പ്രതീകാത്മക ചിത്രം
ലാറ്റിൻ ഭാഷയിൽ, പുരാതന റോമാ സാമ്രാജ്യത്തിലെ ഏതാനും പേർ എഴുതിയ വിശേഷപ്പെട്ട ജീവചരിത്രങ്ങളുടെ സമാഹാരമാണ് ‘ഹിസ്റ്റോറിയ ഒഗസ്ത’. ഇത് എഡി നാലാം നൂറ്റാണ്ടിലാണ് എഴുതപ്പെട്ടത്. റോമാ ചക്രവർത്തിമാരെക്കുറിച്ചുള്ള ജീവചരിത്രത്തിലാണ് ലോകത്തെ സ്വാധീനിച്ച, മഹത്തായ ജീവിതദർശനങ്ങളാലും നിരീക്ഷണങ്ങളാലും ഏവരെയും വിസ്മയിപ്പിച്ച, അനേകം എഴുത്തുകാർക്ക് പ്രിയപ്പെട്ട തത്വചിന്തകനായി മാറിയ മാർകസ് ഒറേലിയസിനെക്കുറിച്ച് (121-180) വിവരണമുള്ളത്. പിന്നീട് പല ചക്രവർത്തിമാരുടെയും ജീവചരിത്രങ്ങളിൽനിന്ന് ഒറേലിയസിനെക്കുറിച്ച് വിവരം ലഭിക്കുന്നുണ്ട്. റോമാ ചക്രവർത്തിയായിരുന്ന അദ്ദേഹം കുറിച്ചുവച്ച ചിന്തകൾ പിന്നീട് ‘മെഡിറ്റേഷൻസ്’ എന്ന പേരിൽ പ്രസിദ്ധീകരിക്കുകയായിരുന്നു.
അദ്ദേഹം പരിത്യാഗ ദർശനത്തിന്റെ വക്താവായിരുന്നു. ഈ ലോകത്തിലെ സമ്പത്തിലും സുഖങ്ങളിലും ഭ്രമിക്കാത്ത ഭരണകർത്താവായിരുന്നു അദ്ദേഹം. ഇതൊന്നും പ്രസിദ്ധീകരിക്കാൻവേണ്ടി എഴുതിയതായിരുന്നില്ല; തന്നോടുതന്നെ എന്ന പോലെ പറഞ്ഞ കാര്യങ്ങളാണ് പിന്നീട് വിശ്വ തത്വചിന്തയായി രൂപാന്തരം പ്രാപിച്ചത്. മാർകസ് ഒറേലിയസ് ഒരു പുനരുത്ഥാന മന്ത്രമാണ് തരുന്നത്. ജീവിതപതനത്തിൽ മനസിനു നഷ്ടം വരാതിരിക്കാൻ സഹായിക്കുകയാണ് അദ്ദേഹത്തിന്റെ ‘മെഡിറ്റേഷൻസ്’ എന്ന ഗ്രന്ഥം. “മുറിവേറ്റു എന്ന ബോധത്തെ നിരാകരിക്കുക; അപ്പോൾ മുറിവ് ഇല്ലാതാകും.”- അദ്ദേഹം എഴുതി.
ചെറിയ കാര്യങ്ങളിൽ സന്തോഷം ഉണ്ടാകാത്തവർക്ക് സന്തോഷം എന്ന സൗഭാഗ്യം ഒരിക്കലും കിട്ടുകയില്ല. അവർ വിദൂരമായ വലിയ കാര്യങ്ങളുടെ സന്തോഷത്തിനായി നിത്യേനയുള്ള സന്തോഷം നശിപ്പിക്കും. ഒടുവിൽ അവർക്ക് വലിയ കാര്യത്തിലുള്ള സന്തോഷം ലഭിക്കുകയാണെങ്കിൽ അതൊരു വാശിയുടെയും മത്സരത്തിന്റെയും ഫലമായി കിട്ടിയതാണെന്ന ചിന്ത മനസിനടിയിൽ പ്രവർത്തിക്കുന്നതുകൊണ്ട് അതിൽനിന്ന് ശരിയായ സന്തോഷം കിട്ടുകയില്ല. പല അഭിപ്രായങ്ങളും ചിന്തകളും നമ്മുടെ അന്തരീക്ഷത്തിലേക്ക് കടന്നുവരുന്നുണ്ട്. പല വ്യക്തികളും അവരുടെ സ്ഥാപിത താല്പര്യത്തിന്റെ പേരിൽ അഭിപ്രായങ്ങളും നിഗമനങ്ങളും കടത്തിവിടുകയാണ്.
ഇതെല്ലാം നമ്മളെ ബാധിക്കുന്ന കാര്യമാണോ? എന്താണ് ഇതിന്റെയൊക്കെ സത്യാവസ്ഥ? അത് അന്വേഷിക്കാൻപോലും സമയം തരാത്തവിധം വീണ്ടും അവർ പുതിയ അവകാശവാദങ്ങളും ചിന്തകളും കൊണ്ടുവന്ന് മറിക്കുകയാണ്. ഇത് പുതിയ കാര്യമല്ല; എന്നുമുണ്ടായിരുന്നു. സമൂഹത്തെ അബദ്ധതാല്പര്യങ്ങളും വ്യാജവ്യാമോഹങ്ങളും എപ്പോഴും പ്ലേഗ് പോലെ പിടികൂടുന്നു. ഇതിനെക്കുറിച്ച് ഒറേലിയസ് എഴുതുന്നത് ശ്രദ്ധേയമാണ്: “നമ്മൾ കേൾക്കുന്നതെല്ലാം അഭിപ്രായങ്ങളാണ്, വസ്തുതകളല്ല. നമ്മൾ കാണുന്നതെല്ലാം വീക്ഷണമാണ്, സത്യമല്ല.” കാണുന്നവരൊക്കെ ഓരോ വീക്ഷണം അവതരിപ്പിക്കും. പല വീക്ഷണങ്ങൾ ഉണ്ടാകുന്നത് സത്യത്തിലെത്തിച്ചേരാൻ സഹായിക്കുന്നതിനേക്കാൾ ചിന്താക്കുഴപ്പമുണ്ടാക്കുന്നു. ഒന്നോ രണ്ടോ അഭിപ്രായങ്ങൾ പരിശോധിക്കാം. എന്നാൽ ആയിരം അഭിപ്രായങ്ങൾ രംഗം കലുഷിതമാക്കും. സത്യം കലക്കവെള്ളംപോലെ ആയിത്തീരും.
ഒരു ദിവസം രാവിലെ ഉണരുമ്പോൾ എങ്ങനെ ചിന്തിച്ചു തുടങ്ങണമെന്ന് ഒറേലിയസ് പറയുന്നുണ്ട്: അത് ദോഷൈകവീക്ഷണമല്ല, സത്യത്തെക്കുറിച്ചുള്ള അറിവാണ്. “നിങ്ങൾ അപ്പോൾ സ്വയം പറയണം: ഇന്നു ഞാൻ കണ്ടുമുട്ടുന്നവർ അനാവശ്യമായി ഇടപെടുന്നവരും നന്ദിയില്ലാത്തവരും അഹങ്കാരികളും സത്യസന്ധതയില്ലാത്തവരും അസൂയക്കാരും ദേഷ്യപ്പെടുന്നവരുമായിരിക്കും. അവർ ഇങ്ങനെയായത് അവർക്ക് തിന്മയും നന്മയും വേർതിരിച്ചെടുക്കാൻ കഴിയാത്തതുകൊണ്ടാണ്. എന്നാൽ ഞാൻ നന്മയുടെ സൗന്ദര്യവും തിന്മയുടെ വൃത്തികേടും കണ്ടിട്ടുണ്ട്. തെറ്റ് ചെയ്യുന്നവന് എന്റെ സ്വഭാവവുമായോ മനസുമായോ ചില സാമ്യങ്ങളൊക്കെയുണ്ട്. അതായത് ഞങ്ങളിൽ ദൈവികതയുടെ പങ്ക് ഒരുപോലെയാണ്. അതുകൊണ്ടുതന്നെ അവർക്ക് എന്നെ മുറിപ്പെടുത്താനാകില്ല. എന്നെ കുറ്റകൃത്യത്തിലേക്ക് താഴ്ത്തിക്കൊണ്ടു പോകാനാവില്ല.”
എന്നാല്‍ റോം കത്തിയെരിഞ്ഞപ്പോള്‍ അത് അണയ്ക്കാന്‍ ശ്രമിക്കാതെ, സ്വന്തം തംബുരുവില്‍ വിരലോടിച്ചുകൊണ്ടിരുന്ന നീറോ ചക്രവര്‍ത്തി കുപ്രസിദ്ധനായി നമ്മുടെ മുമ്പില്‍ നില്ക്കുന്നു. അവിടെ സ്വന്തം കൊട്ടാരം പണിയാന്‍ നീറോ തന്നെ തീയിട്ടതാണെന്ന് വിശ്വസിക്കുന്നവരാണ് അധികവും. മാര്‍കസ് ഒറേലിയസ് അങ്ങനെ സ്വയം ചീത്തയായില്ല. അദ്ദേഹം നല്ല കാര്യങ്ങള്‍, അതെത്ര അപ്രിയമാണെങ്കിലും, പഠിച്ചു. മുഖത്തുനോക്കി സത്യം പറയുന്നവരോട് വെറുപ്പു തോന്നരുതെന്ന് മതചിന്തകനായ ഡയഗ്നീറ്റസ് പറഞ്ഞുകൊടുത്തത് അദ്ദേഹം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി. വേറൊരു രീതിയില്‍ പറഞ്ഞാല്‍, ഒറേലിയസ് ഒന്നും താന്‍ കണ്ടുപിടിച്ചതാണെന്ന് അവകാശപ്പെടാതെ നമ്മെ മഹാസത്യങ്ങള്‍ക്കിടയിലൂടെ നടത്തിച്ചു. പലരും പലപ്പോഴായി പറഞ്ഞതില്‍നിന്ന് സത്യങ്ങള്‍ തെരഞ്ഞെടുക്കാനും അതിന്റെ അന്തരാര്‍ഥങ്ങള്‍ മനസിലാക്കാനും ഒറേലിയസ് ശീലിച്ചു. ഇതൊരു സിദ്ധിയാണ്; ആന്തരിക ഊര്‍ജമാണ്.
നമുക്ക് എന്തെല്ലാം വഴികള്‍ ജീവിതത്തിന്റെ പ്രശ്നബാഹുല്യങ്ങള്‍ക്കിടയില്‍ തെളിഞ്ഞുകിട്ടുന്നുണ്ട്. പക്ഷേ, ഉള്ളിലെ സംശയാലു അതിനെയെല്ലാം തള്ളിക്കളയുകയാണ് ചെയ്യുന്നത്. എല്ലാറ്റിനെയും ദോഷൈക മനോഭാവത്തോടെ നിരാകരിക്കുന്നതുകൊണ്ടാണ് ഭൂരിപക്ഷം മനുഷ്യര്‍ക്കും ഇരുട്ടില്‍ തപ്പിത്തടയേണ്ടിവരുന്നതെന്ന് സൂചിതമാകുന്നു.
ഒറേലിയസ് എന്ന ചക്രവര്‍ത്തി ചരിത്രത്തിന്റെ ഗഹനമായ വിസ്മൃതിയില്‍ മറഞ്ഞുവെങ്കിലും, അദ്ദേഹം പലപ്പോഴായി കുറിച്ചിട്ട ചിന്തകള്‍ നശിച്ചില്ല; മെഡിറ്റേഷന്‍സ് എന്ന പുസ്തകമായി അതു നമ്മുടെ മുമ്പിലുണ്ട്. മാത്രമല്ല, നൂറ്റാണ്ടുകളായി അത് വായനക്കാരെ വിശുദ്ധരാക്കുകയും ജ്ഞാനികളാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. പത്താം നൂറ്റാണ്ടു വരെ ഈ കൃതിയെക്കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു. പത്താം നൂറ്റാണ്ടില്‍ ചെസാറിയായിലെ ബിഷപ് അരിത്തസ് തന്റെ കൈയെഴുത്ത് പ്രതികളുടെ ശേഖരത്തില്‍നിന്ന് കണ്ടെടുത്തതാണ് ഇപ്പോള്‍ പുസ്തകരൂപത്തില്‍ നാം കാണുന്ന കൃതിക്ക് ആധാരമായിട്ടുള്ളത്. അദ്ദേഹം അത് ഹെരാക്ലിയായിലെ ആര്‍ച്ച്ബിഷപ് ദിമിത്രിയസിന് അയച്ചുകൊടുത്തതോടെയാണ് ഒറേലിയസിന്റെ ചിന്തകള്‍ക്ക് വെളിച്ചംകാണാനുള്ള വഴി തെളിഞ്ഞത്.
ഗ്രന്ഥത്തില്‍നിന്ന് ഒരു ഭാഗം ഉദ്ധരിക്കാം: “എല്ലാ വസ്തുക്കളും അനുഭവത്തില്‍ വിരസവും കാലത്തില്‍ നൈമിഷികവും ഉള്ളടക്കത്തില്‍ ക്ഷണികവുമാണ്. എല്ലാ അര്‍ഥത്തിലും മരിച്ചവരും മറയ്ക്കപ്പെട്ടവരും കണ്ടിരുന്ന ആ ദിനങ്ങള്തന്നെയാണ് നിങ്ങളും കണ്ടുകൊണ്ടിരിക്കുന്നത്. വസ്തുക്കള്‍ നമ്മുടെ ശരീരകവാടത്തിന്റെ പുറത്താണ് നില്‍ക്കുന്നത്. അവ എന്താണോ അവ മാത്രമാണ്. അവയ്ക്ക് അവയെക്കുറിച്ച് സ്വയമൊന്നുമറിയില്ല. അവ അവയെക്കുറിച്ച് സ്വന്തമായ ഒരു വിധിനിര്‍ണയവും നടത്തുന്നില്ല. അപ്പോള്‍ വിധി നിര്‍ണയങ്ങള്‍ നടത്തുന്നത് നമ്മുടെ മാര്‍ഗദര്‍ശിയും നിയന്താവുമായ യുക്തിയാണ്.”
Tags : Aurelius Mantras Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash