പ്രതീകാത്മക ചിത്രം
കോട്ടയം: പ്രവര്‍ത്തനരഹിതമായ ഓഹരികളും ഡിവിഡന്റും അവകാശികള്‍ക്ക് കൈപ്പറ്റാന്‍ സൗകര്യം ഒരുക്കുമെന്ന് കൊച്ചിന് സ്റ്റോക്ക് എക്സ്ചേഞ്ച് ഹോള്‍ഡിംഗ് ലിമിറ്റഡ്. മരണപ്പെട്ടവര്‍, ഉടമസ്ഥാവാകാശം ബോധ്യമില്ലാതെ കഴിഞ്ഞ അവകാശികള്‍, രേഖകള്‍ നഷ്ടപ്പെട്ടവര്‍ തുടങ്ങിയവര്‍ക്ക് അവസരം വിനിയോഗിക്കാം. ഏഴ് വര്‍ഷത്തിലധികമായി ഓഹരി പുതുക്കല്‍ നടത്താത്തവരും ഡിവിഡന്റ് കൈപ്പറ്റാത്തവരുമായി ആയിരക്കണക്കിന് ആളുകള്‍ക്ക് സൗകര്യപ്രദമാകുമെന്ന് സിഎസ്ഇ ഹോള്‍ഡിംഗ് ലിമിറ്റഡ് ഭാരവാഹികള്‍ പറഞ്ഞു.
2000നു മുമ്പുള്ള ഓഹരി ഉടമകള്‍ക്കാണ് ഓഹരി മൂല്യം ലഭിക്കുന്നതിനും കൈമാറ്റത്തിനും ബുദ്ധിമുട്ട് നേരിടുന്നത്. ഓഹരിയുമായി ബന്ധപ്പെട്ട ഡിവിഡന്റ് തുടര്‍ച്ചയായി ഏഴ് വര്‍ഷം അവകാശപ്പെടാതെയോ ലഭിക്കാതെയോ തുടരുകയാണെങ്കില്‍ ആ ഓഹരികള്‍ പേപ്പര്‍ രൂപത്തിലായാലും ഡിജിറ്റല്‍ രൂപത്തിലായാലും ഐഇപിഎഫ് അതോറിറ്റിയിലേക്ക് കൈമാറ്റം ചെയ്യപ്പെടും. ഏഴ് വര്‍ഷം വിതരണം ചെയ്യപ്പെടാതെയോ അവകാശപ്പെടാതെയോ തുടരുന്ന ഡിവിഡന്റും കൈമാറും.
ഇത്തരത്തില്‍ ഐഇപിഎഫ് അതോറിറ്റിയിലേക്ക് കൈമാറിയ ഓഹരിയും ഡിവിഡന്റും യഥാര്‍ഥ നിക്ഷേപകനോ, നിയമാവകാശിക്കോ ഐഇപിഎഫ്-5 ഫോം സമര്‍പ്പിച്ച് നിര്‍ദിഷ്ട പരിശോധന നടപടികള്‍ പൂര്‍ത്തികരിച്ചു തിരികെ ലഭിക്കുന്നതാണ്. ആസ്തികള്‍ തിരികെ ലഭിക്കിന്നതിന് ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ക്ക് സൗജന്യനിയമസഹായം നല്‍കുമെന്നും സിഎസ്ഇ ഹോള്‍ഡിംഗ് ലിമിറ്റഡ് വ്യക്തമാക്കി.
അവകാശപ്പെടാത്ത ഓഹരികളുടെ വിപണിമൂല്യം ഒരു ലക്ഷം കോടി രൂപയില്‍ അധികമായി ഐഇപിഎഫ് അതോറ്റിയുടെ കൈവശമുണ്ടെന്നാണു കണക്കെന്നും ഗണ്യമായ തുകയുടെ ഡിവിഡന്റും മറ്റ് സാമ്പത്തിക ആസ്തികളും ഐഇപിഎഫ് കൈവശമുണ്ടെന്നും സിഎസ്ഇ ഹോള്‍ഡിംഗ് ലിമിറ്റഡ് ചെയര്മാന് കെ.വി. തോമസ്, വര്‍ഗീസ് മാത്യു എന്നിവര്‍ പറഞ്ഞു.
Tags : unclaimed dividends UnclaimedShares UnclaimedDividends Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash