അബൂബക്കര്‍ സിദ്ദീഖ് കൊലപാതക കേസിലെ പ്രതി അഹമ്മദ് റയീസിനൊപ്പം നില്ക്കുന്ന യുഡിഎഫ് എംഎൽഎമാരുടെ ചിത്രം.
കാസര്‍ഗോഡ്: സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കൊലപാതക കേസിലെ പ്രതിയുടെ ദുബായിലെ ജ്വല്ലറി ഉദ്ഘാടന ചടങ്ങില്‍ യുഡിഎഫ് എംഎല്‍എമാര്‍ പങ്കെടുത്തത് വിവാദമാകുന്നു.
തൃക്കരിപ്പുര്‍ എംഎല്‍എ സന്ദീപ് വാര്യര്‍, മഞ്ചേശ്വരം എംഎല്‍എ എ.കെ.എം. അഷ്റഫ്, മുന്‍ കാസര്‍ഗോഡ് എംഎല്‍എയും നിലവിലെ മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റുമായ എന്‍.എ. നെല്ലിക്കുന്ന് പൈവളിഗെ അമ്പിക്കാന സ്വദേശി അഹമ്മദ് റയീസിനൊപ്പം നില്ക്കുന്ന ചിത്രങ്ങളാണ് വിവാദമാകുന്നത്.
മഞ്ചേശ്വരത്തെ അബൂബക്കര്‍ സിദ്ദീഖ് കൊലപാതക കേസിലെ പ്രതി അഹമ്മദ് റയീസ്. ദുബായ് ഗോള്‍ഡ് സൂക്കിലെ റയീസിന്റെ ഹിമ്മത്ത് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് എന്ന ജ്വല്ലറിയുടെ ഉദ്ഘാടനചടങ്ങില്‍ ഇവര്‍ പങ്കെടുക്കുന്നതായിട്ടുള്ള ചിത്രങ്ങളാണ് പുറത്തുവന്നത്.
പ്രവാസി ജീവകാരുണ്യ-സന്നദ്ധ സംഘടനയായ കെഎംസിസിയുടെ (കേരള മുസ്ലിം കള്‍ച്ചറല്‍ സെന്റർ) ക്ഷണപ്രകാരമാണ് തങ്ങള്‍ ദുബായില്‍ എത്തിയതെന്ന് എന്‍.എ. നെല്ലിക്കുന്ന് പറഞ്ഞു. "നിരവധി കാസര്‍ഗോഡ് സ്വദേശികള്‍ ബിസിനസ് നടത്തുന്ന ഇടമാണ് ഗോള്‍ഡ് സൂക്ക്. അതുകൊണ്ടാണ് അവിടം സന്ദര്‍ശിക്കാനെത്തിയത്. അത്തരത്തില്‍ നിരവധി പേരെ അവിടെ കണ്ടിരുന്നു. അതിലൊരാളായിരുന്നു റയീസ്. അയാളെ വ്യക്തിപരമായി അറിയില്ല. അപരിചിതരായ ആളുകളോട് നാട്ടില്‍ അവര്‍ക്കെതിരേ എന്തെങ്കിലും കേസുകളുണ്ടോ എന്നു ചോദിക്കാന്‍ കഴിയില്ലല്ലോ.’’-നെല്ലിക്കുന്ന് പറഞ്ഞു.
2022 ജൂണ്‍ 26നാണ് പുത്തിഗെ മുഗു സ്വദേശിയായ അബൂബക്കര്‍ സിദ്ദിഖ് കൊല്ലപ്പെടുന്നത്. ദുബായിലേക്ക് എത്തിക്കുന്നതിനായി നാലു ബിസിനസുകാര്‍ 50 ലക്ഷം രൂപ മൂല്യമുള്ള ദിര്‍ഹം സിദ്ദിഖിനെ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ സിദ്ദിഖ് കൈമാറിയ ബാഗില്‍ പണമുണ്ടായിരുന്നില്ല.
നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കുന്നതിനായി മഞ്ചേശ്വരത്തുള്ള ബിസിനസുകാരില്‍ ഒരാളായ അബ്ദുള്‍ അസീസ് ഗുണ്ടകളെ വാടകയ്ക്കെടുത്തു. സഹോദരനെ ബന്ദിയാക്കി സിദ്ദിഖിനെ ഗള്‍ഫില്‍നിന്നും വിളിച്ചുവരുത്തി. നാട്ടിലെത്തിയ സിദ്ദിഖിനെ പൈവളിഗെ നൂച്ചിയിലെ ഇരുനില വീടിനു സമീപമുള്ള ആളൊഴിഞ്ഞ പറമ്പില്‍ നഗ്നനാക്കി തലകീഴായി കെട്ടിത്തൂക്കി ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തുകയായിരുന്നു. 17 പ്രതികളുണ്ടായിരുന്ന കേസിലെ 13-ാം പ്രതിയാണ് റയീസ്.
Tags : Jewellery Ceremony Controversy Murder Case Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Dubai Sandeep Varier MLA A.K.M. Ashraf MLA N.A. Nellikkunnu