ഹാര്‍ദിക് പാണ്ഡ്യ , അര്‍ഷദീപ് സിംഗ്
മുംബൈ: ആഴ്ചകള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കു വിരാമം. ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിലെ ഗ്ലാമര്‍ ടീമായ മുംബൈ ഇന്ത്യന്‍സിന്റെ പേസ് ഓള് റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ പഞ്ചാബ് കിംഗ്സിലേക്കും പഞ്ചാബ് കിംഗ്സിന്റെ ഇടംകൈ പേസറായ അര്‍ഷദീപ് സിംഗ് മുംബൈ ഇന്ത്യന്‍സിലേക്കും ചേക്കേറി.
ഹാര്‍ദിക്കിന്റെ ട്രേഡ് മുംബൈ ഇന്ത്യന്‍സ് അധികൃതര്‍ ഇന്നലെ രാവിലെ സ്ഥിരീകരിച്ചു. അര്‍ഷദീപിന്റെ കൂടുമാറ്റം അദ്ദേഹത്തിന്റെ അച്ഛനും അടിവരയിട്ടു. ഇതിനു പിന്നാലെ ഇവരുടെ കൈമാറ്റക്കരാര്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പങ്കുവച്ച് ഐപിഎല്‍ പത്രക്കുറിപ്പു പ്രസിദ്ധപ്പെടുത്തി. അതോടെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ കൈമാറ്റക്കരാര്‍ ഔദ്യോഗികമാക്കപ്പെട്ടു. 2027 ഐപിഎല്‍ സീസണിനു മുന്നോടിയായാണ് ഈ കൈമാറ്റം.
36 കോടിയുടെ കൈമാറ്റം
36 കോടി രൂപയുടെ ട്രാന്‍സ്ഫര്‍ ഡീലിലൂടെയാണ് ഹാര്‍ദിക്കിനെയും അര്‍ഷദീപിനെയും മുംബൈ ഇന്ത്യന്‍സും പഞ്ചാബ് കിംഗ്സും പരസ്പരം കൈമാറിയത്. അതായത്, ഹാര്‍ദിക്കിനും അര്‍ഷദീപിനും 18 കോടി രൂപ വീതം. ഫലത്തില്‍ ഹാര്‍ദിക് പാണ്ഡ്യക്കാണ് ഈ കൈമാറ്റത്തില്‍ സാമ്പത്തിക നേട്ടം. മുംബൈ ഇന്ത്യന്‍സില്‍ 16.35 കോടി രൂപയായിരുന്നു ഹാര്‍ദിക് പാണ്ഡ്യക്കു ലഭിച്ചിരുന്നത്. അതായത് 1.65 കോടി രൂപയുടെ വര്‍ധന.
മറുവശത്ത്, അര്‍ഷദീപ് സിംഗിനു പഞ്ചാബ് കിംഗ്സ് നല്‍കിയിരുന്നത് 18 കോടി രൂപയാണ്. അതേ തുകതന്നെ മുംബൈ ഇന്ത്യന്‍സും താരത്തിനു നല്‍കും. ഐപിഎല്‍ പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടത്.
റിക്കാർഡ് ട്രാൻസ്ഫർ
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ കൈമാറ്റമാണു മുംബൈ ഇന്ത്യന്‍സും പഞ്ചാബ് കിംഗ്സും നടത്തിയത്. 2026 സീസണിനു മുമ്പായി ചെന്നൈ സൂപ്പര്‍ കിംഗ്സ് രവീന്ദ്ര ജഡേജയെയും സാം കറനെയും വിട്ടുനല്‍കി രാജസ്ഥാന് റോയല്‍സിന്റെ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജു സാംസണിനെ സ്വന്തമാക്കിയതായിരുന്നു ഇതുവരെയുള്ള റിക്കാര്‍ഡ് മാറ്റക്കരാര്. അന്ന് സഞ്ജു സാംസണിനു 18 കോടി രൂപയും രവീന്ദ്ര ജഡേജയ്ക്ക് 14 കോടി രൂപയും സാം കറനു 2.4 കോടി രൂപയുമായിരുന്നു ട്രാന്‍സ്ഫര്‍ തുക. അതായത്, ആകെ 34.4 കോടി രൂപ. ഈ റിക്കാര്‍ഡാണ് 18 കോടി രൂപ വീതം ട്രാന്‍സ്ഫര്‍ തുകയോടെ ഹാര്‍ദിക് പാണ്ഡ്യയും അര്‍ഷദീപ് സിംഗും ചേര്‍ന്നു തകര്‍ത്തത്.
ക്യാപ്റ്റന്‍സി, വിഷ്ണു
പഞ്ചാബ് കിംഗ്സില്‍ ശ്രേയസ് അയ്യറിന്റെ ക്യാപ്റ്റന്‍സിയില്‍ കളിക്കാനുള്ള സന്നദ്ധത ഹാര്‍ദിക് പാണ്ഡ്യ അറിയിച്ചതോടെയാണ് കൈമാറ്റം സാധ്യമായതെന്നതാണ് വാസ്തവം. “എന്റെ ക്യാപ്റ്റന്‍ ശ്രേയസ്. എന്റെ കോച്ച് റിക്കി പോണ്ടിംഗ്. എന്റെ ടീം മുഴുവന്‍ പഞ്ചാബ് ’’- എന്ന് ഹാര്‍ദിക് സോഷ്യല്‍ മീഡിയയില്‍ ഇന്നലെ കുറിച്ചു.
ഹാര്‍ദിക് കൂടുമാറിയതോടെ, മുംബൈ ഇന്ത്യന്‍സിന് ഇനിയൊരു ക്യാപ്റ്റനെ വേണം. മുതിര്‍ന്ന താരമായ രോഹിത് ശര്‍മ ക്യാപ്റ്റനായേക്കുമെന്ന് അഭ്യൂഹമുണ്ട്. രോഹിത് ശര്‍മ ക്യാപ്റ്റന്‍സിയിലേക്ക് തിലക് വര്‍മയുടെ പേരു നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
ഹാര്‍ദിക്-അര്‍ഷദീപ് ട്രേഡില്‍ പഞ്ചാബ് കിംഗ്സിന്റെ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്ററായ വിഷ്ണു വിനോദിന്റെ പേരും ഉയര്‍ന്നുവന്നിരുന്നു. ഹാര്‍ദിക്കിനും അര്‍ഷദീപിനും തുല്യ ട്രാന്‍സ്ഫര്‍ തുക ആയതോടെ വിഷ്ണു പഞ്ചാബില്‍ തുടരും.
Tags : IPLCricket Hardik Pandy Arshdeep Singh Mumbai Punjab Sports