ലക്നോ: ഉത്തർപ്രദേശിൽ ഐഎസ് ഭീകരൻ അറസ്റ്റിൽ. കുശിനഗറിൽ നിന്നും റിസ്വാൻ അഹമ്മദിനെ ആണ് അറസ്റ്റ് ചെയ്തത്.
ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ, ഉത്തർപ്രദേശ് ഭീകരവിരുദ്ധ സ്ക്വാഡുമായി (എടിഎസ്) സഹകരിച്ചാണ് ഇയാളെ പിടികൂടിയത്. ചോദ്യം ചെയ്യലിനായി അഹമ്മദിനെ ഡൽഹിയിലേക്ക് ട്രാൻസിറ്റ് റിമാൻഡിൽ കൊണ്ടുവരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
2015 മുതൽ റിസ്വാൻ അഹമ്മദിന് ഐഎസുമായി ബന്ധമുണ്ടെന്നും ഇന്ത്യയ്ക്കുള്ളിലെ റിക്രൂട്ട്മെന്റ് പ്രവർത്തനങ്ങളിൽ അയാൾക്ക് പ്രധാന പങ്കുണ്ടെന്ന് കരുതപ്പെടുന്നുവെന്നും കൗണ്ടർ ഇന്റലിജൻസ് വൃത്തങ്ങൾ പ്രതികരിച്ചു.
ഇയാളിൽ നിന്ന് ബോംബ് നിർമാണ സാമഗ്രികൾ, ലഘു ലേഖനങ്ങൾ, ജിഹാദി സാഹിത്യങ്ങൾ എന്നിവ കണ്ടെടുത്തു. ഭീകരവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അഹമ്മദ് 2015 ൽ അറസ്റ്റിലായിരുന്നുവെന്നും മുംബൈയിലെ ആർതർ റോഡ് ജയിലിൽ കഴിഞ്ഞിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കാമെന്ന് അധികൃതർ വ്യക്തമാക്കി.