നെയ്യാറ്റിന്‍കര : വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന നാലായിരം കിലോഗ്രാമിൽ അധികമുള്ള നിരോധിത പുകയില ഉത്പന്നങ്ങള്‍ എക്സൈസ് സംഘം പിടിച്ചെടുത്തു.
എക്സൈസ് ഇന്റലിജന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയും എക്സൈസ് നെയ്യാറ്റിന്‍കര റേഞ്ചും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉത്പന്നങ്ങള്‍ കണ്ടെടുത്തത്. ഉച്ചക്കട ഭാഗത്തു നിന്നും ബീമാപള്ളി സ്വദേശി അല്‍ അമീന് (42) എന്നയാള്‍ എക്സൈസ് സംഘത്തിന്റെ പിടിയിലായിരുന്നു. ഇയാള്‍ സ്കൂട്ടറില്‍ 100 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങള്‍ കടത്തുന്നതിനിടയിലാണ് പിടിയിലായത്. അല്‍ അമീനെ ചോദ്യം ചെയ്തപ്പോഴാണ് വെള്ളായണി പുഞ്ചക്കരി ഭാഗത്ത് വാടക വീട്ടില്‍ നിരോധിത പുകയില ഉത്പന്നങ്ങളുടെ ശേഖരത്തെ കുറിച്ച് അറിഞ്ഞതെന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു.
മുറികളില്‍ ചാക്കുകളിലും പ്ലാസ്റ്റിക് കിറ്റുകളിലുമായി ഇവ നിറച്ചുവച്ചിരുന്നു. പുതിയ അധ്യയന വര്‍ഷത്തോടനുബന്ധിച്ച് സ്കൂളുകള്‍ തുറക്കുന്നതിനു മുന്നോടിയായി കടകളിലേയ്ക്ക് വിതരണം ചെയ്യാന്‍ സൂക്ഷിച്ചിരുന്നുവെന്നാണ് എക്സൈസ് നിഗമനം. തൃശൂരില്‍ നിന്നാണ് ഇവ കൊണ്ടുവന്നതെന്ന് അല്‍ അമീന് പറഞ്ഞതായും എക്സൈസ് അധികൃതര്‍ അറിയിച്ചു.