ഭദ്രപക്ഷം കാമ്പയിനെക്കുറിച്ച് ഡോ. ടോം ജോസഫും ഭദ്രകീർത്തിയും വിശദീകരിക്കുന്നു.
കൊച്ചി: രാജ്യത്തെ ജുവനൈല്‍ നീതിന്യായ വ്യവസ്ഥയില്‍ സമഗ്രമായ മാറ്റം ലക്ഷ്യമിട്ടു ഭദ്രപക്ഷം എന്ന ജനകീയ മുന്നേറ്റത്തിന് തുടക്കമിട്ടു. ഒക്ടോബര്‍ 25ന് എറണാകുളം ചേരാനല്ലൂരില്‍ 17 വയസുകാരന് ഓടിച്ച ബെന്‍സ് കാറിടിച്ചു മരിച്ച തട്ടുകട ഉടമ ജയബാലകൃഷ്ണന്റെ മകള്‍ ഭദ്രകീര്ത്തി ഉന്നയിച്ച ചോദ്യങ്ങളുടെ പശ്ചാത്തലത്തിൽ ജെയിന് യൂണിവേഴ്സിറ്റി ഡയറക്ടര്‍ ടോം ജോസഫിന്റെ നേതൃത്വത്തിലാണു പ്രചാരണം ആരംഭിച്ചത്.
ക്രിമിനല്‍ ബാധ്യത നിര്‍ണയിക്കുന്നതിനുള്ള നിയമപരമായ പ്രായപരിധി നിലവിലുള്ളതില്‍നിന്ന് 15 വയസായി നിജപ്പെടുത്തണമെന്ന നിര്‍ദേശമാണു കാമ്പയിനിലൂടെ പ്രധാനമായും മുന്നോട്ടുവയ്ക്കുന്നത്. പ്രായപൂര്‍ത്തിയാകാത്തവര്‍ നടത്തുന്ന ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്കു നിയമപരമായ സംരക്ഷണം നല്കുന്നതിനെതിരേ സമൂഹം ചിന്തിക്കണമെന്ന ഭദ്രകീര്ത്തിയുടെ അഭ്യര്‍ഥന മുന്‍നിര്‍ത്തിയാണ് അദ്ദേഹം ഈ കാമ്പയിനുമായി രംഗത്തെത്തിയത്.
കാമ്പയിന്റെ ഭാഗമായി രാജ്യമെമ്പാടുമുള്ള ഒരു ലക്ഷത്തിലധികം പൗരന്മാരില്നിന്ന് ഒപ്പുകളും അഭിപ്രായങ്ങളും ശേഖരിക്കും. ഈ നിവേദനം കേന്ദ്ര നിയമ-നീതി മന്ത്രാലയത്തിനും വനിതാ-ശിശു വികസന മന്ത്രാലയത്തിനും നേരിട്ടു സമര്‍പ്പിക്കുമെന്ന് ടോം ജോസഫ് അറിയിച്ചു.
Tags : juvenile law changes needed Bhadrapaksham national campaign Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash