പ്രതീകാത്മക ചിത്രം - എഐ
എച്ച്എല്‍ഡബ്ല്യുജി റിപ്പോര്‍ട്ടിലെ ഭൂരിഭാഗം നിര്‍ദേശങ്ങളും കര്‍ഷകവിരുദ്ധമാണ്. കര്‍ഷകര്‍ക്ക് ഭയവും ആശങ്കയുമുണ്ട്. ജനവാസ കേന്ദ്രങ്ങളെ ഇഎസ്എയില്‍ ഉള്‍പ്പെടുത്തിയതുള്‍പ്പടെയുള്ള നിര്‍ദേശങ്ങള്‍ അശാസ്ത്രീയവും അന്യായവുമാണ്.
1. ഒരു ചതുരശ്ര കിലോമീറ്ററില്‍ നൂറില്‍ കൂടുതല്‍ ജനസാന്ദ്രതയുള്ള പ്രദേശങ്ങളെ ഇഎസ്എയില്‍ ഉള്‍പ്പെടുത്തുകയില്ല എന്നുപറയുന്ന എച്ച്എല്‍ഡബ്ല്യുജി റിപ്പോര്‍ട്ട് കേരളത്തിലെ ചതുരശ്ര കിലോമീറ്ററില്‍ നൂറില്‍ കൂടുതല്‍ ജനവാസമുള്ള 173 വില്ലേജുകളെ എങ്ങനെ ഇഎസ്എയില്‍ ഉള്‍പ്പെടുത്തി?
2. വൈല്‍ഡ് ഫീല്‍ഡ് സെന്‍സര്‍ ഉപയോഗപ്പെടുത്തി ആകാശത്തുനിന്നെടുക്കുന്ന ചിത്രങ്ങളെ ആസ്പദമാക്കി ഇഎഎസ്എ നിര്‍ണയിക്കുമ്പോള്‍ നിത്യഹരിത കൃഷിസ്ഥലങ്ങളും അതില്‍ ഉള്‍പ്പെടും. അംഗീകാരമില്ലാത്തതും ആവര്‍ത്തിച്ച് പരീക്ഷിച്ച് തെളിയിക്കാത്തതുമായ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇഎസ്എയുടെ പരിധി നിര്‍ണയിക്കുന്നത്. അതുകൊണ്ടാണ് പാറമടകളും പുല്‍മേടുകളും ഇഎസ്എയില്‍ വരാത്തത്.
3. വനവിസ്തൃതി 75 ശതമാനമായി വര്‍ധിപ്പിക്കണമെന്ന് ഡബ്ല്യുജിഇഇപിയിലും എച്ച്എല്ഡബ്ല്യുജിയിലും നിര്‍ദേശമുണ്ട്. എന്നാല്‍, എങ്ങനെ എന്നു പറയുന്നില്ല. വനത്തോടു ചേര്‍ന്നുകിടക്കുന്ന കര്‍ഷകന്റെ ഭൂമി വനമാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് കര്‍ഷകര്‍ക്ക് ആശങ്കയുണ്ട്. കേരള ഫോറസ്റ്റ് (വെസ്റ്റിംഗ് ആന്‍ഡ് മാനേജ്മെന്റ് ഓഫ് ഇഎഫ്എല്‍) ആക്ട് പ്രകാരം വനത്തോടു ചേര്‍ന്നുകിടക്കുന്ന ആധാരവും പട്ടയവുമുള്ള ഭൂമി പ്രതിഫലം നല്‍കാതെ ജണ്ട കെട്ടി വനംവകുപ്പ് കൈയേറി വനമാക്കിയതും വനമാക്കിക്കൊണ്ടിരിക്കുന്നതും മലയോര കര്‍ഷകര്‍ക്ക് അനുഭവമാണ്. നിയമനിര്‍മാണസഭ പാസാക്കിയ നിയമം കോടതിയില്‍ ചോദ്യം ചെയ്യാനാകില്ലെന്നും കോടതി നിയമം വ്യാഖ്യാനിക്കുകയേയുള്ളൂ, നിയമം നിര്മിക്കുകയില്ലെന്നും കര്‍ഷകര്‍ക്ക് ബോധ്യമുണ്ട്.
4. ഇപ്പോള്‍തന്നെ ആധാരം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഈ ഭൂമി മിച്ചഭൂമിയിലല്ല, ഇഎഫ്എല്‍ അല്ല എന്ന് എഴുതുന്നുണ്ട്. ഇതോടൊപ്പം ഇഎസ്എ അല്ല എന്നുകൂടി ചേര്‍ക്കണമെങ്കില്‍ ഭാവിയില്‍ ക്രയവിക്രയങ്ങള്‍ എങ്ങനെ നടത്തുമെന്ന് കര്‍ഷകര്‍ക്ക് ആശങ്കയുണ്ട്.
5. ഇഎഎസ്എയില്പ്പെട്ട മേഖലയില്‍ ആശുപത്രികള്‍, സസ്യ എണ്ണ ഉത്പാദന യൂണിറ്റുകള്‍, പെട്രോളിയം ഉത്പന്നങ്ങളുടെ സംഭരണം- വിതരണം, ടയര്‍ റീട്രേഡിംഗ് തുടങ്ങിയ നിത്യേന ഉപയോഗത്തില്‍ വേണ്ട വ്യവസായങ്ങള്‍ നിരോധിക്കുക വഴി മലയോര ജനതയുടെ മനുഷ്യാവകാശങ്ങള്‍ നിരോധിക്കുകയാണ്.
കാടും പശ്ചിമഘട്ടവും സംരക്ഷിക്കാനുള്ള ചില നിര്‍ദേശങ്ങള്‍ ചുവടെ
1. കാടിനെ നാളിതുവരെയും കാട്ടുതീയില്‍നിന്നും കാട്ടുകള്ളന്മാരില്നിന്നും സ്വന്തം ഉത്തരവാദിത്വത്തില്‍ സംരക്ഷിച്ചു പോരുന്നവരാണ് സാക്ഷരരും പരിസ്ഥിതി മിത്രങ്ങളുമായ മലയോര കര്‍ഷകര്‍. പശ്ചിമഘട്ട മേഖലയില്‍ കര്‍ഷകരുടെ നിരവധി പരിസ്ഥിതി സംരക്ഷണസമിതികള്‍ ഉണ്ട്. ഇവയെ ഏകോപിപ്പിച്ചും ഇല്ലാത്ത ഭാഗങ്ങളില്‍ പുതിയവയ്ക്ക് രൂപം കൊടുത്തും സംസ്ഥാന തലത്തില്‍ ഏകോപിച്ച് പ്രവര്‍ത്തിക്കുന്ന എഫ് ഇസിഒയ്ക്ക് (ഫാര്‍മേഴ്സ് ഇക്കോളജി കണ്‍സര്‍വേഷന്‍ ഓര്ഗനൈസേഷന്-ഫെക്കോ) രൂപം നല്കാന് സര്‍ക്കാര്‍ സഹായം നല്‍കണം. ഫെക്കോ വഴി ലോക പൈതൃകസ്ഥാനങ്ങളും പശ്ചിമഘട്ട ജൈവ വൈവിധ്യവും പ്രായോഗികമായി സംരക്ഷിക്കാന്‍ കഴിയും.
2. എച്ച്എല്‍ഡബ്ല്യുജി റിപ്പോര്‍ട്ടില്‍ ഹരിതഗൃഹ വാതകമായ കാര്‍ബണ്‍ഡയോക്സൈഡ് ആഗിരണം ചെയ്യുന്നതിന്റെ അളവ് കൃഷിഭൂമിയിലും വനത്തിലും എത്രയായിരിക്കുമെന്ന് താരതമ്യപഠനം നടത്തിയിട്ടില്ല. വെള്ളവും വളവും പരിപാലനവും നല്കി കൃഷിക്കാര്‍ സംരക്ഷിക്കുന്ന കൃഷിഭൂമി നിബിഡവനങ്ങളേക്കാള് നിത്യഹരിതമാണ്. അതുകൊണ്ട് അന്തരീക്ഷത്തില്‍നിന്ന് ആഗികരണം ചെയ്യുന്ന കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവ് വനമേഖലയെക്കാള് കൃഷിഭൂമിയില്‍ കൂടുതലായിരിക്കും. സിഡിഎം (ക്ലീന്‍ ഡെവലപ്മെന്റെ മെക്കാനിസം) വഴി കാര്‍ബണ്‍ ക്രെഡിറ്റിന് ലഭിക്കുന്ന ഫണ്ട് അതിന്റെ യഥാര്‍ഥ അവകാശികളായ പശ്ചിമഘട്ടത്തിലെ കര്‍ഷകര്‍ക്ക് ലഭ്യമാക്കാനുള്ള നടപടി സർക്കാർ സ്വീകരിക്കണം.
Tags : ESA Unscientific Unjust InhabitedAreas Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash