കോട്ടയം: ചങ്ങനാശേരി അപ്സര തീയറ്ററിനു സമീപം ഗോഡൗണില്‍ ഇറക്കുന്നതിനിടയില്‍ അറുപതു ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. സംഭവത്തിൽ മൂന്നു പേരെ അറസ്റ്റ് ചെയ്തു.
എന്നാൽ, ഗോഡൗണ്‍ നടത്തിപ്പുകാരന് ഓടി രക്ഷപ്പെട്ടു. ഉത്പന്നങ്ങളുമായി എത്തിയ പിക്കപ്പ് വാന്‍ കസ്റ്റഡിയിലെടുത്തു. പിക്കപ്പ് വാന്‍ ഉടമയ്ക്കുമെതിരെ കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി 11 ന് വാഴൂര്‍ റോഡില്‍ അപ്സര തീയറ്ററിനു സമീപത്തുനിന്നുമാണ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തത്.
ളായിക്കാട് കുന്നുപറമ്പില്‍ ശരണ്‍ ശശി(31), കാക്കാംതോട് വാലുമ്മേച്ചിറ ടി.ഹരീഷ്(35), മാനന്തവാടി വിമലനഗര്‍ പടിഞ്ഞാറേതില്‍ രാജേഷ്(46) എന്നിവരെയാണ് ചങ്ങനാശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഗോഡൗണ്‍ ഉടമ ഫാത്തിമാപുരം പുത്തന്‍പറമ്പില്‍ മുഹമ്മദ് സമീര്‍ഖാൻ, പിക്കപ്പ് വാന്‍ ഉടമ വയനാട് തരുവനം സ്വദേശി പി.ബാബു എന്നിവര്‍ക്കെതിരെയും പോലീസ് കേസെടുത്തു.
ചങ്ങനാശേരി പോലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പി അഷാദ് സദാനന്ദന്റെ നിര്‍ദേശപ്രകാരം എസ്ഐമാരായ സജിത്, അരുണ്‍ദേവ്, രാജേഷ്, പ്രബേഷണല്‍ എസ്ഐ സുകേഷ്, സിപിഒമാരായ നിയാസ്, അരുൺ, പ്രതീഷ് എന്നിവരാണ് റെയ്ഡും അറസ്റ്റും നടത്തിയത്. മൈസൂരില്‍നിന്ന് എത്തിയ കെഎല്‍-72 ഇ-3915 ബെലേറോ പിക്കപ്പ് വാനാണ് പിടിച്ചെടുത്തതത്.
സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് പോലീസ് നടത്തിവരുന്ന പരിശോധനയുടെ ഭാഗമായാണ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തത്. സംഭവത്തെത്തുടര്‍ന്ന് ഗൗഡൗണ്‍ പൂട്ടി പോലീസ് സീല്‍ ചെയ്തു.
Tags : illegal tobacco products seized changanassery