കൊച്ചി: ചേരാനല്ലൂരിൽ ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ പ്രതിയായ 17കാരന്റെ അച്ഛനായ അഡീഷണൽ ജഡ്ജിയുടെ ഫ്ലാറ്റിൽ നടത്തിയ പരിശോധന അവസാനിച്ചു. ഇന്നലെ രാത്രി ആരംഭിച്ച പരിശോധന ഇന്ന് പുലർച്ചെ നാല് വരെ നീണ്ടുനിന്നു. ഏഴ് മണിക്കൂർ നീണ്ട റെയ്ഡിൽ ഒരു ആഡംബര ബൈക്കും നിർണായക ഡിജിറ്റൽ തെളിവുകളും പൊലിസ് പിടിച്ചെടുത്തിട്ടുണ്ട്.
അതേസമയം, ജഡ്ജിക്കെതിരെ കൂടുതൽ കർശന നടപടികൾ സ്വീകരിക്കണമെന്നും അപകടം ഉണ്ടാക്കിയ 17കാരന്റെ ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം ഇന്ന് കോടതിയെ സമീപിക്കും.
പൊലിസിനെതിരെ ശക്തമായ ജനരോഷവും വിമർശനങ്ങളും ഉയർന്നതിനെതുടർന്നാണ് ചേരാനല്ലൂർ പൊലിസ് ഒടുവിൽ ജഡ്ജിയായ പിതാവിനെ കേസിൽ പ്രതി ചേർത്തത്. പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ച് അപകടമുണ്ടാക്കുമ്പോൾ വാഹന ഉടമയെയും രക്ഷിതാവിനെയും പ്രതിയാക്കുന്ന മോട്ടോർ വെഹിക്കിൾ ആക്ട് 199(A) വകുപ്പാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.
അപകടമുണ്ടാക്കിയ വിദ്യാർഥി സ്ഥിരമായി കാറോടിക്കുന്ന ആളാണെന്നും അതിവേഗത്തിൽ കാർ ഓടിക്കുന്നതിന്റെ റീൽ ചിത്രീകരിക്കുന്നതിനായാണ് ഇവർ രാത്രി വൈകി വാഹനവുമായി ഇറങ്ങിയതെന്നും പൊലിസ് പറയുന്നു. അപകടം സംഭവിക്കുന്നതിന് തൊട്ടുമുമ്പ് 17കാരൻ 104 കിലോമീറ്റർ വേഗതയിൽ വാഹനം ഓടിക്കുന്നതിന്റെ ദൃശ്യങ്ങളും പൊലിസിന് ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് ജഡ്ജിയുടെ മകൻ ഓടിച്ച ബെൻസ് കാറിടിച്ച് മഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ (55) ദാരുണമായി കൊല്ലപ്പെട്ടത്.
Tags : Cheranallur, Benz, Car, Accident Judge's flat raided Luxury bike digital evidence seized Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash