സാഫ് ഫുട്ബോളിൽ ഇന്ത്യയും മാലദ്വീപും ഏറ്റുമുട്ടിയപ്പോൾ.
ധാക്ക: സാഫ് കപ്പ് ഫുട്ബോളില്‍ മാലദ്വീപിനെ പരാജയപ്പെടുത്തി ഇന്ത്യൻ പുരുഷന്മാർ സെമിയില്‍. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യക്ക് സമനില നേടിയാലും സെമി പ്രവേശനം ഉറപ്പിക്കാമായിരുന്ന മത്സരത്തില്‍ 1-0നായിരുന്നു ജയം.
ധാക്കയിലെ നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സുഹൈല്‍ അഹമ്മദ് ഭട്ട് ആദ്യ പകുതിയില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഇന്ത്യക്കു മൂന്നു പോയിന്റ് സമ്മാനിച്ചു. ഇതോടെ ഗ്രൂപ്പ് ടോപ്പറായി ഇന്ത്യ സെമിയിൽ. ഗ്രൂപ്പ് ബിയില്‍ നടന്ന ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെ 3-2ന് ഇന്ത്യ തകര്‍ത്തിരുന്നു.
മത്സരത്തിന്റെ തുടക്കം മുതല്‍ ഇന്ത്യ ആധിപത്യം പുലര്‍ത്തി. പന്തിന്റെ നിയന്ത്രണം നീലപ്പട ഏറ്റെടുത്ത് മൂന്നാം മിനിറ്റില്‍ സുഹൈല്‍ മാല്ഡിവ്സ് ഗോള്‍ കീപ്പര്‍ ഹുസൈന് ഷെരീഫിന് വെല്ലുവിളിയുയര്‍ത്തുന്ന ഷോട്ട് പായിച്ചു. എന്നാല്‍, ഗോളെന്ന ലക്ഷ്യത്തിനായി 38-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു.
നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ മുന്നേറ്റനിര താരം അബ്ദുള്‍ റബീഹിനെ പെനാല്‍റ്റി ബോക്സിനുള്ളില്‍ ഹുസൈന് സിഫാവു യൂസഫ് ഫൗള്‍ ചെയ്തത് ഇന്ത്യൻ വിജയ നിമിഷമാക്കി മാറ്റി. ലഭിച്ച പെനാല്‍റ്റി സുഹൈല്‍ ഭട്ട് മാലദ്വീപ് ഗോള്‍വലയുടെ ഇടത് മൂലയിൽ നിക്ഷേപിച്ചു. സീസണിൽ സുഹൈലിന്റെ മൂന്നാം ഗോൾ.
മത്സരത്തിന്റെ അവസാന നിമിഷം മാലദ്വീപിന്റെ ഏഥന് ഇബ്രാഹിം സാക്കിയുടെ സമനില ഗോളിനായുള്ള ശ്രമം ഇന്ത്യന്‍ ഗോള്‍കീപ്പര്‍ പ്രിയാന്‍ഷ് ദുബെ രക്ഷപ്പെടുത്തി. ബോക്സിനുള്ളില്‍ ലഭിച്ച ഓപ്പണ്‍ ചാന്‍സ് ഏഥന് ഇബാഹിം ലക്ഷ്യത്തിലേക്ക് തൊടുത്തെങ്കിലും പ്രിയാന്‍ഷിന്റെ ഉജ്വല സേവ്. എന്നാല്‍, പന്ത് മുഖത്ത് തട്ടി പരിക്കേറ്റ പ്രിയാന്‍ഷിന് ഫിസിയോയുടെ സഹായം തേടേണ്ടിവന്നു.
Tags : SAFF Football India Maldives Defeating Semifinals Sports