1986 ജനുവരി 25ന് അസീസിയിൽ നടന്ന ലോക മതസമ്മേളനത്തിൽ ജോൺ പോൾ രണ്ടാമൻ പാപ്പാ പ്രസംഗിക്കുന്നു.
പൂക്കളെയും പുഴകളെയും പുൽനാമ്പുകളെയും പ്രണയിച്ച് അസീസി പട്ടണത്തിന്റെ മുഖമായി മാറിയ വിശുദ്ധ ഫ്രാൻസിസിന്റെ മരണത്തിന്റെ എണ്ണൂറാം വാർഷികത്തോടനുബന്ധിച്ച് തിരുസഭ ഈ വർഷം ഫ്രാൻസിസ്കൻ വർഷമായി ആചരിക്കുകയാണ്. അതോടൊപ്പം അസീസി പട്ടണത്തിന് അഭിമാനമായ മറ്റൊരു വാർഷികംകൂടി ഈ വർഷം ആചരിക്കപ്പെടുന്നുണ്ട്. 1986 ഒക്ടോബർ 27ന് ചരിത്രത്തിൽ ആദ്യമായി വിവിധ മതങ്ങളിൽ വിശ്വസിക്കുന്നവർ അസീസിയിൽ ഒന്നുചേർന്ന് ലോകസമാധാനത്തിനായി പ്രാർഥിച്ചതിന്റെ നാല്പതാം വാർഷികം കൂടിയാണ് ഈ വർഷം.
വത്തിക്കാന്റെ മൂന്നു വ്യത്യസ്ത കാര്യാലയങ്ങൾ ഒന്നുചേർന്ന് ജൂൺ 22ന് പുറത്തിറക്കിയ പ്രത്യാശയുടെ യാത്ര എന്ന രേഖ അസീസിയിലെ സമ്മേളനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നുണ്ട്. വ്യക്തവും ശക്തവുമായ രീതിയിൽ മതങ്ങൾ ഭിന്നതയുടെ കാരണങ്ങളല്ലെന്നും മറിച്ച്, പരസ്പര ബഹുമാനത്തിലൂടെയും സാഹോദര്യപൂർണമായ സഹകരണത്തിലൂടെയും നിലനിൽക്കുന്ന സമാധാനത്തിന്റെ ദൂതരാണെന്നും അസീസിയിലെ സമ്മേളനം നമ്മെ ഓർമിപ്പിക്കുന്നു (Journey of Hope, 19).
മതപരമായ സമവായമല്ല അസീസിയുടെ ലക്ഷ്യം
അസീസിയിലേക്ക് ജോൺ പോൾ പാപ്പായുടെ ക്ഷണം സ്വീകരിച്ച് വിവിധ മതങ്ങളിൽ നിന്നുള്ളവർ എത്തിയിരുന്നു. യഹൂദർ, മുസ്ലിംകൾ, ബുദ്ധമതക്കാർ, ഹിന്ദുക്കൾ, ജൈനമതക്കാർ, സൊരോവാഷ്ട്രർ, ആഫ്രിക്കയിലെയും അമേരിക്കയിലെയും പരമ്പരാഗത മതങ്ങളുടെ പ്രതിനിധികൾ എന്നിങ്ങനെ 13 മതങ്ങളെ പ്രതിനിധീകരിച്ച് 47 നേതാക്കളാണ് അസീസിയിൽ എത്തിയത്. വിവിധ മതങ്ങൾ ഒന്നുചേരുമ്പോൾ സ്വാഭാവികമായും ഉയരാവുന്ന ഒരു ചോദ്യമാണ് ഏത് ദൈവത്തോടാണ് അവർ പ്രാർഥിച്ചിട്ടുണ്ടാവുക എന്നത്. വ്യത്യസ്ത മതവിശ്വാസങ്ങൾക്കിടയിൽ സമവായം സൃഷ്ടിച്ച് ഒരേ പ്രാർഥന ഏറ്റുചൊല്ലുകയായിരുന്നില്ല അസീസിയിലെ സമ്മേളനത്തിന്റെ ലക്ഷ്യം. ‘പ്രാർഥിക്കാനായി ഒരുമിക്കുക’ എന്നതായിരുന്നു അസീസിയുടെ ലക്ഷ്യം. വിവിധ സ്ഥലങ്ങളിൽ ഓരോരുത്തരും താന്താങ്ങളുടെ പാരമ്പര്യത്തോടു വിശ്വസ്തത പാലിച്ച്, തങ്ങളുടേതായ ആചാരങ്ങളിലൂടെ ലോകത്തിൽ സമാധാനം പുലരുന്നതിനായി അവർ പ്രാർഥിച്ചു. “ഒന്നിച്ചു പ്രാർഥിക്കുക; അതായത്, ഒരു പൊതുപ്രാർഥന നടത്തുക എന്നത് സാധ്യമല്ല; എന്നാൽ, മറ്റുള്ളവർ പ്രാർഥിക്കുമ്പോൾ അവിടെ സന്നിഹിതനായിരിക്കാൻ സാധിക്കും” എന്നതായിരുന്നു ജോൺ പോൾ രണ്ടാമൻ പാപ്പായുടെ അടിസ്ഥാന ആശയം.
എല്ലാവരെയും ഉൾക്കൊള്ളുന്ന പുതിയ മതം രൂപപ്പെടുത്തുകയായിരുന്നില്ല; മറിച്ച്, ലോകരാഷ്ട്രങ്ങൾക്കിടയിലും വ്യക്തികൾക്കിടയിലും സമാധാനം പുലരുകയെന്നതായിരുന്നു അവരുടെ ആഗ്രഹം. അസീസിയിലെ സർവമതപ്രാർഥനയുടെ സ്മരണകളിൽ ഏറ്റവും വിമർശനവിധേയമായിട്ടുള്ളത് പ്രസ്തുത സമ്മേളനം സിൻക്രെറ്റിസമാണ് എന്ന ചിന്തയുടെ അടിസ്ഥാനത്തിലാണ്. മതനേതാക്കൾ തോളോടുതോൾ ചേർന്നു നിൽക്കുന്ന ചിത്രങ്ങൾ കാണുമ്പോൾ പലർക്കും അത്തരത്തിലുള്ള ചിന്തകൾ ഉയരുക സ്വാഭാവികവുമാണ്. ‘ഒരുമിച്ചു പ്രാർഥിക്കുക’ (praying together) എന്നതും ‘പ്രാർഥിക്കാനായി ഒരുമിക്കുക’ ‘being together to pray’ എന്നതും രണ്ടാണെന്ന തിരിച്ചറിവിലേക്ക് അവർ എത്തിയിട്ടില്ല എന്നതാണ് വാസ്തവം.
സമ്മേളനത്തിന്റെ തുടക്കത്തിൽ എല്ലാവരെയും ക്ഷണിച്ചുകൊണ്ട് പാപ്പാ പറഞ്ഞു: “ഇത്രയധികം മതനേതാക്കൾ പ്രാർഥനയ്ക്കായി ഒത്തുചേർന്നു എന്നത്, സമാധാനത്തിന് മറ്റൊരു മാനമുണ്ടെന്നും രാഷ്ട്രീയ ചർച്ചകളോ വിട്ടുവീഴ്ചകളോ സാമ്പത്തിക ഇടപാടുകളോ അല്ലാതെ സമാധാനം പ്രചരിപ്പിക്കാൻ മറ്റൊരു വഴിയുണ്ടെന്നും തിരിച്ചറിയാൻ ആധുനികലോകത്തിന് ഒരു പ്രചോദനമാണ്. മതപരമായ വൈവിധ്യങ്ങൾക്കിടയിലും, നമ്മുടെ കഴിവുകളുടെ പരിധിക്കപ്പുറമുള്ള പരമശക്തിയുമായുള്ള ഒരു ബന്ധത്തെയാണ് ഈ പ്രാർഥന പ്രകടമാക്കുന്നത്.” മതാന്തരസംവാദം സഭ തുടരുന്നതിന്റെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്ന് ലോകസമാധാനത്തിനായുള്ള പ്രതിബദ്ധതയാണ്. യഥാർഥ സമാധാനം രാഷ്ട്രീയപരമായി നേടിയെടുക്കാവുന്ന ഒരു ഉടമ്പടിയല്ല, ആത്മീയമായി കരഗതമാകേണ്ട അനുഭവമാണ്.
സമാധാനത്തിന്റെ പുതിയ അധ്യായം
1986ൽ അസീസിയിൽ നടന്ന സമ്മേളനം ഒരു തുടക്കമായിരുന്നു. അതിനുശേഷം പലവട്ടം വിവിധ മതങ്ങളിൽ വിശ്വസിക്കുന്നവർ ഒന്നുചേർന്നിട്ടുണ്ട്. ജോൺ പോൾ രണ്ടാമൻ പാപ്പാ നേതൃത്വം നൽകി 1988ൽ റോമിലും 1994ൽ ബാൽകൻ പ്രദേശത്തും അതേവർഷംതന്നെ റുവാണ്ടയിൽ യുദ്ധം നടക്കുന്ന സമയത്തും 2002ൽ (സെപ്റ്റംബർ 11 ദുരന്തത്തിനുശേഷം) അസീസിയിലും അദ്ദേഹം വീണ്ടും ലോകസമാധാനത്തിനായി വിവിധ മതവിശ്വാസികളെ പ്രാർഥനയ്ക്കായി ക്ഷണിച്ചു. അസീസി സമ്മേളനത്തിന്റെ അവസാനം ജോൺ പോൾ രണ്ടാമൻ പറഞ്ഞ വാക്കുകൾ കാലങ്ങൾക്കിപ്പുറവും പ്രസക്തമായി നിലകൊള്ളുന്നു. “ചരിത്രത്തിലാദ്യമായി, വിശുദ്ധ ഫ്രാൻസിസിനായി സമർപ്പിക്കപ്പെട്ട ഈ പുണ്യസ്ഥലത്ത്, ക്രിസ്തീയ സഭകളും സഭാ സമൂഹങ്ങളും ലോകമതങ്ങളും ഒത്തുചേർന്നിരിക്കുന്നു.
നാം കണ്ടതുപോലെ, നമ്മുടെ പ്രാർഥനകളുടെ രൂപവും ഉള്ളടക്കവും തികച്ചും വ്യത്യസ്തമാണ്; അവയെ ഒരു പൊതു മാനദണ്ഡത്തിലേക്ക് ചുരുക്കാൻ കഴിയില്ല. എന്നാൽ, ഈ വൈവിധ്യത്തിനിടയിലും, സമാധാനത്തെക്കുറിച്ചുള്ള ചിന്തയും മതപരമായ പ്രതിബദ്ധതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു പറയുമ്പോൾ, നമ്മെയെല്ലാം ഒന്നിപ്പിക്കുന്ന എന്തോ ഒന്ന് ഉണ്ടെന്ന് നാം തിരിച്ചറിയുന്നു. ഇന്ന് ഓരോ മനുഷ്യന്റെയും മനഃസാക്ഷിയെ അഭിമുഖീകരിക്കുന്ന സമാധാനമെന്ന വെല്ലുവിളി, മതപരമായ ഭിന്നതകൾക്കപ്പുറത്തുള്ള ഒന്നാണ്. സമാധാനമെന്ന ഈ യാഥാർഥ്യത്തെക്കുറിച്ച് നമുക്ക് വ്യത്യസ്ത ധാരണകളുണ്ടാകാം; എങ്കിലും, നമ്മുടെ വ്യത്യസ്ത മതവിശ്വാസങ്ങൾ എന്തുതന്നെയായാലും, ഈ യാഥാർഥ്യവും സമാധാനമെന്ന ദാനവും തമ്മിൽ ഒരു ബന്ധമുണ്ടെന്ന കാര്യത്തിൽ നാം എല്ലാവരും യോജിക്കുന്നു. എനിക്ക് ഉറച്ച ബോധ്യമുള്ള ഒരു കാര്യം ഞാൻ വിനയപൂർവം ആവർത്തിക്കട്ടെ: സമാധാനത്തിന് ഈശോ മിശിഹായുടെ നാമമുണ്ട്.”
പാപ്പായുടെ വാക്കുകൾ മതാന്തര സംവാദത്തിന്റെ അന്തഃസത്ത വ്യക്തമായി വെളിവാക്കുന്നുണ്ട്. മതങ്ങൾ ഒരുമിച്ചുചേരുന്ന ഇടങ്ങളിൽ പരസ്പരം ആദരവോടും ബഹുമാനത്തോടും സംസാരിക്കാനും കേൾക്കാനും സാധിക്കും. എന്നാൽ, അതിനർഥം സ്വന്തം വിശ്വാസത്തെയും ബോധ്യങ്ങളെയും ബലികഴിക്കുക എന്നതല്ല. സ്വന്തം വിശ്വാസം മുറുകെപ്പിടിച്ചും അത് സധൈര്യം പങ്കുവച്ചുമാണ് മതാന്തരസംവാദങ്ങൾ പുരോഗമിക്കുന്നത്. എന്നാൽ, അത്തരം പങ്കുവയ്ക്കലുകൾ ഒരിക്കലും മേൽക്കോയ്മ സ്ഥാപിക്കാനുള്ള വ്യഗ്രതയോ അധീശത്വം പ്രകടിപ്പിക്കാനുള്ള പരിശ്രമമോ അല്ല. മറിച്ച്, സാഹോദര്യത്തിൽ പാദങ്ങളുറപ്പിച്ചുള്ള സംഭാഷണങ്ങളും സ്നേഹത്തിൽ അടിയുറച്ചുള്ള പ്രവൃത്തികളുമാണ്.
എട്ടു നൂറ്റാണ്ടുകൾക്കു മുമ്പ് ഇറ്റലിയിൽനിന്ന് ഈജിപ്തിലേക്ക് യാത്രചെയ്ത് സുൽത്താൻ മാലിക് അൽ-കമിലിനെ കണ്ട അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ പുണ്യസ്മരണ തളംകെട്ടിനിൽക്കുന്ന അസീസിയുടെ വിശുദ്ധഭൂമിയിലാണ് നാല്പത് വർഷങ്ങൾക്ക് മുൻപ് ജോൺ പോൾ രണ്ടാമൻ പാപ്പാ എല്ലാ മതവിശ്വാസികളെയും ഒന്നിച്ചു ചേർത്തത്. ജോൺ പോൾ രണ്ടാമൻ പാപ്പാ വിളിച്ചുചേർത്ത അസീസി സമ്മേളനത്തിന്റെ അനന്തരഫലമായി മതങ്ങൾക്കിടയിലെ സഹകരണത്തിനും സഹവർത്തിത്വത്തിനും കൂടുതൽ ആഴം കൈവന്നിട്ടുണ്ട്. അസീസിയിൽ നാല്പത് വർഷങ്ങൾക്കു മുൻപ് കൊളുത്തിയ ഈ മതസൗഹാർദദീപം ഇനിയും തലമുറകൾക്ക് സാഹോദര്യത്തിന്റെ വെളിച്ചം പകരട്ടെയെന്ന് നമുക്കു പ്രത്യാശിക്കാം.

പരസ്പരവിരുദ്ധങ്ങളായ ശാക്തികചേരികളിൽ ശീതയുദ്ധവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ചെറുതും വലുതുമായ അനേകം യുദ്ധങ്ങളും വിപ്ലവങ്ങളും നടന്ന ഒരു പശ്ചാത്തലത്തിലാണ് ഐക്യരാഷ്ട്രസഭ 1986 അന്താരാഷ്ട്ര സമാധാനവർഷമായി പ്രഖ്യാപിച്ചത്. 1986 ജനുവരി 25ന് ജോൺ പോൾ രണ്ടാമൻ പാപ്പാ ലോകസമാധാനത്തിനായി ഒന്നുചേർന്ന് പ്രാർഥിക്കാൻ അസീസിയിലേക്ക് എല്ലാ വിശ്വാസികളെയും ക്ഷണിച്ചു. സഭയ്ക്കുള്ളിലും പുറത്തും അദ്ദേഹത്തെ വിമർശിക്കുന്നവർ ഉണ്ടായിരുന്നെങ്കിലും സഭയ്ക്കു പുറമെയും നന്മയുടെയും സത്യത്തിന്റെയും കിരണങ്ങൾ കാണാനാവുമെന്ന രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രബോധനത്തിന്റെ വെളിച്ചത്തിൽ പ്രവാചകധീരതയോടെ അദ്ദേഹം മുന്നോട്ടു പോയി.
ജോൺ പോൾ രണ്ടാമൻ പാപ്പായുടെ വ്യക്തിപരമായ മൂന്ന് അനുഭവങ്ങൾ അസീസി പ്രാർഥനാദിനത്തിനായി അദ്ദേഹത്തെ ഒരുക്കി. 1985 ഓഗസ്റ്റ് 19ന് മൊറോക്കോയിലെ കാസാബ്ലാങ്കയിൽ തിങ്ങിനിറഞ്ഞ 80,000 മുസ്ലിം യുവാക്കളോട് അദ്ദേഹം ദൈവത്തിലുള്ള വിശ്വാസത്തെക്കുറിച്ച് സംസാരിച്ചു. 1986 ഫെബ്രുവരിയിൽ ഇന്ത്യ സന്ദർശിച്ച അവസരത്തിൽ അദ്ദേഹം ഡൽഹിയിലെ രാജ്ഘട്ടിൽ മഹാത്മാഗാന്ധിയുടെ കബറിടം സന്ദർശിച്ചു പ്രാർഥിച്ചു. 1986 ഏപ്രിൽ 13ന് റോമിലെ യഹൂദ സിനഗോഗിലേക്ക് അദ്ദേഹം ചരിത്രപരമായ സന്ദർശനം നടത്തി. ചരിത്രത്തിൽ ആദ്യമായി ഒരു മാർപാപ്പ സിനഗോഗിൽ പ്രവേശിച്ച അവസരമായിരുന്നു അത്. ഇത്തരത്തിൽ മുസ്ലിം, ഹിന്ദു, യഹൂദ മതങ്ങളുമായി അടുത്തു പരിചയപ്പെടാനുള്ള അവസരം അസീസിയിലേക്കു പോകുന്നതിനുമുമ്പ് അദ്ദേഹത്തിനു ലഭിച്ചു.
മൂന്നു പ്രധാനപ്പെട്ട തൂണുകളിലാണ് അസീസി മതസമ്മേളനം അടിസ്ഥാനമിട്ടത്. പ്രാർഥന, ഉപവാസം, ഒരുമിച്ചുനടക്കൽ. ഓരോരുത്തരും താന്താങ്ങളുടെ വിശ്വാസപാരമ്പര്യത്തോട് വിശ്വസ്തത പാലിച്ചുകൊണ്ട് ലോകസമാധാനത്തിനായി ഒരേസമയം പ്രാർഥിച്ചു. യുദ്ധങ്ങൾ ആരംഭിക്കാൻ ഏതാനും വ്യക്തികൾ മതി; എന്നാൽ, സമാധാനം സ്ഥാപിക്കാൻ എല്ലാവരുടെയും സഹകരണം ആവശ്യമാണ് എന്ന ജോൺ പോൾ രണ്ടാമൻ പാപ്പായുടെ വാക്കുകൾ ഹൃദയത്തിൽ ഏറ്റുവാങ്ങി, വിവിധ മതങ്ങളിൽ വിശ്വസിക്കുന്നവർ ഒന്നുചേർന്ന് മനുഷ്യകുലത്തിന്റെ നല്ല ഭാവിക്കും ലോകസമാധാനത്തിനുമായി പ്രാർഥിച്ചു.
ഉപവാസത്തിന്റെ ആന്തരിക ചൈതന്യം ഉൾക്കൊണ്ട് ഭക്ഷണപാനീയങ്ങളുടെ ഉപേക്ഷയെന്നതിനേക്കാൾ പരമസത്യമായ ദൈവത്തോട് കൂടുതൽ ചേർന്നുനിൽക്കാൻ അവർ പരിശ്രമിച്ചു. ബാഹ്യമായ വ്യത്യസ്തതകൾക്കപ്പുറം ആന്തരികമായ ഐക്യത്തെ ഉൾക്കൊണ്ട് ‘ഒരുമിച്ചു നടക്കാൻ’ സമാധാനമെന്ന ഒറ്റ ലക്ഷ്യത്തിലേക്ക് സഞ്ചരിക്കാൻ അവർ പ്രതിജ്ഞാബദ്ധരായിരുന്നു. ഈ മൂന്ന് ആത്മീയ ആയുധങ്ങളിലൂടെ അസീസിയിലെ സമ്മേളനം ഹിംസയുടെ തമസിനെ സമാധാനത്തിന്റെ വെളിച്ചമുപയോഗിച്ച് കീഴടക്കി.
Tags : Assisi Spirit Anniversary WorldDay Prayer Peace Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash