പ്രതീകാത്മക ചിത്രം
കോട്ടയം: ഉള്ളിയുടെയും സവാളയുടെയും തൊലി കളയുമ്പോള്‍ കണ്ണീര് വരുക മാത്രമല്ല, ഇവയുടെ വില കേട്ടാല്‍ ശരിക്കും കരയും. ഒരാഴ്ചയ്ക്കിടെചെറിയ ഉള്ളിവിലയില്‍ ഇരട്ടിയിലധികം വര്‍ധനയാണുണ്ടായിരിക്കുന്നത്. സവാള, വെളുത്തുള്ളി വിലകളും ഉയരുകയാണ്. ചെറിയ ഉള്ളിക്ക് സെപ്റ്റംബറില്‍ ഓണക്കാലത്ത് കിലോ 60 -70 രൂപയായിരുന്നത് പലയിടത്തും ഇപ്പോള്‍ 140 -150 രൂപവരെയെത്തി. സവാളയുടെ വില 25-40ല്‍നിന്ന് 60-70 രൂപയായി. കോട്ടയത്ത് ഇന്നലെ 60 രൂപായായിരുന്നു സവാളയുടെ വില.
വെളുത്തുള്ളി കിലോയ്ക്ക് 250- 280 രൂപ വരെയായിട്ടുണ്ട്. വരവ് കുറഞ്ഞതാണ് ചെറിയ ഉള്ളിയുടെ വിലക്കയറ്റത്തിനു കാരണമെന്നു പറയുന്നത്. പൊള്ളാച്ചി മേഖലയില്‍നിന്നാണ് സാധാരണയായി കേരളത്തിലേക്ക് ഉള്ളി എത്തുന്നത്. അവിടെ മഴ ശക്തമാകുകയും വിളവെടുപ്പിനെ ബാധിക്കുകയും ചെയ്തതാണ് തിരിച്ചടിയായത്. ഓണക്കാലത്ത് ചെറിയ ഉള്ളിയും സവാളയും മഹാരാഷ്ട്രയില്‍നിന്ന് ആവശ്യത്തിന് എത്തിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു. ഇത് ഓണക്കാലത്തോടെ അവസാനിച്ച മട്ടാണ്.
സവാളയ്ക്കും ഉള്ളിക്കും പുറമേ ചിലയിനം പച്ചക്കറികള്‍ക്കും വില വര്‍ധിച്ചിട്ടുണ്ട്. കാരറ്റ്, പയര്‍, ബീന്‍സ്, മുരങ്ങയ്ക്ക എന്നിവയുടെ വിലയാണ് വര്‍ധിച്ചത്. ഇതോടെ കുടുംബ ബജറ്റ് താളം തെറ്റുന്ന അവസ്ഥയിലാണ്.
അരിയുടെ വിലയും കുതിക്കുകയാണ്. പൊന്നിയുടെ ചില്ലറ വില കിലോഗ്രാമിന് 86 രൂപയായി. ഒരു മാസത്തിനിടെ 20 രൂപയാണ് വര്‍ധിച്ചത്. വടക്കന്‍ കേരളത്തില്‍ കൂടുതലായി ഉപയോഗിക്കുന്ന കുറുവയ്ക്കും വില വര്‍ധിച്ചിട്ടുണ്ട്. കിലോഗ്രാമിന് 46 രൂപയില്‍ നിന്ന് 55 രൂപയായാണ് കൂടിയത്. മധ്യകേരളത്തിൽ കൂടുതലായി ഉപയോഗിക്കുന്ന മട്ടയരിക്ക് കിലോഗ്രാമിന് 61- 62 രൂപയായി. ജയ അരിക്ക് 42 രൂപയില്‍നിന്ന് 50 രൂപയായാണ് വര്‍ധിച്ചത്. ബിരിയാണി അരിക്കും വില കൂടിയതായി കച്ചവടക്കാര്‍ പറയുന്നു. പഞ്ചസാര വിലയില്‍ അഞ്ചുരൂപയുടെ വര്‍ധനയാണ് ഉണ്ടായത്. കിലോഗ്രാമിന് 60 രൂപയില്‍ നിന്ന് 65 രൂപയായാണ് പഞ്ചസാര വില വര്‍ധിച്ചത്.
കോഴി മുട്ടയുടെ വിലയിലും വന്‍ വര്‍ധനവാണ് രണ്ടാഴ്ച മുന്‍പ് 5-6 രൂപ പരമാവധിയുണ്ടായിരുന്ന മുട്ടയ്ക്ക് ഇന്നലത്തെ വില എട്ടു മുതല്‍ 10 രൂപവരെയാണ്. 10-12 രൂപയുണ്ടായിരുന്ന നാടന്‍ മുട്ടയ്ക്ക് 15ന് മുകളിലേക്കും കയറി. കോഴിത്തീറ്റ വിലയിലുണ്ടായ വര്‍ധനയാണ് മുട്ട വില വര്‍ധിക്കാന്‍ കാരണമായത്.
Tags : Rising prices household budgets cost of living Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash