പ്രതീകാത്മക ചിത്രം - എഐ
ഫ്രാൻസ് മാത്രമല്ല ഇറ്റലി, സ്പെയിൻ, പോർച്ചുഗൽ, ഗ്രീസ് തുടങ്ങി മറ്റു പല യൂറോപ്യൻ രാജ്യങ്ങളിലും വലിയ സമരങ്ങളും ലഹളയും കർഫ്യൂവും വെടിവയ്പുമൊക്കെ നടക്കുകയാണ്.
ലോകമാധ്യമങ്ങളിലൂടെ നമുക്കു മനസിലാക്കാൻ പറ്റുന്ന ഒരു കാര്യം സമരമുഖത്ത് ഏറ്റവുമധികമുള്ളതും സമരത്തെ നയിക്കുന്നതും വിദ്യാർഥികളാണ് എന്നതാണ്. അവർ പഠിക്കുന്ന സ്കൂളിന്റെയും കലാലയങ്ങളുടെയും അവസ്ഥ ദയനീയമാണെന്നും കെട്ടിടങ്ങൾ മോശമാണെന്നും റിപ്പയറിംഗ് നടക്കുന്നില്ലെന്നും അവർ പറയുന്നു. മാത്രമല്ല, വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള സ്കൂൾ ബജറ്റ് വർധിപ്പിക്കുന്നില്ല. താമസച്ചെലവ് - അത് വലിയ കെട്ടിടമായാലും ചെറിയ മുറിയായാലും-വളരെ കൂടുതലാണ്. പഠനച്ചെലവും അവശ്യസാധനങ്ങളുടെ വിലയും വല്ലാതെ വർധിച്ചിരിക്കുന്നു തുടങ്ങി മറ്റു പല കാരണങ്ങളും അവർ നിരത്തുന്നുണ്ട്.
യൂറോപ്യൻ രാജ്യങ്ങൾ പൊതുവേ ക്ഷേമരാഷ്ട്രങ്ങളായതിനാൽ പൗരന്മാരുടെ സാമൂഹികവും സാമ്പത്തികവുമായ ക്ഷേമം ഉറപ്പാക്കുന്നതിൽ മുൻകൈയെടുക്കും. വയോജനങ്ങൾക്ക് താമസ സൗകര്യമൊരുക്കുന്നതിലും പെൻഷൻ നല്കുന്നതിനുമെല്ലാം അവർ കൂടുതൽ പണം ചെലവഴിക്കും. അവിടെ പെൻഷന്റെ ചെലവ് സ്കൂൾ വിദ്യാഭ്യാസത്തിന്റെ ചെലവിനേക്കാൾ എത്രയോ ഇരട്ടിയാണ്. ആയുർദൈർഘ്യം കൂടിയതു കാരണം യുവാക്കളേക്കാൾ വയോജനങ്ങളുടെ എണ്ണത്തിൽ വൻ വർധനയാണുള്ളത്. മിക്കവാറും എല്ലാ രാജ്യങ്ങളിലും അൻപതു ശതമാനം പേരും അറുപതു വയസിനു മുകളിലുള്ളവരാണ്.
പക്ഷേ, നമ്മൾ ചർച്ച ചെയ്യേണ്ടത് ഇത്തരം സമരങ്ങൾ എന്തുകൊണ്ട് ഉണ്ടാവുന്നു എന്നതല്ല; മറിച്ച്, ഇതിന്റെ തീവ്രത എന്തുകൊണ്ട് ഇത്രയും ഭയാനകമായി എന്നതാണ്. ആളുകൾ എന്തുകൊണ്ടാണ് സ്വന്തം വീടുകളും അടിസ്ഥാന സൗകര്യങ്ങളും നശിപ്പിക്കുന്നത്, നൂറ്റിയമ്പതിലധികം വർഷം പഴക്കമുള്ള കെട്ടിടങ്ങൾ തീവയ്ക്കുന്നത്, പോലീസ് ഉപരോധത്തെ ജനങ്ങൾ ആക്രമിക്കുന്നത്? ഈ ഭയാനകത എന്തുകൊണ്ട് സംഭവിക്കുന്നു?
ഞാൻ മനസിലാക്കുന്നത് ഒരു സ്കൂളിന്റെ അവസ്ഥ പെട്ടെന്ന് മാറ്റാൻവേണ്ടിയോ വിദ്യാഭ്യാസ ആവശ്യത്തിനുള്ള ബജറ്റ് വർധിപ്പിക്കാൻവേണ്ടിയോ ഫ്രഞ്ചുകാർ തന്നെ സ്വന്തം രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കാൻ സാധ്യതയില്ല എന്നാണ്. ജനാധിപത്യപരമായി ശാന്തമായ രീതിയിൽ സമരം ചെയ്തോ ജാഥ നടത്തിയോ ഗവൺമെന്റിനെ പ്രതിഷേധം അറിയിക്കാം. സ്കൂളുകളും കോളജുകളും ബഹിഷ്കരിക്കാം. എന്നാൽ, ഇവിടെ കലാപമാണ് ഉണ്ടാകുന്നത്; അതെന്തുകൊണ്ട്?
കുടിയേറ്റത്തിനെതിരേയുള്ള കലാപമാണ് സംഭവിക്കുന്നത് എന്നാണ് ഞാൻ മനസിലാക്കുന്നത്. പത്തുപതിനഞ്ചു വർഷമായിട്ട് യൂറാപ്യൻ രാജ്യങ്ങളിൽ കുടിയേറ്റം വല്ലാതെ കൂടിയിട്ടുണ്ട്. സിറിയ, ഇറാക്ക്, ആഫിക്ക, അൽബേനിയ തുടങ്ങിയ രാജ്യക്കാരാണ് കുടിയേറ്റക്കാരിലധികവും. അവരായിരിക്കാം ഒരു പക്ഷേ ഈ സമരക്കാരുടെയിടയിൽ നുഴഞ്ഞുകയറി സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്താതെ ഇത്തരം നശീകരണ പ്രവർത്തനങ്ങൾ ചെയ്യുന്നതിന് നേതൃത്വം കൊടുക്കുന്നതെന്നും ഫ്രാൻസിന്റെ പൈതൃകത്തെ നശിപ്പിക്കാൻ ശ്രമിക്കുന്നതെന്നും അനുമാനിക്കാവുന്നതാണ്. ഞങ്ങളെ ആരും തടയാൻ നോക്കേണ്ടെന്നും കടൽ മാർഗവും കരമാർഗവും മാത്രമല്ല മറ്റേതു മാർഗത്തിലൂടെയും ഞങ്ങൾ വന്നുകൊണ്ടിരിക്കുമെന്നും അതിന് ചെറിയൊരു തടസംപോലും വരുകയാണെങ്കിൽ പ്രതികരണം ഈ രീതിയിലായിരിക്കും എന്ന സന്ദേശമാണ് കുടിയേറ്റക്കാർ ഈ കലാപങ്ങളിലൂടെ മുന്നറിയിപ്പായി നല്കുന്നത്.
ഇതിനെ ഒരു വലിയ ചതിയായിട്ടുതന്നെ രാജ്യങ്ങൾ കാണണം. കാരണം, 1981ലെ ഫ്രഞ്ച് പ്രസിഡന്റായിരുന്ന ഫ്രാൻസ്വാ മിത്തറാങ് മുതൽ നിലവിലെ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വരെ കുടിയേറ്റക്കാരോട് ഉദാര സമീപനമാണ് കാണിച്ചിട്ടുള്ളത്. 1994ലെ പ്രസിഡന്റ് റോമൻ ഹെർസോഗ് മുതൽ 2017ലെ ജോക്കിങ് ഹൗക്ക് വരെയുള്ള ജർമൻ പ്രസിഡന്റുമാരുടെ സമീപനവും അതുതന്നെയായിരുന്നു. മിക്കവാറും എല്ലാ യൂറോപ്യൻ രാജ്യങ്ങളും ഒരോ കാലത്തും ഒരു പ്രത്യേക അനുപാതത്തിൽ കുടിയേറ്റക്കാരെ സ്വീകരിച്ചിരുന്നു എന്നു കാണാം. ജർമനി ഇംഗ്ലണ്ട്, ഫ്രാൻസ് സ്പെയിൻ, നോർവ തുടങ്ങി കാനഡവരെ ഓരോ വർഷവും ഇത്രയിത്ര കുടിയേറ്റക്കാരെ സ്വീകരിക്കാമെന്ന് വ്യവസ്ഥയുണ്ടാക്കുകയും കുടിയേറ്റക്കാർക്ക് എല്ലാ സഹായവും ചെയ്തു കൊടുക്കുകയുമുണ്ടായിട്ടുണ്ട്. അതിനു നേതൃത്വം നല്കിയതാവട്ടെ ഫ്രാൻസും ജർമനിയുമാണ്.
എന്നാൽ, ഇന്നു നമ്മൾ കാണുന്നത് അഭയം നല്കിയ രാജ്യത്തിനെതിരേ കുടിയേറ്റക്കാർ വളരെ മോശമായ രീതിയിൽ പ്രതികരിക്കുന്നതാണ്. കുടിയേറ്റക്കാരുടെ ഈ നടപടി അവർക്ക് എതിരായി മാത്രമേ വരുകയുള്ളൂവെന്ന് അവർ മനസിലാക്കുന്നില്ല. ഭരണാധികാരികൾ മാത്രമല്ല, നാട്ടുകാർ ഒന്നടങ്കം അവർക്കെതിരാവും എന്ന കാര്യത്തിൽ സംശയം വേണ്ട.
നിലവിലത്തെ സ്ഥിതി പരിശോധിക്കുകയാണെങ്കിൽ മിക്കവാറും എല്ലാ യൂറോപ്യൻ രാജ്യങ്ങളും നിയമാനുസൃതമായും അല്ലാതെയുമുള്ള കുടിയേറ്റത്തെ ഒഴിവാക്കാൻ ഔദ്യോഗികമായിത്തന്നെ തീരുമാനമെടുത്തുകഴിഞ്ഞു. ജർമനിയിൽ ഈ അടുത്തക്കാലത്തുണ്ടായ തെരഞ്ഞെടുപ്പിൽ ഹിറ്റ്ലറുടെ പിൻഗാമി എന്നറിയപ്പെടുന്ന എഎഫ്ഡി പാർട്ടി അവിടത്തെ വളരെ പ്രധാനപ്പെട്ട രണ്ട് സംസ്ഥാനങ്ങളിൽ ജയിച്ചുകഴിഞ്ഞു. ഭരിക്കുന്ന പാർട്ടിയുടെ സ്ഥാനാർഥികളെ വളരെ ദയനീയമായിട്ടാണ് അവർ പരാജയപ്പെടുത്തിയത്.
ഫ്രാൻസിലെ പ്രമുഖ തീവ്ര വലതുപക്ഷ ദേശീയ റാലി പാർട്ടിയുടെ നേതാവായ മറൈൻ ലെ പെൻ പറയുന്നത്, “ഒരു കുടിയേറ്റക്കാരനും ഫ്രാൻസിൽ വേണ്ട” എന്നാണ്. ഫ്രാൻസിൽ നടക്കുന്ന അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നത് ഈ വാക്കുകൾ തന്നെയാവും.
ഹോളണ്ടിലെ തീവ്ര ദേശീയ വലതുപക്ഷ പാർട്ടി നേതാവ് ഗീർട്ട് വിൽഡേഴ്സ് കുടിയേറ്റക്കാർക്കെതിരായി കടുത്ത തീരുമാനം എടുത്തു. ഇറ്റലിയുടെ ചരിത്രത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായ, ബ്രദേഴ്സ് ഓഫ് ഇറ്റലി പാർട്ടിയിലെ ജോർജിയ മെലോണി കുടിയേറ്റക്കാരുടെ കാര്യത്തിൽ വളരെ കർശനനടപടിയെടുത്തു.
ആഫ്രിക്കയുടെ വടക്കേ അറ്റത്ത്, മൊറോക്കോയുമായി അതിർത്തി പങ്കിടുന്ന സ്പെയ്നിന്റെ രണ്ട് സ്വയംഭരണ നഗരങ്ങളാണ് സ്യൂട്ടയും മെലീലയും. ആഫ്രിക്കയിൽനിന്ന് ആയിരക്കണക്കിന് കുടിയേറ്റക്കാരാണ് ഇവിടെ എത്തിച്ചേർന്നിട്ടുള്ളത്. ഇക്കാര്യത്തെച്ചൊല്ലി പതിനാലു കിലോമീറ്റർ മാത്രം അടുത്തടുത്ത് സ്ഥിതി ചെയ്യുന്ന സ്പെയിനും ആഫ്രിക്കയും തമ്മിൽ ഈയടുത്തകാലത്തുണ്ടായ വലിയ പ്രശ്നം നമ്മൾ കണ്ടതാണ്. മാത്രമല്ല, കുടിയേറ്റ പ്രശ്നത്തെത്തുടർന്ന് സ്പെയിൻ സർക്കാർ നിലംപതിക്കുകയും ചെയ്തു.
കുടിയേറ്റക്കാരുടെ കാരണത്താൽ പല യൂറോപ്യൻ പ്രദേശങ്ങളിലും ഭരണം മാറിക്കൊണ്ടിരിക്കുന്നു. കുടിയേറ്റം ഒഴിപ്പിക്കണമെന്ന നിലപാട് സ്വീകരിക്കുന്ന പാർട്ടികൾക്കാണ് അവിടങ്ങളിൽ വിജയം. കുടിയേറ്റങ്ങളെക്കുറിച്ച് ഭരണകൂടം മാത്രമല്ല കുടിയേറ്റക്കാരും ഗൗരവമായി ചിന്തിക്കണം.
തദ്ദേശീയരായ വിദ്യാർഥികളും പൊതുജനങ്ങളും സമാധാനപരമായി നടത്തുന്ന സമര പരിപാടികളിൽപോലും അവർ പങ്കെടുക്കാൻ പാടില്ല എന്നതാണ് നിയമം എന്നിരിക്കെ ഒരു രാജ്യത്തിന്റെ പൈതൃകസമ്പത്തും അടിസ്ഥാന സൗകര്യങ്ങളും നശിപ്പിച്ചാൽ സ്ഥിതിയെന്താവും? കുടിയേറ്റക്കാരെ നിർബന്ധമായും ഒഴിപ്പിക്കും എന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്വീകരിച്ച അതേ നിലപാടുതന്നെയാവും യൂറോപ്യൻ രാജ്യങ്ങളിൽ വരാൻ പോകുന്ന ഭരണകൂടങ്ങളും സ്വീകരിക്കുക എന്നതിൽ ഒരു സംശയവും വേണ്ട.
ട്രംപ് പറയുന്ന എല്ലാ കാര്യങ്ങൾക്കും ലോകത്തിന്റെ പിന്തുണയില്ലെങ്കിലും ഇക്കാര്യത്തിൽ മറ്റുള്ളവർ ട്രംപിനെ പിന്തുണയ്ക്കുമെന്നത് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. വിരുന്നുകാർ വീട് കൈയേറി, സാധന സാമഗ്രികൾ നശിപ്പിച്ച് വീട്ടുകാരെ പുറത്താക്കിയാൽ വീട്ടുകാർ മാത്രമല്ല, അയൽക്കാർ പോലും വിരുന്നുകാർക്കെതിരാവും എന്നത് സാമാന്യ യുക്തിയാണ്.
Tags : Europe Fire Protests Strike Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash