ഷാജികുമാർ
കാമറയ്ക്കു പിന്നിൽ ശാന്തനും സൗമ്യനുമായിരുന്നു ഷാജികുമാർ. പക്ഷേ കാമറക്കണ്ണുകളിലൂടെ അദ്ദേഹം കണ്ടത് ദൃശ്യങ്ങളുടെ തിരയിളക്കമായിരുന്നു. ചടുലവും സംഘർഷഭരിതവുമായ ദൃശ്യങ്ങൾ ഷാജിയുടെ കാമറയിലൂടെ പ്രേക്ഷകർ ആസ്വദിച്ചപ്പോൾ അതെല്ലാം വെളളിത്തിരയിലെ വിസ്മയങ്ങളായി.
നരനും പുലിമുരുകനും പോലെ ഒരു സിനിമാട്ടോഗ്രാഫർക്ക് ഏറെ വെല്ലുവിളി ഉയർത്തുന്ന ചിത്രങ്ങൾ അതിസാഹസികമായാണ് അദ്ദേഹം കാമറയിൽ പകർത്തിയത്. ഷൂട്ടിംഗ് ലൊക്കേഷനിൽ അദ്ദേഹത്തിന്റെ ജോലി കണ്ടുനില്ക്കുന്ന ആർക്കും അതു പുറമേ തോന്നിയിരുന്നില്ല. ഒട്ടും ബഹളങ്ങളില്ലാതെ, വളരെ സാധാരണ രീതിയിലാണ് അദ്ദേഹം പല സാഹസിക രംഗങ്ങളും പകർത്തിയത്. എന്നാൽ അത്തരം രംഗങ്ങളിൽ സംവിധായകനും സഹതാരങ്ങൾക്കും അദ്ദേഹം പകർന്നു നല്കിയ ആത്മവിശ്വാസം ചെറുതല്ലായിരുന്നു. അതുകൊണ്ടുതന്നെയാവാം മാസ് ദൃശ്യവിരുന്നൊരുക്കാൻ സംവിധായകരുടെ ആദ്യ ചോയ്സ് ആയി ഷാജി മാറിയതും.
പെരുമ്പാവൂരിന്റെ ബന്ധങ്ങളിൽ സിനിമയിലേക്ക്
സിനിമാ ഛായാഗ്രാഹകനാകുക ഷാജിയുടെ എക്കാലത്തെയും മോഹമായിരുന്നു. പെരുന്പാവൂരുകാരനായ അദ്ദേഹത്തിന് നാട്ടുകാരായ രണ്ടു സിനിമാക്കാർ തന്നെ അതിനു സഹായം നല്കുകയും ചെയ്തു. നടൻ ജയറാമും നിർമാതാവ് ആന്റണി പെരുന്പാവൂരും. പ്രീഡിഗ്രി പഠനത്തിനുശേഷം സിനിമ തലയ്ക്കുപിടിച്ച അദ്ദേഹം കൂട്ടുകാരന്റെ ബന്ധുവായ കാമറാമാൻ അഴഗപ്പന്റെ അസിസ്റ്റന്റായി കരിയർ തുടങ്ങി. പിന്നീട് വിപിൻ മോഹനൊപ്പവും ഒട്ടേറെ ചിത്രങ്ങളിൽ പ്രവർത്തിച്ചു.
ചെറുപ്പം മുതൽ ഷാജിയുടെ കഴിവിനെ അടുത്തറിയാവുന്ന ജയറാമാണ് ആദ്യമായി ഒരു സ്വതന്ത്ര കാമറാമാനാകാനുള്ള അവസരം ഒരുക്കിയത്. 2001ൽ റിലീസായ ജയറാം ചിത്രം "ഉത്തമനി' ലൂടെ ഛായാഗ്രാഹകനായി മികച്ച തുടക്കമാണ് അദ്ദേഹം നേടിയത്. പിന്നീടങ്ങോട്ട് ഓരോ ചിത്രങ്ങളിലൂടെയും ഷാജികുമാർ എന്ന കാമറാമാന്റെ പൾസ് പ്രേക്ഷകർക്ക് അനുഭവപ്പെട്ടുതുടങ്ങി. മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, പൃഥ്വിരാജ് തുടങ്ങി മുൻനിര താരങ്ങളുടെയെല്ലാം ഇഷ്ട കാമറാമാനായി ചുരുങ്ങിയ കാലം കൊണ്ട് അദ്ദേഹം മാറി.
അദ്ഭുതപ്പെടുത്തിയ നരൻ
ഷാജിയുടെ കരിയറിലെ വഴിത്തിരവായിരുന്നു ജോഷി സംവിധാനം ചെയ്ത നരൻ എന്ന ചിത്രം. അതിലേക്കു വഴിതുറന്നത് നാട്ടുകാരനായ നിർമാതാവ് ആന്റണി പെരുന്പാവൂർ. കാമറ കൊണ്ട് ഇന്ദ്രജാലം കാട്ടേണ്ട ഒട്ടേറെ സീനുകളുള്ള ചിത്രം ആന്റണി, ഷാജിയെ ഏൽപിച്ചതും അദ്ദേഹത്തിന്റെ കഴിവിലുള്ള വിശ്വാസംകൊണ്ടായിരുന്നു. ചിത്രം റിലീസായപ്പോൾ ഏറെ സംസാരവിഷമായത് കാമറ തന്നെയായിരുന്നു. അതോടെ ഷാജികുമാറിന് മാസ് സിനിമകളുടെ ഛായാഗ്രാഹകൻ എന്ന മുഖമുദ്ര വന്നു. എങ്കിലും എല്ലാ രീതിയിലുള്ള ചിത്രങ്ങളും തനിക്കു വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചുകൊണ്ടിരുന്നു. കാമറാമാനെ സംബന്ധിച്ച് എല്ലാ അർഥത്തിലും റിസ്്ക് നിറഞ്ഞ ചിത്രമായിരുന്നു നരൻ.
കുത്തിയൊഴുകുന്ന പുഴയ്ക്കു നടുവിൽ മരത്തിൽ പിടിച്ചുയരുന്ന മുള്ളൻകൊല്ലി വേലായുധന്റെ സീനുകൾ പ്രേക്ഷകർ കോരിത്തരിപ്പോടെയാണ് കണ്ടതെങ്കിലും കാമറാമാനെ സംബന്ധിച്ച് അത് വലിയ വെല്ലുവിളിയായിരുന്നു. കനത്ത മഴക്കാലത്തായിരുന്നു കാടിനുള്ളിലെ ഷൂട്ടിംഗ്. പുഴയിലെ കുത്തൊഴുക്കിൽ അതിസാഹസികമായാണ് ഷാജി ചിത്രീകരണം പൂർത്തിയാക്കിയത്. ജോഷി എന്ന ക്രാഫ്റ്റ്മാൻ മനസിൽ കണ്ട ദൃശ്യങ്ങൾ അതേ മാസ്മരികതയോടെ ചിത്രീകരിക്കാൻ ഷാജിക്കു കഴിഞ്ഞു.
പുലിമുരുകൻ മാസ്റ്റർപീസ്
നരനുശേഷം കാമറയിൽ അദ്ഭുതം കാട്ടിയ മറ്റൊരു ചിത്രമായിരുന്നു പുലിമുരുകൻ. ഷാജിയുടെ മാസ്റ്റർപീസ് എന്നുതന്നെ ചിത്രത്തെ വിശേഷിപ്പിക്കാം. ഏതു നിമിഷവും കടുവയുടെ ആക്രമണം പ്രതീക്ഷിച്ച് ജീവൻ പണയം വച്ച് ചിത്രീകരിച്ച സിനിമയെന്നാണ് ഷാജി പല അഭിമുഖങ്ങളിലും ചിത്രത്തിന്റെ ഷൂട്ടിംഗ് ദിനങ്ങളെ ഓർമിച്ചത്. കടുവയുടെ സാന്നിധ്യത്തിനൊപ്പം വഴുക്കലും അപകടം നിറഞ്ഞതുമായ പുഴകളിലെ ചിത്രീകരണവുമെല്ലാം വളരെ സാഹസികമായാണ് ഷാജി കൈകാര്യം ചെയ്തത്. കടുവയുടെ പരിശീലകർ നല്കുന്ന സിഗ്നലുകൾക്കനുസരിച്ചുള്ള ചിത്രീകരണം ഭയപ്പെടുത്തുന്നതായിരുന്നുവെങ്കിലും കാമറാമാൻ എന്ന രീതിയിൽ അതുതന്നെ ഏറെ ത്രില്ലടിപ്പിച്ചുവെന്ന് അദ്ദേഹം ഓർമിച്ചിരുന്നു.
തുടരുന്ന ഹിറ്റുകൾ
മോഹൻലാലിന്റെ മെഗാഹിറ്റ് ചിത്രം "തുടരും' ഷാജിയുടെ മറ്റൊരു പൊൻതൂവലായി. ചിത്രത്തിലെ രാത്രിസീനുകളുടെ പെർഫെക്ഷൻ അപാരമായിരുന്നു. സിനിമയുടെ പ്രധാന ലൊക്കേഷനുകളായ വാളയാറിലും ധോണിയിലുമെല്ലാം ഷാജിയുടെ കാമറ പറന്നുനടന്നു. ഉൾക്കാടും ഉരുൾപൊട്ടലും മഴയുമെല്ലാം ആ സിനിമയുടെ പ്രധാന ആകർഷണമായപ്പോൾ ഷാജിയുടെ കാമറയുടെ പങ്ക് ചെറുതല്ലായിരുന്നു.
വിജയങ്ങൾക്കിടയിലെ വേദനകൾ
സിനിമയിലെ വിജയങ്ങൾക്കിടയിലും വ്യക്തിജീവിതത്തിൽ ഒട്ടേറെ വേദനകൾ അദ്ദേഹത്തിനുണ്ടായി. പെരുന്പാവൂരിലെ ഇടത്തരം കുടുംബത്തിൽ ജനിച്ച അദ്ദേഹത്തിന്റെ സിനിമാ സ്വപ്നങ്ങൾക്ക് എന്നും പിന്തുണ നല്കിയത് അമ്മയാണ്. പഠനം പാതിവഴിയിൽ നിറുത്തി കാമറാമാനാകാൻ തുനിഞ്ഞപ്പോൾ അമ്മയുടെ പിന്തുണ വളരെ വലുതായിരുന്നു. പക്ഷേ ആദ്യ ചിത്രമായ ഉത്തമന്റെ റിലീസിനു തൊട്ടുമുന്പ് അമ്മ മരിച്ചു. പുലിമുരുകൻ തിയറ്ററിൽ തകർത്തോടുന്പോൾ ആ വിജയം കാണാൻ ഭാര്യയുണ്ടായില്ല. കാൻസറിന്റെ ഇരയായി അവർ.
ഇപ്പോൾ മോഹൻലാലിനും തരുൺ മൂർത്തിക്കുമൊപ്പം ഒരുക്കിയ അതിമനോഹരം എന്ന ചിത്രം റിലീസിനു തയാറെടുക്കുന്പോൾ ഷാജിയും യാത്രപറയുകയാണ്. ആ വിടപറച്ചിൽ വലിയൊരു ആഘാതമാണ് സഹപ്രവർത്തകർക്കും സിനിമാ പ്രേമികൾക്കും നല്കുന്നത്.
Tags : Cinematographer Films Shajikumar Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash