District News
വൈക്കം: വെച്ചൂർ ബണ്ട് റോഡിനു സമീപം ചേരകുളങ്ങര ഭാഗത്തുനിന്നും രണ്ടു ലോറികളിലായി അനധികൃതമായി കടത്താൻ ശ്രമിച്ച അഞ്ച് ടൺ കക്കാത്തോട് ഫിഷറീസ് അധികൃതർ പിടിച്ചെടുത്തു. കക്കാ സഹകരണ സംഘങ്ങൾക്ക് അനുവദിക്കുന്ന കടത്ത് പെർമിറ്റില്ലാതെയാണ് കക്കാത്തോട് കൊണ്ടുപോകാൻശ്രമിച്ചത്.
ഫിഷറീസ് വകുപ്പിന്റെ പതിവ് പട്രോളിംഗിന്റെ ഭാഗമായി വൈക്കം , നേരേ കടവ് , വെച്ചൂർഭാഗങ്ങളിൽ നടത്തിയ പട്രോളിംഗിനിടയിലാണ് ചേർകുളങ്ങരയിൽ നിന്ന് അനധികൃതമായി കടത്തിയ കക്ക പിടി കൂടിയത്. സ്വകാര്യ വ്യക്തികൾക്ക് 200 കിലോയിൽ കൂടുതൽ കക്കയും കക്കാ ത്തോടും കക്കഇറച്ചിയും ജല കരമാർഗങ്ങളിൽകൂടി കൊണ്ടുപോകണമെങ്കിൽ പെർമിറ്റ് നിർബന്ധമാണ്.
ഫിഷറീസ് വകുപ്പ് നൽകുന്ന പെർമിറ്റിന്റെ അടിസ്ഥാനത്തിൽ കക്കസംഘങ്ങൾ അനുവദിക്കുന്ന പാസ് ഉപയോഗിച്ചുമാത്രമേ കക്കതോട് വാഹനങ്ങളിൽ കൊണ്ടുപോകാൻ സാധിക്കുകയുള്ളു. നിയമലംഘനം നടത്തിയവർക്കെതിരെ കിഫ ആക്ട് (KIFA act)പ്രകാരം പിഴ ഈടാക്കി.
നിയമപ്രകാരമുള്ള പാസോടുകൂടി കക്കാത്തോട് കൊണ്ടുപോകുകയും നിയമലംഘനങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യണമെന്ന് കോട്ടയം ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
കോട്ടയം ജില്ല ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ പി.ശ്രീകുമാറിന്റെ നിർദ്ദേശപ്രകാരം അസിസ്റ്റന്റ് ഡയറക്ടർ എ.കൃഷ്ണകുമാരിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ മറ്റം മെറിറ്റ് കുര്യൻ, ഫിഷറീസ് ഓഫീസർ സി.കെ.സ്മിത, പി.എ.ജിഷ്ണു, ജെ.ഗിരീഷ് , സി.ബി.വിപിൻ, ആർ. സ്വാതിഷ് എന്നിവർ പങ്കെടുത്തു.
Kerala
കോട്ടയം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി രാമപുരം പൊലിസ് നടത്തിയ പരിശോധനയിൽ വൻ തോതിൽ നിരോധിത പുകയില ഉൽപ്പങ്ങൾ പിടിച്ചെടുത്തു. രാമപുരം പൂവക്കുളത്തുണ്ടായ സംഭവത്തിൽ വാചാലിൽ നിർമ്മല രവിയെ പൊലിസ് അറസ്റ്റ് ചെയ്തു.
വീടിനോട് ചേർന്നു പ്രവർത്തിക്കുന്ന കടയിലാണ് ഇവർ പുകയില ഉൽപ്പങ്ങൾ സൂക്ഷിച്ചിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളായി ഇവർ നിരീക്ഷണത്തിലായിരുന്നു. പരിശോധനയിൽ 262 ഹാൻസ് പായ്ക്കറ്റുകൾ പിടിച്ചെടുത്തെന്ന് രാമപുരം സിഐ വ്യക്തമാക്കി.
ഇവർക്ക് ഇത്രയും അളവിൽ ലഹരിവസ്തുകൾ എവിടെ നിന്ന് കിട്ടിയെന്ന് അറിയാൻ പൊലിസ് അന്വേഷണം ഊർജിതമാക്കി. ലഹരി വസ്തുക്കളുടെ വിൽപ്പന തടയുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് പൊലിസ് അറിയിച്ചു.
പരിശോധയ്ക്ക് എസ്ഐ സാബു ആന്റണി, സീനിയർ സിപിഒ രാജേഷ്, സിപിഒമാരായ ശരണ്യ, രഞ്ജിത്ത്, സിഎയുടെ സ്പെഷ്യൽ ഷാഡോ അംഗങ്ങളായ വിഷ്ണു, ഷിജു എന്നിവർ പങ്കെടുത്തു.
Kerala
കൊച്ചി: കാലിത്തീറ്റ ഗോഡൗൺ എന്ന വ്യാജേന ഹാൻസ് ശേഖരം സൂക്ഷിച്ച പെരുമ്പാവൂരിലെ ഗോഡൗണിൽ എക്സൈസ് നടത്തിയ റെയ്ഡിൽ 26.5 ലക്ഷം രൂപയുടെ ഹാൻസ് ശേഖരം പിടികൂടി. കോട്ടയത്ത് നിന്നും ഒരു കോടി 30 ലക്ഷം രൂപയുടെ ഹാൻസ് ശേഖരം പിടികൂടിയതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് വൻ ഹാൻസ് ശേഖരം പിടികൂടിയത്.
എക്സൈസ് കമ്മീഷണറുടെ സ്ക്വാഡും, എക്സൈസ് ഇന്റലിജൻസ് ടീമും, പെരുമ്പാവൂർ എക്സൈസ് റേഞ്ച് ടീമും നടത്തിയ സംയുക്ത റെയ്ഡിലാണ് 26,250 പാക്കറ്റ് ഹാൻസ് പിടികൂടിയത്. ഇതിന് ഉദ്ദേശം 26.5 ലക്ഷം രൂപ വിപണി വില വരും.
പെരുമ്പാവൂരിന് സമീപമുള്ള ലോറി സ്റ്റാൻഡിനോട് അനുബന്ധിച്ചുള്ള പൂട്ടിയ നിലയിൽ കാണപ്പെട്ട രണ്ട് വൻ ഗോഡൗണുകളിൽ നിന്നാണ് ഹാൻസ് ശേഖരം പിടികൂടിയത്. കാലിത്തീറ്റ എന്ന വ്യാജേന ഹാൻസ് ചാക്കുകളിൽ ആക്കി രാത്രികാലങ്ങളിൽ ലോറിയിലും മറ്റുമായി ഗോഡൗണിൽ എത്തിച്ച് സൂക്ഷിച്ചുവരികയായിരുന്നു.
ഗോഡൗൺ ഉടമയുടെ സാന്നിധ്യത്തിൽ വാടകയ്ക്ക് നൽകിയിരുന്ന ഗോഡൗൺ കെട്ടിടത്തിന്റെ താഴ് പൊട്ടിച്ച് നടത്തിയ പരിശോധനയിൽ ആണ് ഇത്രയും അധികം ഹാൻസ് ശേഖരം പിടികൂടിയത്. പ്രതികളായി സംശയിക്കുന്ന കോട്ടയം, കൊല്ലം സ്വദേശികളെ കണ്ടെത്തുന്നതിനായി എക്സൈസ് ഊർജിത അന്വേഷണം ആരംഭിച്ചു
Kerala
തിരുവനന്തപുരം: മലപ്പുറത്തെ 10 കോടിയുടെ എംഡിഎംഎ പിടികൂടിയ സംഭവത്തിൽ രാജ്യന്തരമാഫിയ സംഘത്തെ പിടികൂടി കേരള പൊലിസ്. എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഉത്തരേന്ത്യയിൽ നിന്നാണ് നാല് പേരെ പിടികൂടിയത്.
ലഹരിക്കടത്തിലെ മുഖ്യ ഉറവിടത്തിലേക്ക് പൊലീസിനെത്താൻ കഴിഞ്ഞു. രാജ്യന്തരമാഫിയ സംഘത്തിലെ മുഖ്യസൂത്രധാരൻ ഹാരിസ് ഉൾപ്പെടെ ഉള്ളവരാണ് പിടിയിലായത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ കർഷകന്റെ ഒരിഞ്ചു ഭൂമി പോലും ഒരു നിയമത്തിനു കീഴിലും പിടിച്ചെടുക്കില്ലെന്നു വനം മന്ത്രി ഷിബു ബേബി ജോണ്. വനംവകുപ്പുമായി ബന്ധപ്പെട്ട് കർഷക സംഘടനകളുടെ നിർദേശങ്ങൾ സ്വീകരിക്കാനായി വിളിച്ചുചേർത്ത യോഗത്തിലായിരുന്നു മന്ത്രി ഇക്കാര്യം അറിയിച്ചത്.
വനം വകുപ്പിന്റെ പ്രവർത്തനങ്ങളിൽ കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങൾക്ക് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. കൃഷിഭൂമി സംബന്ധിച്ച് കർഷകർക്ക് യാതൊരാശങ്കയും വേണ്ട. കേരളത്തിൽ ഇപ്പോഴുള്ള കർഷക ഭൂമി കർഷക ഭൂമിയായി തന്നെ നിലനിർത്തും.
വന്യജീവി ആക്രമണങ്ങളിൽ മരണപ്പെടുന്നവർക്കും നാശനഷ്ടം സംഭവിക്കുന്നവർക്കും നൽകുന്ന നഷ്ടപരിഹാര തുക കാലാനുസൃതമായി വർധിപ്പിക്കും. എല്ലാ വിളകളും വിള ഇൻഷ്വറൻസിന്റെ പരിധിയിൽ കൊണ്ടുവരും.
വനാതിർത്തിയിലുള്ളവർക്ക് വരുമാനം ലഭിക്കുകയെന്ന ലക്ഷ്യത്തോടെ ഫാം ടൂറിസം മാതൃകയിൽ ടൂറിസം വികസിപ്പിക്കാൻ അവരെ സഹായിക്കുമെന്നും ഇതിനായുള്ള പദ്ധതി തയാറായി വരുന്നതായും വന്യമൃഗ ആക്രമണങ്ങളിൽ നിന്ന് കർഷകരെയും കൃഷിയും രക്ഷിക്കുവാൻ ഡ്രോണ് സ്ക്വാഡ് ഉണ്ടാക്കുമെന്നും മന്ത്രി ഉറപ്പു നൽകി.
വനാതിർത്തികളിൽ സുരക്ഷാ സംവിധാനം ഒരുക്കും. ഹോട്ട് സ്പോട്ടുകളിൽ ത്രിതല സുരക്ഷാ സംവിധാനം ഏർപ്പെടുത്തും. മൃഗങ്ങളെ അകറ്റാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള ദൃശ്യ-ശ്രവ്യ സംവിധാനം ഒരുക്കും. 25 പുതിയ ദ്രുത കർമ സേനയെ നിയോഗിക്കും. ഡ്രോൺ സ്ക്വാഡ് ഏർപ്പെടുത്തും. വന്യമൃഗങ്ങളെ പ്രതിരോധിക്കാനും കർഷകന് ബദൽ വരുമാനമാർഗം കണ്ടെത്താനും സ്മാർട്ട് ഫാമിംഗ് നടത്തണമെന്നും മന്ത്രി നിർദേശിച്ചു. കാൻ തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേർന്ന് പ്രവർത്തിക്കും.
കാട്ടുപന്നി നിയന്ത്രണത്തിന് തോക്ക് ലൈസൻസുള്ള ഏത് വ്യക്തിയെയും ഷൂട്ടർ ആയി നിയോഗിക്കാൻ ഉത്തരവിറക്കിയതായും മന്ത്രി യോഗത്തിൽ വ്യക്തമാക്കി. കേരളത്തിലെ വിവിധ കർഷക സംഘടനാ നേതാക്കളായ റസാഖ് ചൂരവേലിൽ. ജോയി കണ്ണഞ്ചിറ , ഡോ. ജോസുകുട്ടി ഒഴുകയിൽ, അഡ്വ. ബിനോയ് തോമസ്, ജോണി മാത്യു പൊട്ടംകുളം, ഫാ. സജി ജോസഫ് വട്ടുകുളം, പി . എം. ബേബി, ജിന്നറ്റ് മാത്യു, സ്റ്റെനി പോത്തൻ, പി. ആർ. സന്തോഷ് , ജോയി നിലന്പൂർ, അജി പൂന്തോട്ടം, ജോണ് മാത്യു ചക്കിട്ടയിൽ, ഡയസ് പുല്ലൻ, മാത്യു ജോസ്, മനോജ് കുംബ്ലാനി, തുടങ്ങിയ കർഷക നേതാക്കളും വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
National
ന്യൂഡല്ഹി: പാക്കിസ്ഥാനില്നിന്നുള്ള 362 മെട്രിക് ടണ് ഈന്തപ്പഴം ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്സ് (ഡിആര്ഐ) പിടിച്ചെടുത്തു.
മഹാരാഷ്ട്രയിലെ നാസിക്കിലുള്ള കണ്ടെയ്നര് സ്റ്റേഷനായ സിഎഫ്എസ് അംബാദില്നിന്നായിരുന്നു ‘ഓപ്പറേഷന് ഡീപ് മാനിഫെസ്റ്റി’ന്റെ ഭാഗമായി ഈന്തപ്പഴ കണ്ടെയ്നറുകള് പിടിച്ചെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
മുംബൈ ആസ്ഥാനമായുള്ള കമ്പനി ഇറക്കുമതി ചെയ്യാന് ശ്രമിച്ച 13 ഈന്തപ്പഴ കണ്ടെയ്നറുകളാണ് ഡിആര്ഐ ഉദ്യോഗസ്ഥര് പിടിച്ചെടുത്തത്. യുഎഇയിലെ ജബല് അലിയില്നിന്നുള്ള ഈന്തപ്പഴ കണ്ടെയ്നറുകളാണ് എന്നു രേഖപ്പെടുത്തിയ ഇറക്കുമതി രേഖകളോടെയാണ് ഈ ചരക്കുകള് എത്തിയതെന്ന് ഡിആര്ഐ പറയുന്നു.
പാക്കിസ്ഥാനില്നിന്നുള്ള ഇറക്കുമതിക്ക് ഇന്ത്യ ഏര്പ്പെടുത്തിയിട്ടുള്ള നിരോധനം മറികടക്കാനാണ് ഈ കള്ളക്കടത്ത്.
ഉത്പന്നങ്ങളുടെ കയറ്റുമതി പാക്കിസ്ഥാനിൽനിന്നാണെന്ന കാര്യം മറച്ചുവച്ച് രേഖകളില് കൃത്രിമം കാണിച്ചത് പ്രാഥമിക അന്വേഷണത്തില് കണ്ടെത്തി. പാക്കിസ്ഥാനിലെ കറാച്ചി തുറമുഖത്തുനിന്ന് ഈ കണ്ടെയ്നറുകള് കപ്പല്മാര്ഗം ആദ്യം യുഎഇയിലെ ജബല് അലി തുറമുഖത്തേക്ക് എത്തിച്ചു.
തുടര്ന്ന് ജബല് അലിയില് വച്ച് പാക് പൗരന്മാര് നടത്തുന്ന സ്ഥാപനങ്ങള് വഴി ഇന്ത്യയിലേക്കുള്ള മറ്റൊരു കപ്പലിലെ കണ്ടെയ്നറുകളിലേക്ക് ചരക്ക് മാറ്റിക്കയറ്റി അയയ്ക്കുകയായിരുന്നു.
Kerala
ഒലവക്കോട്: പാലക്കാട് റെയിൽവേ സ്റ്റേഷനിൽനിന്ന് 71 കിലോയധികം കഞ്ചാവ് പിടികൂടി. ആർപിഎഫ് ക്രൈം വിംഗ്, എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് എന്നിവയുടെ സംയുക്ത സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
ബംഗാൾ മുർഷിദാബാദ് സ്വദേശികളായ മൈനുൽ ഇസ്ലാം (21), മന്നൻ മൊല്ല (38), എസ്.കെ. തോജമ്മൽ (36), നൂർ ഇസ്ലാം (19) എന്നിവരെ അറസ്റ്റ് ചെയ്തു. പിടികൂടിയ കഞ്ചാവിന് വിപണിയിൽ ഏകദേശം 35 ലക്ഷം രൂപ വില വരും.
ആർപിഎഫ് ഇൻസ്പെക്ടർ സി. ഗിരീഷ്, എക്സൈസ് ഇൻസ്പെക്ടർ നൗഫൽ എന്നിവരുടെ നേതൃത്വത്തിൽ ആർപിഎഫ് ക്രൈം വിംഗ് എസ്ഐ എ.പി. അജിത് അശോക്, എക്സൈസ് എസ്ഐ അജു പി. ഷാജി, ആർപിഎഫ് എഎസ്ഐ. ജ്ഞാനാനന്ദ്, ആർപിഎഫ് ക്രൈം വിംഗ് കോൺസ്റ്റബിൾമാരായ എം. പ്രസാദ്, എൻ. ശ്രീജിത്ത്, എക്സൈസ് ഉദ്യോഗസ്ഥരായ രജിത്, ഹരികൃഷ്ണൻ, അസ്കർ, സുധീഷ് കുമാർ എന്നിവർ അടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
Kerala
കൊച്ചി: കാറില് കടത്തുകയായിരുന്ന 12 കിലോ കഞ്ചാവുമായി രണ്ടു യുവാക്കള് അങ്കമാലിയില് പിടിയില്. ആലപ്പുഴ പറവൂര് സ്വദേശികളായ പ്രവീണ് ദാസ്, ചാള്സ് ഡെന്നിസ് എന്നിവരെയാണ് ഡാന്സഫ് ടീമും അങ്കമാലി പൊലിസും ചേര്ന്ന് പിടികൂടിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില് നടത്തിയ പരിശോധനയില് അങ്കമാലി അങ്ങാടി കടവ് സിഗ്നല് ജംഗ്ഷന് സമീപം വച്ച് ഇവര് സഞ്ചരിച്ച കാര് തടഞ്ഞു നിര്ത്തി നടത്തിയ പരിശോധനയിലാണ് രണ്ട് ബാഗുകളിലായി സൂക്ഷിച്ച കഞ്ചാവ് പിടികൂടിയത്. കറുകുറ്റി വരെ മറ്റൊരു വാഹനത്തില് എത്തിച്ച കഞ്ചാവ് അവിടെ നിന്നാണ് ഇവര് കാറില് ആലപ്പുഴ ഭാഗത്തേക്ക് കൊണ്ടു വന്നിരുന്നത്.
Kerala
തോപ്പുംപടി: കൊച്ചിയിൽ രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയിൽ ഒരു കോടി രൂപയിലേറെ വിലമതിക്കുന്ന എംഡിഎംഎ മട്ടാഞ്ചേരി പൊലിസ് പിടികൂടി. തോപ്പുംപടിയിലെ വീട്ടിൽ നിന്നും കരുവേലിപ്പടി വാട്ടർ അതോറിറ്റി ഓഫിസിന് എതിർ വശത്തെ റോഡിൽ കിടന്നിരുന്ന കാറിൽ നിന്നുമാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
ചക്കരയിടുക്കിൽ വാടകയ്ക്ക് താമസിക്കുന്ന പുതിയറോഡ് സ്വദേശി നൗഫൽ(32) ആണ് പിടിയിലായത്. തോപ്പുംപടിയിലെ നൗഫലിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ആദ്യം 14 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തുടർ പരിശോധന. കരുവേലിപ്പടി വാട്ടർ അതോറിറ്റി ഓഫിസിന് എതിർവശത്തെ റോഡിൽ കിടന്നിരുന്ന നൗഫലിന്റെ കാറിലും പൊലിസ് പരിശോധന നടത്തി.
കാറിൽ നിന്ന് രണ്ട് കിലോഗ്രാം തൂക്കം വരുന്ന എംഡിഎംഎയാണ് കണ്ടെത്തിയത്. കാറിൽ പുതിയ കൂളറും ടവർ ഫാനും ഉണ്ടായിരുന്നു. കൂളറിനും ടവർ ഫാനിനുമുള്ളിലാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നതെന്ന് പൊലിസ് പറഞ്ഞു.
നൗഫൽ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ നിന്നും നാല് കിലോമീറ്റർ അകലെയാണ് കാറ് പാർക്ക് ചെയ്തിരുന്നത്. നിലവിലെ വിലയനുസരിച്ച് പിടികൂടിയ എംഡിഎംഎയ്ക്ക് ഒരു കോടി രൂപയിലേറെ മൂല്യമുണ്ട്.
Kerala
തിരുവനന്തപുരം:ഫുട്ബോൾ താരം മെസിയുടെയും അർജന്റീന ടീമിന്റെയും കേരള സന്ദർശനവുമായി ബന്ധപ്പെട്ടു നടന്ന തട്ടിപ്പിൽ മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാന്റെ പങ്കു വ്യക്തമാക്കുന്നത് അടക്കമുള്ള രേഖകൾ പിടിച്ചെടുക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം.
ക്രമസമാധാന ചുമതലയുള്ള എഡിജിപി പി. വിജയന്റെ നേതൃത്വത്തിലുള്ള എസ്ഐടിയുടെ ആദ്യ യോഗത്തിലാണ് മെസിയുടെ പേരിലുള്ള ക്രമക്കേടുമായി ബന്ധപ്പെട്ട കായിക വകുപ്പിലെ മുഴുവൻ ഫയലുകളും പിടിച്ചെടുത്തു പരിശോധിക്കാൻ തീരുമാനിച്ചത്. വരും ദിവസങ്ങളിൽ ഇതു സംബന്ധിച്ച നടപടികൾ എസ്ഐടിയുടെ നേതൃത്വത്തിൽ നടക്കും.
മന്ത്രിയായിരുന്ന അബ്ദുറഹ്മാന്റെ ഓഫിസ് നടത്തിയ ഇ മെയിൽ സന്ദേശങ്ങൾ അടക്കമുള്ള രേഖകളും ശേഖരിക്കാൻ നിർദേശിച്ചിട്ടുണ്ട്. നേരത്തെ കായിക വകുപ്പ് സ്പെഷൽ സെക്രട്ടറി എൻ. പ്രശാന്തിന്റെ ഇതുസംബന്ധിച്ച അന്വേഷണ റിപ്പോർട്ടിനൊപ്പമുള്ള രേഖകൾ എസ്ഐടി ഏറ്റു വാങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാൻ ആവശ്യമായ രേഖകൾ ശേഖരിക്കാൻ എസ്ഐടി തീരുമാനിച്ചത്.മുൻ കായിക മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലെ ചില അംഗങ്ങൾ സർക്കാർ
ചട്ടങ്ങൾ മറികടന്ന് വിദേശത്തേയ്ക്ക് ഇ മെയിൽ സന്ദേശങ്ങൾ കൈമാറിയതിന്റെ തെളിവുകളും ശേഖരിക്കും. പിടിച്ചെടുക്കുന്ന രേഖകൾ പരിശോധിച്ച ശേഷമാകും ഇതിൽ ഉൾപ്പെട്ടവർ അടക്കമുള്ളവരെ പ്രതികളാക്കി എഫ്ഐആർ രജിസ്റ്റർ ചെയ്യുക.
Kerala
കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി മട്ടാഞ്ചേരിയിൽ വൻ എംഡിഎംഎ വേട്ട. നൗഫൽ (36) എന്ന മട്ടാഞ്ചേരി സ്വദേശിയാണ് എംഡിഎംഎയുമായി പിടിയിലായത്.
കൊച്ചി ഡാൻസാഫ് സംഘമാണ് എംഡിഎംഎ പിടികൂടിയത്. ആദ്യം 15 ഗ്രാം എംഡിഎംഎ ഇയാളുടെ കൈയിൽ നിന്ന് പിടികൂടി. തുടർന്ന് ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനിലാണ് രണ്ട് കിലോ എംഡിഎംഎ കണ്ടെത്തിയത്.
ഇയാൾക്കൊപ്പം മറ്റൊരാൾ കൂടി ഉണ്ടായിരുന്നതായി സൂചനയുണ്ട്, എന്നാൽ ഇതുവരെ ആ കാര്യത്തിൽ സ്ഥിരീകരിച്ചിട്ടില്ല. സ്ഥലത്ത് ഡാൻസാഫ് സംഘം പരിശോധന തുടരുകയാണ്.
Kerala
മലപ്പുറം: കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 12.800 കിലോഗ്രാം എംഡിഎംഎയുമായി വയനാട്, മലപ്പുറം സ്വദേശികളായ മൂന്നു യുവാക്കളെ കോയന്പത്തൂരിൽ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാന പോലീസിന്റെ ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണിത്.
വിപണിയിൽ പത്തുകോടിയിലധികം രൂപ വില മതിക്കുന്ന വീര്യം കൂടിയ എംഡിഎംഎ സംഘത്തിൽ നിന്ന് പിടികൂടി.
കേരളത്തിനകത്തും പുറത്തും കണ്ണികളുള്ള ലഹരിവില്പന സംഘത്തിലെ മലപ്പുറം പന്തല്ലൂർ കടന്പോട് സ്വദേശി മാന്പ്രവളപ്പിൽ ജാബിർ അലി (32), വയനാട് മേപ്പടി കുന്നമംഗലംവയൽ സ്വദേശി കരിന്പയിൽ മുഹമ്മദ് സാലിഹ് (34), മലപ്പുറം ആനക്കയം പുള്ളിലങ്ങാടി സ്വദേശി കടവത്ത് ഷെയിം അക്ബർ(21) എന്നിവരെയാണ് മലപ്പുറം പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തിലെ മഞ്ചേരി ഇൻസ്പെക്ടർ ടി.ജി. ദിലീപ്, ജില്ലാ ഡാൻസാഫ് സ്ക്വാഡ് എന്നിവരടങ്ങുന്ന സംഘം കോയന്പത്തൂരിൽ പിടികൂടിയത്.
ആഴ്ചകൾക്കു മുന്പ് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി മഞ്ചേരി ടൗണിൽ സ്വകാര്യ അപ്പാർട്ട്മെന്റിൽ രഹസ്യവിവരത്തെത്തുടർന്ന് പോലീസ് സംഘം നടത്തിയ പരിശോധനയിൽ 100 ഗ്രാം എംഡിഎംഎയുമായി ആറംഗ സംഘത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിലെ പ്രതികളെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തപ്പോഴാണ് കേരളത്തിനകത്തും പുറത്തും വേരുകളുള്ള ലഹരിക്കടത്ത് സംഘത്തിലെ ചിലരെക്കുറിച്ച് സൂചന ലഭിച്ചത്. തുടർന്ന് കൂടുതൽ അന്വേഷണം നടത്തിയതോടെ ഡൽഹി, മുംബൈ, ബംഗളൂരു എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് വൻതോതിൽ എംഡിഎംഎ രഹസ്യകേന്ദ്രങ്ങളിൽ സംഭരിച്ച് കേരളത്തിലും തമിഴ്നാട്ടിലും വില്പന നടത്തുകയാണ് സംഘമെന്ന് പോലീസ് കണ്ടെത്തി.
ലഹരിസംഘത്തിന്റെ ഇടത്താവളം തമിഴ്നാട്ടിലെ കോയന്പത്തൂർ, പഴനി, കൊടൈക്കനാൽ എന്നിവിടങ്ങളിലാണെന്നും തിരക്കേറിയ ഇത്തരം ടൗണുകളിൽവച്ചാണ് ലഹരി ഇപാടുകൾ കൂടുതൽ നടക്കുന്നതെന്നും മനസിലായി. ഇത്തരം സ്ഥലങ്ങൾ കേന്ദ്രീകരിച്ചും ഇടനിലക്കാരെ നിരീക്ഷിച്ചും നടത്തിയ അന്വേഷണത്തിൽ കോയന്പത്തൂർ ടൗണിന് സമീപത്തുനിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്.
ഇവരെ കൂടുതൽ ചോദ്യം ചെയ്തതോടെ കാറിനുള്ളിൽ ഒളിപ്പിച്ച വൻ എംഡിഎംഎ ശേഖരം പോലീസ് കണ്ടെത്തുകയായിരുന്നു. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ പല സ്ഥലങ്ങളിലായി 100 ഗ്രാം മുതൽ 500 ഗ്രാം വരെ ഡ്രോപ്പ് ചെയ്യാനുള്ള പായ്ക്കറ്റുകളാക്കിയ നിലയിൽ ഇന്നോവ കാറിന്റെ ഡോർ പാഡിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് എംഡിഎംഎ കണ്ടെത്തിയത്.
എംഡിഎംഎയുടെ ഉറവിടത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
പെരിന്തൽമണ്ണ ഡിവൈഎസ്പി ഗോപകുമാർ, നാർക്കോട്ടിക് സെൽ ഡിവൈഎസ്പി എൻ.ഒ. സിബി, മലപ്പുറം ഡിവൈഎസ്പി സുഭാഷ് ബാബു, മഞ്ചേരി പോലീസ് ഇൻസ്പെക്ടർ ടി.ജി. ദിലീപ്, മഞ്ചേരി സ്റ്റേഷനിലെ എഎസ്ഐ മുഹമ്മദാലി, തൗഫീഖ് മുബാറക്, പ്രദീപ്കുമാർ എന്നിവരും ജില്ലാ ഡാൻസാഫ് സ്ക്വാഡുമാണ് പ്രത്യേക അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
വാർത്താസമ്മേളനത്തിൽ ഉത്തരമേഖല ഐജി പുട്ട വിമലാദിത്യ, തൃശൂർ റേഞ്ച് ഡിഐജി ടി. നാരായണൻ, മലപ്പുറം പോലീസ് മേധാവി ചൈത്ര തെരേസ ജോണ് എന്നിവർ പങ്കെടുത്തു.
Kerala
ഇരിട്ടി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇരിട്ടി പോലീസും ലഹരിവിരുദ്ധ സ്ക്വാഡും കൂട്ടുപുഴ ചെക്പോസ്റ്റിൽ നടത്തിയ വാഹനപരിശോധനയ്ക്കിടെ കാറിൽനിന്ന് 96 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ്ചെയ്തു.
വാഹനത്തിൽ ഉണ്ടായിരുന്ന കണ്ണൂർ കൊളച്ചേരി സ്വദേശികളായ നിസാർ (35), ഷമീം എന്ന ചാണ്ടി ഷമീം (45) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വാഹനപരിശോധനക്കിടയിൽ കർണാടക രജിസ്ട്രേഷനുള്ള വാഹനം പോലീസ് കൈകാണിച്ചിട്ടും നിർത്താതെ പോകുകയായിരുന്നു. വാഹനത്തെ പോലീസ് പിന്തുടർന്നപ്പോൾ വള്ളിത്തോട് കുന്നോത്തുപറമ്പിന് സമീപം നിർത്തിയിട്ട നിലയിൽ കണ്ടെത്തി.
വാഹനത്തിൽ ഉണ്ടായിരുന്ന രണ്ടുപേരുടെയും വിവരങ്ങൾ പരിശോധിച്ചതിൽ രണ്ടാളും നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണെന്ന് കണ്ടെത്തി. തുടർന്ന് പ്രതികൾ സഞ്ചരിച്ച വാഹനം ക്രെയിൻ ഉപയോഗിച്ച് ഉയർത്തി പരിശോധിച്ചപ്പോഴാണ് ചെയ്സിനുള്ളിലെ കാന്തപ്പെട്ടിയിൽനിന്ന് എംഡിഎംഎ കണ്ടെത്തുന്നത്.
അതിശക്തമായ നിയോഡീമിയം കാന്തങ്ങൾ ഉപയോഗിച്ചാണ് കാന്തപ്പെട്ടി തയ്യാറാക്കിയത്. പ്രതികൾ ഉപയോഗിച്ച വാഹനം ഉൾപ്പെടെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇരിട്ടി പോലീസും ജില്ലാ ലഹരിവിരുദ്ധസേനയിലെ അംഗങ്ങളും ചേർന്നാണ് പിടിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Kerala
കോഴിക്കോട്: കുന്ദമംഗലത്ത് 12 കിലോ തൂക്കംവരുന്ന കഞ്ചാവ് പിടികൂടി. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് നടത്തിവരുന്ന ലഹരിവിരുദ്ധ പരിശോധനയ്ക്കിടെയാണ് കഞ്ചാവ് കണ്ടെത്തിയത്.
സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ ശ്രീജിത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാരന്തൂർ മർകസിന് സമീപത്തെ ഒഴിഞ്ഞ പറമ്പിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. രണ്ട് കിലോയോളം വീതം കഞ്ചാവ് ആറോളം പാക്കറ്റുകളാക്കി ചാക്കിൽ കെട്ടി പൊന്തക്കാടിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു.
കുന്ദമംഗലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കിരണിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ജാബിർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ വിവേക്, സീനിയർ സിവിൽ പോലീസ് ഓഫീസർ ബിജീഷ്, സിവിൽ പോലീസ് ഓഫീസർമാരായ ശ്യാം രാജ്, അരുൺ പ്രസാദ്, ഹോം ഗാർഡ് മോഹനൻ എന്നിവർ ചേർന്നാണ് കഞ്ചാവ് കസ്റ്റഡിയിലെടുത്തത്.
സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഹരിമരുന്ന് പരിശോധനകൾ കൂടുതൽ ശക്തമായ സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലും പരിസര പ്രദേശങ്ങളിലും വിതരണം ചെയ്യുന്നതിനായി കൊണ്ടുവന്ന ലഹരി മരുന്ന് പോലീസിന്റെ പട്രോളിംഗ് കണ്ട് കച്ചവടം ഉപേക്ഷിച്ചതാണോ എന്നും സംശയിക്കുന്നു. കഞ്ചാവ് ഒളിപ്പിച്ചവരെ ഉടൻ കണ്ടെത്തുമെന്നും മെഡിക്കൽ കോളജ് സബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണർ പ്രമോദ് പറഞ്ഞു.
National
അഹമ്മദാബാദ്: ദുബായി വഴി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാൻ ശ്രമിച്ച പാക്കിസ്ഥാനിൽനിന്നുള്ള ഈന്തപ്പഴം ഗുജറാത്തിലെ കണ്ട്ല തുറമുഖത്ത് പിടികൂടി.
മൂന്നു കോടി രൂപ വിലവരുന്ന 364 ടൺ ഉണക്ക ഈന്തപ്പഴമാണു റവന്യു ഇന്റലിജന്റ്സ് ഡയറക്ടറേറ്റ് പിടികൂടിയത്.
പാക്കിസ്ഥാനിൽനിന്ന് ദുബായിലേക്ക് അയയ്ക്കുകയും പിന്നീട് ഇവ വ്യത്യസ്ത കണ്ടെയ്നറുകളിലാക്കി ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുകയുമായിരുന്നു.
പാക്കിസ്ഥാനിൽനിന്ന് രാജ്യത്തേക്കുള്ള ഇറക്കുമതി നിരോധനം മറികടക്കാനുള്ള ശ്രമമായിരുന്നു പിന്നിലെന്നും ഇത്തരത്തിലുള്ള 13 കണ്ടെയ്നറുകൾ പിടികൂടി കണ്ടുകെട്ടിയതായും ഔദ്യോഗികവൃത്തങ്ങൾ പത്രക്കുറിപ്പിൽ അറിയിച്ചു.
Kerala
കൊച്ചി: സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽനിന്ന് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കസ്റ്റംസ് പിടികൂടിയത് 11 കോടിയുടെ സ്വര്ണം. 14 കേസുകളിലായാണ് എട്ടു കിലോ സ്വര്ണം പിടിച്ചെടുത്തത്. വിവിധ സംഭവങ്ങളില് ആറു മലയാളികളടക്കം ഒമ്പത് പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.
റവന്യു ഇന്റലിജന്സും കേരള പോലീസും കസ്റ്റംസുമായി ചേര്ന്നു നടത്തിയ മികച്ച ഏകോപനവും സഹകരണവുമാണ് പല കേസുകളിലും സ്വര്ണം പിടികൂടാന് സഹായകമായതെന്ന് കസ്റ്റംസ് കമ്മീഷണര് അറിയിച്ചു. ഇത്തരം തട്ടിപ്പുകള് തടയുന്നതിനായി യാത്രക്കാരുടെ പ്രൊഫൈലിംഗും ഇന്റലിജന്സ് നിരീക്ഷണവും കസ്റ്റംസ് കൂടുതല് ശക്തമാക്കിയിട്ടുണ്ട്.
സ്വര്ണം പേസ്റ്റ് രൂപത്തിലാക്കിയും പ്രത്യേകം തയാറാക്കിയ വസ്ത്രങ്ങള്ക്കുള്ളില് ഒളിപ്പിച്ചും ശരീരത്തിനുള്ളിലും വിമാനത്തിന്റെ സീറ്റുകള്ക്കുള്ളിലും കടത്തിക്കൊണ്ടുവരാനുമാണ് കള്ളക്കടത്തുകാര് പ്രധാനമായും ശ്രമിക്കുന്നത്.
രാജ്യത്തിന്റെ സാമ്പത്തികതാത്പര്യങ്ങള് സംരക്ഷിക്കുന്നതിനും സ്വര്ണക്കള്ളക്കടത്ത് തടയുന്നതിനും കസ്റ്റംസ് പ്രതിജ്ഞാബദ്ധമാണെന്നും ഈ കള്ളക്കടത്ത് സംഘങ്ങള്ക്കു പിന്നില് പ്രവര്ത്തിക്കുന്ന സാമ്പത്തികസ്രോതസുകളെയും ഏജന്റുമാരെയും കണ്ടെത്തുന്നതിനായി അന്വേഷണം ഊര്ജിതമായി പുരോഗമിക്കുകയാണെന്നും അധികൃതര് വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: ഓപറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാനത്തെ സെൻട്രൽ ജയിലുകളിൽ മിന്നൽപരിശോധന നടത്തി. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും ലഹരിവസ്തുക്കളും കഞ്ചാവും കണ്ടെടുത്തു.
തിരുവനന്തപുരം, കണ്ണൂർ, വിയ്യൂർ സെൻട്രൽ ജയിലുകളിൽ കഴിഞ്ഞ ദിവസം അർധരാത്രിയിലായിരുന്നു ജയിൽ അധികൃതർ ഉൾപ്പെട്ട സംയുക്ത സംഘം പരിശോധന നടത്തിയത്.
പരിശോധന ഇന്നലെ പുലർച്ചെ മൂന്നുവരെ നീണ്ടു. തടവുകാരെ പാർപ്പിച്ചിരിക്കുന്ന സെല്ലുകളിലാണ് വ്യാപകമായി പരിശോധന നടത്തിയത്. പുറത്തുനിന്നു കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ജയിലിനകത്ത് ലഭിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
പരോളിൽ പോയി മടങ്ങിവരുന്ന തടവുകാരും ജയിലിൽ കഴിയുന്ന തടവുകാരെ സന്ദർശിക്കാനെത്തുന്നവരുമാണ് കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ജയിലുകളിൽ എത്തിക്കുന്നതെന്നാണ് ഉദ്യോഗസ്ഥരിൽ നിന്നു ലഭിക്കുന്ന വിവരം.
ജയിൽ അധികൃതർ തടവുകാരെ പരിശോധിച്ച് അകത്തേക്ക് കടത്തിവിടുമെങ്കിലും പരിശോധന കാര്യക്ഷമമാകാത്തതാണ് ജയിലിനകത്ത് കഞ്ചാവ് എത്താൻ കാരണമെന്നാണ് ആക്ഷേപം.
ജയിലുകളിൽ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ സുലഭമായി ലഭിക്കുന്നുവെന്നു വ്യാപക പരാതികൾ ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജയിൽ മേധാവി എസ്. ശ്രീജിത്തിന്റെ നിർദേശാനുസരണം സംസ്ഥാനത്തെ സെൻട്രൽ ജയിലുകളിൽ മിന്നൽ പരിശോധന നടത്തിയത്.
ജില്ലാ ജയിലുകൾ ഉൾപ്പെടെയുളള മറ്റിടങ്ങളിലും പരിശോധന നടത്തും. അതേ സമയം, പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നു കഞ്ചാവ് പിടികൂടിയ സംഭവത്തിൽ ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ പൂജപ്പുര പോലീസ് കേസെടുത്തു.
Kerala
കൊച്ചി: ഓപ്പറേഷന് തൂഫാന്റെ ഭാഗമായി പിടികൂടിയ ലഹരി വസ്തുക്കള് ബ്രഹ്മപുരം മാലിന്യ പ്ലാന്റില് കൂട്ടിയിട്ട് കത്തിച്ചു. കഴിഞ്ഞ ഒരു വര്ഷത്തിനിടെ കൊച്ചി സിറ്റിയില് നിന്നു മാത്രം പിടികൂടിയ 750 കിലോ കഞ്ചാവ്, മൂന്നു കിലോ എംഡിഎംഎ, നൈട്രാസെപാം ഗുളികകള് ഹാഷിഷ് ഓയില്, ബ്രൗണ് ഷുഗര് ഉള്പ്പെടെയുള്ള ലഹരി വസ്തുക്കളാണ് കത്തിച്ചു നശിപ്പിച്ചത്.
കൊച്ചി മേയര് വി.കെ. മിനിമോള്, കൊച്ചി സിറ്റി പോലീസ് കമ്മിഷണര് കാളിരാജ് മഹേ് കുമാര്, ഡിസിപി അടക്കമുള്ളവരുടെ നേതൃത്വത്തിലാണ് ലഹരി വസ്തുക്കള് ബ്രഹ്മപുരത്ത് എത്തിച്ച് കത്തിച്ചു കളഞ്ഞത്.
കോടതി നടപടികള് പൂര്ത്തിയാക്കി, എഫ്എസ്എല് റിപ്പോര്ട്ട് കിട്ടിയ ശേഷം കോടതിയുടെ അനുമതിയോടെയാണ് ഇന്സിനറേറ്റര് വഴി ലഹരി വസ്തുക്കള് കത്തിച്ചത്.
Kerala
ഇടുക്കി: കുമളിയിൽ നിന്ന് അരക്കോടിയോളം രൂപയുടെ നിരോധിത ലഹരി ഉത്പന്നങ്ങള് പിടികൂടി എക്സൈസ്. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് ലഹരി ഉത്പന്നങ്ങള് പിടികൂടിയത്. കുമളി റോസപ്പൂക്കണ്ടം, ഒന്നാം മൈൽ എന്നിവിടങ്ങളിലെ വർക്ക് ഷോപ്പുകളിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളിൽ ആണ് ലഹരി വസ്തുക്കൾ സൂക്ഷിച്ചിരുന്നത്.
റോസാപ്പൂക്കണ്ടത്തെ വര്ക്ക് ഷോപ്പില് നിരവധി ചാക്കുകളില് ലഹരി വസ്തുക്കള് സൂക്ഷിച്ചിരിക്കുന്നതായി എക്സൈസ് ഉദ്യോഗസ്ഥര്ക്ക് രഹസ്യ വിവരം ലഭിച്ചു. ഇതേ തുടർന്നാണ് എക്സൈസ് വ്യാപക പരിശോധന നടത്തിയത്. റോസാപ്പൂക്കണ്ടം ഭാഗത്തെ വര്ക്ക്ഷോപ്പിലെ ഉപേക്ഷിക്കപ്പെട്ട വാഹനത്തില് നിന്നും 37,000 പായ്ക്കറ്റ് നിരോധിത ലഹരി വസ്തുക്കളാണ് കണ്ടെത്തിയത്.
തുടർന്ന് ഒന്നാംമൈലിലെ വര്ക്ക്ഷോപ്പില് നിന്നും 6000 പായ്ക്കറ്റ് നിരോധിത ഉത്പന്നങ്ങളും പിടികൂടി. ലീസിനെടുത്ത സ്ഥലത്തതാണ് വര്ക്കഷോപ്പ് നടത്തിയിരുന്നത്. ഉടമയെ വിളിച്ചുവരുത്തി എക്സൈസ് ചോദ്യം ചെയ്തെങ്കിലും ഒന്നുമറിയില്ലെന്നാണ് മൊഴി നല്കിയത്. അതേ സമയം പ്രതിയെക്കുറിച്ച് വ്യക്തമായ സൂചനകള് ലഭിച്ചിട്ടുണ്ടെന്നും പ്രതികളെ ഉടന് പിടികൂടുമെന്ന് എക്സൈസ് ഉദ്യോഗസ്ഥര് പറഞ്ഞു.
വര്ക്ക്ഷോപ്പ് ഉടമയെ ചോദ്യം ചെയ്തെങ്കിലും ഇയാള്ക്ക് ഇതില് പങ്കില്ലെന്നാണ് മൊഴി നല്കിയത്. പിടിച്ചെടുത്ത ലഹരി വസ്തുക്കള് നശിപ്പിച്ചുകളയുമെന്ന് എക്സൈസ് ഉദ്യോഗസ്ഥര് പറഞ്ഞു.
Kerala
മാവേലിക്കര: സമൂഹമാധ്യമത്തിലൂടെ അറുനൂറ്റിമംഗലം സ്വദേശിയെയും മകളെയും അപകീര്ത്തിപ്പെടുത്തിയെന്ന പരാതിയില് നടന് വിനായകനെ മാവേലിക്കര പോലീസ് സ്റ്റേഷനില് വിളിച്ചുവരുത്തി മൊഴിയെടുത്തു വിട്ടയച്ചു.
വിനായകന്റെ ഫോൺ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പോസ്റ്റിട്ട സാഹചര്യം ഓര്മയില്ല എന്നാണ് വിനായകന് പോലീസിനോടു പറഞ്ഞിട്ടുള്ളതെന്നാണ് വിവരം. 2025 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം.
വിനായകനെതിരേ മോശം പരാമര്ശങ്ങള് ഉള്പ്പെടുത്തി ആരോ സമൂഹമാധ്യമത്തിലിട്ട പോസ്റ്റ് അറുനൂറ്റിമംഗലം സ്വദേശിയായ യുവാവ് വിനായകന് അയച്ചുകൊടുത്തിരുന്നു.
വിനായകന് ഇതിന്റെ സ്ക്രീന്ഷോട്ട് തന്റെ ഫേസ്ബുക്ക് അക്കൗണ്ടില് പോസ്റ്റ് ചെയ്തതോടെ നടന്റെ ആരാധകര് അറുനൂറ്റിമംഗലം സ്വദേശിക്കും മകള്ക്കുമെതിരേ സൈബര് ആക്രമണം നടത്തിയെന്നാണ് കേസ്.
ഇതേത്തുടര്ന്ന് അറുനൂറ്റിമംഗലം സ്വദേശി പോലീസിലും ബാലാവകാശ കമ്മീഷനിലും പരാതി നല്കിയിരുന്നു. ബാലാവകാശ കമ്മീഷന്റെ നിര്ദേശത്തെ തുടര്ന്നാണ് പോലീസ് വിനായകനെതിരേ കേസെടുത്തത്
Kerala
തിരുവനന്തപുരം: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയിൽ ആയിരം കിലോയോളം നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. നെല്ലിമൂട് ചുണ്ടവിളാകം സ്വദേശി പ്രസാദ്(42) എന്നയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 52 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങളാണ് കണ്ടെത്തിയത്.
തിരുവനന്തപുരം ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വീടിനോട് ചേർന്ന മുറിയിൽ ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 1000 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങൾ വിവിധ പ്രദേശങ്ങളിൽ ചില്ലറ വില്പനയ്ക്കായി ശേഖരിച്ചിരുന്നതാണെന്ന് എക്സൈസ് അറിയിച്ചു.
സംഭവത്തിൽ എക്സൈസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പിടിച്ചെടുത്ത ഉത്പന്ന ങ്ങളുടെ ഉറവിടവും വിതരണ ശൃംഖലയും സംബന്ധിച്ച് അന്വേഷണം ഊർജ്ജിതമാക്കിയെന്നും എക്സൈസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: കേരളത്തിലെ വിദ്യാലയങ്ങളും ക്യാമ്പസുകളും കേന്ദ്രീകരിച്ച് വളരുന്ന ലഹരിമാഫിയയുടെ വേരറക്കുക എന്ന ലക്ഷ്യത്തോടെ കേരള പോലീസ് നടപ്പാക്കുന്ന ‘ഓപ്പറേഷന് തൂഫാന്: ദി നാര്കോ ഹണ്ട്' പദ്ധതി ഒരു മാസം പിന്നിടുമ്പോള് 30 കോടിയുടെ നിരോധിത ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്.
ലഹരിവേട്ടയുടെ ഭാഗമായി സംസ്ഥാനമൊട്ടാകെ പോലീസ് നടത്തിയ പരിശോധനകളില് 5353 കേസുകള് രജിസ്റ്റര് ചെയ്തു. 5736 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
3706.743 ഗ്രാം എംഡിഎംഎ, 392.100 കി ഗ്രാം കഞ്ചാവ്, 3776.039 ഗ്രാം ഹാഷിഷ് ഓയില്, 4.85 ഗ്രാം ഹാഷിഷ്, 657.219 ഗ്രാം ബ്രൗണ് ഷുഗര്, 12.6709 ഗ്രാം മെത്താഫെറ്റാമിന്, 31.23 ഗ്രാം ഹെറോയിന്, 428 കഞ്ചാവ് ചെടികള്, 11 എല്എസ്ഡി സ്റ്റാമ്പുകള്, 56 ഗ്രാം നൈട്രോസെപാം, 25.23 ഗ്രാം ഓപ്പിയം, 1.6 ഗ്രാം ചരസ്, 3294 കഞ്ചാവ് ബീഡികള് തുടങ്ങിയ മാരക ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്.
Kerala
കല്പ്പറ്റ: എക്സൈസ് വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ഓപ്പറേഷന് തണ്ടറിന്റെ ഭാഗമായി തോല്പ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റില് നടത്തിയ പരിശോധനയില് കാറില് കടത്തികൊണ്ടുവന്ന 9.0424 ഗ്രാം മെത്താംഫിറ്റാംമിന് പിടികൂടി.
ഇതുമായി ബന്ധപ്പെട്ട് പടിഞ്ഞാറത്തറ സ്വദേശികളായ മൊട്ടത്തില് എ. ഷെഹീര് (38), ചക്കാലകണ്ടിയില് സി.കെ. മുസ്തഫ(46), തൃശൂര് വടക്കാഞ്ചേരി ഇല്ലിക്കോട്ടില് ഇ.എച്ച്. റിന്ഷാദ് (28), പാലക്കാട് പട്ടാമ്പി പൊന്നോത്തുവളപ്പില് പി.വി. ജംഷീര് (33) എന്നിവരെ അറസ്റ്റ് ചെയ്ത് റിമാന്ഡ് ചെയ്തു.
പ്രതികള് ഉപയോഗിച്ചിരുന്ന വാഹനവും കസ്റ്റഡിയില് എടുത്തു. 10 വര്ഷം തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. വയനാട് എക്സൈസ് എന്ഫോഴ്സ്മെന്റ് ആന്ഡ് അന്റി നര്കോട്ടിക് സ്പെഷല് സ്ക്വാഡ് എക്സൈസ് ഇന്സ്പെക്ടര് എം.ജെ. സജിന്റെയും കേരള മൊബൈല് ഇന്റര്വെന്ഷന് യൂണിറ്റ് എക്സൈസ് ഇന്സ്പെക്ടര് ബിജു പി. ഏബ്രഹാമിന്റെയും നേതൃത്വത്തില് എക്സൈസ് എന്ഫോഴ്സ്മെന്റ് ആന്ഡ് ആന്റി നാര്ക്കോട്ടിക്സ് സ്പെഷല് സ്ക്വാഡും തോല്പ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റ് പാര്ട്ടിയും കേരള മൊബൈല് ഇന്റര്വെന്ഷന് യൂണിറ്റും ചേര്ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള് പിടിയിലായത്.
പരിശോധനയില് വയനാട് എക്സൈസ് എന്ഫോഴ്സ്മെന്റ് ആന്ഡ് അന്റീ നാര്കോട്ടിക് സ്പെഷല് സ്ക്വാഡിലെ സിവില് എക്സൈസ് ഓഫീസര്മാരായ എം. സുരേഷ്, ബി. സുദീപ്, സിവില് എക്സൈസ് ഓഫീസര് ഡ്രൈവര് കെ. പ്രസാദ്, തോല്പ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിലെ പ്രിവെന്റീവ് ഓഫീസര് കെ.ഇ. ചാള്സ്കുട്ടി, സിവില് എക്സൈസ് ഓഫീസര്മാരായ പി.സി. സജിത്ത്, എം.ജി. രാജേഷ്, കേരള മൊബൈല് ഇന്റര്വെന്ഷന് യുണിറ്റിലെ അസി. എക്സൈസ് ഇന്സ്പെക്ടര് ഗ്രേഡ് എ.സി. ചന്ദ്രന്, സിവില് എക്സൈസ് ഓഫീസര് വി.എസ്. സുമേഷ്, സിവില് എക്സൈസ് ഓഫീസര് ഡ്രൈവര് എം.എസ്. ജെനീഷ് എന്നിവര് പങ്കെടുത്തു.
District News
കോട്ടയം: ഓട്ടോറിക്ഷയില്നിന്നും വീട്ടില്നിന്നുമായി 13 ഗ്രാം എംഡിഎംഎയും കഞ്ചാവുമായി ദമ്പതികള് ഉള്പ്പെടെ മൂന്നു പേര് പിടിയില്. കോട്ടയം പനച്ചിക്കാട് കുന്ന്പറമ്പില് കെ.ജി. മനു (30), ചെങ്ങളം മോറുകാട് കണിയാംപറമ്പില് സുധി ജബ്ബാര് (32), ഭാര്യ അല്ഫിയ (21) എന്നിവരെയാണ് ഓപ്പറേഷന് തണ്ടറിന്റെ ഭാഗമായി എക്സൈസ് സംഘം പിടികൂടിയത്.
ഇന്നലെ പുലര്ച്ചെ കുമരകം ചെങ്ങളം മോർകാട് ഭാഗത്താണ് സംശയാസ്പദമായ സാഹചര്യത്തില് ഓട്ടോറിക്ഷ കണ്ടെത്തിയത്. തുടര്ന്ന് നടത്തിയ പരിശോധനയില് ഓട്ടോറിക്ഷയ്ക്കുള്ളില്നിന്ന് 1.092 ഗ്രാം എംഡിഎംഎയും 6.12 ഗ്രാം കഞ്ചാവും കണ്ടെത്തി.
എക്സൈസ് സംഘത്തെ കണ്ട് ചെങ്ങളത്തെ ഒരു ഇടവഴിയിലേക്ക് ഓടിച്ചുകയറ്റിയ ഓട്ടോറിക്ഷയ്ക്ക് പിന്നാലെയെത്തിയ എക്സൈസ് സംഘം ഓട്ടോറിക്ഷയില്നിന്ന് മനുവിനെ പിടികൂടി. ഇയാളെ ചോദ്യം ചെയ്തതോടെയാണ് ലഹരി വസ്തുക്കള് എവിടെനിന്നാണ് ലഭിക്കുന്നതെന്ന് വ്യക്തമായത്. ഇതോടെയാണ് എക്സൈസ് സംഘം സുധി ജബ്ബാറിന്റെ ചെങ്ങളം മോര്കാട് ഭാഗത്തെ വീട്ടില് പരിശോധന നടത്തി കിടപ്പുമുറിയില് സൂക്ഷിച്ചിരുന്ന 12.1157 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. വീട്ടിലേക്ക് എക്സൈസ് സംഘം പരിശോധനയ്ക്ക് എത്തുന്നതു കണ്ട സുധി ജബ്ബാര് ഓടിരക്ഷപ്പെട്ടു. തുടര്ന്ന് എക്സൈസ് സംഘം ഇയാളുടെ ഭാര്യയെ കസ്റ്റഡിയിലെടുത്തു. പിന്നീട് എക്സൈസ് ഓഫീസില് എത്തി സുധി കീഴടങ്ങുകയായിരുന്നു.
ഇവരുടെ അക്കൗണ്ടിലേക്കാണ് ലഹരി മരുന്നുകള് വില്ക്കുന്നതിന്റെ പണം ലഭിച്ചിരുന്നതെന്ന്് എക്സൈസ് സംഘം പറഞ്ഞു. പ്രതികളുടെ മൊബൈല് ഫോണുകള് സൈബര് സെല് ഉദ്യോഗസ്ഥനും സിവില് എക്സൈസ് ഓഫീസറുമായ ഷാനു കൃഷ്ണയുടെ നേതൃത്വത്തില് പരിശോധിച്ചു വരികയാണ്.
എക്സൈസ് എന്ഫോഴ്സ്മെന്റ് ആന്ഡ് ആന്റി നര്ക്കോട്ടിക് സ്പെഷല് സ്ക്വാഡ് ഇന്സ്പെക്ടര് ആര്. ദര്ശക്കിന്റെ നേതൃത്വത്തില് അസി. എക്സൈസ് ഇന്സ്പെക്ടര്മാരായ ബി. ആനന്ദ് രാജ്, എം. നൗഷാദ്, സിവില് എക്സൈസ് ഓഫീസര്മാരായ കെ.സി. ദീബീഷ്, ടി.എ. യേശുദാസ്, ഗ്രഡ് പ്രിവന്റീവ് ഓഫീസര് അഫ്സല് കുട്ടി, വനിതാ സിവില് എക്സൈസ് ഓഫീസര് കെ.എം. പ്രിയ, സിവില് എക്സൈസ് ഓഫീസര് ഡ്രൈവര് ബിബിന് ജോയി എന്നിവരുടെ നേതൃത്വത്തിലാണ് എംഡിഎംഎ പിടികൂടിയത്.
ജില്ലയില് അടുത്ത കാലത്ത് പിടികൂടുന്ന ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണെന്ന് എക്സൈസ് ഉദ്യോഗസ്ഥര് പറഞ്ഞു.
District News
നെടുങ്കണ്ടം: കമ്പംമെട്ട് എട്ടേക്കറില് വീട്ടില് വില്പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഒമ്പത് ലിറ്റര് വിദേശമദ്യം പിടിച്ചെടുത്തു. ജില്ലാ പോലീസ് മേധാവിക്കു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില് ഓപ്പറേഷന് തൂഫാന്റെ ഭാഗമായി കമ്പംമെട്ട് പോലീസ് നടത്തിയ റെയ്ഡിലാണ് എട്ടേക്കര് സ്വദേശി ഗോപാലകൃഷ്ണന്റെ (60) വീട്ടില്നിന്നു വിദേശമദ്യം കണ്ടെടുത്തത്.
കട്ടപ്പന ഡിവൈഎസ്പി വി.ടി. ഷാജന്റെ നിര്ദ്ദേശാനുസരണം നടത്തിയ റെയ്ഡില് കമ്പംമെട്ട് എസ്എച്ച്ഒ രതീഷ് ഗോപാല്, എസ്ഐമാരായ ചാര്ളി തോമസ്, പി.വി. മഹേഷ്, ഉദ്യോഗസ്ഥരായ യു. ഷമീര്, യൂനസ് ഇസ്മായില്, ബിനുകുമാര്, എ.ആര്. രേവതി എന്നിവര് പങ്കെടുത്തു.
National
ന്യൂഡൽഹി: ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 4.80 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്ന് പിടികൂടി. ബാങ്കോക്കിൽനിന്നെത്തിയ ഇന്ത്യൻ പൗരനിൽനിന്നാണു ഹൈഡ്രോപോണിക് വീഡ് എന്നറിയപ്പെടുന്ന കഞ്ചാവ് കസ്റ്റംസ് പരിശോധനയിൽ പിടികൂടിയത്. ഇയാളെ മയക്കുമരുന്ന് നിരോധന നിയമമായ എൻഡിപിഎസ് നിയമത്തിനു കീഴിൽ അറസ്റ്റ് ചെയ്തു.
മണ്ണിൽ വളർത്തുന്നതിനു പകരം പ്രത്യേക ജലാധിഷ്ഠിത പോഷക മിശ്രിതത്തിൽ വളർത്തുന്ന ഹൈഡ്രോപോണിക് കഞ്ചാവിന് കരിഞ്ചന്തയിൽ ഉയർന്ന വിലയാണ്. ഏകദേശം 13.84 കിലോ തൂക്കം വരുന്ന കഞ്ചാവാണ് ഇയാൾ ബാങ്കോക്കിൽനിന്ന് ഇന്ത്യയിലേക്കു കടത്തിയത്.
വിമാനത്താവളത്തിന്റെ ഗ്രീൻ ചാനൽ വഴി കടന്ന ഇയാളെ അധികൃതർ പരിശോധനയ്ക്കായി തടഞ്ഞുവയ്ക്കുകയായിരുന്നു. പിന്നീട് ബാഗുകൾ എക്സ്റേ പരിശോധനയ്ക്കു വിധേയമാക്കിയപ്പോൾ സംശയം തോന്നിപ്പിക്കുന്ന ചില വസ്തുക്കൾ ശ്രദ്ധയിൽപ്പെടുകയും വിശദമായ പരിശോധനയിൽ ലഹരിമരുന്ന് പിടികൂടുകയുമായിരുന്നു.
Kerala
കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കൊച്ചി സിറ്റി പോലീസ് നടത്തിയ പരിശോധനയിൽ രണ്ടിടങ്ങളിൽ നിന്നായി വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. കളമശേരിയിൽ നിന്ന് 11 കിലോയിലധികം കഞ്ചാവ് പിടിച്ചെടുത്തപ്പോൾ തൃക്കാക്കരയിൽ ചിക്കൻ സെന്ററിന്റെ മറവിൽ എംഡിഎംഎ വിൽപന നടത്തിയ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു.
തൃക്കാക്കര നോർത്ത് വെട്ടിക്കാട്ട് പറമ്പ് റോഡ് നവാസ് മൻസിലിൽ മുഹമ്മദ് ഇജാസ് (25), കോതമംഗലം പിണ്ടിമന പണിക്കൊടിവീട്ടിൽ അഭിജിത്ത് സുകു (24) എന്നിവരെയാണ് നാർകോട്ടിക് സെൽ എസിപി ടി.ഡി. സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്ന് 1.82 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
മുഹമ്മദ് ഇജാസിന്റെ ഉടമസ്ഥതയിലുള്ള കൊച്ചിൻ ഫ്രഷ് എന്ന ചിക്കൻ സെന്ററിന്റെ മറവിലായിരുന്നു ഇവരുടെ ലഹരി കച്ചവടം. പിടിയിലായ അഭിജിത്താണ് വിൽപനയ്ക്കുള്ള എംഡിഎംഎ എത്തിച്ചിരുന്നത്. ഇയാൾ കൊലപാതക ശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
മറ്റൊരു റെയ്ഡിൽ കളമശേരി റോക്ക് വെൽ റോഡ് ഭാഗത്തുനിന്ന് 11.310 കിലോഗ്രാം കഞ്ചാവ് പിടികൂടി. ഈ പ്രദേശത്തെ ആക്രി സാധനങ്ങൾക്കിടയിൽ രണ്ട് ബാഗുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. പ്രതികളെക്കുറിച്ച് അന്വേഷണം ഊർജിതമാക്കിയതായി കളമശേരി പോലീസ് പറഞ്ഞു.
Kerala
ചെങ്ങന്നൂർ: സംസ്ഥാനവ്യാപകമായി എക്സൈസ് വകുപ്പ് നടത്തിവരുന്ന ഓപ്പറേഷൻ തണ്ടർ- പരിശോധനയുടെ ഭാഗമായി ചെങ്ങന്നൂരിൽ വൻ ചാരായവേട്ട. ഇലഞ്ഞിമേൽ ഭാഗത്തുനിന്നും പത്ത് ലിറ്റർ ചാരായവും 40 ലിറ്റർ കോടയും വാറ്റുപകരണങ്ങളും എക്സൈസ് സംഘം പിടിച്ചെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് പുലിയൂർ വില്ലേജിൽ ഇലഞ്ഞിമേൽ കോട്ടത്തറ കോളനിയിൽ പ്രസന്നാലയം വീട്ടിൽ സുനീഷിനെതിരേ അബ്കാരി നിയമപ്രകാരം കേസെടുത്തു. എക്സൈസ് സംഘത്തെ കണ്ട് പ്രതി ഓടി രക്ഷപെട്ടതിനാൽ അറസ്റ്റ് ചെയ്യാനായിട്ടില്ല. ഇയാൾക്കായി തെരച്ചിൽ ഊർജിതമാക്കി.
ചെങ്ങന്നൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് കഴിഞ്ഞ ദിവസം രാത്രി 9.40 ഓടെയായിരുന്നു പരിശോധന. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ബാബു ഡാനിയേലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. 10 ലിറ്റർ ചാരായം, 40 ലിറ്റർ കോട, 40 ലിറ്റർ സ്പെന്റ് വാഷ് എന്നിവയും പ്രദേശത്ത് ഒളിപ്പിച്ച നിലയിലായിരുന്ന വാറ്റുപകരണങ്ങളുമാണ് കണ്ടെടുത്തത്.
എക്സൈസ് പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ ബി. സുനിൽകുമാർ. സിവിൽ എക്സൈസ് ഓഫീസർമാരായ ആർ. ശ്രീജിത്ത്, പ്രതീഷ് പി. നായർ, ശ്രീക്കുട്ടൻ, അമൽ എന്നിവരും പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.
Kerala
പത്തനംതിട്ട: റാന്നിയിൽ വൻ മദ്യവേട്ട. വീട്ടിൽ സൂക്ഷിച്ച 43 ലിറ്റർ വിദേശമദ്യം എക്സൈസ് പിടികൂടി. സംഭവത്തിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്.
കൊല്ലമുള ചാത്തൻതറ സ്വദേശി നസീർ ആണ് പിടിയിലായത്. വീട്ടുപറമ്പിലെ കോഴിക്കൂട്ടിൽ നിന്നാണ് മദ്യം കണ്ടെടുത്തത്. 86 കുപ്പി വിദേശമദ്യമാണ് വിൽപനക്കായി കോഴിക്കൂട്ടിൽ സൂക്ഷിച്ചിരുന്നത്.
ഓർഡർ അനുസരിച്ച് ഓട്ടോയിൽ മദ്യം എത്തിച്ചു നൽകലായിരുന്നു രീതി. ഒരാഴ്ചത്തെ നിരീക്ഷണത്തിനൊടുവിലാണ് എക്സൈസ് ഷാഡോ സംഘം പ്രതിയെ പിടികൂടിയത്.
National
സുന്ദർഗഢ്: അനധികൃത ഐപിഎൽ വാതുവെപ്പ് സംഘത്തിലെ ഒരാൾ പോലീസ് പിടിയിൽ. കൂടെയുണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടു. ഒഡീഷയിലെ സുന്ദർഗഢ് ജില്ലയിലെ ഹതിബാരിയിലാണ് സംഭവം. 3,95,590 രൂപ, ഒന്നിലധികം മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, മെമ്മറി കാർഡുകൾ, വാഹനം എന്നിവ പോലീസ് സംഭവസ്ഥലത്തുനിന്നും പിടിച്ചെടുത്തു.
രക്ഷപ്പെട്ട പ്രതികളെ കണ്ടെത്താനുള്ള അന്വേഷണങ്ങൾ നടക്കുകയാണ്. കൂടാതെ ഈ സംഘത്തിന്റേതെന്ന് സംശയിക്കുന്ന ഒന്നിലധികം അനധികൃത വെബ്സൈറ്റുകളും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. നിയമവിരുദ്ധമായ ഐപിഎൽ വാതുവെപ്പ് പ്രവർത്തനങ്ങൾ രാജ്യവ്യാപകമായി നടക്കുന്ന സാഹചര്യത്തിലാണ് നടപടി.
District News
നെയ്യാറ്റിന്കര : വീടിനുള്ളില് സൂക്ഷിച്ചിരുന്ന നാലായിരം കിലോഗ്രാമിൽ അധികമുള്ള നിരോധിത പുകയില ഉത്പന്നങ്ങള് എക്സൈസ് സംഘം പിടിച്ചെടുത്തു.
എക്സൈസ് ഇന്റലിജന്സ് ആന്ഡ് ഇന്വെസ്റ്റിഗേഷന് ബ്യൂറോയും എക്സൈസ് നെയ്യാറ്റിന്കര റേഞ്ചും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉത്പന്നങ്ങള് കണ്ടെടുത്തത്. ഉച്ചക്കട ഭാഗത്തു നിന്നും ബീമാപള്ളി സ്വദേശി അല് അമീന് (42) എന്നയാള് എക്സൈസ് സംഘത്തിന്റെ പിടിയിലായിരുന്നു. ഇയാള് സ്കൂട്ടറില് 100 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങള് കടത്തുന്നതിനിടയിലാണ് പിടിയിലായത്. അല് അമീനെ ചോദ്യം ചെയ്തപ്പോഴാണ് വെള്ളായണി പുഞ്ചക്കരി ഭാഗത്ത് വാടക വീട്ടില് നിരോധിത പുകയില ഉത്പന്നങ്ങളുടെ ശേഖരത്തെ കുറിച്ച് അറിഞ്ഞതെന്ന് എക്സൈസ് അധികൃതര് അറിയിച്ചു.
മുറികളില് ചാക്കുകളിലും പ്ലാസ്റ്റിക് കിറ്റുകളിലുമായി ഇവ നിറച്ചുവച്ചിരുന്നു. പുതിയ അധ്യയന വര്ഷത്തോടനുബന്ധിച്ച് സ്കൂളുകള് തുറക്കുന്നതിനു മുന്നോടിയായി കടകളിലേയ്ക്ക് വിതരണം ചെയ്യാന് സൂക്ഷിച്ചിരുന്നുവെന്നാണ് എക്സൈസ് നിഗമനം. തൃശൂരില് നിന്നാണ് ഇവ കൊണ്ടുവന്നതെന്ന് അല് അമീന് പറഞ്ഞതായും എക്സൈസ് അധികൃതര് അറിയിച്ചു.
National
ശ്രീനഗർ: ജമ്മുവിലെ അന്താരാഷ്ട്ര അതിർത്തിക്ക് സമീപം ഡ്രോൺമാർഗം കടത്തിയെന്ന് സംശയിക്കുന്ന രണ്ട് കിലോയോളം ലഹരിമരുന്ന് പോലീസ് പിടിച്ചെടുത്തു.
അതിർത്തികടന്നുള്ള മയക്കുമരുന്ന് കടത്തിനെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ജമ്മു ജില്ലയിലെ ബിഷ്നാ സെക്ടറിൽ പോലീസ് നടത്തിയ പരിശോധനയിലാണു ലഹരിമരുന്ന് കണ്ടെത്തിയത്.
പാക്കിസ്ഥാൻ കേന്ദ്രീകരിച്ചുള്ള ലഹരിക്കടത്ത് സംഘങ്ങളാണ് സംഭവത്തിനുപിന്നിലെന്ന് പോലീസ് പറഞ്ഞു.
National
ന്യൂഡൽഹി: ഗൾഫിലേക്കു കടത്താൻ ലക്ഷ്യമിട്ട 182 കോടി രൂപയുടെ ജിഹാദി മയക്കുമരുന്ന് എന്നറിയപ്പെടുന്ന നിരോധിത "ക്യാപ്റ്റഗണ്’ മയക്കുമരുന്നു ഗുളികകൾ പിടികൂടി. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്നും ഡൽഹി സരായിയിൽനിന്നുമാണ് ലഹരിമരുന്നു പിടികൂടിയത്. മയക്കുമരുന്നു കടത്തിയ വിദേശ പൗരനെ അറസ്റ്റ് ചെയ്തതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.
മധ്യേഷ്യയിലേക്കു കൊണ്ടുപോകാൻ വച്ചിരുന്ന മയക്കുമരുന്നാണ് നാർകോട്ടിക് കണ്ട്രോൾ ബ്യൂറോ ഉദ്യോഗസ്ഥർ പിടികൂടിയതെന്ന് ഷാ അറിയിച്ചു. "ഓപ്പറേഷൻ റേജ്പിൽ’ എന്നപേരിലുള്ള ലഹരിവിമുക്ത ഇന്ത്യയ്ക്കായുള്ള പദ്ധതിയുടെ ഭാഗമായാണ് വൻ മയക്കുമരുന്നു വേട്ടയെന്നു മന്ത്രി വിശദീകരിച്ചു. രാജ്യത്ത് ആദ്യമായാണ് ക്യാപ്റ്റഗണ് മയക്കുമരുന്ന് പിടികൂടുന്നത്.
2020 മുതൽ 2024 വരെ 11,311 കോടിയുടെ മയക്കുമരുന്നുകൾ രാജ്യത്തെ വിവിധ തുറമുഖങ്ങളിൽനിന്നു പിടികൂടിയതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി കഴിഞ്ഞ വർഷം മാർച്ച് 18ന് പാർലമെന്റിൽ അറിയിച്ചിരുന്നു.
ജിഹാദി മയക്കുമരുന്ന്
വിഷാദം, നാർക്കോലെപ്സി, എഡിഎച്ച്ഡി തുടങ്ങിയ അവസ്ഥകൾ ചികിത്സിക്കുന്നതിനായി 1960കളിൽ വികസിപ്പിച്ചെടുത്ത സിന്തറ്റിക് ഉത്തേജകമായ ഫെനെറ്റിലൈനിന്റെ ബ്രാൻഡ് നാമമാണ് കാപ്റ്റഗണ്.
ആസക്തി, ദുരുപയോഗം എന്നീ ആശങ്കകളെത്തുടർന്ന് 1980കളിൽ ഇത് അന്താരാഷ്ട്രതലത്തിൽ നിരോധിച്ചു. പിന്നീട് യുഎൻ കണ്വൻഷൻ ഓണ് സൈക്കോട്രോപിക് സബ്സ്റ്റൻസസിന്റെ ഷെഡ്യൂൾ രണ്ടിൽ ഉൾപ്പെടുത്തി.
കാലക്രമേണ സിറിയൻ ആഭ്യന്തരയുദ്ധകാലത്ത് ഐഎസ് ഉൾപ്പെടെയുള്ള തീവ്രവാദ ഗ്രൂപ്പുകൾ ഈ ഉത്തേജക മയക്കുമരുന്ന് ഉപയോഗം തുടങ്ങി. പോരാളികളിൽ ഭയം കുറയ്ക്കുന്നതിനായി ഇസ്ലാമിക തീവ്രവാദികൾ വളരെ ആസക്തി ഉളവാക്കുന്ന കാപ്റ്റഗണ് ഉപയോഗം വ്യാപകമാക്കിയതോടെയാണ് ഇതിന് ജിഹാദി മരുന്ന് എന്ന ചീത്തപ്പേരുണ്ടായത്.
Kerala
കൊല്ലം: ഓലയിൽക്കടവിലെ വീട്ടിൽ നിന്ന് 177 എംഡിഎംഎ ഗുളികകൾ പിടികൂടി. കൊറിയർ വഴി കച്ചവടം നടത്താൻ ശ്രമിച്ച 100 ഗ്രാമിലധികം എംഡിഎംഎയാണ് ഡാൻസാഫ് സംഘം പിടികൂടിയത്.
എഞ്ചിനീയറിംഗ് വിദ്യാർഥിയായ പ്രണവിന്റെ വീട്ടിൽ നിന്നാണ് എംഡിഎംഎ കണ്ടെടുത്തത്. എംഡിഎംഎ ഗുളികകൾ കളിപ്പാട്ടങ്ങൾക്കൊപ്പം കൊറിയർ പാക്കറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു.
പ്രണവിന്റെ കൂട്ടാളിയായ അമ്മൻനട സ്വദേശി വിഷ്ണുവിനെ രാവിലെ ഡാൻസാഫ് സംഘം പിടികൂടിയിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രണവിന്റെ വീട്ടിൽ നിന്ന് എംഡിഎംഎ ലഭിച്ചത്.
Kerala
കൊച്ചി: ഓപ്പറേഷൻ നംഖോറിന്റെ ഭാഗമായി നടൻ ദുൽഖർ സൽമാന്റെ നിസാൻ പട്രോൾ കാർ കസ്റ്റംസ് പിടിച്ചെടുത്തു. നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് കടത്തിയെന്ന സംശയത്തിലാണ് നടപടി. ലക്കി ഭാസ്കർ സിനിമയിൽ ഉപയോഗിച്ച വാഹനമാണ് പിടിച്ചെടുത്തത്.
ഓപ്പറേഷൻ നംഖോറിന്റെ ഭാഗമായി ദുൽഖറിന്റെ മൂന്ന് വാഹനങ്ങൾ നേരത്തെ പിടിച്ചെടുത്തിരുന്നു. ദുൽഖറിന്റെ ഒരു വാഹനം കൂടി കണ്ടെത്താനുണ്ടെന്ന് കസ്റ്റംസ് നേരത്തെ തന്നെ അറിയിച്ചിരുന്നു. ആ വാഹനമാണ് ഇപ്പോൾ പിടിച്ചെടുത്തിരിക്കുന്നത്.
ദുല്ഖറിന്റെ ഡിഫന്ഡര്, ലാന്ഡ് ക്രൂയിസര് വാഹനങ്ങള് നേരത്തെ പിടിച്ചെടുത്തിരുന്നു. ഇതില് ഡിഫന്ഡര് വിട്ടുനല്കണമെന്ന് ആവശ്യപ്പെട്ട് ദുല്ഖര് കോടതിയെ സമീപിച്ചിരുന്നു.
ഡിഫന്ഡര് വിട്ടുനല്കുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അതേസമയം ഒരാളുടെ അറസ്റ്റും കസ്റ്റംസ് രേഖപ്പെടുത്തി. കോഴിക്കോട് എ എസ് റോഡ് വേ കാര്സിന്റെ പങ്കാളി സൈന് മാര്വേയാണ് അറസ്റ്റിലായത്.
Kerala
ആലുവ: ബിഗ് ബോസ് ആറാം സീസണിൽ കിരീടം നേടിയ പി.ഡി. ജിന്റോയുടെ ഹെൽത്ത് ക്ലബ് ജപ്തി ചെയ്ത് ഉപകരണങ്ങൾ ലേലം ചെയ്തു. 16 ലക്ഷത്തോളം രൂപയുടെ വാടക കുടിശികയെത്തുടർന്നാണ് ഹെൽത്ത് ക്ലബ് നഗരസഭ ലേലം ചെയ്തത്.
ആലുവ സ്വകാര്യ ബസ്സ്റ്റാൻഡിനു പിൻവശം നഗരസഭയുടെ ക്ലോക്ക് ടവർ കെട്ടിടത്തിന് ഏറ്റവും മുകളിൽ പ്രവർത്തിച്ചിരുന്ന ‘ബോഡി ക്രാഫ്റ്റ് മൾട്ടി ഇന്റർനാഷണൽ’ ഹെൽത്ത് ക്ലബ്ബിലെ ഉപകരണങ്ങൾ ലേലം ചെയ്തതിൽ 6.15 ലക്ഷം രൂപയാണു ലഭിച്ചത്. പത്തു ലക്ഷത്തോളം രൂപ നഗരസഭയ്ക്ക് നഷ്ടം വന്നു.
6.14 ലക്ഷം രൂപയാണ് ചുരുങ്ങിയ ലേലത്തുകയായി നിശ്ചയിച്ചിരുന്നത്. ഫോർട്ടുകൊച്ചിയിൽ ജിം നടത്തുന്നയാളാണു ലേലം വിളിച്ചെടുത്തത്.
2017ലാണ് 2000 ചതുരശ്ര അടി വിസ്തീർണത്തിൽ ജിന്റോ ജിം ആരംഭിച്ചത്. 2021ന് ശേഷം നഗരസഭയിൽ വാടക അടച്ചിട്ടില്ല. മൂന്നു മാസം മുമ്പ് നോട്ടീസ് നൽകി മുറി നഗരസഭ സീൽ ചെയ്തു. തുടർന്നാണ് ലേലനടപടികൾ പൂർത്തിയാക്കിയത്.
ആലുവയിൽ വാടകക്കുടിശിക നിലനിൽക്കേ സെലിബ്രിറ്റി ഫിറ്റ്നസ് ട്രെയിനർ എന്ന നിലയിൽ മറ്റു സ്ഥലങ്ങളിൽക്കൂടി ഇയാൾ ബ്രാഞ്ചുകൾ തുടങ്ങിയിരുന്നു. സിനിമാ മേഖലയിലുള്ള ചില യുവതികളെയും യുവാക്കളെയും ഇയാൾ പരിശീലിപ്പിച്ചിരുന്നു.
Kerala
കോഴിക്കോട്: പന്തീരങ്കാവിൽ എംഡിഎംഎയുമായി മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശികളായ ആദില്ഷാ(20), മുഹമ്മദ് ഫര്ഹാന്(22), മുഹമ്മദ് അര്ഷലാല്(25) എന്നിവരാണ് അറസ്റ്റിലായത്.
കോഴിക്കോട് സിറ്റി ഡാന്സാഫും പന്തീരങ്കാവ് ഇന്സ്പെക്ടര് ശ്രീകുമാറിന്റെയും നേതൃത്വത്തിലുള്ള പോലീസും ചേര്ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 1.13 കിലോ ഗ്രാം എംഡിഎംഎ പിടികൂടി.
ദേശീയ പാത 66-ല് പന്തീരങ്കാവ് കാപ്കോണ്സിറ്റിയ്ക്കടുത്ത് സര്വീസ് റോഡില് വച്ചാണ് ഇവരെ പിടികൂടിയത്. 1.13 കിലോഗ്രാം എംഡിഎംഎയും മയക്കുമരുന്ന് കടത്താന് ഉപയോഗിച്ച ടൊയോട്ട ഓള്ട്ടിസ് കാറും കസ്റ്റഡിയില് എടുത്തിട്ടുണ്ട്.
ഡാന്സാഫ് സംഘത്തിന്റെ നൈറ്റ് പട്രോളിങ് ഡ്യൂട്ടിക്കിടയിലാണ് പന്തീരങ്കാവ് സര്വീസ് റോഡില്, നിര്ത്തിയിട്ട കാറില് മയക്കുമരുന്ന് വില്പ്പന നടത്തുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചത്. തുടര്ന്ന് ഇവര് പന്തീരാങ്കാവ് പോലീസില് വിവരം അറിയിച്ചു. പോലീസ് സംഘം സ്ഥലത്തെത്തി കാര് പരിശോധിച്ചപ്പോള് എംഡിഎംഎ കണ്ടെത്തുകയായിരുന്നു.
ഡൽഹിയിൽ നിന്നും ഗോവയില് നിന്നും വലിയ അളവില് ഇവര് കേരളത്തിലേക്ക് ലഹരി എത്തിച്ചതായി തെളിഞ്ഞിട്ടുണ്ട്. ഇവ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഡീലര്മാരില് എത്തിച്ച് പായ്ക്കറ്റുകള് ആക്കി കാറില് കച്ചവടം നടത്തിവരികയായിരുന്നു.
Kerala
കോട്ടയം: ചങ്ങനാശേരി അപ്സര തീയറ്ററിനു സമീപം ഗോഡൗണില് ഇറക്കുന്നതിനിടയില് അറുപതു ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങള് പിടിച്ചെടുത്തു. സംഭവത്തിൽ മൂന്നു പേരെ അറസ്റ്റ് ചെയ്തു.
എന്നാൽ, ഗോഡൗണ് നടത്തിപ്പുകാരന് ഓടി രക്ഷപ്പെട്ടു. ഉത്പന്നങ്ങളുമായി എത്തിയ പിക്കപ്പ് വാന് കസ്റ്റഡിയിലെടുത്തു. പിക്കപ്പ് വാന് ഉടമയ്ക്കുമെതിരെ കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി 11 ന് വാഴൂര് റോഡില് അപ്സര തീയറ്ററിനു സമീപത്തുനിന്നുമാണ് നിരോധിത പുകയില ഉത്പന്നങ്ങള് പിടിച്ചെടുത്തത്.
ളായിക്കാട് കുന്നുപറമ്പില് ശരണ് ശശി(31), കാക്കാംതോട് വാലുമ്മേച്ചിറ ടി.ഹരീഷ്(35), മാനന്തവാടി വിമലനഗര് പടിഞ്ഞാറേതില് രാജേഷ്(46) എന്നിവരെയാണ് ചങ്ങനാശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഗോഡൗണ് ഉടമ ഫാത്തിമാപുരം പുത്തന്പറമ്പില് മുഹമ്മദ് സമീര്ഖാൻ, പിക്കപ്പ് വാന് ഉടമ വയനാട് തരുവനം സ്വദേശി പി.ബാബു എന്നിവര്ക്കെതിരെയും പോലീസ് കേസെടുത്തു.
ചങ്ങനാശേരി പോലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില് ഡിവൈഎസ്പി അഷാദ് സദാനന്ദന്റെ നിര്ദേശപ്രകാരം എസ്ഐമാരായ സജിത്, അരുണ്ദേവ്, രാജേഷ്, പ്രബേഷണല് എസ്ഐ സുകേഷ്, സിപിഒമാരായ നിയാസ്, അരുൺ, പ്രതീഷ് എന്നിവരാണ് റെയ്ഡും അറസ്റ്റും നടത്തിയത്. മൈസൂരില്നിന്ന് എത്തിയ കെഎല്-72 ഇ-3915 ബെലേറോ പിക്കപ്പ് വാനാണ് പിടിച്ചെടുത്തതത്.
സ്കൂള് തുറക്കുന്നതുമായി ബന്ധപ്പെട്ട് പോലീസ് നടത്തിവരുന്ന പരിശോധനയുടെ ഭാഗമായാണ് നിരോധിത പുകയില ഉത്പന്നങ്ങള് പിടിച്ചെടുത്തത്. സംഭവത്തെത്തുടര്ന്ന് ഗൗഡൗണ് പൂട്ടി പോലീസ് സീല് ചെയ്തു.
National
ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് വോട്ടർമാരെ സ്വാധീനിക്കാൻ എത്തിച്ച 1445 കോടി രൂപയുടെ അനധികൃത പണവും മറ്റ് വസ്തുക്കളും പിടിച്ചെടുത്തുതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
കണക്കിൽപ്പെടാത്ത പണം, മദ്യം, മയക്കുമരുന്ന്, സ്വർണം തുടങ്ങിയവയാണ് പിടിച്ചെടുത്തതിലേറെയും. തെരഞ്ഞെടുപ്പ് കാലത്ത് ഏറ്റവുമധികം പണം പിടിച്ചെടുത്തത് തമിഴ്നാട്ടിൽനിന്നാണ്. മദ്യവും മയക്കുമരുന്നും ഏറ്റവുമധികം പിടിച്ചെടുത്തത് പശ്ചിമബംഗാളിൽ നിന്നും.
2021-ലെ നിയമസഭാ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ പിടിച്ചെടുത്ത പണത്തിന്റെ കണക്കിൽ 40 ശതമാനം വർധനയാണ് ഇത്തവണ ഉണ്ടായിരിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കഴിഞ്ഞതവണ ഇത് 1029.93 കോടി രൂപയായിരുന്നു. പശ്ചിമബംഗാളിൽ ഇത്തവണ ഇത്തരം കുറ്റകൃത്യത്തിൽ 68.92ശതമാനവും തമിഴ്നാട്ടിൽ 48.40 ശതമാനവും വർധനവുണ്ടായി.
തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം പശ്ചിമബംഗാൾ, ആസാം, തമിഴ്നാട്, കേരളം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിൽനിന്നായി ഏകദേശം 155 കോടി രൂപയുടെ കണക്കിൽപ്പെടാത്ത പണം കണ്ടെടുത്തു. കൂടാതെ 183.33 കോടി രൂപ വിലമതിക്കുന്ന 70 ലക്ഷം ലിറ്റർ മദ്യവും അധികൃതർ പിടിച്ചെടുത്തു.
വോട്ടർമാർക്ക് നൽകുന്നതിനായി സ്വർണം, വെള്ളി, സാരികൾ, വസ്ത്രങ്ങൾ, പ്രഷർ കുക്കറുകൾ, പാത്രങ്ങൾ, ടെലിവിഷൻ സെറ്റുകൾ തുടങ്ങിയവും വലിയതോതിൽ പിടിച്ചെടുത്തു. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ഏകദേശം 184 കോടി രൂപയുടെ മയക്കുമരുന്നാണ് പിടിച്ചെടുത്തത്. ഇതിൽ 30.28 കോടി രൂപയുടെ മയക്കുമരുന്ന് പശ്ചിമബംഗാളിൽ നിന്നാണ് പിടിച്ചെടുത്തത്.
തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ കർശന നീരീക്ഷണവും ഇലക്ഷൻ ഡീഷർ മാനേജ്മെന്റ് സിസ്റ്റം പോലുള്ള ആധുനിക സാങ്കേതിക വിദ്യകളുടെ ഉപയോഗവുമാണ് ഇത്രയധികം അനധികൃത വസ്തുക്കൾ കണ്ടെത്താൻ സഹായിച്ചതെന്ന് കമ്മീഷൻ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ലഹരി മരുന്നിന്റെയും മദ്യത്തിന്റെയും ഒഴുക്ക് തടയുന്നതിൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് വലിയ പുരോഗതി കൈവരിച്ചെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
Kerala
കോഴിക്കോട്: രൂപമാറ്റം വരുത്തിയ ബൈക്കുകൾ ഓടിക്കുന്നവരുടെപേരിൽ ശക്തമായ നിയമനടപടിയുമായി മോട്ടോർവാഹനവകുപ്പും പോലീസും.
വാഹനനിർമാതാക്കൾ ഘടിപ്പിച്ച സൈലൻസറുകൾക്ക് പകരം പുതിയവ ഉപയോഗിച്ച് രൂപമാറ്റംവരുത്തുന്ന വാഹന ഉടമകൾക്കെതിരേയാണു നിയമനടപടി. രാത്രികാലങ്ങളിൽ ഇത്തരം ബൈക്കുകൾ ഓടിക്കുന്നത് പലയിടത്തും പതിവായിട്ടുണ്ടെന്ന് ട്രാഫിക് അധികൃതർ വ്യക്തമാക്കി.
രണ്ടു മാസത്തിനിടെ ഇത്തരത്തിലുള്ള 165 കേസുകളെടുത്തു. ഇ-ചെലാൻ വഴി 8,80,000 രൂപ പിഴയീടാക്കി. വിവരങ്ങൾ നൽകുന്ന വ്യക്തിയുടെ പേരും വിവരങ്ങളും രഹസ്യമായി സൂക്ഷിക്കുമെന്നു മോട്ടോർ വകുപ്പ് അധികൃതർ പറഞ്ഞു. സൈലൻസർ രൂപമാറ്റത്തിന് 5,000 രൂപയും ശബ്ദമലിനീകരണത്തിന് 2000 രൂപയും പിഴയൊടുക്കണം. രണ്ട് സൈലൻസർ രൂപംമാറ്റിയാൽ 10,000 രൂപ പിഴ ഈടാക്കും.
കുറ്റകൃത്യത്തിന്റെ വ്യാപ്തി വർധിക്കുന്നതിനനുസരിച്ച് പിഴത്തുകയും കൂടും. കുറ്റകൃത്യങ്ങൾ ആവർത്തിച്ചാൽ ഏഴു ദിവസത്തിനകം പൊലൂഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇത് കൂടാതെ ആർസിയും സസ്പെൻഡ് ചെയ്യും.
മോട്ടോർവാഹന നിയമത്തിലെ സെക്ഷൻ 52, സെക്ഷൻ 190 (2) എന്നിവ പ്രകാരം ശിക്ഷാർഹമായ കുറ്റമാണ് വാഹനങ്ങളുടെ രൂപമാറ്റം വരുത്തൽ. നിലവിലെ നിയമപ്രകാരം വാഹനനിർമാതാക്കളുടെ അടിസ്ഥാനഘടനയിലോ പ്രധാന ഘടകങ്ങളിലോ അനധികൃതമായി മാറ്റുംവരുത്താൻ പാടില്ല.
റോഡ് സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനവും ശബ്ദമലിനീകരണവുംകൂടിയാണിത്. കേന്ദ്രസർക്കാരിന്റെ മോട്ടോർവാഹനനിയമം 1989ലെ റൂൾ 120 പ്രകാരവും ശബ്ദപരിധി ലംഘിക്കാൻ പാടില്ല.
National
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വൻ വ്യാജമരുന്ന് വേട്ട. പത്തു കോടി രൂപ വിലമതിക്കുന്ന വ്യാജമരുന്നുകളുമായി നാലംഗസംഘത്തെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു.
അർബുദം, കരൾരോഗം തുടങ്ങിയ ഗുരുതര രോഗങ്ങളുടെ വ്യാജ മരുന്നുകൾ ഉത്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്ത സംഘത്തെയാണു പോലീസ് പൂട്ടിയത്. ‘യുണൈറ്റഡ് ഫാർമ’എന്ന കന്പനിയുടെ കീഴിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കു വ്യാജമരുന്നുകൾ നിർമിച്ചു കടത്തിയ സംഘത്തിൽനിന്ന് ഇവ നിർമിക്കാൻ ഉപയോഗിച്ചിട്ടുള്ള സാമഗ്രികളും പിടികൂടിയിട്ടുണ്ട്.
മണിപ്പുർ സ്വദേശയായ മനോജ് കുമാർ മിശ്ര എന്നയാളാണു വ്യാജ മരുന്ന് റാക്കറ്റിന്റെ സൂത്രധാരനെന്ന് പോലീസ് പറയുന്നു. സർജിക്കൽ ഗ്ലൗസുകളുടെയും മാസ്കുകളുടെയും വ്യാപാരം നഷ്ടത്തിലായതോടെയാണ് ഇയാൾ വ്യാജ മരുന്നുകളുടെ നിർമാണത്തിലേക്കു കടന്നത്.
Kerala
കൊച്ചി: എറണാകുളം സൗത്ത് റെയില്വേ സ്റ്റേഷനില് വന് കഞ്ചാവ് വേട്ട. ഉപേക്ഷിക്കപ്പെട്ട ബാഗുകളില് നിന്നും 60 കിലോ കഞ്ചാവാണ് പിടികൂടിയത്.
30 ലക്ഷം രൂപയോളം വില വരുന്ന കഞ്ചാവാണിത്. ഇന്ന് പുലര്ച്ചെ മൂന്നിന് നടത്തിയ പരിശോധനയ്ക്കിടെയാണ് കഞ്ചാവ് പിടികൂടിയത്.
നാലാം നമ്പര് പ്ലാറ്റ്ഫോമില് ഒരു വശത്ത് ഉപേക്ഷിച്ച നിലയില് ഏഴു ബാഗുകള് കണ്ടെത്തുകയായിരുന്നു. സംശയാസ്പദമായ സാഹചര്യത്തില് കണ്ടെത്തിയ ബാഗുകള് തുറന്നു പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്.
കഞ്ചാവ് സീല് ചെയ്ത് എക്സൈസിന് കൈമാറി. ബാഗിന്റെ ഉടമകളെ കുറിച്ച് അന്വേഷണം ആരംഭിച്ചു.
Kerala
കൊഴിഞ്ഞാന്പാറ: ബസിൽ കടത്തുകയായിരുന്ന ഒരു കിലോ ഹാഷിഷ് ഓയിലുമായി തൃശൂർ സ്വദേശി പിടിയിൽ.
ഒളരി പുല്ലഴി മനക്കൊടി കാരക്കാട്ടിൽ വീട്ടിൽ കെ.ആർ. രാജേഷ്(33) ആണ് അറസ്റ്റിലായത്.
ആന്റി ടെററിസ്റ്റ് സ്ക്വാഡ് എസ്പിയുടെ നിർദേശപ്രകാരം പാലക്കാട് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡ്, കൊഴിഞ്ഞാന്പാറ പോലീസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊഴിഞ്ഞാന്പാറയിൽനിന്നു പ്രതിയെ പിടികൂടിയത്.
30 ലക്ഷം രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലാണു പിടികൂടിയതെന്ന് പോലീസ് അറിയിച്ചു.
Kerala
കണ്ണൂർ: കൂത്തുപറമ്പിനടുത്ത് പൊയിലൂരിൽ ബോംബുകൾ കണ്ടെത്തി. ബോൾ ഐസ്ക്രീമിന്റെ ഒഴിഞ്ഞ കണ്ടെയ്നറിനകത്ത് സ്ഫോടക വസ്തുക്കൾ നിറച്ച് തയ്യാറാക്കിയ അഞ്ച് ബോംബുകളടക്കം ആറ് ബോംബുകളാണ് കണ്ടെത്തിയത്.
പൊയിലൂരിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള തെങ്ങിൻ തോപ്പിൽ നിന്നാണ് ബോംബുകൾ കണ്ടെത്തിയത്. ഒരു ബക്കറ്റിൽ പകുതിയോളം മണൽ നിറച്ച് ഇതിന് മുകളിൽ നിരത്തി വച്ച നിലയിലായിരുന്നു ബോംബുകൾ. ഇവ പോലീസ് കസ്റ്റഡിയിലെടുത്തു.
ബോംബുകൾ നിർവീര്യമാക്കിയതായാണ് വിവരം. സംഭവത്തിൽ ആരെയെങ്കിലും അറസ്റ്റ് ചെയ്തതായി വിവരമില്ല. കഴിഞ്ഞ ദിവസം പാനൂർ ചിത്ര വയലിൽ നിന്നും രണ്ട് സ്റ്റീൽ ബോംബുകളും ഒരു നാടൻ ബോംബും പിടിച്ചെടുത്തിരുന്നു.
Kerala
കോഴിക്കോട്: ട്രെയിനിൽ കടത്തുകയായിരുന്ന നാൽപ്പതു ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. നേത്രാവതി എക്സ്പ്രസിലുണ്ടായ സംഭവത്തിൽ മഹാരാഷ്ട്ര സ്വദേശികളായ സ്വാജിത് ഗെയ്സിംഗ്, മാധവ് സദാശിവ എന്നിവരെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു.
സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട മഹാരാഷ്ട്ര സ്വദേശികളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് പണം കണ്ടെത്തിയത്. തുടർന്ന് പോലീസ് ഇവരെ ചേദ്യം ചെയ്തെങ്കിലും നോട്ടീസ് നൽകി വിട്ടയച്ചു.
രാവിലെ പതിനൊന്നിന് ട്രെയിൻ കോഴിക്കോട് എത്തിയപ്പോൾ പതിവ് പരിശോധന നടത്തുന്നതിനിടെയാണ് വൻ തുക കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു
Kerala
കോഴിക്കോട്: എലത്തൂരിൽ അനധികൃതമായി സൂക്ഷിച്ച വെടിമരുന്നും ഓലപ്പടക്ക ശേഖരവും പിടികൂടി. സംഭവത്തില് ബിനീഷ്, മനോജ് എന്നിവര്ക്കെതിരെ സ്ഫോടക വസ്തു നിയമപ്രകാരം പോലീസ് കേസെടുത്തു.
184 കിലോ സ്ഫോടക വസ്തുക്കളാണ് പിടികൂടിയത്. പിടിച്ചെടുത്ത സ്ഫോടക വസ്തുക്കള് സുരക്ഷിതമായ സ്ഥലത്തേയ്ക്ക് മാറ്റി.
സ്വകാര്യ വ്യക്തിയുടെ വാടക കെട്ടിടത്തിലാണ് ഇവ സൂക്ഷിച്ചിരുന്നത്. എലത്തൂര് പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില് നടത്തിയ പരിശോധനയിലാണ് ചാക്കില് കെട്ടിയ നിലയിലും അലക്ഷ്യമായി സൂക്ഷിച്ച നിലയിലും വെടിമരുന്നും ഓലപ്പടക്കങ്ങളും പിടിച്ചെടുത്തത്.
National
ലക്നോ: ഉത്തർപ്രദേശിൽ ഐഎസ് ഭീകരൻ അറസ്റ്റിൽ. കുശിനഗറിൽ നിന്നും റിസ്വാൻ അഹമ്മദിനെ ആണ് അറസ്റ്റ് ചെയ്തത്.
ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ, ഉത്തർപ്രദേശ് ഭീകരവിരുദ്ധ സ്ക്വാഡുമായി (എടിഎസ്) സഹകരിച്ചാണ് ഇയാളെ പിടികൂടിയത്. ചോദ്യം ചെയ്യലിനായി അഹമ്മദിനെ ഡൽഹിയിലേക്ക് ട്രാൻസിറ്റ് റിമാൻഡിൽ കൊണ്ടുവരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
2015 മുതൽ റിസ്വാൻ അഹമ്മദിന് ഐഎസുമായി ബന്ധമുണ്ടെന്നും ഇന്ത്യയ്ക്കുള്ളിലെ റിക്രൂട്ട്മെന്റ് പ്രവർത്തനങ്ങളിൽ അയാൾക്ക് പ്രധാന പങ്കുണ്ടെന്ന് കരുതപ്പെടുന്നുവെന്നും കൗണ്ടർ ഇന്റലിജൻസ് വൃത്തങ്ങൾ പ്രതികരിച്ചു.
ഇയാളിൽ നിന്ന് ബോംബ് നിർമാണ സാമഗ്രികൾ, ലഘു ലേഖനങ്ങൾ, ജിഹാദി സാഹിത്യങ്ങൾ എന്നിവ കണ്ടെടുത്തു. ഭീകരവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അഹമ്മദ് 2015 ൽ അറസ്റ്റിലായിരുന്നുവെന്നും മുംബൈയിലെ ആർതർ റോഡ് ജയിലിൽ കഴിഞ്ഞിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കാമെന്ന് അധികൃതർ വ്യക്തമാക്കി.
Kerala
കാസർഗോഡ്: ജില്ലയിൽ രണ്ടിടങ്ങളിൽ നിന്നായി രേഖകളില്ലാതെ കാറിൽ കടത്തുകയായിരുന്ന 72.9 ലക്ഷം രൂപ പിടികൂടി. കുമ്പള ആരിക്കാടി ദേശീയപാതയിൽ വച്ച് 61.5 ലക്ഷം രൂപയും കാസർഗോഡ് താലൂക്ക് ഓഫീസ് ജംഗ്ഷനിൽ വച്ച് 11.4 ലക്ഷം രൂപയുമാണ് പിടികൂടിയത്.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനധികൃതമായി പണമെത്തിക്കുന്നത് തടയുന്നതിനായി അതിർത്തിമേഖലയിൽ പോലീസ് വാഹനപരിശോധന ഊർജിതമാക്കിയിരുന്നു.
രഹസ്യവിവരത്തെ തുടർന്ന് കഴിഞ്ഞദിവസം രാത്രി ജില്ലാ പോലീസ് മേധാവിയുടെ സ്ക്വാഡ് അംഗങ്ങളും കുമ്പള പോലീസും ആരിക്കാടിയിലെ പഴയ ടോൾ ബൂത്തിനു സമീപം നടത്തിയ വാഹനപരിശോധനയിലാണ് കാറിൽ അനധികൃതമായി കടത്തുകയായിരുന്ന 61.5 ലക്ഷം രൂപ കണ്ടെടുത്തത്.
കാറിന്റെ ഹാൻഡ് ബ്രേക്കിനു സമീപം പ്രത്യേക അറയുണ്ടാക്കിയാണ് പണം സൂക്ഷിച്ചിരുന്നത്. കാറിലുണ്ടായിരുന്ന തളങ്കര സ്വദേശി ഷബീറിനെ അറസ്റ്റ് ചെയ്തു.
ഇന്നലെ പുലർച്ചെ രണ്ടോടെ കാസർഗോഡ് നഗരത്തിൽ നടത്തിയ വാഹനപരിശോധനയിലാണ് കണ്ണൂർ അഴീക്കൽ സ്വദേശി അനൂപി (28) നെ 11.4 ലക്ഷം രൂപയുമായി പിടികൂടിയത്.
കാറിലുണ്ടായിരുന്ന പണത്തിന്റെ രേഖകൾ ഹാജരാക്കാൻ യുവാവിന് കഴിയാതിരുന്ന സാഹചര്യത്തിലാണ് കസ്റ്റഡിയിലെടുത്തത്.
വരുംദിവസങ്ങളിലും ജില്ലയുടെ എല്ലാ ഭാഗങ്ങളിലും വാഹനപരിശോധന കർശനമാക്കുമെന്ന് പോലീസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: ബാലരാമപുരത്ത് വൻ ആയുധ ശേഖരം കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ബാലരാമപുരം പുത്രക്കാട് വാട്ടർ ടാങ്കിന് സമീപം ചാക്കിൽ കെട്ടിയ നിലയായിരുന്നു ആയുധങ്ങൾ.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ പരിശോധനയ്ക്കിടെയാണ് ആയുധശേഖരം കണ്ടെത്തിയത്. ആറ് വാൾ, രണ്ട് മഴു, വെട്ടുകത്തികൾ, ഇരുമ്പ് ദണ്ഡ്, നാടൻ ബോംബുകൾ എന്നിവയാണ് കണ്ടെത്തിയത്. നാല് മാസങ്ങൾക്ക് മുമ്പ് സ്ഥലത്ത് വലിയ ആക്രമ സംഭവങ്ങൾ ഉണ്ടായിരുന്നു.
രണ്ട് സംഘങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായിട്ട് അക്രമി സംഘം സൂക്ഷിച്ച ആയുധങ്ങളാണ് കണ്ടെത്തിയതെന്നാണ് സൂചന.
Kerala
തൃശൂർ: ദേശീയപാതയിൽ മുടിക്കോട് വച്ച് ബസ് യാത്രക്കാരനിൽ നിന്നു രേഖകളില്ലാതെ കടത്തുകയായിരുന്ന 62.5 ലക്ഷം രൂപ പിടികൂടി. ഇന്നു രാവിലെയാണു സംഭവം. ബാംഗ്ലൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള കർണാടക കെഎസ്ആർടിസി ബസിലെ യാത്രക്കാരനായ കെ. ഉദയശങ്കർ (35) എന്നയാളിൽ നിന്നാണ് പണം പിടികൂടിയത്.
സ്ഥലം വിറ്റുകിട്ടിയ പണമാണെന്നാണു യുവാവ് മൊഴി നൽകിയത്. എന്നാൽ രേഖകൾ ഹാജരാക്കാൻ ഇയാൾക്ക് സാധിച്ചില്ല. ഇലക്ഷൻ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്.
തൃശൂർ എക്സൈസ് ആൻഡ് നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡും തൃശൂർ ഇന്റലിജൻസ് ബ്യൂറോയും സംയുക്തമായാണ് പരിശോധന നടത്തിയത്.
എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ വി.ജെ. റോയ്, ഇൻസ്പെക്ടർ എൻ. സുദർശനകുമാർ, ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ സന്തോഷ് എന്നിവർ നേതൃത്വം നൽകി.
Kerala
കൊല്ലം: പത്തനാപുരം എൻഎസ്എസിനുള്ള 300 കോടിയുടെ ആസ്തി തട്ടിയെടുക്കാനുളള നീക്കമാണ് നടക്കുന്നതെന്നു മന്ത്രി കെ.ബി.ഗണേഷ്കുമാർ. എൻഎസ്എസ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗവും മന്ത്രിയുമായ കെ.ബി.ഗണേഷ് കുമാർ പ്രസിഡന്റായ പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ കമ്മിറ്റി പിരിച്ചുവിട്ടതിനെതിരേ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തനിക്ക് എല്ലാ സമുദായവും ഒരു പോലെയാണ്. മതേതര വിശ്വാസിയായ രാഷ്ട്രീയ പ്രവര്ത്തകനാണ് താന്.എന്എസ് എസും മറ്റുള്ളവരും ഒരു പോലെയാണ്. ജനാധിപത്യ രീതിയില് വോട്ടിട്ട് തെരഞ്ഞെടുക്കപ്പെട്ടയാളാണ് താൻ. തന്നെ സ്ഥാനത്തു നിന്ന് മാറ്റുമ്പോള് ജനാധിപത്യപരമാണോയെന്ന് പരിശോധിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
താന് ഏകാധിപതിയൊന്നുമല്ല. അത്തരത്തില് താന് ഏകാധിപതിയാണെന്ന് പത്തനാപുരത്തെ ജനങ്ങള് പറയില്ല. ജനാധിപത്യ വ്യവസ്ഥയില് തെരഞ്ഞെടുത്തയാളാണ് താന്. സാധാരണക്കാരനായ പൊതുപ്രവര്ത്തകനാണ്. എല്ലാസമൂഹത്തിനും തന്നെ വിമര്ശിക്കാനും തിരുത്താനും അവകാശമുണ്ട്.
താന് താലൂക്ക് യൂണിയന് ഭാരവാഹിത്വത്തില്നിന്ന് രാജിവെയ് ക്കാന് തയാറാണെന്ന് അറിയിച്ചതാണ്. പത്തനാപുരത്ത് എന്എസ്എസിനെ ആരെങ്കിലും നയിച്ചാല് മതിയല്ലോ. തനിക്ക് ജീവിക്കാന് ഒരു തൊഴിലുണ്ട്. ഒരുപാട് കാര്യങ്ങള് ചെയ്യാനുണ്ടെന്നും താന് ഓടിളക്കി വന്നയാളല്ലെന്നും കെ.ബി. ഗണേഷ്കുമാര് പറഞ്ഞു.
Business
ന്യൂഡൽഹി: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുടെ മുംബൈയിലെ ആഡംബര വസതിയായ ‘അബോഡ്’ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് ഇഡി നടപടി.
3716 കോടി വിലമതിക്കുന്നതാണ് അംബാനിയുടെ വസതി. 66 മീറ്റർ ഉയരത്തിൽ 17 നിലകളുള്ള അബോഡ് സ്ഥിതി ചെയ്യുന്നത് പാലി ഹിൽ മേഖലയിലാണ്. രണ്ടാംവട്ട ചോദ്യംചെയ്യലിനായി അനിൽ അംബാനി ഇഡിക്കു മുന്പാകെ ഹാജാരായേക്കുമെന്നാണു റിപ്പോർട്ട്.
2025 ഓഗസ്റ്റിൽ ഇദ്ദേഹത്തെ ഇഡി ചോദ്യംചെയ്തിരുന്നു. ഇതുവരെ അനിൽ അംബാനിയുടെ 15,700 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി.
Kerala
സുല്ത്താന് ബത്തേരി: മുത്തങ്ങ പൊന്കുഴി അതിര്ത്തിയില് എംഡിഎംഎയുമായി യുവാക്കള് പിടിയിൽ. കോഴിക്കോട്ടേയ്ക്ക് വരികയായിരുന്ന സ്ലീപ്പര് ബസിലെ യാത്രക്കാരായ രണ്ട് യുവാക്കളാണ് പിടിയിലായത്.
കോഴിക്കോട് ഫറൂഖ് സ്വദേശി ചെമ്പ്രയില് വീട്ടില് മുഹമ്മദ് ആഷിഖ്, മലപ്പുറം വണ്ടൂര് സ്വദേശി വാണിയമ്പലം ഭാഗത്ത് പള്ളത്ത് വീട്ടില് അഭിന് സൂര്യ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 41.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
എക്സൈസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ 11ന് സുല്ത്താന് ബത്തേരി എക്സൈസ് സര്ക്കിള് ഇന്സ്പെക്ടര് എം.കെ. സുനിലിന്റെ നേതൃത്വത്തില് കര്ണാടകയില് നിന്നും വരുന്ന വാഹനങ്ങള് പരിശോധന നടത്തുന്നതിനിടെയാണ് എംഡിഎംഎ കണ്ടെത്തിയത്.
Kerala
കൊച്ചി: ആലുവ ശിവരാത്രി മണപ്പുറത്തേക്കുള്ള ഭക്ഷണ സാധനങ്ങള്ക്കിടയിലൂടെ കഞ്ചാവ് കടത്താന് ശ്രമം. 38 കിലോ കഞ്ചാവ് ആലുവ റെയില്വേ സ്റ്റേഷനില്നിന്നും പിടികൂടി. ആര്പിഎഫും എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പാഴ്സലുകള് കൈകാര്യം ചെയ്യുന്ന ഭാഗത്തുനിന്നും കഞ്ചാവ് കണ്ടെത്തിയത്.
ഉത്തരേന്ത്യയില് നിന്നുള്ള ഭക്ഷ്യ വിഭവങ്ങള് അടങ്ങിയ ചാക്കുകള്ക്കുള്ളില് രണ്ടു വലിയ പൊതികളിലായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. പ്രതികള്ക്കായി അന്വേഷണം ആരംഭിച്ചു. അതേസമയം രണ്ടു ദിവസം മുമ്പ് ആലുവ റെയില്വേ സ്റ്റേഷനില്നിന്നു 10 കിലോ കഞ്ചാവ് പിടിച്ചെടുത്തിരുന്നു.
International
ടെഹ്റാൻ: സമുദ്രാതിർത്തിയിൽവച്ച് ഇന്ത്യ പിടിച്ചെടുത്ത മൂന്ന് കപ്പലുകൾക്ക് തങ്ങളുമായി ബന്ധമില്ലെന്ന് ഇറാൻ. യുഎസ് ഉപരോധം ഏർപ്പെടുത്തിയ ഈ കപ്പലുകൾ ഈ മാസം ആദ്യമാണ് മുംബൈ തീരത്ത് വച്ച് ഇന്ത്യൻ അധികൃതർ കസ്റ്റഡിയിലെടുത്തത്.
റഷ്യൻ എണ്ണ ഇറക്കുമതി നിർത്തണമെന്ന യുഎസിന്റെ ആവശ്യം ഇന്ത്യ അംഗീകരിച്ചതിന് പിന്നാലെയാണ് സമുദ്രാതിർത്തിയിൽ ഇന്ത്യ നിരീക്ഷണം ശക്തമാക്കിയത്.
സ്റ്റെല്ലാർ റൂബി, അസ്ഫാൽറ്റ് സ്റ്റാർ, അൽ ജാഫ്സിയ എന്നീ കപ്പലുകളെയാണ് മുംബൈയിൽ നിന്ന് 100 നോട്ടിക്കൽ മൈൽ അകലെ വച്ച് ഇന്ത്യൻ അധികൃതർ തടഞ്ഞത്. ഇവ ഇപ്പോൾ കൂടുതൽ അന്വേഷണത്തിനായി മുംബൈ തുറമുഖത്ത് എത്തിച്ചിരിക്കുകയാണ്.
Kerala
കൊല്ലം: ശാസ്താംകോട്ടയിൽ കഞ്ചാവും മെത്താംഫെറ്റമിനുമായി മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മുൻ കാപ്പ കേസിലെ പ്രതി കൂടി ആയ റമീസ്, ഇയാളുടെ കൂട്ടാളികളായ അജ്മൽ ഷാ, ബിലാൽ എന്നിവരാണ് അറസ്റ്റിലായത്.
ശാസ്താംകോട്ട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അബ്ദുൾ വഹാബും സംഘവും നടത്തിയ പരിശോധനയിലാണ് കഞ്ചാവും മെത്താംഫെറ്റമിനും കണ്ടെത്തിയത്. അഞ്ച് ഗ്രാം മെത്താംഫെറ്റമിനും 45 ഗ്രാം കഞ്ചാവും ആയാണ് പ്രതികൾ പിടിയിലായത്.
പ്രിവന്റീവ് ഓഫീസർമാരായ ടി.എസ്. അനീഷ്, സന്തോഷ്, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) വിജു, സിവിൽ എക്സൈസ് ഓഫീസർമാരായ സുജിത് കുമാർ, നിഷാദ്, വിഷ്ണു, അതുൽ, ജിയോ, വനിത സിവിൽ എക്സൈസ് ഓഫീസർ ഷിബി എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.
Kerala
മുണ്ടക്കയം: സ്വകാര്യ ഫ്ലാറ്റിൽ നിന്ന് വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി. രഹസ്യവിവരത്തെ തുടർന്ന് മുണ്ടക്കയം പോലീസ് പുത്തൻചന്തയിലെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് വൻ സ്ഫോടകവസ്തു ശേഖരം പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട് സ്വദേശിയായ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കോരുത്തോട് സ്വദേശി അനധികൃതമായി നടത്തുന്ന പാറമടകളിലേക്ക് എത്തിച്ച സ്ഫോടകവസ്തുക്കളാണ് പിടിച്ചെടുത്തതെന്നാണ് സൂചന.
സ്ഫോടകവസ്തുക്കൾ എവിടെ നിന്ന് എത്തിച്ചതാണെന്ന് കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു. സ്ഫോടകവസ്തുക്കൾ ഇവിടെ സൂക്ഷിച്ചിരുന്ന കാര്യം തങ്ങൾ അറിഞ്ഞിരുന്നില്ലെന്ന് സമീപവാസികൾ പറഞ്ഞു.
Kerala
കൊച്ചി: പോപ്പുലര് ഫ്രണ്ട് ഓഫ് ഇന്ത്യക്ക് (പിഎഫ്ഐ) എതിരേദേശീയ അന്വേഷണ ഏജന്സി (എന്ഐഎ) രജിസ്റ്റര് ചെയ്ത കേസുകളുടെ തുടര്ച്ചയായി സംസ്ഥാനത്തെ ഒമ്പത് ഇടങ്ങളില് എന്ഐഎ പരിശോധന നടത്തി.
വിവിധ യുഎപിഎ കേസുകളുമായി ബന്ധപ്പെട്ട പ്രതികള്ക്കു സഹായം നല്കിയവരുടെയും പിഎഫ്ഐ ഭാരവാഹികളുടെയുമടക്കം വീടുകളിലായിരുന്നു പരിശോധന. നിര്ണായക രേഖകള് എന്ഐഎ പിടിച്ചെടുത്തു. ഡിജിറ്റല് ഉപകരണങ്ങളും രേഖകളും മറ്റുമാണ് പിടിച്ചെടുത്തിട്ടുള്ളത്.
2022ലാണ് യുഎപിഎ നിയമപ്രകാരം പിഎഫ്ഐക്കെതിരേ എന്ഐഎ കേസ് രജിസ്റ്റര് ചെയ്തു നേതാക്കളെ അറസ്റ്റ് ചെയ്തത്. പിടിച്ചെടുത്ത തെളിവുകളുടെ അടിസ്ഥാനത്തില് ദേശവിരുദ്ധ പ്രവര്ത്തനങ്ങളില് ഏര്പ്പെട്ടവരെ പ്രതിപ്പട്ടികയില് ചേര്ക്കാനാണ് എന്ഐഎ നീക്കം.
Kerala
കൊല്ലം: കരുനാഗപ്പള്ളി തഴവ മെഴുവേലിയിൽ വാടക വീട്ടിൽ നിന്ന് എംഡിഎംഎയും കഞ്ചാവും പിടികൂടി. 15 ഗ്രാം എംഡിഎംഎയും ഒന്നര കിലോ കഞ്ചാവും ആണ് പിടികൂടിയത്.
കുലശേഖരപുരം സ്വദേശി അനസിന്റെ വാടക വീട്ടിൽ എക്സൈസ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തത്. വീട്ടിൽ നിന്ന് പിസ്റ്റൾ, വടിവാളുകൾ, മഴു എന്നിവയും കണ്ടെടുത്തു.
വീടിന് സുരക്ഷ ഒരുക്കാൻ ജർമൻ ഷെപ്പേർഡ്, ലാബ്, റോട്വീലർ ഇനത്തിൽപ്പെട്ട നായകളെ ചുറ്റും കെട്ടിയിരുന്നു. നായയെ കെട്ടിയിരുന്ന ഷീറ്റിന്റെ അടിയിൽ നിന്നാണ് ചാക്കിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തിയത്. കേസിലെ പ്രതി അനസിനായി അന്വേഷണം ആരംഭിച്ചു.
National
ജയ്പുർ: രാജസ്ഥാനിൽ നഗൗർ ജില്ലയിൽ നിന്ന് വൻ സ്ഫോടകവസ്തുശേഖരം പിടികൂടി. 187 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 9550 കിലോഗ്രാം അമോണിയം നൈട്രേറ്റാണ് പിടികൂടിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ റെയ്ഡിലാണ് വൻതോതിൽ സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തെന്നും പോലീസ് അറിയിച്ചു.
ശനിയാഴ്ച രാത്രിയാണ് നഗൗർ ജില്ലയിലെ ഹർസൗർ ഗ്രാമത്തിൽ പൊലീസ് റെയ്ഡ് നടത്തിയത്. അമോണിയം നൈട്രേറ്റിന് പുറമെ ഒൻപത് കാർട്ടൺ ഡിറ്റണേറ്ററുകൾ, ഫ്യൂസ് വയറുകൾ തുടങ്ങിയവയും പിടിച്ചെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് സുലൈമാൻ ഖാൻ എന്നയാളെയാണ് അറസ്റ്റ് ചെയ്തതെന്ന് എസ്പി. മൃദുൽ കച്ഛ്വ പറഞ്ഞു.
മേഖലയിൽ അനധികൃത പാറഖനനം നടത്തുന്നവർക്കായി പ്രതി സ്ഫോടകവസ്തുക്കൾ വിതരണം ചെയ്തിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ മനസ്സിലായെന്ന് പോലീസ് അറിയിച്ചു. മറ്റെന്തെങ്കിലും നിയമവിരുദ്ധ പ്രവർത്തനത്തിനാണോ സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചതെന്നും പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു, സംഭവത്തെക്കുറിച്ച് കേന്ദ്ര ഏജൻസികൾക്ക് വിവരം കൈമാറി.
വിപുലമായ അന്വേഷണത്തിന്റെ ഭാഗമായി കേന്ദ്ര ഏജൻസികൾ പ്രതിയെ ചോദ്യംചെയ്യുമെന്നും എസ്പി പറഞ്ഞു.