത് അവശേഷിക്കുന്നവരെ സംരക്ഷിക്കേണ്ടതു മിൽമയുടെ കടമയാണ്. ഈ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പാൽ വിലവർധന ഉടൻ നടപ്പാക്കണമെന്നാണ് അംഗങ്ങളുടെ ആവശ്യം.
എറണാകുളം മേഖല യൂണിയൻ ചെയർമാൻ സി.എൻ. വത്സലൻ പിള്ള, ഫെഡറേഷൻ ഭരണ സമിതി അംഗങ്ങളായ ടി.എൻ. സത്യൻ, താര ഉണ്ണികൃഷ്ണൻ, കെ.കെ. ജോണ്സണ് എന്നിവർ ചേർന്നാണു മിൽമയ്ക്കു കത്തു നൽകിയത്.
Business
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ വിപണിയിൽ വീണ്ടും വിലക്കയറ്റം.
സംഘര്‍ഷം മൂലം ഇലക്ട്രോണിക് ഉപകരണങ്ങളുടെ നിര്‍മാണത്തിന് ആവശ്യമായ പോളിപ്രൊപ്പലിന്‍, പോളിസ്റ്റൈറിന്‍, ഗ്യാസ് എന്നിവയുടെ ലഭ്യതയില്‍ കുറവുണ്ടായതും രൂപയുടെ വിനിമയ നിരക്കിക്കിലുണ്ടായ വന്‍ ഇടിവുമാണ് കന്പനികൾ വിലകൂട്ടാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞ നാലു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് കന്പനികൾ ഉത്പന്നങ്ങൾക്കു വില ഉയർത്തുന്നത്.
സ്മാർട്ട് ടിവികൾക്ക് അഞ്ചുമുതൽ ഏഴുശതമാനം വരെയും സ്മാർട്ട് ഫോണുകൾക്ക് 10 മുതൽ 15 ശതമാനം വരെയും ലാപ്ടോപ്പുകൾക്ക് എട്ടു മുതൽ10 ശതമാനം വരെയും വില വർധിച്ചതായി റീട്ടെയിൽ വ്യാപാരികൾ അറിയിച്ചു.
എയർ കണ്ടീഷണറുകൾക്കും വില വർധിച്ചിട്ടുണ്ട്. കനത്ത ചൂടിനെത്തുടർന്ന് എസി വില്പന കൂടി നില്ക്കുന്ന പശ്ചാത്തലത്തിൽ വില വർധിച്ചത് ഉപയോക്താക്കളെ ചില്ലറയൊന്നുമല്ല വലയ്ക്കുന്നത്.
പ്രമുഖ എസി ബ്രാൻഡുകളായ ബ്ലൂ സ്റ്റാർ ആറു ശതമാനവും ഹയർ നാലു മുതൽ ഏഴു ശതമാനംവരെയും വില ഉയർത്തിക്കഴിഞ്ഞു. എസി കംപ്രസറിന്റെ നിർമാണത്തിനുപയോഗിക്കുന്ന ചെന്പ് അടക്കമുള്ള അസംസ്കൃത വസ്തുക്കളുടെ ക്ഷാമവും വില വർധനയുമാണ് എസി കന്പനികളെ വലയ്ക്കുന്നത്.
മെമ്മറി ചിപ്പുകളുടെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആപ്ലിക്കേഷനുകളുടെയും അനുബന്ധ ഉത്പന്നങ്ങളുടെയും ക്ഷാമമാണ് മൊബൈൽ ഫോണുകളുടെയും ലാപ്ടോപ്പുകളുടെയും വില വർധിക്കാൻ കാരണം. കൂടാതെ വിവിധ കംപോണന്റുകളുടെ ക്ഷാമവും ഈ മേഖലയിൽ നിലനിൽക്കുന്നുണ്ട്.
Kerala
തിരുവനന്തപുരം: വേനൽച്ചൂട് കത്തിക്കാളുന്പോൾ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗവും റിക്കാർഡ് ഭേദിക്കുന്നു. കഴിഞ്ഞ ദിവത്തെ ഉപയോഗം 113.4 ദശലക്ഷം യൂണിറ്റാണെന്നും ഇത് ഏപ്രിൽ മാസത്തെ ഏറ്റവും കൂടിയ ഉപയോഗമാണെന്നും കെഎസ്ഇബി അധികൃതർ വ്യക്തമാക്കി.
പീക്ക് സമയത്തെ വൈദ്യുതി ആവശ്യകതയിലും വർധനയുണ്ടായി. 5947 മെഗാവാട്ടാണ് കഴിഞ്ഞ ദിവസത്തെ പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത.
അതേസമയം സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം ക്രമാതീതമായി കുതിച്ചുയർന്ന പശ്ചാത്തലത്തിൽ കെഎസ്ഇബി ഇന്നലെ ഉന്നതതല യോഗം ചേർന്നു.
പ്രതിസന്ധി പരിഹരിക്കാൻ പുറത്തുനിന്ന് കൂടുതൽ വൈദ്യുതി വാങ്ങുന്നതടക്കമുള്ള കാര്യങ്ങൾ യോഗം ചർച്ച ചെയ്തു. പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത 6000 മെഗാവാട്ടിനും മുകളിലെത്തിയതോടെ വെദ്യുതിവിതരണ സംവിധാനത്തിന് തകരാറുകൾ സംഭവിക്കാമെന്ന് നേരത്തേ വിലയിരുത്തിയിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ വൈദ്യുതി ആവശ്യകത ഉയർന്നതിനെത്തുടർന്ന് നിരവധി ട്രാൻസ്ഫോർമറുകൾ തകരാറിലായിരുന്നു. വടക്കൻ കേരളത്തിലാണ് ഏറ്റവും കുടുതൽ ട്രാൻസ്ഫോർമറുകൾ തകരാറിലായത്. ഇത് എങ്ങനെ പരിഹരിക്കാനാകുമെന്നും യോഗം വിലയിരുത്തി.
ഉപയോഗം ക്രമാതീതമായി ഉയർന്നാൽ ചെറിയ തോതിലുള്ള നിയന്ത്രണത്തിലേക്ക് നീങ്ങേണ്ടി വരുമെന്നും യോഗം വിലയിരുത്തി. ഇതനുസരിച്ച് 10 മുതൽ 15 മിനിറ്റ് വരെ ഫീഡർ ഓഫ് ചെയ്ത് ലോഡ് കുറയ്ക്കുകയും നിയന്ത്രണം നടപ്പാക്കുകയും ചെയ്യുന്നതിനെ കുറിച്ചാണ് ആലോചിക്കുന്നത്.
Business
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങളെത്തുടർന്ന് വിതരണ തടസങ്ങൾ കാരണം മരുന്ന് നിർമാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളുടെ വില വർധിച്ചു.
ഇതേത്തുടർന്ന് ഫാർമസ്യൂട്ടിക്കൽ കന്പനികളെ സഹായിക്കുന്നതിനായി കാൻസർ മരുന്നുകൾ ഉൾപ്പെടെയുള്ള അവശ്യമരുന്നുകളുടെ വിലയിൽ 10 മുതൽ 20 ശതമാനം വരെ താത്കാലിക വർധന വരുത്താൻ സർക്കാർ ആലോചിക്കുന്നതായി ഇതുമായി ബന്ധപ്പെട്ട ഒൗദ്യോഗികവൃത്തങ്ങൾ അറിയിച്ചു.
ആന്റിബയോട്ടിക്കുകൾ, കുത്തിവയ്പുകൾ, കാൻസർ മരുന്നുകൾ എന്നിവയുൾപ്പെടെ വില നിയന്ത്രണമുള്ള അവശ്യമരുന്നുകളെ ഉൾപ്പെടുത്തിയുള്ള ഈ നിർദേശം ഒരു ഹൃസ്വകാല നടപടിയായിരിക്കും. കുറഞ്ഞത് മൂന്നു മാസത്തേക്കെങ്കിലും വില വർധന നടപ്പിലാക്കുന്നതിനെക്കുറിച്ചാണ് ആലോചനകൾ നടത്തുന്നത്.
വ്യവസായ പ്രതിനിധികൾ വിലവർധന നിർദേശിച്ചിട്ടുണ്ടെങ്കിലും എത്ര വർധിപ്പിക്കണമെന്ന കാര്യത്തിൽ ഏകകണ്ഠമായ തീരുമാനമെടുത്തിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരുകയാണ് അദ്ദേഹം പറഞ്ഞു.
ഈ വ്യവസായത്തിലെ ഒരു വിഭാഗം വില വർധന 50 ശതമാനമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും മിതമായ വർധനയ്ക്കപ്പുറമുള്ള ഒരു ഉയർത്തലിന് സർക്കാർ തയാറായേക്കില്ലെന്നാണ് ഉദ്യോഗസ്ഥൻ പറഞ്ഞത്.
വിതരണസാഹചര്യങ്ങൾ സാധാരണനിലയിലെത്തുന്നതോടെ വില പഴയ നിലയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
► ►വില വർധനയ്ക്കു കാരണം
ഗൾഫ് മേഖലയിൽ നിന്നുള്ള സോൾവെന്റുകളുടെ വിതരണത്തിലുണ്ടായ തടസമാണ് പ്രധാനമായും വില വർധന സമ്മർദത്തിന് കാരണം. മരുന്ന് നിർമാണ വേളയിൽ മരുന്നിന്റെ ചേരുവകൾ ലയിപ്പിക്കുന്നതിനും സംസ്കരിക്കുന്നതിനും ശുദ്ധീകരിക്കുന്നതിനും ഉപയോഗിക്കുന്ന വ്യവസായ രാസവസ്തുക്കളാണ് സോൾവെന്റുകൾ. ഇവയിൽ ഭൂരിഭാഗവും ക്രൂഡ് ഓയിൽ, പ്രകൃതിവാതകം എന്നിവയുടെ വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട പെട്രോകെമിക്കൽ ഉത്പന്നങ്ങളാണ്.
സോൾവെന്റുകൾ എല്ലായ്പ്പോഴും അന്തിമ ഒൗഷധത്തിൽ അടങ്ങിയിരിക്കണമെന്നില്ലെങ്കിലും, ഭൂരിഭാഗം മരുന്ന് നിർമാണ പ്രക്രിയകളിലും ഇവ ഉപയോഗിക്കുന്നുണ്ട്. അതിനാൽതന്നെ മിക്കവാറും എല്ലാ മരുന്നുകളുടെയും നിർമാണത്തിന് ഇവയുടെ ലഭ്യത അത്യന്താപേക്ഷിതമാണ്.
ഗൾഫ് മേഖലയിൽ നിന്ന് നിലവിൽ വിതരണ തടസമുണ്ട്. ഇത് രണ്ടു മൂന്ന് മാസത്തേക്കുകൂടി തുടരുകയാണെങ്കിൽ എല്ലാ മരുന്നുകളുടെയും ഉത്പാദനത്തെ ബാധിച്ചു തുടങ്ങുമെന്ന് ഒൗദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
സുരക്ഷാ ഭീഷണികൾ നിലനിൽക്കുന്നതിനാൽ സോൾവെന്റുകൾ വലിയ അളവിൽ സംഭരിച്ചു വയ്ക്കുന്നതിനും കന്പനികൾക്ക് പരിമിതികളുണ്ട്. വിതരണത്തിലുണ്ടാകുന്ന പെട്ടെന്നുള്ള തടസങ്ങളെ പ്രതിരോധിക്കാനുള്ള കന്പനികളുടെ ശേഷിയെ ഇത് കുറയ്ക്കുന്നു.
National
ന്യൂഡൽഹി: ലോക്സഭാ അംഗസംഖ്യ നിലവിലുള്ള 543ൽ നിന്ന് 850 ആയി ഉയർത്തുന്നതിനുള്ള 131-ാം ഭരണഘടനാ ഭേദഗതി ബില്ലിന്റെയും മണ്ഡല പുനർനിർണയത്തിനുള്ള ഭേദഗതി ബില്ലിന്റെയും പകർപ്പ് എംപിമാർക്ക് കൈമാറി. 16 മുതൽ മൂന്ന് ദിവസത്തെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ബില്ലുകൾ അവതരിപ്പിക്കും.
പുതിയ ഭേദഗതി പ്രകാരം സംസ്ഥാനങ്ങളിൽ നിന്ന് 815 പേരെയും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്ന് 35 പേരെയും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കാം. നിലവിലെ നിയമമനുസരിച്ച് 2026ന് ശേഷമുള്ള ആദ്യ സെൻസസിന് ശേഷം മാത്രമേ മണ്ഡല പുനർനിർണയം നടത്താൻ സാധിക്കുമായിരുന്നുള്ളൂ.
എന്നാൽ, ആർട്ടിക്കിൾ 82ൽ ഭേദഗതി വരുത്തുന്നതോടെ പുതിയ സെൻസസിനായി കാത്തുനിൽക്കാതെ തന്നെ 2011ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ മണ്ഡല പുനർനിർണയം നടത്താൻ കേന്ദ്ര സർക്കാരിനു സാധിക്കും.
മണ്ഡല പുനർനിർണയത്തിനായുള്ള "ഡീലിമിറ്റേഷൻ ബിൽ 2026’ പ്രകാരം സുപ്രീംകോടതി മുൻ ജഡ്ജിയോ നിലവിലെ ജഡ്ജിയോ അധ്യക്ഷനായ മണ്ഡല പുനർനിർണയ കമ്മീഷനെ കേന്ദ്രത്തിന് ഔദ്യോഗിക വിജ്ഞാപനത്തിലൂടെ രൂപീകരിക്കാം.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ, ബന്ധപ്പെട്ട സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഓഫീസർ എന്നിവർ ഇതിൽ അംഗങ്ങളായിരിക്കും. കൂടാതെ, ഓരോ സംസ്ഥാനത്തുനിന്നും അഞ്ച് എംപിമാരും അഞ്ച് എംഎൽഎമാരും ഉൾപ്പെടുന്ന സംഘത്തെ സഹായികളായി ഉൾപ്പെടുത്താൻ സാധിക്കും.
എന്നാൽ, ഇവർക്ക് ഡീലിമിറ്റേഷൻ കമ്മീഷന്റെ ഏതൊരു തീരുമാനത്തിലും വോട്ട് രേഖപ്പെടുത്തുന്നതിനുള്ള അധികാരം ഉണ്ടായിരിക്കില്ല. മണ്ഡല പുനർനിർണയ കമ്മീഷൻ എടുക്കുന്ന തീരുമാനങ്ങൾ ഗസറ്റിൽ പ്രസിദ്ധീകരിച്ചുകഴിഞ്ഞാൽ അവയ്ക്ക് നിയമസാധുത ഉണ്ടായിരിക്കും.
പിന്നീട് ഒരു കോടതിയിലും അതിനെ ചോദ്യംചെയ്യാൻ കഴിയില്ല. എങ്കിലും, നിലവിലുള്ള സർക്കാരുകൾ പിരിച്ചുവിടുന്നതുവരെ പ്രതിനിധികളുടെ കാര്യത്തിൽ മാറ്റമുണ്ടാകില്ലെന്നും ഉപതെരഞ്ഞെടുപ്പുകൾ പഴയ രീതിയിൽത്തന്നെ തുടരുമെന്നും ബില്ലിൽ വ്യക്തമാക്കുന്നു.
ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും ആകെ സീറ്റുകളുടെ മൂന്നിലൊന്ന് വനിതകൾക്കായി സംവരണം ചെയ്യുന്ന വ്യവസ്ഥയും ബില്ലിലുണ്ട്.
പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കായി സംവരണം ചെയ്ത സീറ്റുകളിലും ഇതേ അനുപാതത്തിൽ വനിതാ സംവരണം ബാധകമാകും. ഓരോ തെരഞ്ഞെടുപ്പിലും സംവരണ സീറ്റുകൾ മാറിവരുന്ന രീതിയിലായിരിക്കും ക്രമീകരിക്കുക.
Kerala
കൊച്ചി: കൊച്ചി തുറമുഖത്തെ ട്രാന്‍സ്ഷിപ്മെന്റ് ഹബ്ബായി ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത കപ്പല്‍ ചാലിന്റെ ആഴം വര്‍ധിപ്പിക്കുന്ന പദ്ധതിയുമായി കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് മുന്നോട്ട്.
പ്രാദേശിക എതിര്‍പ്പുകളെത്തുടര്‍ന്നു തടസം നേരിട്ട പദ്ധതി കേന്ദ്രസര്‍ക്കാര്‍ വീണ്ടും സജീവമാക്കിയതോടെ കഴിഞ്ഞമാസം പോര്‍ട്ട് ട്രസ്റ്റ് കരാര്‍ ക്ഷണിച്ചു. പദ്ധതി നടപ്പാക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന പാരിസ്ഥിതിക ആഘാത പഠനത്തിനും തീരപരിപാല നിയമത്തിന്റെ ക്ലിയറന്‍സ് നേടിയെടുക്കുന്നതിനുമുള്ള ടെൻഡറാണു ക്ഷണിച്ചിരിക്കുന്നത്. ടെൻഡര്‍ കാലാവധി ഈ മാസം 24 വരെയാണ്.
കപ്പല്‍ ചാലിന്റെ ആഴം 16 മീറ്ററാക്കി ഉയര്‍ത്തുന്നതാണ് പദ്ധതി. നിലവില്‍ 14.5 മീറ്ററാണ് ആഴം. ആഴം കൂട്ടുന്നതോടെ വമ്പന്‍ കപ്പലുകള്‍ക്ക് തുറമുഖത്ത് അടുക്കാനാകും. അതുവഴി കൊച്ചിയിലേക്കുള്ള ചരക്ക് കയറ്റിയിറക്ക് 20 ലക്ഷം ടിഇയു കണ്ടെയ്നറുകളായി ഉയര്‍ത്താനാകുമെന്നാണു വിലയിരുത്തല്‍. നിലവിൽ 10 ലക്ഷം ടിഇയു കണ്ടെയ്നറുകളാണ് കൊച്ചി തുറമുഖത്ത് കൈമാറ്റം നടക്കുന്നത്.
കപ്പല്‍ചാലില്‍നിന്നു തുറമുഖം വരെ 12 കിലോമീറ്ററില്‍ നീണ്ടുകിടക്കുന്ന ഭാഗത്തെ ആഴമാണു വര്‍ധിപ്പിക്കേണ്ടത്. പദ്ധതി വിഭാവനം ചെയ്ത ഘട്ടത്തില്‍ 380 കോടി രൂപയായിരുന്നു എസ്റ്റിമേറ്റ് തുക. സാഗര്‍മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുക അനുവദിച്ചെങ്കിലും പദ്ധതി വൈകിയതോടെ എസ്റ്റിമേറ്റ് നിരക്കും ഉയര്‍ന്നു. ഇപ്പോള്‍ 700 കോടി രൂപ വരെ ചെലവ് ഉയരുമെന്നാണു കണക്കാക്കുന്നത്.
കൊച്ചി തുറമുഖം വികസിപ്പിക്കുന്നതോടെ കൊളംബോ തുറമുഖത്തിന് വന്‍ തിരിച്ചടിയാകും. നിലവില്‍ വമ്പന്‍ അന്താരാഷ്ട്ര ചരക്കുകപ്പലുകള്‍ കൊളംബോ തുറമുഖത്താണ് എത്തുന്നത്. പിന്നീട് ഇവിടെനിന്നാണ് കൊച്ചിയിലേക്കും തിരിച്ചും സാധനങ്ങള്‍ എത്തിക്കുന്നത്. ആഴം കൂട്ടുന്നതോടെ ഈ കപ്പലുകള്‍ക്ക് കൊച്ചി തുറമുഖത്തേക്ക് നേരിട്ട് എത്താനാകും.
തുടര്‍ച്ചയായ ഡ്രഡ്ജിംഗ് വഴിയാണു കൊച്ചിയില്‍ കായലിന്റെ ആഴം നിലനിര്‍ത്തുന്നത്. ഇപ്പോഴത്തെ ആഴം നിലനിര്‍ത്തുന്നതിന് പ്രതിവര്‍ഷം 150 കോടിയിൽപ്പരം രൂപ കൊച്ചി തുറുഖം ചെലവഴിക്കുന്നുണ്ട്. ഈ ചെലവാണ് കൊച്ചി തുറമുഖത്തെ സാമ്പത്തികമായി തളര്‍ത്തുന്നത്.
ആഴം വീണ്ടും കൂട്ടിയാല്‍ അതു നിലനിര്‍ത്താനുള്ള മെയിന്റനന്‍സ് ചെലവ് തുറമുഖത്തിന്റെ ചുമലിലാകും. പ്രതിവര്‍ഷം 50 കോടിയില്‍പ്പരം രൂപ അധികബാധ്യതയായി വരുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതുകൊണ്ട് കായലിന് ആഴം കൂട്ടുന്ന പദ്ധതിക്കെതിരേ തൊഴിലാളിസംഘടനകളും രംഗത്തുണ്ട്.
കായലിന് ആഴം കൂട്ടിയാല്‍ കൊച്ചി കരയിലെ വേലിയേറ്റം രൂക്ഷമാകുമെന്ന ആശങ്കയെത്തുടർന്ന് പദ്ധതിക്കെതിരേ പ്രാദേശിക എതിര്‍പ്പും ശക്തമാണ്. 16 മീറ്റര്‍ ആഴം നിലനിര്‍ത്തണമെങ്കില്‍ 17.5 മീറ്ററെങ്കിലും താഴ്ത്തേണ്ടിവരും. ആഴം കൂടിയാല്‍ വെള്ളപ്പൊക്കം പതിവാകുമെന്നും കര നഷ്ടപ്പെടുമെന്നും ആശങ്കയുണ്ട്. കായലിന് ആഴം കൂടിയതിനെത്തുടര്‍ന്നാണ് ചെല്ലാനം പോലുള്ള മേഖലകളില്‍ കടലേറ്റം രൂക്ഷമായതെന്നും നാട്ടുകാര്‍ പറയുന്നു.
Business
കൊച്ചി: രാജ്യത്തുടനീളം പ്രിന്റിംഗ്, പാക്കേജിംഗ് മേഖലയെ ബാധിക്കുന്ന അസംസ്കൃത വസ്തുക്കളുടെ വിലവര്‍ധനയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തുടനീളം പ്രിന്റിംഗ് സേവന നിരക്കുകൾ ഉയർത്തിയതായി കേരള മാസ്റ്റര്‍ പ്രിന്റേഴ്സ് അസോസിയേഷന് (കെഎംപിഎ) അറിയിച്ചു.
കഴിഞ്ഞ ഏതാനും മാസങ്ങളായി പേപ്പര്‍, പേപ്പര്‍ ബോര്‍ഡ്, മഷി, കെമിക്കല്‍സ്, പ്രിന്റിംഗ് പ്ലേറ്റുകള്‍, ഗം, ലാമിനേഷന് ഫിലിം തുടങ്ങിയ പ്രധാന അസംസ്കൃത വസ്തുക്കളുടെ വിലയില്‍ ഗണ്യമായ വര്‍ധനവുണ്ടായി.
വിദ്യാഭ്യാസം, പാക്കേജിംഗ്, വാണിജ്യ അച്ചടി തുടങ്ങിയ വിവിധ മേഖലകളുടെ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രിന്റിംഗ് വ്യവസായം ഇന്ന് കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്.
അച്ചടിനിരക്കുകള്‍ 20 ശതമാനമെങ്കിലും വര്‍ധിപ്പിക്കാതെ മുന്നോട്ടുപോകുന്നത് ദുഷ്കരമാണെന്ന് കെഎംപിഎ പ്രസിഡന്റ് ലൂയി ഫ്രാന്‍സിസ്, ജനറല്‍ സെക്രട്ടറി ഡി. മന്മോഹന് ഷേണായി, റോ മെറ്റീരിയല്‍ കമ്മിറ്റി ചെയര്മാന് എം. കൃഷ്ണമൂര്‍ത്തി എന്നിവര്‍ അറിയിച്ചു. നിരക്ക് വർധന ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്നതായി അസോസിയേഷന് അറിയിച്ചു.
Auto
ബിഎംഡബ്ല്യു വാഹനങ്ങളുടെ വില ഏപ്രിൽ ഒന്ന് മുതൽ രണ്ട് ശതമാനം വരെ വർധിക്കുമെന്ന് ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ അറിയിച്ചു. വർധിച്ചുവരുന്ന ലോജിസ്റ്റിക്സ്, മെറ്റീരിയൽ ചെലവുകൾ, രൂപയുടെ മൂല്യത്തകർച്ച എന്നിവ മൂലമുണ്ടാകുന്ന ആഘാതം പരിഹരിക്കുന്നതിനാണ് ഈ തീരുമാനമെന്ന് ജർമൻ ആഡംബര കാർ നിർമാതാക്കൾ വ്യക്തമാക്കി.
ബിഎംഡബ്ല്യു, മിനി ബ്രാൻഡുകൾക്ക് കീഴിലുള്ള എല്ലാ മോഡലുകൾക്കും ഈ വില വർധനവ് ബാധകമായിരിക്കും. കമ്പനിയുടെ ഉത്പന്നങ്ങൾക്ക് രാജ്യത്ത് ശക്തമായ ആവശ്യകതയുണ്ടെങ്കിലും വർധിച്ചുവരുന്ന ചെലവുകൾ കണക്കിലെടുത്ത് ഏപ്രിൽ ഒന്ന് മുതൽ വിലയിൽ മാറ്റം വരുത്താൻ നിർബന്ധിതരായിരിക്കുകയാണെന്ന് ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റും സിഇഒയുമായ ഹർദീപ് സിംഗ് ബ്രാർ പറഞ്ഞു.
ഉപഭോക്താക്കൾ പ്രതീക്ഷിക്കുന്ന പ്രകടനം, ആധുനിക സാങ്കേതികവിദ്യ, ലോകോത്തര സേവനം എന്നിവ ഉറപ്പാക്കാൻ ഈ വില പരിഷ്കരണം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിഎംഡബ്ല്യു കൂടാതെ മെഴ്സിഡസ് ബെൻസ് ഇന്ത്യ, ഔഡി ഇന്ത്യ എന്നീ കമ്പനികളും അടുത്ത മാസം മുതൽ വില വർധിപ്പിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.
Business
കൊച്ചി: പശ്ചിമേഷ്യയിലെ സംഘർഷവും പ്രധാന അസംസ്കൃത വസ്തുവായ ക്രാഫ്റ്റ് പേപ്പറിന്റെ വിലവർധനയും മൂലം കാർട്ടൺ ബോക്സുകൾക്ക് 15–20 ശതമാനം വരെ വില വർധിപ്പിക്കേണ്ടിവരുമെന്ന് കേരള കൊറുഗേറ്റഡ് ബോക്സ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ (കെസിബിഎംഎ) അറിയിച്ചു.
2024–25ൽ ഇന്ത്യ ഏകദേശം 980 ദശലക്ഷം ഡോളർ മൂല്യമുള്ള പേപ്പറും പേപ്പർ ബോർഡും കയറ്റുമതി ചെയ്തിട്ടുണ്ട്. ഇതിൽ 30 ശതമാനവും പശ്ചിമേഷ്യൻ വിപണികളിലേക്കായിരുന്നു.
യുദ്ധത്തെത്തുടർന്ന് ഇന്ധനച്ചെലവും കടൽ വഴിയുള്ള ചരക്കുനീക്കത്തിനുള്ള ചെലവും വർധിക്കുന്നത് കാർട്ടൺ ബോക്സുകളുടെ ഉത്പാദനച്ചെലവ് ഗണ്യമായി ഉയർത്തിയിട്ടുണ്ട്.
നിലവിലെ സാഹചര്യങ്ങളെത്തുടർന്ന് പ്രധാന അസംസ്കൃത വസ്തുവായ ക്രാഫ്റ്റ് പേപ്പറിന് മിൽ ഉടമകൾ 15 മുതൽ 20 ശതമാനം വരെ വില വർധിപ്പിച്ചിട്ടുണ്ടെന്നും അസോസിയേഷൻ പ്രസിഡന്റ് ജി. രാജീവ് പറഞ്ഞു.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രാജ്യത്തെ സാധാരണക്കാരെ ബാധിക്കാതിരിക്കാൻ പ്രത്യേക അടിയന്തര അധികാരം (എമർജൻസി പവർ) പ്രയോഗിച്ച് കേന്ദ്രസർക്കാർ.
സംഘർഷത്തിനിടയിലും രാജ്യത്തിന് അത്യാവശ്യമായ പാചകവാതകത്തിന്റെ ലഭ്യത ഉറപ്പുവരുത്താനായി ദ്രവീകൃത പെട്രോളിയം വാതകത്തിന്റെ (എൽപിജി) ഉത്പാദനം വർധിപ്പിക്കാൻ എണ്ണശുദ്ധീകരണശാലകൾക്കു കേന്ദ്രം നിർദേശം നൽകി.
അടിയന്തര സാഹചര്യങ്ങളിൽ അത്യാവശ്യ സാധനങ്ങളുടെ ഉത്പാദനത്തിലും വിതരണത്തിലും നിയന്ത്രണമേർപ്പെടുത്താൻ കേന്ദ്രത്തിന് അധികാരങ്ങൾ നൽകുന്ന 1955ലെ അവശ്യ സാധന നിയമപ്രകാരമാണ് ഉത്തരവ്.
പശ്ചിമേഷ്യൻ സംഘർഷം മൂലം ഊർജമേഖലയിലുണ്ടായ സവിശേഷ സാഹചര്യത്തെ പ്രതിരോധിക്കാൻ എൽപിജി ഉത്പാദനം വർധിപ്പിക്കുന്നതിനോടൊപ്പം തന്നെ എൽപിജിയുടെ മിശ്രിതങ്ങളായ ബ്യൂട്ടെയ്നും പ്രൊപ്പെയ്നും എൽപിജി ഉത്പാദനത്തിനുവേണ്ടി മാത്രമായി പരിമിതപ്പെടുത്തണമെന്നും കേന്ദ്രസർക്കാർ കഴിഞ്ഞദിവസം എണ്ണ ശുദ്ധീകരണശാലകൾക്കു നൽകിയ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
Business
കൊച്ചി: വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാർക്കിടയില്‍ ഇന്ത്യയിലെ ഇന്‍ഷ്വറന്‍സ് പോളിസികളോടുള്ള താത്പര്യം വര്‍ധിച്ചതായും ഇതിന്റെ ഭാഗമായി എന്‍ആര്‍ഐ ആരോഗ്യ ഇന്‍ഷ്വറന്‍സില്‍ 126 ശതമാനം വര്‍ധനയുണ്ടായതായും പോളിസി ബസാര്‍ സര്‍വേ വ്യക്തമാക്കി.
40 ശതമാനം വരെ പ്രീമിയം ഡിസ്കൗണ്ടില്‍ ലോകോത്തര ചികിത്സകളും വിവിധ ഇന്‍ഷ്വറന്‍സ് പോളിസികളും ടെലിമെഡിക്കല്‍ സേവനങ്ങളും ഡിജിറ്റല്‍ സൗകര്യങ്ങളുമാണ് പ്രവാസികളെ ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് തിരികെ എത്തിക്കുന്നതിനു കാരണമായതെന്ന് സര്‍വേ പറയുന്നു.
Kerala
തിരുവനന്തപുരം: വൈദ്യുതി കണക്ഷനുമായി ബന്ധപ്പെട്ട സേവനങ്ങൾ ഉപയോക്താവിന് ലഭ്യമാക്കേണ്ട സമയപരിധിയിൽ കുറവു വരുത്തുന്നതിനും സേവനം ലഭ്യമാക്കിയില്ലെങ്കിൽ ഉപയോക്താവിനു നൽകേണ്ട നഷ്ടപരിഹാരത്തുക വർധിപ്പിക്കുന്ന നിർദേശത്തിനുമെതിരേ കെഎസ്ഇബി.
ഉപയോക്താവ് അപേക്ഷിക്കാതെ തന്നെ നഷ്ടപരിഹാരം നേരിട്ടോ വൈദ്യുതി ബില്ലിൽ ഇളവു ചെയ്തോ നൽകണമെന്ന നിർദേശവും കരട് ചട്ടത്തിലുണ്ട്. ഇതിൽ സമയപരിധി കുറച്ചതും നഷ്ടപരിഹാരത്തുക വർധിപ്പിച്ചതുമായ നിർദേശങ്ങൾ പിൻവലിക്കണമെന്നായിരുന്നു കെഎസ്ഇബിയുടെ ആവശ്യം.
Business
കോട്ടയം: റബര്‍ ഷീറ്റ് വില വീണ്ടും ഉയര്‍ന്നു. ഇന്നലെ ആര്‍എസ്എസ് നാല് ഗ്രേഡ് ഷീറ്റ് 213 രൂപയ്ക്ക് വ്യാപാരം നടന്നു.
റബര്‍ ബോര്‍ഡ് വില 213 രൂപയാണെങ്കിലും 215 രൂപയ്ക്കു വരെ കച്ചവടം നടന്നു. കഴിഞ്ഞ 10 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണ്. ലാറ്റക്സ് വിലയും മെച്ചപ്പെട്ടു. ലാറ്റക്സ് വില 200 രൂപയയി. ഒട്ടുപാലിന് 144 രൂപയെത്തി.
ക്രംബ് ഫാക്ടറികള്‍ക്ക് ഒട്ടുപാല് വേണ്ട തോതില്‍ കിട്ടാനില്ല. വരുംദിവസങ്ങളിലും റബര്‍ വില ഇനിയും മെച്ചപ്പെടുമെന്നാണ് മാര്‍ക്കറ്റ് സൂചന. ടയര്‍വ്യവസായം മെച്ചപ്പെട്ടതും ഇന്ത്യന്‍ ടയറിന് ഓര്‍ഡര്‍ കൂടിയതുമാണ് റബറിന് നേട്ടമായത്.
വിദേശവില മൂന്നു ദിവസത്തിനുള്ളില്‍ 10 രൂപ വര്‍ധിച്ചതും ആഭ്യന്തരവില കയറാന്‍ കാരണമായി.
Business
കൊച്ചി: എണ്ണ-പ്രകൃതിവാതകം, ലോഹം, നിര്‍ണായക ധാതുക്കള്‍, ഊര്‍ജം, ടെക്നോളജി തുടങ്ങിയ മേഖലകളിലെ മുൻനിര നിര്‍മാതാക്കളായ വേദാന്ത നടപ്പ് സാമ്പത്തികവര്‍ഷം മൂന്നാംപാദം അറ്റാദായത്തില്‍ 60 ശതമാനം വര്‍ധന കൈവരിച്ചു.
7,807 കോടി രൂപയുടെ അറ്റാദായമാണു കമ്പനി നേടിയത്. മുന്‍വര്‍ഷമിത് 4,876 കോടി രൂപയായിരുന്നു. ഈ പാദത്തിലെ പ്രവര്‍ത്തന മൂലധനം 15,171 കോടി രൂപയാണ്.
Sports
ദുബായ്: അടുത്ത വർഷത്തെ ഫുട്ബോൾ ലോകകപ്പിനുള്ള സമ്മാനത്തുക മുൻ പതിപ്പിനേക്കാൾ 50 ശതമാനം വർധിപ്പിക്കുമെന്ന് ഫിഫ. 2028 വനിതാ ക്ലബ് ലോകകപ്പ് ജനുവരി അഞ്ച് മുതൽ 30 വരെ നടക്കുമെന്നും ഫിഫ കൗണ്‍സിൽ വ്യക്തമാക്കി.
Business
ന്യൂഡൽഹി: ഒക്ടോബറിൽ മൊത്തം ചരക്ക് സേവന നികുതി (ജിഎസ്ടി) ശേഖരണം കഴിഞ്ഞ വർഷത്തെക്കാൾ 4.6 ശതമാനം വർധിച്ച് 1.96 ലക്ഷം കോടി രൂപയായി. നിരക്ക് കുറച്ചിട്ടും ഉത്സവസീസണിലെ ഉയർന്ന വാങ്ങലുകളാണ് ജിഎസ്ടി അടവ് ഉയരാൻ ഇടയാക്കിയത്.
സെപ്റ്റംബർ 22 മുതലാണ് അടുക്കളയിലെ അവശ്യവസ്തുക്കൾ മുതൽ ഇലക്ട്രോണിക്സ്, വാഹനങ്ങൾ വരെയുള്ള 375 ഇനങ്ങളുടെ ജിഎസ്ടി നിരക്കുകളുടെ കുറവ് പ്രാബല്യത്തിൽ വന്നത്. 2024 ഒക്ടോബറിൽ 1.87 ലക്ഷം കോടി രൂപയുടെ ജിഎസ്ടിയാണ് പിരിച്ചെടുത്തത്. ഈ വർഷം ഓഗസ്റ്റിലും സെപ്റ്റംബറിലും ജിഎസ്ടി ശേഖരണത്തിൽ കുറവുണ്ടായി. യഥാക്രമം 1.86 ലക്ഷം കോടി രൂപയുടെയും 1.89 ലക്ഷം കോടി രൂപയുടെയും ശേഖരണമാണ് നടന്നത്.
ഒക്ടോബറിലെ 4.6 ശതമാനം വാർഷിക വളർച്ചാ നിരക്ക് മുൻ മാസങ്ങളിൽ രേഖപ്പെടുത്തിയ ശരാശരി ഒന്‍പത് ശതമാനം വളർച്ചാ നിരക്കിനേക്കാൾ കുറവാണ്.
പ്രാദേശിക വിൽപ്പനയുടെ സൂചനയായ മൊത്ത ആഭ്യന്തര വരുമാനം ഒക്ടോബറിൽ രണ്ട് ശതമാനം വർധിച്ച് 1.45 ലക്ഷം കോടി രൂപയായി, അതേസമയം ഇറക്കുമതിയിൽനിന്നുള്ള നികുതി ഏകദേശം 13 ശതമാനം വളർച്ചയോട്െ 50,884 കോടി രൂപയായി.
ജിഎസ്ടി റീഫണ്ടുകൾ വാർഷികാടിസ്ഥാനത്തിൽ 39.6 ശതമാനം വർധിച്ച് 26,934 കോടി രൂപയായി. 2025 ഒക്ടോബറിൽ അറ്റ ജിഎസ്ടി വരുമാനം 0.2 ശതമാനം വളർച്ച രേഖപ്പെടുത്തി 1.69 ലക്ഷം കോടി രൂപയായി.