ലെയോ പതിനാലാമൻ മാർപാപ്പ
പാരിസ്-വിശ്വാസത്തിന്റെ മഹാസംഗമങ്ങൾ
പാരിസിലെ പ്രസിദ്ധവും പൗരാണികവുമായ നോത്ര്ദാം കത്തീഡ്രൽ സന്ദർശനം പാപ്പായുടെ ഫ്രാൻസ് യാത്രയുടെ ഹൃദയസ്പർശിയായ ഏടുകളിലൊന്നാവും. 2019ലെ തീപിടിത്തത്തിൽ ഭാഗികമായി തകർന്ന കത്തീഡ്രൽ വിസ്മയകരമായ പുനരുദ്ധാരണത്തിനുശേഷം വീണ്ടും വിശ്വാസികൾക്കും സന്ദർശകർക്കുമായി തുറന്നുകൊടുത്തിരുന്നു. നൂറ്റാണ്ടുകളായി ഫ്രാൻസിന്റെ ദേശീയ ചരിത്രത്തിലെ എണ്ണമറ്റ മുഹൂർത്തങ്ങൾക്ക് സാക്ഷ്യംവഹിച്ച ഈ കത്തീഡ്രലിൽ പരിശുദ്ധ പിതാവെത്തി പ്രാർഥനയ്ക്ക് നേതൃത്വം നൽകുന്നത് നീണ്ട ചരിത്രപരമ്പരയിലേക്കുള്ള പുതിയ കൂട്ടിച്ചേർക്കലാണ്.
ഇന്നു രാത്രി പാരിസിലെ സ്റ്റാഡ് ദ് ഫ്രാൻസ് ഫുട്ബോൾ സ്റ്റേഡിയം പാപ്പായോടൊപ്പമുള്ള വലിയ യുവജന-പ്രാർഥനാ സമ്മേളനത്തിന് വേദിയാകും. 17 മുതൽ 35 വരെ പ്രായമുള്ള യുവാക്കൾക്കായുള്ള ഈ മഹാസംഗമത്തിന്റെ 80,000 സീറ്റുകളും വിതരണത്തിനെത്തി ആദ്യമണിക്കൂറിൽതന്നെ തീർന്നുവെന്നത് അതിശയകരമാണ്. കായിക, സംഗീത പ്രതിഭകളുടെ പരിപാടികൾക്ക് സമാനമായ ഈ ആവേശം ഫ്രഞ്ച് യുവാക്കൾക്കിടയിൽ പരിശുദ്ധപിതാവിനോടുള്ള താൽപര്യത്തിന്റെ ആഴം വ്യക്തമാക്കുന്നു.
നാളെ രാവിലെ പാപ്പാ ആദ്യമെത്തുന്നത് മേസോൺ ബഖിത (Maison Bakhita) എന്ന കെയർ സെന്ററിലാണ്. സുഡാനിൽ അടിമയായി ജനിച്ച് പിന്നീട് ഇറ്റലിയിൽ സന്യാസിനിയായി മാറി, 2000ൽ കത്തോലിക്ക സഭയിൽ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട വിശുദ്ധ ജോസഫിൻ ബഖിതയുടെ നാമധേയത്തിലുള്ള ഈ സ്ഥാപനം പാരിസിലെ അഭയാർഥികളുടെയും കുടിയേറ്റക്കാരുടെയും ആശാകേന്ദ്രമാണ്.
പിന്നീട് പാപ്പായെത്തുന്നത് പുരാതന പാരിസ് സർവകലാശാലയുടെ ധൈഷണിക പൈതൃകത്തിന്റെ തുടർച്ചയായ ‘കാത്തലിക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരിസി’ലേക്കാണ്. ആധുനിക ഫ്രഞ്ച് കത്തോലിക്കാ ദൈവശാസ്ത്രത്തിന്റെ ഹൃദയഭൂമിയാണിത്. ഇവിടെവച്ച് പാപ്പാ ലെയോ പതിനാലാമൻ, പുതുതായി വിശ്വാസം സ്വീകരിച്ചവരുടെയും ജ്ഞാനസ്നാനാർഥികളുടെയും പ്രതിനിധികളുമായി നടത്തുന്ന കൂടിക്കാഴ്ച ക്രിസ്തുവിനെ അന്വേഷിക്കുന്നവരെ കേൾക്കാനും സ്വീകരിക്കാനും സഭ പ്രതിജ്ഞാബദ്ധമാണെന്നതിന്റെ പ്രഖ്യാപനമാണ്. കഴിഞ്ഞവർഷം ഫ്രാൻസിൽ വിവിധ രൂപതകളിലായി 21,000ത്തിലധികം മുതിർന്നവർ ക്രൈസ്തവവിശ്വാസം സ്വീകരിച്ചുവെന്ന ആത്മീയ സന്തോഷത്തിന്റെ പശ്ചാത്തലത്തിലാണ് ഈ കൂടിക്കാഴ്ച.
‘കാത്തലിക് ഇൻസ്റ്റിറ്റ്യൂട്ട്’ സമുച്ചയത്തിലുള്ള കാർമൽ സെമിനാരി ദേവാലയവും മാർപാപ്പ സന്ദർശിക്കുന്നുണ്ട്. 1792ൽ ഫ്രഞ്ച് വിപ്ലവകാലത്ത് നിരവധി വൈദികരും സന്യസ്തരും രക്തസാക്ഷികളാക്കപ്പെട്ട സ്ഥലമാണിത്. അവരുടെ തിരുശേഷിപ്പുകൾ ഈ ദേവാലയത്തിന്റെ ഭൂഗർഭഅറയിലുണ്ട്.
കോൺകോർദ് ചത്വരത്തിൽ വിശ്വാസ മഹാസംഗമം
പാരിസിന്റെ ഹൃദയമായ ‘പ്ലാസ് ദ ലാ കോൺകോർദിൽ’ തന്റെ അപ്പസ്തോലിക സന്ദർശനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആത്മീയനിമിഷമായി മാർപാപ്പ വിശുദ്ധ കുർബാനയർപ്പിക്കും. ഈ ചത്വരത്തോടു ചേർന്നുള്ള കമനീയ രാജവീഥിയായ ‘ഷാംസ് എലീസെ’യിലും വലിയ ജനസാന്നിദ്ധ്യം പ്രതീക്ഷിക്കുന്നുണ്ട്. ആറു ലക്ഷത്തിൽപരം വിശ്വാസികൾ പാപ്പായുടെ ദിവ്യബലിയിൽ പങ്കെടുക്കുവാൻ പേരു നൽകിയിരിക്കുന്നുവെന്നത് പരിശുദ്ധപിതാവിനെ സ്വീകരിക്കാൻ ഫ്രാൻസ് അത്യധികം ഉത്സാഹത്തോടെ കാത്തിരിക്കുന്നുവെന്നതിന്റെ സൂചനയാണ്. 26നു വൈകുന്നേരം മരിയൻതീർഥാടന കേന്ദ്രമായ ലൂർദിൽ എത്തുന്ന പാപ്പാ അന്നുതന്നെ അവിടത്തെ പ്രസിദ്ധമായ ‘മസബിയേൽ ഗ്രോട്ടോ’യിൽ പ്രാർഥനാശുശ്രൂഷയിൽ പങ്കെടുക്കും. 27നു ലൂർദ് സങ്കേതത്തിലെ വിശാലമായ പുൽത്തകിടിയിൽ പാപ്പാ ദിവ്യബലി അർപ്പിക്കും. ഒന്നരലക്ഷത്തോളം പേർ ഈ ബലിയിൽ നേരിട്ട് പങ്കാളികളാകും. ലൂർദ് തീർഥാടനത്തിന്റെ മുഖമുദ്രയായ സായാഹ്ന ജപമാല പ്രദക്ഷിണത്തിലും പങ്കുചേർന്നാണ് പരിശുദ്ധ പിതാവ് തന്റെ തീർഥാടനം അവസാനിപ്പിക്കുന്നത്.
അതിർത്തിനഗരമായ മെറ്റ്സിൽ
ഫ്രാൻസ് സന്ദർശനത്തിന്റെ അവസാന ദിവസമായ 28ന് ലെയോ പതിനാലാമൻ പാപ്പാ ജർമൻ അതിർത്തിക്കടുത്തുള്ള മെറ്റ്സ് നഗരത്തിലെത്തും. പാപ്പായുടെ ഇവിടത്തെ സന്ദർശനത്തിന്റെ പ്രധാനവേദി റോബർട്ട് ഷൂമാൻ കോൺഗ്രസ് സെന്ററാണ്. ഇവിടെ നടക്കുന്ന മതാന്തര കൂടിക്കാഴ്ച മാർപാപ്പയുടെ സന്ദർശനത്തിന്റെ പ്രധാന ഇനമാണ്. കൂടാതെ, ‘സമാധാനത്തിനും ഐക്യത്തിനുമായി യൂറോപ്യൻ വേരുകളിലേക്ക്’ എന്ന പ്രമേയത്തിലൂന്നി പരിശുദ്ധ പിതാവ് സംസാരിക്കുകയും ചെയ്യും. യൂറോപ്യൻ ഐക്യത്തിന്റെ രൂപീകരണത്തിൽ നിർണായക പങ്കുവഹിച്ച ഫ്രഞ്ച് രാഷ്ട്രതന്ത്രജ്ഞനും കത്തോലിക്കനുമായ റോബർട്ട് ഷൂമാന്റെ പേരിലുള്ള സമ്മേളനവേദിതന്നെ പ്രതീകാത്മകമാണ്.
മെറ്റ്സും സമീപപ്രദേശങ്ങളും ഫ്രാൻസ്-ജർമൻ സംഘർഷങ്ങളുടെയും അതിർത്തിത്തർക്കങ്ങളുടെയും ഇടമായിരുന്നെങ്കിൽ, ഇന്ന് യൂറോപ്യൻ ഐക്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം ഉയർത്തുന്ന നഗരമായി മാറിയിരിക്കുന്നു. ആ ചരിത്രമാണ് ഈ നഗരത്തെ മാർപാപ്പയുടെ യാത്രയുടെ സമാപനവേദിയാക്കുന്നത്. യൂറോപ്പ് അതിന്റെ ക്രൈസ്തവവും മാനവികവുമായ വേരുകളെ ഓർത്തുകൊണ്ട് ഒരുമയോടെ ഭാവിയിലേക്കു മുന്നേറണമെന്ന ആഹ്വാനം പാപ്പായുടെ മെറ്റ്സ് സന്ദർശനത്തിൽ അന്തർലീനമാണ്. മെറ്റ്സിന്റെ നഗരവീഥികളിലൂടെ പാപ്പാമൊബീലിൽ സഞ്ചരിച്ചശേഷം നഗരത്തിന്റെ ആത്മീയഹൃദയമായ സെന്റ് സ്റ്റീഫൻ കത്തീഡ്രലിൽ അർപ്പിക്കുന്ന വിശുദ്ധബലി ഫ്രാൻസ് സന്ദർശനത്തിന്റെ ആത്മീയ പര്യവസാനമായിത്തീരും.
18 വർഷത്തെ ഇടവേളയ്ക്കുശേഷം ഒരു മാർപാപ്പ ഔദ്യോഗിക അപ്പസ്തോലിക് സന്ദർശനത്തിനായി ഫ്രാൻസിലെത്തുമ്പോൾ അത് ആ രാജ്യത്തെമാത്രം ബാധിക്കുന്ന കാര്യമല്ലെന്ന് വ്യക്തമാണ്. മതനിരപേക്ഷതയ്ക്കു കേൾവികേട്ട ഒരു നാട്ടിൽ പരിശുദ്ധ പിതാവിനെ കാണാനും ശ്രദ്ധിക്കാനും ദശലക്ഷക്കണക്കിന് വിശ്വാസികൾ കാണിക്കുന്ന ആവേശം, മാനവികതയെ സംബന്ധിച്ച തുറന്ന സംഭാഷണങ്ങൾ, യൂറോപ്പിനുള്ള ഐക്യത്തിന്റെ ആഹ്വാനം ഇവയെല്ലാം ചേർന്ന് ഈ സന്ദർശനത്തെ ഫ്രാൻസിന്റെ അതിരുകൾക്കപ്പുറം പ്രസക്തമാക്കുന്നു.
Tags : GreatPilgrim France Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash