വേന്പനാട് കായലിലേക്ക് ചേരുന്ന കൊടൂർ ആറിന്റെ ഇരു കരകളിലും നീരൊഴുക്ക് തടസപ്പെടുന്ന വിധം കാടുവളർന്ന നിലയിൽ. കോട്ടയം കോടിമതയിൽനിന്നുള്ള കാഴ്ച. -ജോണ് മാ
കേരളത്തിന്റെ ജൈവമണ്ഡലത്തിലെ ഏറ്റവും സന്പന്നമായ ഒരു തണ്ണീർത്തട സമുച്ചയമാണ് വേന്പനാട്. കുട്ടനാടൻ ചതുപ്പുകളും കോൾപ്രദേശങ്ങളും ചേർന്ന് 13,969 ചതുരശ്ര കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്ന ഈ മേഖല ‘കേരളത്തിന്റെ നെല്ലറ’ കൂടിയാണ്. ഏകദേശം ആറായിരം വർഷങ്ങൾക്ക് മുൻപ് ഒരു ബാരിയർ ബീച്ച് ലഗൂണായി രൂപപ്പെട്ട ഈ പ്രകൃതിദത്ത ജലാശയം ഇന്നു മനുഷ്യന്റെ അശാസ്ത്രീയമായ ഇടപെടലുകളും കൈയേറ്റങ്ങളും മൂലം ശ്വാസംമുട്ടി നശിക്കുകയാണ്.
വേമ്പനാട് കായൽ ആലപ്പുഴ മുതൽ അഴീക്കോട് വരെ 203.3 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പരന്നുകിടക്കുന്നതും അറബിക്കടലിലേക്ക് കൊച്ചി, മുനന്പം എന്നീ അഴികളാൽ ബന്ധപ്പെട്ടിരിക്കുന്നതുമാണ്. പന്പ, അച്ചൻകോവിൽ, മണിമല, മീനച്ചിൽ എന്നീ നദികൾ 10,074 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളമാണ് കായലിന്റെ തെക്കുഭാഗത്ത് എല്ലാ വർഷവും എത്തിക്കുന്നത്. ഇതിൽ 67 ശതമാനം തെക്കുപടിഞ്ഞാറൻ കാലവർഷത്തിലും 12 ശതമാനം വടക്കുകിഴക്കൻ കാലവർഷത്തിലുമാണ്. കൂടാതെ പെരിയാർ, മുവാറ്റുപുഴ നദികൾ കായലിന്റെ വടക്ക്, മധ്യമേഖലകളിൽ വൻതോതിൽ ശുദ്ധജലം എത്തിക്കുന്നു.
ബണ്ടും സ്പിൽവേയും പാരിസ്ഥിതിക ആഘാതങ്ങളും
തണ്ണീർമുക്കം ബണ്ടും തോട്ടപ്പള്ളി സ്പിൽവേയും കുട്ടനാടൻ പരിസ്ഥിതി വ്യവസ്ഥയിൽ വലിയ ആഘാതമാണ് ഉണ്ടാക്കിയത്. കുട്ടനാട്ടിലെ നെൽകൃഷിയെ രക്ഷിക്കാനാണ് നിർമിച്ചതെങ്കിലും ദീർഘവീക്ഷണമില്ലാതെടുത്ത തിടുക്കം, ദീർഘകാല അടിസ്ഥാനത്തിൽ ഗുരുതര പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കിയത്. 1956ൽ രൂപകൽപന ചെയ്ത് ആദ്യ രണ്ടു ഘട്ടങ്ങൾ 1975ൽ ഉദ്ഘാടനം ചെയ്യപ്പെട്ട തണ്ണീർമുക്കം ബണ്ട് കുട്ടനാട്ടിലെ നെൽകൃഷിക്ക് ഉപ്പുവെള്ളം കയറുന്നത് തടയാനായി നിർമിച്ചതായിരുന്നു. എന്നാൽ, ശാസ്ത്രീയമായ പരിപാലനത്തിന്റെ അഭാവവും ബണ്ട് കൂടുതൽ സമയം അടച്ചിട്ടതും കായലിന്റെ സ്വാഭാവിക അന്തരീക്ഷത്തെ മാറ്റിമറിച്ചു. ബണ്ടിന്റെ മൂന്നാം ഘട്ടം 2014ൽ നിർമാണം ആരംഭിച്ച് 2019ലാണ് പൂർത്തിയായത്. കായൽ വടക്കൻ മേഖല (ഉപ്പുവെള്ളം നിറഞ്ഞത്), തെക്കൻ മേഖല (ശുദ്ധജലം/കുറഞ്ഞ ഉപ്പുവെള്ളം) എന്നിങ്ങനെ രണ്ടായി വേർതിരിഞ്ഞു. ബണ്ടിനു തെക്കുഭാഗത്ത് നീരൊഴുക്ക് തടസപ്പെട്ടതോടെ എക്കലും പായലും ജൈവ അവശിഷ്ടങ്ങളും വലിയതോതിൽ അടിഞ്ഞുകൂടി. കായലിലെ വെള്ളക്കെട്ട് കുറയ്ക്കാൻ നിർമിച്ച 24 കിലോമീറ്റർ ദൈർഘ്യമുള്ള എസി റോഡും (ആലപ്പുഴ-ചങ്ങനാശേരി റോഡ്) അനുബന്ധ കനാലുകളും പോളപ്പായലും മാലിന്യങ്ങളും അടിയാൻ കാരണമായി.
കിഴക്കൻമലയിൽനിന്ന് പന്പ, അച്ചൻകോവിൽ, മണിമല, മീനച്ചിൽ എന്നീ നദികളിലൂടെ എത്തുന്ന അധികജലം കുട്ടനാടൻ പാടശേഖരങ്ങളിൽ വെള്ളപ്പൊക്കമുണ്ടാക്കാതെ അറബിക്കടലിലേക്ക് ഒഴുക്കിവിടാൻ പന്പാനദിയിൽ 1955ലാണ് തോട്ടപ്പള്ളി സ്പിൽവേ കമ്മിഷൻ ചെയ്തത്. കടൽ ഏറ്റവും പ്രക്ഷുബ്ധമായ തോട്ടപ്പള്ളിയിൽ സ്പിൽവേ നിർമിച്ചത് ആദ്യ തെറ്റായി. നാട്ടിൽ വെള്ളപ്പൊക്കമുണ്ടാകുന്ന സമയത്ത് കടൽ പ്രക്ഷുബ്ധമായതിനാൽ (രണ്ടു മീറ്റർ ഉയരത്തിലുള്ള തിര) സ്പിൽവേ വഴി വേണ്ടത്ര ജലം പുറത്തേക്ക് ഒഴുക്കാൻ സാധിക്കില്ല. കൂടാതെ ലീഡിംഗ് ചാനലിന്റെ ആഴക്കുറവും കടലിലേക്കു വെള്ളമൊഴുകുന്ന ചാനലിൽ മണൽ അടിഞ്ഞുകൂടുന്നതും തിരിച്ചടിയായി. തോട്ടപ്പള്ളിയേക്കാൾ കടൽ ശാന്തമായ സ്ഥലത്തു സ്പിൽവേ നിർമിക്കണമെന്ന ഇറ്റാലിയൻ എൻജിനിയർമാരുടെ നിർദേശം അന്പതുകളിൽ ചെവിക്കൊണ്ടിരുന്നെങ്കിൽ ഈ പ്രതിസന്ധി വരില്ലായിരിന്നു. സ്പിൽവേയിലേക്ക് വെള്ളമെത്തിക്കുന്ന ലീഡിംഗ് ചാനലിന്റെ ആഴം കൂട്ടിയാലും ലവണാശം കൂടുതലുള്ള കടൽവെള്ളം തിരിച്ചു കയറുകയല്ലാതെ, കൂടുതൽ ഡിസ്ചാർജ് നടക്കാൻ സാധ്യതയില്ല. 2018, 2019 പ്രളയസമയത്ത് തണ്ണീർമുക്കം ബണ്ടും തോട്ടപ്പള്ളി സ്പിൽവേയും തടസമായിനിന്നത് പ്രളയത്തിന്റെ ആഘാതം കൂട്ടി.
കുട്ടനാട് പാക്കേജ് നടപ്പാക്കലിലെ വീഴ്ച
തണ്ണീർമുക്കം ബണ്ടും തോട്ടപ്പള്ളി സ്പിൽവേയും സൃഷ്ടിച്ച പരിസ്ഥിതി പ്രശ്നങ്ങൾ പരിഹരിക്കാനും പ്രളയ നിയന്ത്രണം ശാസ്ത്രീയമാക്കാനും ഉദ്ദേശിച്ചാണ് കുട്ടനാട് പാക്കേജ് വിഭാവനം ചെയ്തത്. കാർഷിക ശാസ്ത്രജ്ഞൻ ഡോ. എം.എസ്. സ്വാമിനാഥന്റെ നേതൃത്വത്തിലുള്ള എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ 2007ൽ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 1,840 കോടി രൂപയുടെ പദ്ധതിയാണ് കേന്ദ്ര-സംസ്ഥാന പങ്കാളിത്തത്തോടെ ‘കുട്ടനാട് പാക്കേജ്’ എന്ന പേരിൽ പ്രഖ്യാപിക്കപ്പെട്ടത്. തണ്ണീർമുക്കം ബണ്ടിന്റെ മധ്യത്തിലുള്ള കല്ലുബന്ധിത ഭാഗം മാറ്റി ഷട്ടർ സ്ഥാപിക്കുക, ശാസ്ത്രീയമായി ബണ്ടു തുറക്കുക, വടക്കൻ ഭാഗത്തെയും തെക്കൻ ഭാഗത്തെയും ലവണാംശം നിലനിർത്താനും കായൽ ശുചീകരണത്തിനുംവേണ്ടി ഒക്ടോബർ മുതൽ മേയ് വരെയുള്ള വരണ്ട മാസങ്ങളിൽ കൃഷിസമയം ക്രമീകരിച്ച് ഷട്ടറുകൾ തുറന്നിടുക, കായലിന്റെ അടിത്തട്ടിൽ അടിഞ്ഞുകൂടിയ എക്കലും മണ്ണും നീക്കം ചെയ്ത് സ്വാഭാവിക ജലസഞ്ചാരം പുനഃസ്ഥാപിക്കുക, തോട്ടപ്പള്ളി സ്പിൽവേയുടെ ലീഡിംഗ് ചാനലിന്റെ ആഴം കൂട്ടുക, കടൽമുഖത്ത് അടിയുന്ന മണൽ നീക്കുക, സ്പിൽവേ ഷട്ടറുകൾ പുതുക്കുക എന്നിവയായിരുന്നു പ്രധാന നിർദേശം. ഈ നിർദേശം പൂർണമായി നടപ്പിലാക്കാത്തതു വേന്പനാട് തണ്ണീർതട ആവാസവ്യവസ്ഥയുടെ തകർച്ചയ്ക്കു കാരണമായി.
1.jpg1794428450.jpg)
ശോഷിക്കുന്ന മത്സ്യസമ്പത്ത്
കായലിന്റെ ഭൗതിക സാഹചര്യത്തിലുണ്ടായ മാറ്റങ്ങൾ കായൽവിഭവങ്ങളെ ആശ്രയിച്ചു ജീവിക്കുന്ന പതിനായിരക്കണക്കിന് കുടുംബങ്ങളുടെ ജീവിതം ദുരിതത്തിലാക്കി. എറണാകുളം ജില്ലയിൽ മാത്രം 1980ൽ 51,550 സജീവ മത്സ്യത്തൊഴിലാളികൾ ഉണ്ടായിരുന്ന സ്ഥാനത്ത് 2012ൽ 11,842 ആയി ചുരുങ്ങി. 1980കളിൽ പ്രതിവർഷം 16,000 ടണ്ണായിരുന്ന കായലിലെ മത്സ്യബന്ധന ഉത്പാദനം 2012 ആയപ്പോഴേക്കും 4,387 ടണ്ണായി കുറഞ്ഞു. 1985ൽ കണ്ടെത്തിയ 150ഓളം മത്സ്യ ഇനങ്ങളിൽ ഭൂരിഭാഗവും അപ്രത്യക്ഷമായി (2019ൽ 88 ഇനങ്ങൾ മാത്രം). ആറ്റുകൊഞ്ചിന്റെ ലഭ്യത 400 ടണ്ണിൽനിന്ന് 20-30 ടണ്ണിലേക്ക് നിലംപതിച്ചു. ആവാസവ്യവസ്ഥ തകർന്നതോടെ കറുത്ത കക്കയുടെ ലഭ്യത 28,000 ടണ്ണിൽനിന്ന് 7,200 ടണ്ണായി കുറഞ്ഞു. കരിമീനിന്റെ ലഭ്യതയിലും വൻ ഇടിവുണ്ടായി. ഇതിനുപുറമേ, തിലാപ്പിയ, ആഫ്രിക്കൻ ക്യാറ്റ്ഫിഷ്, റെഡ് ബെല്ലിഡ് പാക്കു (നട്ടർ) തുടങ്ങിയ വിദേശ അധിനിവേശ മത്സ്യങ്ങൾ തദ്ദേശീയ മത്സ്യങ്ങളെ വംശനാശത്തിലേക്ക് തള്ളിവിടുന്നു.
മഹാപ്രളയവും കുട്ടനാടിന്റെ മാറ്റവും
1341ൽ കേരളത്തിലുണ്ടായ ഭീകരമായ മഹാപ്രളയം പ്രദേശത്തിന്റെ ഭൗതികശാസ്ത്രപരമായ ഘടനയിൽ വലിയ മാറ്റങ്ങളാണ് വരുത്തിയത്. അന്നത്തെ മാറ്റങ്ങൾ നെതർലൻഡ്സിൽനിന്നു പ്രസിദ്ധീകരിച്ച പഴയ നാവിഗേഷൻ മാപ്പുകളിൽ വളരെ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ആ പ്രളയത്തിനു മുൻപ് തിരുവല്ലയ്ക്ക് സമീപമുള്ള പ്രദേശം നാണ്യവിളകൾ കയറ്റി അയച്ചിരുന്ന ഒരു പ്രധാന കപ്പൽ തുറമുഖമായിരുന്നു. കൂടാതെ, അന്നത്തെ നാവിഗേഷൻ മാപ്പിൽ ‘ബുർക്ക’ എന്ന് രേഖപ്പെടുത്തിയിട്ടുള്ള സ്ഥലം ഇന്നത്തെ പുറക്കാട് തുറമുഖമാണ്.

നൂറ്റാണ്ടുകൾക്കു മുന്പ്, കേരളത്തിലെ കായലുകളിൽ പ്രധാനമായും ഏകദേശം 70,000 ഹെക്ടർ വരെ വ്യാപിച്ചുകിടക്കുന്ന കണ്ടൽനിലങ്ങളായിരുന്നു. പിന്നീട് സ്വാഭാവിക പരിണാമം, ആവാസവ്യവസ്ഥയിലെ മാറ്റം, കാലാവസ്ഥാ വ്യതിയാനം, കൃഷിക്കായുള്ള കായൽനിലത്തിന്റെ പരിവർത്തനം, കൊച്ചി തുറമുഖ-നഗര വികസനം എന്നിവയ്ക്കായി നിർമാണം, മറ്റു പൊതു-സ്വകാര്യ നിർമാണ പ്രവർത്തനങ്ങൾക്കായി വേന്പനാട് തണ്ണീർത്തടം പരിവർത്തനപ്പെടുത്തൽ തുടങ്ങിയവ മൂലം ഇരുപതാം നൂറ്റാണ്ടിൽ നൂറുവർഷത്തിനിടെ, കായലിന്റെ ജലവാഹക ശേഷിയിൽ 78 ശതമാനം വരെ കുറവുണ്ടായി. കായൽ ചുരുങ്ങിയതും കായലിലേക്കുള്ള നദീമുഖങ്ങളിലും ചെറുതോടുകളിലും മാലിന്യവും എക്കലും അടിഞ്ഞതും വെള്ളപ്പൊക്കത്തിനു കാരണമായി.
ഭൂവിനിയോഗ രീതിയിലെ മാറ്റങ്ങളും അനിയന്ത്രിതമായ കായൽ നികത്തലുകളുമാണ് വേന്പനാടിന്റെ നാശത്തിന് പ്രധാന കാരണം. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) പഠനങ്ങളിൽ ഞെട്ടിക്കുന്ന കണക്കുകളാണുള്ളത്. 1834ൽ 36,329 ഹെക്ടറുണ്ടായിരുന്ന വേന്പനാട് കോൾ തണ്ണീർത്തടത്തിന്റെ ആകെ വിസ്തൃതി; 1983ൽ 23,750 ഹെക്ടറായും 2000ൽ 12,504 ഹെക്ടറായും ചുരുങ്ങി. 1930ൽ തണ്ണീർമുക്കം ബണ്ടിന്റെ തെക്കൻ മേഖലയിൽ 8-9 മീറ്റർ വരെ ആഴമുണ്ടായിരുന്നത് ഇന്ന് വെറും 1.5 മുതൽ 2 മീറ്റർ വരെയായി കുറഞ്ഞു. വടക്കൻ മേഖലയിലാകട്ടെ 9-13 മീറ്ററിൽനിന്ന് മൂന്നു മീറ്ററായി ആഴം കുറഞ്ഞു. ഇരുപതാം നൂറ്റാണ്ടിലെ നൂറു വർഷത്തിനിടെ കായലിന്റെ വെള്ളപ്പൊക്ക നിയന്ത്രണ ശേഷി 78 ശതമാനത്തോളമാണ് കുറഞ്ഞത്. 1930ൽ 2677.50 ദശലക്ഷം ക്യുബിക് മീറ്ററായിരുന്ന ജലസംഭരണ ശേഷി 2020 ആയപ്പോഴേക്കും 384.66 ദശലക്ഷം ക്യുബിക് മീറ്ററായി കൂപ്പുകുത്തി.
തണ്ണീർത്തടത്തിന്റെ നെൽവയൽ പ്രദേശം 1970ൽ 60,921 ഹെക്ടർ ആയിരുന്നത് 2020ൽ 46,388 ഹെക്ടറായി. നിലംനികത്തൽ 37.38 ശതമാനമായി കൂടി. കായലിന്റെ വിസ്തൃതി 1834ൽ 365 ചതുരശ്ര കിലോമീറ്റർ ആയിരുന്നെങ്കിൽ 2015ൽ 165.01 ചതുരശ്ര കിലോമീറ്ററായി കുറഞ്ഞു. പുന്നമട മുതൽ കോട്ടപ്പുറം വരെയുള്ള മേഖലയിൽ ചെളിയും എക്കലും അടിഞ്ഞ് കനാലിന്റെ ആഴം ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
കൊച്ചി തുറമുഖത്തെ വലിയ തുറമുഖമാക്കി മാറ്റാൻ 1936 മുതൽ ആരംഭിച്ച നിർമാണ പ്രവർത്തനങ്ങൾ വേന്പനാട് കായലിന്റെ കൊച്ചി ദേശത്തെ രൂപമാറ്റത്തിനു കാരണമായി. തുറമുഖത്തിനും വെല്ലിംഗ്ടണ് ഐലൻഡ് വികസനത്തിനുമായി 365 ഹെക്ടർ കായൽ നികത്തി. കൊച്ചി ഫിഷിംഗ് ഹാർബർ, വല്ലാർപാടം ടെർമിനൽ, രാമൻതുരുത്ത്, ക്യാൻഡിൽ ദ്വീപ്, മറൈൻ ഡ്രൈവ് വികസനം, കൊച്ചിൻ ഷിപ്യാർഡ്, സിഐഎഫ്ടി എന്നിവയ്ക്കായി 500 ഹെക്ടറിലധികം കായൽ നികത്തിയിട്ടുണ്ട്. കൂടാതെ, കോട്ടയം, ആലപ്പുഴ ജില്ലകളിൽ വ്യക്തികൾ കായൽഭൂമിയും കായലിലേക്കുള്ള പരന്പരാഗത തോടുകളും കൈയേറിയിട്ടുണ്ട്.
റിസോർട്ടുകൾക്ക് വേണ്ടിയും കൈയേറ്റമുണ്ടായി. ഇതു കായലിന്റെ സ്വാഭാവിക ഒഴുക്കിനെ ബാധിക്കുകയും ചെളിയടിയുന്നതിനു കാരണമാകുകയും ചെയ്തു. തുറമുഖ നിർമാണം, വല്ലാർപാടം റെയിൽവേ പാലം നിർമാണം എന്നിവയുടെ ഭാഗമായി കായലിൽ ചെളിയും നിർമാണ അവശിഷ്ടങ്ങളും അടിയുന്നതിനു കാരണമായി. തണ്ണീർമുക്കം ബണ്ടിന് വടക്കുവശം (കൊച്ചികായൽ) കായലിന്റെ ആഴം കുറഞ്ഞു. ദേശീയ ജലപാതയിൽ മാത്രമാണ് കായലിന് എട്ടു മീറ്റർ ആഴമുള്ളത്.
(കായൽ മലിനീകരണത്തിന്റെ വ്യാപ്തി- അതേക്കുറിച്ച് നാളെ)
Tags : Vembanad Losing Depth Expanse Richest wetland Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash