പ്രതീകാത്മക ചിത്രം - എഐ
മദ്യപാനം നിർത്തിയ കരടിയെപ്പറ്റി അമേരിക്കൻ ഹാസസാഹിത്യകാരൻ ജയിംസ് തർബർ (1894-1961) ഒരു കഥ എഴുതി. 1939ൽ. പേര് "ദ ബെയർ ഹു ലെറ്റ് ഇറ്റ് എലോൺ’. കരടി മദ്യപനായിരുന്നപ്പോൾ കുടിച്ചു മത്തനായി വീട്ടിൽ വന്നു ഭാര്യയെയും മക്കളെയും പേടിപ്പിക്കും, മർദിക്കും, വീട്ടുസാധനങ്ങൾ നശിപ്പിക്കും. മദ്യപാനം നിർത്തിയശേഷം, മദ്യം തൊടാത്തപ്പോഴും താൻ കരുത്തനാണെന്നു കാണിക്കാൻ വീട്ടിൽ അഭ്യാസങ്ങൾ തുടങ്ങി. അത് അവസാനിക്കുന്നത് കുറേ ഉപകരണങ്ങൾ നശിപ്പിച്ചും ഭാര്യയെയും മക്കളെയും മർദിച്ചുംതന്നെ. അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിനു ശേഷം ഡോണൾഡ് ട്രംപിന്റെ അമേരിക്കയും ഇതേ അവസ്ഥയിലാകും.
ട്രംപിന്റെ രാഷ്ട്രീയബലം കുറഞ്ഞു. പക്ഷേ 2029 ജനുവരി 19 വരെ ട്രംപ്തന്നെ പ്രസിഡന്റ്. കോൺഗ്രസിൽ എതിർപ്പ് കൂടും എന്നു മാത്രം. 1930നു ശേഷം എട്ടു തവണ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റിന്റെ കക്ഷി തോറ്റിട്ടുള്ള രാജ്യമാണ് അമേരിക്ക. അവിടെ ഇതു ശീലമായിക്കഴിഞ്ഞു. ട്രംപിന്റെ തോന്ന്യാസങ്ങൾ ഇന്നുകൊണ്ട് അവസാനിക്കില്ല.
പോരാടും, ഒത്തുതീർക്കും
ട്രംപിനു ക്ഷീണം വന്നതുകൊണ്ട് ഇന്ത്യ അടക്കം വിദേശരാജ്യങ്ങൾക്കു നേട്ടം ഉണ്ടാകാൻ പോകുന്നില്ല. തോൽവിയുടെ പേരിൽ സ്വഭാവം മാറ്റുന്ന ആളല്ല ട്രംപ്. നയവും മാറ്റില്ല. ഈജിപ്ഷ്യൻ വംശജനായ ഒരു മുസ്ലിം (മിഷിഗനിൽനിന്നുള്ള ഡോ. അബ്ദുൾ എൽ സെയ്ദ്) പുതിയ സെനറ്റിൽ ഉണ്ടെങ്കിലും ഇറാനെതിരായ യുദ്ധം നിർത്തിക്കാൻ സെനറ്റിനു കഴിയില്ല.
യുദ്ധവും വിദേശനയവും അടക്കമുള്ള കാര്യങ്ങളിൽ കോൺഗ്രസിന്റെ നിയന്ത്രണത്തിലല്ല പ്രസിഡന്റ്. പണം നൽകില്ല എന്നു കോൺഗ്രസിനു പറയാം. പക്ഷേ കോൺഗ്രസിനു താത്പര്യമുള്ള കാര്യങ്ങൾ മുടക്കി തിരിച്ചടിക്കാൻ ട്രംപ് മടിക്കില്ല. ഒടുവിൽ കോൺഗ്രസ് വഴങ്ങും. പ്രസിഡന്റും കോൺഗ്രസും മുഖം രക്ഷിക്കുന്ന ഒത്തുതീർപ്പുകൾ ഉണ്ടാക്കും. അതു പലവട്ടം കണ്ടതാണ്.
കമ്മി വർധിക്കുന്നതു തടയാൻ യുദ്ധത്തിനടക്കമുള്ള ചെലവ് കുറയ്ക്കാൻ ശ്രമമുണ്ടാകും. പക്ഷേ ഡെമോക്രാറ്റുകൾ തുക കൂട്ടാൻ ആവശ്യപ്പെടുന്ന ആരോഗ്യരക്ഷാ സ്കീമുകൾക്കും മറ്റുമുള്ള ചെലവ് വെട്ടിക്കുറയ്ക്കാൻ ട്രംപ് തുനിയും. ഒത്തുതീർപ്പിന്റെ ഭാഗമായി രണ്ടു കൂട്ടരും "വെടിനിർത്തും’. ഒടുവിൽ കമ്മി പഴയതുപോലെയോ അതിലേറെയോ ആകും. അതിനിടെ സർക്കാർ പ്രവർത്തനങ്ങൾക്കു തടസം നേരിടാം. ഒരു വർഷം മുൻപ് ഇതേ വിഷയത്തിൽ 43 ദിവസം യുഎസ് സർക്കാർ "അടഞ്ഞുകിടന്നതാണ്'. അത് ആവർത്തിക്കാം.
ഡെമോക്രാറ്റുകൾ മൈത്രി കാണിക്കുമോ?
ഇന്ത്യക്കു മേലുള്ള ട്രംപിന്റെ തീരുവ കുറയ്ക്കാൻ ഡെമോക്രാറ്റുകൾ ആവശ്യപ്പെടില്ല. തീരുവയിൽ യുഎസ് കമ്പനികളുടെയും കർഷകരുടെയും താത്പര്യത്തെ ഡെമോക്രാറ്റുകളും എതിർക്കുന്നില്ല. തങ്ങളുമായി നല്ല ബന്ധം പുലർത്തുന്ന കാനഡയുടെയും മെക്സിക്കോയുടെയും കാര്യത്തിൽ
അവർ ചിലപ്പോൾ സമ്മർദം ചെലുത്തിയേക്കാം.
ഇന്ത്യയോട് അത്രയും താത്പര്യം കാണിക്കുകയില്ല. അടുത്ത കാലം വരെ ട്രംപുമായി വലിയ അടുപ്പം പുലർത്തിയ ഇന്ത്യ ഡെമോക്രാറ്റുകൾക്കിടയിൽ നല്ല മിത്രങ്ങളെ കാര്യമായി വളർത്തിയിട്ടുമില്ല.
സോറോസും റോ ഖന്നയും
പ്രതിരോധ സഹകരണം, സാങ്കേതികവിദ്യയുടെ കൈമാറ്റം, പുതിയ തലമുറ യുദ്ധവിമാനങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ ഇന്ത്യക്കുവേണ്ടി വാദിക്കാൻ വേണ്ടത്ര ഡെമോക്രാറ്റുകൾ ഉണ്ടാകില്ല. ലിബറൽ കാഴ്ചപ്പാടുള്ള പല ഡെമോക്രാറ്റ് നേതാക്കളും നരേന്ദ്ര മോദി സർക്കാരിനെ വിമർശിക്കാറുണ്ട്. ഇന്ത്യയിൽ മതസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും നിഷേധിക്കപ്പെടുന്നു എന്നു പല ഡെമോക്രാറ്റുകളും കരുതുന്നു.
ഇന്ത്യാവിരുദ്ധത ആരോപിച്ച് ബിജെപി നേതാക്കൾ നിരന്തരം വിമർശിക്കുന്ന ജോർജ് സോറോസ് ഡെമോക്രാറ്റിക് പാർട്ടിയുടെ വലിയ പണദാതാവാണ്. യുഎസ് കോൺഗ്രസിലെ ഇന്ത്യാ കോക്കസ് കോ ചെയറും ഡെമോക്രാറ്റ് നേതാവുമായ റോ ഖന്നയുമായി ബിജെപി പല പ്രാവശ്യം ഉടക്കിയിട്ടുണ്ട്.
വളർച്ചയിൽ ഭയമില്ല
ഡെമോക്രാറ്റുകൾ വിജയിച്ചതുകൊണ്ട് യുഎസ് സമ്പദ്ഘടനയിൽ കുഴപ്പമൊന്നും പ്രതീക്ഷിക്കുന്നില്ല. ഫലം വന്നുതുടങ്ങിയപ്പോൾ രണ്ടു ശതമാനത്തോളം താഴ്ന്ന ഓഹരിവിപണി സൂചികകൾ നേരം വെളുക്കും മുൻപേ തിരികെ നേട്ടത്തിലായി. നിലവിലെ മികച്ച വളർച്ച തുടരുമെന്നു വിപണി വിശ്വസിക്കുന്നു എന്നു ചുരുക്കം.
സെപ്റ്റംബറിൽ അവസാനിച്ച ത്രൈമാസത്തിൽ 3.4 ശതമാനം ജിഡിപി വളർച്ച ഉണ്ടായിരുന്നു അമേരിക്കയിൽ. സമ്പന്നരാജ്യ കൂട്ടായ്മയായ ജി 7ലെ ഏറ്റവും കൂടിയ നിരക്ക്. സെപ്റ്റംബറിൽ യുഎസ് തൊഴിലവസരങ്ങളിൽ 75.2 ലക്ഷത്തിന്റെ വർധനയുണ്ടായി. നാലു മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഒക്ടോബറിലെ ഫാക്ടറി ഉത്പാദന സൂചിക നാലു വർഷത്തിനിടയിലെ രണ്ടാമത്തെ ഏറ്റവും ഉയർന്ന നിരക്കായ 55.5 ലെത്തി. എസ് ആൻഡ് പി 500 ഓഹരിസൂചിക ട്രംപിന്റെ രണ്ടാം വാഴ്ചയിൽ ഇതു വരെ 27 ശതമാനം മുന്നേറി.
നിർമിതബുദ്ധിക്കു നിയന്ത്രണം
നിർമിതബുദ്ധി (എഐ) മേഖലയിലെ ഡെമോക്രാറ്റിക് സമീപനങ്ങൾ ചില്ലറയല്ലാത്ത ആശങ്ക ജനിപ്പിക്കും. എഐയെ നിയന്ത്രിക്കണം എന്ന് അവർ വാദിക്കുന്നു. എഐ കമ്പനികളുടെ ഭീമൻ ഡാറ്റാ സെന്ററുകളെയും അവർ എതിർക്കുന്നു. അമിതമായി വൈദ്യുതിയും വെള്ളവും ഉപയോഗിക്കുന്ന ഡാറ്റാ സെന്ററുകൾ മൂലം വൈദ്യുതിക്കും വെള്ളത്തിനും കൂടുതൽ വില നൽകേണ്ടിവരുന്നു. പരിസ്ഥിതി പ്രശ്നങ്ങളും ഉണ്ടാക്കുന്നു. ഡാറ്റാ സെന്ററുകളുടെ അനുമതി ചട്ടപ്രകാരമാണോ എന്നു പരിശോധിക്കുന്നതു മുതൽ എഐക്കു റെഗുലേറ്ററി സംവിധാനം ഉണ്ടാക്കുന്നതു വരെ പലതും ഡെമോക്രാറ്റ് ഭൂരിപക്ഷ കോൺഗ്രസിനു ചെയ്യാനാകും.
ബാങ്കിംഗിൽ അടക്കം ട്രംപ് മാറ്റിക്കളഞ്ഞ നിയന്ത്രണങ്ങൾ പുനഃസ്ഥാപിക്കാൻ പുതിയ കോൺഗ്രസിനും സെനറ്റിനും കഴിയും. അവയെല്ലാം വീറ്റോ ചെയ്തു തടയാൻ പ്രസിഡന്റിന് അധികാരമില്ല. വ്യവസായങ്ങളെ ബാധിക്കുന്ന പരിസ്ഥിതി ചട്ടങ്ങൾ കർശനമാക്കാനും ഡെമോക്രാറ്റുകൾക്കു സാധിക്കും. ഇതെല്ലാം കമ്പനികളുടെ ലാഭക്ഷമതയെ ബാധിക്കും. വ്യവസായമേഖല ആശ്വസിക്കുന്നത് ഇവയൊക്കെ മാസങ്ങളും വർഷങ്ങളുംകൊണ്ടേ നടക്കൂ എന്നതിലാണ്.
അഴിമതി പിടിക്കുമോ?
കമ്മിയേക്കാൾ ഡെമോക്രാറ്റുകൾ ശ്രദ്ധയൂന്നുക ട്രംപ് ഭരണകൂടത്തിന്റെ അഴിമതികളിലാകും. ട്രംപും കുടുംബാംഗങ്ങളും തങ്ങളുടെ കമ്പനികൾക്കു നേട്ടമുണ്ടാക്കാൻവേണ്ടി നിയമങ്ങൾ മറികടന്നു പലതും ചെയ്തതു പുറത്തു കൊണ്ടുവരാൻ കോൺഗ്രസിലെ ഭൂരിപക്ഷം സഹായിക്കും. ട്രംപ് കുടുംബത്തിനെതിരായ ആരോപണങ്ങൾ കുറച്ചൊന്നുമല്ല. ക്രിപ്റ്റോകറൻസി കമ്പനികളിൽ ട്രംപ് കുടുംബത്തിനു വലിയ നിക്ഷേപമുണ്ട്. പാക്കിസ്ഥാൻ അടക്കം പല രാജ്യങ്ങളിലുംനിന്ന് അപൂർവധാതുക്കൾ സംഭരിക്കാൻ ഉണ്ടാക്കിയ കരാറുകൾ ട്രംപിന്റെ മക്കളും മരുമക്കളും മിത്രങ്ങളും ഉൾപ്പെട്ട കമ്പനികൾക്കു നേട്ടം ഉണ്ടാക്കാനുള്ളവയാണ്.
പല പശ്ചിമേഷ്യൻ രാജ്യങ്ങൾക്കും പ്രതിരോധ സംവിധാനങ്ങൾ കിട്ടണമെങ്കിൽ മരുമകൻ ജാറെഡ് കുഷ്നർക്കു കപ്പം നൽകണം. ഇങ്ങനെ നീളുന്നു ആരോപണ പരമ്പര. മാത്യു കോൾ എന്ന മാധ്യമപ്രവർത്തകൻ എഴുതിയ പ്രിൻസസ് ആൻഡ് തീവ്സ് എന്ന പുസ്തകം കുഷ്നറുടെ പശ്ചിമേഷ്യയിലെ കൊള്ളകൾ മാത്രം വിവരിക്കുന്നതാണ്. ഇവയൊക്കെ അന്വേഷിക്കാൻ ഡെമോക്രാറ്റുകൾ തുനിയുമോ, തുനിഞ്ഞാൽ അതു വിജയിക്കുമോ എന്നതാണ് ഈ തെരഞ്ഞെടുപ്പിനെത്തുടർന്നുള്ള ഏറ്റവും പ്രധാന ചോദ്യം.

ഇടക്കാല തെരഞ്ഞെടുപ്പിൽ തോൽക്കുന്ന ഡോണൾഡ് ട്രംപ് കുറേ മയപ്പെടും എന്ന പ്രതീക്ഷയിലാണ് ഇന്ത്യ കുറേ മാസങ്ങളായി കഴിയുന്നത്. ട്രംപ് അങ്ങനെ മയപ്പെട്ടില്ലെങ്കിൽ രണ്ടു വർഷംകൂടി കാത്തിരിക്കുക എന്നതാകും ഇന്ത്യയുടെ നയം. വാണിജ്യകരാർ മുതൽ ഇന്ത്യക്കാർക്കു യുഎസ് വീസയും പൗരത്വവും കിട്ടുന്നതും പ്രതിരോധ മേഖലയിലെ സഹകരണവും വരെ നിരവധി വിഷയങ്ങളിലാണ് ബന്ധം ഉലഞ്ഞു നിൽക്കുന്നത്. ഈ ഉലച്ചിൽ ട്രംപിന്റെ രണ്ടാം വാഴ്ചയിൽ ആരംഭിച്ചതാണ്.
വാണിജ്യകരാർ: അമേരിക്ക ആവശ്യപ്പെടുന്നതുപോലെ യുഎസ് കാർഷികോത്പന്ന ഇറക്കുമതി അനുവദിക്കാൻ ഇന്ത്യ തയാറല്ല. ഇന്ത്യയോടു മത്സരിക്കുന്ന രാജ്യങ്ങൾക്കു ചുമത്തുന്നതിലും കുറഞ്ഞ തീരുവയേ ഇന്ത്യക്കു ചുമത്താവൂ എന്നും നിരക്കുകൾ നിശ്ചിത കാലത്തേക്കു മാറ്റുകയില്ലെന്ന ഉറപ്പു വേണമെന്നും ഇന്ത്യ ആവശ്യപ്പെടുന്നു. ഉറപ്പു നൽകാൻ ട്രംപ് തയാറല്ല.
വീസ, കുടിയേറ്റം: ഇന്ത്യയിൽനിന്നുള്ള പ്രഫഷണലുകൾക്കു കൂടുതൽ എച്ച് വൺ ബി വീസകൾ കുറഞ്ഞ ഫീസിൽ അനുവദിക്കുന്നത് അമേരിക്കയ്ക്കു തന്നെയാണു നേട്ടമാകുക എന്ന് ഇന്ത്യ വാദിക്കുന്നു. അവരിൽ യോഗ്യരായവർക്കു പൗരത്വവും നൽകണം.ട്രംപ് ഇതിനു വഴങ്ങുന്നില്ല.
പ്രതിരോധം, സാങ്കേതികവിദ്യ: ഇന്ത്യയുമായുള്ള പ്രതിരോധ സഹകരണം വർധിപ്പിക്കാൻ 2025 ഫെബ്രുവരിയിൽ ട്രസ്റ്റ് എന്ന പേരിൽ ഉണ്ടാക്കിയ കരാർ ഇനിയും പ്രാവർത്തികമാക്കിയിട്ടില്ല. പുതിയ തലമുറ യുദ്ധവിമാനങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും ഇന്ത്യക്കു നിഷേധിക്കുന്നു.
പാക്കിസ്ഥാൻ, ചൈന: ഈ രാജ്യങ്ങളോടു യുഎസ് തന്ത്രപരമായ അടുപ്പം കൂട്ടുന്നു. ചൈനയെ രണ്ടാമത്തെ വൻശക്തിയായി പ്രഖ്യാപിച്ചു കൂടെനിർത്താൻ ട്രംപ് ശ്രമിക്കുന്നു. നമുക്കു ലോകത്തെ വീതിച്ചെടുക്കാം എന്നു യുഎസും ചൈനയും ധാരണയിലെത്തിയാൽ ഇന്ത്യ നേരിടുക വലിയ ഭീഷണിയാണ്. പാക്കിസ്ഥാൻ ഈ രണ്ടു ശക്തികൾക്കും മിത്രമാണു താനും.
ഈ വിഷയങ്ങൾ പരിഹരിക്കാൻ തക്ക ഒന്നല്ല ഇടക്കാല തെരഞ്ഞെടുപ്പിലെ ട്രംപിന്റെ തോൽവി. 2028 നവംബറിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിക്കുന്നവർ വരുംവരെ ഇന്ത്യയുടെ കാത്തിരിപ്പ് നീളും.
Tags : Trump struck Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash USMidtermElection Democratics Republicans