പ്രതീകാത്മക ചിത്രം
യൂറോപ്യൻ രാഷ്ട്രീയഭൂമികയിൽ വൻ ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട്, സെർബിയയിൽ ദീർഘകാലമായി അധികാരത്തിലിരുന്ന അലക്സാണ്ടർ വുചിച്ചിനെയും അദ്ദേഹത്തിന്റെ സെർബിയൻ പ്രോഗ്രസീവ് പാർട്ടിയെയും വിദ്യാർഥി പ്രസ്ഥാനത്തിന്റെ പിന്തുണയുള്ള ‘സ്റ്റുഡന്റ് ലിസ്റ്റ്’ അട്ടിമറിച്ചിരിക്കുന്നു.
വ്യാപകമായ തെരഞ്ഞെടുപ്പ് ക്രമക്കേടുകൾ അടക്കമുള്ള പ്രതിസന്ധികളെല്ലാം തരണം ചെയ്താണ് ഈ ചരിത്രവിജയം. 250 അംഗ പാർലമെന്റിൽ ‘സ്റ്റുഡന്റ് ലിസ്റ്റ്’ 141 സീറ്റ് നേടിയപ്പോൾ, വുചിച്ചിന്റെ പാർട്ടിക്ക് 103 സീറ്റുകൾ മാത്രമാണു ലഭിച്ചത്. 2012 മുതൽ ഉപപ്രധാനമന്ത്രിയായും തുടർന്ന് പ്രധാനമന്ത്രിയായും പ്രസിഡന്റായും രാജ്യത്തെ നയിച്ച വുചിച്ചിന് ഇതു കനത്ത തിരിച്ചടിയാണ്.
സെർബിയയിലെ ഈ വിപ്ലവകരമായ വിജയം ലോകമെമ്പാടുമുള്ള യുവജനങ്ങൾക്കും വിദ്യാർഥികൾക്കും വലിയ ആത്മവിശ്വാസമാണ് പകരുന്നത്. തൊഴിലില്ലായ്മയ്ക്കും വിലക്കയറ്റത്തിനുമെതിരേ ഫ്രാൻസ്, ഇറ്റലി, അൽബേനിയ, ഇന്തോനേഷ്യ, ജർമനി, സ്പെയിൻ, ഗ്രീസ് തുടങ്ങി വിവിധ രാജ്യങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന വിദ്യാർഥിപ്രക്ഷോഭങ്ങൾക്ക് സെർബിയൻ വിജയം പുതിയ ഊർജം നൽകിയിട്ടുണ്ട്. തെരുവുസമരങ്ങൾക്ക് ഭരണമാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നതിന്റെ വലിയൊരു സന്ദേശമാണ് സെർബിയ ലോകത്തിനു നൽകിയിരിക്കുന്നത്.
കൗതുക കൂട്ടായ്മ
ഈ തെരഞ്ഞെടുപ്പുഫലത്തിലെ ഏറ്റവും വലിയ കൗതുകം, ‘സ്റ്റുഡന്റ് ലിസ്റ്റ്’ മുന്നണിയിൽ സ്ഥാനാർഥികളായി ഒരു വിദ്യാർഥിപോലും മത്സരിച്ചിട്ടില്ല എന്നതാണ്. പ്രധാനമന്ത്രിപദത്തിലേക്ക് ആരെയും മുൻകൂട്ടി ഉയർത്തിക്കാട്ടാതെ കൂട്ടായ്മയ്ക്കാണു പ്രസ്ഥാനം മുൻഗണന നൽകിയത്. പരമ്പരാഗത രാഷ്ട്രീയക്കാരെ മാറ്റിനിർത്തി, വിദഗ്ധർ, അധ്യാപകർ, കർഷകർ, കലാരംഗത്തുള്ളവർ എന്നിവരെ അണിനിരത്തിയാണ് യുവനിര പോരാട്ടത്തിനിറങ്ങിയത്.
വുചിച്ചിന്റെ ഉറച്ച വോട്ട് ബാങ്കുകളായ ഗ്രാമീണ മേഖലകളിൽപോലും സൈക്കിളിലും നടന്നും വോട്ട് തേടിയാണ് വിദ്യാർഥികൾ ഈ അവിശ്വസനീയ വിജയം നേടിയെടുത്തത്. രണ്ടു വർഷത്തോളം നീണ്ട സമാധാനപരമായ ജനകീയ പ്രക്ഷോഭങ്ങൾക്കൊടുവിൽ വുചിച്ച് തോൽവി സമ്മതിച്ചതോടെ, ആയിരക്കണക്കിന് ആളുകളാണ് തലസ്ഥാനമായ ബെൽഗ്രേഡിലും മറ്റു നഗരങ്ങളിലും ആഹ്ലാദപ്രകടനങ്ങളുമായി തെരുവിലിറങ്ങിയത്.
പ്രക്ഷോഭത്തിനു തിരികൊളുത്തിയ ദുരന്തം
2024 നവംബർ ഒന്നിന് നോവി സാദ് റെയിൽവേ സ്റ്റേഷന്റെ മേൽക്കൂര തകർന്നുവീണ് 16 പേർ കൊല്ലപ്പെട്ട സംഭവമാണു സെർബിയയെ ഇളക്കിമറിച്ച വിദ്യാർഥിപ്രക്ഷോഭങ്ങൾക്കു തുടക്കമിട്ടത്. നിർമാണത്തിലെ അഴിമതിയും കനത്ത അശ്രദ്ധയുമാണ് ദുരന്തത്തിനു കാരണമെന്നു ചൂണ്ടിക്കാട്ടി വിദ്യാർഥികൾ തെരുവിലിറങ്ങി. ഭരണകൂടത്തിന്റെ ക്രൂരമായ അടിച്ചമർത്തലുകൾക്കു മുന്നിൽ അടിപതറാതെ ബെൽഗ്രേഡ് സർവകലാശാല കേന്ദ്രീകരിച്ച് അവർ സമരം ശക്തമാക്കി. തുടർന്ന് കർഷകരും പൊതുജനങ്ങളും അണിചേർന്നതോടെ അതൊരു വമ്പൻ ജനകീയ മുന്നേറ്റമായി വളർന്നു. തുടർന്ന് സ്വാർഥതാത്പര്യങ്ങൾ ഒഴിവാക്കാൻ വിദ്യാർഥികൾ നേരിട്ടു മത്സരിക്കാതെ, സമൂഹത്തിലെ വിവിധ തുറകളിലുള്ള പ്രമുഖരെ സ്ഥാനാർഥികളാക്കാൻ തീരുമാനിക്കുകയായിരുന്നു.
വിജയിച്ച പ്രമുഖരിൽ പ്രധാനിയായേക്കുമെന്ന് കരുതപ്പെടുന്നത് നോവി സാദിൽനിന്നുള്ള 56 കാരനായ ഹൃദ്രോഗ വിദഗ്ധനും പ്രഫസറുമായ ഡോ. ഇലിയ സ്രദാനോവിച്ചാണ്. സെർബിയൻ സെൻട്രൽ ബാങ്കിന്റെ മുൻ ഗവർണർ ദേജൻ സോഷ്കിച്ച്, മുൻ ബാസ്കറ്റ്ബോൾ താരം ദേജൻ ബോഡിറോജ, പ്രശസ്ത നടൻ തിഹോമിർ സ്റ്റാനിച്ച്, ഒപ്പറ ഗായകൻ നിക്കോള മിഖിച്ച് എന്നിവരും ജയിച്ച പ്രമുഖരിൽ ഉൾപ്പെടുന്നു.
റഷ്യക്കും പുടിനും വൻ തിരിച്ചടി
കഴിഞ്ഞ 14 വർഷമായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ശക്തമായ പിന്തുണയോടെയാണ് അലക്സാണ്ടർ വുചിച്ച് സെർബിയയിൽ ഏകാധിപത്യ ഭരണം നടത്തിയിരുന്നത്. യൂറോപ്പിലെ റഷ്യയുടെ ഏറ്റവും പ്രധാനപ്പെട്ട സഖ്യകക്ഷികളിൽ ഒരാളായിരുന്നു അദ്ദേഹം.
അതിനാൽത്തന്നെ വുചിച്ചിന്റെ അപ്രതീക്ഷിത പതനം ബാൾക്കൻ രാജ്യങ്ങളുടെ രാഷ്ട്രീയ സമവാക്യങ്ങളെയും റഷ്യയുമായുള്ള നയതന്ത്ര ബന്ധങ്ങളെയും ആഴത്തിൽ സ്വാധീനിക്കും. തെരഞ്ഞെടുപ്പിൽ തോൽവി ഉറപ്പായപ്പോൾ, തനിക്കെതിരേയുള്ള പരാജയത്തിനു കാരണം സ്വതന്ത്ര മാധ്യമങ്ങളുടെയും അമേരിക്കയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും ഇടപെടലാണെന്നാണു വുചിച്ച് ആരോപിച്ചത്. എന്നാൽ, അഴിമതിക്കും ഏകാധിപത്യ പ്രവണതകൾക്കുമെതിരേയുള്ള ശക്തമായ ജനവിധിയായാണ് ഈ മാറ്റത്തെ ലോകം നോക്കിക്കാണുന്നത്.
വെല്ലുവിളികൾ
നിശ്ചിത നേതാവോ അധികാരക്രമമോ ഇല്ലാത്ത ഒരു കൂട്ടായ്മയാണിത്. അതിനാൽ അടുത്ത പ്രധാനമന്ത്രി ആരെന്നു തീരുമാനിക്കുന്നതും സർക്കാരുണ്ടാക്കുന്നതും ഇവർക്കു വലിയ വെല്ലുവിളിയാണ്. ഫലം വന്ന് 30 ദിവസത്തിനകം പാർലമെന്റും 90 ദിവസത്തിനകം പുതിയ സർക്കാരും നിലവിൽ വരണം. ഡിസംബറിനുമുന്പ് പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പും നടക്കേണ്ടതുണ്ട്. വുചിച്ച് പടുത്തുയർത്തിയ ഭയത്തിന്റെ സാമ്രാജ്യം പൊളിച്ചെഴുതി നീതിയും സ്വാതന്ത്ര്യവും നിറഞ്ഞ പുതിയൊരു സെർബിയ നിർമിക്കുക എന്ന ചരിത്രപരമായ ഉത്തരവാദിത്വമാണ് ഇപ്പോൾ ഈ യുവതലമുറയുടെ കൈകളിൽ വന്നുചേർന്നിരിക്കുന്നത്.
അഴിമതി നിർമാർജനം ചെയ്യുക, ക്രമസമാധാനവും നീതിന്യായ വ്യവസ്ഥയും പുനഃസ്ഥാപിക്കുക, സ്വതന്ത്രമായ മാധ്യമപ്രവർത്തനം ഉറപ്പാക്കുക, സർക്കാർ സ്ഥാപനങ്ങളിലെ രാഷ്ട്രീയ നിയമനങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ വാഗ്ദാനങ്ങളുമായാണ് സ്റ്റുഡന്റ് ലിസ്റ്റ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.
പൊലിസിന്റെയും മറ്റ് സുരക്ഷാ ഏജൻസികളുടെയും പുനഃസംഘടന, റഷ്യ, ചൈന, യൂറോപ്യൻ യൂണിയൻ എന്നിവയുമായുള്ള നയതന്ത്രബന്ധങ്ങൾ സന്തുലിതമായി കൊണ്ടുപോകൽ, സുതാര്യമായ ഭരണം എന്നിവയും പുതിയ ഭരണകൂടത്തിനു മുന്നിലുള്ള വെല്ലുവിളികളാണ്.
ലോകക്രമം പുനർനിർമിക്കുന്ന ‘ജെൻ സി’ പ്രക്ഷോഭങ്ങൾ
അഴിമതിക്കും ഭരണവൈകല്യങ്ങൾക്കുമെതിരേ തെരുവിലിറങ്ങുന്ന യുവതലമുറ ഇന്ന് ലോകമെമ്പാടുമുള്ള ഭരണകൂടങ്ങളുടെ ഉറക്കം കെടുത്തുകയാണ്. സമൂഹമാധ്യമങ്ങളുടെ കൃത്യമായ വിനിയോഗവും വിട്ടുവീഴ്ചയില്ലാത്ത പ്രതിഷേധരീതികളും വഴി സർക്കാരുകളെ താഴെയിറക്കാൻ പുതിയ തലമുറയ്ക്കു സാധിക്കുന്നു. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സെർബിയയിലെ തെരഞ്ഞെടുപ്പുഫലം.
ഇതാദ്യമല്ല യുവജന മുന്നേറ്റം ഭരണമാറ്റത്തിനു വഴിതെളിക്കുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി വിവിധ രാജ്യങ്ങളിൽ ഉയർന്നുവന്ന വിദ്യാർഥി-യുവജന പ്രസ്ഥാനങ്ങൾ രാഷ്ട്രീയത്തിന്റെ ഭൂപടംതന്നെ മാറ്റിവരച്ചു. ഏഷ്യൻ രാജ്യങ്ങളായ ബംഗ്ലാദേശും നേപ്പാളും ശ്രീലങ്കയുമാണ് ഇതിൽ മുന്നിൽ.
ശ്രീലങ്കയിൽ രൂക്ഷമായ സാമ്പത്തികത്തകർച്ചയ്ക്കും പണപ്പെരുപ്പത്തിനുമെതിരേ 2022ൽ യുവാക്കളും വിദ്യാർഥികളും നയിച്ച ‘അരഗലയ’ പ്രക്ഷോഭം പ്രസിഡന്റിന്റെ ഔദ്യോഗിക വസതി കൈയേറുന്നതിലേക്കും ഗോതാബയ രാജപക്സെയുടെ പുറത്താക്കലിലേക്കും വഴിതെളിച്ചു.
സർക്കാർ ജോലികളിലെ സംവരണത്തിനെതിരേ ബംഗ്ലാദേശിൽ 2024ൽ ആരംഭിച്ച വിദ്യാർഥി പ്രതിഷേധം വൻ ജനകീയ പ്രക്ഷോഭമായി മാറി. ഒടുവിൽ, പതിറ്റാണ്ടുകളായി ഭരണം നടത്തിയിരുന്ന പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കു രാജിവച്ച് രാജ്യം വിടേണ്ടിവന്നു. രൂക്ഷമായ അഴിമതിയിലും സാമ്പത്തിക പ്രതിസന്ധിയിലും പ്രകോപിതരായി 2024ൽ നേപ്പാളിൽ ‘ജെൻ സി’ യുവാക്കൾ അണിനിരന്നതോടെ ഭരണകൂടം നിലംപൊത്തി.
ചരിത്രം പരിശോധിച്ചാലും വിദ്യാർഥിമുന്നേറ്റം ഭരണമാറ്റത്തിനു വഴിതെളിച്ചിട്ടുള്ളതായി കാണാം. 1960ലെ ദക്ഷിണകൊറിയൻ ഏപ്രിൽ വിപ്ലവം, 1973ലെ തായ്ലൻഡ് വിദ്യാർഥിപ്രക്ഷോഭം, 1989ലെ ചെക്കോസ്ലോവാക്യയുടെ വെൽവെറ്റ് വിപ്ലവം എന്നിവയും യുവജനശക്തിയുടെ ചരിത്രപരമായ ഉദാഹരണങ്ങളാണ്.
സെർബിയയിൽ അലക്സാണ്ടർ വുചിച്ചിന്റെ ഒരു പതിറ്റാണ്ടു നീണ്ട ഭരണത്തിനു തടയിട്ട് വിദ്യാർഥിമുന്നേറ്റം കൈവരിച്ച ചരിത്രവിജയം ഇന്ത്യയിലെ യുവജന പ്രസ്ഥാനമായ ‘കോക്രോച്ച് ജനത പാർട്ടി’ക്കും ആവേശം പകരുന്നു.
തെരുവുസമരങ്ങൾ ഭരണമാറ്റത്തിലേക്കു വഴിവയ്ക്കുമെന്നതിന്റെ വ്യക്തമായ സന്ദേശമാണ് സെർബിയ നൽകിയതെന്ന് യുവജന സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. വിദ്യാർഥികൾക്കും തൊഴിൽരഹിതർക്കും നേരേയുണ്ടായ അധിക്ഷേപങ്ങൾക്കെതിരേ ‘പാറ്റ’ എന്ന പേരുതന്നെ അടയാളമാക്കി മാറ്റി രൂപീകരിച്ച ‘കോക്രോച്ച് ജനത പാർട്ടി’ നീറ്റ് ക്രമക്കേടുകൾക്കെതിരായ സമരങ്ങൾക്ക് ചുക്കാൻ പിടിച്ചു.
ഡൽഹി ജന്തർ മന്തറിൽ നടന്ന ശക്തമായ പ്രതിഷേധങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന് രാജിവയ്ക്കേണ്ടിവന്നിരുന്നു. വിദ്യാർഥി പ്രക്ഷോഭങ്ങൾക്കു നേരിട്ടുള്ള രാഷ്ട്രീയമാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്നതിന്റെ ഉദാഹരണമായിരുന്നു ഇത്.
നിലവിൽ വോട്ടർപട്ടികയിലെ ക്രമക്കേടിനെതിരേ പ്രതിപക്ഷത്തിനൊപ്പം പ്രക്ഷോഭരംഗത്താണ് കോക്രോച്ച് ജനത പാർട്ടി. അടിച്ചമർത്തിയും ജയിലിലടച്ചുമുള്ള സർക്കാരിന്റെ ഭീഷണികൾക്കു മുന്നിൽ തളരാതെയാണ് ഈ വിദ്യാർഥിപ്രസ്ഥാനത്തിന്റെ തുടർനീക്കങ്ങൾ.
Tags : Bolsters StudentMovement Pattakal Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash