പയ്യന്നൂർ: ശില്പരൂപത്തില് പുനര്‍ജനിച്ച അച്ഛനെ കാണാന്‍ മകനെത്തി. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അര്‍ധകായ പ്രതിമ കാണാനാണ് ശില്പി ഉണ്ണി കാനായിയുടെ പണിപ്പുരയില്‍ വി.എസിന്റെ മകന് വി.എ. അരുണ്‍കുമാർ എത്തിയത്. കാനായിയിലെ പണിപ്പുരയിലാണ് വി.എസിന്റെ ശില്പം ഒരുങ്ങുന്നത്.
ആലപ്പുഴയില്‍ വി.എസിന്റെ വീട്ടില്‍ സ്ഥാപിക്കാനാണ് മൂന്നര അടി ഉയരമുള്ള അര്‍ധകായ ശില്പം ഫൈബര്‍ ഗ്ലാസില്‍ നിര്‍മിക്കുന്നത്. മകൻ അരുണ്‍കുമാറിന്റെ നിര്‍ദേശപ്രകാരം ചിരിക്കുന്ന മുഖത്തോടു കൂടി ആളുകളെ നോക്കുന്ന രീതിയിലുള്ള വെങ്കലനിറം പൂശിയ ശില്പമാണ് ഉണ്ണി നിര്‍മിക്കുന്നത്.
ഫൈബര്‍ ഗ്ലാസിലേക്കു മാറ്റുന്നതിനു മുമ്പായി കളിമണ്ണില്‍ നിര്‍മിച്ച ശില്പം വിലയിരുത്താനാണ് അരുണ്‍കുമാര്‍ പണിപ്പുരയിലെത്തി നിര്‍ദേശങ്ങള്‍ നല്‍കിയത്. സിപിഎം കോറോം ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി വി.വി. ഗിരീഷും കൂടെയുണ്ടായിരുന്നു. വി.എസിന്റെ ഒന്നാം ചരമവാർഷികമായ നാളെ ആലപ്പുഴയിലെ വീട്ടില്‍ ശില്പം സ്ഥാപിക്കും.