Kerala
കോട്ടയം: ചങ്ങനാശേരി അപ്സര തീയറ്ററിനു സമീപം ഗോഡൗണില്‍ ഇറക്കുന്നതിനിടയില്‍ അറുപതു ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. സംഭവത്തിൽ മൂന്നു പേരെ അറസ്റ്റ് ചെയ്തു.
എന്നാൽ, ഗോഡൗണ്‍ നടത്തിപ്പുകാരന് ഓടി രക്ഷപ്പെട്ടു. ഉത്പന്നങ്ങളുമായി എത്തിയ പിക്കപ്പ് വാന്‍ കസ്റ്റഡിയിലെടുത്തു. പിക്കപ്പ് വാന്‍ ഉടമയ്ക്കുമെതിരെ കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി 11 ന് വാഴൂര്‍ റോഡില്‍ അപ്സര തീയറ്ററിനു സമീപത്തുനിന്നുമാണ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തത്.
ളായിക്കാട് കുന്നുപറമ്പില്‍ ശരണ്‍ ശശി(31), കാക്കാംതോട് വാലുമ്മേച്ചിറ ടി.ഹരീഷ്(35), മാനന്തവാടി വിമലനഗര്‍ പടിഞ്ഞാറേതില്‍ രാജേഷ്(46) എന്നിവരെയാണ് ചങ്ങനാശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഗോഡൗണ്‍ ഉടമ ഫാത്തിമാപുരം പുത്തന്‍പറമ്പില്‍ മുഹമ്മദ് സമീര്‍ഖാൻ, പിക്കപ്പ് വാന്‍ ഉടമ വയനാട് തരുവനം സ്വദേശി പി.ബാബു എന്നിവര്‍ക്കെതിരെയും പോലീസ് കേസെടുത്തു.
ചങ്ങനാശേരി പോലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പി അഷാദ് സദാനന്ദന്റെ നിര്‍ദേശപ്രകാരം എസ്ഐമാരായ സജിത്, അരുണ്‍ദേവ്, രാജേഷ്, പ്രബേഷണല്‍ എസ്ഐ സുകേഷ്, സിപിഒമാരായ നിയാസ്, അരുൺ, പ്രതീഷ് എന്നിവരാണ് റെയ്ഡും അറസ്റ്റും നടത്തിയത്. മൈസൂരില്‍നിന്ന് എത്തിയ കെഎല്‍-72 ഇ-3915 ബെലേറോ പിക്കപ്പ് വാനാണ് പിടിച്ചെടുത്തതത്.
സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് പോലീസ് നടത്തിവരുന്ന പരിശോധനയുടെ ഭാഗമായാണ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തത്. സംഭവത്തെത്തുടര്‍ന്ന് ഗൗഡൗണ്‍ പൂട്ടി പോലീസ് സീല്‍ ചെയ്തു.
District News
കാസർഗോഡ്: തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് വിവിധ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ രണ്ടര ക്വിന്റലിലധികം നിരോധിത ഒറ്റതവണ ഉപയോഗ പ്ലാസ്റ്റിക് പ്ലേറ്റുകളും ഗ്ലാസുകളും പിടിച്ചെടുത്തു.
ബദിയടുക്കയിലെ മൊത്തക്കച്ചവട സ്ഥാപനം വഴി ബേക്കറി ഉത്പന്നങ്ങളോടൊപ്പം നിരോധിത പ്ലാസ്റ്റിക് ഗ്ലാസുകളും ഒറ്റത്തവണ ഉപയോഗ പേപ്പര്‍ കപ്പുകളും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ സ്ഥാപനത്തിലെ ഗോഡൗണിന്റെ പ്രത്യേക മുറിയില്‍ സൂക്ഷിച്ചിരുന്ന ക്വിന്റല്‍ കണക്കിന് നിരോധിത ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. ഉടമയ്ക്ക് 25,000 രൂപ പിഴ ചുമത്തി.
പിടിച്ചെടുത്ത ഉത്പന്നങ്ങൾ ശാസ്ത്രീയ സംസ്കരണത്തിനായി എംസിഎഫിലേക്ക് മാറ്റി. പള്ളിക്കര പഞ്ചായത്തിലെ പെരിയാട്ടടുക്കത്തുള്ള സൂപ്പര്‍മാര്‍ക്കറ്റിന്റെ ഒന്നാം നിലയിലെ ഗോഡൗണില്‍ നിന്നും നിരോധിത ഉത്പന്നങ്ങൾ പിടിച്ചെടുത്തു. ഉടമയ്ക്ക് 10,000 രൂപ പിഴ ചുമത്തി.
മാവുങ്കാല്‍-കാഞ്ഞങ്ങാട് പ്രധാന റോഡരികില്‍ വര്‍ക്ക് ഷോപ്പുകളിലെയും കടകളിലെയും മാലിന്യങ്ങള്‍ കൂട്ടിയിട്ടതിന് ഉടമകള്‍ക്ക് 10,000 രൂപ തത്സമയ പിഴ ചുമത്തി.
കുണിയ സമ്മേളനവുമായി ബന്ധപ്പെട്ട് റോഡരികിലെ കച്ചവട സ്ഥാപനങ്ങളിൽ പരിശോധന നടത്തി ആവശ്യമായ നിര്‍ദേശം നല്കി. പരിശോധനയില്‍ ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡര്‍ കെ.വി. മുഹമ്മദ് മദനി, സ്ക്വാഡ് അംഗങ്ങളായ ടി.സി. ശൈലേഷ്, വി.എം. ജോസ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ഡോണ്‍സ് കുര്യാക്കോസ്, കെ. ദീപ, ദാമോദരന്‍ എന്നിവര്‍ പങ്കെടുത്തു.
Business
കൊച്ചി: കുടുംബശ്രീ കെ ഇനം മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ആഗോളവിപണിയില്‍ കോര്‍പറേറ്റ് ഉത്പന്നങ്ങള്‍ക്കു ബദലാകുമെന്ന് മന്ത്രി എം.ബി. രാജേഷ്.
കഴിഞ്ഞ ജൂണില്‍ ആരംഭിച്ച കുടുംബശ്രീ ടെക്നോളജി അഡ്വാന്‍സ്മെന്റ് പ്രോഗ്രാം (കെടാപ്) വഴി 30 വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ കെ ഇനം ബ്രാന്‍ഡില്‍ ആഗോളവിപണിയിലെത്തിച്ചെന്നും കുടുംബശ്രീയുടെ ഓണ്‍ലൈന്‍ വിപണനമാര്‍ഗങ്ങള്‍ ഉള്‍പ്പെടെ സാധ്യമായ എല്ലാ വിപണിയും കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു.
നെടുമ്പാശേരി ഫ്ലോറ കണ്വന്ഷന് സെന്ററില്‍ നടന്ന ചടങ്ങില്‍ കെടാപ് പദ്ധതിയുടെ രണ്ടാംഘട്ട പ്രഖ്യാപനവും യുക്തി സ്റ്റാര്‍ട്ടപ് ശൃംഖലയുടെയും തദ്ദേശീയ മേഖലയിലെ ട്രൈബാന്‍ഡ് കുടുംബശ്രീ ഉത്പന്നങ്ങള്‍ ഉള്‍പ്പെടുത്തി വിപണനം ആരംഭിക്കുന്ന പ്രത്യേക ഗിഫ്റ്റ് ബോക്സ് എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
കുടുംബശ്രീ കാര്‍ഷിക സംഘങ്ങള്‍ക്കും ഉത്പാദന യൂണിറ്റുകള്‍ക്കും സംരംഭകര്‍ക്കും പരിശീലനം നല്‍കിയാണ് കെ ഇനം എന്ന പ്രീമിയം ബ്രാന്‍ഡ് വിപണിയിൽ എത്തിച്ചിരിക്കുന്നത്. പോക്കറ്റ് മാര്‍ട്ട് ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള് വഴി ഉത്പന്നങ്ങള്‍ ലഭ്യമാണ്.