ഡിഎംകെ നേതാവ് സുധ, മുഖ്യമന്ത്രി വിജയ്
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന കേസിൽ ഡിഎംകെ കൗൺസിലർ ഡി. സുധയ്ക്ക് മദ്രാസ് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ജനപ്രതിനിധികളും ഉയർന്ന പദവികൾ വഹിക്കുന്നവരും രൂക്ഷമായ വിമർശനങ്ങളും പരിഹാസങ്ങളും നേരിടാൻ തയ്യാറാകണമെന്ന നിരീക്ഷണത്തോടെയായിരുന്നു കോടതി വിധി.
അക്രമത്തിനോ ക്രമസമാധാന പ്രശ്നങ്ങൾക്കോ വഴിവെക്കാത്ത രാഷ്ട്രീയം പറച്ചിലുകളെ അറസ്റ്റ് ഭീഷണി മുഴക്കി അടിച്ചമർത്താൻ പൊലിസിന് അവകാശമില്ലെന്ന് 16 പേജുള്ള ഉത്തരവിൽ കോടതി വ്യക്തമാക്കി. ഒക്ടോബർ ഏഴിന് ചെന്നൈ രാജാ അണ്ണാമലൈ മൺട്രത്തിൽ നടന്ന പാർട്ടി യോഗത്തിൽ മുഖ്യമന്ത്രി വിജയിക്കെതിരെ മോശം പരാമർശം നടത്തി എന്നാരോപിച്ചാണ് ഗ്രേറ്റർ ചെന്നൈ കോർപ്പറേഷനിലെ 95-ാം വാർഡ് കൗൺസിലറായ സുധയ്ക്കെതിരെ ടിവികെ പ്രവർത്തകൻ പരാതി നൽകിയത്. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പൊലിസ് കേസെടുത്തത്.
ജാമ്യം നൽകുന്നതിന് വ്യവസ്ഥയായി പ്രതിപക്ഷ നേതാക്കൾക്കോ ഭരണാധികാരികൾക്കോ എതിരായി സംസാരിക്കരുതെന്ന് വിലക്കേർപ്പെടുത്താൻ സാധിക്കില്ല. അത് ഭരണഘടന നൽകുന്ന സ്വാതന്ത്ര്യത്തെ തടയുന്നതിന് തുല്യമാണെന്നും കോടതി പറഞ്ഞു. താൻ നടത്തിയ പരാമർശങ്ങളിൽ സുധ ഖേദം പ്രകടിപ്പിക്കുകയും മാപ്പ് പറയുകയും ചെയ്തിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. 25,000 രൂപയുടെ ബോണ്ടിലും രണ്ട് ആൾജാമ്യത്തിലുമാണ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. അടുത്ത ഉത്തരവ് ഉണ്ടാകുന്നതുവരെ ദിവസവും രാവിലെ പൊലിസിന് മുന്നിൽ ഹാജരാകാനും കോടതി നിർദേശിച്ചിട്ടുണ്ട്.
Tags : #vijay #tvk Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash