പ്രതീകാത്മക ചിത്രം - എഐ
റോഡപകടങ്ങളെ കേവലമൊരു ഗതാഗത പ്രശ്നമായോ ക്രമസമാധാന ലംഘനമായോ മാത്രം കാണാതെ പൊതുജനാരോഗ്യ കാഴ്ചപ്പാടിൽ നോക്കിക്കാണേണ്ടത് അത്യന്താപേക്ഷിതമാണ്. പകർച്ചവ്യാധികളെ നിർണയിക്കുന്ന ‘എപ്പിഡെമിയോളജിക്കൽ ട്രയാഡ്’ എന്ന ശാസ്ത്രീയ മാതൃകയെ കേരളത്തിലെ റോഡ് സുരക്ഷാ വിശകലനങ്ങളിലേക്കു പ്രയോഗിക്കുന്നത് തികച്ചും നൂതനമായൊരു തലം തുറന്നിടുന്നു.
ഈ പുതിയ സിദ്ധാന്ത മാതൃകയനുസരിച്ച് ആതിഥേയൻ, രോഗകാരി, പരിസ്ഥിതി എന്നീ ഘടകങ്ങൾ തമ്മിലുള്ള അസന്തുലിതാവസ്ഥയാണ് അടിസ്ഥാനപരമായി അപകടങ്ങൾക്കു കാരണമാകുന്നത്. ഇവിടെ ‘ആതിഥേയൻ’ എന്നത് റോഡ് ഉപയോഗിക്കുന്ന മനുഷ്യരാണ്. അതായത്, ഡ്രൈവർമാരും കാൽനടയാത്രക്കാരും. ഇവരുടെ പ്രായം, കാഴ്ചശക്തി, പ്രതികരണ വേഗം, ലഹരി ഉപയോഗം, മാനസിക സമ്മർദം, നിയമങ്ങളോടുള്ള മനോഭാവം എന്നിവയാണ് ഈ ഘടകത്തെ സ്വാധീനിക്കുന്നത്; പ്രത്യേകിച്ച്, പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിക്കുമ്പോഴുണ്ടാകുന്ന വൈകാരികമായ അസ്ഥിരതയും സാഹസികതയും ഹോസ്റ്റ് ഫാക്ടറിലെ വലിയൊരു പാളിച്ചയാണ്.
"രോഗകാരി’ അഥവാ ഏജന്റ് വാഹനംതന്നെയാണ്; ഒരു വൈറസ് മനുഷ്യശരീരത്തെ ആക്രമിക്കുന്നതുപോലെ, ഇവിടെ മനുഷ്യന്റെ ജീവനെടുക്കുന്നത് വാഹനങ്ങളുടെ അമിതമായ കുതിപ്പും അതിലൂടെ ഇരയുടെ ശരീരത്തിലേക്ക് അനിയന്ത്രിതമായി കൈമാറ്റം ചെയ്യപ്പെടുന്ന മാരകമായ ഗതികോർജവുമാണ്. ഉയർന്ന കുതിരശക്തിയുള്ള ആഡംബര കാറുകൾ, ഭാരമേറിയ വാഹനങ്ങൾ, അശാസ്ത്രീയമായി രൂപമാറ്റം വരുത്തിയ സൂപ്പർ ബൈക്കുകൾ എന്നിവയൊക്കെ റോഡിൽ അതിമാരകമായ രോഗകാരികളായി മാറുന്നു.
"പരിസ്ഥിതി’ എന്നത് ഭൗതികവും സാമൂഹികവുമായ ചുറ്റുപാടുകളാണ്; അശാസ്ത്രീയമായ റോഡ് ഡിസൈൻ, അപകടമുനമ്പുകൾ, വെളിച്ചമില്ലായ്മ, സീബ്ര ക്രോസിംഗുകളുടെയും സുരക്ഷിതമായ നടപ്പാതകളുടെയും അഭാവം എന്നിവ ഭൗതിക പരിസ്ഥിതിയാകുമ്പോൾ, അയഞ്ഞ ഡ്രൈവിംഗ് ടെസ്റ്റുകളും എത്ര വലിയ നിയമലംഘനം നടത്തിയാലും ചെറിയ സാമ്പത്തിക പിഴയടച്ച് രക്ഷപ്പെടാമെന്ന സാമൂഹികനിയമ വ്യവസ്ഥിതിയും ഈ പരിസ്ഥിതി ഘടകത്തെ കൂടുതൽ ദുഷിപ്പിക്കുന്നു.
ഈ മൂന്നു ഘടകങ്ങളെയും ഒരേസമയം ചികിത്സിക്കേണ്ടതുണ്ട് എന്ന ശാസ്ത്രീയ ബോധ്യത്തിലേക്കു നാം മാറേണ്ടതുണ്ട്; അല്ലാതെ കേവലം ഡ്രൈവറെ മാത്രം കുറ്റപ്പെടുത്തി വാഹനങ്ങളുടെ അമിതശേഷിയോ റോഡിലെ എൻജിനിയറിംഗ് തകരാറുകളോ കണ്ടില്ലെന്നു നടിക്കുന്നത്, രോഗലക്ഷണങ്ങളെ മാത്രം ചികിത്സിച്ച് യഥാർത്ഥ രോഗകാരണത്തെ പൂർണമായും അവഗണിക്കുന്നതിനു തുല്യമാണ്.
റോഡപകടങ്ങളിൽ മരിക്കുകയോ വൈകല്യം സംഭവിക്കുകയോ ചെയ്യുന്നവരിൽ ഭൂരിഭാഗവും 15നും 45നും ഇടയിൽ പ്രായമുള്ള, സമൂഹത്തിന്റെ ഉത്പാദനക്ഷമതയുള്ള യുവതലമുറയാണ്. കുടുംബത്തിലെ പ്രധാന വരുമാനദായകന്റെ അകാല വേർപാട് ആ കുടുംബത്തെ പെട്ടെന്ന് സാമ്പത്തിക തകർച്ചയിലേക്കും ശാശ്വതമായ ദാരിദ്ര്യത്തിലേക്കും തള്ളിവിടുന്നു. കൂടാതെ, വൈകല്യങ്ങളും ഗുരുതര പരിക്കുകളും ഉണ്ടാക്കുന്ന ശാരീരികമാനസിക ആഘാതങ്ങൾ തലമുറകളെപ്പോലും ബാധിക്കുന്നു. ആരോഗ്യ മേഖലയുടെ വിഭവവിനിയോഗത്തിൽ വലിയൊരു ഭാഗം തടയാൻ കഴിയുമായിരുന്ന ഇത്തരം ട്രോമാ കേസുകൾ പരിചരിക്കാൻ മാറ്റിവയ്ക്കേണ്ടി വരുന്നത് ജനറൽ ഹെൽത്ത് കെയർ സംവിധാനത്തെ കടുത്ത സമ്മർദത്തിലാക്കുന്നു. ആയതിനാൽ, സാംക്രമിക രോഗങ്ങളെ പ്രതിരോധിക്കുന്ന അതേ ഗൗരവത്തോടെയും ശാസ്ത്രീയ ആസൂത്രണത്തോടെയും വേണം ഭരണകൂടങ്ങൾ റോഡ് സുരക്ഷാ നയങ്ങൾ രൂപീകരിക്കാൻ.
"വിഷൻ സീറോ’യും സുരക്ഷിത റോഡ് നിർമിതിയും
സ്വീഡൻ ആവിഷ്കരിക്കുകയും യൂറോപ്പ് മുഴുവൻ മാതൃകയാക്കുകയും ചെയ്ത ആശയമാണ് "വിഷൻ സീറോ’. മനുഷ്യർക്കു തെറ്റുപറ്റാമെന്നും എന്നാൽ ആ തെറ്റ് ഒരു വ്യക്തിയുടെ ജീവനെടുക്കുന്ന ദുരന്തമായി മാറാതിരിക്കാൻ റോഡിന്റെ ഡിസൈനും സാങ്കേതികവിദ്യയും തടസമാകണമെന്നുമാണ് വിഷൻ സീറോയുടെ അടിസ്ഥാന തത്വം. യൂറോപ്യൻ നഗരങ്ങളിലെ ജനവാസ മേഖലകളിലും സ്കൂൾ പരിസരങ്ങളിലും വാഹനങ്ങളുടെ വേഗം മണിക്കൂറിൽ 30 കിലോമീറ്ററായി നിജപ്പെടുത്തുന്ന "ടെമ്പോ 30’ സമ്പ്രദായം ഇതിനൊരു നല്ല ഉദാഹരണമാണ്.
റോഡുകളിൽ വേഗതടസങ്ങൾ ശാസ്ത്രീയമായി നിർമിച്ച്, എലവേറ്റഡ് സീബ്ര ക്രോസിംഗുകൾ ക്രമീകരിച്ച് കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാൻ ഫൂട്ട്പാത്തുകളും കാൽനടപ്പാലങ്ങളും നിർബന്ധമാക്കുമ്പോൾ, മാനന്തവാടിയിൽ കൊച്ചുകുട്ടിക്കു സംഭവിച്ചതുപോലുള്ള ദാരുണമായ ദുരന്തങ്ങൾ ഒഴിവാക്കാൻ സാധിക്കും. ഇതോടൊപ്പം മാനുവൽ പൊലിസ് പരിശോധനകൾക്കു പകരം സീബ്ര ക്രോസിംഗുകളിലെ നിയമലംഘനങ്ങൾ കണ്ടുപിടിക്കുന്ന നൂതന കാമറകൾ വഴി കൃത്യമായി ഡിജിറ്റൽ പിഴ ചുമത്തുന്ന രീതിയുമുണ്ട്.
ശാശ്വത പരിഹാരത്തിനായുള്ള നിർദേശങ്ങൾ
കേരളത്തിലെ റോഡപകടങ്ങൾ കുറയ്ക്കുന്നതിനും കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി അടിയന്തരമായി നടപ്പാക്കേണ്ട നയപരിഹാരങ്ങൾ ഏതാനും സുപ്രധാന മേഖലകളിലേക്കു കേന്ദ്രീകരിക്കേണ്ടതുണ്ട്.
● നിലവിലുള്ള കേവല എച്ച്, എട്ട് അടയാള പരീക്ഷകൾ നിർത്തിവച്ച് യഥാർഥ ട്രാഫിക്കിലും മോശം കാലാവസ്ഥയിലും നിർബന്ധിത ഡ്രൈവിംഗ് മണിക്കൂറുകൾ അടങ്ങിയ വിപുലമായ പരിശീലനവും സിലബസും ഉൾപ്പെടുത്തി ലൈസൻസിംഗ് രീതി പരിഷ്കരിക്കണം. സിമുലേറ്റർ പരിശീലനവും എമർജൻസി ബ്രേക്കിംഗ് വിദ്യകളും പരീക്ഷയുടെ നിർബന്ധിത ഭാഗമാക്കണം.
● സീബ്ര ക്രോസിംഗുകളിൽ കാൽനടയാത്രക്കാർക്ക് മുൻഗണന നൽകാത്ത ഡ്രൈവർമാർക്കെതിരേ കനത്ത പിഴ ചുമത്തുകയും ട്രാഫിക് കുറ്റകൃത്യങ്ങളിൽ ആവർത്തിച്ച് ഉൾപ്പെടുന്നവർക്കും ലഹരിയുപയോഗിച്ച് വാഹനമോടിക്കുന്നവർക്കും അമിതവേഗക്കാർക്കും ജർമൻ മാതൃകയിൽ നിർബന്ധിത സൈക്കോളജിക്കൽ കൗൺസലിംഗും മെഡിക്കൽ മാനസികാരോഗ്യ മൂല്യനിർണയവും ഏർപ്പെടുത്തി പരാജയപ്പെടുന്നവരുടെ ലൈസൻസ് സ്ഥിരമായി റദ്ദാക്കുകയും വേണം.
● പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം നൽകുന്ന രക്ഷിതാക്കൾക്കും വാഹന ഉടമകൾക്കുമെതിരേ വിചാരണ കൂടാതെ ജാമ്യം ലഭിക്കാത്ത തരത്തിൽ കർശനമായ കേസ് എടുക്കുകയും അവരുടെ വാഹനം കണ്ടുകെട്ടുകയും ചെയ്യുന്ന നിയമ നിർമാണം കൊണ്ടുവരണം.
● സ്കൂളുകൾ, ആശുപത്രികൾ, ഗ്രാമീണ കവലകൾ എന്നിവയ്ക്കു ചുറ്റും വേഗം മണിക്കൂറിൽ 30 കിലോമീറ്ററായി പരിമിതപ്പെടുത്തുകയും എല്ലാ പ്രധാന റോഡുകളിലും തടസമില്ലാത്ത ഫൂട്ട്പാത്തുകളും പ്രകാശമാനമായ എലവേറ്റഡ് സീബ്ര ക്രോസിംഗുകളും നിർബന്ധമാക്കുകയും വേണം.
● അപകടത്തിൽപെടുന്നവർക്ക് ആദ്യത്തെ"ഗോൾഡൻ അവറിൽ’ ശാസ്ത്രീയ അടിയന്തര വൈദ്യസഹായം ഉറപ്പാക്കുന്ന ട്രോമ കെയർ നെറ്റ്വർക്ക് സംസ്ഥാനത്തുടനീളം ശക്തമാക്കുകയും പാഠ്യപദ്ധതിയിൽ റോഡ് സുരക്ഷയും കാൽനടയാത്രക്കാരുടെ അവകാശങ്ങളും പൗരബോധവും പഠനവിഷയമാക്കുകയും വേണം.
വൈകിക്കൂടാ
റോഡിൽ പൊലിയുന്ന ഓരോ ജീവനും ഒരു കുടുംബത്തിന്റെ പ്രതീക്ഷയും നാടിന്റെ സമ്പത്തുമാണ്. റോഡ് സുരക്ഷ എന്നത് പൊലിസിന്റെ കേവല പിഴ ഈടാക്കലോ പരിശോധനയോ മാത്രമല്ല, മറിച്ച് ഒരു ജനതയുടെ പൊതുജനാരോഗ്യത്തിന്റെയും ജീവിക്കാനുള്ള അവകാശത്തിന്റെയും അടിസ്ഥാനഘടകമാണ്. വേഗത്തിന്റെയും അഹന്തയുടെയും ഇരകളായി ഇനിയും നമ്മുടെ കുഞ്ഞുങ്ങളുടെ ചോരക്കട്ടകൾ റോഡിൽനിന്നു തുടച്ചുമാറ്റേണ്ടി വരാതിരിക്കാൻ ഭരണകൂടവും പൊതുസമൂഹവും ഒരുപോലെ ഉണർന്നു പ്രവർത്തിച്ചേ മതിയാകൂ.
ഇന്ത്യൻ സാഹചര്യങ്ങളെ വികസിത യൂറോപ്യൻ രാജ്യങ്ങളുമായി, പ്രത്യേകിച്ച് ജർമനിയുമായി താരതമ്യം ചെയ്യുമ്പോൾ വലിയൊരു വ്യത്യാസം ദൃശ്യമാകും.
കേരളത്തിൽ ഡ്രൈവിംഗ് ലൈസൻസ് പരിശോധന കേവലം ‘എച്ച്’, ‘എട്ട്’ എന്നീ അടയാളങ്ങളിൽ വാഹനം മുന്നോട്ടും പിന്നോട്ടും തിരിക്കുന്ന കേവല യന്ത്രമത്സരത്തിൽ ഒതുങ്ങിനിൽക്കുമ്പോൾ, ജർമനിയിൽ ഒരു വ്യക്തിക്കു ലഭിക്കുന്ന വലിയ പൗരസമത്വ ഉത്തരവാദിത്വമായാണ് ലൈസൻസിനെ കാണുന്നത്.
ജർമനിയിലെ ഡ്രൈവിംഗ് സ്കൂളുകളിൽ സിദ്ധാന്ത ക്ലാസുകൾക്ക് പുറമേ നഗരപാതകൾ, ഓട്ടോബാഹ്ൻ (അതിവേഗ മോട്ടോർ പാതകൾ), രാത്രികാല ഡ്രൈവിംഗ്, ഗ്രാമീണ പാതകൾ എന്നിവയിൽ നിർബന്ധിത പ്രാക്ടിക്കൽ പരിശീലനം പൂർത്തിയാക്കിയാൽ മാത്രമേ പ്രായോഗിക പരീക്ഷയ്ക്കുപോലും ഇരിക്കാൻ സാധിക്കൂ. കാൽനടയാത്രക്കാരുടെ സുരക്ഷയുടെ കാര്യത്തിൽ ജർമൻ നിയമം വളരെ കർശനമാണ്.
അവിടെ സീബ്ര ക്രോസിംഗിലേക്ക് കാൽനടയാത്രക്കാരൻ അടുക്കുന്നുവെന്ന് കണ്ടാൽതന്നെ ഡ്രൈവർമാർ വാഹനം പൂർണമായും നിർത്താൻ ബാധ്യസ്ഥരാണ്. ഇതിൽ വീഴ്ച വരുത്തുന്നത് കനത്ത പിഴയ്ക്കും ഡ്രൈവിംഗ് പോയിന്റുകൾ നഷ്ടപ്പെടുന്നതിനും ഇടയാക്കും. മാത്രമല്ല, ജർമനിയിൽ അപകടം വരുത്തുന്നവർക്കും ലഹരിയുപയോഗിച്ച് വാഹനമോടിച്ച് ഡ്രൈവിംഗ് ലൈസൻസ് നഷ്ടപ്പെട്ടവർക്കും അത് തിരികെ ലഭിക്കുന്നതിനായി എഴുതേണ്ട കർശനമായ ഒരു പരിശോധനയാണ് ‘ഇഡിയോട്ടൻ ടെസ്റ്റ്’ (മെഡിക്കൽ സൈക്കോളജിക്കൽ അസസ്മെന്റ്) അഥവാ പെരുമാറ്റ മാനസികാരോഗ്യ പരിശോധന. മനഃശാസ്ത്രജ്ഞരും മെഡിക്കൽ വിദഗ്ധരുമടങ്ങുന്ന പാനൽ പരിശോധന നടത്തി, ഡ്രൈവറുടെ മാനസികാവസ്ഥ വീണ്ടും വാഹനം ഓടിക്കാൻ പ്രാപ്തമാണെന്നു സാക്ഷ്യപ്പെടുത്തിയാൽ മാത്രമേ പിടിച്ചെടുത്ത ലൈസൻസ് പുനഃസ്ഥാപിച്ചു നൽകൂ.
കൂടാതെ, വാഹനത്തിന്റെ ഉടമസ്ഥന് കൃത്യമായ ഉത്തരവാദിത്വം നൽകുന്ന ഹാൽട്ടർഹാഫ്റ്റുങ് (വാഹന ഉടമയുടെ നിയമപരമായ ഉത്തരവാദിത്വം) എന്ന നിയമ തത്വം വഴി, ഡ്രൈവർ ആരായാലും വാഹനത്തിന്റെ ഉടമയ്ക്കും ശക്തമായ നിയമബാധ്യത ഉറപ്പാക്കുന്നു.
(അവസാനിച്ചു)
Tags : PublicHealth RoadAccidents SocioEconomic Implications Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash