രാഹുൽ ഗാന്ധി
ന്യൂഡൽഹി: മക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധി വാദ്രയും സജീവ രാഷ്ട്രീയത്തിലേക്കു പ്രവേശിച്ചപ്പോൾ കടുത്ത ഭയം തോന്നിയെന്നു കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. തന്റെ ഓർമക്കുറിപ്പായ ‘ബിലോഗിംഗ്: എ ജേർണി ഓഫ് ലവ്’ എന്ന പുസ്തകത്തിലാണ് അവർ തന്റെ ആശങ്കകൾ തുറന്നുപറഞ്ഞത്.
താൻ രാഷ്ട്രീയത്തിലേക്കു വരുന്നത് മക്കൾ എതിർത്തിരുന്നെങ്കിലും പിന്നീട് അവരും രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയപ്പോൾ അവരുടെ ജീവൻ പണയം വയ്ക്കേണ്ടിവരുമോ എന്ന ഭയമാണു തന്നെ നയിച്ചതെന്ന് സോണിയ വ്യക്തമാക്കി. ഭർതൃമാതാവ് ഇന്ദിരാഗാന്ധിയെയും ഭർത്താവ് രാജീവ് ഗാന്ധിയെയും നഷ്ടപ്പെട്ടതിന്റെ ആഘാതത്തിനുശേഷമാണ് മക്കളുടെ കാര്യത്തിൽ ഇങ്ങനെയൊരു ഭയമെന്നും അവർ കുറിച്ചു.
രാഹുൽ നടത്തിയ ഭാരത് ജോഡോ യാത്രാവേളയിലും പ്രിങ്കയുടെ കാര്യത്തിലും തനിക്ക് കടുത്ത ആശങ്കയുണ്ടായിരുന്നു.രാഷ്ട്രീയ എതിരാളികൾ എക്കാലത്തും മതത്തെ മറയാക്കിയാണ് വലതുപക്ഷ അജൻഡ നടപ്പിലാക്കിയിരുന്നതെന്നും എന്നാൽ ഇപ്പോൾ അവരുടെ പ്രത്യയശാസ്ത്രം കൂടുതൽ അക്രമാസക്തവും കടുംപിടുത്തമുള്ളതുമായി മാറിയിട്ടുണ്ടെന്നും സോണിയ കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നു.
രാജീവിന്റെ കുടുംബത്തിലേക്ക് കടന്നുവന്ന കാലത്ത് രാഷ്ട്രീയത്തിൽ ഒരുതരം മര്യാദയും മാന്യതയും നിലനിന്നിരുന്നുവെന്നും ഇന്നത്തെപ്പോലെ എതിരാളികളെ അപമാനിക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമായ സാഹചര്യം അന്ന് പ്രകടമായിരുന്നില്ലെന്നും അവർ ഓർമിച്ചു.
Tags : sonia gandhi children Fear Entered politics Rahul Gandhi Priyanka Rahul Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash