അറസ്റ്റിലായ ബാലമുരുകൻ
പാലക്കാട്: ട്രെയിൻ യാത്രക്കാരിയുടെ 50 പവൻ സ്വർണാഭരണം മോഷ്ടിച്ച സോഷ്യൽമീഡിയ ഇൻഫ്ളുവൻസർ പിടിയിൽ. തമിഴ്നാട് ദിണ്ടിഗൽ സ്വദേശി ബാലമുരുകനെ(38)യാണ് കോയന്പത്തൂരിലെ വാടകവീട്ടിൽനിന്നു കേരള പൊലിസും ആർപിഎഫും പിടികൂടിയത്.
ഇക്കഴിഞ്ഞ മൂന്നിന് ചെന്നൈ-തിരുവനന്തപുരം മെയിലിലെ എസ്-4 കോച്ചിൽ യാത്ര ചെയ്യുകയായിരുന്ന ചെങ്ങന്നൂർ സ്വദേശി കുമാരി (66) എന്ന യാത്രക്കാരി ബാഗിൽ സൂക്ഷിച്ചിരുന്ന 50 പവൻ സ്വർണമാണു പ്രതി കവർന്നത്. കൊച്ചുമകളുടെ വിവാഹത്തിനായി സ്വരുക്കൂട്ടിയ സ്വർണാഭരണങ്ങളാണു നഷ്ടപ്പെട്ടത്.
വീട് അടച്ചിട്ട് ചെന്നൈയിലെ മകന്റെ വീട്ടിലേക്കു പോയപ്പോൾ സ്വർണം ബാഗിൽ കരുതുകയായിരുന്നു.
സിനിമകളിലും ഷോർട്ട് ഫിലിമുകളിലും അഭിനയിച്ച പ്രതിക്ക് സോഷ്യൽമീഡിയയിൽ നിരവധി ഫോളോവേഴ്സുണ്ട്. കവർന്ന സ്വർണത്തിൽ 36.42 പവൻ കണ്ടെടുത്തു. ബാക്കി പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയശേഷം കണ്ടെടുക്കും.
യാത്രാവിവരങ്ങൾ ട്രാക്ക് ചെയ്യപ്പെടാതിരിക്കാൻ ചെന്നൈയിൽനിന്നു സേലത്തേക്കും അവിടെനിന്ന് മറ്റൊരു ട്രെയിനിലും മാറിമാറി കയറിയാണ് ഇയാൾ പാലക്കാട് എത്തിയത്. മോഷണശേഷം പാലക്കാട് സ്റ്റേഷനിൽ ഇറങ്ങി ഓട്ടോയിൽ കെഎസ്ആർടിസി സ്റ്റാൻഡിലെത്തി.
പൊലിസിനെ വഴിതെറ്റിക്കാൻ അഞ്ച് വ്യത്യസ്ത ബസുകളിൽ മാറിമാറി യാത്ര ചെയ്തു. സിസിടിവികളിൽ മുഖം പതിയാതിരിക്കാൻ മാസ്ക് ധരിച്ചു. വസ്ത്രങ്ങൾ മാറിധരിക്കുകയും ചെയ്തു.
പാലക്കാട് റെയിൽവേ സ്റ്റേഷനിൽ മോഷണം നടന്ന സമയത്ത് മാസ്ക് ധരിച്ചു സംശയാസ്പദരീതിയിൽ കണ്ട വ്യക്തികളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. പത്തുപേരുടെ പട്ടിക തയാറാക്കി. തുടർന്ന് കേരള പൊലിസ്, ആർപിഎഫ്, സൈബർ വിദഗ്ധരുൾപ്പടെയുള്ള പ്രത്യേകസംഘം നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.
Tags : Tamil influencer Steals Kerala Police RPF Balamurugan Apprehended Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash