Kerala
കൊച്ചി: പാലക്കാട് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ രേഖകളില്ലാതെ കൊണ്ടുവന്ന ബീഹാറില്‍ നിന്നുള്ള 21 കുട്ടികള്‍ക്ക് രക്ഷകരായത് ആലുവ റൂറല്‍ എസ്പി എം. ഹേമലതയുടെ സ്പെഷല്‍ സ്ക്വാഡ് അംഗങ്ങള്‍.
എറണാകുളം പുത്തന്‍വേലിക്കര പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ സുബീഷ്, മുനമ്പം പോലീസ് സ്റ്റേഷനിലെ സിപിഒ പി.എസ്. സുജിത് ലാല്‍, കൂത്താട്ടുകുളം പോലീസ് സ്റ്റേഷനിലെ സിപിഒ മജീഷ് എന്നിവരുടെ സന്ദര്‍ഭോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് കുട്ടികളെ രക്ഷിക്കാനായത്.
ഒരു മോഷണക്കേസിന്റെ തുടര്‍ നടപടികളുടെ ഭാഗമായി ഒഡീഷയിലെത്തി മടങ്ങുകയായിരുന്നു പോലീസ് സംഘം. ഭുവനേശ്വറില്‍ നിന്ന വിവേക് എക്സ്പ്രസില്‍ കയറിയപ്പോള്‍ കുട്ടികള്‍ അതിലുണ്ടായിരുന്നു. കൂടെ ആരെയും കാണാത്തതിനെ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അവരുമായി സംസാരിച്ചപ്പോള്‍ ഇവിടേക്ക് പഠിക്കാനായി വന്നതാണെന്നും ഇതുവരെ സ്കൂളില്‍ പോയിട്ടില്ലെന്നും കുട്ടികള്‍ പറഞ്ഞു.
ഇതില്‍ ഒരു കുട്ടിയുടെ ആധാര്‍ കാര്‍ഡില്‍ 13 വയസാണ് രേഖപ്പെടുത്തിയിരുന്നത്. കുട്ടികളുടെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളോ ജനന സര്‍ട്ടിഫിക്കറ്റുകളോ കൈവശം ഇല്ലാതിരുന്നതാണ് സംശയത്തിന് ഇടയാക്കിയത്. ഇടയ്ക്ക് ഒരാള്‍ മറ്റൊരു കമ്പാര്‍ട്ട്മെന്റില്‍ നിന്ന് വന്ന് കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുന്നതു പോലീസുകാര്‍ ശ്രദ്ധിച്ചിരുന്നു.
തുടര്‍ന്ന് ഇയാളുടെയും 21 കുട്ടികളുടെയും ഫോട്ടോയെടുത്ത പോലീസ് സംഘം ഇത് സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ചിലെ എസ്ഐ എം.എസ്. ഷാനിനെ അറിയിക്കുകയായിരുന്നു.
അദ്ദേഹം റെയില്‍വേ പോലീസിന് ഫോട്ടോ ഉള്‍പ്പെടെയുളള വിവരങ്ങള്‍ അറിയിച്ചതിനെ തുടര്‍ന്ന് പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ പോലീസ് എത്തുകയായിരുന്നു. മതിയായ രേഖകള്‍ ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 21 കുട്ടികളെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി(സിഡബ്ല്യുസി)യുടെ നേതൃത്വത്തില്‍ ശിശുസംരക്ഷണ സ്ഥാപനത്തിലേക്ക് മാറ്റി.
Kerala
തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിൽ കൃത്യമായി രേഖകള്‍ സമര്‍പ്പിക്കുന്നവരെ ഹിയറിംഗിന് വിളിക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍. രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഈക്കാര്യം വ്യക്തമാക്കിയത്.
കണ്ടെത്താനാകാത്തവരുടെ പട്ടികയിലും ബൂത്ത് തിരിച്ചതിലും വ്യാപക പ്രശ്നമുണ്ടെന്ന് വിമര്‍ശിച്ച കോണ്‍ഗ്രസ് രേഖയായി ജാതി സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നതിനെയും എതിര്‍ത്തു. ഇതിനിടെ എസ്ഐആറിനായി വില്ലേജ് ഓഫീസുകളിൽ ഹെൽപ് ഡെസ്കുകള്‍ തുടങ്ങാൻ സര്‍ക്കാര്‍ ഉത്തരവിറക്കി.
2002ലെ വോട്ടര്‍ പട്ടികയിലുള്ളവരുമായുള്ള ബന്ധുത്വം ഒത്തു നോക്കാനാകാത്ത 19.32 ലക്ഷം പേരാണ് കരട് പട്ടികയിലുള്ളത്. ഇവരിൽ പട്ടിക പുറത്തിറക്കിയ ശേഷം ബിഎൽഒമാര്‍ക്ക് ഒത്തുനേോക്കാൻ കഴിഞ്ഞവരെയും ഹിയറിംഗിന് വിളിക്കില്ല.
പ്രായമായവരെയും ഹിയറിംഗിൽ നിന്ന് ഒഴിവാക്കണമെന്നും ഓണ്‍ലൈൻ ഹിയറിംഗ് പരിഗണിക്കണെന്നും പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. ഹിയറിംഗ് കുറയ്ക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടെങ്കിലും ഒഴിവാക്കുന്നതിനെ ബിജെപി എതിര്‍ത്തു
പേര് ഉറപ്പിക്കാൻ ജാതി സര്‍ട്ടിഫിക്കറ്റ് രേഖയായി ചോദിക്കുന്നതിനെ കോണ്‍ഗ്രസും ലീഗും എതിര്‍ത്തു. ജീവിച്ചിരിക്കുന്നവരെയും സ്ഥലത്തുള്ളവരെയും പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. ഇവരെ അപേക്ഷ നൽകാതെയും ഹിയറിങ് നടത്താതെയും പട്ടികയിൽ ഉള്‍പ്പെടുത്തണം.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് ചില മണ്ഡലങ്ങളിൽ ഫ്ലാറ്റ് കേന്ദ്രീകരിച്ചും വാടക വീടുകളിലും ചേര്‍ത്ത പേര് ഇപ്പോള്‍ കാണാനില്ല. വ്യാജ വോട്ട് തടയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പാര്‍ട്ടികളുടെ നിര്‍ദേശങ്ങള്‍ പരിഗണിക്കാത്തതിനാൽ യോഗം കൊണ്ട് ഗുണമില്ലെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു. പിന്നാലെ യോഗം വേണമെന്ന് എല്ലാവരും ആവശ്യപ്പെട്ടതോടെ അടുത്തയാഴ്ചയും ചേരാൻ ധാരണണായി.
ഒഴിവാക്കിയവരിൽ അര്‍ഹരെ ഉള്‍പ്പെടുത്താനാണ് വില്ലേജുകളിൽ രണ്ട് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന ഹെൽപ് ഡെസ്ക് തുടങ്ങാൻ സര്‍ക്കാര്‍ ഉത്തരവിട്ടത്. ഉന്നതികൾ, മലയോര-തീര മേഖലകൾ തുടങ്ങിയ സ്ഥലങ്ങളിലെത്തി ബോധവത്കരണം നടത്താൻ അങ്കണവാടി, ആശ വര്‍ക്കമാര്‍, കുടുംബ ശ്രീ പ്രവര്‍ത്തകരെ എന്നിവരെ നിയോഗിക്കാനും കളക്ടര്‍മാരോട് നിര്‍ദേശിച്ചു.
Kerala
കൊച്ചി: കുവൈറ്റില്‍നിന്നെത്തി കാണാതായ സൂരജ് ലാമയുടെ നാടുകടത്തലുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം. അറബി ഭാഷയിലുള്ള രേഖയുടെ പരിഭാഷയാണു ഹാജരാക്കേണ്ടത്.
ബംഗളൂരുവില്‍ ഇറങ്ങേണ്ടയാള്‍ കൊച്ചിയില്‍ എത്താനുണ്ടായ സാഹചര്യം സംബന്ധിച്ച് ഇപ്പോഴും അനിശ്ചിതത്വം തുടരുന്നത് അപമാനകരമാണ്. കോടതിയുടെ പല ചോദ്യങ്ങള്‍ക്കും ഉത്തരമില്ല.
ലഭിച്ച ഉത്തരങ്ങൾക്ക് വ്യക്തതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മകന് സാന്റോണ്‍ ലാമ നല്കിയ ഹര്‍ജിയാണ് ജസ്റ്റീസുമാരായ ദേവന് രാമചന്ദ്രന്, എം.ബി. സ്നേഹലത എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ പരിഗണനയിലുള്ളത്.
Kerala
ചാത്തന്നൂർ: വാഹന നികുതി അടയ്ക്കാത്ത, നിരത്തിലൂടെ സർവീസ് നടത്താൻ അനുവാദമില്ലാത്ത, ഇൻഷ്വറൻസ് പോലുമില്ലാത്ത ബസുകളാണ് കെഎസ്ആർടിസി സർവീസിന് ഉപയോഗിക്കുന്നതിൽ നല്ലൊരു ശതമാനവും. ഇത്തരം ബസുകൾ അപകടത്തിൽപ്പെട്ടാൽ യാത്രക്കാർക്ക് യാതൊരുവിധ ആനുകൂല്യങ്ങളും നിയമപരമായി ലഭിക്കാൻ അർഹതയില്ല.
കെഎസ്ആർടിസിയുടെ കടബാധ്യത കുറഞ്ഞുവരികയും പരിഷ്കരണ നടപടികൾ ഫലം കാണുകയും ചെയ്യുന്നുവെന്ന് വകുപ്പു മന്ത്രി കെ.ബി. ഗണേശ് കുമാർ അവകാശപ്പെടുമ്പോഴാണ് ബസുകളുടെ ദയനീയാവസ്ഥ ബോധ്യപ്പെടുന്നത്.
2017 ൽ രജിസ്ട്രേഷൻ നടത്തി സർവീസ് ആരംഭിച്ച ആറ്റിങ്ങൽ ഡിപ്പോയിലെ ഒരു ബസിന്റെ പെർമിറ്റ് 2023 ഫെബ്രുവരിയിൽ അവസാനിച്ചതാണ്. 2023നു ശേഷം ഈ ബസ് ഇൻഷ്വർ ചെയ്തിട്ടില്ല. 2023 ഡിസംബറിലാണ് വാഹനനികുതി അവസാനമായി അടച്ചിട്ടുള്ളത്.ഇത്തരത്തിൽ എത്ര ബസുകളുണ്ടെന്ന് വ്യക്തമാക്കാൻ ബന്ധപ്പെട്ട അധികൃതർ തയാറായില്ല. ആയിരത്തിലധികം ബസുകൾ നിരത്തിലോടുന്നുണ്ടെന്നാണ് അനൗദ്യോഗികമായി അറിയുന്നത്.
ശബരിമല മണ്ഡലക്കാലം ആസന്നമായതിനാൽ 1142 ബസുകൾ സിഎഫ് (സർട്ടിഫിക്കറ്റ് ഓഫ് ഫിറ്റ്നസ്) നവംബർ 15 നകം നടത്തണമെന്ന് ഉത്തരവിറക്കിയിട്ടുണ്ട്. 15 വർഷ കാലാവധി കഴിഞ്ഞ ബസുകളാണ് ഫിറ്റ്നസ് പരിശോധന നടത്തുന്നത്. നിയമപരമായ എല്ലാ രേഖകളും ഉണ്ടെങ്കിൽ മാത്രമേ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ.
ഫിറ്റ്നസ് പരിശോധന കാലാവധിയായ 15 വർഷം തികയ്ക്കാത്ത ബസുകളാണ് ടാക്സ് ഒടുക്കാതെയും പെർമിറ്റും ഇൻഷ്വറൻസുമില്ലാതെയും ഓടുന്നത്. ഇതിലധികവും ഫാസ്റ്റ് പാസഞ്ചറുകളാണ്.