ഡോ. സലിം അലി
പ്രകൃതിയുടെ ഓരോ തുടിപ്പിനും കാതോർത്ത് കാനനപാതകളിലൂടെ കാമറയും ബൈനോക്കുലറുമായി നടന്ന ‘ഇന്ത്യയുടെ പക്ഷിമനുഷ്യൻ’ ഡോ. സലിം അലിയുടെ ജന്മദിനമാണ് ഇന്ന്. രാജ്യം ദേശീയ പക്ഷിനിരീക്ഷണ ദിനമായും ആചരിക്കുന്നു. കേരളത്തിന്റെ അത്യപൂർവമായ ജൈവവൈവിധ്യവും പക്ഷിലോകവും ആദ്യമായി ശാസ്ത്രീയമായി രേഖപ്പെടുത്തപ്പെടുത്തിയതും ആഗോളശ്രദ്ധയിൽ കൊണ്ടുവന്നതും അലിയാണ്.
ശ്രീ ചിത്തിര തിരുനാളിന്റെ ക്ഷണം
1932ൽ ഹൈദരാബാദ് സംസ്ഥാന പക്ഷിശാസ്ത്ര പര്യവേക്ഷണത്തിൽ പങ്കെടുത്ത സലിം അലിയുടെ പഠനങ്ങൾ ശ്രദ്ധയിൽപെട്ട തിരുവിതാംകൂർ മഹാരാജാവ് ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ അദ്ദേഹത്തെ കൊട്ടാരത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. തുടർന്ന് തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങളിലെ പക്ഷിസമ്പത്തിനെക്കുറിച്ച് സമഗ്ര പഠനം നടത്താൻ സലിം അലിയെ ഔദ്യോഗികമായി ചുമതലപ്പെടുത്തി. ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയുടെയും തിരുവിതാംകൂർ സർക്കാരിന്റെയും സംയുക്ത സഹകരണത്തോടെ 1933 ജനുവരിയിലാണ് അദ്ദേഹം ഈ ചരിത്ര നിയോഗത്തിനായി കേരളമണ്ണിൽ കാലുകുത്തുന്നത്.
19 കേന്ദ്രങ്ങൾ; കാൽനടയായി കാനനപാതകളിലൂടെ
പത്തൊൻപതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ബൂർഡില്ലൺ, ഫെർഗൂസൺ, കിൻലോക്ക് തുടങ്ങിയ ബ്രിട്ടീഷ് പ്രകൃതിസ്നേഹികൾ ചില ഒറ്റപ്പെട്ട പഠനങ്ങൾ നടത്തിയിരുന്നെങ്കിലും കേരളത്തിൽ നടന്ന ആദ്യത്തെ സമഗ്രവും ശാസ്ത്രീയവുമായ പക്ഷി സർവേ 1933ലേതായിരുന്നു. തിരുവിതാംകൂറിലെയും കൊച്ചിയിലെയും തെരഞ്ഞെടുക്കപ്പെട്ട 19 പ്രധാന കേന്ദ്രങ്ങളിലായിരുന്നു പഠനം.
മറയൂരിൽനിന്ന് ആരംഭിച്ച പര്യവേക്ഷണം ചാലക്കുടി, പറമ്പിക്കുളം, മൂന്നാർ, കുമളി, ചെങ്കോട്ട, അച്ചൻകോവിൽ തുടങ്ങിയ അടിക്കാടുകൾ നിറഞ്ഞ മലയോരമേഖലകളിലൂടെ തുടർന്നു. കുരിയാർകുറ്റിയിലെ ഒരു ചെറിയ സത്രത്തിലിരുന്നാണ് സലിം അലി തന്റെ ഡാറ്റകൾ ഏകോപിപ്പിച്ച് പ്രാഥമിക വർഗീകരണത്തിന് രൂപം നൽകിയത്.
തട്ടേക്കാടിന്റെ കണ്ടെത്തലും പക്ഷിസങ്കേതവും
ഈ പര്യവേക്ഷണങ്ങൾക്കിടയിലാണ് എറണാകുളം ജില്ലയിലെ തട്ടേക്കാടിന്റെ സവിശേഷമായ ആവാസവ്യവസ്ഥ അദ്ദേഹം കണ്ടെത്തുന്നത്. ഉപദ്വീപീയ ഇന്ത്യയിലെതന്നെ ഏറ്റവും സമ്പന്നമായ പക്ഷിസങ്കേതമാണ് തട്ടേക്കാടെന്ന് പ്രഖ്യാപിച്ചത് സലിം അലിയായിരുന്നു. ആ വാക്കുകളോടുള്ള ആദരവായി 1983ൽ കേരളത്തിലെ ആദ്യ പക്ഷിസങ്കേതം ‘ഡോ. സലിം അലി പക്ഷിസങ്കേതം’ എന്ന പേരിൽ തട്ടേക്കാട്ട് നിലവിൽ വന്നു.
സർ സി.പി.യുടെ നിർബന്ധവും കേരളത്തിലെ പക്ഷികളും
പര്യവേക്ഷണ വിവരങ്ങളിൽ തത്പരനായ അന്നത്തെ ദിവാനായിരുന്ന സർ സി.പി. രാമസ്വാമി അയ്യരുടെ പ്രത്യേക നിർബന്ധത്തിനും പ്രേരണയ്ക്കും വഴങ്ങിയാണ് സലിം അലി താൻ ശേഖരിച്ച വിവരങ്ങൾ ഗ്രന്ഥരൂപത്തിലാക്കാൻ തയാറായത്. 1935-37 കാലഘട്ടത്തിൽ ബ്രിട്ടീഷ് പക്ഷിശാസ്ത്രജ്ഞനായ ഹ്യൂ വിസ്ലറുമായി ചേർന്ന് ‘ദി ഓർണിത്തോളജി ഓഫ് തിരുവിതാംകൂർ ആൻഡ് കൊച്ചിൻ’ എന്ന പേരിൽ എട്ടു ഭാഗങ്ങളുള്ള ഗവേഷണ പ്രബന്ധമായി ഇത് പുറത്തുവന്നു.
പിന്നീട് 1953ൽ ‘ബേർഡ്സ് ഓഫ് തിരുവിതാംകൂർ ആൻഡ് കൊച്ചിൻ’ എന്ന പുസ്തകമായും അമ്പതുകളിൽ ശേഖരിച്ച വിവരങ്ങൾകൂടി ഉൾപ്പെടുത്തി വിപുലീകരിച്ച് 1969ൽ ‘ബേർഡ്സ് ഓഫ് കേരള’ എന്ന ക്ലാസിക് ഗ്രന്ഥമായും മാറുകയായിരുന്നു.
Tags : Dr. Salim Ali Birds of Kerala Birdman of India National Bird Watching Day Biodiversity Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash