ചെന്നൈ: തേനി ജില്ലാ ജയിലില്‍നിന്ന് രക്ഷപ്പെട്ട 17 തടവുകാരെ സംഭവം നടന്ന് 43 മണിക്കൂറുകൾക്കുള്ളിൽ പൊലിസ് പിടികൂടി.
മീനാക്ഷി സുന്ദരം, തിരുപ്പതി, പൊൻമുത്തു സെൽവൻ, റിജിൻ എന്നിവർ ഇന്നലെ പിടികൂടിയതോടെയാണ് പട്ടിക പൂർത്തിയായത്. ജയിലിനു സമീപമുള്ള അമച്ചിയാപുരം കുന്നുകളിൽ നിന്ന് ശ്രമകരമായാണ് ഇവരെ പിടികൂടിയത്. തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് തടവുകാർ ജയിലിൽ നിന്ന് രക്ഷപെട്ടത്.
തടവുകാരില്‍ ഒരാള്‍ക്ക് അപസ്മാരമുണ്ടായെന്ന് തെറ്റിദ്ധരിപ്പിച്ച് വാർഡർമാരെ സമീപത്ത് എത്തിച്ചശേഷം ക്രൂരമായി മർദിച്ച് സംഘം കടന്നുകളയുകയായിരുന്നു.
സൗത്ത് സോണ്‍ ഐജി വിജയേന്ദ്ര ബിദാരിയുടെ നേതൃത്വത്തില്‍ 17 സംഘങ്ങളാണു ഇവരെ പിടികൂടാനായി നിയോഗിക്കപ്പെട്ടത്.
തേനി സംഭവത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തരഘട്ടങ്ങളിൽ തോക്ക് ഉപയോഗിക്കാൻ അധികൃതർ ജയിൽവാർഡർമാർക്ക് അനുമതി നൽകി.