മന്ത്രി ബിന്ദു കൃഷ്ണ
തിരുവനന്തപുരം: വിവിധ മേഖലകളിൽ അസാധാരണമായ കഴിവും മികവും പ്രകടിപ്പിച്ച കുട്ടികളെ ആദരിക്കുന്നതിനായി വനിതാ ശിശു വികസന വകുപ്പ് ഏർപ്പെടുത്തിയ ഉജ്വലബാല്യം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 14 ജില്ലകളിൽ നിന്നായി 52 കുട്ടികളെ 2025 ലെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തെന്ന് മന്ത്രി ബിന്ദു കൃഷ്ണ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹിക പ്രവർത്തനം, പരിസ്ഥിതി സംരക്ഷണം, വിവരസാങ്കേതികവിദ്യ, കൃഷി, മാലിന്യസംസ്കരണം, ജീവകാരുണ്യ പ്രവർത്തനം, ക്രാഫ്റ്റ്, ശിൽ്പനിർമ്മാണം, അസാമാന്യ ധൈര്യം പ്രകടിപ്പിച്ചുള്ള പ്രവർത്തനങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ മികവ് തെളിയിച്ച കുട്ടികളാണ് പുരസ്കാരത്തിന് അർഹരായത്.
കുട്ടികളുടെ പ്രതിഭയ്ക്ക് അംഗീകാരം നൽകുന്നതിനും ആത്മവിശ്വാസവും സർഗാത്മകതയും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പുരസ്കാരം നൽകുന്നത്. 6 മുതൽ 11 വയസ്സുവരെയും 12 മുതൽ 18 വയസ്സുവരെയും പ്രായമുള്ള കുട്ടികളെ രണ്ട് വിഭാഗങ്ങളായി തിരിച്ചാണ് പുരസ്കാരത്തിന് പരിഗണിച്ചത്.
പൊതുവിഭാഗത്തിലും ഭിന്നശേഷി വിഭാഗത്തിലും പ്രത്യേകം പുരസ്കാരങ്ങൾ നൽകുന്നുണ്ട്. ഓരോ ജില്ലയിൽ നിന്നും പരമാവധി നാലു കുട്ടികളെ വീതമാണ് തെരഞ്ഞെടുത്തത്. ജില്ലാ കളക്ടർ അധ്യക്ഷനായ സമിതിയാണ് ജേതാക്കളെ നിശ്ചയിച്ചത്.
25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് ഓരോ പുരസ്കാരവും. നവംബർ 14ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല ശിശുദിനാഘോഷ ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
Tags : Ujjwalabalyam Minister Bindhu Krishna children arts sports literature science social work environmental protection information technology agriculture waste management humanitarian activities crafts sculpture Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash