ദാരിദ്ര്യവും ദാമ്പത്യതകർച്ചയും കാരണം കടുത്ത വിഷാദരോഗത്തിന് അടിമപ്പെടുകയും ആത്മഹത്യയെക്കുറിച്ചുവരെ ചിന്തിക്കുകയും ചെയ്ത ഒരു കാലമുണ്ടായിരുന്നു ജെ.കെ. റൗളിംഗിന്. എന്നാൽ, തന്റെ മാനസിക തകർച്ചകളെ അക്ഷരങ്ങളിലേക്ക് ആവാഹിച്ചാണ് അവർ ‘ഹാരി പോട്ടർ’ എന്ന അദ്ഭുതലോകം സൃഷ്ടിച്ച് ലോകത്തെ ഏറ്റവും സ്വാധീനമുള്ള എഴുത്തുകാരിയായത്.
ഇത്തരം യഥാർഥ അതിജീവന അനുഭവങ്ങൾ ഒരുപാടു പേരെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചിട്ടുണ്ട്. ലോക മാനസികാരോഗ്യ ഫെഡറേഷന്റെ ഈ വർഷത്തെ പ്രമേയംതന്നെ ‘ജീവിതാനുഭവങ്ങളുടെ ശബ്ദം: യഥാർഥ ശബ്ദങ്ങൾ, യഥാർഥ മാറ്റങ്ങൾ’ എന്നതാണ്. മനുഷ്യർ നേരിടുന്ന യഥാർഥ പ്രയാസങ്ങൾക്ക് കാതോർക്കാനുള്ള ആഹ്വാനമാണിത്.
ഓഫിസിലെ കസേരയിലിരുന്ന് കൈകൾ വിറയ്ക്കുന്നത് മറയ്ക്കാൻ ശ്രമിക്കുന്ന മുപ്പതുകാരൻ, അകാരണമായ ഭയത്താൽ ഉറക്കം നഷ്ടപ്പെടുന്ന വിദ്യാർഥികൾ, വിഷാദത്തിന്റെ കറുത്ത തടവറയിൽ അകപ്പെട്ടുപോകുന്ന വീട്ടമ്മമാർ, ജീവിതത്തിന്റെ വെല്ലുവിളികളെ നേരിടാൻ കഴിയാതെ നിരാശയുടെ പിടിയിൽ കഴിയുന്ന മധ്യവയസ്കർ - ഇത്തരത്തിലുള്ള വേദനയുടെ വ്യത്യസ്ത മുഖങ്ങളാണ് അനുദിനവും നാം കണ്ടുവരുന്നത്.
എന്നാൽ, അവരെയെല്ലാം ഒരുപോലെ അലട്ടുന്നത് ‘എന്തുകൊണ്ട് എനിക്കു മാത്രം ഇങ്ങനെ സംഭവിക്കുന്നു?’ എന്ന ഒറ്റപ്പെടലിന്റെ ചിന്തയാണ്. അതുകൊണ്ടുതന്നെ, മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കൃത്യമായ ബോധവത്കരണം നൽകാനും അതിജീവനത്തിനുള്ള വഴികൾ കാട്ടിക്കൊടുക്കാനും നാം മുന്നോട്ടു വരേണ്ടത് അത്യന്താപേക്ഷിതമാണ്.