National
മുംബൈ: കനത്ത മഴയിൽ മുംബൈ-പൂന റെയിൽവേ റൂട്ടിൽ മണ്ണിടിച്ചിൽ. കർജത്തിന്നും ലോണാവലയ്ക്കും ഇടയിലുള്ള ഘട്ട് മേഖലയിലാണ് തിങ്കളാഴ്ച പുലർച്ചെ മൂന്നിന് മണ്ണിടിഞ്ഞ് വീണത്.
സെൻട്രൽ റെയിൽവേയുടെ മുംബൈ ഡിവിഷനിലെ താക്കൂർവാടിക്കും മങ്കി ഹില്ലിനും ഇടയിലാണ് റെയിൽവേ ട്രാക്കുകളിലേക്ക് മണ്ണും പാറക്കല്ലുകളും ഇടിഞ്ഞുവീണത്. ഇതോടെ മുംബൈ-പൂന റൂട്ടിലെ ട്രെയിൻ ഗതാഗതം പൂർണമായും തടസപ്പെട്ടു. അപകടത്തെത്തുടർന്ന് ഈ റൂട്ടിലോടുന്ന നിരവധി ട്രെയിനുകൾ റദ്ദാക്കുകയും ചിലത് വഴിതിരിച്ചുവിടുകയും ചെയ്തു.
ഖണ്ഡാലക്കും മങ്കി ഹില്ലിനും ഇടയിൽ ഉരുൾപൊട്ടലുണ്ടായതായി അധികൃതർ അറിയിച്ചു. ഇതേതുടർന്ന് മുംബൈയിലേക്കുള്ള അപ് ലൈൻ, പൂനയിലേക്കുള്ള ഡൗൺ ലൈൻ, മിഡിൽ ലൈൻ എന്നിങ്ങനെ മൂന്ന് പാതകളിലെയും ഗതാഗതം തടസപ്പെട്ടു.
National
മുംബൈ: മുംബൈയിൽ ശക്തമായ മഴയിൽ കെട്ടിടം തകർന്നുവീണ് അഞ്ച് കുട്ടികളടക്കം ആറ് പേർ മരിച്ചു. മാൻഖുർദ് പ്രദേശത്ത് ആണ് സംഭവം. മാൻഖുർദിലെ ജനതാ നഗറിലുള്ള മൂന്ന് നില വാടക കെട്ടിടമാണ് കനത്ത മഴയെ തുടർന്ന് തകർന്നുവീണത്.
ഞായറാഴ്ച രാത്രി 8.30ഓടെ ആയിരുന്നു സംഭവം. കനത്ത മഴയിൽ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീഴുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഒരാൾ നിലവിൽ ചികിത്സയിലാണ്. കൂടുതൽ പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് നിഗമനം.
ഇതേതുടർന്ന് അഗ്നിശമനസേനയും പോലീസും പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. കനത്ത മഴ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്. മുംബൈയിൽ പലയിടങ്ങളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വിമാന സർവീസുകളും റോഡ് ഗതാഗതവും തടസപ്പെട്ടിട്ടുണ്ട്.
National
മുംബൈ: ഫോണിൽ സംസാരിച്ച് നടക്കുന്നതിനിടെ മാൻഹോളിലേക്ക് വീണ 55കാരന് ദാരുണാന്ത്യം. മുംബൈയിലെ ഖൈറാനി റോഡിൽ ആണ് അപകടമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് 12.30ഓടെ ആയിരുന്നു സംഭവം. അസ്ലം ഇസാഫ് ഷെയ്ഖ് ആണ് മരിച്ചത്.
അറ്റകുറ്റപ്പണികളെ തുടർന്ന് മാൻഹോളിന്റെ മൂടി തുറന്ന നിലയിലായിരുന്നു. ഈ സമയം ഇതുവഴി നടന്നുപോയ അസ്ലം ഇസാഫ് അബദ്ധത്തിൽ മാൻഹോളിലേക്ക് വീഴുകയായിരുന്നു. ഉടൻതന്നെ തൊഴിലാളികൾ ഏണിവച്ച് മാൻഹോളിലേക്ക് ഇറങ്ങിയെങ്കിലും അസ്ലമിനെ കണ്ടെത്താനായില്ല.
പിന്നാലെ മുംബൈ ഫയർ ബ്രിഗേഡും പോലീസും രണ്ട് മണിക്കൂറോളം സംയുക്തമായി നടത്തിയ തെരച്ചിലിലാണ് അസ്ലമിനെ കണ്ടെത്തിയത്. ഉടൻതന്നെ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
National
മുംബൈ: മുംബൈയിലും സമീപപ്രദേശങ്ങളിലും അതിശക്തമായ മഴ തുടരുകയാണ്. നഗരത്തിലെ നിരവധി പ്രദേശങ്ങളിൽ 200 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. കനത്ത മഴയെ തുടർന്ന് നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു.
കഴിഞ്ഞ ദിവസങ്ങളിലായി പെയ്യുന്ന കനത്ത മഴ നഗരജീവിതത്തെ സാരമായി ബാധിച്ചു. ആഴ്ചകളായി തുടരുന്ന കനത്ത ചൂടിൽ മഴ ആശ്വാസമാകേണ്ടിയിരുന്നുവെങ്കിലും വെള്ളക്കെട്ടിന്റെയും ഗതാഗതാക്കുരുക്കിന്റെ പ്രതിസന്ധിയിലാണ്.
കനത്ത മഴയെ തുടർന്ന് നഗരത്തിലെ പല റോഡുകളിലും വ്യാപകമായ വെള്ളക്കെട്ട് രൂപപ്പെട്ടു. യാത്രക്കാർക്ക് ഗതാഗതം ദുഷ്കരമായതോടെ നിരവധി വാഹനങ്ങൾ വെള്ളത്തിൽ ഭാഗികമായി മുങ്ങി.
താനെ, പൽഘർ, റായ്ഗാഡ് എന്നിവിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു.
National
മുംബൈ: മുംബൈ ചെമ്പൂരിൽ കൂറ്റൻ മരം സ്കൂൾ ബസിന് മുകളിലേക്ക് മറിഞ്ഞുവീണ് 11 വയസുകാരൻ മരിച്ചു. നാല് കുട്ടികൾക്ക് പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. ചെമ്പൂരിലെ റോഡ് നമ്പർ 11-ൽ വെച്ച് 'യൂണിവേഴ്സൽ സ്കൂളിന്റെ' ബസിന് മുകളിലേക്കാണ് മരം വീണത്. അപകടസമയത്ത് ബസിൽ 13 കുട്ടികളുണ്ടായിരുന്നു. ബസ് കണ്ടക്ടറും നാട്ടുകാരും സമയബന്ധിതമായി ഇടപെട്ട് കുട്ടികളെ വേഗത്തിൽ പുറത്തെത്തിച്ചതിനാലാണ് വൻ ദുരന്തം ഒഴിവായത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വിഹാൻ ശ്രീവാസ്തവ് എന്ന വിദ്യാർത്ഥിയാണ് ആശുപത്രിയിൽ മരണമടഞ്ഞത്. പരിക്കേറ്റ മറ്റ് നാല് കുട്ടികളെ ഉടൻ തന്നെ സമീപത്തെ സെൻ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നും നില തൃപ്തികരമാണെന്നും ആശുപത്രി ഡയറക്ടർ ഡോ. റോയ് പതങ്കർ അറിയിച്ചു.
അപകടവിവരമറിഞ്ഞ് മുംബൈ മേയർ റിതു താവ്ഡെ ആശുപത്രിയിലെത്തി കുട്ടികളുടെ കുടുംബാംഗങ്ങളെ കണ്ടു. പ്രദേശത്തെ അപകടാവസ്ഥയിലുള്ള മരങ്ങൾ വെട്ടിമാറ്റണമെന്നോ കൊമ്പുകൾ കോതണമെന്നോ ആവശ്യപ്പെട്ട് നാട്ടുകാർ ഇതിനകം പലതവണ ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷന് പരാതി നൽകിയിരുന്നു. എന്നാൽ അധികൃതർ ഇത് അവഗണിച്ചതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചു.
മരങ്ങൾ വെട്ടിമാറ്റിയിരുന്നു എന്നാണ് ബിഎംസി അവകാശപ്പെടുന്നതെങ്കിലും, നാട്ടുകാരുടെ പരാതികൾ ഉദ്യോഗസ്ഥർ അവഗണിച്ചതായി കണ്ടെത്തിയാൽ കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മേയർ ഉറപ്പുനൽകി. നഗരത്തിലെ പഴയ മരങ്ങളെക്കുറിച്ച് അടിയന്തരമായി ഓഡിറ്റ് നടത്താൻ ആവശ്യപ്പെടുമെന്നും അവർ കൂട്ടിച്ചേർത്തു.
National
മുംബൈ: സിനിമാ ലോകത്തെ ഞെട്ടിച്ച് മുംബൈയിൽ വൻ പെൺവാണിഭ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. മറാഠി സിനിമകളിൽ പ്രധാനവേഷം ചെയ്യുന്ന നടിയും ബംഗാളി, ഹിന്ദി സിനിമകളിൽ അഭിനയിക്കുന്ന മറ്റൊരു നടിയുമാണ് അറസ്റ്റിലായത്. ഒരു മേക്കപ്പ്മാന്റെ നേതൃത്വത്തിലാണ് ഈ റാക്കറ്റ് പ്രവർത്തിച്ചിരുന്നത്.
ഇയാളെയും അറസ്റ്റ് ചെയ്തതായും മുംബൈ പോലീസ് അറിയിച്ചു. ഗിർഗാവിലുള്ള ഒരു പ്രമുഖ ഹോട്ടൽ കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്റെ ഇടപാടുകൾ നടന്നിരുന്നത്. ഇവിടെ പെൺവാണിഭം നടക്കുന്നതായി പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്.
സിനിമയിലെ സ്വാധീനം ഉപയോഗിച്ച് മേക്കപ്പ്മാനാണ് ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. കൂടുതൽ വിവരങ്ങൾക്കായി പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും അന്വേഷണസംഘം വ്യക്തമാക്കി.
National
മുംബൈ: മുംബൈയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യാത്രക്കാരനെ കുത്തിക്കൊലപ്പെടുത്തിയ പ്രതി പിടിയിൽ. മായങ്ക് ലോഹർ (21) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ പ്രതി റോഷൻ സുവർണയെ പോലീസ് പിടികൂടി.
ചൊവ്വാഴ്ച രാത്രി ചർച്ച്ഗേറ്റ്-നല്ലസോപാര ഫാസ്റ്റ് ലോക്കൽ ട്രെയിനിലാണ് സംഭവം. മഴപെയ്യുന്നതിനിടെ ട്രെയിനിന്റെ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
ഗോരേഗാവിനും കാന്തിവാലിക്കും ഇടയിലാണ് സംഭവം നടന്നത്. കൃത്യത്തിന് പിന്നാലെ കുർളയിൽനിന്ന് ആണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കം രൂക്ഷമായതോടെ റോഷൻ സുവർണയെ ചില യാത്രക്കാർ കൈയേറ്റം ചെയ്തിരുന്നു.
ഇതോടെയാണ് പ്രകോപിതനായ പ്രതി ബാഗിൽ കരുതിയിരുന്ന കത്തിയെടുത്ത് മായങ്കിനെ കുത്തിയത്. കുത്തേറ്റ മായങ്ക് സംഭവസ്ഥലത്തുതന്നെ മരിച്ചു.
National
മുംബൈ: മുംബൈയിൽ കനത്ത മഴ തുടരുന്നു. ചൊവ്വാഴ്ച രാത്രി മുതൽ പെയ്ത മഴയെത്തുടർന്ന് ബുധനാഴ്ച രാവിലെ നഗരത്തിലെ വിവിധയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. മുംബൈ മെട്രോപൊളിറ്റൻ മേഖലയിലെ പല ഭാഗങ്ങളിലും കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ, കേന്ദ്ര കാലാവസ്ഥാ വകുപ്പ് ബുധനാഴ്ച പുലർച്ചെ നാലിന് മുംബൈയിലും പാൽഗറിലും മൂന്ന് മണിക്കൂർ നേരത്തേക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഈ സമയത്ത് ശക്തമായ ഇടിമിന്നലിനും മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
പിന്നീട് രാവിലെ ഏഴിന് ഈ മുന്നറിയിപ്പ് അടുത്ത മൂന്ന് മണിക്കൂർ നേരത്തേക്ക് ഓറഞ്ച് അലർട്ടായി കുറച്ചു. രാത്രി മുഴുവൻ പെയ്ത മഴയെത്തുടർന്ന് ബുധനാഴ്ച രാവിലെ പല ഭാഗങ്ങളിലും കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടു.
കനത്ത മഴയെ തുടർന്ന് തുർബെ കോപ്പർഖൈറനെ ട്രാൻസ് ഹാർബർ റെയിൽ പാതയിൽ ട്രാക്കിന് താഴെയുള്ള മണ്ണ് ഒലിച്ചുപോയതോടെ ലോക്കൽ ട്രെയിൻ സർവീസുകൾ നിർത്തിവച്ചു. അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. അന്ധേരിയിലെ അണ്ടർപാസും വെള്ളപ്പൊക്കത്തെ തുടർന്ന് അടച്ചിരിക്കുകയാണ്. വെള്ളത്തിൽ മുങ്ങിയ അണ്ടർപാസ് മുറിച്ചുകടക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവർ അപകടത്തിൽപ്പെട്ടു.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മരങ്ങൾ കടപുഴകി വീണ് വാഹനങ്ങൾ തകർന്നു. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് അധികൃതർ നിർദേശിച്ചു. അടുത്ത മണിക്കൂറുകളിലും കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.
National
മുംബൈ: മുംബൈ-വഡോദര ഹൈവേയിൽ ബദ്ലാപൂരിന് സമീപം അമിതവേഗതയിലെത്തിയ ബിഎംഡബ്ല്യു കാർ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് രണ്ട് പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ബദ്ലാപൂർ സ്വദേശികളായ യോഗേഷ് ദിഗെ, റിക്കേബ ജാക്കപ്പ് എന്നിവരാണ് സംഭവസ്ഥലത്തുതന്നെ മരിച്ചത്. കാറിലുണ്ടായിരുന്ന ആനന്ദ് എന്ന മൂന്നാമത്തെയാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ താനെയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു ദാരുണമായ അപകടം നടന്നത്. ടിറ്റ്വാലയിൽ നിന്ന് ബദ്ലാപൂരിലേക്ക് വരികയായിരുന്നു ബിഎംഡബ്ല്യു സ്പോർട്സ് കാർ. അപകടസമയത്ത് കാർ മണിക്കൂറിൽ ഏകദേശം 250 കിലോമീറ്റർ വേഗതയിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അമിതവേഗതയെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട കാർ ഡിവൈഡറിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു.
അപകടത്തിന്റെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു തരിപ്പണമായി. ശരീരഭാഗങ്ങൾ റോഡിൽ പലയിടത്തായി ചിതറിക്കിടക്കുന്ന നിലയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സുഹൃത്തിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു മൂവരുമെന്നാണ് വിവരം. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ ബദ്ലാപൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. അപകടത്തിന് പിന്നിൽ മദ്യപിച്ചു വാഹനമോടിച്ചതാണോ എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.
District News
കൂത്തുപറമ്പ്: മുംബൈയിൽ ലിഫ്റ്റ് തകർന്നുവീണ് പരിക്കേറ്റു ചികിത്സയിലായിരുന്ന പാനൂർ ചെണ്ടയാട് സ്വദേശിയായ യുവാവ് മരിച്ചു. ചെണ്ടയാട് വരപ്ര സ്വദേശിയും മുംബൈയിൽ ബിസിനസുകാരനായ എരഞ്ഞിക്കൽ മഹമൂദിന്റെ മകൻ എരഞ്ഞിക്കൽ മഫ്ലാദാണ് (33) മുംബൈയിൽ മരിച്ചത്.
രണ്ടുദിവസം മുന്‍പ് താമസ സ്ഥലത്തെ ലിഫ്റ്റ് തകർന്നുവീണ് ഗുരുതരമായി പരിക്കേറ്റ് മുംബൈയിലുള്ള ഒരു ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
മൃതദേഹം നാട്ടിലെത്തിച്ച് ചെണ്ടയാട് കല്ലറക്കൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കും. അപകടത്തിൽ സഹോദരനായ ഇർഷാദിനും സുഹൃത്തിനും കൂടെ ജോലിചെയ്യുന്ന ആൾക്കും പരിക്കേറ്റിരുന്നു. ഇവർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
National
മുംബൈ: മുൻ മിസിസ് കേരള മത്സരാർഥി ഹൈഡ്രോപോണിക് കഞ്ചാവുമായി പിടിയിൽ. ഹർഷ സണ്ണി ആണ് 11 കിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവുമായി മുംബൈയിൽ പിടിയിലായത്. തായ്ലൻഡിലെ ബാങ്കോക്കിൽ നിന്ന് മുംബൈ വിമാനത്താവളത്തിൽ എത്തിച്ചേർന്നതിനിടെ ആണ് അറസ്റ്റ്.
ജൂൺ 10ന് രാത്രി ബാങ്കോക്കിൽ നിന്ന് എത്തിയ എയർ ഇന്ത്യ വിമാനത്തിലാണ് ഹർഷ മുംബൈ വിമാനത്താവളത്തിലെത്തിയത്. ഹർഷ സണ്ണിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
11.82 കോടി രൂപ വില വരുന്ന ഹൈഡ്രോപോണിക് കഞ്ചാവ് ആണ് യുവതിയിൽ നിന്ന് പിടിച്ചെടുത്തത്. അറസ്റ്റിലായ ഹർഷ സണ്ണിയെ ഫോർട്ട് കോടതിയിൽ ഹാജരാക്കുകയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
മുംബൈ: മുംബൈ വർളിയിലെ പ്രശസ്തമായ എൻ.എസ്.സി.ഐ ഡോമിൽ നടന്ന ലൈവ് മ്യൂസിക് കൺസേർട്ടിനിടെ 28 കാരനായ യുവാവ് മരിച്ചു. ഇതേ പരിപാടിക്കിടെ അസുഖബാധിതയായ 31 വയസുകാരിയായ യുവതിയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അമിതമായ മദ്യപാനവും കനത്ത തിരക്കിൽ ഉണ്ടായ നിർജലീകരണവുമാണ് അപകടത്തിന് കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഞായറാഴ്ച പുലർച്ചെ 'ക്ലാങ്ക്കുൻസ്റ്റ്ലർ ഓൾ നൈറ്റ് ലോംഗ്' എന്ന മ്യൂസിക് ഷോയ്ക്കിടെയാണ് രണ്ട് വ്യത്യസ്ത സംഭവങ്ങളായി ഈ ദുരന്തം അരങ്ങേറിയത്. മഹിം സ്വദേശിയായ വൃഷഭ് മഹേന്ദ്ര ഗാംഗുർഡെ എന്ന നിയമ വിദ്യാർത്ഥിയാണ് മരണപ്പെട്ടത്. പരിപാടിക്കിടെ കടുത്ത അസ്വസ്ഥത പ്രകടിപ്പിച്ച വൃഷഭിനെ ഉടൻ തന്നെ മലബാർ ഹില്ലിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനകം മരണം സംഭവിച്ചിരുന്നു. അമിതമായി മദ്യം കഴിച്ചതും തുടർന്നുള്ള നിർജലീകരണവുമാകാം മരണകാരണമെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക വിലയിരുത്തൽ.
ഇതേ കൺസേർട്ടിൽ പങ്കെടുത്ത മറ്റൊരു യുവതി ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ജസ്ലോക് ആശുപത്രിയിൽ ചികിത്സയിലാണ്. താൻ മദ്യത്തോടൊപ്പം എനർജി ഡ്രിങ്കുകളും കഴിച്ചിരുന്നതായി യുവതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. നിലവിൽ ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.
"ഇതുവരെയുള്ള അന്വേഷണത്തിൽ ലഹരിമരുന്ന് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട യാതൊരു തെളിവുകളും ലഭിച്ചിട്ടില്ല. കൺസേർട്ട് നടന്ന ഹാളിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്," എന്ന് താർദേവ് പോലീസ് അറിയിച്ചു. നിലവിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.
National
മുംബൈ: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീട്ടിൽ സൂക്ഷിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ മാൽവാനിയിൽ നടന്ന സംഭവത്തിൽ പശ്ചിമ ബംഗാൾ സ്വദേശിനി സെലിമ ഖാത്തൂൻ (33) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിനുശേഷം ഒളിവിൽപ്പോയ ഇവരുടെ ഭർത്താവ് ഷംസുദ്ദീൻ അബ്ദുൽ മത്തീനെ ഒഡീഷയിൽ നിന്ന് മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. മേയ് 18നാണ് സെലിമയെ അയൽവാസികൾ അവസാനമായി കണ്ടത്. അതിനുശേഷം ഇവരുടെ വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.
കഴിഞ്ഞ 22 ന് വീടിനുള്ളിൽ നിന്ന് കടുത്ത ദുർഗന്ധം വമിക്കാൻ തുടങ്ങി. ഇതോടെ സംശയം തോന്നിയ അയൽവാസികൾ ഫോണിൽ ബന്ധപ്പെട്ടപ്പോൾ വീട്ടിൽ എലി ചത്തു കിടക്കുന്നുണ്ടെന്ന് ഷംസുദ്ദീൻ പറഞ്ഞു. ദുർഗന്ധം അസഹനീയമായതിനെ തുടർന്ന് അയൽവാസികൾ മാൽവാനി പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് പോലീസ് സ്ഥലത്തെത്തി പൂട്ട് പൊളിച്ച് അകത്തു കടന്ന് പരിശോധിച്ചപ്പോഴാണ് സെലിമയുടെ ജീർണിച്ച മൃതദേഹം കണ്ടെത്തിയത്. ഭാര്യയെ വകവരുത്തിയ ശേഷം ഷംസുദ്ദീൻ സംസ്ഥാനം വിട്ടതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ ഒഡീഷയിലുണ്ടെന്ന് കണ്ടെത്തിയത്.
National
ന്യൂഡൽഹി: ഡൽഹിയിലെ വിവിധയിടങ്ങളിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട ഒമ്പത് പേർ അറസ്റ്റിൽ. ഡൽഹി പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
പാക്കിസ്ഥാന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐ, അധോലോക നായകൻ ദാവൂദ് ഇബ്രാഹിം എന്നിവരുമായി അടുത്ത ബന്ധമുള്ളവരാണ് പിടിയിലായതെന്ന് പോലീസ് വ്യക്തമാക്കി. ദേശീയ തലസ്ഥാനത്തെ പ്രമുഖ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇവർ ആക്രമണങ്ങൾക്ക് രൂപം നൽകിയത്.
അറസ്റ്റിലായവരിൽ നിന്ന് വൻതോതിൽ ആയുധങ്ങളും വെടിക്കോപ്പുകളും പോലീസ് കണ്ടുകെട്ടിയിട്ടുണ്ട്. പിടിയിലായവരെ ചോദ്യം ചെയ്തുവരികയാണ്.
National
മുംബൈ: മുംബൈയിൽ ഒരു കുടുംബത്തിലെ നാല് പേരുടെ മരണത്തിന് കാരണമായത് എലിവിഷമാണെന്നും റിപ്പോർട്ട്. മരിച്ചവരുടെ ശരീരത്തിലും അവർ കഴിച്ച പഴത്തിന്റെ അവശിഷ്ടങ്ങളിലും എലിയെ കൊല്ലാൻ ഉപയോഗിക്കുന്ന വിഷാംശത്തിന്റെ സാന്നിധ്യം അടങ്ങിയിരുന്നതായി ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി.
ഏപ്രിൽ 25 ശനിയാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. അബ്ദുള്ള ദൊകാഡിയ (45), ഭാര്യ നസ്രീൻ (35), മക്കളായ സൈനബ് (13), ആയിഷ (16) എന്നിവരാണ് മരിച്ചത്. സംഭവദിവസം മുംബൈയിലെ തങ്ങളുടെ വീട്ടിൽ ഇവർ ബന്ധുക്കൾക്കായി വിരുന്നൊരുക്കിയിരുന്നു. ബന്ധുക്കൾ പോയശേഷം രാത്രി ഒന്നോടെയാണ് കുടുംബം തണ്ണിമത്തൻ കഴിച്ചത്.
പിന്നാലെ ഉറങ്ങാൻ കിടന്നെങ്കിലും പുലർച്ചെ അഞ്ചോടെ എല്ലാവർക്കും കഠിനമായ ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു. ആദ്യം കുടുംബ ഡോക്ടറെ കാണിച്ചു. അവർ ഉടൻതന്നെ എല്ലാവരേയും അടുത്തുള്ള ആശുപത്രിയിലേക്ക് റഫർ ചെയ്തു. ഞായറാഴ്ച രാവിലെ 10 ഓടെ ഇളയമകൾ മരിച്ചു. പിന്നാലെ മറ്റുള്ളവരും മരണത്തിന് കീഴടങ്ങുകയായിരുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരിച്ചവരുടെ തലച്ചോർ, ഹൃദയം, കുടൽ എന്നിവയുൾപ്പെടെയുള്ള ചില ആന്തരികാവയവങ്ങൾ പച്ചനിറമായി മാറിയിരുന്നതായി ഡോക്ടർമാർ കണ്ടെത്തിയിരുന്നു. ഇതാണ് കേസിൽ വഴിത്തിരിവായത്. വിഷബാധയെ സൂചിപ്പിക്കുന്ന ഈ കണ്ടെത്തലിന് പിന്നാലെയാണ് പോലീസ് വിശദമായ പരിശോധനയിലേക്ക് കടന്നത്. ഇതിലാണ് ഇവരുടെ ഉള്ളിൽ എലിവിഷത്തിൽ ഉപയോഗിക്കുന്ന സിങ്ക് ഫോസ്ഫൈിന്റെ സാന്നിധ്യം കണ്ടെത്തിയത്.
ഇവർ കഴിച്ച തണ്ണിമത്തന്റെ സാമ്പിളുകളിലും സിങ്ക് ഫോസ്ഫൈറ്റ് കണ്ടെത്തിയിരുന്നു. ഭക്ഷണം കഴിച്ച അതിഥികൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തതിനാൽ ഈ രാസവസ്തു അബദ്ധത്തിൽ പഴത്തിൽ കലർന്നതാണോ അതോ ആരെങ്കിലും മനപൂർവ്വം കലർത്തിയതാണോയെന്ന് അന്വേഷിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
അബ്ദുള്ള ദൊകാഡിയയുടെ ശരീരത്തിൽ മോർഫിൻ എന്ന ശക്തമായ വേദനാസംഹാരിയുടെ സാന്നിധ്യവും കണ്ടെത്തിയിരുന്നു. ഇത് മുൻപ് നടന്ന ഏതെങ്കിലും ചികിത്സയുടെ ഭാഗമാണോ, അബദ്ധത്തിൽ ശരീരത്തിലെത്തിയതാണോ അതോ ഇതിൽ കൂടുതൽ ദുരൂഹതയുണ്ടോ എന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. കൂടുതൽ വ്യക്തതയ്ക്കായി പോലീസ് മറ്റ് കുടുംബാംഗങ്ങളുടെ മൊഴികൾ രേഖപ്പെടുത്തി വരികയാണ്.
National
മുംബൈ: തണ്ണിമത്തൻ കഴിച്ചശേഷം നാലംഗ കുടുംബം മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. ഭക്ഷ്യവിഷബാധയേറ്റല്ല മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. വീട്ടിൽ നിന്നും ശേഖരിച്ച സാമ്പിളിൽ കൃത്രിമ കളറോ മധുരമോ ചേർത്തതായി കണ്ടെത്താൻ കഴിച്ചിട്ടില്ല.
മുംബൈ സ്വദേശികളായ അബ്ദുല്ല ദോക്കാഡിയ, ഭാര്യ നസ്റീൻ, മക്കളായ സൈനബ്, ആയിഷ എന്നിവരാണ് ദുരൂഹസാഹചര്യത്തിൽ മരിച്ചത്. മരിച്ചവരുടെ ആന്തരികാവയവങ്ങളുടെ നിറം മാറ്റം എന്തോ വിഷാംശം ഉള്ളിലെത്തിയതിന്റെ സൂചനയാണെന്നാണ് പ്രാഥമിക ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നത്.
മരിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടൽ തുടങ്ങിയ ആന്തരികാവയങ്ങൾ പച്ചനിറമായി മാറിയിരുന്നു. ഇത് ഭക്ഷ്യവിഷബാധയുടെ സാഹചര്യത്തിൽ ഉണ്ടാകുന്നതല്ല. എന്തുകൊണ്ടാണ് ഇങ്ങനെയുണ്ടായതെന്ന് ഡോക്ടർമാർ പരിശോധിച്ചു വരുകയാണ്. അബ്ദുല്ലയുടെ ശരീരത്തിൽ മോർഫിന്റെ അംശവും കണ്ടെത്തിയതായി അധികൃതർ സൂചന നൽകിയിട്ടുണ്ട്.
Sports
മുംബൈ: ഐപിഎല്ലിൽ തുടർ തോൽവികൾക്ക് പിന്നാലെ മുംബൈ ഇന്ത്യൻസിന് വീണ്ടും കനത്ത തിരിച്ചടി. പരിക്കിനെത്തുടർന്ന് ഓൾറൗണ്ടർ മിച്ചൽ സാന്റ്നർ ടൂർണമെന്റിൽനിന്ന് പുറത്തായി.
ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിനിടെ കാർത്തിക് ശർമയുടെ ക്യാച്ചെടുക്കുന്നതിനിടെയാണ് സാന്റ്നറുടെ തോളിന് പരിക്കേറ്റത്.
സാന്റ്നറുടെ പകരക്കാരനായി ദക്ഷിണാഫ്രിക്കയുടെ ഇടം കൈയൻ സ്പിന്നർ കേശവ് മഹാരാജിനെ 75 ലക്ഷം രൂപയ്ക്ക് മുംബൈ ടീമിലെത്തിച്ചിട്ടുണ്ട്.
National
മുംബൈ: മതം ചോദിച്ച് സെക്യൂരിറ്റി ജീവനക്കാരെ കുത്തിപ്പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ. മുംബൈയിലെ നയാ നഗർ പ്രദേശത്ത് തിങ്കളാഴ്ച പുലർച്ചെ നാലോടെയാണ് സംഭവം.
സംഭവത്തിൽ സൈബ് സുബർ അൻസാരി(31) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. രാജ്കുമാർ മിശ്ര, സുബ്രതോ സെൻ എന്നിവർക്കാണ് കുത്തേറ്റത്. വോക്കാർഡ് ആശുപത്രിക്ക് പിന്നിൽ നിർമാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിലെ സെക്യൂരിറ്റ ജീവനക്കാരായിരുന്നു ഇരുവരും.
സ്ഥലത്തെത്തിയ സൈബ് സുബർ, ഇസ്ലാം മതത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങൾ ചൊല്ലാൻ ആവശ്യപ്പെട്ട് ഇവരെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്.
രാജ്കുമാർ സ്വന്തം നിലയിൽ ആശുപത്രിയിലെത്തിയെങ്കിലും സുബ്രതോ സെന്നിന് ആശുപത്രിയിൽ പോകാൻ സാധിച്ചില്ല. തുടർന്ന് തോട്ടടുത്ത കെട്ടിടത്തിൽ താമസിക്കുന്ന നയാബ് ഷെയ്ക്ക് എന്നയാൾ രക്തത്തിൽ കുളിച്ചിരുന്ന സെന്നിനെ കാണുകയും തുടർന്ന് ഇയാളെ പോലീസ് ആദ്യം പോലീസ് സ്റ്റേഷനിലും പിന്നീട് ആശുപത്രിയിലും എത്തിക്കുകയായിരുന്നു.
സംഭവത്തിന് 90 മിനിട്ടിനു ശേഷം സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പോലീസ് പിടികൂടി. ഇയാൾക്കെതിരെ കൊലപാതകശ്രമം, രണ്ട് വിഭാഗങ്ങൾക്കിടെയിൽ ശത്രുതയുണ്ടാക്കാൻ ശ്രമിച്ചു എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തു.
തുടർന്ന് അൻസാരിയെ താനെയിലെ കോടതിയിൽ ഹാജരാക്കി. മേയ് നാല് വരെ ഇയാളെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പോലീസിന്റെയും സംസ്ഥാന ഭീകരവിരുദ്ധ സ്ക്വാഡിന്റെയും സംഘമാണ് സംഭവം അന്വേഷിക്കുന്നത്.
കിംവദന്തികളിൽ വിശ്വസിക്കരുതെന്നും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ ജനങ്ങളോട് അഭ്യർഥിച്ചു. അങ്ങനെ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.
സൈബ് സുബൈറിൽ നിന്നും പിടിച്ചെടുത്ത മൊബൈൽ ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും അധികൃതർ പരിശോധിച്ചുവരികയാണ്. ഇയാൾ എഴുതിയ കുറിപ്പിൽ "ഐഎസ്ഐഎസ്, ഒറ്റ ചെന്നായ, ജിഹാദ്, ഗാസ' എന്നീ വാക്കുകളുണ്ടെന്ന് പോലീസ് അറിയിച്ചു.
അൻസാരി വർഷങ്ങളായി അമേരിക്കയിൽ താമസിച്ചിരുന്നുവെന്നും കുടുംബാംഗങ്ങൾ ഇപ്പോഴും അമേരിക്കയിലാണുള്ളതെന്നും അധികൃതർ വ്യക്തമാക്കി. അവിടെ ജോലി കണ്ടെത്താൻ കഴിയാത്തതിനാൽ സൈബ് സുബൈർ ഇന്ത്യയിലേക്ക് മടങ്ങി വരികയായിരുന്നു.
മീര റോഡ് പ്രദേശത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന അദ്ദേഹം പണം സമ്പാദിക്കാൻ ഓൺലൈനായി രസതന്ത്രം പഠിപ്പിച്ചിരുന്നുവെന്നും പോലീസ് അറിയിച്ചു.
Special News
മുംബൈ: ബിരിയാണിയും പിന്നാലെ തണ്ണിമത്തനും കഴിച്ച ഒരു കുടുംബത്തിലെ നാല് പേർ മരണപ്പെട്ട സംഭവം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ തണ്ണിമത്തൻ എങ്ങനെ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുമെന്നും അത് മരണത്തിലേക്ക് നയിക്കുമോ എന്നും ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു.
ന്യൂട്രീഷ്യനിസ്റ്റുകളുടെ അഭിപ്രായത്തിൽ, തണ്ണിമത്തൻ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകാമെന്നും ഗുരുതരമായ സാഹചര്യങ്ങളിൽ ഇത് മരണത്തിലേക്ക് വരെ നയിക്കാമെന്നും പറയുന്നു. ഇതിനുള്ള കാരണങ്ങൾ താഴെ പറയുന്നവയാണ്:
ബാക്ടീരിയയുടെ വളർച്ച: തണ്ണിമത്തനിലെ ഉയർന്ന ജലാംശവും പ്രകൃതിദത്ത പഞ്ചസാരയും ബാക്ടീരിയകൾക്ക് അതിവേഗം വളരാൻ അനുയോജ്യമായ സാഹചര്യമൊരുക്കുന്നു.
കൃത്രിമ മധുരം: തണ്ണിമത്തൻ ചുവപ്പിക്കാനും മധുരം കൂട്ടാനുമായി ഗ്ലൂക്കോസ് വെള്ളമോ പഞ്ചസാര ലായനിയോ വഴി ചേർക്കാറുണ്ട്. ഇത് ബാക്ടീരിയകളുടെ അളവ് വർദ്ധിപ്പിക്കാൻ കാരണമാകും.
രോഗകാരികൾ: സാൽമൊണല്ല, ലിസ്റ്റീരിയ, ഇ-കോളി തുടങ്ങിയ ബാക്ടീരിയകൾ തണ്ണിമത്തനിലൂടെ ശരീരത്തിലെത്തിയാൽ അത് നിർജലീകരണത്തിനും അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്ന സെപ്സിസ് എന്ന അവസ്ഥയ്ക്കും കാരണമാകും.
തണ്ണിമത്തൻ കഴിക്കാൻ അനുയോജ്യമായ സമയം ഏത്?
ഭക്ഷ്യവിഷബാധയ്ക്ക് തണ്ണിമത്തൻ കഴിക്കുന്ന സമയം നേരിട്ട് ബന്ധപ്പെട്ടതല്ലെങ്കിലും, രാത്രി വൈകി ഇത്തരം ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് നല്ലതെന്ന് ഡോക്ടർമാർ പറയുന്നു.
രാത്രി 8 മണിക്ക് ശേഷം: ഉറങ്ങുന്ന സമയത്ത് ദഹനപ്രക്രിയ മന്ദഗതിയിലാകുന്നത് കൊണ്ട് രാത്രി 8 മണിക്ക് ശേഷം തണ്ണിമത്തൻ പോലുള്ള പഴങ്ങളോ കനത്ത ആഹാരമോ ഒഴിവാക്കണം.
ഏറ്റവും നല്ല സമയം: രാവിലെയും ഉച്ചയ്ക്കും ഇടയിലുള്ള സമയത്തോ അല്ലെങ്കിൽ പകലിലെ ലഘുഭക്ഷണമായോ തണ്ണിമത്തൻ കഴിക്കുന്നതാണ് ഉചിതം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മുംബൈയിലെ കേസിൽ ബിരിയാണി ആണോ തണ്ണിമത്തൻ ആണോ മരണകാരണമെന്ന് ഫോറൻസിക് റിപ്പോർട്ട് വന്നാലേ വ്യക്തമാകൂ. എങ്കിലും വേനൽക്കാലത്ത് പഴങ്ങൾ മുറിച്ചുവെച്ച് ദീർഘനേരം കഴിഞ്ഞ് കഴിക്കുന്നത് ഒഴിവാക്കണമെന്നും, ശുചിത്വമുള്ള സ്ഥലങ്ങളിൽ നിന്ന് മാത്രം പഴങ്ങൾ വാങ്ങണമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
National
മുംബൈ: ദക്ഷിണ മുംബൈയിലെ പൈധുനി പ്രദേശത്ത് ബിരിയാണിയും തണ്ണിമത്തനും കഴിച്ചതിന് പിന്നാലെ ഉണ്ടായ ഭക്ഷ്യവിഷബാധയെത്തുടർന്ന് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. അബ്ദുള്ള ദൊകാഡിയ (40), ഭാര്യ നസ്രീൻ (35), മക്കളായ ആയിഷ (16), സൈനബ് (13) എന്നിവരാണ് മരണപ്പെട്ടത്. ഏപ്രിൽ 25 ശനിയാഴ്ച രാത്രി പത്തരയോടെ ബന്ധുക്കൾക്കൊപ്പം വീട്ടിൽ വെച്ച് ഇവർ ബിരിയാണി കഴിച്ചു. തുടർന്ന് രാത്രി ഒരു മണിയോടെ കുടുംബം തണ്ണിമത്തനും കഴിച്ചു.
ഏപ്രിൽ 26 ഞായറാഴ്ച പുലർച്ചെ ആറ് മണിയോടെ നാല് പേർക്കും കടുത്ത ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു. തുടർന്ന് ഇവരെ ജെ.ജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ പത്ത് മണിയോടെ 13 വയസ്സുകാരി സൈനബ് ആദ്യം മരണപ്പെട്ടു. രാത്രി പത്തരയോടെ അച്ഛൻ അബ്ദുള്ളയും പിന്നാലെ നസ്രീനും ആയിഷയും മരണത്തിന് കീഴടങ്ങുകയായിരുന്നു.
ജെ.ജെ മാർഗ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായെങ്കിലും ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം ലഭിച്ചാൽ മാത്രമേ മരണത്തിന്റെ കൃത്യമായ കാരണം സ്ഥിരീകരിക്കാനാവൂ എന്ന് പോലീസ് അറിയിച്ചു. ബിരിയാണി കഴിച്ചതിന് ശേഷം തണ്ണിമത്തൻ കഴിച്ചതാണോ അതോ മറ്റേതെങ്കിലും തരത്തിലുള്ള ഭക്ഷണ മലിനീകരണമാണോ കാരണമെന്ന് അന്വേഷിച്ചുവരികയാണ്.
National
നാസിക്: മഹാരാഷ്ട്രയിലെ നാസിക് ടിസിഎസ് ബിപിഒ യൂണിറ്റിലെ ലൈംഗിക പീഡനവും നിർബന്ധിത മതപരിവർത്തന ശ്രമങ്ങളും ഉൾപ്പെട്ട കേസിൽ അന്വേഷണം പ്രതിസന്ധിയിൽ. കേസിലെ മുഖ്യപ്രതി തന്റെ മൊബൈൽ ഫോണിലെ ഓരോ ആപ്ലിക്കേഷനും ഫയലുകൾക്കും വ്യത്യസ്തമായ പാസ്വേഡുകൾ നൽകി സുരക്ഷിതമാക്കിയതാണ് പോലീസിനെ കുഴപ്പിക്കുന്നത്. ഇതോടെ നിർണായകമായ ഡിജിറ്റൽ തെളിവുകൾ കണ്ടെത്താൻ അന്വേഷണ സംഘത്തിന് തടസം നേരിടുന്നു.
പ്രതിയുടെ ഫോൺ ഫേസ് ഐഡി ഉപയോഗിച്ചാണ് ലോക്ക് ചെയ്തിരിക്കുന്നത്. കൂടാതെ, ഫോണിനുള്ളിലെ ഓരോ ഫോൾഡറിനും പ്രത്യേകമായ പാസ്വേഡുകൾ നൽകിയിട്ടുണ്ട്.
ഫോൺ അൺലോക്ക് ചെയ്യുന്നതിനായി പ്രത്യേക അന്വേഷണ സംഘം പ്രതിയെ നാസിക്കിലെ റീജിയണൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ എത്തിച്ചു. വിദഗ്ധരുടെ സഹായത്തോടെ ഡിജിറ്റൽ വിവരങ്ങൾ വീണ്ടെടുക്കാനാണ് നീക്കം.
വാട്സാപ്പ് ചാറ്റുകൾ, ഇമെയിലുകൾ, മറ്റ് രേഖകൾ എന്നിവ പരിശോധിച്ചാൽ മാത്രമേ പീഡനത്തിന്റെയും സമ്മർദ്ദത്തിന്റെയും കൂടുതൽ വിവരങ്ങൾ പുറത്തുവരൂ എന്ന് പോലീസ് കരുതുന്നു. നാസിക്കിലെ ടിസിഎസ് ക്യാമ്പസിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി വനിതാ ജീവനക്കാർ പീഡനത്തിനും മാനസിക ക്രൂരതയ്ക്കും ഇരയാകുന്നു എന്ന പരാതിയെത്തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.
ലൈംഗിക അതിക്രമം, നിർബന്ധിത മതപരിവർത്തനത്തിനുള്ള സമ്മർദ്ദം, മതവികാരത്തെ വ്രണപ്പെടുത്തൽ തുടങ്ങിയ ഗൗരവകരമായ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ ഇതുവരെ ഏഴ് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. ഒൻപതോളം എഫ്ഐആറുകൾ ഇതുവരെ ഈ കേസുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
National
മുംബൈ: ഓൺലൈനിൽ 299 രൂപയ്ക്ക് ചുരിദാർ വാങ്ങാൻശ്രമിച്ച യുവതിക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ. മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്സാണ് തട്ടിപ്പിന് ഇരയായത്.
ഫേസ്ബുക്കിൽ കണ്ട ആകർഷകമായ വസ്ത്രത്തിന്റെ പരസ്യം കണ്ടാണ് നഴ്സ് അത് വാങ്ങാൻ തീരുമാനിച്ചത്. കേവലം 299 രൂപയ്ക്ക് വസ്ത്രം നൽകാമെന്ന വാഗ്ദാനത്തിൽ വിശ്വസിച്ച് ഓർഡർ നൽകിയ നഴ്സിനെ വാട്സ്ആപ് വഴി ബന്ധപ്പെട്ടാണ് തട്ടിപ്പുകാർ വലയിലാക്കിയത്.
വസ്ത്രത്തിന്റെ വിലയ്ക്ക് പുറമെ ഷിപ്പിംഗ് ചാർജ്, ജിപിഎസ് ചാർജ്, ട്രാക്കിംഗ് ഫീ തുടങ്ങിയ വിവിധ പേരുകൾ പറഞ്ഞ് പണം ആവശ്യപ്പെടുകയായിരുന്നു. പണമയച്ചാൽ അത് പിന്നീട് റീഫണ്ട് ചെയ്യുമെന്നും ഓർഡർ ഉടൻ കൈപ്പറ്റാമെന്നും പറഞ്ഞ് തട്ടിപ്പുകാർ യുവതിയെ വിശ്വസിപ്പിച്ചു.
ഏപ്രിൽ 16 മുതൽ 20 വരെയുള്ള അഞ്ച് ദിവസങ്ങൾക്കിടയിൽ പല ഘട്ടങ്ങളിലായാണ് ഒരു ലക്ഷം രൂപ യുവതിയിൽ നിന്ന് തട്ടിയത്. തുടർച്ചയായി പണം നൽകിയിട്ടും ഓർഡർ ലഭിക്കാതെ വരികയും വീണ്ടും പണം ആവശ്യപ്പെടുകയും ചെയ്തതോടെയാണ് താൻ ചതിക്കപ്പെട്ട വിവരം യുവതി തിരിച്ചറിഞ്ഞത്. ഉടൻ തന്നെ സൈബർ ക്രൈം ഹെൽപ്പ് ലൈനിൽ വിവരം അറിയിക്കുകയും തുടർന്ന് ദിയോണർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു.
ഫേസ്ബുക്ക് പരസ്യം, വാട്സ്ആപ് നമ്പർ, വ്യാജ ഡെലിവറി ഏജന്റ് എന്നിവ ഉപയോഗിച്ചാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇത്തരം വ്യാജ സൈറ്റുകളെയും വാഗ്ദാനങ്ങളെയും കുറിച്ച് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് നിർദേശിച്ചു.
National
മുംബൈ: പ്രതിഷേധ പ്രകടനത്തിനിടെ റോഡ് തടസ്സപ്പെടുത്തിയ ബിജെപി നേതാക്കളെയും പോലീസിനെയും ചോദ്യം ചെയ്ത യുവതിക്കെതിരെ മുംബൈ പോലീസ് കേസെടുത്തു. ബിജെപി നേതാവും മന്ത്രിയുമായ ഗിരീഷ് മഹാജനോട് 'ഇവിടെനിന്ന് പോകൂ' എന്ന് യുവതി രോഷാകുലയായി പറയുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് പരാതി ലഭിച്ചത്.
ചൊവ്വാഴ്ച മുംബൈയിലെ വർളി മേഖലയിലാണ് സംഭവം. ഭരണകക്ഷിയായ മഹായുതി സഖ്യം നടത്തിയ പ്രതിഷേധ പ്രകടനം കിലോമീറ്ററുകളോളം നീളുന്ന ഗതാഗതക്കുരുക്കിന് കാരണമായിരുന്നു. മണിക്കൂറുകളോളം വാഹനത്തിൽ കുടുങ്ങിയ യുവതി പുറത്തിറങ്ങി ഗിരീഷ് മഹാജനോടും അവിടെയുണ്ടായിരുന്ന പോലീസുകാരോടും തട്ടിക്കയറുകയായിരുന്നു.
"നിങ്ങൾക്ക് എന്താണ് പറ്റിയത്? ഇവിടെ അടുത്തൊരു ഒഴിഞ്ഞ മൈതാനമുണ്ടല്ലോ, അവിടെ പോയി പ്രതിഷേധിച്ചുകൂടെ? എനിക്ക് കുട്ടിയെ സ്കൂളിൽ നിന്ന് കൂട്ടിക്കൊണ്ടുവരാനുള്ളതാണ്. ഒരു മണിക്കൂറോളമായി ഞാൻ ഇവിടെ കുടുങ്ങിക്കിടക്കുന്നു," എന്ന് യുവതി ചോദിക്കുന്നത് വീഡിയോയിൽ കേൾക്കാം. മന്ത്രി അവരെ ശാന്തയാക്കാൻ ശ്രമിച്ചെങ്കിലും "ഇവിടെനിന്ന് ഉടൻ പോകണം" എന്നായിരുന്നു യുവതിയുടെ മറുപടി.
യുവതി പോലീസുകാരെ അധിക്ഷേപിച്ചുവെന്നും പ്രതിഷേധം തടസപ്പെടുത്തിയെന്നും ആരോപിച്ച് ഒരാൾ ബുധനാഴ്ച വർളി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊതുസേവകരുടെ ജോലി തടസപ്പെടുത്തൽ, മനഃപൂർവം അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം, യുവതി പറഞ്ഞത് തെറ്റല്ലെന്നും എന്നാൽ പ്രതിഷേധങ്ങൾ നടക്കുമ്പോൾ ഗതാഗതം തടസപ്പെടുന്നത് സ്വാഭാവികമാണെന്നും ഗിരീഷ് മഹാജൻ പ്രതികരിച്ചു. പ്രതിഷേധിക്കാൻ ജനാധിപത്യപരമായ വഴികളുണ്ടെന്നും എന്നാൽ ഉപയോഗിച്ച ഭാഷ ശരിയായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി നേതൃത്വത്തിലുള്ള മുംബൈ മേയർ ഋതു താവ്ഡെ യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിച്ചു.
National
മുംബൈ: പരിക്കേറ്റ രോഹിത് ശർമയ്ക്ക് പകരം ടീമിലെത്തിയ ക്വിന്റൺ ഡി കോക്കിന്റെ ബാറ്റിംഗ് കരുത്തിൽ പഞ്ചാബ് കിംഗ്സിനെതിരെ മുംബൈ ഇന്ത്യൻസിന് മികച്ച പ്രകടനം. വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 53 പന്തിൽ നിന്നാണ് ഡി കോക്ക് തന്റെ സെഞ്ചുറി തികച്ചത്. ഈ സീസണിലെ തന്റെ ആദ്യ മത്സരത്തിൽ തന്നെ സെഞ്ചുറി നേടിക്കൊണ്ട് ഡി കോക്ക് ഗംഭീര തിരിച്ചുവരവാണ് നടത്തിയത്.
ഏഴ് ഫോറുകളും ഏഴ് സിക്സറുകളും അടങ്ങുന്നതായിരുന്നു ഡി കോക്കിന്റെ ഇന്നിംഗ്സ്. സേവ്യർ ബാർട്ട്ലെറ്റിന്റെ പന്തിൽ ഒരു മനോഹരമായ 'റിവേഴ്സ് റാംപ്' ഷോട്ട് കളിച്ചാണ് താരം തന്റെ മൂന്നാം ഐപിഎൽ സെഞ്ചുറി ആഘോഷിച്ചത്. നേരത്തെ ഡൽഹി ഡെയർഡെവിൾസിനും (ഇന്നത്തെ ഡൽഹി ക്യാപിറ്റൽസ്) ലഖ്നൗ സൂപ്പർ ജയന്റ്സിനും വേണ്ടിയും ഡി കോക്ക് സെഞ്ചുറി നേടിയിട്ടുണ്ട്.
ഐപിഎൽ 2026 സീസണിലെ രണ്ടാമത്തെ സെഞ്ചുറിയാണിത്. നേരത്തെ ഡൽഹി ക്യാപിറ്റൽസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് വേണ്ടി സഞ്ജു സാംസൺ സെഞ്ചുറി നേടിയിരുന്നു. രോഹിത് ശർമയുടെ അഭാവത്തിൽ ഓപ്പണറായി എത്തിയ ഡി കോക്ക് ആ കുറവ് നികത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്. ഹോം ഗ്രൗണ്ടിലെ കാണികളെ ആവേശത്തിലാഴ്ത്തിയ ഈ പ്രകടനം മുംബൈയ്ക്ക് വലിയ മുൻതൂക്കം നൽകുന്നു. കൂടുതൽ സ്പോർട്സ് വാർത്തകൾക്കായി ഫോളോ ചെയ്യുക.
National
മുംബൈ: കുടുംബവഴക്ക് പറഞ്ഞു തീർക്കുന്നതിനിടെ പോലീസ് സ്റ്റേഷനു സമീപത്തുവച്ച് ഭർത്താവ് ഭാര്യയേയും സഹോദരനെയും കുത്തിപ്പരിക്കേൽപ്പിച്ചു. മഹാരാഷ്ട്രയിലെ കല്യാണിൽ നടന്ന സംഭവത്തിൽ പോലീസ് കേസെടുത്തു.
ഭർത്താവ് തൻവീർ ഖാനുമായി യുവതി അകൽച്ചയിലായിരുന്നു. പ്രശ്നം പരിഹരിക്കാനും വിവാഹമോചനത്തെക്കുറിച്ച് സംസാരിക്കാനും ഇരു കുടുംബങ്ങളും ചൊവ്വാഴ്ച ചർച്ച നടത്തിയിരുന്നു. എന്നാൽ ഇത് അക്രമത്തിൽ കലാശിക്കുകയായിരുന്നു.
ചർച്ചയ്ക്കിടെ ഭർത്താവിന്റെ കുടുംബാംഗങ്ങൾ യുവതിയെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് പരാതിയിൽ പറയുന്നു. സ്ഥിതി വഷളായതോടെ യുവതിയും സഹോദരനും പരാതി നൽകാൻ പോലീസ് സ്റ്റേഷനിലേക്കു പോയി.
ഇവരെ പിന്തുടർന്ന പ്രതികൾ പോലീസ് സ്റ്റേഷനു പുറത്തുവച്ച് യുവതിയെയും സഹോദരനെയും തടയുകയും കത്തിയും കല്ലുമുപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. പരിക്കുകളോടെ രകതം വാർന്ന നിലയിൽ ഇരുവരും പോലീസ് സ്റ്റേഷനകത്തേക്ക് ഓടിക്കയറുകയായിരുന്നു.
പ്രതികൾ സ്റ്റേഷനുള്ളിലേക്കും ഇവരെ പിന്തുടർന്നെങ്കിലും പോലീസ് എത്തിയതോടെ രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
National
മുംബൈ: സംഗീത പരിപാടിക്കിടെ അമിതമായ അളവിൽ ലഹരിമരുന്ന് കഴിച്ച രണ്ട് എംബിഎ വിദ്യാർഥികൾ മരിച്ചു. ഏപ്രിൽ 11 ന് രാത്രി ഗോരേഗാവിലെ നെസ്കോ സെന്ററിൽ നടന്ന പരിപാടിക്കിടെയാണ് സംഭവം.
2,000 രൂപ പ്രവേശന ഫീസ് നൽകി ഏകദേശം 4,000 പേരാണ് പരിപാടിയിൽ പങ്കെടുത്തത്. പങ്കെടുത്തവരിൽ ചിലർ എംഡിഎംഎ ഉപയോഗിച്ചതായി പോലീസ് പറഞ്ഞു.
പുലർച്ചെ 12ഓടെ മൂന്ന് കുട്ടികൾക്ക് ശ്വാസതടസം അനുഭവപ്പെട്ടു. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെ 24കാരിയായ യുവതിയും 28കാരനായ യുവാവും മരിച്ചു.
മരിച്ചവരിൽ ഒരാൾ പരിപാടിയിൽ പങ്കെടുക്കാനുള്ള യാത്രാമധ്യേ ടാക്സിയിൽ വച്ച് ഒരു ഗുളിക കഴിച്ചുവെന്നും പിന്നീട് രണ്ടാമത് ഒരു ഗുളിക കൂടി കഴിച്ചുവെന്നും പോലീസ് പറഞ്ഞു. മരണകാരണം അമിത അളവിൽ മയക്കുമരുന്ന് കഴിച്ചതാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.
മയക്കുമരുന്ന് ഗുളികകൾ വിതരണം ചെയ്തയാളും ഒരു വിദ്യാർഥിയാണെന്നും ഇയാളെ അറസ്റ്റ് ചെയ്തുവെന്നും പോലീസ് പറഞ്ഞു. പ്രതിയിൽ നിന്നും ഏഴ് ഗുളികകൾ കണ്ടെത്തി.
ഇവന്റ് ഓർഗനൈസർ വിഹാൻ, നെസ്കോ ഇവന്റ് ഓർഗനൈസേഷൻ മാനേജ്മെന്റ് അംഗം സണ്ണി വിനോദ് ജെയിൻ, ഇന്റേണൽ സെക്യൂരിറ്റി ടീം അംഗം ബാലകൃഷ്ണൻ ബലറാം, മറ്റ് രണ്ട് വിദ്യാർഥികൾ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
National
ന്യൂഡല്‍ഹി: ബംഗളൂരു-മുംബൈ റൂട്ടില്‍ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസിന് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ അംഗീകാരം. മൂന്നുമാസം മുമ്പാണ് കാമാഖ്യ-ഹൗറ പ്രഥമ വന്ദേഭാരത് സ്ലീപ്പര്‍ സര്‍വീസിന് രാജ്യത്ത് തുടക്കമായത്. ഈവര്‍ഷം അവസാനം പുതിയ 12 സ്ലീപ്പര്‍ വന്ദേഭാരത് ട്രെയിനുകള്‍ പുറത്തിറക്കുക ലക്ഷ്യമിട്ടുള്ള നിര്‍മാണമാണ് കേന്ദ്രം നിര്‍ദേശിച്ചിരിക്കുന്നത്.പുതിയ സര്‍വീസ് കെഎസ്ആര് ബംഗളൂരു സ്റ്റേഷനില്‍ നിന്ന് ചത്രപതി ശിവാജി മഹാരാജ് ടെര്‍മിനസ് (സിഎസ്എംടി) വരെയാണ്.
Sports
ഗുവാഹത്തി: ഐപിഎല്‍ ടി20 മത്സരത്തിൽ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് രാജസ്ഥാനെ ബാറ്റിംഗിന് അയച്ചു. ഗുവാഹത്തി ബര്‍സപര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ മഴയെ തുടര്‍ന്ന് വൈകിയാണ് ടോസിട്ടത്. ഇതോടെ മത്സരം 11 ഓവറാക്കി ചുരുക്കിയാണ് കളിക്കുന്നത്.
ബാറ്റുമായി കളത്തിലിറങ്ങിയ രാജസ്ഥാൻ റോയൽസ് അഞ്ച് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 80 റൺസ് എന്ന നിലയിലാണ്. 17 ബോളിൽ 41 റൺസുമായി ജെയ്സ്വാളും 14 ബോളിൽ 39 റൺസുമായി സൂര്യവംശിയുമാണ് ഓപ്പണിംഗ് കൂട്ടുകെട്ടിൽ രാജസ്ഥാന്റെ സ്കോർ ഉയർത്തിയത്. എന്നാൽ അഞ്ചാമത്തെ ഓവറിന്റെ അവസാനം ഷാര്‍ദുല്‍ താക്കൂറിന്റെ ഓവറിൽ സൂര്യവംശിയും തുടർന്ന് ജുറലിനെയും രാജസ്ഥാന് നഷ്ടപ്പെട്ടു. ഏഴ് ഓവർ പിന്നിട്ടതോടെ ജെയ്സ്വാൾ 23 ബോളിൽ അർധ സെഞ്ച്വറി (52) നേടി.
ഡല്‍ഹി ക്യാപിറ്റല്‍സിനോട് തോറ്റതിന്റെ ക്ഷീണത്തിലാണ് മുംബൈ ഗുവാഹത്തിയില്‍ എത്തുന്നത്. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്. മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ, റയാന് റിക്കല്ടണ് (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), നമാന്‍ ധിര്‍, ഷാര്‍ദുല്‍ താക്കൂര്‍, ദീപക് ചാഹര്‍, ഗസന്‍ഫര്‍, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ.
രാജസ്ഥാന് റോയല്‍സ്: വൈഭവ് സൂര്യവന്‍ഷി, യശസ്വി ജയ്സ്വാള്‍, ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ് (ക്യാ്പറ്റന്‍), ഷിംറോണ്‍ ഹെറ്റ്മെയര്‍, ഡോണോവന്‍ ഫെരേര, രവീന്ദ്ര ജഡേജ, ജോഫ്ര ആര്‍ച്ചര്‍, നാന്ദ്രെ ബര്‍ഗര്‍, തുഷാര്‍ ദേശ്പാണ്ഡെ, സന്ദീപ് ശര്‍മ.
National
മുംബൈ: വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തിയതായി പരാതി. മുംബൈ സ്വദേശിയായ യാത്രക്കാരൻ ഭക്ഷണത്തിലെ പാറ്റയുടെ ചിത്രങ്ങളും ദൃശ്യങ്ങളും ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.
അഹമ്മദാബാദ്-മുംബൈ യാത്രയ്ക്കിടെ വിളമ്പിയ പരിപ്പും ചോറിലുമാണ് ചത്ത പാറ്റയെ കണ്ടെത്തിയത്. ചിത്രങ്ങളും ദൃശ്യങ്ങളും വ്യാപകമായി പ്രചരിച്ചതോടെ റെയിൽവെ കരാറുകാരനെതിരെ നടപടിയെടുത്തു.
ആർകെ ഗ്രൂപ്പിന് കീഴിലുള്ള ബൃന്ദാവൻ ഫുഡ് പ്രൊഡക്ട്സ് എന്ന കരാറുകാരനാണ് ഭക്ഷണം എത്തിച്ചതെന്ന് യാത്രക്കാരൻ ചൂണ്ടിക്കാട്ടി. താൻ യാത്ര ചെയ്ത കോച്ചിൽ ചുരുങ്ങിയത് രണ്ട് പേർക്കെങ്കിലും മോശം ഭക്ഷണം ലഭിച്ചതായി യാത്രക്കാരൻ വ്യക്തമാക്കി.
കാരാറുകാരന് 10 ലക്ഷം രൂപ പിഴയും റെയിൽവെ ചുമത്തിയിട്ടുണ്ട്. ഇതുകൂടാതെ സേവനദാതാവിന്റെ കരാർ റദ്ദാക്കുന്നതിനുള്ള നോട്ടീസും നൽകിയിട്ടുണ്ട്.
National
മുംബൈ: മഹാരാഷ്ട്രയിലെ വസായിൽ നാല് വയസുകാരനെ അതിക്രൂരമായി മർദിച്ച പ്രതി പിടിയിൽ. വസായ് സ്വദേശി സന്ദീപ് പന്തുറംഗ് പവാർ ആണ് പിടിയിലായത്. പ്രതിയെ തടയാനെത്തിയ കുട്ടിയുടെ മുത്തശിയെയും ഇയാൾ ഉപദ്രവിച്ചിരുന്നു.
തിങ്കളാഴ്ച രാത്രി വസായിലെ അനുപം ഖർ കോംപ്ലക്സിന് സമീപമാണ് സംഭവം. പ്രതിയായ സന്ദീപ് പവാറും കുട്ടിയുടെ പിതാവും തമ്മിൽ മുൻപ് ചെറിയൊരു വാക്കുതർക്കമുണ്ടായിരുന്നു. ഇതേ തുടർന്നുള്ള പകയാണ് നാല് വയസുകാരനെ മർദിക്കുന്നതിലേക്ക് നയിച്ചത്.
റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിൽ മറ്റ് കുട്ടികൾക്കൊപ്പം കളിക്കുകയായിരുന്നു നാല് വയസുകാരൻ വിഗ്നേഷ്. ഓട്ടോയിൽ ഇരിക്കുന്ന കുട്ടിയെ കണ്ടതും പ്രകോപിതനായ സന്ദീപ് ഓടിയെത്തി കുട്ടിയുടെ കാലിൽ പിടിച്ച് പുറത്തേക്ക് വലിച്ചിറക്കി.
കാലിൽ പിടിച്ച് കുട്ടിയെ ഉയർത്തി തല നിലത്തടിക്കുകയായിരുന്നു. തുടർന്ന് സമീപത്തെ ഇരുമ്പ് കമ്പിയിലേക്കും കുട്ടിയുടെ തല ഇടിപ്പിച്ചു. അതിനുശേഷം റോഡിലേക്ക് വലിച്ചെറിയുകയും ചെയ്തു. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ മുത്തശിയെയും പ്രതി ആക്രമിച്ചു.
ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഗുരുതരമായി പരിക്കേറ്റ വിഗ്നേഷിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
International
ഇസ്ലാമാബാദ്: ഇന്ത്യക്കെതിരെ ഭീഷണിയുമായി മുൻ പാകിസ്ഥാൻ ഹൈക്കമ്മീഷണർ അബ്ദുൾ ബാസിത്. പാകിസ്ഥാന് നേരെ ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കമുണ്ടായാൽ രണ്ടാമതൊന്ന് ആലോചിക്കാതെ ഇന്ത്യയിലെ പ്രധാന നഗരങ്ങളായ മുംബൈയെയും ഡൽഹിയെയും ആക്രമിക്കണമെന്നാണ് ബാസിത് ആഹ്വാനം ചെയ്തത്. ഒരു പാകിസ്ഥാനി ടിവി ചാനലിലെ ചർച്ചയ്ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രകോപനപരമായ ഈ പരാമർശം.
അമേരിക്കയോ ഇസ്രയേലോ പാകിസ്ഥാന്റെ ആണവ പദ്ധതികൾക്ക് നേരെ നീക്കം നടത്തിയാൽ, അതിന് പകരമായി ഇന്ത്യയെ ആക്രമിക്കുക എന്നതായിരിക്കണം പാകിസ്ഥാന്റെ 'ഡിഫോൾട്ട്' നിലപാടെന്ന് ബാസിത് പറഞ്ഞു. മുംബൈയും ഡൽഹിയും പാകിസ്ഥാന്റെ മിസൈൽ പരിധിയിലാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. ചർച്ചയ്ക്കിടെ അവതാരകൻ മുംബൈ ഭീകരാക്രമണത്തെ സൂചിപ്പിച്ച് "നമ്മൾ മുമ്പ് ഒരു ട്രെയിലർ കാണിച്ചിട്ടുണ്ട്" എന്ന് പറഞ്ഞപ്പോൾ, "നമ്മൾ അത് മുമ്പും ചെയ്തിട്ടുണ്ട്, ഇനിയും ചെയ്യും" എന്നായിരുന്നു ബാസിതിന്റെ ഞെട്ടിക്കുന്ന മറുപടി.
പാകിസ്ഥാന്റെ മിസൈൽ പദ്ധതികൾ അമേരിക്കയ്ക്ക് ഭീഷണിയാണെന്ന യുഎസ് ഇന്റലിജൻസ് മേധാവി തുളസി ഗബ്ബാർഡിന്റെ പ്രസ്താവനയാണ് ബാസിതിനെ ചൊടിപ്പിച്ചത്. ഇന്ത്യയുടെ മിസൈൽ കരുത്തിനെ അമേരിക്ക കണ്ടില്ലെന്ന് നടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മുംബൈ ഭീകരാക്രമണം പോലുള്ള ക്രൂരതകളെ ന്യായീകരിക്കുന്ന ബാസിതിന്റെ നിലപാട് അന്താരാഷ്ട്ര തലത്തിൽ തന്നെ ചർച്ചയാവുകയാണ്.
SUNDAY DEEPIKA
1662 മേയ് 21.
പോർച്ചുഗലിലെ രാജാവായ ജോൺ നാലാമന്റെ മകൾ കാതറിൻ ഓഫ് ബ്രഗാൻസ രാജകുമാരിയും ഇംഗ്ലണ്ടിലെ ചാൾസ് രണ്ടാമൻ രാജാവും തമ്മിലുള്ള വിവാഹം അന്നായിരുന്നു. രണ്ടു വ്യക്തികളോ കുടുംബങ്ങളോ എന്നതിലുപരി ലോകചരിത്രത്തെത്തന്നെ മാറ്റിമറിച്ച രാഷ്ട്രീയ സഖ്യമായിരുന്നു ഈ വിവാഹം. വിസ്മയിപ്പിച്ച വിവാഹ സമ്മാനങ്ങളാണ് മകൾക്കായി ജോൺ രാജാവ് ഇംഗ്ലണ്ടിനു നൽകിയത്. അതിലൊന്ന് പോർച്ചുഗീസ് ഭരണത്തിനുകീഴിൽ ഉണ്ടായിരുന്ന ബോംബെ ദ്വീപ് നഗരമായിരുന്നു. ഒരു രാജകുമാരിയുടെ വിവാഹംകൊണ്ട് ഒരു നഗരത്തിന്റെ ഭാവിയും ഒരു സാമ്രാജ്യത്തിന്റെ വ്യാപാര ഭൂമിശാസ്ത്രവും മാറിമറിഞ്ഞ കഥ... അവിടെ തുടങ്ങുന്നു ബോംബെയുടെ കഥ..
ഏഴു ദീപുകൾ ഒന്നായി
ചാൾസ് രാജാവിന് അജ്ഞാതമായ ഇടമായിരുന്നു ഈ ദ്വീപുകളുടെ കൂട്ടം. അദ്ദേഹമത് 1668 ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ചെറിയ വാർഷിക കൂലിക്ക് കൈമാറി. അവിടെയാണ് മാറ്റത്തിന്റെ കാറ്റ് വീശാൻ തുടങ്ങിയത്. ഇതൊരു സാധാരണ തീരമല്ലെന്നും മഴക്കാലത്തും കപ്പലുകൾക്ക് സുരക്ഷിതമായി നിൽക്കാവുന്ന പ്രകൃതിദത്ത തുറമുഖമാണെന്നും കമ്പനി തിരിച്ചറിഞ്ഞു.
അറബിക്കടലിലേക്ക് നേരിട്ടുള്ള വഴികൾ. പേർഷ്യ, അറേബ്യ, ആഫ്രിക്ക, യൂറോപ്പ്.. എല്ലായിടത്തേക്കും തുറന്ന കടൽപ്പാതകൾ. ബ്രിട്ടീഷുകാർ ഒരു വലിയ പരീക്ഷണം തുടങ്ങി- ദ്വീപുകളെ ഒന്നാക്കൽ. ബോംബെ, പരേൽ, മസ്ഗാവ്, മാഹിം, കൊളാബ, വർളി, ഓൾഡ് വുമൺസ് ഐലൻഡ് എന്നീ ഏഴു ദീപുകൾ. ഇവയ്ക്കിടയിൽ ചെളിക്കാടുകളും കടലും. അവർ കെട്ടുകൾ പണിതു... കടൽ തടഞ്ഞു... കരകളെ യോജിപ്പിച്ചു. ക്രമേണ അത് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ സ്വപ്നനഗരമായി- ബോംബെ!
വൻനഗരത്തിന്റെ പിറവി
അറബിക്കടലിന്റെ തിരകൾ തഴുകിയിരുന്ന ആ ദ്വീപുകളുടെ കൂട്ടം അങ്ങനെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനമായി. വ്യാപാരം സംരക്ഷിക്കാൻ അവർ ബോംബെ കോട്ട പണിതു. കപ്പലുകൾ എത്തി. ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള വ്യാപാരികൾ ഇവിടേക്കൊഴുകി. പാർസികൾ, ഗുജറാത്തികൾ, മാർവാടികൾ, യഹൂദർ, യൂറോപ്യൻമാർ... ഒരു ബഹുഭാഷാ സാംസ്കാരിക നഗരത്തിന്റെ വിത്തുകൾ അപ്പോൾതന്നെ അവിടെ വിതയ്ക്കപ്പെട്ടു.
1860കളിൽ അമേരിക്കയിൽ ആഭ്യന്തരയുദ്ധം തുടങ്ങി. അമേരിക്കയിൽ നിന്ന് പരുത്തിനാര് യൂറോപ്പിലേക്ക് എത്താതായി. ബ്രിട്ടീഷ് മില്ലുകൾക്ക് പരുത്തി വേണം. അവരുടെ കണ്ണുകൾ ഇന്ത്യയിലേക്കു തിരിഞ്ഞു. അതിൽ പ്രധാനകേന്ദ്രമായി മാറിയത് ബോംബെ. നഗരത്തിലേക്ക് പെട്ടെന്ന് പണമൊഴുകി. മില്ലുകൾ ഉയർന്നു. തുറമുഖത്ത് തിരക്കേറി. വ്യാപാരികൾ സമ്പന്നരായി. ബോംബെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ സാമ്പത്തിക ഹൃദയമായി.
ഗതാഗതത്തിനായി കൂടുതൽ റോഡുകൾ പണിതു. റെയിൽവേ എത്തി. ഭരണകേന്ദ്രങ്ങൾ ഉയർന്നു. 1865ലാണ് മുനിസിപ്പൽ കോർപറേഷൻ ഓഫ് ഗ്രേറ്റർ മുംബൈ (എംസിജിഎം) രൂപീകരിച്ചത്. ആർതർ ക്രോഫോർഡ് ആയിരുന്നു ആദ്യത്തെ മുനിസിപ്പൽ കമ്മീഷണർ. ഗിർഗാം റോഡിലെ ടെർമിനസിലെ ഒരു ചെറിയ കെട്ടിടത്തിലായിരുന്നു മുനിസിപ്പാലിറ്റി പ്രവർത്തിച്ചിരുന്നത്. 1872ലെ ആദ്യത്തെ പ്രധാന അഖിലേന്ത്യാ സെൻസസിൽ ബോംബെയിലെ ജനസംഖ്യ 6,44,405. അങ്ങനെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ നഗരമായും ബ്രിട്ടീഷ് സാമ്രാജ്യത്തിലെ ലണ്ടനു ശേഷമുള്ള രണ്ടാമത്തെ വലിയ നഗരമായും ബോംബെ ഉയർന്നു.
ഗോഥിക് മഹത്വം
1884 ഡിസംബർ ഒമ്പതിന് അന്നത്തെ വൈസ്രോയി റിപ്പൺ പ്രഭു മുംബൈ മുനിസിപ്പൽ കോർപറേഷൻ മന്ദിരത്തിന് തറക്കല്ലിട്ടു. കെട്ടിടത്തിനായി രണ്ടു ഡിസൈനുകളാണ് പരിഗണിച്ചത്. ഒന്ന് ഫ്രഡറിക് വില്യം സ്റ്റീവൻസ് ചെയ്ത ഗോഥിക് ശൈലിയിലുള്ളത്. മറ്റൊന്ന് റോബർട്ട് ഫെലോസ് ചിഷോം അവതരിപ്പിച്ച ഇൻഡോ-സാരസെനിക് മാതൃക. ഒടുവിൽ വെനീഷ്യൻ ഗോഥിക് ഇൻഡോ-സാരസെനിക് എന്നിവയുടെ സമന്വയം അംഗീകരിച്ചു; പണി ആരംഭിച്ചു. സ്റ്റീവൻസായിരുന്നു എൻജിനീയർ; നിർമാണ ചുമതലയും അദ്ദേഹത്തിന്. റാവു സാഹിബ് സീതാറാം ഖണ്ഡേറാവു റെസിഡന്റ്് എൻജിനീയർ. 11,88,082 രൂപയായിരുന്നു എസ്റ്റിമേറ്റ് തുകയെങ്കിലും 11,19,969 രൂപ ചെലവിൽ പണി പൂർത്തിയായി. 1893 ജൂലൈ 31 ന് ബോംബെയുടെ മുനിസിപ്പിൽ ഭരണത്തിന്റെ പിതാവായി അറിയപ്പെടുന്ന സർ ഫിറോസ് ഷാ മേത്ത മന്ദിരം ഉദ്ഘാടനം ചെയ്തു.
കല്ലിൽ കൊത്തിയ ശില്പം
ഛത്രപതി ശിവജി ടെർമിനസിനോടു ചേർന്നുള്ള തിരക്കേറിയ ജംഗ്ഷനിലൂടെ കടന്നുപോകുമ്പോൾ ദൃശ്യമാകുന്ന ബൃഹൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ മന്ദിരം നഗരത്തിന്റെ ഭരണകേന്ദ്രം മാത്രമല്ല, ബ്രിട്ടീഷ് കാലഘട്ടത്തിലെ ശില്പകലയുടെ അടയാളംകൂടിയാണ്. നഗരത്തിന്റെ പ്രധാന ലാൻഡ്മാർക്കായി ഇതു നിലകൊള്ളുന്നു.
ബൃഹൻ മുംബൈ കോർപറേഷൻ മന്ദിരത്തിന്റെ പ്രധാന ആകർഷണം 255 അടി ഉയരത്തിൽ തേൻനിറമുള്ള കല്ലിൽതീർത്ത ഗോപുരമാണ്. ഇതിലാകട്ടെ വെളുത്ത കല്ലിന്റെ വരകളാൽ അലങ്കരിച്ചിരിക്കുന്നു. കെട്ടിട നിർമാണത്തിന് കുർള കല്ലുകളും മലാഡ് പ്രദേശത്തെ ബസാൾട്ട് കല്ലുകളുമാണ് ഉപയോഗിച്ചിരിക്കുന്നത്. സവിശേഷ നിറവും ദൃഢതയും ഇവയുടെ പ്രത്യേകതകളാണ്. പ്രധാന വാസ്തുവിദ്യാ സവിശേഷത 234.6 അടി ഉയരമുള്ള മധ്യതാഴികക്കുടമാണ്. പ്രധാന താഴികക്കുടത്തിന്റെ ഉൾഭാഗത്തെ ചിത്രപ്പണികൾ 24 കാരറ്റ് സ്വർണം പൂശിയിരിക്കുന്നതിനാൽ അതീവ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്നു.
മേൽക്കൂരയുടെമുന്നിൽ ത്രികോണ മുഖത്തിനു മുകളിൽ ചിറകുകൾ വിരിച്ച പ്രതിമയും അതിനു താഴെ ലാറ്റിൻ ഭാഷയിൽ ഒരു ചരിത്രമുദ്രയും കൊത്തിവച്ചിട്ടുണ്ട്- ഉർബ്സ് പ്രീമ ഇൻ ഇൻഡിസ് (ഇന്ത്യയിലെ പ്രഥമ നഗരം എന്നർഥം). ബ്രിട്ടീഷ് കാലഘട്ടത്തിൽ വ്യാപാരത്തിലും ഭരണത്തിലും മുൻപന്തിയിൽ നിന്നിരുന്ന ബോംബെയുടെ മഹത്വത്തെ സൂചിപ്പിക്കുന്ന മുദ്രാവാക്യം. കൂടാതെ, മുനിസിപ്പൽ കോർപറേഷൻ ഓഫ് ഗ്രേറ്റർ മുംബൈയുടെ ചിഹ്നവും.
കൊട്ടാരചാരുത
പ്രവേശന വാതിൽ കടക്കുമ്പോൾ ഇറ്റലിയിൽനിന്നുള്ള ബഹുവർണ മിന്റൺ ഫ്ലോർ ടൈലുകൾ (ഇറ്റലിയിൽനിന്ന് എത്തിച്ചത്). നഗരത്തിന്റെ കാലാവസ്ഥാമാറ്റങ്ങൾക്ക് അനുസരിച്ച് നിയന്ത്രിത ഘടനയുള്ള വളഞ്ഞ ജനലുകൾ, കമാനങ്ങൾ, വിപുലമായ താഴികക്കുടങ്ങളുള്ള കോർണർ ഗോപുരങ്ങൾ, മരങ്ങളിൽ വിവിധ ചിത്രപ്പണികൾ, പ്രതിമകൾ. തടി ഫർണിച്ചറുകൾ ഉള്ള കൗൺസിൽ ചേംബറിന് പോളിഷ് ചെയ്യാത്ത തേക്കിന്റെ മേൽക്കൂര. ആദ്യം 80 പേർക്കിരിക്കാമായിരുന്ന കൗൺസിൽ ഹാളും ഇരിപ്പിടങ്ങളും പിന്നീട് ഇരുനൂറായും ഇപ്പോൾ 300 ആയും വിപുലീകരിച്ചു. ഇപ്പോൾ 227 കോർപറേറ്റർമാരാണ് (കൗൺസിലർമാർ) ഉള്ളത്.
ഈ ശില്പഗോപുരം യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
മുംബൈ ഇന്ന്
രാപ്പകൽഭേദമില്ലാതെ ജനം ഒഴുകിനടക്കുന്ന മഹാനഗരം. ഒരുകോടി 30 ലക്ഷത്തിലധികം വരുന്ന താമസക്കാർ. ദിവസേന 30-40 ലക്ഷം ഫ്ലോട്ടിംഗ് പോപ്പുലേഷൻ. 2026-27 വർഷത്തെ വാർഷിക ബജറ്റ് 80,952 കോടി രൂപ. എൻജിനീയറിംഗ് വിഭാഗം, ആരോഗ്യവകുപ്പ്, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ്, ശുചീകരണ തൊഴിലാളികൾ എന്നിങ്ങനെ 1,20,875 രജിസ്റ്റർ ചെയ്ത ജീവനക്കാർ.
മുംബൈ കോർപറേഷന്റെ ബ്രെയിൻ സെന്റർ ആയ ബിഎംസി ഹെഡ് ഓഫീസിൽ മാത്രം 5500-6000 ജീവനക്കാർ. ഡെപ്യൂട്ടി പിആർഒ ഗണേഷ് പുരാണിക് തരുന്ന കണക്കുകൾ ഇങ്ങനെ.
നഗരത്തിന്റെ നാഡീവ്യൂഹം
ആയിരക്കണക്കിന് കാമറക്കണ്ണുകൾ നഗരത്തെ നിരീക്ഷിക്കുകയും ഒരു കേന്ദ്രമുറിയിൽനിന്ന് മുഴുവൻ മുംബൈയേയും നിയന്ത്രിക്കുകയും ചെയ്യുന്ന സംവിധാനം മുംബൈ കോർപറേഷൻ ഡിസാസ്റ്റർ കൺട്രോൾ റൂം- നഗരത്തിന്റെ നാഡീവ്യൂഹം. കോർപറേഷന്റേതായി മാത്രം അയ്യായിരത്തിലധികം സിസിടിവി കാമറകളുണ്ട്. മുംബൈ പോലീസ് നെറ്റ്വർക്കുമായി ബന്ധിപ്പിച്ച് മൊത്തം കാമറകൾ 12,000 ൽ ത്തിലധികം.
കൺട്രോൾ റൂമിലെ വന്പൻ വീഡിയോ വാളിൽ (6.2 മീറ്റർ നീളം) പ്രത്യേക പരിശീലനം നേടിയ 70-90 പേരടങ്ങുന്ന സംഘം 24 മണിക്കൂറും നഗരത്തെ നിരീക്ഷിക്കുന്നു. 32 പ്രധാന ദുരന്തനിവാരണ വിഭാഗങ്ങളും നൂറിൽപരം ഉപവിഭാഗങ്ങളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. സിസ്റ്റം ഏതെങ്കിലും കാരണവശാൽ തകരാറിലായാൽ ഹാം റേഡിയോ ബാക്കപ്പ് പോലും ഒരുക്കിയിട്ടുണ്ടെന്ന് ഡിസാസ്റ്റർ മാനേജ്മെന്റ്് ചീഫ് ഓഫീസർ ലക്ഷ്മി ലോകാനന്ദ പറഞ്ഞു.
കടൽത്തീരത്തെ ഒരിക്കലും നിശബ്ദമാകാത്ത നഗരത്തിന്റെ സ്പന്ദനം താളംതെറ്റാതെ പിൻതുടരാൻ ഒരദൃശ്യ ഭരണചക്രം നിതാന്ത ജാഗ്രതയോടെ പിറകിലുണ്ട്. അതൊരു കെട്ടിടമല്ല, മനുഷ്യരും നൂതന സാങ്കേതിക സംവിധാനങ്ങളും സമന്വയിക്കുന്ന ജീവനുള്ള നഗരഹൃദയമാണ്. അവരാണ് മഹാനഗരം ശ്വാസമെടുക്കുന്ന ഓരോ നിമിഷത്തിന്റെയും അദൃശ്യ കാവൽക്കാർ.
വിസ്മയിപ്പിച്ച വിവാഹസമ്മാനം
രാജകുമാരി കാതറിൻ ഓഫ് ബ്രഗാൻസയെ ചാൾസ് രണ്ടാമൻ രാജകുമാരന് വിവാഹം ചെയ്തുകൊടുത്തപ്പോൾ പോർച്ചുഗൽ രാജാവ് ജോൺ നാലാമൻ ആ ഏഴുദ്വീപുകൾ മാത്രമല്ല സമ്മാനമായി നൽകിയത്. ആഫ്രിക്കയിലെ പ്രധാന തുറമുഖമായ ടാഞ്ചിയറും (മൊറോക്കോ) ഒരുപഹാരമായിരുന്നു.
സ്പെയിനിന്റെ ശക്തമായ സമ്മർദം നേരിട്ടിരുന്ന പോർച്ചുഗൽ ശക്തമായ കൂട്ടാളിയെ തേടുന്ന സമയത്തായിരുന്നു വിവാഹം. ഇതോടെ സമുദ്രവ്യാപാരത്തിൽ പിടിമുറുക്കാൻ ഇംഗ്ലണ്ടിനായി. ഇതുകൂടാതെ നാലു ലക്ഷം പൗണ്ടും പോർച്ചുഗൽ രാജാവ് സമ്മാനമായി നൽകി, ബ്രസീലിലേക്കും ഇന്ത്യയിലേക്കുമുള്ള സ്വതന്ത്ര വ്യാപാരക്കരാറും.
International
ന്യൂഡൽഹി: കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ത്യയിലെത്തി. പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്തതിനുശേഷമുള്ള കാർണിയുടെ ആദ്യ ഇന്ത്യൻ സന്ദർശനമാണിത്.
ചതുർദിന സന്ദർശനത്തിനായി മുംബൈയിലെത്തിയ കാർണി മാർച്ച് ഒന്നിന് രാജ്യതലസ്ഥാനത്തെത്തുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു. മാർച്ച് രണ്ടിന് ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പ്രതിനിധിതല ചർച്ചകളും നടത്തും.
2023ൽ കാനഡയിലെ ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടതിനെത്തുടർന്ന് ഇരുരാജ്യങ്ങളുടെയും നയതന്ത്രബന്ധത്തിലുണ്ടായ വിള്ളലുകൾ പുതിയ കനേഡിയൻ ഭരണകൂടത്തിനു കീഴിൽ മെച്ചപ്പെട്ടുവരവേയാണ് മാർക്ക് കാർണിയുടെ ഇന്ത്യാസന്ദർശനം.
ചർച്ചയിൽ വ്യാപാരം, നിക്ഷേപം, ഊർജം, നിർണായക ധാതുക്കൾ, കൃഷി എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളിലെ സഹകരണം ഇരു പ്രധാനമന്ത്രിമാരും വിലയിരുത്തും. വിദ്യാഭ്യാസം, ഗവേഷണം, നവീകരണം; ജനങ്ങൾ തമ്മിലുള്ള ബന്ധം, പ്രാദേശിക- ആഗോള വികസനം എന്നിവയും ചർച്ചാവിഷയങ്ങളാകും.
National
മുംബൈ: വിമാനപകടത്തിൽ കൊല്ലപ്പെട്ട മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എൻസിപി നേതാക്കൾ രംഗത്ത്. ഇതുസംബന്ധിച്ച് എൻസിപി നേതാക്കളുടെ സംഘം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി.
മരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി കെ. റാം മോഹൻ നായിഡു രാജിവയ്ക്കണമെന്നും വിമാനാപകടത്തിൽ സ്വതന്ത്ര അന്വേഷണം നടത്തണമെന്നും എൻസിപി (എസ്പി) നേതാവ് രോഹിത് പവാർ ആവശ്യപ്പെട്ടു.
അജിത് പവാറിന്റെ അനന്തരവനാണ് രോഹിത് പവാർ. ചാർട്ടർ കമ്പനിയായ വിഎസ്ആർ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിനെതിരെ ഇതുവരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച രോഹിത് വിമാനത്തിൽ അധിക ഇന്ധന ടാങ്കുകളുണ്ടായിരുന്നുവെന്ന ആരോപണം ആവർത്തിച്ചു.
അന്വേഷണത്തിന് ഉന്നതതല നിരീക്ഷണ സമിതി രൂപീകരിക്കണം. സമിതിയിൽ മുൻ ഉദ്യോഗസ്ഥർ, മുൻ ജഡ്ജിമാർ, ലോക്സഭാ പ്രതിപക്ഷ നേതാവ്, കുടുംബാംഗങ്ങൾ എന്നിവർ ഉൾപ്പെടണമെന്നും രോഹിത് ആവശ്യപ്പെട്ടു.
NRI
മുംബൈ: കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ സംഘടിപ്പിക്കുന്ന മാധ്യമ പര്യടനത്തിന് മുംബൈയിൽ തുടക്കമായി. കേരളത്തിൽ നിന്നുള്ള പ്രമുഖ, അച്ചടി ദൃശ്യ മാധ്യമങ്ങളിൽ നിന്നുള്ള 10 മാധ്യമപ്രവർത്തകർ അടങ്ങുന്നതാണ് സംഘം.
പിഐബി കൊച്ചി ഡയറക്ടർ ധന്യ സനലിന്റെ നേതൃത്വത്തിലാണ് പര്യടനം നടത്തുന്നത്. മുംബൈ വിമാനത്താവളത്തിൽ എത്തിയ സംഘത്തെ പരമ്പരാഗത ഖൺ തൊപ്പി അണിയിച്ച് പിഐബി മുംബൈ പ്രതിനിധികൾ സ്വീകരിച്ചു.
തുടർന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോക്ക് എക്സ്ചേഞ്ചായ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻഎസ്ഇ) സംഘം സന്ദർശിച്ചു. എൻഎസ്ഇ എംഡിയും സിഇഒയുമായ ആശിഷ്കുമാർ ചൗഹാനുമായി സംഘം കൂടിക്കാഴ്ച നടത്തി. എൻഎസ്ഇ ചീഫ് ഇക്കണോമിസ്റ്റ് തീർഥങ്കർ പട്നായിക്കുമായി മാധ്യമ പ്രവർത്തകർ സംവദിച്ചു.
രാജ്യത്തെ പ്രമുഖ തുറമുഖമായ ജവഹർലാൽ നെഹ്റു പോർട്ട് അഥോറിറ്റി, യുനസ്കോ പൈതൃകപ്പട്ടികയിൽ ഉൾപ്പെട്ട എലഫന്റാ ഗുഹകള്‍, ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപറേഷൻ, മുംബൈ മെട്രോപൊളിറ്റൻ മേഖല വികസന അഥോറിറ്റി, കേന്ദ്ര ആണവോർജ വകുപ്പിന്റെ കീഴിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് (ടിഐഎഫ്ആർ), നാഷണൽ ഫിലിം ഡെവലപ്മെന്റ് കോർപറേഷൻ, നാഷണൽ മ്യൂസിയം ഓഫ് ഇന്ത്യൻ സിനിമ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജീസ്, മുംബൈയിലെ ഗാന്ധിജിയുടെ വസതിയായ മണി ഭവൻ, ഭൂഗർഭ ബങ്കർ മ്യൂസിയം എന്നിവിടങ്ങളിൽ സംഘം സന്ദർശനം നടത്തും.
കേരളത്തിൽ നിന്നുള്ള മാധ്യമപ്രവർത്തകർക്ക് മുംബൈയുടെ വികസനത്തെയും പൈതൃകത്തെയും കുറിച്ച് നേരിട്ട് ഉൾക്കാഴ്ച നൽകുന്നതാണ് മാധ്യമ പര്യടനം. പര്യടനം വെള്ളിയാഴ്ച വൈകുന്നേരം സമാപിക്കും.
National
മുംബൈ: പ്രണയപ്പകയെത്തുടർന്ന് 19 വയസുകാരിയെ 25 വയസുകാരി വെടിവച്ചുകൊന്നു. മുംബൈയിലാണു സംഭവം. ശിവാജി നഗർ സ്വദേശിയായ ഷിഫ ഷെയ്ഖ് ആണ് കൊല്ലപ്പെട്ടത്.
ത്രികോണ പ്രണയമാണ് കൊലപാതകത്തിനു പിന്നിലെന്നു പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ടു യുവതിയെയും 23കാരനായ യുവാവിനെയും മുംബൈ പോലീസ് അറസ്റ്റ് ചെയ്തു.
കൊല്ലപ്പെട്ട ഷിഫയും പ്രതിയായ യുവതിയും ഒരേ യുവാവുമായി പ്രണയത്തിലായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച ഉച്ചയോടെ ശിവാജി നഗറിലെ ഫുർഖാനിയ മസ്ജിദ് പരിസരത്തായിരുന്നു സംഭവം.
യുവാവുമായുള്ള അടുപ്പവുമായി ബന്ധപ്പെട്ടു യുവതികൾ തമ്മിൽ വാക്കുതർക്കമുണ്ടാകുകയും തുടർന്ന് 25 വയസുകാരി ഷിഫയുടെ മുഖത്തേക്ക് നിറയൊഴിക്കുകയുമായിരുന്നു.
കവിളിലൂടെ തുളച്ചുകയറിയ വെടിയുണ്ട തലയ്ക്കുള്ളിലേക്കു തറച്ചുകയറിയതാണു മരണകാരണം. ഉടൻ തന്നെ ഘാട്കോപ്പറിലെ രാജവാഡി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടമായിരുന്നു. സംഭവം നടന്ന് 12 മണിക്കൂറിനുള്ളിൽ പോലീസ് പ്രതിയെ പിടികൂടുകയും ചെയ്തു.
National
മുംബൈ: ഇറങ്ങുന്നതിനിടെ ലാൻഡിംഗ് ഗിയർ ലിവർ തകരാറിലായെങ്കിലും 210 യാത്രക്കാരുമായി ഇൻഡിഗോ വിമാനം സുരക്ഷിതമായി നിലത്തിറക്കി.
ഡൽഹിയിൽനിന്ന് മുംബൈയിലേക്കു എ321 നിയോ വിമാനത്തിലായിരുന്നു തകരാർ. സംഭവത്തെക്കുറിച്ച് ഇൻഡിഗോ അധികൃതർ പ്രതികരിച്ചിട്ടില്ല. ലാൻഡിംഗ് ഗിയർ ലിവറിന്റെ ഓട്ടോമാറ്റിക് സംവിധാനം പ്രവർത്തനരഹിതമാവുകയായിരുന്നു.
National
മുംബൈ: ഗോരേഗാവിൽ കെട്ടിടത്തിലെ ലിഫ്റ്റിനുള്ളിൽ ബലൂണുകൾ പൊട്ടിത്തെറിച്ച് അപകടം. സംഭവത്തിന് പിന്നാലെ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ ബലൂൺ വിൽപനക്കാരനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പ്ലാസ്റ്റിക് കവറിൽ നിറച്ച ബലൂണുകളാണ് പൊട്ടിത്തെറിച്ചത്. അപകട സമയം ലിഫ്റ്റിലുണ്ടായിരുന്ന സ്ത്രീക്കും ബലൂൺ വിൽപനക്കാരനുമാണ് പരിക്കേറ്റത്.
സ്ത്രീയാണ് ലിഫ്റ്റിലേക്ക് ആദ്യം പ്രവേശിച്ചത്. പിന്നാലെ ബലൂൺ വിൽപനക്കാരനുമെത്തി. ഒടുവിലായി ഒരു യുവാവ് കൂടി ലിഫ്റ്റിലേക്ക് പ്രവേശിക്കുമ്പോഴായിരുന്നു ബലൂൺ നിറച്ച പ്ലാസ്റ്റിക് കവർ അഗ്നിഗോളമായി മാറിയത്.
ബലൂണുകളിൽ ഏത് തരം വാതകമാണ് നിറച്ചിരുന്നതെന്ന് വ്യക്തമല്ല. സാധാരണയായി ഉപയോഗിക്കുന്ന ഹീലിയം വാതകം കത്തുന്നതല്ല. എന്നാൽ കുറഞ്ഞ വിലയിൽ ലഭിക്കുന്ന ഹൈഡ്രജൻ അതിവേഗം തീപിടിക്കുന്നതാണ്. ഇതാകാം അപകടകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
National
മുംബൈ:ഓട വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് ഒരാൾ മരിച്ചു. മറ്റൊരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ.
മുംബൈയിലെ മെഗാ മാളിന് സമീപമുള്ള ഓട വൃത്തിയാക്കുന്നതിനിടെയാണ് സംഭവം. സലിൽ റസാഖ് ഗാസി (27) എന്ന യുവാവാണ് മരിച്ചത്. സാഹിൽ നൂർ ഇസ്ലാം എന്നയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
പുലർച്ചെ 3:40 ഓടെയാണ് ഇരുവരും ഏകദേശം 25 അടി ആഴവും ആറ് അടി വീതിയുമുള്ള ഓടയിലേക്ക് ഇറങ്ങിയത്. ജോലി ചെയ്യുന്നതിനിടെ വിഷവാതകം ശ്വസിച്ച ഇവർക്ക് ശ്വാസ തടസമുണ്ടായി.
ഉടൻ തന്നെ കൂടെ ഉണ്ടായിരുന്ന മറ്റ് തൊഴിലാളികൾ കയർ ഉപയോഗിച്ച് സാഹിലിനെ രക്ഷപ്പെടുത്തി. അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് സലിൽ റസാഖിനെ പുറത്തെടുത്തത്.
ഇരുവരെയും അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സലിൽ റസാഖ് മരിക്കുകയായിരുന്നു. പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
National
മുബൈ: ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയുടെ മുബൈ ജുഹുവിലെ വീടിന് മുന്നിൽ വെടിവയ്പ്പ്. നാലു തവണ വെടിയൊച്ച കേട്ടതായി പോലീസ് സ്ഥിരീകരിച്ചു. സംഭവത്തെതുടര്‍ന്ന് വീടിന് പ്രത്യേക പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി. സംഭവത്തിൽ മുബൈ പോലീസ് അന്വേഷണം ആരംഭിച്ചു.
ജുഹുവിലെ നടന്റെ വീടും പരിസരവും പോലീസ് നിരീക്ഷണത്തിലാണ്. അന്വേഷണ ഉദ്യോഗസ്ഥരും ഫോറൻസിക് സംഘങ്ങളും സംഭവ സ്ഥലത്ത് പരിശോധന തുടരുകയാണ്. ഇതുവരെ ആർക്കും പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
National
മുംബൈ: പോലീസെന്ന വ്യാജേന കെനിയൻ യുവതിയിൽ നിന്നും പണം കവർന്നയാൾ അറസ്റ്റിൽ. മുംബൈയിലെ ഫോർട്ട് ഏരിയയിലാണ് സംഭവം.
സുരേഷ് രംഗനാഥ് ചവാൻ(48) ആണ് അറസ്റ്റിലായത്. ഇയാളെ ബുധനാഴ്ച താനെയിലെ വീട്ടിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ കൂട്ടുപ്രതിയെ പോലീസ് ഇപ്പോഴും തിരഞ്ഞുകൊണ്ടിരിക്കുകയാണ്.
60 സിസിടിവി കാമറകൾ പരിശോധിച്ചതിന് ശേഷമാണ് മാതാ രമാഭായ് അംബേദ്കർ മാർഗ് പോലീസ് സ്റ്റേഷനിലെ അന്വേഷണ സംഘം ചവാനെ കണ്ടെത്തിയത്.
ജനുവരി 21 ന് എംജി റോഡിലെ അലാന സെന്റർ കെട്ടിടത്തിന് സമീപമാണ് സംഭവം നടന്നത്. കെനിയൻ യുവതിയായ സുമയ്യ മുഹമ്മദ് അബ്ദി (26) സഞ്ചരിച്ചിരുന്ന ടാക്സി തടഞ്ഞുനിർത്തിയ ഇരുവരും പോലീസുകാരാണെന്ന് അവകാശപ്പെട്ടു.
തുടർന്ന് ഇവരുടെ സാധനങ്ങൾ പരിശോധിക്കാനെന്ന വ്യാജേന 66.45 ലക്ഷം രൂപ അടങ്ങിയ രണ്ട് ബാഗുകൾ പിടിച്ചെടുക്കുകയായിരുന്നു. തുടർന്ന് അന്വേഷണത്തിനായി ലോക്കൽ പോലീസ് സ്റ്റേഷനിൽ വരാൻ ഇരുവരും യുവതിയോട് ആവശ്യപ്പെടുകയും ബൈക്കിൽ സ്ഥലം വിടുകയും ചെയ്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
പോലീസ് നടത്തിയ പരിശോധനയിൽ ചവാന്റെ പക്കൽ നിന്നും 79.35 ലക്ഷം രൂപ പോലീസ് കണ്ടെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.
National
മുംബൈ: സ്പേസ് എക്സ് സ്ഥാപകൻ ഇലോണ്‍ മസ്കിന്റെ പേരിൽ മുംബൈ സ്വദേശിനിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയതായി പരാതി. സമൂഹ മാധ്യമമായ എക്സിലൂടെ ആയിരുന്നു ഇലോൺ മസ്കിന്റെ പേരിൽ യുവതിയെ വിവാഹ വാഗ്ദാനം നൽകി പണം തട്ടിയത്.
മുംബൈയിലെ ചെമ്പൂരിൽ താമസിക്കുന്ന 40 വയസുകാരിക്കാണ് പണം നഷ്ടമായത്. എക്സിൽ ഇലോൺ മസ്കിന്റെ പേരിൽ യുവതിയുമായി പരിചയം സ്ഥാപിച്ച തട്ടിപ്പ് സംഘം തുടർന്ന് മറ്റൊരു മെസേജിംഗ് ആപ്പിലേക്ക് വരാൻ പറഞ്ഞ് അവിടെയും ചാറ്റ് ചെയ്തു.
വിവാഹം കഴിക്കാമെന്നും അമേരിക്കയിൽ പുതിയ ജീവിതം നൽകാമെന്നും ഉൾപ്പെടെയാണ് യുവതിക്ക് നൽകിയ വാഗ്ദാനങ്ങൾ. തുടർന്ന് വിസ നടപടിക്രമങ്ങൾക്കായി ജെയിംസ് എന്നയാളെ പരിചയപ്പെടുത്തി.
ജെയിംസ് വിസ പ്രോസസിംഗ് ഫീസെന്ന് പറഞ്ഞ് അമസോൺ ഗിഫ്റ്റ് കാർഡുകൾ യുവതിയിൽ നിന്ന് വാങ്ങി. കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഈ വർഷം ജനുവരി വരെയുള്ള കാലയളവിൽ 16.34 ലക്ഷം രൂപയുടെ ഗിഫ്റ്റ് കാർഡുകളാണ് യുവതി നൽകിയത്.
ജനുവരി 15ന് അമേരിക്കയിലേക്കുള്ള വിമാന ടിക്കറ്റിനായി യുവതിയിൽ നിന്ന് രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടതോടെയാണ് സംശയം തോന്നിയത്. പണം നൽകാനാവില്ലെന്ന് വ്യക്തമാക്കിയതോടെ അമേരിക്ക കാണില്ലെന്ന് മറുപടി നൽകിയ തട്ടിപ്പ് സംഘം പിന്നീട് പ്രതികരിച്ചിട്ടില്ല.
National
ബെംഗളൂരു: ലോകത്തിലെ ഏറ്റവും രൂക്ഷമായ ഗതാഗതക്കുരുക്കുള്ള നഗരങ്ങളെ കണ്ടെത്താനായി തയാറാക്കിയ 'ഗ്ലോബല്‍ കണ്‍ജഷന്‍ ഇന്‍ഡക്സ് 2025' റിപ്പോര്‍ട്ട് പുറത്തുവന്നു. അന്താരാഷ്ട്ര തലത്തില്‍ ഗതാഗത വേഗം ഏറ്റവും കുറഞ്ഞ നഗരങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍നിന്നു ബംഗളൂരു രണ്ടാം സ്ഥാനത്തും പൂന അഞ്ചാം സ്ഥാനത്തും ഇടംപിടിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ബംഗളൂരുവിലെ ഗതാഗതക്കുരുക്ക് വീണ്ടും വര്‍ധിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ബംഗളൂരു നഗരത്തില്‍ പത്ത് കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ശരാശരി 30 മിനിറ്റിലധികം സമയം വേണ്ടിവരുന്നു. ലണ്ടന്‍ ആണ് ലോകത്ത് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള നഗരം. മഹാരാഷ്ട്രയിലെ ഐടി ഹബ്ബായ പൂന ലോകത്തെ അഞ്ചാമത്തെ തിരക്കേറിയ നഗരമായി മാറി. പട്ടികയില്‍ മുംബൈ 18-ാം സ്ഥാനത്തും ഡല്‍ഹി 23-ാം സ്ഥാനത്തുമാണ്. കോല്‍ക്കത്ത 29-ാം സ്ഥാനത്തുമുണ്ട്.
ബംഗളൂരുവിലെ ഒരു ശരാശരി യാത്രക്കാരന് പ്രതിവര്‍ഷം 130 മണിക്കൂറിലധികം തിരക്കേറിയ സമയങ്ങളില്‍ അധികമായി ചിലവഴിക്കുന്നതായാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഗതാഗതക്കുരുക്ക് വര്‍ദ്ധിക്കുന്നത് നഗരങ്ങളിലെ കാര്‍ബണ്‍ ഉദ്വമനം വര്‍ധിപ്പിക്കുന്നതായും ഇതു ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങളിലേക്കു നയിക്കുന്നതായും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്കുന്നു.
മെച്ചപ്പെട്ട പൊതുഗതാഗത സംവിധാനങ്ങളുടെ അഭാവവും സ്വകാര്യ വാഹനങ്ങളുടെ വര്‍ധനവുമാണ് ഇന്ത്യന്‍ നഗരങ്ങളിലെ ഈ പിന്നോക്കാവസ്ഥയ്ക്കു പ്രധാന കാരണമായി വിദഗ്ധര്‍ വിലയിരുത്തുന്നത്. നഗരാസൂത്രണത്തിലും ഗതാഗത നിയന്ത്രണ സംവിധാനങ്ങളിലും അടിയന്തര മാറ്റങ്ങള്‍ വരുത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ റിപ്പോര്‍ട്ട് വിരല്‍ ചൂണ്ടുന്നത്.
National
മുംബൈ: ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ വാഹനം അപകടത്തിൽപ്പെട്ടു. തിങ്കളാഴ്ച രാത്രി ഒമ്പതോടെ മുംബൈയിലെ ജുഹുവിൽ വെച്ചായിരുന്നു അപകടം.
അപകടത്തിൽ നിന്ന് താരവും ഭാര്യ ട്വിങ്കിൾ ഖന്നയും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അമിതവേഗതയിലെത്തിയ ഒരു മെഴ്സിഡസ് കാർ ആദ്യം ഒരു ഓട്ടോറിക്ഷയിൽ ഇടിക്കുകയും, നിയന്ത്രണം വിട്ട ഓട്ടോ അക്ഷയ് കുമാറിന്റെ വാഹനവ്യൂഹത്തിലുണ്ടായിരുന്ന ഇന്നോവ കാറിൽ വന്നിടിക്കുകയുമായിരുന്നു.
ആ സമയത്ത് അക്ഷയ് കുമാറും ഭാര്യയും തൊട്ടുമുന്നിലുള്ള മറ്റൊരു കാറിലായിരുന്നു സഞ്ചരിച്ചിരുന്നത്. താരത്തിന്റെ കാറിലും ചെറിയ രീതിയിൽ ഉരസലുകൾ ഉണ്ടായെങ്കിലും വലിയ അപകടം ഒഴിവാകുകയായിരുന്നു.
സംഭവസ്ഥലത്തെത്തിയ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിൽ വാഹനങ്ങൾക്ക് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പരിക്കേറ്റ ഓട്ടോ ഡ്രൈവറെയും യാത്രക്കാരനെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
National
മുംബൈ: ബൃഹൻ മുംബൈ മുനിസിപ്പല്‍ കൗണ്‍സിലിന്റെ ഭരണത്തിനായി ബിജെപിയും ശിവസേനയും (ഉദ്ധവ് താക്കറെ) അരയുംതലയും മുറുക്കിയിറങ്ങിയതോടെ വിലപേശലുമായി ചെറുകക്ഷികള്‍. മേയർ പദവി ഉറപ്പായാൽ പിന്തുണയെന്നതാണു മുഖ്യവാഗ്ദാനം.
ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയ്ക്ക് 29 സീറ്റുണ്ട്. ഇരുഭാഗത്തുന്നും സമ്മര്‍ദം ഉയർന്നതോടെ മേയര്സ്ഥാനത്തിനു വിലപേശുകയാണ് ഷിന്‍ഡെ ക്യാമ്പ്. കൗണ്‍സിലര്‍മാരെ ബാന്ദ്രയിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്കു മാറ്റുകയും ചെയ്തു. രാജ്യത്തെ ഏറ്റവും സമ്പന്നമായ തദ്ദേശസ്ഥാപനങ്ങളിലെ ഭരണം അഭിമാനപ്രശ്നമായാണു ബിജെപിയും എതിര്‍പക്ഷത്തുള്ള ഉദ്ദവ് താക്കറെ വിഭാഗവും കാണുന്നത്.
227 അംഗ കൗൺസിലില്‍ കേവല ഭൂരിപക്ഷത്തിന് 114 അംഗങ്ങളുടെ പിന്തുണവേണം. 89 സീറ്റുകളില്‍ വിജയിച്ച ബിജെപിയെ ഷിന്‍ഡെ വിഭാഗം പിന്തുണച്ചാല്‍ അംഗസഖ്യ 118 ലെത്തും. മറ്റൊരു ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നാഷണലിസ്റ്റ് കോണ്‍ഗ്രസിനും മൂന്നു സീറ്റുകളുണ്ട്.
പ്രതിപക്ഷത്താകട്ടെ ശിവസേനയ്ക്കുള്ളത് (യുബിറ്റി) 65 സീറ്റുകൾ. എംഎന്‍എസിയുടെ ആറ് സീറ്റുകളും എന്‍സിപിയുടെ (എസ്പി) ഒരുസീറ്റും ചേരുന്നതോടെ മൊത്തം അംഗബലം 72 ആകും. ഇതിനു പുറമേയാണ് കോണ്‍ഗ്രസിന്റെ 24 സീറ്റുകള്‍. എഐഎംഐഎം (8)എസ്പി (2) എന്നിങ്ങനെ മറ്റു രണ്ടുകക്ഷികളും അവശേഷിക്കുന്നുണ്ട്.
മുംബൈയുടെ മേയര്‍ ശിവസേനയില്‍ (ഷിൻഡേ) നിന്നുള്ള ഒരാളായിരിക്കണമെന്നുമെന്നു ഷിൻഡേ ക്യാന്പ് പ്രതിരിച്ചു. കാരണം, ഇതു ബാലസാഹെബിന്റെ (ബാല്‍ താക്കറെ) പാരമ്പര്യമാണ്. കൗൺസിലർമാർ മൂന്ന് ദിവസം ബാന്ദ്രയിലെ ഹോട്ടലിൽ കഴിയും. പാര്‍ട്ടിയിലെ ഐക്യം ഉറപ്പിക്കുകയാണ് ലക്ഷ്യം. ഒരുതരത്തിലുള്ള വിലപേശലിനും തയാറില്ല എന്നും അദ്ദേഹം വിശദീകരിക്കുന്നു.
അതേസമയം, തങ്ങള്‍ അഭിമാനമായി കാണുന്ന മുംബൈ കോര്‍പറേഷനില്‍ ഏതുവിധേനയും ഭരണം നിലനിര്‍ത്താന്‍ ഉദ്ധവ് താക്കറെ വിഭാഗവും നീക്കങ്ങള്‍ തുടരുകയാണ്.
മുംബൈ: മഹാരാഷ്ട്രയിലെ 29 മുനിസിപ്പൽ കോർപറേഷനുകളിലെ 2,869 സീറ്റുകളിൽ 1,425 ഉം സ്വന്തമാക്കിയതു ബിജെപി. മൂന്നുദശകങ്ങളായി താക്കറെ കുടുംബം കൈയടക്കിവച്ചിരിക്കുന്ന ബ്രിഹാൻമുംബൈ മുനിസിപ്പൽ കോർപറേഷൻ (ബിഎംസി) ഭരണംകൂടി സ്വന്തമാക്കിയാൽ മഹാരാഷ്ട്ര തദ്ദേശപ്പോരിൽ ബിജെപിക്കു സന്പൂർണ ആധിപത്യമാകും.
227 അംഗ ബിഎംസി കൗൺസിലിൽ ബിജെപിക്ക് 89 പ്രതിനിധികളുണ്ട്. ഷിൻഡെ വിഭാഗം ശിവസേനയ്ക്ക് 29 സീറ്റും. എതിർപക്ഷത്തുള്ള ഉദ്ദവ് താക്കറെ വിഭാഗം 65 സീറ്റുകൾ നേടിയപ്പോൾ എംഎൻഎസ് ആറിടത്ത് ജയിച്ചു.
വിബിഎയുമായി സഖ്യമുണ്ടാക്കി തെരഞ്ഞെടുപ്പിനെ നേരിട്ട കോൺഗ്രസ് 24 സീറ്റുകളിൽ വിജയിച്ചു. എഐഎംഐഎം (8), എൻസിപി (3), എസ്പി (2) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ കക്ഷിനില. എൻസിപി-എസ്പിക്ക് ഒരു സീറ്റുകൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. 151 അംഗ നാഗ്പുർ മുനിനിപ്പാലിറ്റിയിൽ ബിജെപി നേടിയത് 102 സീറ്റുകൾ. കോൺഗ്രസിനാകട്ടെ വിജയിക്കാനായത് വെറും 34 സീറ്റുകളിൽ മാത്രം. നാസിക്കിൽ ബിജെപി 72 സീറ്റുകൾ നേടി. ഷിൻഡെ വിഭാഗം ശിവസേനയ്ക്ക് 26 സീറ്റും.
ശിവസേന (യുബിറ്റി) 15 സീറ്റുകളിൽ വിജയിച്ചു. കോൺഗ്രസിനു മൂന്നു സീറ്റുകളും എൻസിപിക്കു നാലു സീറ്റുകളുമാണ് നാസിക്കിൽ.
ഛത്രപതി സംഭാജിനഗറിൽ ബിജെപി 57 സീറ്റുകൾ നേടി. ശിവസേനയ്ക്കു 13 സീറ്റുകൾ ലഭിച്ചു. കോൺഗ്രസിന് ഒരു സീറ്റും ലഭിച്ചു. എഐഎംഐഎം ഉൾപ്പെടെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർചെയ്ത മറ്റുകക്ഷികൾ 33 സീറ്റുകൾ നേടി.
മൊത്തം കണക്കെടുത്താൽ 2,869 സീറ്റുകളിൽ 1,424 എണ്ണം ബിജെപി സ്വന്തമാക്കി. ശിവസേന (399) കോൺഗ്രസ് (324) എൻസിപി (167) ശിവസേന -യുബിറ്റി (155) എൻസിപി -എസ്പി (36) എംഎൻഎസ് (13), ബിഎസ്പി (6), മറ്റ് കക്ഷികൾ 196 എന്നിവർക്കു പുറമേ 19 സ്വതന്ത്രരും ഇത്തവണ വിജയിച്ചു.
Viral
മുംബൈ നഗരത്തെ സ്വപ്നങ്ങളുടെ നഗരം എന്ന് വിളിക്കുന്നത് കേവലം ആലങ്കാരികമായല്ല എന്ന് അടിവരയിടുന്ന കാഴ്ചകളാണ് ഓരോ ദിവസവും അവിടെ നിന്നും പുറത്തുവരുന്നത്.
തിരക്കുപിടിച്ച മുംബൈ തെരുവുകളിൽ അത്ഭുതപ്പെടുത്തുന്നതും ചിരി പടർത്തുന്നതുമായ സംഭവങ്ങൾ നിത്യേന അരങ്ങേറാറുണ്ട്. ലോക്കൽ ട്രെയിനുകളിലെ തിക്കും തിരക്കും മുതൽ തെരുവോരങ്ങളിലെ കാഴ്ചകൾ വരെ ഓരോ മുംബൈ യാത്രക്കാരനും ഓരോ പുതിയ കഥകളാണ് സമ്മാനിക്കുന്നത്.
അത്തരത്തിൽ കൗതുകമുണർത്തുന്ന ഒരു കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. നഗരത്തിലെ തിരക്കേറിയ റോഡിലൂടെ ഓട്ടോറിക്ഷയുടെ മുകളിൽ അതീവ ഗൗരവത്തോടെ ഇരിക്കുന്ന ഒരു നായയാണ് ഈ വൈറൽ വീഡിയോയിലെ പ്രധാന ആകർഷണം.
വാഹനത്തിന് മുകളിൽ ആത്മവിശ്വാസത്തോടെ ഇരിക്കുന്ന ഈ നായയെ കണ്ട് വഴിപോക്കർ പോലും ഒരു നിമിഷം നിന്നുപോയി. വീഴുമെന്ന പേടിയോ റോഡിലെ വാഹനങ്ങളുടെ ബഹളമോ ഒന്നും ഈ നായയെ അലട്ടുന്നില്ല.
രാജകീയ പ്രൗഢിയോടെ ചുറ്റുമുള്ള കാഴ്ചകൾ കണ്ട്, ഇതൊരു സ്ഥിരം ശീലമാണെന്ന ഭാവത്തിലാണ് കക്ഷിയുടെ യാത്ര. ഈ അസാധാരണ ദൃശ്യം ഇന്റർനെറ്റിൽ പങ്കുവെച്ചതോടെ വീഡിയോ നിമിഷനേരം കൊണ്ട് വൈറലായി മാറി.
സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഇതിനോടകം തന്നെ ഈ നായയ്ക്ക് 'ഡോഗേഷ് ഭായ്' എന്നൊരു വിളിപ്പേരും നൽകിക്കഴിഞ്ഞു. മുംബൈയിലെ തിരക്കുപിടിച്ച ജീവിതശൈലിയെയും ഇവിടുത്തെ അതിജീവനത്തെയും ഈ ദൃശ്യം പ്രതിനിധീകരിക്കുന്നു എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
ആധുനിക മുംബൈയിൽ ഒന്നും അസാധ്യമല്ലെന്നും, ഓരോരുത്തരും തങ്ങളുടേതായ രീതിയിൽ ജീവിതം ആസ്വദിക്കുകയാണെന്നും സോഷ്യൽ മീഡിയയിലെ കമന്റുകൾ പറയുന്നു.
പായുന്ന ഓട്ടോയുടെ മുകളിൽ വിഐപി പരിവേഷത്തോടെ ഇരിക്കുന്ന ഈ നായയുടെ വീഡിയോ ക്ലിപ്പുകൾ ഇപ്പോൾ വാട്സാപ്പ് സ്റ്റാറ്റസുകളിലും ഇൻസ്റ്റാഗ്രാം റീലുകളിലും നിറഞ്ഞുനിൽക്കുകയാണ്.
സമ്മർദ്ദം നിറഞ്ഞ നഗരജീവിതത്തിനിടയിൽ ഇത്തരം ലളിതമായ കാഴ്ചകൾ ആളുകളിൽ വലിയ സന്തോഷമാണ് പകരുന്നത്.
Viral
മുംബൈ വെസ്റ്റേൺ എക്സ്പ്രസ് ഹൈവേയിൽ നിയമവ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് അരങ്ങേറിയ കുതിരവണ്ടിപ്പന്തയം നഗരവാസികളെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
വക്കോള ഫ്ലൈ ഓവറിന് മുകളിൽ ഗതാഗത നിയമങ്ങളും മൃഗക്ഷേമ നിബന്ധനകളും കാറ്റിൽ പറത്തിക്കൊണ്ട് നടത്തിയ ഈ സാഹസിക പ്രകടനം, നഗരത്തിലെ സുരക്ഷാ ക്രമീകരണങ്ങളിലെ വീഴ്ചയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
സാധാരണക്കാരായ യാത്രക്കാർക്ക് വലിയ ഭീഷണിയുയർത്തിക്കൊണ്ട് അമിതവേഗത്തിൽ പാഞ്ഞ കുതിരവണ്ടിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
മാധ്യമപ്രവർത്തകനായ ജീത് മഷ്രു സമൂഹമാധ്യമമായ എക്സിലൂടെ പങ്കുവെച്ച വീഡിയോയിൽ, തിരക്കേറിയ റോഡിലൂടെ വാഹനങ്ങൾക്കിടയിലൂടെ കുതിരവണ്ടി തടസങ്ങളില്ലാതെ പായുന്നത് വ്യക്തമാണ്.
നാലുപേർ വണ്ടിയിലിരുന്ന് ക്യാമറയ്ക്ക് പോസ് ചെയ്യുന്നതും മറ്റ് വാഹനങ്ങൾ ഹോൺ അടിക്കുമ്പോഴും അതൊന്നും വകവെക്കാതെ പ്രകോപനപരമായി പെരുമാറുന്നതും ദൃശ്യങ്ങളിൽ കാണാം.
ഫ്ലൈ ഓവറിലെ ഡിവൈഡർ ചാടിക്കടന്ന് വണ്ടി വിപരീത ദിശയിലേക്ക് തിരിച്ചത് വലിയ അപകടസാധ്യതയാണ് സൃഷ്ടിച്ചത്. ഇത്രയും വലിയ സാഹസം നടക്കുമ്പോൾ സംഭവസ്ഥലത്ത് പൊലീസിന്റെ സാന്നിധ്യം ഇല്ലാതിരുന്നത് വലിയ വിമർശനങ്ങൾക്കും വഴിവെച്ചു.
മുംബൈ ട്രാഫിക് പൊലീസ് സംഭവത്തിൽ അന്വേഷണം പ്രഖ്യാപിക്കുകയും വക്കോള ട്രാഫിക് ഡിവിഷനോട് നടപടിയെടുക്കാൻ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും കുറ്റവാളികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.
വെസ്റ്റേൺ എക്സ്പ്രസ് ഹൈവേയുടെ വിവിധ ഭാഗങ്ങളിൽ ഇത്തരം മത്സരങ്ങൾ പതിവാകുന്നത് അധികൃതർക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.
നേരത്തെയും സമാനമായ നിരവധി പരാതികൾ ഉയർന്നിട്ടുണ്ടെങ്കിലും കർശനമായ ശിക്ഷാനടപടികളുടെ അഭാവം ഇത്തരം സംഘങ്ങൾക്ക് ആത്മവിശ്വാസം നൽകുന്നുണ്ടെന്നാണ് പൊതുവെ ഉയരുന്ന ആക്ഷേപം.
തിരക്കേറിയ ഹൈവേകളിൽ ഇത്തരം ക്രൂരതകളും നിയമലംഘനങ്ങളും ആവർത്തിക്കാതിരിക്കാൻ ശക്തമായ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തണമെന്നാണ് നഗരവാസികളുടെ ആവശ്യം.
Kerala
ന്യൂഡൽഹി: മഹാരാഷ്ട്ര നവനിർമാൺ സഭ നേതാവ് രാജ് താക്കറെയ്ക്കെതിരെ വിമർശനവുമായി ബിജെപി നേതാവ് കെ. അണ്ണാമലൈ. മുംബൈയിൽ പ്രവേശിക്കുന്നത് തടയാൻ അണ്ണാമലൈ രാജ് താക്കറെയെ വെല്ലുവിളിക്കുകയും ചെയ്തു.
തന്നെ ഭീഷണിപ്പെടുത്താൻ ആദിത്യ താക്കറെയും രാജ് താക്കറെയും ആരാണെന്ന് ചോദിച്ച മുൻ തമിഴ്നാട് ബിജെപി അധ്യക്ഷൻ ഒരു കർഷകന്റെ മകനായതിൽ താൻ അഭിമാനിക്കുന്നുവെന്നും പറഞ്ഞു. തന്നെ അധിക്ഷേപിക്കാൻ വേണ്ടിയാണ് അവർ യോഗങ്ങൾ സംഘടിപ്പിച്ചതെന്നും അഭിപ്രായപ്പെട്ടു.
താൻ മുംബൈയിൽ എത്തിയാൽ കാലുകൾ വെട്ടുമെന്ന് ചിലർ എഴുതിയിട്ടുണ്ട്. താൻ മുംബൈയിൽ വരും. തന്റെ കാലുകൾ വെട്ടാൻ ശ്രമിക്കൂവെന്ന് വെല്ലുവിളിച്ച അണ്ണാമലൈ അത്തരം ഭീഷണികളെ ഭയപ്പെട്ടിരുന്നെങ്കിൽ താൻ ഗ്രാമത്തിൽ തന്നെ കഴിയുമായിരുന്നെന്നും വ്യക്തമാക്കി.
കാമരാജ് ഇന്ത്യയിലെ ഏറ്റവും വലിയ നേതാക്കളിൽ ഒരാളാണെന്ന് താൻ പറഞ്ഞാൽ അദേഹം തമിഴനല്ല എന്നാണോ അർഥമെന്നും അണ്ണാമലൈ ചോദിച്ചു. മുംബൈ ഒരു ലോകോത്തര നഗരമാണെന്ന് പറഞ്ഞാൽ അതിനർഥം മഹാരാഷ്ട്രക്കാർ അത് നിർമ്മിച്ചില്ലെന്നാണോ എന്നും അണ്ണാമലൈ കൂട്ടിച്ചേർത്തു.
National
മുംബൈ: മഹാരാഷ്ട്രയിൽ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മഹായുതി സഖ്യം വൻ വിജയം നേടുമെന്ന് ഉപമുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഏക്നാഥ് ഷിൻഡെ. വികസനം ആയിരിക്കും തെരഞ്ഞെടുപ്പിലെ മുഖ്യ വിഷയമെന്നും അതുകൊണ്ട് സർക്കാരിന് അനുകൂലമായ വികാരമുണ്ടാകുമെന്നും ഷിൻഡെ അവകാശപ്പെട്ടു.
"മഹായുതി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. മുംബൈയും പുനയും അടക്കമുള്ള നഗരസഭകളിൽ മഹായുതിയുടെ മേയർ തന്നെയായിരിക്കും എത്തുക. ജനങ്ങൾ സർക്കാരിനൊപ്പമാണ്.'-ഷിൻഡെ പറഞ്ഞു.
പ്രതിപക്ഷം വളരെ ദുർഭലമാണ്. അവർക്ക് ജനങ്ങൾക്കിടയിൽ ഒരു സ്വാധീനവും ഇല്ല. മുംബൈയിൽ പോലും അവർക്ക് ജയിക്കാനാവില്ല. മഹായുതിയുടെ വിജയം തുടരാനുള്ള തെരഞ്ഞെടുപ്പ് മാത്രമാണിതെന്നും ഷിൻഡെ പറഞ്ഞു.
National
മുംബൈ: മുംബൈ മേയർ സ്ഥാനത്തേക്കെത്തുക മറാഠി ഹിന്ദു തന്നെ ആയിരിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. മേയർ സ്ഥാനം മറാഠികൾക്ക് സംവരണം ചെയ്തിട്ടുണ്ടോയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഫഡ്നാവിസ്.
മുംബൈ മേയർ മറാഠി ഹിന്ദു തന്നെ ആയിരിക്കുമെന്ന് പറഞ്ഞ മഹാരാഷ്ട്ര മുഖ്യമന്ത്രി, ചെന്നൈയിൽ മുനിസിപ്പൽ തെരഞ്ഞെടുപ്പ് നടന്നാൽ മേയർ തമിഴനായിരിക്കണമെന്ന് ആളുകൾ സ്വാഭാവികമായും ആവശ്യപ്പെടില്ലേയെന്നും ചോദിച്ചു.
അതുപോലെ മുംബൈയിൽ മേയർ മറാഠി ഹിന്ദുവായിരിക്കുമെന്നും ദേവേന്ദ്ര ഫഡ്നാവിസ് വ്യക്തമാക്കി. ബിജെപി "രാജ്യം ആദ്യം" എന്ന പ്രത്യയശാസ്ത്രമാണ് പിന്തുടരുന്നതെന്നും എല്ലാവരും തങ്ങൾക്ക് വോട്ട് ചെയ്യുമെന്നും അഭിപ്രായപ്പെട്ടു.
ബിജെപി വോട്ടർമാരെ പ്രാദേശികവാദത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കാൻ ശ്രമിക്കുന്നുവെന്ന വാദങ്ങൾ തള്ളിക്കളയുന്നുവെന്നും ഫഡ്നാവിസ് പറഞ്ഞു. ബിജെപിയുടെ വോട്ടർമാരിൽ മറാഠി, മറാഠി ഇതര വിഭാഗങ്ങൾ ഉൾപ്പെടുന്നതായും വ്യക്തമാക്കി.
ഉദ്ധവ് താക്കറെയും രാജ് താക്കറെയും വീണ്ടും ഒന്നിച്ചതിനെക്കുറിച്ചും ഫഡ്നാവിസ് പ്രതികരിച്ചു. രണ്ട് സഹോദരൻമാരും ഒരുമിച്ചെത്തിയാലും തങ്ങളുടെ വോട്ട് വിഹിതത്തിൽ കുറവ് സംഭവിക്കില്ലെന്നായിരുന്നു ഫഡ്നാവിസിന്റെ പ്രതികരണം. ജനുവരി 15ന് ആണ് ബൃഹൻമുംബൈ മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പ് നടക്കുക.
Kerala
തിരുവനന്തപുരം: സഹപ്രവർത്തകയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ തിരുവനന്തപുരം വിമാനത്താവളത്തിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഉത്തർപ്രദേശ് ബാഗ്പത് സ്വദേശി സുമിത് അമർപാൽ പൻവീർ ആണ് പിടിയിലായത്.
മുംബൈയിൽ നിന്നെത്തിയ പ്രത്യേക അന്വേഷണ സംഘമാണ് സിഐഎസ്എഫ് എസ്ഐ സുമിതിനെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ വർഷമായിരുന്നു കേസിന് ആസ്പദമായ സംഭവം. മുംബൈ വിമാനത്താവളത്തിൽ ജോലിനോക്കുന്ന കാലയളവിൽ സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.
സമീപകാലത്താണ് സുമിത് അമർപാൽ പൻവീർ സ്ഥലംമാറ്റം ലഭിച്ച് തിരുവനന്തപുരത്തെത്തിയത്. ഇതിനിടെ പ്രതി മറ്റൊരു വിവാഹത്തിന് തയാറെടുക്കുന്നതായി പരാതിക്കാരി അറിഞ്ഞു. ഇതേ തുടർന്ന് ഇവർ മുംബൈയിലെ നിർമൽ നഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
മുംബൈയിൽ നിന്നെത്തിയ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത പ്രതിയെ വലിയതുറ പോലീസിലും തുടർന്ന് കോടതിയിലും ഹാജരാക്കിയിരുന്നു. പിന്നാലെ ബുധനാഴ്ച വൈകുന്നേരത്തോടെ ട്രെയിൻ മാർഗം മുംബൈയിലേക്കു കൊണ്ടുപോയി.
Movies
മുംബൈയിലെ ബാന്ദ്ര ഈസ്റ്റ് പ്രദേശത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പടക്കം പൊട്ടിച്ചതിനെത്തുടർന്ന് ഒരു വീട്ടിൽ തീ പടർന്ന സംഭവത്തിൽ പ്രതികരണവുമായി നടി ഡെയ്സി ഷാ.
'ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുമായി എനിക്ക് യാതൊരു ബന്ധവുമില്ല. എന്നാൽ, തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്നവർക്ക് സാമാന്യബുദ്ധിയുണ്ടെന്ന് ഉറപ്പാക്കണം. വീടുകൾക്ക് സമീപം പടക്കം പൊട്ടിക്കുകയല്ല വേണ്ടത്. പൗരബോധമില്ലാതെ ആളുകൾ പെരുമാറുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളാണിത്'-ഡെയ്സി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഈ പ്രചാരകർക്ക് വീടുതോറും പോകാൻ അനുമതി നിഷേധിച്ച തന്റെ ബിൽഡിംഗ് കമ്മിറ്റിക്ക് അവർ നന്ദി പറഞ്ഞു. സംഭവത്തിന് ശേഷം തീപിടിത്തമുണ്ടാകാൻ കാരണമായവർ ഓടി രക്ഷപ്പെട്ടതായും ഇതിന്റെ പ്രത്യാഘാതം ഇനി താമസക്കാർ നേരിടേണ്ടിവരുമെന്നും നടി പറഞ്ഞു.
Viral
മുംബൈയിലെ വിനോദസഞ്ചാര കേന്ദ്രമായ ഗേറ്റ്വേ ഓഫ് ഇന്ത്യയ്ക്ക് സമീപം വിദേശ വനിതകൾ നേരിട്ട ദുരനുഭവം ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ തന്നെ ചർച്ചയാവുകയാണ്.
അസർബൈജാനിൽ നിന്നുള്ള ടൂറിസ്റ്റുകൾ പ്രശസ്തമായ താജ്മഹൽ പാലസ് ഹോട്ടലിന് മുൻപിൽ നിന്ന് ഫോട്ടോയെടുക്കുന്നതിനിടെ ഒരു സംഘം പുരുഷന്മാർ ഇവരെ വളയുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
സ്ത്രീകളുടെ സ്വകാര്യതയെപ്പോലും മാനിക്കാതെ അനുവാദമില്ലാതെ ചിത്രങ്ങൾ പകർത്തുകയും അശ്ലീലമായ രീതിയിൽ തുറിച്ചുനോക്കുകയും ചെയ്യുന്ന ആൾക്കൂട്ടത്തെ വീഡിയോയിൽ കാണാം.
ഡെയ്ലി ടർക്കിക് എന്ന എക്സ് ഹാൻഡിലിലൂടെ ഈ ദൃശ്യങ്ങൾ പ്രചരിച്ചതോടെ രാജ്യത്തിന്റെ വിനോദസഞ്ചാര സുരക്ഷയെക്കുറിച്ച് വലിയ ആശങ്കകളാണ് ഉയരുന്നത്.
വിദേശികളായ വെളുത്ത വർഗക്കാരോടുള്ള ഒരു വിഭാഗം ആളുകളുടെ അമിതമായ ഭ്രമമാണ് ഇത്തരം മോശം പെരുമാറ്റത്തിന് പിന്നിലെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.
വെളുത്ത തൊലിനിറത്തോടുള്ള ഈ മനോഭാവം പലപ്പോഴും അതിരുവിടുന്നതായും വിദേശ സഞ്ചാരികൾക്ക് ഇന്ത്യയിൽ പേടിയും അസ്വസ്ഥതയും ഉണ്ടാക്കുന്നുണ്ടെന്നും വിമർശകർ തുറന്നടിക്കുന്നു.
അതേസമയം ഈ സംഭവത്തെ ചൊല്ലി സൈബർ ഇടങ്ങളിൽ വലിയ തർക്കങ്ങളും ഉടലെടുത്തിട്ടുണ്ട്. വീഡിയോയിലുള്ളത് ഇന്ത്യൻ പൗരന്മാരല്ലെന്നും മറിച്ച് മുംബൈയിലും പരിസരപ്രദേശങ്ങളിലും ഉള്ള അനധികൃത കുടിയേറ്റക്കാരാണെന്നും ചിലർ വാദിക്കുന്നു.
വിനോദസഞ്ചാര മേഖലകളിൽ വിദേശികളെ ഉപദ്രവിക്കാൻ വേണ്ടി മാത്രം ചില സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും ഇത്തരക്കാർ രാജ്യത്തിന്റെ പ്രതിച്ഛായ ലോകത്തിന് മുൻപിൽ തകർക്കുകയാണെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ ആരോപിക്കുന്നുണ്ട്.
പാകിസ്ഥാനുമായി അടുത്ത ബന്ധം പുലർത്തുന്ന അസർബൈജാൻ പോലുള്ള രാജ്യങ്ങളുമായുള്ള ഭൗമരാഷ്ട്രീയ തർക്കങ്ങളും ഈ ചർച്ചകളിൽ കടന്നുവരുന്നുണ്ട്.
എന്തുതന്നെയായാലും വിദേശ സഞ്ചാരികൾക്ക് നേരെയുള്ള ഇത്തരം അതിക്രമങ്ങൾ തടയുന്നതിൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ച ഗൗരവകരമായ ചോദ്യങ്ങൾ ഉയർത്തുന്നു.
Kerala
ഇന്‍ഡോര്‍: അണ്ടര്‍ 15 വനിതാ ഏകദിന ടൂര്‍ണമെന്റിൽ കരുത്തരായ മുംബൈയെ തകർത്ത് കേരളം. എട്ട് വിക്കറ്റിനാണ് കേരളം വിജയിച്ചത്.
35 ഓവര്‍ വീതമുള്ള മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ 119 റണ്‍സിന് ഓള് ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം 27.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. സ്കോര്‍: മുംബൈ - 31 ഓവറില്‍ 119/10. കേരളം - 27.4 ഓവറില്‍ 125/2.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത മുംബൈയ്ക്ക് രണ്ടാം ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. അഞ്ച് റണ്‍സെടുത്ത വേദിക നികാമിനെ ജൊഹീന ജിക്കുപാല്‍ റണ്ണൗട്ടാക്കുകയായിരുന്നു. തുടര്‍ന്ന് ക്യാപ്റ്റന്‍ റിയ ഥാക്കൂറും സൊനാക്ഷി സോളങ്കിയും ചേര്‍ന്ന് 37 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സൊനാക്ഷി 25റൺസും റിയ 18 റണ്‍സും എടുത്തു.
എന്നാല്‍ ഇരുവരും അടുത്തടുത്ത ഓവറുകളില്‍ പുറത്തായതോടെ മുംബൈയുടെ ബാറ്റിംഗ് തകര്‍ച്ചയ്ക്ക് തുടക്കമായി. തുടര്‍ന്നെത്തിയവരില്‍ 26 റണ്‍സെടുത്ത മുദ്ര മാത്രമാണ് പിടിച്ചു നിന്നത്. കേരളത്തിന് വേണ്ടി വൈഗ അഖിലേഷും ആര്യനന്ദയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മുംബൈ ഉയർത്തിയ 120 റൺസ് പിന്തുടർന്നിറങ്ങിയ കേരളത്തിന് ഓപ്പണര്‍മാരായ വൈഗ അഖിലേഷും ഇവാന ഷാനിയും ചേര്‍ന്ന് മികച്ച തുടക്കം നൽകി. ഇരുവരും ചേര്‍ന്ന് 55 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇവാന 33 റണ്‍സെടുത്ത് പുറത്തായി.
പിന്നീടെത്തിയ ആര്യനന്ദയും വൈഗയും ചേര്‍ന്ന് കേരളത്തിന് അനായാസ വിജയം ഉറപ്പാക്കി. വിജയത്തിന് പത്ത് റണ്‍സകലെ 49 റണ്‍സെടുത്ത വൈഗ പുറത്തായി. ആര്യനന്ദ 34 റണ്‍സുമായി പുറത്താകാതെ നിന്നു. 28-ാം ഓവറിലെ നാലാം പന്തിൽ കേരളം വിജയലക്ഷ്യം മറികടന്നു.
Sports
മുംബൈ: വിജയ് ഹസാരെ ട്രോഫിയിലെ രണ്ടാം റൗണ്ട് മത്സരങ്ങളിൽ വിരാട് കോഹ്ലി മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ രോഹിത് ശർമ നിരാശപ്പെടുത്തി. ഗുജറാത്തിനെതിരായ മത്സരത്തിൽ ഡൽഹിക്ക് വേണ്ടിയിറങ്ങിയ കോഹ്ലി 77 റൺസെടുത്ത് ടീമിന്റെ ടോപ്സ്കോററായി.
മത്സരത്തിൽ ഡൽഹി ഏഴ് റൺസിന് വിജയിച്ചു. ഡൽഹി ഉയർത്തിയ 254 റൺസ് പിന്തുടർന്ന ഗുജറാത്ത് 247 റൺസിൽ ഓൾഔട്ടാവുകയായിരുന്നു. ഡൽഹി നായകനും ഇന്ത്യൻ താരവുമായ റിഷഭ് പന്ത് 70 റൺസെടുത്തു. കോഹ്ലിയാണ് മത്സരത്തിലെ താരമായത്.
അതേസമയം ഉത്തരാഖണ്ഡിനെതിരായ മത്സരത്തിൽ മുംബൈയ്ക്ക് വേണ്ടി കളത്തിലിറങ്ങിയ രോഹിത് ശർമയ്ക്ക് റൺസ് ഒന്നും എടുക്കാനായില്ല. നേരിട്ട ആദ്യ പന്തിൽ തന്നെ രോഹിത് പുറത്താവുകയായിരുന്നു.
മത്സരത്തിൽ മുംബൈ 51 റൺസിന് വിജയിച്ചു. മുംബൈ ഉയർത്തിയ 332 റൺസ് പിന്തുടർന്ന ഉത്തരാഖണ്ഡിന് 280 റൺസ് എടുക്കാനെ സാധിച്ചുള്ളു.
Viral
മുംബൈയിലെ സാകി നാക്കയിൽ നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്.
വൈകുന്നേരത്തെ കനത്ത തിരക്കിനിടയിൽ ഒരൊറ്റ മോട്ടോർ സൈക്കിളിൽ ഏഴു യുവാക്കൾ ഒരുമിച്ച് യാത്ര ചെയ്യുന്ന അപകടകരമായ കാഴ്ചയാണ് പുറത്തുവന്നത്.
"മുംബൈ ടിവി' എന്ന പ്രാദേശിക മാധ്യമം പുറത്തുവിട്ട വീഡിയോയിൽ ഒരു ഹോണ്ട യൂണികോൺ ബൈക്കിൽ അഭ്യാസപ്രകടനം എന്നോണം തിങ്ങിനിറഞ്ഞു യാത്ര ചെയ്യുന്ന യുവാക്കളെ വ്യക്തമായി കാണാം.
ബൈക്കിന്റെ പിന്നിൽ ഇരുന്ന ഒരാൾക്ക് ഇരിക്കാൻ ഇടമില്ലാത്തതിനാൽ മറ്റുള്ളവരുടെ തോളിൽ തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു.
ഇത്തരത്തിൽ അപകടകരമായ രീതിയിൽ വാഹനങ്ങൾക്കിടയിലൂടെ വെട്ടിച്ചു പാഞ്ഞ യുവാക്കൾ സ്വന്തം ജീവൻ മാത്രമല്ല, മറ്റ് യാത്രക്കാരുടെ സുരക്ഷയെക്കൂടി വെല്ലുവിളിക്കുകയാണ് ചെയ്തത്.
വീഡിയോയുടെ തുടക്കത്തിൽ തന്നെ മോട്ടോർ സൈക്കിളിന്റെ രജിസ്ട്രേഷൻ നമ്പർ (MH 03 EY 3649) തെളിഞ്ഞു കാണുന്നുണ്ട്. ഈ ദൃശ്യങ്ങൾ വൈറലായതോടെ മുംബൈ പോലീസിനും ട്രാഫിക് വിഭാഗത്തിനുമെതിരെ വലിയ രീതിയിലുള്ള വിമർശനമാണ് ഉയരുന്നത്.
ബൈക്കിലുണ്ടായിരുന്നവരിൽ ചിലർ പ്രായപൂർത്തിയാകാത്തവരാണെന്ന സൂചനകൾ കൂടി പുറത്തുവന്നതോടെ സംഭവത്തിന്റെ ഗൗരവം വർധിച്ചു.
കുറ്റക്കാർക്കെതിരെ എത്രയും വേഗം കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകളാണ് മുംബൈ പോലീസ് കമ്മീഷണറെ ടാഗ് ചെയ്തുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.
എന്നാൽ ഈ സംഭവത്തിൽ ഔദ്യോഗികമായ സ്ഥിരീകരണമോ നടപടികളോ ഇതുവരെ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
National
മുംബൈ: ഉദ്ദവ് താക്കറെയുടെ ശിവസേന-യുബിടി പാർട്ടി നേതാവ് തേജസ്വി ഖൊസാൽക്കർ ബിജെപിയിൽ ചേർന്നു. ഇന്ന് രാവിലെ മുംബൈയിലെ പാർട്ടി ഓഫീസിലെത്തിയാണ് തേജസ്വി ബിജെപിയിൽ ചേർന്നത്.
ബ്രിഹൻ മുംബൈ മുനിസിപ്പിപ്പൽ കോർപറേഷനിലെ (ബഎംസി) മുൻ കൗൺസിലറാണ് തേജസ്വി. അന്തരിച്ച ശിവസേന-യുബിടി നേതാവ് അഭിഷേക് ഖൊസാൽക്കറുടെ ഭാര്യയാണ് തേജസ്വി.
വടക്കൻ മുംബൈയിൽ സ്വാധീനമുള്ള നേതാവാണ് തേജസ്വി ഖൊസാൽക്കർ. തേജസ്വി പാർട്ടി വിട്ടത് ശിവസേന-യുബിടിക്ക് കനത്ത തിരിച്ചടിയാണ്.
ബിഎംസി തെരഞ്ഞെടുപ്പ് ജനുവരിയിൽ നടക്കാനിരിക്കെയാണ് ഖൊസാൽക്കർ പാർട്ടി വിട്ടത്. ജനുവരി 12നും 18നും ഇടയിൽ തെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത.
National
മുംബൈ: മുംബൈയിൽ നിന്നും കാണാതാകുന്ന കുട്ടികളുടെ എണ്ണത്തിൽ ആശങ്കാജനകമായ വർധനവ്. കഴിഞ്ഞ 36 ദിവസത്തിനുള്ളിൽ പ്രായപൂർത്തിയാകാത്ത 82 കുട്ടികളെ കാണാതായതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ജൂൺ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ മുംബൈയിൽ നിന്ന് 93 പെൺകുട്ടികൾ ഉൾപ്പെടെ 145 കുട്ടികളെ കാണാതായതായി പോലീസ് രേഖകൾ വ്യക്തമാക്കുന്നു.
നവംബർ ഒന്നിനും ഡിസംബർ ആറിനും ഇടയിൽ രജിസ്റ്റർ ചെയ്ത 82 കേസുകളിൽ, കാണാതായവരിൽ കൂടുതലും പ്രായപൂർത്തിയാകാത്തവരാണ്. ഇതിൽ 41 പെൺകുട്ടികളും 18 വയസ് വരെ പ്രായമുള്ള 13 ആൺകുട്ടികളും ഉൾപ്പെടുന്നു.
ഈ കാലയളവിൽ കാണാതായവരിൽ അഞ്ച് വയസ് വരെ പ്രായമുള്ള പെൺകുട്ടികളും 11 വയസ് വരെ പ്രായമുള്ള ആൺകുട്ടികളും ഉൾപ്പെടുന്നു.
കുർള വില്ലേജ്, വക്കോള, പവായ്, മാൽവാനി, സക്കിനാക്ക തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലായി പോലീസ് നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തിരോധാനങ്ങൾക്ക് പിന്നിലെ പ്രധാന കാരണം മനുഷ്യക്കടത്താണെന്ന് പോലീസ് സംശയിക്കുന്നു.
കാണാതായവരുടെ കണക്കുകൾ
ജൂൺ: 26 കുട്ടികൾ (എല്ലാവരും പെൺകുട്ടികൾ)
ജൂലൈ: 25 കുട്ടികൾ (15 ആൺകുട്ടികൾ, 10 പെൺകുട്ടികൾ)
ഓഗസ്റ്റ്: 19 കുട്ടികൾ (അഞ്ച് ആൺകുട്ടികൾ, 14 പെൺകുട്ടികൾ)
സെപ്റ്റംബർ: 21 കുട്ടികൾ (ആറ് ആൺകുട്ടികൾ, 15 പെൺകുട്ടികൾ)
ഒക്ടോബർ: 19 കുട്ടികൾ (12 ആൺകുട്ടികൾ, ഏഴ് പെൺകുട്ടികൾ)
നവംബർ: 24 കുട്ടികൾ (ഒൻപത് ആൺകുട്ടികൾ, 15 പെൺകുട്ടികൾ)
ഡിസംബർ (ഇതുവരെ): 11 കുട്ടികൾ (അഞ്ച് ആൺകുട്ടികൾ, ആറ് പെൺകുട്ടികൾ)
National
മുംബൈ: നവി മുംബൈയിൽ കെട്ടിടത്തിൽ നിന്നുവീണ് മരിച്ച സ്വീഡിഷ് യുവാവ് സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയതെന്ന് പോലീസ്. സ്വീഡനിലെ സ്റ്റോക്ക്ഹോം സ്വദേശി ആൽഡെ എഡ്വേർഡ് ജാൻ(25) ആണ് മരിച്ചത്.
ഞായറാഴ്ച വൈകുന്നേരം ആയിരുന്നു സംഭവം. ശനിയാഴ്ച വാഷിയിലെ രഘുലീല മാളിൽ നടന്ന സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു എഡ്വേർഡ് ജാൻ. ഇയാൾ മദ്യലഹരിയിൽ ആയിരുന്നതായി പോലീസ് സംശയിക്കുന്നു.
സിസിടിവി ദൃശ്യങ്ങളിൽ ഇയാൾ കെട്ടിടത്തിന്റെ ഗേറ്റ് ചാടി കടക്കുന്നതും ഇതിനിടെ വീഴുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ആൽഡെയുടെ മരണവാർത്ത കുടുംബത്തെ അറിയിക്കാൻ നവി മുംബൈ പോലീസ് സ്വീഡിഷ് എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്.
അപകട മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും സാൻപാഡ പോലീസ് അറിയിച്ചു.
Sports
ലക്നോ: സയിദ് മുഷ്താഖ് അലി ടി20യില്‍ വമ്പൻ താരങ്ങളുമായെത്തിയ മുംബൈയെ 15 റൺസിനു തകർത്ത് കേരളം. ലക്നോയിൽ ആദ്യം ആദ്യം ബാറ്റ് ചെയ്ത കേരളം ഉയർത്തിയ 179 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ 19.4 ഓവറിൽ 163 റൺസിനു പുറത്തായി.
52 റണ്‍സ് നേടിയ സര്‍ഫറാസ് ഖാനാണ് മുംബൈയുടെ ടോപ് സ്കോറര്‍. അജിന്‍ക്യ രഹാനെ (32), സൂര്യകുമാര്‍ യാദവ് (32) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. 3.4 ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തിയ കെ.എം. ആസിഫ് ആണ് മുംബൈ നിരയെ എറിഞ്ഞിട്ടത്.
മുംബൈയെ സംബന്ധിച്ച് അനായാസം മറികടക്കാവുന്ന സ്കോറാണ് കേരളം മുന്നോട്ടുവച്ചത്. എന്നാൽ, കേരള ബൗളർമാരുടെ പ്രകടനം മുംബൈയെ തകർത്തു. സ്കോർബോർഡിൽ നാലു റൺസ് മാത്രമുള്ളപ്പോൾ ആയുഷ് മഹാത്രെയെ (മൂന്ന്) ബൗൾഡാക്കി ഷറഫുദ്ദീൻ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു.
തുടര്‍ന്ന് ക്രീസിൽ ഒന്നിച്ച രഹാനെ - സര്‍ഫറാസ് സഖ്യം 80 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാൽ സ്കോർ 84 റൺസിൽ നില്‍ക്കെ രഹാനെയെ പുറത്താക്കി വിഗ്നേഷ് പുത്തൂര്‍ കേരളത്തിനു ബ്രേക്ക്ത്രൂ സമ്മാനിച്ചു. പിന്നാലെ അർധസെഞ്ചുറി പിന്നിട്ട സര്‍ഫറാസിനെ അബ്ദുള്‍ ബാസിതും മടക്കിയതോടെ മൂന്നിന് 99 എന്ന നിലയിലായി മുംബൈ.
പിന്നാലെയെത്തിയ ശിവം ദുബെയെയും (11) വിഗ്നേഷ് പുറത്താക്കി. സ്കോർ 148 റൺസിൽ നില്‍ക്കെ സായ്രാജ് പാട്ടീലിനെ (13) പുറത്താക്കി ആസിഫ് വിക്കറ്റ് വേട്ട ആരംഭിച്ചു. പിന്നീട് സൂര്യകുമാര്‍ (32), ഷാര്‍ദുല്‍ താക്കൂര്‍ (പൂജ്യം), ഷംസ് മുലാനി (ഒന്ന്), ഹാര്‍ദിക് താമോറെ (ഒമ്പത്) എന്നിവരെ മടക്കിയ ആസിഫ് അഞ്ച് വിക്കറ്റ് നേട്ടം ആഘോഷമാക്കി.
നേരത്തെ, 28 പന്തില്‍ 46 റണ്‍സെടുത്ത സഞ്ജു സാംസൺ, വിഷ്ണു വിനോദ് (40 പന്തില്‍ 43), മുഹമ്മദ് അസറുദ്ദീന് (25 പന്തില്‍ 32), ഷറഫുദ്ദീന് (15 പന്തില്‍ 35) എന്നിവരുടെ ഇന്നിംഗ്സുകളാണ് കേരളത്തെ മാന്യമായ സ്കോറിലേക്ക് നയിച്ചത്.